Friday 28 October 2016

കഥ ദീപാബലി

.ദീപവലി...!!

കരഞ്ഞുപോകാതിരിക്കാനാണ് ഞാൻ കഥകളെഴുതുന്നത്...

പ്രിയ പ്രസാദകൻ  താങ്കൾ പറഞ്ഞതുപോലെ നീണ്ടകഥകളെഴുതാൻ എനിക്ക് കഴിയുന്നില്ല ജീവിതം പോലെ വളരെപ്പെട്ടെന്ന് എന്റെ കഥകഴിയുന്നു..

ഇന്ന് ദീപവലിയാണ്.
എനിക്ക് പറയാനുള്ളത് നീ കത്തിച്ചുകളഞ്ഞ വെളിച്ചത്തിന്റെയോ ശബ്ദത്തിന്റേതോ സന്തോഷമല്ല...

എട്ടാം മാസത്തിലെത്തുമുന്നേ എന്റെ ഭാര്യയ്ക്ക് വേദനതുടങ്ങി രാത്രി ഒരല്പം നോവുതുടങ്ങിയപ്പോൾ വലിയ കുഴിയിൽ വീണാലും അനക്കം തട്ടാത്ത ആഡംബരക്കാറിലാണ് ഈ ആശുപത്രിയിലെത്തിച്ചത് പ്രസവവേദനയിൽ വലിപ്പച്ചെറുപ്പമില്ലല്ലോ...അന്നുരാത്രി ഞാനും മലബാറിൽ നിന്നു തീവണ്ടികേറി ഞാനെത്തുമ്പോൾ അവൾക്ക് വേദനയൊക്കെ മാറിയിരുന്നു...
എങ്കിലും കുറച്ചുദിവസം‌ നിരീഷണത്തിൽ നിർത്താൽ ഡോക്ടർമാർ വിധിച്ചു...
പ്രസവവാർഡിലെ ഒന്നാമത്തെ കിടക്കകിട്ടിയതിനുപിന്നിൽ അവിടത്ത തലമൂത്ത നേഴ്സിന്റെ "അകമഴിഞ്ഞ" സഹായമുണ്ടായിരുന്നു...

മുമ്പന്മാർ പലരുംപിമ്പന്മാരാകുന്ന നിസ്വാർഥത...

അമ്മ അമ്മായി ചേച്ചി അളിയൻ അമ്മായിയപ്പൻ നാത്തൂൻ നാത്തൂന്റെ പാർട്ടിക്കാരനായ അപ്പൻ അനിയൻ കൂട്ടുകാർ...  ഇതൊക്കെ കണ്ടിട്ട്  എനിക്കും പ്രസവിക്കാൻതോന്നി....

പുറത്ത് ലോഡ്ജിൽ മുറിയെടുക്കാതെ പാർക്കിംഗ് ഏര്യയിൽ നിർത്തിയിട്ട കാറിന്റ് സുഖശീതളതയി മൂന്ന് ദിവസം പിന്നിട്ടിരിക്കുന്നു....രാവിലെ പുറത്ത് ചങ്ങാതിയുടെ ലോഡ്ജിൽ കുളി പിന്നെ ആൺ ഈച്ചകളെപോലും‌ വിലക്കിയിട്ടുള്ള പ്രസവവാർഡിൽ പോയി സ്വസ്ഥയായുറങ്ങുന്ന ഭാര്യയെക്കാണും സുഖവിവരങ്ങൾ തിരക്കും...
നാത്തൂന്റെയും‌ അമ്മ അമ്മായിമാരുടെയും‌ കൈത്താങ്ങിൽ അവളൊന്ന് ഉണരാൻ ശ്രമിക്കും...
ഭക്ഷണകാര്യങ്ങളെക്കുറിച്ച് ഔപചാരികമായ ഒരിക്കലും വിലകിട്ടാത്ത ചില നിർദ്ദേശങ്ങൾ കൊടുത്തിട്ട് നാലുമണിവരെ മെഡിക്കൽ കോളേജിന്റെ പരിസരത്ത് ചുറ്റിത്തിരിയും....

