Monday 10 October 2016

കഥ മൂപ്പരുടെ നാമത്തിൽ

മൂപ്പരുടെ നാമത്തിൽ..!!

ആ മഴക്കാലത്തായിരുന്നു പരവൂർ കായലിലേക്കൊഴുകുന്ന മണിച്ചിത്തോട്ടിലേക്ക് മൂപ്പരുടെ ഒറ്റമുറിവീട് മറിഞ്ഞുവീണതും, ശേഖരൻ മാഷിന്റെ കാവൽ നായ പാലുവണ്ടിതട്ടി റോഡിൽ ചത്തുകിടന്നതും, ഒഴിഞ്ഞുകിടന്ന വീട്ടിലേക്ക് ഞങ്ങൾ വാടകക്കാരായി എത്തിയതും, വിറകുപുരയിൽ പുതിയ കാവൽക്കാരനായി മൂപ്പർ അധികാരമേറ്റതും...

വീട് കൈമാറുമ്പോൾ എഴുതിയ ഉടമ്പടിയിലൊന്നിലും ആ വിറകുപുരയിലെ സൗജന്യപാറാവിനെക്കുറിച്ച് പറഞ്ഞിരുന്നില്ലെങ്കിലും, ശേഖരൻ മാഷ് അനൗദ്യോഗികമായി സൂചിപ്പിച്ചു... 

" പട്ടിചത്തപ്പോൾ ഞാനാകെ വിഷമിച്ചെങ്കിലും ഇപ്പൊ ലാഭായീന്നാ തോന്നണേ.. ടോമിയ്ക്ക് ഞാൻ അടുത്ത ഹോട്ടലിൽ ആഹാരത്തിന് പറഞ്ഞിരുന്നു, എല്ലാ ശനിയും ഞാൻ വന്ന് കുളിപ്പിക്കും...ഇതിപ്പൊ വല്ലാത്തൊരാശ്വാസാട്ടോ "

ഞാൻ  സ്കൂളിലേക്കുപോയാൽ ഒറ്റപ്പെട്ട ആ വീട്ടിൽ അവളൊറ്റയാകുമെന്ന ഭയം എനിക്കുമുണ്ടായിരുന്നു....

നരച്ചതലയും,    വളഞ്ഞ കാലുകളും, കൈയിലെ മുളവടിയും, കഷായത്തിന്റെ മണവും, മൂപ്പരെക്കുറിച്ച് മറ്റൊന്നുമറിവില്ലായിരുന്നു...ആളെക്കുറിച്ച് തിരക്കിയപ്പോൾ ശേഖരൻ മാഷിന്റെ ചിരിയും...

" ആളെ ഏറ്റെടുക്കാനുള്ള പരിപാടിയാണോ മാഷേ വയോജന ദിനത്തിൽ മാഷുടെ പ്രസംഗം കേട്ടപ്പോഴേ തോന്നിട്ടോ സത്യത്തിൽ നിങ്ങൾ മലയാളം പഠിച്ചവരാണ് നക്ഷത്രങ്ങൾ...മൂപ്പരിന്റെ ചൂണ്ടയിൽകുടുങ്ങിയ  വരാലുപോലെ ശേഖരൻ മാഷ് എന്റെ സന്മനസ് വേണ്ടതിലധികം വിളമ്പി.. മൂപ്പരോട് കുറഞ്ഞ ദിവസ്സങ്ങളിൽ ഞാനും എന്റെ വധുവും കാണിക്കുന്ന സന്മനസ്സിന്റെ പട്ടിക നിരത്തി..
എനിക്ക് മാലഖയുടെ ചിറകുകൾ സഹപ്രവർത്തകർ തുന്നിച്ചേർക്കുന്നത് ഒളികണ്ണിട്ടു നോക്കിയെങ്കിലും മാഷ്ഗിരിപ്രഭാഷണം തുടർന്നു...

മതവിശ്വാസിയല്ലാത്ത എന്റെ പ്രവർത്തിയെ മത്തായി 25 ന്റെ 40 മായി മറിയ ടീച്ചർ ചേർത്തുവായിച്ചു...

