Friday 20 July 2018

തോപ്രാങ്കുടി...!

തോപ്രങ്കുടി...!!

"മാഷേ നമ്മടെ കുഞ്ഞിപ്പെണ്ണ് പോയി ഏതാണ്ടൊരു
ചെറുക്കന്റൊപ്പം രാത്രി ബൈക്കേൽ  കറങ്ങിയതാ, കർത്താവിന് നെരക്കാത്തത് ആര്..."

ബെന്നിസാർ
വേറാർക്കോ കൊടുത്തു
അയാൾ പതിയെ കാര്യങ്ങൾ പറയാൻ തുടങ്ങി...

"മാഷേ ഇത് മാമച്ചനാ, അന്ന് നിങ്ങൾ തോപ്രാങ്കുടീൽ  വന്നപ്പോൾ സർബത്ത് കുടിച്ചില്ലേ?
മൊബൈല് കൂപ്പണൊക്കെ തന്നില്ലേ.. ആ കടേലെ ഒടയൻ
അവിടന്ന് ബെന്നീടെ  അളിയന്റെ  ജീപ്പേലാർന്ന് നിങ്ങള് ദൈവമേട് പോന്നത്
സാറ് ആകെ തകർന്നിരിക്കുവാന്നേ ഇപ്ലാ സാറേ വല്ലതും ഒന്ന് മിണ്ടിയത്..,
ഞങ്ങള് കൊച്ചിന്റെ ബോഡി ഏറ്റ് വാങ്ങാനെക്കൊണ്ട് എർണാകുളത്തിന് പോവേണ്,
നിങ്ങള് നാളെ  പത്തരയ്ക്ക്
ദൈവമേട് സി എസ് ഐ പള്ളീല് വന്നാ മതി, അടക്കോക്കെ അതിന്റടുത്താ.."

ബെന്നി
കുഞ്ഞുമോൾ ബെന്നി, കുഞ്ഞിപ്പെണ്ണ്. ഇവരൊക്കെ
പത്തു  കൊല്ലം മുന്നേ ജീവിതത്തിൽ വന്നു ചേർന്നവരാണ്.. പക്ഷേ
കുഞ്ഞിപ്പെണ്ണിന്റേത് ഇന്നും നിറമേറി നിൽക്കുന്നു..‌

പുന്നപ്പുഴയിൽ
മണൽ വാരുന്നവരെ  പൊക്കാൻ പോലീസിന് വിവരം കൊടുത്തിട്ട് അവരെത്തിയത് അവസാന ലോറിയും പോയിട്ടായിരുന്നു... പോലീസ് വൈകിയെന്നും  പറഞ്ഞ്,
അവരുടെ  ജീപ്പ് ആറ്റിലേക്ക് തള്ളിവിട്ട കേസിൽ പാർട്ടിയുടെ യൂത്ത്  ലീഡറായിരുന്ന ഞാനും പ്രതിയായി.

"എവിടേക്കെങ്കിലും മുങ്ങിക്കോ ഭരണമില്ലാത്ത സമയാണ്..."
ഏര്യാ സെക്രട്ടറി കൈയൊഴിഞ്ഞു...
അങ്ങനെയാണ് എർണാകുളത്തെ ഓയിൽ കമ്പനിവക സ്കൂളിൽ കരാറടിസ്ഥാനത്തിൽ കണക്ക് മാഷായി ജോലിയ്ക്ക് കയറുന്നത്..

കമ്പനി കരാർ ജീവനക്കാർക്കുവേണ്ടി
സ്കൂളിനോട് ചേർന്ന് എടുത്തിട്ടുള്ള   വാടകയ്ക്ക്  എടുത്ത വീട് എന്റെ ഒളിത്താവളമായി.
ബെന്നിസാറിനെ  ആ പേരിൽ ആരും വിളിക്കുന്നത് കേട്ടിട്ടില്ല,  "തോപ്രാങ്കുടി, തോപ്രാങ്കുടിമാഷ്..."
അതിലും രസം
എന്താന്ന്
വച്ചാൽ ഒരു മാസത്തിൽ കൂടുതൽ അയാൾക്കൊപ്പം ആരും ആ വീട്ടിൽ നിൽക്കാറില്ല എന്നതാണ്...
അതുമല്ല ഓയിൽ കമ്പനിയുടെ എല്ലാ സൗകര്യങ്ങളും പറ്റി കഴിഞ്ഞ ആറു കൊല്ലമായി ഈ തോപ്രാങ്കുടിക്കാരൻ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു...

വെള്ളിയാഴ്ച ഉച്ചയ്ക്ക്   പട്ടാളം കാവലുള്ള
ആ സ്കൂളിൽ നിന്ന് അയാൾ മുങ്ങും എന്നിട്ട്
തിങ്കൾ ഉച്ചയ്ക്ക് പൊങ്ങും..
സ്കൂളുകാർ അതിനനുസരിച്ച് ടൈം ടേബിളും ശര്യാക്കിക്കൊടുത്തിട്ടുണ്ട്.‌‌ അതിനു പിന്നിലും കാരണങ്ങളുണ്ട് സ്കൂളിന്റെ  തോട്ടക്കാരൻ, ബസ് ഡ്രൈവർ, ചിലപ്പോൾ പിയൂൺ ഒക്കെ ആയി മാറും ഈ തോപ്രാങ്കുടിയൻ.
നല്ല വൃത്തിയായി പഠിപ്പിക്കും,
മുങ്ങൽ സമയത്തല്ലാതെ ഒരിറ്റ് സമയം പാഴാക്കില്ല, സ്കൂളിന്റെ യൂണിയനിലില്ല, ആരുമായും വഴക്ക് കോലാഹലങ്ങളില്ല..ഫ്രീ പിരീഡ് എവിടെയുണ്ടെങ്കിലും ആരും പറയാതെ ചെന്ന് പഠിപ്പിക്കും..
അതുമല്ല
സ്കൂളിന്  മുന്നിലെ ആ വലിയ പച്ചക്കറിത്തോട്ടവും വാഴത്തോട്ടവും ഇതിയാന്റെ സംഭാവനയാണ് എന്നാൽ  പേരൊക്കെ സ്കൂളിന്റെ  എക്കോ ക്ലബ്ബിന്, എർണാകുളത്തെ പോഷ്  സി ബി എസ് സി സ്കൂളുകൾക്ക്
മുന്നിൽ
ഈ കമ്പനി വക സ്കൂൾ തലയുയർത്തി നിൽക്കണത് ഈ എക്കോ ക്ലബ്ബിന്റെ കൂടെ ബലത്തിലാണ്.
സ്കൂൾ മാഗസീനിലും ബ്രോഷറിലും കുട്ടികളെ തോട്ടത്തിൽ കയറ്റി അഭിനയിപ്പിച്ച്   ഫോട്ടോയെടുക്കും. അതിലൊക്കെ നല്ല ഭംഗിയുള്ള ടീച്ചർമാർ കേറി പോസും കൊടുക്കും.
ഫോട്ടോ സെഷന്
ചവിട്ടി തകർത്തതൊക്കെ അന്ന് തന്നെ തോപ്രാങ്കുടി വൃത്തിയാക്കും...

ഇംഗ്ലീഷ് മീഡിയത്തിന്റെ ഒരു ഭംഗിയും അയാളുടെ ക്ലാസിനുണ്ടാകില്ല, ചരിത്രം പഠിപ്പിക്കണതിന്റെ ആവേശത്തിൽ ഇടുക്കിയക്കാരന്റെ നാടൻ മലയാളം ആംഗലേയത്തെ  തുരത്തി പടയോട്ടം നടത്തും.
അതിന്റെ പേരിൽ
പലതവണ  കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്...

"ദിസ് ഈസ് മൈ ലാസ്റ്റ് വാണിംഗ് ഡിയർ തോപ്രാങ്കുറ്റി.."
പ്രിൻസിപ്പൾ ഇതും    പറഞ്ഞിട്ട് സ്കൂളിന്റെ മുന്നിലെ വാഴത്തോട്ടത്തിലേക്ക് കൊതിയോടെ നോക്കും. അന്ന് വൈകിട്ട് മുഴുത്തൊരു കുല തോപ്രാങ്കുടിയുടെ തോളിലിരുന്ന് പ്രിൻസിയുടെ ക്വാട്ടേഴ്സിന് പിന്നിലേക്ക് യാത്രതിരിക്കും.
അന്ന് റൂമിൽ ഇംഗ്ലീഷിൽ  ചരിത്രപാഠങ്ങൾ ആവർത്തിച്ച് പഠിക്കുന്നത് അയൽക്കാർക്ക് കേൾക്കാനാകും.
അന്ന് പതിവ് ബൈബിൾ വായന ഇംഗ്ലീഷിലാകും..
ഇതൊക്കെയാണെങ്കിലും
അടുത്ത കരാറിലും സർവീസ് പരിഗണിച്ച് ലിസ്റ്റ് തയാറാക്കുമ്പോൾ  ചരിത്രം ആവർത്തിക്കും.
തോപ്രാംകുടിക്കാരന്റെ ചരിത്രപാഠങ്ങളും ക്ലാസിൽ മുഴങ്ങി കേൾക്കും.
ചില കുടിയേറ്റ, കാർഷിക വിപ്ലവങ്ങളൊക്കെ   പഠിപ്പിക്കുമ്പോൾ മൂന്ന് ക്ലാസുകൾക്ക് അപ്പുറം വരെ അത് മുഴങ്ങും, പിന്നെ അതെല്ലാം ഒരു  തേങ്ങലുപോലെ അവസാനിക്കും...

ഒരാൾക്കും തോപ്രാങ്കുടിയെക്കുറിച്ച് നല്ലത് പറയാനില്ല, ആരും‌ അയാളെക്കുറിച്ച് മോശവും പറഞ്ഞ് കേട്ടില്ല..
സ്റ്റാഫ് റൂമിൽ ഒരു കോണിൽ ഇരിക്കും.
എന്തെങ്കിലും‌ ഉറക്കെ സംസാരിക്കും, അതിലും ഉറക്കെ ചിരിക്കും.
ഉച്ചയ്ക്കുള്ള "കമ്പനിവക ബുഫൈ ഫുഡ്" എടുക്കുമ്പോൾ എല്ലാവരെയും  നോക്കി ഒരു പൊട്ടച്ചിരി ചിരിക്കും.
മറ്റുള്ളവർ ഷുഗറും പ്രഷറും ചേർന്ന് ഭക്ഷണം കുറയ്ക്കുമ്പോൾ തോപ്രാങ്കുടി  ആ കുറവും  പരിഹരിക്കും...
പിന്നൊരു രസികൻ തീറ്റ, പലർക്കും അതുകണ്ട് അസൂയയും അസ്വസ്ഥതയും‌ ചേർന്ന് നെറ്റി ചുളിയും..