കാഷ്വാലിറ്റിയുടെ മുന്നിൽ നിന്ന് അപകടം പറ്റിവരുന്ന ആംബുലൻസുകൾ കാണും, ലോട്ടറി കച്ചവടക്കാരന്റെ പരസ്യംകേൾക്കും , ദീനത അഭിനയിച്ച് പണം തട്ടുന്നവന്റെ നയങ്ങൾ , മോർച്ചറിയുടെ പരിസരത്തെ ഭാവപ്രകടനങ്ങൾ , കുട്ടിരിപ്പിനെത്തിയവർ തമ്മിൽ രൂപപ്പെടുന്ന പ്രണയം, കമ്പനികൂടൽ, പൊങ്ങച്ചങ്ങൾ , രാഷ്ട്രീയം, മതം കഥയെഴുത്തുകാരന് വലിച്ചുനീട്ടിയൊരുചെറുകഥ മെനയാൻ വിളഞ്ഞപാഠം പോലെ വിശാലമാണിവിടം‌. ഒന്ന് മനസുവച്ചാൽ വിലാസിനിയെ തോല്പിക്കാൻപാകത്തിന് ഒരു നോവൽ തന്നെയെഴുതാം...

....പ്രസവാർഡിൽ ഒരാൾക്കുമാത്രമേ ഇരിക്കാൻ അവകാശമുണ്ടായിരുന്നുള്ളു എല്ലാ പ്രശ്നങ്ങൾക്കും കാരണമിതായിരുന്നു....അമ്മായിയമ്മയും എന്റെ അമ്മയും തമ്മിലായിരുന്നു പോര് മകളുടെ ശുശ്രൂഷപൂർണമായും അമ്മയ്ക്ക് അവകാശപ്പെട്ടതെന്ന് ഭാര്യയുടെ അമ്മയും,
അതല്ല മരുമകളെ മകളെപ്പോലെ ശുശ്രൂഷിക്കലാണ് ഞങ്ങളുടെ പാരമ്പര്യമെന്ന് എന്റെ അമ്മയും ആയതിനാൽ ഇനിയുള്ള മൂന്ന് ദിവസം ആ അവകാശം സ്ഥാപിച്ചു കിട്ടാൻ അനുവദിക്കണമെന്ന് അമ്മ ശക്തിയായി വാദിച്ചു..
ഉച്ചഭക്ഷണത്തിന്റെ  ആദ്യമിനുട്ടുകളിൽ തുടങ്ങിയ തർക്കം കുടുംബകലാപത്തിലേക്കുയർന്നപ്പോൾ പുരുഷന്മാരുടെ വിശാലമായ പൊതുവിശ്രമമുറിയിലേക്ക് ഞാൻ രക്ഷപ്രാപിച്ചു....
ആരോവിരിച്ചിട്ട പായുംതലയിണയും‌ ഉറക്കത്തിന്റെ സുഖം വല്ലാതെ  അറിഞ്ഞ മണിക്കൂറുകളായിരുന്നു...

'ബംഗാളിപിള്ളരാട്ടാ അവൻ‌ അങ്ങോട്ട് പോണകണ്ട് അപ്പഴ് ഈ കെടക്കണതാര്  ഇതാര്...."

അടുത്തുകിടക്കണ കൊച്ചുപെൺകുട്ടി എന്റെ കഴുത്തിൽ മുറുകെപിടിച്ചിരിക്കുന്നു കാലുകൾ എന്റെ വയറ്റിൽ കയറ്റി വച്ചിരിക്കുന്നു...ഇടതുവശം ചേർന്ന് മറ്റൊരാൺകുട്ടി രണ്ടിനും മൂന്നും‌ നാലും  വയസുണ്ടാകും,
‌ ഉറക്കവും വിശ്രമിക്കാനെത്തിയവരുടെ വാക്കുകളും‌ എനിക്ക് എഴുനേൽക്കാൻതോന്നിയില്ല.പിന്നീടെപ്പൊഴോ അവളുടെ കുഞ്ഞു കൈകൾ എന്നിൽ നിന്നടർത്തിയെടുക്കാൻ ആരോ ശ്രമിക്കുന്നതുപോലെ തോന്നിയിട്ടാണുണർന്നത്...
നിറയെ കറപറ്റിയ പല്ലുകളും ഇറുകിയ ബനിയനും ഇളം നീലനിറത്തിൽ ചെളിപുരണ്ട ജീൻസും‌ കറുത്ത ഏതോ ചെരുപ്പും....
അടുത്തിടെ കണ്ട ന്യൂജെൻസിനിമയിലെ  ബംഗാളിയായാ വില്ലനെപ്പോലെ തോന്നി...അയാൾക്ക് കറുത്ത തല മുടി യായിരുന്നു എന്നാൽ കുട്ടികൾക്ക് ചെമ്പൻമുടികളും....
ഞാൻ പതിയെ തലയിണചുവരിൽ ചാരി വച്ചിരുന്ന് മൊബൈലെടുത്ത് സമയംനോക്കി....അവിടെ തർക്കം‌ അവസാനിച്ചിട്ടുണ്ടാകും ഒരാളൊഴികെ വാർഡിലെ മറ്റുള്ളവരെ ആ നീലസാരിക്കാരിയായ തൂപ്പുകാരിയും‌ തടിച്ചുരുണ്ട് സദാ സൂചിയുമായ് നടക്കുന്ന പ്രിൻസി സിസ്റ്ററും ചേർന്ന് പുറത്താക്കിയിട്ടുണ്ടാകും....
ആരുതോറ്റാലുംകൂസലില്ലാ ഭാവത്തിലിരുന്ന എനിക്ക് അമ്മയുടെ പതിമൂന്ന് മിസ്ഡ് കാളുകൾ എനിക്ക് അസ്വസ്ഥതയുണ്ടാക്കി....

