Saturday 15 October 2016

കഥ "ബലിദാനി"

ബലിദാനി...!!

ഇന്നുരാവിലേ
വാട്സാപ്പിലെ മുഖച്ചിത്രം ബലിദാനിയുടേതാക്കിയിരുന്നു.. എനിക്ക് ഇബ്രാഹീം നബിയോട് വല്ലാത്ത അമർഷം തോന്നി.
വിശന്നിട്ടും വിളമ്പിവച്ച ആ ബിരിയാണി ഞാൻ തൊട്ടില്ല....

ഇബ്രാഹിം നബിയെക്കുറിച്ചോ,    മേശപ്പുറത്ത് വിളമ്പിവച്ചിരിക്കുന്ന ബിരിയാണിയെക്കുറിച്ചോ എനിക്കൊന്നും പറയാനില്ല..
എന്തെങ്കിലുമുണ്ടെങ്കിൽ
ആന്ധ്രപ്രദേശിലെ ബിശാൽ ഗ്രാമീണർക്ക് ആഴക്കിണറ്റിലെ വെള്ളം മുകളിലെത്തിച്ചുകൊടുത്ത, മൈസൂരുവഴി നാടുകാണിചുരം കടന്ന് എന്റെ നാട്ടിലെ ഏറ്റവുവലിയ കാലിച്ചന്തയിലെത്തിയ ആഞ്ചുവയസ്സുകാരൻ ബലിദാനിയെക്കുറിച്ചാണ്.

വീടിന്റെ ഉടമ കവലയിൽ  കാത്തുനിൽക്കുകയായിരുന്നു   മകന്റെ കുട്ടിയുടെ ചടങ്ങിനായി ഒരു മൂരിക്കുട്ടനെ വാങ്ങണം. അതിനൊരു മുതലാളിവേഷത്തിൽ ഇടനിലക്കാരൻ വേണം, ആ ഭാഗം അഭിനയിക്കാൻ എന്നെ അവർ ഉറപ്പിച്ചിരുന്നു.
അയാളതവതരിപ്പിക്കും മുന്നേ ഞാൻ കാലിച്ചന്തയിലേക്ക് നടന്നുതുടങ്ങി.

"..അലിയാരേ അന്നോട് ഞമ്മളു പറഞ്ഞില്ലേ അയ്മ്പത്തഞ്ച് റുപ്യേയ്ക്ക് സബൂറാക്കാന്ന്  ഇതിപ്പൊ ജ്ജ് അന്റെ മൊതലാളിയെ കൂട്ടിബന്നേനക്കൊണ്ട് ഒരു രണ്ട് റുപ്യേം കൊറച്ചോളീൻ..."

അവിടെ നടന്നതൊന്നും എനിക്കറിയില്ല.  ഞാനാലോകം കാണുകയായിരൂന്നു...
വെളുത്തതും കറുത്തതും ചെമ്പനും..കുറുകിയതും തടിച്ചതും തളർന്നുകിടക്കുന്നതും...കാലിച്ചന്ത ഒരു വിചിത്രലോകമാണ്. മുന്നിൽ നിന്ന വെളുത്ത കാളക്കുട്ടിയുടെ വാലുപിടിച്ചൊടിച്ചതും അതൊന്നിളകി പിന്നെ അയാൾ പറയുകയായിരുന്നു

"ആന്ധ്രേല് പാതാളം വരെ എത്തണകിണറ്റീന്ന് സംസം വെള്ളമ്പോലെ നാട്ടാരെ കഴിഞ്ഞ അഞ്ചുവർഷായീ കുടിപ്പിച്ച ചുണക്കുട്ടിയാട്ടാ കൊണ്ടോയ് തിന്നോളീൻ കുട്ടീന്റെ പരിപാടിക്ക് ഞമ്മക്ക് ക്ഷെണോണ്ടാ തങ്ങളേ എവന്റെ പൂഞ്ഞ് കണ്ട് കൊതിയാവണ്......"