ഇത്തവണ  കരാർ അദ്ധ്യാപകരിൽ ആകെ രണ്ട് പുരുഷന്മാർ ഞാനും  തോപ്രാങ്കുടിയും..

കമ്പനി വാടകയ്ക്കെടുത്ത വീടും പരിസരവും
അങ്ങ് മലമൂട്ടിലെ  അതിയാന്റെ തറവാടാണെന്നാ  ചിന്ത..
മുഴുവൻ വെട്ടിക്കിളയ്ക്കും. കപ്പയും ചീരയും വെണ്ടയും വിളഞ്ഞ് കിടക്കും  ഉടുപ്പില്ലാതെ വീടിന്റ മുന്നിലൂടെ നടക്കും.. വൈകിട്ട് സ്വയം  ഉണ്ടാക്കണ  കഞ്ഞി വലിയൊരു പാത്രത്തിൽ തണുക്കാൻ
എടുത്തുവച്ച്  പണ്ടത്തെ പാട്ടുപാടി ഒരു കുളിയാണ്. പിന്നെ കഞ്ഞി കുടി, നാട്ടീന്ന് കൊണ്ടുവന്ന മുളക് ചെടി മുറ്റത്ത് നിറഞ്ഞ് നില്പുണ്ട് അതീന്ന് മുഴുത്ത മുളക് നാലഞ്ചെണ്ണം മുന്നിലുണ്ടാകും.. കഞ്ഞികുടി പശു കാടികുടിക്കുന്നതിനെക്കാൾ കഷ്ടാണ്...
അത് കഴിഞ്ഞാണ് രസികൻ സീനുകൾ അരമുക്കാൽ മണിക്കൂർ ബൈബിൾ വായന, പിന്നെ ക്രിസ്തിയ ഭക്തിഗാനാലാപനം, അതുകഴിഞ്ഞാൽ എനിക്കുൾപ്പെടെ ഭൂമിയിലെ സകല ചരാചരങ്ങൾക്കും വേണ്ടി മുട്ടിപ്പായി പ്രാർഥന... നാലു വീടിനപ്പുറമുള്ള തട്ടുകടയിലിരുന്ന് ഓംലേറ്റ് മറിക്കുന്ന ശിവശങ്കരൻ ചേട്ടൻ എന്നെ നോക്കി ചിരിക്കും.

"തോപ്രാങ്കുടിസ്സാറ് ഇന്ന് ഫോമിലാണല്ലോ,   ഇനി
ഈ വിളികേട്ട് കർത്താവ് ഇന്നെങ്ങാനും ഇറങ്ങിവരുമോ..."

ഞാൻ ആകെ ചൂളിപ്പോകും.
വ്യാഴാഴ്ച വൈകിട്ട്  
മേലേ ചിന്നാറിലെ  ഇതിയാന്റെ ഒരു കൂട്ടുകാരൻ വരും, ഏതോ ബാങ്കിന്റ്
കാവൽ നിൽക്കുന്ന ജോലിയാണ്.

"ബാങ്ക് ലോണെടുത്ത് എൺപത് സെന്റേല് ചാണ്ടി ഏലം നട്ട്, തിരിച്ചടവ്
ഗതിമുട്ടി ആ
സ്ഥലം ബാങ്ക് കൊണ്ടുപോയപ്പോൾ, അതുപോലൊരു ബാങ്കിന് കാവൽ നിൽക്കാൻ  ചാണ്ടിയും  പോയി, ചാണ്ടിക്കിപ്പം കർത്താവ് മാത്രം തൊണ..."

ഇങ്ങനാണ് കൂട്ടുകാരനെ തോപ്രാങ്കുടി എനിക്ക് പരിചയപ്പെടുത്തിയത്..
അയാളൊരു പകുതി  പാസ്റ്ററുമാണ്..
വന്നാൽ പിന്നെ  ആത്മമാരി ചൊരിയും,
ചെറിയൊരു ബാന്റും മുട്ടി പെന്തക്കോസ്ത് നാളിലെ വന്മഴ ഒഴുക്കും. ദൈവത്തെക്കണ്ട ചെകുത്താനെപ്പോലെ
ഞാൻ അടുത്ത  തീയേറ്ററിലെ പാതിരാപ്പടത്തിൽ  ശരണപ്പെടും...

അല്ലാത്ത ദിവസങ്ങളിൽ
പത്തുമണി മുതൽ തോപ്രാങ്കുടിയുടെ 'ഫോൺ ഇൻ പരിപാടിയാണ്'
ഒരു ഒന്നര മിനുട്ട് വച്ച് വീട്ടിലെ പൂച്ചയോടുപോലും സംസാരിക്കും..
എന്നിട്ട് കുഞ്ഞിപ്പെണ്ണിന് മാത്രം അഞ്ചുമുനിട്ട്

"എന്റീശോയേ ഇരുപത് രൂപാന്നും"
പറഞ്ഞ് തലയിൽ കൈയും കൊടുത്ത് ഒറ്റയിരുപ്പാണ്...

കുഞ്ഞിപ്പെണ്ണിനോട് സംസാരിക്കുമ്പോൾ അതിയാൻ കുഞ്ഞാകും. പൂച്ചയോട് പൂച്ചയാകും. ഈ ഫോൺ വിളിയിലൂടെ എനിക്ക് മാത്രല്ല തൊട്ടടുത്ത വീട്ടുകാർക്ക് പോലും തോപ്രാങ്കുടിയന്റെ വീട്ടുവിശേഷം മുഴുവൻ അറിയാം.

കുഞ്ഞിപ്പെണ്ണിന്റെ പിറന്നാൾ ദിവസായിരുന്നു
കുഞ്ഞിനോട് രണ്ട്  വർത്താനം പറ മാഷേന്നും പറഞ്ഞ് ഫോൺ തന്നു‌.‌‌
ഫോണിൽ സംഭാഷണം നീളുമ്പോൾ അയാളുടെ  മുഖത്ത് പലിശകൂട്ടുമ്പോൾ അടവ് കാരന്റേതുപോലെ ആകാംഷ ഏറി വരുന്നുണ്ടായിരുന്നു..

"എന്റീശ്ശോയേ ഇരുപത്തി എട്ട് രൂപേ,  ഈ കുന്ത്രാണ്ടം കമ്പനിക്കാര്
ഇതെന്നാ പിടിച്ച് പറിയാല്ലേ മാഷേ.....‌?"

അന്ന് ഞാൻ സൗജന്യായി സംസാരിക്കുന്ന  ഓഫർ ചെയ്തു കൊടുത്തൂ..‌
പിന്നെ വർത്തമാനം പന്ത്രണ്ട് കഴിഞ്ഞാലും തീരാതെയായി..‌

" ഇത് സൂപ്പർ പരിപാടിയാട്ടോ
മാഷേ, എന്തോരം മിണ്ടണേലും ഒരു പൈസേം പോവൂല, എനിക്കാണേ ആണ്ടേ ആ  കുഞ്ഞിപ്പെണ്ണിനോട്  എത്ര പറഞ്ഞാലും‌ കൊതി തീരൂല..."

എന്നിട്ട് എന്നെ പൂണ്ടടക്കം* കെട്ടിപ്പിടിക്കുകയായിരുന്നു. അന്ന്  കുടുംബത്തെക്കുറിച്ച്  കുറേ കഥകളും പറഞ്ന്നു‌‌‌

"ദൈവമേട്ടീന്ന് മുത്തൻ പള്ളീലെ സനിലിന്റെ വണ്ടീല്  ഇവളേം  അടിച്ചോണ്ട്  എർണാകുളത്ത് വന്ന് തീവണ്ടി കേറിയത്. ഗുജറാത്തിലേക്കാ പോയത്,
ഇവൾടെ ആൾക്കാര്  സി എസ് ഐ അല്ല്യോ,
നമ്മക്ക് പെണ്ണ്  തരത്തില്ല, ഗുജറാത്തില്
മിഷണിമാര് നടത്തണ ഒരു  സ്കൂളേലായിരുന്നു പണി
രണ്ടാൾക്കും  കൂടി പത്തായിരം എന്താവാൻ
അതോണ്ട് ഞങ്ങള് ഒറ്റകൊച്ചേൽ ഒതുക്കി...
എന്നതാ ചൂടാന്നോ അവിടെ
തുണി ഞെക്കിപ്പിഴിഞ്ഞ് ആണ്ടേ അയലോട്ട് ഇട്ട് തിരിഞ്ഞ് നോക്കമ്പോൾ ഒണങ്ങും...
ഇവൾടെ അമ്മ മരിച്ച് കഴിഞ്ഞ്
അവക്കടെ അപ്പൻ വന്ന് വിളിച്ചപ്പോൾ നാട്ടിലേക്ക് പോന്നു.
കുഞ്ഞുമോൾക്ക് പ്രകാശില് സപ്ലേ ആഫീസിൽ കിട്ടിട്ടും‌ ഒന്നിനും തെകയലേ.
അങ്ങനെ പത്രത്തിൽ കണ്ടപ്പം ഇവിടെക്ക് കൊടുത്തു. ഇവിടാണെങ്കിൽ സ്ഥിരാക്കാൻ പ്ലാനൊണ്ടെന്നാ പറയണത് എന്തോ എനിക്കൊന്നും‌ അറിയാമ്മേല കർത്താവേ..."

പിറ്റെന്ന് തോപ്രാങ്കുടി  വീട്ടിലേക്ക്
  വിലകൂടിയ ഒരു   തരം ചോക്ലേറ്റും കുറച്ച് കരകൗശലമേളയിലെ കടയിൽ നിന്ന് നിന്ന് വളകളും കുറച്ച് പൊട്ടും, ക്യൂട്ടെക്സും മേക്കപ്പ് ബോക്സും  വാങ്ങിക്കൊടുത്തു വിട്ടു.
അതിന് ശേഷം ഫോണിൽ കുഞ്ഞിപ്പെണ്ണ് മിണ്ടാൻ തുടങ്ങിയത്..
എട്ടാം ക്ലാസുകാരി കുഞ്ഞനുജത്തിയെ കിട്ടിയ രീതിയായിരുന്നു അന്നെനിക്ക്.  തോപ്രാങ്കുടിയാണ് പിന്നീട് അതേക്കുറിച്ച് പറഞ്ഞത്...