What soever you do to the least of my brother that you do it to me....
എന്റെ എളിയ സഹോദരന്  നിങ്ങൾ ചെയ്തതൊക്കെയും എനിക്ക് ചെയ്തതാകുന്നു....വിവർത്തിച്ചും ഉദാഹരണങ്ങൾ നിരത്തിയും മറിയ ടീച്ചർ പുകഴ്ത്തുകയായിരുന്നു....
അന്ന് ഒൻപതാം തരത്തിലെ മൂന്ന് ക്ലാസുകളിലും ഞാൻ മൂപ്പരിൽ ഞാൻ കാണിച്ച സന്മനസ് "ഇതൊക്കെ എന്ത്" എന്ന ഭാവത്തിൽ അവതരിപ്പിച്ചു...എന്നിട്ട് എഴുപതുകാരുടെ യോഗം എന്ന ചരുവിലിന്റെ കഥയായിരുന്നു പഠിപ്പിക്കാൻ ...കുട്ടികൾ എനിക്ക് മാലാഖയുടെ കിരീടം തന്നതും ഏറ്റുവാങ്ങി വീട്ടിലെത്തുമ്പോൾ എന്റെ ഭാര്യ പാചകപരീഷണങ്ങൾ മൂപ്പരിൽ നടത്തുകയായിരുന്നു...
'ഒന്നും കൊടുക്കണ്ടാട്ടോ' ശേഖരൻ മാഷിന്റെ വാക്കുകൾ പല്ലില്ലാത്ത മൂപ്പരുടെ മോണകളിലൂടെയും വിറയുള്ള വിരലുകൾക്കിടയിലൂടെയും ചോർന്നുപോകുന്നു...
'അന്നം വിചാരം ' എട്ടാം തരത്തിലെ ആദ്യയൂണിറ്റിൽ ഞാൻ ഈ മൂപ്പരെ വച്ചു നടത്താൻ പോകുന്ന ഉദാഹരണങ്ങൾ ചിന്തിച്ച് ഞാൻ ആശ്വസിച്ചു...

രാവിലെ നാലുമണിമുതൽ മൂപ്പരുടെ വിറകുപുരയിൽ അനക്കം കേൾക്കാം..പിന്നെ ഗേറ്റിൽ വച്ചിട്ടുപോയ പത്രവും പാലുമായി അയാൾ മുട്ടിവിളിക്കും...ഒരു ചായ കിട്ടിയാൽ തലേന്നു വാങ്ങിയ പൊറോട്ട ചെറിയ കഷ്ണങ്ങളായി മുറിച്ച് അതിലിട്ട് അലിയിച്ചിറക്കും പിന്നെ ചെടികൾ നനയ്ക്കും കൂർത്ത ഒരു നീണ്ടകമ്പിയിൽ പൊഴിഞ്ഞു വീണ ഇലകൾ കുത്തിയെടുക്കും...പിന്നെ ആ വിറകുപുരയിലേക്ക് കേറും വൈകിട്ടും കുളിച്ചിട്ട് അടുത്ത പറമ്പിലേക്ക് ഒരു കുഞ്ഞു വിളക്കിൽ തിരിയിട്ട് പോകുന്നത് കാണാം...അതൊരു കാവായിരുന്നു.....

ശനിയുടെ  ആലസ്യത്തിൽ കാറുകഴുകിക്കൊണ്ടിരുന്ന എനിക്ക് വെള്ളം തുറന്നുവിടാനും കാറിന്റെ ടയറുകഴുകാനും മൂപ്പരു സഹായിച്ചു.......

."..ഇനിയെന്നാ ഡോട്ടറെ കാണാ ഈ രസീതി ഒന്ന് നോക്കിപ്പറയോ കാലിൽ  പഴുപ്പ് ആയി തൊടങ്ങി..." നീട്ടിപ്പിടിച്ച ആശുപത്രിക്കുറിപ്പുമായി മൂപ്പരുണ്ട് മുന്നിൽ അതിൽ എല്ലാ ശനിയും എന്ന് എഴുതി വട്ടമിട്ടിരുന്നു...

"പുറത്ത് പോണെങ്കിൽ കവലേലേ ആശൂത്രിയിൽ എന്നെ ഒന്ന് എറക്കോ..." 'ഒന്നും കൊടുക്കണ്ടാട്ടോ' ടയറിന്റെ തേഞ്ഞു തുടങ്ങിയ ഭാഗത്തിലൂടെ ശേഖരൻ മാഷിന്റെ വാക്കുകൾ തെന്നിത്തെറിച്ചുപോയി...