വീട്ടുടമകണ്ണിറുക്കി കാണിച്ച് ഒറ്റപ്പറച്ചിൽ "നിങ്ങളാ തുകകൊടുത്ത് ഓറപ്പിക്കീൻ തങ്ങളേ...."
കാലിച്ചന്തേടെ ഗേറ്റിലുവച്ച് എന്റെ മാസവാടയും ചേർത്ത് ഒരു തുക എന്റെ പോക്കറ്റിൽ തിരുകിയിരുന്നു...
കാശെടുത്തതും അയാളെന്റെ കൈകടന്നുപിടിച്ച് തോർത്തിട്ടുമൂടി കാശുവാങ്ങി. എന്റെ പരവേശം കണ്ടിട്ട് അലിയാർ ചിരിയടക്കി. അഭിനയം പാളിയോ...?

"...തങ്ങളേ നിങ്ങളും വിട്ടോളീൻ ഞാനീതിനേം കൊണ്ട് പൊറകേ വരാം..." തങ്ങളുടെ റോൾ ഭംഗിയായ് അഭിനയിച്ചതിന്റെ സന്തോഷത്തോടെ ഞാൻ വീട്ടിലെത്തി....
കുളിച്ചുമ്മറത്തിരിക്കുമ്പോഴാണ് അലിയാരുടെ കാളക്കുട്ടിയുമായുള്ള വരവ്...

"എന്തായാലും ഉഷാറായീട്ടാ പത്തറുപത്തഞ്ച് റുപ്യേന്റെ മൊതലാ അയ്മ്പതിന് കിട്ട്യേത് തങ്ങളും ഉഷാറാക്കീട്ടാ..എന്തായാലും രണ്ടായ്ച്ച ഇവനിവിടെ നിക്കട്ട്..."

അയാൾ അതിനെ പ്ലാവിന്റെ ചുവട്ടിൽ കെട്ടിയിട്ടിട്ട് വീട്ടിലേക്കുപോയി...അതിനു പിന്നാലെ അത് നിലത്തേക്ക് ഒറ്റവീഴ്ച്ചയായിരുന്നു...അയാളും ഓടിവന്നു

"...മൂന്നാലൂ ദിവസായി ലോറീല് ഒറ്റ നിപ്പല്ലേ അതിന്റെ ക്ഷീണാ കെടക്കട്ടേ കച്ചികിട്ടോന്ന് നോക്കാം..."

അയാളുപോയി...അതിന്റെ നോട്ടം എന്നിലേക്കായിരുന്നു. ലോറിയിൽ കയറുമുറുകിയതിന്റെ വലിയ മുറിവിൽ ഒരു കാക്കവന്നിരുന്നു കൊത്തുന്നു...അനങ്ങാൻ പോലുമാകാതെ അവനവിടെ കിടപ്പാണ്. മുറ്റത്ത് കളിച്ചോണ്ടിരുന്ന കുട്ടികളുടെ പന്ത് കാക്കയെ ഓടിച്ചു....അലക്കുകല്ലിന്റെ അരികിൽ ചാരിവച്ചിരുന്ന ബേസിനിൽ കുറച്ചുവെള്ളം അലിയാരുടെ ഭാര്യ കൊണ്ടുവച്ചു...കിടപ്പിൽ തന്നെ തല വെള്ളത്തിലിട്ട് ആർത്തിയോടെ കുടിച്ചു. പിന്നീട് പഴങ്കഞ്ഞിവെള്ളോം മറ്റെന്തൊയോ ചേർന്ന വെള്ളവും അവർ ഒഴിക്കുന്നത് കണ്ടൂ. പാത്രം നക്കിത്തുടച്ചത് വിശപ്പിന്റെ താളത്തിലായിരുന്നു...അയൽക്കാരി പെണ്ണുങ്ങൾ അലിയാരുടെ ഭാര്യയുടെ നേതൃത്വത്തിൽ അതിനെ
  വിലമതിക്കുകയായിരുന്നു...
...180 കിലോ  ഒറപ്പാ...ഇല്ലേ ഇരുന്നൂറ് തെകയും...പത്തയ്മ്പത് റുപ്യേ കൊടത്തതല്ലേ....
ഇതിനിടയിൽ അലിയാരുമെത്തി  കച്ചികണ്ടതും അത് ചാടിയെണീറ്റു. മൂന്ന് കെട്ടും അഴിച്ച് മുന്നിൽ വിതറിട്ട് അയാൾ പെണ്ണുങ്ങളോട് ബലിദാനിയെ നേടിയ കഥവിവരിച്ചു....തങ്ങളുടെ ഭാഗം വന്നപ്പോൾ അടുത്ത വീട്ടിലെ ഭർത്തുപേക്ഷിച്ച  നൂറ ചിരിക്കുന്നുണ്ടായിരുന്നു.ഞാൻ തങ്ങളെപ്പോലെ സലാം പറഞ്ഞു....
ചിരിയും കഥയും കഴിഞ്ഞ് എല്ലാവരും പോയി കച്ചിലിന്റെ ഒരു തരിമ്പ്പോലും ബാക്കിയായിരുന്നില്ല.വെള്ളം പകർന്ന ബേസിനിൽ അതു നക്കിനോക്കി ഞാൻ ഒരു ബക്കറ്റിൽ നിറച്ച് ഒഴിച്ചുകൊടുത്തു. അതിന്റെ പകുതികുടിച്ച് പഴയതുപോലെ നിലത്തേക്കുവീണു....