"കൊച്ചിന്റെ ആദികുറുബാനയ്ക്ക് പോലും ഇമ്മാതിരി ഒന്നും കിട്ടീല
കിട്ടിയതൊന്നും പൊട്ടിക്കാതെ വാത്തിക്കുടീലെ പെണ്ണുങ്ങളെ മുഴുവൻ കാണിച്ച്...
ഇമ്മാതിരി നിറങ്ങളൊക്കെ ക്യൂട്ടക്സിലുണ്ടെന്ന് ആ നാട്ടുകാരറിയണത് ഇപ്പഴാ അതിന്റെ നെഗളിപ്പ് പെണ്ണിന് ഇനിം കഴിഞ്ഞിട്ടില്ല..."

വ്യാഴം പതിവ് ആത്മമാരി നടക്കുന്ന സമയം ഞാൻ സെക്കന്റ് ഷോയിലേക്ക് രക്ഷപ്പെട്ടു..
തോപ്രാങ്കുടിയും
ചിന്നാറ് ചാണ്ടിയും  കൂടി അന്ന് ആ വാർഡ് മുഴങ്ങും വിധം   പ്രാർഥന കഴിച്ചുകാണും.
സെക്കന്റ് ഷോയ്ക്ക് മുൻപ്  ബാറിൽ കേറി നന്നായി മിനുങ്ങിയിരുന്നു.
അതുകൊണ്ട് സിനിമകഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി,
തീയറ്ററിലെ വാച്ചറന്മാർ പിടിച്ച് പുറത്തിറക്കുന്നതിനിടയിൽ ഉന്തും തള്ളുമായി ടോർച്ച് ലൈറ്റുകൊണ്ട് ഒരുത്തൻ മുഖമടിച്ച് പൊട്ടിച്ചു. എങ്ങനെയൊക്കയോ ഒരുവിധം
ഓട്ടോയിൽ  രക്ഷപ്പെട്ടു വരുമ്പോൾ,
കുളിമുറിയിൽ കയറി ഒന്ന് രക്തക്കറ കഴുകിക്കളയാൻ‌ തോന്നി.
വിസ്കിയുടെ കെട്ട് വിട്ടിരുന്നില്ല,
കാൽ വഴുതി കുളിമുറിയിൽ ഒറ്റവീഴ്ച്ച. തോപ്രാങ്കുടി കാലുരയ്ക്കാനും തുണിയടിക്കാനും കൊണ്ടിട്ടിരുന്ന പാറക്കല്ലിൽ തന്നെ തലയടിച്ചു വീണു.
പിന്നെ ഓർമ്മവരുമ്പോൾ അടുത്ത സർക്കാർ ആശുപത്രിയിലെ വാർഡിലായിരുന്നു.
ഉണർന്നതു മുതൽ തോപ്രാങ്കുടി മാറാതെ നിന്ന് മാപ്പ് പറയുന്നു. കുളിമുറിയിലെ പാറക്കല്ല് മാറ്റാൻ മുൻപ് താമസിച്ചിരുന്നവരും ആവശ്യപ്പെട്ടിരുന്നത്രേ....

"അതിയാന്റെ അലക്ക് ഒന്നൊന്നര അലക്കാണെന്നാ" അയൽക്കാർക്കും പറയാനുള്ളത്
കുടിച്ചതും‌ ഇടിവാങ്ങിച്ചതും അല്ലാ കുളിമുറിയിലെ പാറക്കല്ലായി വിഷയം.
ഞാനും ഒന്നും പുറത്ത് പറഞ്ഞില്ല
മൂന്നാം ദിനം വീട്ടിൽ വരുമ്പോഴാണ് ഞാനോർത്തത്
ആ സമയത്ത് ഇയാളെങ്ങനെ ആശുപത്രിയിൽ എത്തിച്ചുകാണും... അതിനുത്തരം അയൽവക്കത്തെ റിട്ടയേഡ് മാഷ് തന്നു..

"ചോരയിൽ കുളിച്ച മാഷിനേം
തോളിലിട്ട് കരഞ്ഞ് നിലവിളിച്ച് തോപ്രാങ്കുടീടെ പ്രകടനം കാണണമായിരുന്നു മാഷേ...
അന്ന് എന്റെ മോൻ കാറെടുത്തില്ലെന്ന് പറഞ്ഞ് വിളിച്ച തെറി ശ്ശോ കണ്ണ് പൊട്ടിപ്പോകും.
ദേ ഇന്നും‌ രാവിലേം  വന്ന് അതിയാൻ കാലിൽ വീണ് മാപ്പ് പറഞ്ഞു...."

ആ ആഴ്ച്ചകളിൽ തോപ്രാങ്കുടി വീട്ടിൽ പോയില്ല...
തുന്നലഴിക്കും വരെ പിന്നാലെ കൂടി, കഞ്ഞിയും പുഴുക്കും പച്ചിലമരുന്നും. വീട്ടിലൊന്നും അറിയിക്കണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു..
ആ ശനിയാഴ്ച  മോളും അതിയാന്റെ പെണ്ണും വന്നു...
എന്തൊക്കെയോ പണയം വച്ച കാശും കൊണ്ടാണ് വന്നത്,
കുഞ്ഞിപ്പെണ്ണ് എന്റെ തലയുടെ ഭാഗത്ത് വന്നിരുന്ന് വീശിത്തന്നു..‌
അവളുടെ ചിത്രങ്ങൾ പല പോസിൽ
കുറേ മൊബൈലിൽ എടുത്തു. പിറ്റേന്ന്
അവർ പോയപ്പോൾ അതും  നോക്കി
ആ മനുഷ്യൻ ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി...

" ഈ മാസം നിങ്ങളെ  ശമ്പളപൈസ ഞാൻ തരുവാ മാഷേ,വാടകേം ഞാൻ കൊടത്തേക്കാം കുളിപ്പെരേലെ കല്ലൊക്കെ ഞാൻ കൊണ്ട തോട്ടീക്കളഞ്ഞിട്ടൊണ്ടേ.."

ഞാൻ ആ മനുഷ്യനെ നോക്കി നിന്നു.. ഈ കാലത്ത്
ഇങ്ങനെ ആളുകളുണ്ടാകുമോ..? ഞാൻ ചിരിക്കാൻ ശ്രമിച്ചു...

തോപ്രങ്കുടി കുഞ്ഞിപ്പെണ്ണിന്റെ ഫോട്ടോകൾ മാറ്റി മാറ്റി നോക്കുന്നതിനിടയിൽ...
വീഡിയോയിൽ
സൂക്ഷിച്ചിരുന്ന നല്ല ചൂടൻ രംഗങ്ങൾ തുറന്നുവന്നു‌. കുറച്ചു നേരം  അതിൽ നോക്കിയിട്ട്  ഫോണും കട്ടിലേക്ക് ഇട്ട്  ഒറ്റ ചാട്ടായിരുന്നു പിന്നെ കൗതുകമുള്ളതെന്തോ കുട്ടിയുടേതു പോലുള്ള   ചിരിയും....

"ദേണ്ടേ
അയ്യോടാ ഉവ്വേ ഇവളുമാരിതെന്നാ കാണിക്കുന്നേ... ഇതൊക്കെ ഇങ്ങനെ പബ്ലിക്കായിട്ട് ചെയ്യോ..‌
ഇവറ്റകളൊക്കെ പൈസായ്ക്കും വേണ്ടി അഭിനയിക്കണാതാണല്ലേ‌‌‌, ബാഗ്ലൂരൊക്കെ  പോണ പിള്ളേരൊക്കെ ഇങ്ങനാ കാശൊണ്ടാക്കണതെന്ന് മാമച്ചൻ എടയ്ക്ക് പറയുവാർന്ന്.. എന്തോരം വെളുപ്പാല്ലേ പെണ്ണുങ്ങള്,
കല്യാണം കഴിക്കാത്തോണ്ടാ ഇതൊക്കെ കാണണതല്ലിയോ
കൊന്നക്കാമാലീലേ ഒരു കടേൽ ഇതിന്റേക്കെ സീ ഡി വന്നിട്ടൊണ്ടെന്ന് എടയ്ക്ക് മാമച്ചൻ  പറയും. എടുത്തോണ്ട് വന്ന് വീ സി ആറിലിട്ട് കാണണോന്നും..."

ഞാൻ ജാള്യം മറയ്ക്കാൻ‌ ശ്രമിക്കുമ്പോൾ അയാൾ കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..‌‌

" എന്റെ കൊച്ചിനെ കാണിച്ച് തരോ ,
മറ്റേതിന്റെ എടേലൊന്നും  പെട്ടു പോകല്ലേ...."

അടുത്ത വെള്ളി തോപ്രാങ്കുടിക്ക് ഞാനും വണ്ടികയറി...
മൂന്ന് മണിക്കൂർ ബസിലിരുന്ന് ഗൗരി സിറ്റിയിൽ എത്തുമ്പോൾ കുഞ്ഞുമോൾടെ ഒരു ചേട്ടൻ കാത്തുനിന്നിരുന്നു...
വാത്തിക്കുടിവരെ അയാളുടെ ജീപ്പിലായിരുന്നു  യാത്ര എങ്ങനേലും വണ്ടിയൊന്ന് നിർത്തിയാൽ മതിയെന്ന് തോന്നി. ഇടയ്ക്ക് നാലഞ്ച് തവണ ചർദ്ദിച്ചു...
പലതവണ നിലവിളിച്ചു..
അതുകേട്ട്  അളിയനും അളിയനും ഭയങ്കര  ചിരിയായിരുന്നു..‌.
ഈ വഴിയൊക്കെ താണ്ടി തിങ്കൾ ഉച്ചയ്ക്കെങ്കിലും ഇയാൾ എത്തുന്നതിലെ അത്ഭുതമായിരുന്നു എനിക്കപ്പോൾ...