അപ്രതീക്ഷിതമായിട്ടാണ് മറിയ ടീച്ചർ സെൻസസ് രേഖപ്പെടുത്താനെത്തിയത് വാടകക്കാരുടെ പട്ടികയിൽ എന്നെയും ഭാര്യയേയും വിശദമായി ചേർത്തു..."എവിടേ മാഷേ ആ എളിയ മൂപ്പർ.."

ഒരു ചിരിയോടെ മുപ്പര് വന്നു കാലിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു...മറിയ ടീച്ചറുടെ നോട്ടം എന്നിലേക്കായീ...

"മൂപ്പരെയൊന്ന് ആശുപത്രിയിലെത്തിക്കാൻ കാറൊന്നു കഴുകുകയായിരുന്നു...
ആ മുറിവൊന്ന് വച്ചു കെട്ടിക്കണം..."

മൂപ്പരോടെന്തൊക്കെയോ ചോദിച്ചിട്ട് മറിയ ടീച്ചർ എന്നെ മാറ്റിനിർത്തിപ്പറഞ്ഞു..

"മാഷേ നിങ്ങളാണ് സത്യത്തിൽ ക്രിസ്തുവിന്റെ അനുയായികൾ.. സഖറിയ ക്ലിനിക്ക് എന്റെ സഹോദരന്റെയാ ഞാൻ വിളിച്ചുപറയാട്ടോ അവിടെ എത്തിക്കൂ...ഈ കവലയിൽ തന്നെയാ..."
ഞാൻ വരാലിനെപ്പോലെ പതിയെ മറിയ ടീച്ചറുടെ മുന്നിൽ നീന്തിതുടിച്ചു...

"അതേ മാഷുടെ മൂപ്പർക്ക് ആധാറും ഐഡിയും ഒന്നൂല്ലല്ലോ നമുക്കതൊക്കെ ശരിയാക്കണ്ടേ...ഞാനും മാഷിന്റെ കൂടെയുണ്ട് കേട്ടോ പുണ്യത്തിന്റെ പങ്ക് എനിക്കും കിട്ടട്ടേ..."

അപ്പോഴേക്കും ഭാര്യ മൂന്നുകപ്പ് ചായയുമായി എത്തീ..
ആദ്യം മൂപ്പർക്കു കൊടുക്കുന്നതും ഉച്ചഭക്ഷണത്തിന് മൂപ്പരെ ഓർമ്മിപ്പിക്കുന്നതും...
മറിയ ടീച്ചർ ദീർഘനിശ്വാസത്തോടെ നോക്കുന്നത് കണ്ടിട്ട് തിങ്കൾ സ്റ്റാഫ് റൂമിലെത്തുന്ന എന്റെ പത്നിയുടെ സന്മനസ്സിന്റെ കഥയോർത്ത് എന്റെ മനസ്സിൽ ഒരു പുളകമുണ്ടായി...

വൈകിട്ട് സിനിമകാണാൻ പോകുന്ന വഴി സഖറിയ ക്ലിനിക്കിലിറക്കാൻ തീരുമാനിച്ചു..കാറിന്റെ പിൻസീറ്റിൽകേറാനും ഇറങ്ങാനും ഒരു പരിചാരകനെപ്പോലെ ഞാൻ ഡോറു തുറന്നുകൊടുക്കേണ്ടിവന്നു...
ചുമയോടെപ്പം കട്ടകഫം തുപ്പിയതും ഗ്ലാസിലൂടെ ഒഴുകിയതും അയാളത് തുടച്ചതും...ശേഖരൻ മാഷിന്റെ സൗജന്യത്തോട് അമർഷമുണ്ടാക്കി...

വെറുപ്പോടെയെങ്കിലും ക്ലിനിക്കിന്റെ മുന്നിൽ മൂപ്പരെയിറക്കിവിട്ടത് മറിയ ടീച്ചർ സഹോദരന്റെ കൂടെ നിൽക്കുന്നത് കണ്ടില്ലെന്ന ഭാവത്തിൽ തിങ്കളാഴ്ച്ചത്തെ സ്റ്റാഫ് റൂം സുവിശേഷത്തിന്റെ കരുത്തുകൂട്ടാൻ
മൂപ്പരെ ക്ലിനിക്കുവരെ കൈപിടിച്ചു നടത്താനും , നൂറിന്റെ നോട്ട് നാലാളുകാണും വിധം പോക്കറ്റിൽ തിരുകാനും എനിക്ക് വല്ലാത്ത സന്തോഷം തോന്നി....മറിയ ടീച്ചർ തിങ്കൾ ലീവായിരിക്കരുതേ എന്നായിരുന്നു പ്രാർഥന...