രാവിലെ
പത്രമെടുക്കാനെത്തിയപ്പോൾ അതവിടെ എന്നെത്തന്നെ നോക്കി നിൽക്കുന്നു.ബേസിനിൽ ഇനിയും വെള്ളം ബാക്കിയുണ്ട് ചാണകോം മൂത്രോം കുഴഞ്ഞ മണം...
കച്ചിയെല്ലാം ഇന്നലേ കൊടുത്തിരുന്നല്ലോ. വീട്ടിലൊറ്റയ്ക്കായിരുന്നതിനാൽ പഴങ്ങൾ വാങ്ങിവയ്ക്കാറുണ്ടായിരുന്നു ഫ്രിഡ്ജിന്റെ മുകളിൽ എന്നോ വാങ്ങിയ പകുതികവർ ബ്രെഡും,  ഉണങ്ങിയ ഏത്തൻ പഴങ്ങളുമുണ്ടായിരുന്നു.
  വെള്ളത്തിലേക്കിട്ടുകൊടുത്ത്വെര നിമിഷത്തിൽ അതും അകത്താക്കി എന്നേം നോക്കി നിൽക്കുന്നു....

"മാഷേ നിങ്ങൾക്ക് എടങ്ങേറായീല്ലേ കുറച്ചീസ്സം കൂടെ ക്ഷമിക്കീൻ... "

കൊണ്ടുവന്നകച്ചിയും വിതറിയിട്ട് അയാളുപോയി.
സ്കൂളിലെ കലോത്സവം നടത്തിപ്പിന്റെ ചാർജ്ജായതിനാൽ വേഗം ഞാനും സ്കൂളിലേക്കിറങ്ങി...കവിതാ പാരായണത്തിൽ "കോലേബസവ" എന്നകവിത ചൊല്ലുന്നത് കേട്ടപ്പോൾ എനിക്കും ആ കവിതപോലെ നാട്ടുകാർക്ക് നല്ല കാലം വിളിച്ചുപറഞ്ഞ് കാളയെയും ഒരുക്കി കർണാടകത്തിലെ കോലേബസവയാകാൻ തോന്നി...
ഞാൻ കറുപ്പും ധരിച്ച് രുദ്രാക്ഷമാലകളും തൂക്കി, ബലിദാനിയോടൊത്ത് നടക്കുന്നത് കിനാവുകണ്ടു....

നല്ലകാലം വന്താച്ച് നല്ല കാലം വന്താച്ച്...ഏതോ കുട്ടി നാടോടി നൃത്തത്തിൽ കൈനോട്ടക്കാരിയായി...