വാത്തിക്കുടി ടൗണിൽ നിന്ന് ബാഗും തൂക്കി നടപ്പ് തുടങ്ങിയിട്ട്
ഇരുപത് മിനിട്ട് കഴിഞ്ഞാണ് ദൂരെ വീടിന്റെ വെളിച്ചം കണ്ടത്..
ഇരുട്ട് കട്ടപിടിച്ചെന്നൊക്കെ കേട്ടിട്ടേയുള്ളൂ.
തണുപ്പും ഏലത്തിന്റെ മണവും എന്തായാലും ഒരു സാഹസിക യാത്രയുടെ എല്ലാ ആവേശവും തോന്നി.വേഗം കട്ടിലിൽ നിവർന്നിരുന്നു പിന്നെ കിടന്നു.എപ്പഴോ എണീറ്റ് എന്തൊക്കെയോ കഴിച്ചു ഉറങ്ങി...
ഉണർന്ന് ഉറവയിലെ തണുത്ത വെള്ളത്തിലെ  കുളിയിൽ ക്ഷീണമൊക്കെ മാറിയപ്പോഴാണ് നിഘണ്ടുക്കളിൽ
വീടിന്റെ പര്യായങ്ങൾ ഒന്നും ചേരാത്ത അവരുടെ ഇടം ഞാൻ ശരിക്ക് കണ്ടത്..
നല്ലൊരു കാറ്റിന്റെ ആയുസ് അത്രതന്നെ‌‌‌..
അതുകൊണ്ടായിരിക്കാം സ്കൂളിൽ നിന്ന് ഈവഴിക്ക് ഏകദിന യാത്രവന്നപ്പോൾ ഞങ്ങളൊക്കെ എത്ര നിർബ്ബന്ധിച്ചിട്ടും വീട് കാണിക്കാൻ തോപ്രാങ്കുടി കൂട്ടാക്കാത്തത്...

തൊട്ടടുത്ത് കെട്ടിയിട്ട പുതിയവീടിന്റെ അടിസ്ഥാനത്തിൽ നിറയെ കാട്ടുചെടികൾ വളർന്ന് നിൽക്കുന്നത് ശ്രദ്ധിച്ചാലറിയാം അവരുടെ ദാരിദ്ര്യത്തിന്റെ ആഴം.എന്റെ നോട്ടം കണ്ടിട്ടാകണം..

"ദേണ്ടേ മാഷേ‌എല്ലാം ഒന്ന് കെട്ടിപ്പൊക്കണേൽ ഒരഞ്ചാറ് ലക്ഷോങ്കിലും‌ വേണ്ടായോ ?
അവക്കട വീട്ടിലും‌ ഒന്നൂല്ലാ,
എനിക്കും ഒന്നൂല്ല.
ഇപ്പൊ സപ്ലേ ആഫീസിൽ പോകാനും പറ്റണില്ല,
ഈ കൊച്ചിനെ ഇവിടെ ഒറ്റക്കിട്ടേച്ച് പോകാമ്പറ്റോ..?
പാമ്പിനേം പരുന്തിനേം  നമ്മക്ക്  പേടിയില്ല മാഷേ‌‌‌‌.
ഇരുകാലികളല്ലേ പെഴകള്.
അവിടെ  സ്കൂളേൽ
സ്ഥിരായാൽ ഈ തറേൽ കല്ല് കേറ്റാൻ ഒരു  ലോണൊപ്പിക്കണം, കുഞ്ഞിപ്പെണ്ണിനെ ഒരു നെലേൽ
എത്തിക്കണം എന്നിട്ട്  ഒരുത്തന്റെ കൈപിടിച്ച് കൊടുക്കണം..."

കിടപ്പിലായിരുന്നപ്പോൾ പണയം വച്ച സ്വർണം എടുക്കാൻ സഹായിക്കണമെന്ന് അന്നേ ഞാൻതീരുമാനിച്ചിരുന്നു..‌
പിറ്റേന്ന് പോരുമ്പോൾ കുഞ്ഞിപ്പെണ്ണിന്റെ കയ്യിൽ നിന്റെ കല്യാണത്തിനെന്നും പറഞ്ഞ് നല്ലൊരു തുക കൊടുത്തു..
ഗൗരി സിറ്റിയിൽ നിന്ന് ബസ് കയറുമ്പോൾ  തോപ്രാങ്കുടി എന്റെ വിരലുകൾ ചേർത്ത് പിടിച്ചു....

അടുത്ത
കൊല്ലം‌ ഞാൻ കരാറ് പുതുക്കിയില്ല...കേസൊക്കെ കാശിറക്കി ഒഴിവാക്കിയിരുന്നു... ആറ്റിൽ പോയ പഴഞ്ച ജീപ്പിന് പകരം പുതിയ ഒന്ന്.‌‌
പ്രതികളൊക്കെ തുക വീതിച്ചു. എന്റെ വീട്ടിൽ നിന്ന് നല്ലൊരു പങ്ക്...
തോപ്രാങ്കുടിയെ വിട്ട് പോരാൻ അന്ന് എനിക്ക് അല്പം വേദനയുണ്ടായിരുന്നു.

കഴിഞ്ഞ പത്ത്  കൊല്ലമായി  കുഞ്ഞുമോൾക്കും പൂച്ചയ്ക്കുമൊപ്പം ആഴ്ച്ചയിൽ ഒരു തവണ എന്നെയും തോപ്രാങ്കുടി വിളിക്കും.
മിക്കവാറും വേഗം തിരക്ക് കാണിച്ച്  ഒഴിവാക്കും.
പിന്നൊരിക്കൽ കുഞ്ഞിപ്പെണ്ണിന് എർണാകുളം‌ മെഡിക്കൽ  കോളേജിൽ നേഴ്സിംഗിന്  അഡ്മിഷൻ  കിട്ടിയെന്നും കൂട്ട്
വരാമോ എന്നും  ചോദിച്ചിരുന്നു..
എർണാകുളത്ത് എനിക്കും ഒരാവശ്യം‌  ഉള്ളതുകൊണ്ട് അന്ന്  കൂടെപ്പോയി...

അന്നാണറിഞ്ഞത് നാല്പത്തഞ്ച് കഴിഞ്ഞോണ്ട് കരാറ് പുതുക്കാൻ‌ മാനേജ് മെന്റ് തോപ്രാങ്കുടിയെ  സമ്മതിച്ചില്ല...പകരം മാനേജരുടെ ഒരു ബന്ധുവിന് സ്ഥിരനിയമനം കിട്ടി...
നാലഞ്ചുമാസം പിയൂണായായും‌, തോട്ടമൊക്കെ നോക്കി കൂടി‌..
ദൈവമേടിലെ  സഭയുടെ പ്രൈവറ്റ് സ്കൂളിൽ ജോലി കിട്ടിയപ്പോൾ തിരികെ പോകുന്നു.

കുഞ്ഞിപ്പെണ്ണ്
വളർന്ന് വല്യ പെണ്ണായിരിക്കുന്നു...
അങ്കിളേന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിച്ചു..‌
അടുത്ത ദിവസം മുതൽ ഫോണിലും ഫേസ്ബുക്കിലും അവളുമായി  സംസാരിക്കാൻ ഞാൻ സമയം കണ്ടെത്തി.
വായ് തോരാതെ വർത്താനം പറയാനും...
ഫോൺ ഗ്യാലറിയിൽ കുഞ്ഞുമോൾ അയയ്ക്കുന്ന ഫോട്ടോകൾ നിറയ്ക്കാനും തുടങ്ങി.
കൂടുതൽ ക്ലാരിറ്റിയുള്ള ചിത്രങ്ങൾ കിട്ടാൻ‌ അടുത്ത അഡ്മിഷൻ കിട്ടിയതിന്റെ  ബുദ്ധിപൂർവ്വം
ഏറ്റവും പുതിയ ഒരിനം ഫോണും‌ സമ്മാനിച്ചു....
കുഞ്ഞുമോൾടെ ക്ലാരിറ്റിയുള്ള ഒരു ചിത്രം‌ ഫോണിൽ മുഖചിത്രമാക്കിയപ്പോൾ

"ഏതാ സാറേ ഈ സിനിമാ നടി...." ഓഫീസിലെ
പ്യൂണിന്റെ ചോദ്യത്തിന് ന്റെ പുതിയ കാമുകി എങ്ങനുണ്ടെന്ന് ചോദിക്കാൻ മനസ് ആഗ്രഹിച്ചു..

എർണാകുളത്തേക്ക്  ട്രാൻസ്ഫർ ഒപ്പിക്കാൻ‌ മൂന്ന് ലക്ഷം ചിലവാക്കിയത്
എന്തിനെന്ന് ചോദിക്കരുത്.. ഭാര്യയോട് പറഞ്ഞത് രാഷ്ട്രിയക്കാരുടെ പക പോക്കലാണെന്നാണ്‌..
ലോഡ്ജെന്ന് പറഞ്ഞിട്ട് ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു...
അതിനൊക്കെയുള്ളത് ആഫീസിൽ ഒത്തുകിട്ടുന്നുണ്ടായിരുന്നല്ലോ‌..

അങ്കിൾ എർണാകുളത്ത് വന്ന വിവരം അപ്പായോട് പറയരുതെന്ന് കുഞ്ഞിപ്പെണ്ണിനോട് പറഞ്ഞപ്പോഴും  ആ
കണ്ണിൽ കുസൃതി നിറഞ്ഞ ചിരിയായിരുന്നു..
സിനിമയ്ക്ക് പോയപ്പോഴും , ലുലുവിൽ പർച്ചേസിലും തൊട്ടുരുമി നടന്നിട്ടും അവളൊന്നും പറഞ്ഞില്ല...
എന്താവശ്യത്തിനും‌ എപ്പൊഴും ഫ്ലാറ്റിൽ വരാമെന്ന് പറഞ്ഞപ്പോഴും കണ്ണിൽ അങ്ങനെ നോക്കി നിന്നു...

ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്കെന്ന് പറഞ്ഞ് ഫ്ലാറ്റിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ ഒന്ന് മറുപടി ഒരു മൂളൽ മാത്രം...

കൂടെപ്പഠിക്കുന്ന ഒരു ചെക്കന്റെപ്പമായിരിക്കാം.
ഞാൻ പറഞ്ഞ സ്ഥലത്തേക്ക്  അവൾ വന്നത്..

" ആണ്ടെ വല്ലപ്പോഴും കൊച്ചിനെ ഒന്ന് വിളിക്കണേ സാറേ
പറമ്പ് പണയം വച്ചേച്ചാ അതിനെ എർണാകുളത്ത് ചേർത്തത്...."
  തോപ്രാങ്കുടി അവസാനമായി എന്നോട് സംസാരിച്ചത് ഇതായിരുന്നു.‌‌ 

നാളെ രാവിലെ
ദൈവമേട് പള്ളിയിൽ ഞാൻ ആരെയാണ്  കുഴിച്ചിടേണ്ടത്....!!

കെ എസ് രതീഷ്,പന്ത
(ഗുൽമോഹർ 009)

ഓവ്യേറ്റ് യൂണിയൻ

ഓവ്യേറ്റ് യൂണിയൻ....!!

നിങ്ങൾക്കെന്നെ ഗോർബെച്ചേവെന്നോ,ഹിറ്റ്ലറെന്നോ  വിളിക്കാം.
ഒരു പേരിലോ  കുതിരത്തലയൻ  മുറിച്ചുകളഞ്ഞ എന്റെ പിൻ കാലിലോ മുറുഞ്ഞു തൂങ്ങിയ ചെവിയിലോ അല്ല നിങ്ങളുടെ  ശ്രദ്ധ പതിയേണ്ടത്. ദേ ഈ പനയുടെ താഴെ വയലിലെ  ചെളിയിൽ പുതഞ്ഞു കിടക്കുന്ന കഥാകൃത്തിന്റെ കണ്ണുകളിലേക്ക്  നോക്കൂ.
ആ പാവത്തിന്റെ പുതിയ പുസ്തകത്തിലേക്ക്
ഓ.വിയ്ക്ക് തന്റെ  മൂത്രം തെറിപ്പിക്കാൻ കരുത്തുണ്ടാകരുതേ എന്ന് പ്രാർഥിക്കൂ.
പിറന്നാൾ ദിവസം വായനലോകം വാനോളം  വാഴ്ത്തുന്ന ഈ എഴുത്തുകാരൻ,
മറ്റൊരു  എഴുത്തുകാരന്റെ പുസ്തകത്തിലേക്ക് മൂത്രിക്കുക.
തീർത്തും നിരാശതോന്നുന്നില്ലേ നിങ്ങൾക്ക്...? സ്രഷ്ടാവിന്റെ
പിറന്നാൾ പങ്കായി  കുഞ്ഞാമിന  അവളെ കൊത്തിയ മയിലിനും പിന്നെ ഈ ഖസാക്കിലെ ഇരുപതോളം   കുടിയിരുപ്പുകാർക്കും  ബിരിയാണി വിളിമ്പി... അതിന്റെ എല്ലിൻ കഷ്ണത്തിലിരിക്കുമ്പോഴാണ് കഥകൃത്തിന് ഈ നിലവന്നത്..

ഓ.വിയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ആ പാവം കഥാകൃത്ത്  എത്ര  ആദരവോടെയാണ് തന്റെ പുതിയ കഥാസമാഹാരത്തിൽ ഒരൊപ്പിട്ട് തരാൻ പേനയും നീട്ടിപ്പിടിച്ച് നിന്നത്.
അവന്റെ നെഞ്ചുനോക്കി ഓ.വി ചവിട്ടിയത് ന്യായമാണോ..?
പ്രാവുകൾ പോലെ ആ തൊണ്ണൂറ്റാറ് താളുള്ള കഥാസമാഹാരംചിതറി തെറിച്ചു... എക്സിക്യുട്ടീവ് സ്റ്റൈലിൽ നിന്ന കഥാകൃത്ത് കമഴ്ന്നടിച്ച് ദേ ചെളിയിൽ...  ഓ.വിയൻ ഉത്തരവ് കേട്ട്
അപ്പുക്കിളിയും രവീച്ചേട്ടനും  ചേർന്ന് അവന്റെ ബാഗും പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചു. തെറിച്ച്
മാറിക്കിടന്ന ഒന്നിലേക്കാണ്
ഓ.വിയുടെ മൂത്രാക്രമണം.

എനിക്ക് ഇതിൽ‌ ഇടപെടേണ്ടതിന്റെ ആവശ്യമില്ല എങ്കിലും പറയാതിരിക്കാൻ വയ്യല്ലോ.. അന്ന് ഒരു
രാത്രിയിൽ ആ അറബിക്കുളത്തിന്റെ കരയിൽ പതുങ്ങി നിന്ന ഓ.വിയെക്കണ്ട്
ഒന്ന് കുരച്ചുപോയതിനാണ് എന്റെ ചെവിയും ഒരു കാലും ആ കുതിരത്തലയനെക്കൊണ്ട്  ഇതിയാൻ മുറിപ്പിച്ചത്... എതിർത്തവരെയെല്ലാം  അടിച്ചൊതുക്കി ഈ ഖസാക്കിനെ ഈ മനുഷ്യൻ  ഒരധോലോകമാക്കി മാറ്റിയിരിക്കുന്നു. എല്ലാത്തിനും അപ്പുക്കിളിയെന്ന കുതിരത്തലന്റെ കൈകരുത്ത് ഉപയോഗിച്ചു വരുന്നു...

ഇന്നലെ
രാവിലെ ഈ ചെറുപ്പക്കാരൻ കൂമൻ കാവിൽ ബസിറങ്ങിയതു മുതലുള്ള കാര്യങ്ങൾ രവിയേട്ടൻ നിങ്ങളോട്  പറയും...
ഇടയ്ക്ക് എന്തെങ്കിലും വിട്ടുപോയാൽ എച്ചിലുപോലെ ഞാനും പൂരിപ്പിക്കാം.. കഥപറയാൻ രവിയേട്ടന്  പണ്ടുമുതലേ പ്രത്യേക കഴിവുണ്ട്....

.....ഞാറ്റുപുരയും ആ പത്തേക്കർ നിലവും‌ ആരുടെ പക്കലാണെന്ന് ഉറപ്പില്ല..
ശിവരാമൻ നായരുടെ പിന്മുറക്കാരിൽ ചിലർ ഇതിനെ വലിയ ഒരു  തീർഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയിലാണ്...
എന്തായാലും
ഞങ്ങളെ വർഷാവർഷം അവിടെ കൂടുന്നവർ  ഓർമ്മിക്കാറുണ്ട് അതുകൊണ്ടുതന്നെ ഓ. വിയെ കടന്ന് ഞങ്ങൾക്കൊന്ന് ചിന്തിക്കാൻ പോലും ആകുന്നില്ല..
ഇപ്പോൾ  ഈ തുറന്ന് പറച്ചിലിന് കാരണം  നോക്കു.
തനിക്ക് മുകളിൽ വേറാരു വളരരുതെന്ന ഓ.വിയുടെ  നിലപാടിനോടുള്ള ഒരു ചെറിയ പ്രതിഷേധം അത്ര തന്നെ...

തസ്രാക്ക്
കഥാക്യാമ്പിൽ വരുന്ന ഒരാളെ  ഇന്നലെ രാവിലെ മുതൽ പിന്തുടരാനായിരുന്നു ഓ.വി എന്നെ ഏല്പിച്ചത്. ഇവരുടെ സംഘം ഇറങ്ങുമ്പോൾ ഓ.വി തന്നെയാണ് ഈ ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു തന്നത്...

കൂമൻ കാവിൽ ബസിറങ്ങുമ്പോൾ ഇവർ മൂന്നാളായിരുന്നു...
ഞാൻ ഒരു ബീഡിയും വലിച്ച് ആ സർബത്ത് കടയോരത്ത്  ചാരിനിന്നു... ഖസാക്കിലേക്കുള്ള ഒന്നര കിലോമീറ്റർ യാത്രയെപ്പറ്റി
ചെറുപ്പക്കാരന്റെ നിലപാടു കേട്ട് എനിക്ക് ചിരിയൂറി വന്നു...

"നിങ്ങള് ഓട്ടോയിൽ പോകൂ, എനിക്ക് രവിയെപ്പോലെ ഖസാക്കിലേക്ക്  നടന്നെത്താനിഷ്ടം..."

നിരത്തിനെതിർ വശത്തെ ഓട്ടോയിലൊന്നിൽ മറ്റുരണ്ടാളുകൾ പോകുമ്പോൾ
അയാൾ സർബ്ബത്ത് കടയിൽ നിന്ന് ഒരു പാക്കറ്റ്  സിഗരറ്റ് വാങ്ങി അതും
പുകച്ച് നടക്കാൻ തുടങ്ങി, പിന്നാലെ കൂടിയ എന്നെ നോക്കി അയാൾ  ചിരിച്ചു...

"ഞാറ്റു പുരയ്ക്കാണോ...?" അതേയെന്ന ഭാവത്തിൽ  ഞാൻ ചിരിച്ചു ഒരു സിഗരറ്റ് എനിക്കും നീട്ടി. തോളത്ത് ഒരു കുഞ്ഞ് ബാഗല്ലാതെ ഭാരങ്ങളൊന്നും അയാളിലില്ല
ഏതോ നല്ല ഒരു മണം അയാൾക്കുണ്ടായിരുന്നു.

"ഞാൻ പ്രശ്സ്ത കഥാകൃത്ത് മാമ്പുഴ ബാലൻ
ഇന്നലെയാണ്  ഖസക്ക് വായിച്ചത്‌.
അതിയാന്റെ  മറ്റേതൊന്നും വായിച്ചിട്ടില്ല, എനിക്ക് ഈ നാടിനെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. താങ്കൾ ഈ നാട്ടുകാരനാണോ.? " എത്ര ഭംഗിയായാണ് ഈ കഥാകൃത്ത്  സംസാരിക്കുന്നത്. ഞാനും‌ അതേ ഭംഗിയിൽ മറുപടി പറഞ്ഞു...

"ഖസാക്കിലെ ഒരു
കുടിയേറ്റക്കാരനാണ് അമ്പത്തിരണ്ട് കൊല്ലമായി.
ഈ നാട്ടിലേക്ക് അയാൾ എന്നെ വലിച്ചു കൊണ്ടു വരികയായിരുന്നു."
മുഖത്തെ ഭയം ഞാനൊളിപ്പിക്കുമ്പോൾ അയാൾ തന്റെ  കഥാസമാഹാരം ഒപ്പിട്ട് എന്നെ ഏല്പിച്ചിരുന്നു. പുസ്തകത്തിന്റെ  മുന്നിലും പിന്നിലും  അയാളുടെ ചിരിക്കുന്ന മുഖം എഴുത്തുകാരായാൽ ഇങ്ങനെ സുന്ദരന്മാരായിരിക്കണം.
ആളുകളോട് ചിരിക്കണം, ഒരു പുകയെങ്കിലും പങ്കുവയ്ക്കണം.ചിരിക്കണം,
കഥാപാത്രങ്ങളോടായാലും ഒരല്പം മനുഷ്യത്വത്തോടെ പെരുമാറണം
അല്ലാതെ അടിമ നിലപാട് പാടില്ല...
ഇയാളുടെ കഥകളിലൊന്നിലെങ്കിലും കയറിപ്പറ്റിയിരുന്നെങ്കിൽ എനിക്ക് വല്ലാത്ത വേദന തോന്നി...

ഖസാക്കിലേക്ക് നടക്കുന്നതിനിടയിൽ ഇടയ്ക്കിടേ തന്റെ ഷൂസിലേക്ക് അയാൾ നോക്കുന്നുണ്ടായിരുന്നു...
തലേന്നത്തെ മഴ ഖസാക്കിലേക്ക് ഒരു ചെറിയ ഒഴുക്കുണ്ടാക്കിരിക്കുന്നു...
അത്‌ ഞാറ്റുപുരയും കടന്നു മലമ്പുഴ കനാലിൽ പതിക്കുന്നതാണ്...

"നമുക്ക് ഒരോട്ടേയിൽ പോയാലോ.
കാലിൽ കിടക്കണത് വുഡ്ലാന്റാ നാലായിരത്തിന്റെ മൊതലാ കഴിഞ്ഞ ദുബായ് പുസ്തകോത്സവത്തിന് വാങ്ങിയത്..."
മാമ്പുഴയ്ക്കൊപ്പം തിരിച്ചു നടന്ന് ഒരു  ഓട്ടോയിലിരുന്നു....

"എന്തേ ഇവിടമൊക്കെ നടന്ന് കാണണ്ടേ...?" അയാൾക്കത് ഇഷ്ടമായതായി  തോന്നിയില്ല, മാമ്പുഴ  സിഗരറ്റിൽ ശ്രദ്ധിക്കുന്നു...

"എന്താ നിങ്ങടെ പേര്..? " പെട്ടെന്ന് കഥാകൃത്ത് എന്നിലേക്ക് അടുക്കാൻ ശ്രമിച്ചു....

"രവിചന്ദ്രൻ, ഇവിടെ ഒരു വിദ്യാലയത്തിൽ  മാഷായിരുന്നു ,
ഖസാക്കിൽ തന്നെ താമസം,
ചില കൈയബദ്ധങ്ങൾ പറ്റി ജോലി ഉപേക്ഷിച്ചു പോന്നു..."
മാമ്പുഴ മലമ്പുഴ കനാലിന്റെ വശങ്ങളിലെ പനകളിൽ ശ്രദ്ധിച്ച് പറഞ്ഞു....

"ഈ പേരിൽ ഇന്ത്യൻ ടീമിൽ ഒരു ക്രിക്കറ്ററുണ്ടല്ലോ.
രവി ചന്ദ്രൻ അശ്വിൻ എന്നോ ഒരു തമിഴൻ, ദുബായിൽ വച്ച് ഹാട്രിക്ക് നേടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...."
എന്നെത്തിരിച്ചറിയാത്തതിലല്ല...
ആ പേരിൽ ഒരു ക്രിക്കറ്ററെ മാമ്പുഴയ്ക്ക്  നല്ല പരിചയം തോന്നിയതിലായിരുന്നു  എനിക്ക് അത്ഭുതം.
സിഗരറ്റിൽ അവസാന പുകയെടുത്ത് അയാൾ കുറ്റി വഴിയിലേക്ക്  വലിച്ചെറിഞ്ഞ രീതി എന്നെ വല്ലാതെ ആകർഷിച്ചു.
ഞാനും  അതനുകരിച്ചു..
മാമ്പുഴ വിടുന്ന മട്ടില്ല

"എല്ലാ വർഷവും ഇതുപോലെ തസ്രാക്കിൽ ഓ.വി സ്മരണയും കഥാക്യാമ്പും നടത്താറുണ്ടോ...? ഇതിന്റെ ചിലവൊക്കെ ആരാ നോക്കണത്..? ഇതെന്താ മധുരം ഗായതീന്ന് ഒരു പേര്..?.."
അയാളുടെ നിഷ്കളങ്കതയിൽ എനിക്ക് അത്ഭുതം തോന്നി. ഇത്ര നിഷ്കളങ്കരായ എഴുത്തുകാരുണ്ടോ ഈ ഭൂമിയിൽ. താൻ ചവച്ചു കാഷ്ഠിക്കാത്ത ഒന്നും ഈ ഭൂമിമലയാളത്തിൽ ഇല്ലായെന്ന് മേനി നടിക്കുന്നവർക്കിടയിൽ മാമ്പുഴ തികച്ചും വ്യത്യസ്ഥൻ തന്നെ...

"വർഷത്തിൽ ഒരു അഞ്ച് പരിപാടിയെങ്കിലും‌ നടത്താറുണ്ട്.‌.. ഇതിപ്പൊൾ ഓ.വീടെ ജന്മ സ്മരണയായിട്ടല്ലേ... അതിയാന്റെ ഒരു നോവലിന്റെ പേരാ ഇത്തവണ ഇട്ടിരിക്കുന്നത്.
അല്ല ഈ പരിപാടീലെങ്ങനെ മാമ്പുഴ വന്നു  പെട്ടൂ..."
ഓട്ടോയ്ക്ക് കൂലികൊടുത്ത് ഞാറ്റുപുരയുടെ മുന്നിൽ ഞങ്ങളിറങ്ങുമ്പോൾ അയാൾ എന്നെയും ചേർത്തു നിർത്തി സ്മാരകത്തെ പശ്ചാത്തലമാക്കി
ഒരു  സെല്ഫിയെടുത്തു..
ഞാറ്റുപുരയിലും കവാടത്തിലും പല ആംഗിളുകളിൽ  എന്നെക്കൊണ്ട് കുറേ ചിത്രങ്ങളെടുപ്പിച്ചു.....

"രവിച്ചേട്ടാ
വിട്ടു പോകല്ലേ.
വാതിലിന് മുന്നിൽ വച്ച് ഈ വികലാംഗൻ നായ നിങ്ങൾക്കൊപ്പം ചേർന്നില്ലേ...?"

ശരിയാണ്,
സംഘാടകരിൽ ആരോ കല്ലെറിഞ്ഞ് പുറത്തേക്ക് ഓടുകയായിരുന്ന
നീയും കണ്ടതല്ലേ ഞങ്ങൾ ഫോട്ടോയെടുക്കുന്നത് ? ഞാറ്റുപുരയുടെ വശത്തു നിന്ന്
കുതിരത്തലയൻ ഞങ്ങളെ  വല്ലാത്ത ദേഷ്യത്തോടെ   നോക്കണതും.
ഓ വി അയാളെ  തടയുന്നതും...
തന്റെ പ്രതിമയിലെ കണ്ണിൽ കൂടുവച്ച  വച്ച വേട്ടാളിയനെ   ഈർക്കിലിൽ കുത്തി എടുത്ത് കളയാൻ ശ്രമിക്കണതും.‌.?

ഞാറ്റു പുരയുടെ മുന്നിൽ വച്ചാണ് ഓട്ടോയിലെ ചോദ്യത്തിന് ഈ മാമ്പുഴ മറുപടി പറഞ്ഞത് അതായിരിക്കാം
ഓ. വിയ്ക്കിത്ര ദേഷ്യം വന്നത്....

'ദുബായിയിൽ വച്ച് ഒരു രസത്തിനാ എഴുതാൻ തുടങ്ങിയത്.
എഫ് ബിയിൽ ഞാനെഴുതിയതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കിയപ്പോഴാ
എനിക്ക് എഴുത്ത് സീരിയസായി തുടങ്ങിയാലോ എന്ന് പ്ലാൻ വന്നത്.
എഫ് ബിയിലും വാട്സ് ആപ്പിലും ഗ്രൂപ്പുകളിൽ  വരുന്നതൊക്കെയും ഞാൻ വായിക്കും. കമന്റിടും  കഴിഞ്ഞ ആഴ്ച്ച കോട്ടയത്ത് നിന്ന് ഇറങ്ങണ ഒരു  വാരാന്ത്യപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചു വന്നു..‌
അത് വായിച്ചിരുന്നോ..? ഇരു പത് തവണയാണ് ഞാൻ ആ കഥ വായിച്ചത്.? വാട്സപ്പ് ചങ്ങാതിമാർക്കെല്ലാം ഷെയർ ചെയ്ത് കുറിപ്പിടിയിച്ചു... ഒരു നിരൂപകനെക്കൊണ്ട് കത്തെഴുതിച്ച് പത്രാധിപർക്കും എത്തിച്ചു. ഞാനാരാ മൊതല്....ഹി ഹി‌ഹി....
( മാമ്പുഴയുടെ ചിരിക്ക് ഒരു വശ്യതയുണ്ട് കേട്ടോ...)
അത് ഞാനിങ്ങോട്ടും അയച്ചിരുന്നു..
അങ്ങനെ കേരളത്തിലെ നാല്പത് എഴുത്തുകാരുടെ കൂട്ടത്തിൽ എനിക്കും സെലക്ഷൻ കിട്ടി.
കഴിഞ്ഞ ദിവസം കുത്തിയിരുന്ന് ഇതിയാന്റെ  ഇതിഹാസം ഓടിച്ചു വായിച്ചു.
പിന്നെ ഒരു പതിപ്പിൽ അച്ചടിച്ചു വന്ന ആർട്ടിക്കിളും.. നെറ്റിലും പരതി ചിലതൊക്കെ വായിച്ചു.
മാർവലസ്.
അല്ലാതെന്ത് പറയാൻ..
അതുമല്ല, ഇങ്ങനത്തെ പരിപാടികളിൽ സ്ഥിരം‌ സാന്നിദ്ധ്യമായാലേ
ഈ ഫീൾഡിൽ അല്പം ക്ലച്ച് പിടിക്കാനൊക്കത്തൊള്ളൂ."മാമ്പുഴ വലിച്ചു വിട്ട സിഗരറ്റിന്റെ പുക അയാൾക്ക് ചുറ്റും‌ ഒരു പ്രകാശ വലയം പോലെ തങ്ങി നിന്നു...

ഇത് കണ്ടുള്ള
ഓ വിയുടെ ഇരുപ്പും ഭാവവും മാമ്പുഴ  ശ്രദ്ധിക്കുന്നേയില്ല.
ഞാറ്റു പുരയിലൊക്കെ നടന്ന് മാമ്പുഴ  സെല്ഫിയെടുക്കുന്നു. കാർട്ടുണുകൾ ഫോട്ടോയെടുക്കുന്നു... ഫലിതം വായിച്ച് ഉറക്കെ ചിരിക്കുന്നു...
അതൊക്കെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും കയറ്റിവിടുന്നു.

ഞാറ്റു പുരയ്ക്ക് പുറത്തുവന്ന മാമ്പുഴയെ പിന്തുടരൻ ഓ വിയുടെ കണ്ണ് എന്നോട് ആജ്ഞാപിച്ചു...
ഇതിനിടയിൽ
അതിനു മുന്നിലെ അതിയാന്റെ  പ്രതിമയോട് ചേർന്നു നിന്ന് മാമ്പുഴ സെല്ഫിയെടുത്തു...
എന്നിട്ട് ക്യാമറ എന്റെ നേർക്ക് നീട്ടി, ഫ്രെയ്മിൽ  നിന്ന്
ഓ വിയോട്  മാറിനിൽക്കാനും പറഞ്ഞുകളഞ്ഞു. അല്ലെങ്കിലും ഈ കഥാകൃത്തിനെ  പറഞ്ഞിട്ട് കാര്യമുണ്ടോ
ചിത്രത്തിലും ചരിത്രത്തിലും‌ ഉള്ളതാണോ ശരിയ്ക്കും മനുഷ്യർ...?

കഥാക്യാമ്പിന്റെ മുറിയിലേക്ക് പ്രവേശിക്കും‌ മുന്നേ രജിസ്ട്രേഷൻ‌ നടത്താനുള്ളവരുടെ നിരയിൽ മാമ്പുഴയ്ക്കൊപ്പം ഞാനും നിന്നു. എല്ലാവർക്കും മാമ്പുഴ വല്ലാതെ പരിചിതൻ...

'രവിയേട്ട
നിങ്ങളിയാളുടെ എല്ലാ പുസ്തകവും വായിച്ചിട്ടുണ്ടോ...?"
ആ വിളി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു...

"ഇല്ല"ഒറ്റവാക്കിൽ ഞാനൊതുക്കി വല്ല ആളുകളും എന്റെ വിശദമായ ഉത്തരം കേട്ട് പരിഹസിച്ചാലോ എന്നായിരുന്നു എന്റെ ഭയം..

പേരു ചേർത്ത്  തന്റെ പുസ്തകങ്ങൾ അവിടെ ഏല്പിച്ച്..
ഹാളിലേക്ക് കടക്കുമ്പോൾ എന്റെ ഉള്ളിൽ
മാമ്പുഴ  രജിസ്ട്രേഷൻ കടലാസിൽ തന്റെ സ്വപ്നത്തെ
ക്കുറിച്ചെഴുതിയ
വരികളായിരുന്നു...

"കടൽത്തീരത്തുപോലെ ഒരു കഥയെഴുതി  മരിച്ചുപോകണം..."

"എന്താ അങ്ങനെയെഴുതിയത് ?" എന്റെ ചോദ്യം പ്രതീക്ഷിച്ചതുപോലെയായിരുന്നു..
മാമ്പുഴയുടെ മുഖം വല്ലാതെ വികസിച്ചു...

"ഒൻപതാം ക്ലാസിൽ സരസ്വതി ടീച്ചർ ആ കഥ പഠിപ്പിച്ചിട്ടുണ്ട്...
പിന്നെ ഇപ്പൊ ഒരവസരം വന്നപ്പോൾ ചുമ്മാ വച്ച് കാച്ചിയതാ, ഏതെങ്കിലും സംഘാടകർ അതുവായിച്ചാൽ നമ്മളെക്കുറിച്ച് അവർക്ക് വല്ലാത്ത ആദരവ് കൂടും, ഇക്കാലത്ത് കഥാകൃത്തുകൾ എല്ലാ കാര്യത്തിലും അഭിപ്രായം പറഞ്ഞിരിക്കാനം സാധാരണക്കാർ നമ്മുടെ നിലപാടുകൾ അറിയാൻ ആഗ്രഹിക്കുന്നു എന്ന് ചുമ്മാ ചിന്തിക്കണം..."
ഞങ്ങൾ തമ്മിൽ ചിരിക്കുമ്പോൾ വെള്ളായിയപ്പന്റെ നിറഞ്ഞ കണ്ണുള്ള ചിത്രം പുറകിൽ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു..

അയാളുടെ ക്യാമറ ആരൊക്കെയോ വരച്ചിട്ട ചിത്രങ്ങളിലൂടെ റെക്കോഡ്
ചെയ്യുന്ന താളത്തിൽ ഇഴഞ്ഞ് നടക്കുന്നു..
ഇടയ്ക്ക് വേദിയിൽ നിന്ന് ഒരാൾ ഇറങ്ങിവന്ന് മാമ്പുഴയോട്
എന്തോ ചെവിയിൽ പറഞ്ഞു.

ഒരഞ്ചുമിനിട്ടു കഴിഞ്ഞ് അതേ ആൾ മൈക്കിൽ വിളിച്ചു പറയുന്നു..

"പ്രശ്സ്ത കഥാകൃത്ത് മാമ്പുഴ ബാലന്റെ  കഥാസമാഹാരങ്ങൾ കൗണ്ടറിൽ വില്പനയ്ക്കുണ്ട്..."
മാമ്പുഴയെന്ന് മൂന്ന്  തവണയെങ്കിലും അയാൾ ആവർത്തിച്ചിട്ടുണ്ടാകും.മാമ്പുഴ
വേദിയിലേക്ക് വരണം  ക്ഷണിച്ചെങ്കിലും
ലാളിത്യം മുഖത്തു വരുത്തി നമ്മുടെ താരം അവിടെ  തന്നെ ഇരുന്നു..‌
അതിന് ശേഷം നടന്ന കഥാ ചർച്ചയായിരുന്നു രസം.‌‌.
നമ്മുടെ കഥാകൃത്ത് കഥവായിക്കുന്നു... വേദിയിലും സദസിലും കൈയടികൾ.
മുൻ നിശ്ചയിച്ചതുപോലെ  അഭിപ്രായപ്രകടനങ്ങൾ‌‌‌.
എതിർ അഭിപ്രായം പറയാൻ തുടങ്ങിയ  ഒരുത്തന്റെ  മൈക്ക് വേഗം
ഓഫായപ്പോൾ മുൻ പ്രകടനങ്ങളൊക്കെ ആരൊക്കെയോ പ്ലാൻ ചെയ്തതെന്ന് ഉറപ്പായിരുന്നു..

ഉച്ചഭക്ഷണ സമയത്ത്  എതിർ അഭിപ്രായം പറയാൻ എണീറ്റ് നിന്നവൻ മാമ്പുഴയെ  രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല....

"ആരാ അയാൾ, കഥയെക്കുറിച്ച് ഒരു ബോധവുമില്ലാത്തവൻ... " മാമ്പുഴയ്ക്ക് ആ ചോദ്യം  വല്ലാതെ ഇഷ്ടമായതുപോലെ...

" അത് മധു ചേലബ്ര, ഒന്നു രണ്ട് പതിപ്പിൽ കഥ അച്ചടിച്ചു വന്നതിന്റെ ഹുങ്കാണ്, കഥപറയാം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാ
ആ ചങ്ങാതി, അവനെ ഒതുക്കാനുള്ള പ്ലാനൊക്കെ നമ്മക്കുണ്ട് രവിയേട്ടാ, 
നാളെ ഇവന്റെ കഥവായിച്ച് തൊലിയുരിച്ചേ വിടൂ, ജീവിതത്തിൽ അവനിനി കഥയെഴുതില്ലെന്ന രൂപത്തിലാക്കും.."
മാമ്പുഴയ്ക്ക് ഭക്ഷണത്തിലുള്ള ശ്രദ്ധയിൽ എനിക്ക് ആദരവ് തോന്നി..
എതിർ നിരയിൽ
ഓ. വിയും കുഞ്ഞാമിനയും ഇരിപ്പുണ്ടായിരുന്നു.

"രവിയേട്ടാ,
ആ മയിലും ഞാനും എച്ചിൽ കൂനയിൽ  ഉണ്ടായിരുന്നത് ഒന്ന് സൂചിപ്പിക്ക്. ഇല്ലെങ്കിൽ വായിക്കുന്നവരുടെ മുന്നിൽ എന്റെ നിറം മങ്ങിപ്പോകില്ലേ...?
കുഞ്ഞാമിനയുടെ കൂടെത്തന്നാ
ആ മയിലിപ്പൊഴും താമസിക്കുന്നത്..."

"
വല്ലാതെ ഇടപെടെണ്ടാട്ടോ..
പണ്ട്  അനാവശ്യ കാര്യത്തിൽ ഇടപെട്ടതിനാണ് ഇവന്റെ  കാലും ചെവിയും....
ശരിയാണ് ക്യാമ്പ് അംഗങ്ങൾ വലിച്ചെറിഞ്ഞതൊക്കെ വാരിവലിച്ച് തിന്നാൻ ഇവരും ഉണ്ടായിരുന്നു.."
രാത്രിയിൽ നടത്തിയ ഗസലിൽ പോലും നമ്മുടെ  മാമ്പുഴ എണീറ്റു നിന്ന് അഭിപ്രായം പൊട്ടിച്ചുകളഞ്ഞു....

ഇനി ഞാൻ പറയാം‌ രവിയേട്ടാ, അടുത്ത ദിവസം മുതൽ എനിക്കല്ലേ മുഖ്യറോൾ...?

നിങ്ങൾ കേൾക്കണം.
ഈ കഥാകൃത്തിനെ പകൽ തന്നെ പൊക്കാനായിരുന്നു
ഓ. വിയുടെ ഉത്തരവ്..
ബസിറങ്ങി വരുന്ന മാമ്പുഴയെ മലമ്പുഴ കനാലിന്റെ അരികിലൂടെ
അങ്ങ് ചെതലിയോളം  ഈ മുറിക്കാലനായ ഞാൻ ഓടിക്കണം, എന്നിട്ട് തസ്രാക്കിലേക്ക് തിരിച്ചും. ഒന്നോർത്തു നോക്കൂ
ഒരേ സമയം രണ്ട് ഇരകൾ പ്രാണനുവേണ്ടി ഓടുന്നു..‌
എനിക്ക് അനുസരിക്കാതെ വയ്യല്ലോ..
പിന്നാലെ ഈ രവിയേട്ടൻ തലതാഴ്ത്തിവരുന്നുണ്ടായിരുന്നു...
ഞാറ്റുപുരയും അറബിക്കുളവും പിന്നിട്ട് ഞങ്ങൾ  ഓടി ഇടയ്ക്ക് തുറന്നു വച്ചിരുന്ന  ഒരേ പൈപ്പിൽ നിന്ന് ഞങ്ങൾ വെള്ളം കുടിച്ചു...
അടുത്തടുത്ത പനകളുടെ ചുവട്ടിൽ വിശ്രമിച്ചു..
അപ്പൊഴെല്ലാം ക്യാമ്പിൽ നിന്ന്
ഓ.വിയെക്കുറിച്ച് വലിയ എഴുത്തുകാരുടെ വാക്കുകൾ മൈക്കിലൂടെ കേൾക്കാനായി മാമ്പുഴയും ഞാനും ചെവി വട്ടം പിടിച്ചു. ഖസാക്കുമുഴുവൻ ചുറ്റിക്കാണിച്ച് തിരികെ ക്യാമ്പിന് പുറത്തെത്തിക്കുക അതേയുള്ളു എന്റെ ഭാഗം... അവിടെയെത്തുമ്പോൾ ഇവരെല്ലാം ഞാറ്റുപുരയോട് ചേർന്ന് സമ്മേളനത്തിന്റെ ചർച്ചകൾ കേൾക്കാൻ പാകത്തിൽ ഒരുക്കിയ കോളാമ്പിയിലൂടെ സദസിലെ ചർച്ചകൾ ഓ.വിയും സംഘവും   കേൾക്കുന്നു...