അയാൾ പാതിമയക്കത്തിലായിരുന്ന ആ പെൺകുട്ടിക്ക് കന്യാസ്ത്രീകൾ വിതരണം ചെയ്ത കഞ്ഞി കുടിപ്പിക്കുകയായിരുന്നു ആൺ കുട്ടി എന്റെ ഇടതുവശത്ത് ഉണരാതെയപ്പൊഴും‌ വിരലുകൾ വായിലിട്ടൂറിക്കൊണ്ട്  കിടപ്പുണ്ടായിരുന്നു.. അവന്റെ ചുണ്ടിലപ്പൊഴും‌ ഒരു ചിരിയുണ്ടായിരുന്നു....

ഞാൻ പതിയെ അവന്റെ ചെമ്പൻ തലമുടിയിൽ വിരലോടിച്ചു....
അരഞ്ഞാണത്തിൽ തൂക്കിയിട്ട മണികിലുക്കിക്കൊണ്ട് അവൻ‌ എന്നിലേക്ക് തിരിഞ്ഞുകിടന്നു വായിൽ തിരുകിയ തുപ്പലൂറിയവിരൽ എന്റെ വയറ്റിൽ കെട്ടിപ്പിടിച്ചു, കാലുകൾ എന്റെ കാലിൽ കയറ്റിവച്ചു......അയാൾ ചിരിച്ചു...അവനെ മാറ്റിക്കിടത്താൻ‌ തുനിഞ്ഞപ്പോൾ ഞാൻ‌ തടഞ്ഞു......

"എന്തുപേറ് അണ്ണന് ബാറിയയാണോ എത്രാ മാസം.." അല്ലെങ്കിലും ഇതുമനസില്ലാക്കാനെന്തുഭാഷ....ഹിന്ദിചുവകലർത്തി ഞാനും പറഞ്ഞു...

"മലയാളം പഠിച്ചു  നാളുവർഷമായി ഇവിടെ..." കഥാവിശപ്പായിരിക്കാം‌ ഞാൻ അയാളിലേക്ക് നീങ്ങിയിരുന്നു അയാൾ പറഞ്ഞുതുടങ്ങി...

മഹേശ്വർ അതായിരുന്നു അയാളുടെ പേര് പാതിമയക്കത്തിൽ കഞ്ഞികുടിക്കുന്നവൾ ദീപാവലി..എന്നെ ചേർന്നുകിടക്കുന്നവൻ ദേവ് രാജ് അകത്ത് പ്രസവിച്ചുകിടക്കുന്നത് സാക്ഷി അക്ഷയ കേന്ദ്രത്തിൽ പുതുതായി രജിസ്റ്റർ ചെയ്ത കുഞ്ഞ് ശ്രാവൺ.  സാക്ഷിയും ശ്രാവണും തീവ്രപരിചരണവിഭാഗത്തിലായിരുന്നു രക്തസ്രാവം നിൽക്കുന്നില്ല ശ്രാവൺ ഇങ്കുബേറ്ററിലും....

"സാക്ഷിമഹേശ്വറിന്റെ ആരെങ്കിലുമുണ്ടെങ്കിൽ പെട്ടെന്ന് ലേബർ റൂമിന് സമീപത്തേക്ക് വരേണ്ടതാണ്"

ഇതു കുറച്ചുനേരമായി കേൾക്കുന്നു...ഇയാളായിരുന്നെന്ന് ഇപ്പൊഴാണ് എനിക്കുമാത്രംവ്യക്തമായത്...
ഇടയ്ക്ക് ലേബർ റൂമിന്റെ ഭാഗത്തേക്ക് തലചരിച്ച് നോക്കുന്നതല്ലാതെ അയാളിൽ ഒരു മാറ്റവും‌ കാണുന്നില്ല....
അയാളപ്പോൾ ദേവ് രാജിന് കഞ്ഞി കൊടുക്കുക യായിരുന്നു....

"റാവിലെ മുതൽ ഒന്നും‌ കഴിച്ചിള്ള അങ്ങനെ മയങ്ങിക്കിടക്കണതാ എട്ടുദിവസമായി ഇന്ന് കഞ്ഞിവരാൻ താമസിച്ച്.."

മഹേശ്വറിന്റെ കൈയിലെ കഞ്ഞി‌തട്ടിത്തെറിപ്പിച്ചുകൊണ്ട് ഒരു കുഞ്ഞുപോക്കിരി....
കൊച്ചുടീവിയെ അനുകരിച്ച്
തടാകം‌ - മരപ്പാലം - ചീക്കുന്റെ വീട്.....തടാകം‌ - മരപ്പാലം- ചീക്കൂന്റെ....വീ....
ഓടിപ്പോയി. നിലത്തുവീണ സ്പൂൺ ഒന്ന് തുടച്ച് ദേവ് രാജിന് വീണ്ടും കഞ്ഞികോരിക്കോരിക്കൊടുത്തു...

...സാക്ഷിമഹേശ്വറിന്റെ ബന്ധുക്കൾ എത്രയും‌ വേഗം‌ കാഷ്വാലിറ്റിയുടെ  മുന്നിലെത്തിച്ചേരേണ്ടതാണ്...ഇത്തവണ ആ വിളിച്ചുപറയുന്ന ശബ്ദത്തിന് ഒരു പതർച്ചയുണ്ടായിരുന്നു....

അയാൾ ഇരുവർക്കും കൊടുത്തപ്പോൾ കഞ്ഞി തീർന്നിരുന്നു....
അടിവശത്തുണ്ടായിരുന്ന വെള്ളം കുടിച്ചശേഷം....
ദേവ് രാജിനെ ദീപാബലിയുടെ സമീപത്തേക്ക്  കിടത്തി, ദീപാബലിയെ എടുത്ത് പലതവണ ചുംബിച്ചു...
പോക്കറ്റിൽ തിരുകിയിരുന്ന ഒരു ചെറിയ മൈസൂർകേക്കിന്റെ കുറച്ച് അവളുടെ ചുണ്ടിലേക്ക് ചേർത്തൂ പിന്നെ നെറ്റിയിൽ തുടരെ തുടരെ ചുംബിച്ചു.....

...കാളിപൂജ ഇന്ന് ദീപാബലി ഇവൾക്ക് ബെർത്ത് ഡേ...   പിറന്നാൾ "

അയാൾ പറഞ്ഞൊപ്പിച്ചു....
അപ്പോഴേക്കും‌‌ ലേബർ റൂമിലെ അനൗൺസ് മെന്റ് കടുപ്പത്തിലായി....

"സാക്ഷിമഹേശ്വറിന്റെ ബന്ധുക്കളാരെങ്കിലും‌ മോർച്ചറിയുടെ സമീപം‌ എത്തി....."

വെള്ളത്തുണിപുതച്ച രണ്ട് രൂപങ്ങൾ വഹിക്കുന്ന ട്രെച്ചർ   ജീവനക്കാരൻ വിശ്രമമുറിയുടെ മുന്നിലൂടെ  അലക്ഷ്യമായി തള്ളിക്കൊണ്ടുപോയി
വലിയ രൂപത്തിന്റെ മുകളിൽ ചെറിയ രൂപം.......

കൈയിലിരുന്ന മധുരം വലിച്ചെറിഞ്ഞ് മഹേശ്വർ " ഹേ ഭഗ്വാൻ" എന്നുറക്കെ മുകളിലേക്കുനോക്കി കരഞ്ഞുകൊണ്ട്  അവിടേക്ക് ഓടി....

ആകാശത്തേക്ക് ഉയർന്ന ഒരു അമിട്ട് പൊട്ടി നാലുവശത്തും പ്രകാശം പരന്നു....

ദേവ് രാജ് അച്ഛൻ വലിച്ചെറിഞ്ഞ മൈസൂർ കേക്ക് തപ്പിയെടുത്ത് നുണഞ്ഞിരിക്കുന്നു...
ദീപാവലി ആകാശത്ത് പൊട്ടിവിരിഞ്ഞ പ്രകാശഗോളം നോക്കിച്ചിരിച്ചു......

ബിബിഹാ രതീഷിന്റെ ബന്ധുക്കൾ‌ ആരെങ്കിലും...
ലേബർ റൂമിൽ നിന്ന് വിളിക്കുന്നതുപോലെ എനിക്ക്  തോന്നി....!!

രതീഷ് കെ എസ്‌
മലയാളം‌ അദ്ധ്യാപകൻ
ജി എച്ച് എസ്‌ എസ്
എടക്കര.

No comments:

Post a Comment