വൈകിയാണ് വീട്ടിലെത്തിയത് എന്നെക്കണ്ടതും അതൊന്ന് വല്ലാതെയിളകി. പാത്രത്തിൽ വെള്ളമോ മുന്നിൽ കച്ചിലിട്ടതിന്റെ ലക്ഷണമോ ഉണ്ടായിരുന്നില്ല...
അലിയാരിക്കയും കുടുംബവും എവിടെയോ പോയിരിക്കുന്നു...ബേസിനിൽ ഒരു ബക്കറ്റ് വെള്ളമൊഴിച്ചു,
കവലയിൽ നിന്നും  നാലഞ്ചുകെട്ട് കച്ചിലും വാങ്ങി പക്ഷേ ഭക്ഷണത്തോടുള്ള അതിന്റെ  ആവേശം കുറഞ്ഞിരുന്നു...

അന്നുറങ്ങാൻ കിടക്കുമ്പോൾ അടുത്ത വീട്ടിലെ നൂറ മകൻ ഇസ്മായീലിന് ഇബ്രാഹീം നബി മകനെ ബലികഴിപ്പിക്കാൻ കൊണ്ടുപോയ കഥപറഞ്ഞുകൊടുക്കുന്നതുകേട്ടു....
ഒടുവിൽ ബലിദാനിയെ ചൂണ്ടിയാകണം "ഇതിനെയാണ് നമ്മൾ പകരം പടച്ചോന് കൊടുക്കാമ്പോണത് ' എന്നു പറയുന്നത് കേട്ടൂ....

എന്റെയുള്ളിലപ്പോൾ ഒരു പിതാവിനോട് മകന്റെ കഴുത്തറുക്കാൻ പറഞ്ഞ ദൈവക്രൂരതയും,  ഉറച്ച ദൈവവിശ്വാസവും തമ്മിൽ കൊമ്പുകോർക്കുകയായിരുന്നു....
പിറ്റേന്ന് അതിന്റെ വിളികേട്ടാണുണർന്നത് കച്ചിലിൽ ഇനിയും കുറച്ച് മുന്നിലുണ്ട് വെള്ളവും ബാക്കിയുണ്ട്...ഞാൻ വെറുതേ അടുത്തേക്ക് നടന്നു.അതു കലിട്ടിളക്കാനും  തലകുലുക്കാനു തുടങ്ങി..വലിപ്പം വല്ലാതെ ഭയപ്പെടുത്തിയിരുന്നു....തമിഴ് നാട്ടിലെ ജെല്ലിക്കെട്ട് അപകട വാർത്തകൾ വന്ന സമയമായിരുന്നു.  അതിന്റെ മുതുകിലെ മുഴ വല്ലാതെ ഉയർന്നിരിക്കുന്നു...
ഞാൻ അല്പം കൂടെ അടുത്തു നിന്നു...അതിന്റെ ശരീരത്തിൽ തൊട്ടു അതിന്റെ തോലൊന്നിളകിയതുപോലെ തോന്നി വാലിലക്കിയപ്പോൾ അല്പം ചെളിതെറിച്ചു..
കയറുകൊണ്ട് മുറിഞ്ഞ ഭാഗത്ത് തൊട്ടപ്പോൾ അതൊന്നിളകി.പിന്നെയും അരികിലേക്ക് ചേർന്നു  നിന്നു...ഞാൻ തലയിലും കൊമ്പിലും ചെവിയിലുമൊക്കെ വിരലോടിച്ചു അതൊരു പ്രതിമപോലെ നിൽക്കുന്നു....