ഇന്നലെ ഇല്ലാത്ത പലരും എത്തിയിട്ടുണ്ട്, നൈസാമലിയും‌, അള്ളാപ്പിച്ചമൊല്ലാക്കയും,മൈമുനയും  ശിവരാമൻ നായരും,
മാധവൻ നായരും,
പിന്നെ ഈ രജിസ്റ്ററിൽ  രവിയേട്ടൻ
പേരുവെട്ടാനറച്ച പലരും.

രവിയേട്ടാ ഇനി
നിങ്ങളു പറഞ്ഞോളൂ... നായ്കുലത്തിൽ ഒരാൾക്കും ഇത്രയും വേദനയുള്ള വിഷയം കാണേണ്ടി വന്നിട്ടില്ല....

ജീവനും പിടിച്ചുള്ള ഓട്ടം കഴിഞ്ഞതിന്റെ എല്ലാ ആയാസവും കഥാകൃത്തിന്റെ മുഖത്തുണ്ടായിരുന്നു..
ഓ.വി തന്റെ
സംഘത്തെ മാമ്പുഴയുടെ മിന്നിൽ  നിരത്തി നിർത്തി. കൊത്തി വച്ചതുപോലുള്ള മുഖത്തിനു നേരെ ഈ പാവത്തിന്റെ മുഖം ചേർത്തു പിടിച്ചു. ചിലപ്പോൾ മാമ്പുഴയുടെ
മുഖം അവരുടെ മുഖത്തോട് ചേർത്തുരച്ചു.. ഓരോർത്തരുടെയും‌ പേരുകൾ ഉറക്കെപ്പറയാൻ ആവശ്യപ്പെട്ടു. എനിക്കറിയാം ആ പാവത്തിന് ഇവരിൽ ഒരാളെയും തിരിച്ചറിയാൻ കഴിയില്ല..
നൈസാമലിയെക്കണ്ട് മാധവൻ നായരെന്നും, അപ്പുക്കിളിയെ കണ്ട് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റെന്നും എന്നൊക്കെയോ വിളിച്ചു പറഞ്ഞു..
ഓരോ തവണ തെറ്റിക്കുമ്പോഴും ഈ സാധുവിന് ഓരോ വിരലുകൾ നഷ്ടപ്പെടുന്നു... അള്ളാപ്പിച്ചമൊല്ലാക്കയുടെ തലയുടെ മുകളിൽ വച്ചാണ് പെരുവിരൽ പാറകൊണ്ട് ഇടിച്ചു മുറിച്ച് കളഞ്ഞത്..
നൈസാമലിയുടെ നെഞ്ചത്ത് വച്ച് ചൂണ്ടുവിരൽ, മയിലിന്റെ ചുണ്ടിൽ വച്ച് ചെറുവിരൽ..
കുഞ്ഞാമിന ഇത് കാണാനാകാതെ കണ്ണടച്ചുകളഞ്ഞു. മൈമുന ഭീതിയോടെ എന്നെ നോക്കി നിന്നു....

ക്യാമ്പിനുള്ളിൽ നിന്ന്
ഓ.വിയുടെ സഹഎഴുത്തുകാരും,  ബന്ധുക്കളും, നിരൂപകരും തമ്മിലുള്ള
"വിജയൻ മൃദുഫാസിസ്റ്റോ..?" എന്ന തർക്കത്തിന്റെ കോലാഹലങ്ങൾക്കിടയിൽ ഈ പാവത്തിന്റെ നിലവിളി ആരുകേൾക്കാൻ..
അവിടെ ഇപ്പോൾ ഓ.വി അവസാനകാലത്ത് ഏതോ മനുഷ്യദൈവത്തെ കാണാൻ പോയതും...
ആരൊക്കെയോ ചേർന്ന് ഏതോ അവാർഡ് കൊണ്ടു കൊടുത്തതിന്റെയും‌
വാങ്ങിയതിന്റെയും പേരിലായിരുന്നു തർക്കം.
വളരെ ക്രൂരമായ ഒരു ചിരി ഓ.വിയുടെ മുഖത്തപ്പോൾ പടരുന്നത് ഞാൻ കണ്ടു..
തർക്കക്കാരോട് വാശി തീർക്കുന്ന മട്ടിലായിരുന്നു.‌.പിന്നീട് ഈ പാവത്തിനോട് ചെയ്തത്..
തക്ക സമയത്ത് ബാങ്ക് വിളി മുഴങ്ങിയത് നന്നായി ഇല്ലെങ്കിൽ അറബിക്കുളത്തിൽ കുതിരത്തലയൻ ഈ പാവത്തിനെ മുക്കികൊല്ലുമായിരുന്നു.

എന്നിട്ട്
ചുമന്ന് ഇവിടെ ഈ വയലിന് നടുവിലുള്ള വീട്ടിൽ കൊണ്ടു വരികയായിരുന്നു... ഇതിനിടയിൽ ക്യാമ്പിനുള്ളിൽ നിന്ന് ഓ.വി സ്മാരകത്തിന് കോടികളുടെ  പ്രഖ്യാപനം ഏതോ മന്ത്രി നിർവ്വഹിച്ചു... ഇനി എഴുത്തുകാർ ഒരു തീർഥാടനകേന്ദ്രം പോലെ ഇവിടേക്ക് ഒഴുകിയെത്തും...
അവർക്ക് വന്ന് താമസിക്കാനും എഴുതാനും ഭക്ഷിക്കാനും ചർദ്ദിക്കാനും...."

ഒരല്പം
ആശ്വാസം തോന്നിയപ്പോൾ മാമ്പുഴ പതിയെ കണ്ണുതുറന്നു....

"നിങ്ങളാണാ ഖസാക്കെന്നെഴുതിയത്.?"

മാമ്പുഴയുടെ  ചോദ്യം കേട്ട് ആദ്യം ചിരി അടക്കാനാകാതെ പോയത് കുഞ്ഞാമിനയ്ക്കായിരുന്നു...
പിന്നെ മൈമുനയിലേക്കും, നൈസാമലിയിലേക്കും പടർന്ന് ഓ. വിയേയും കടന്നാണ് ഈ മുറിക്കാലൻ നായയിലെത്തിയത്.
ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഉള്ളിലെവിടെയോ ഒളിപ്പിച്ചു വച്ച ഒരു പുസ്തകം
ബുക്ക് അറ്റുതൂങ്ങിയ വിരലിൽ എടുത്ത് ഒരൊപ്പ് സംഘടിപ്പിക്കാൻ
ഓ.വിയുടെ അടുത്ത് പോയ ആളാണ്
ദേ മലർന്ന് ചെളിയിൽ കിടക്കുന്നത്.....

നമ്മളിങ്ങനെ സംസാരിക്കുന്നതിനിടയിൽ
ഓ.വി അവന്റെ കഥയിൽ ഒന്നുരണ്ടെണ്ണം വായിച്ചു തീർന്ന മട്ടുണ്ട് അതിയാന്റെ
മുഖത്ത് കുട്ടിത്തം വിടാത്ത ഒരു ചിരിയുമുണ്ട്..‌

എന്നോട്
ആ പാവത്തിനെ വലിച്ച് കരയ്ക്കിടാൻ
ഓ. വി ആംഗ്യം കാണിച്ചു...
തന്റെ കഥാസമാഹാരത്തിലെ താളുകൾ
ഓ.വി മറിയ്ക്കുന്നത് കണ്ടപ്പോൾ ആ മാമ്പുഴയുടെ  കണ്ണുകൾ നിറഞ്ഞു..
പതിയെ എഴുന്നേറ്റ് ഓ.വിയ്ക്ക് അഭിമുഖമായി ഇരുന്നു....

" മാഷാണാ ഇതിഹാസം എഴുതിയത്..."

"അതിന് ഞാനിവിടെ ഇരുപത് ദിവസല്ലേ ഉണ്ടായിരുന്നുള്ളൂ..
അത് ഇവരൊക്കെ ചേർന്ന് ഉണ്ടാക്കിയ  കഥയാണ്..."

"നിങ്ങളെന്തിനാ അവസാനകാത്ത് ഒന്നും  മിണ്ടാതിരുന്നത്...."

"ആരു പറഞ്ഞു ഞാനന്നാണ് ഏറ്റവും‌ സംസാരിക്കാൻ‌ ശ്രമിച്ചത്...."

"എങ്കിലും സഞ്ജയനോട്  കൂടണ്ടായിരുന്നു..."

"അതിൽ
ഞാൻതൊട്ടു നോക്കിയിട്ടുപോലുമില്ലല്ലോ നമ്മൾ ചിലപ്പോഴെങ്കിലും കുടുംബത്തിനായി ജീവിക്കാൻ ആഗ്രഹിക്കില്ലേ...?"

"നിങ്ങൾക്ക് ഒടുവിൽ ചെന്ന് കിടക്കാൻ ഒരിടമില്ലായിരുന്നോ...?"

"ശത്രുപാളയം പോലെ സുരക്ഷിത ഇടം മറ്റെവിടെ കിട്ടും..."

ചോദ്യങ്ങളുടെ രണ്ടു ബിന്ദുക്കൾ നടക്കാനിറങ്ങുമ്പോൾ,ഈ മുറിക്കാലൻ നായ  ഞങ്ങളെല്ലാം
ചെതലിയുടെ
താഴ്വരയിൽ പൂക്കളായി വിരിയുകയായിരുന്നു..

മുന്നിൽ
ഓ.വിയും പിന്നാലെ മാമ്പുഴയും
ഒടുവിലായി ഞാനും നടന്നു...ഓ വി കർമ്മ പരമ്പരയുടെ സ്നേഹരഹിതമായ ഒരു കഥ പറഞ്ഞു കൊടുത്തു...

ഞങ്ങൾ
കൂമൻ കാവിലെത്തുമ്പോൾ മഴപെയ്തു...
നാട്ടിലേക്കുള്ള
ബസിലിരുന്ന്
ആ ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി കൈവിശി
ആലിലപോലെ അയാൾക്ക്  വിരലുകൾ രൂപപ്പെടുന്നു....

ഓ.വി അതുനോക്കി ചിരിച്ചു....

കെ എസ് രതീഷ്
( ഗുൽമോഹർ 009)