തിങ്കൾ രാവിലെ  സ്റ്റാഫ് റൂമിലെ സ്ത്രീ ജനങ്ങൾ എന്നെ നോക്കുന്നത് കണ്ടപ്പോഴേ മറിയ ടീച്ചർ ലീവല്ലാന്നുറപ്പായി....

ആധാറൊപ്പിക്കാനുള്ള മറിയ ടീച്ചറുമായുള്ള യാത്രകൾ...
ബാബുമാഷിന്റെ എച്ച് എം പ്രമോഷൻ, പരിശീലന പരിപാടിയിൽ പരിചയപ്പെട്ട അമ്പിളിടീച്ചറുടെ രഹസ്യ സന്ദർശനം.....എന്നിവ ഭാര്യ ഗർഭിണിയായി വിശ്രമത്തിന് നാട്ടിൽ പോയിരുന്ന ദിനങ്ങളിലായിരുന്നു....
ബാബു സാറിന്റെ മദ്യവിരുന്നിൽ നിന്നും മൂപ്പരെ ഒഴിവാക്കാൻ ശനിസഹായിച്ചു...
അമ്പിളി ടീച്ചർ വാതിലിൽ വച്ചെന്നെ കെട്ടിപ്പിടിച്ചത് മൂപ്പരു കണ്ടോ എന്ന് സംശയമുണ്ടായിരുന്നു..

ശേഖരൻ മാഷിന്റെ സന്ദർശന ദിവസങ്ങളിൽ ഈ സൗജന്യത്തെ ഒഴിവാക്കാൻ പറ്റുമോ എന്ന് തമാശ രൂപത്തിൽ ചോദിച്ചു...
ഇതിനിടയിൽ മറിയ ടീച്ചർ മൂപ്പർക്ക് ജോസഫെന്ന പേരിട്ടതും ആധാറും ചികിത്സാകാർഡും അക്ഷയ സെന്ററിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നതും പറഞ്ഞു.....

അടുത്ത ശനി മൂപ്പരുടെ മുറിവുണങ്ങിയിട്ടും സഖറിയക്ലിനിക്ക് കൊണ്ടുപോയത് അമ്പിളി ടീച്ചറെ സുരക്ഷിതമായി വീട്ടിലെത്തിക്കാനായിരുന്നു....

പിറ്റേന്ന് പത്രം വാങ്ങാൻ പുറത്തിറങ്ങിയ എന്നോട് മൂപ്പരു പറഞ്ഞു...

"ഒറ്റ നിമിഷം കൊണ്ടാ മണിച്ചിത്തോട്ടിലൂടെ എന്റെ വീടൊഴുകിപോയത് ഓർത്തോ ഇതിലൊക്കെ ഒരു സത്യോള്ളതാ...."

അടുത്ത ദിവസം മുതൽ മൂപ്പരെ കണ്ടിട്ടില്ല...
പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിന്റെ വഴിയിൽ ഒരിക്കൽ കണ്ടതുപോലെ തോന്നി....
തിരയാനും ഞാൻ പോയില്ല...
നാലുമാസം കഴിഞ്ഞ് മലബാറിലേക്ക് എനിക്ക് സ്ഥലം മാറ്റം കിട്ടി....
അടുത്തിടെ നടന്ന പരവൂർ വെടിക്കെട്ടപകടത്തിൽ അജ്ഞാത ശവശരീരങ്ങളിൽ മൂപ്പരുടെ പേരു ഞാൻ തിരഞ്ഞിരുന്നു....
ഇല്ലാ.. അതിലൊന്നും മൂപ്പരുടെ പേരുണ്ടാകില്ലല്ലോ...
ആധാർപോസ്റ്റലായി കിട്ടിയദിവസം തന്നെ ഞാനത് മണിച്ചിത്തോട്ടിൽ ഒഴുക്കിവിട്ടില്ലേ..?   
"എന്റെ ഏറ്റവും എളിയ...
മറിയടീച്ചർ
മത്തായി എഴുതിയ സുവിശേഷ ഭാഗം വായിക്കുകയായിരുന്നു.......!!

രതീഷ് .കെ.  എസ്
ജി എച്ച് എസ് എസ്
എടക്കര

No comments:

Post a Comment