സ്കൂളിലേക്ക് പോകുന്നതിനു മുന്നേ മൂന്നുകെട്ട്
കച്ചിവാങ്ങി മുന്നിൽ വിതറി...
തീരുമ്പോൾ വെള്ളം ഒഴിക്കാൻ നൂറയെ ഏല്പിച്ചു..ഞാനിറങ്ങുമ്പോൾ അവർ തലേന്നത്തെ കഞ്ഞി സഹിതം അവന്റെ പാത്രത്തിലേക്കൊഴിച്ചുകൊടുത്തു.
അലിയാരുടെ വീട്ടുകാർ ഇനിയും വന്നിരുന്നില്ല..
എനിക്ക് നൂറയോട് വല്ലാതെ സ്നേഹം തോന്നി ഞാൻ അവൾക്കുവേണ്ടി ചിരിച്ചു, അവളും..
ഒരാഴ്ച്ചയിൽ അവനും ഞാനും  മാറിയിരിക്കുന്നു...
സ്കൂളിൽ നിന്നുവന്നാൽ വാട്സ് ആപ്പിൽ കുത്തിയിരിക്കുന്ന എനിക്കിപ്പോൾ ബലിദാനിയുടെ കാര്യവിചാരമേ ഉള്ളൂ, ഇതിനിടയിൽ വെറ്റിനറി മെഡിക്കൽസിൽ നിന്നും വാങ്ങിയ ഗുളിക പഴത്തിൽ തിരുകിക്കൊടുത്തും, മഞ്ഞളും കാപ്പിപ്പൊടിയും ചേർത്ത മിശ്രിതം തേച്ചും, അവന്റെ മുറിവൊക്കെ ഉണങ്ങി...
പൈപ്പിൽ നിന്നും ഹോസുവഴി വെള്ളം ഒഴിച്ച് ഒന്നുരണ്ടുതവണ കുളിപ്പിച്ചു..
ചിലപ്പോൾ ആളില്ലാത്ത ആ പറമ്പിൽ ഞാൻ അവനെ അഴിച്ചു കെട്ടി കഴുത്തിലെ കറുത്ത ചരടുമാറ്റി ചുവന്ന ഭംഗിയുള്ള ചരടുകെട്ടുമ്പോൾ അലിയാരുണ്ട് ചിരിയോടെ മുന്നിൽ കൈയിൽ നാലുകെട്ട് കച്ചിയും...
അന്ന് അലിയാർ അതിനെ കുളിപ്പിച്ചു...
എന്റെഭാര്യയുടെ മേക്കപ്പ് ബോക്സിലെ  ലിപ്സ്റ്റിക്കുക്കൊണ്ട് ഞാൻ നെറ്റിയിലൊരു ഗോപി വരച്ചു...
അവൾ പിരിഞ്ഞുപോയിട്ട് എട്ടുമാസമാകുന്നു.
അലിയാർക്ക് ചിരി സഹിക്കാനായില്ല...

"മാഷിന്ന് നേരത്തേവരോ..."
ഞാൻ ഒന്നും പറഞ്ഞില്ല.
ഞാൻ അവന്റെ ഒരു ചിത്രം മൊബൈലിൽ പകർത്തി കൂടെ നിന്ന് ഒരു സെല്ഫിയും എടുത്തു...
അന്ന് സ്കൂളിൽ സ്റ്റാഫ് മീറ്റിംഗായിരുന്നു...
വീട്ടിലെത്തുമ്പോൾ കയറിന്റെ അറ്റത്ത് ബലിദാനിയില്ലായിരുന്നു..
നിലത്തുവിരിച്ചിട്ട
വാഴയിലയിൽ നിറയെ രക്തം തളംകെട്ടി നിൽക്കുന്നു...
കഴുത്തിൽ കെട്ടിയ ചുവന്ന കയർ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്നു...
പാത്രത്തിൽ വെള്ളമുണ്ടായിരുന്നു...
നിലത്തു വിതറിയ കച്ചി ഒരു തരിമ്പ് പോലും കുറഞ്ഞിരുന്നില്ല...

ഞാൻ ടേബിളിന്റെ മുന്നിൽ നിന്നെണീറ്റൂ....
നൂറ ഇസ്മായീലിന് താരട്ട് പാടുകയായിരുന്നു...

നൂറുമുഹമ്മദ് സല്ലള്ള
ളായി ലാഹാ ഇല്ലള്ളാ...

ഞാൻ കറുപ്പുടുത്തു, ബലിദാനിയുടെ മണമുള്ള ചുവന്ന ചരട് നൂറയുടെ കഴുത്തിലണിയിച്ചു, ഇസ്മായിൽ ഉറക്കത്തിലായിരുന്നു ഞങ്ങൾ ഒരു ബലിദാനിയെ സ്വപ്നം കണ്ടു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment