Thursday 5 May 2022

സെൽഫി പച്ച മലയാളം

1. ഞാൻ
        ബഷീറിന്റെ ആനപ്പൂട വായിച്ചപ്പോൾ കഥയുണ്ടാക്കണമെന്ന് മോഹിച്ച ഒരു കുട്ടി.നാട് തിരുവനന്തപുരത്ത് നെയ്യറിന്റെ കരയിൽ പന്ത.ഉതുപ്പന്റെ കിണറുപോലെ കലക്കൻ ഒരു കഥയുണ്ടാക്കണമെന്ന ആഗ്രഹത്തിൽ നിരന്തരം എഴുതുന്നു വായിക്കുന്നു.ആറു കഥാസമാഹാരങ്ങൾ പാറ്റേൺ ലോക്ക്(യെസ് പ്രസ്) ഞാവൽ ത്വലാഖ്(പ്രിയത) ബർശല്, കബ്രാളും കാശിനെട്ടും (പൂർണ) കേരളോല്പത്തി(ഡി സി),പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം(ചിന്ത). നിരന്തരം അസൂയപ്പെട്ട് സകലരെയും വായിക്കാനും അവരെക്കാൾ മികച്ച കഥയുണ്ടാക്കാനും ശ്രമിക്കുന്നു.ചത്തുപോകുമ്പോൾ ഒരു കഥയുടെ പേരിൽ ഓർമ്മിക്കപ്പെടണമെന്നും മക്കളുടെ മകളുടെ മക്കൾക്ക് ആ കഥ  പാഠഭാഗമായി കിട്ടണമെന്നും അത്യാഗ്രഹമുള്ള ഒരാൾ.

2.ആദ്യകാല എഴുത്തനുഭവങ്ങൾ...
       വളരെ മുൻപ് എഴുതാൻ തുടങ്ങിയെങ്കിലും ഈ അടുത്ത കാലത്ത് മാത്രമാണ് പ്രസാധകരെ സമീപിക്കാനുള്ള ധൈര്യമൊക്കെ കിട്ടിയത്.വർണം എന്ന മാസികയിലേക്ക് എഴുതിവച്ചിരുന്ന 'മുള്ളലിന്റെ മണം' എന്ന കഥ കൂട്ടുകാരി അയച്ചുകൊടുത്തതും, അച്ചടിച്ച് വന്നതും അവൾ കെട്ടിപ്പിടിച്ചതുമാണ് ഇന്നും എന്റെ ഊർജ്ജം.ഇന്ന് ഒപ്പമില്ലാത്ത അവൾക്ക് മുന്നിൽ 'എന്റെ പുതിയ കഥ എങ്ങനെയുണ്ട് പെണ്ണേ' എന്ന ചോദ്യമാണ് എനിക്കുള്ളത്.പിന്നെ ആ കഥകളെല്ലാം കൂട്ടിവച്ച് പുസ്തകമാക്കാൻ അവൾ തന്നെയാണ് വള പണയം വച്ച് പണം തന്നത്..അവളുടെ അംഗീകാരം കിട്ടാനായിരുന്നു ആദ്യകാല എഴുത്തെല്ലാം...കഥയിലൂടെ എന്റെ ഓരോ നേട്ടങ്ങൾക്ക് കാരണം അവളെന്നു പറയാം.ഒട്ടുമിക്ക എഴുത്തുകാർക്കും കിട്ടിയതുപോലെ പതിപ്പുകളിലെ ക്യാംപസ് പേജിലോ കുട്ടികളുടെ പംക്തിയിലോ ഞാനുണ്ടായിട്ടില്ല.അതിനുള്ള പിന്തുണയൊന്നും കിട്ടിയിട്ടില്ല.

3 പ്രോത്സാഹനങ്ങളുടെയും നിരാസങ്ങളുടെയും ഓർമ്മകൾ..
      വളരെ കുട്ടിക്കാലത്തേ വലിച്ചെറിയപ്പെട്ട ഒരാളാണ് ഞാൻ.അതുകൊണ്ട് നിരാസങ്ങളാണ് എന്റെ ഊർജ്ജം.എന്നെ ഏറ്റവും അംഗീകരിക്കുകയും നിരന്തരം പ്രോത്സാഹിപ്പികയും ചെയ്യുന്ന വ്യക്തി ഞാൻ തന്നെയാണ്.അതിന് ശേഷമാണ് മറ്റാരെങ്കിലും.കഥകൊണ്ട് ഈ മനുഷ്യരുടെ ഉള്ളിലേക്ക് എനിക്ക് നുഴഞ്ഞുകയറണമെന്നത് ഒരു വാശിയാണ്..ആദ്യ പുസ്തകവുമായി സകല പ്രസാധകരെയും ഞാൻ സമീപിച്ചു.കെ എസ് രതീഷെന്ന പേരുപോലും ആർക്കും അറിയില്ല.അന്ന് തുക വാങ്ങിയെങ്കിലും എന്റെ പുസ്തകം ഇറക്കാൻ ധീരത കാണിച്ച യെസ്പ്രസ്  ബുക്സ്,പിന്നെ എന്റെ വഴിയിൽ വലിയ പിന്തുണ തന്ന ജ്ഞാനേശ്വരിയുടെ മണിശങ്കർ പൂർണയിലെ മനോഹർ, പ്രകാശ് മാരാഹി..ചിന്ത ബുക്സ് ഒക്കെ പ്രോത്സാഹിപ്പിച്ച ഓർമ്മകളാണ്.
          ഇങ്ങനെ ഒരു കഥാകൃത്തുണ്ടോ എന്ന് സാഹിത്യ ചർച്ചയ്ക്കിടെ ബോധപൂർവം അപമാനിച്ച കഥാകൃത്ത്,കഴിഞ്ഞ എത്രയോ വർഷങ്ങളായി കഥകൾ അയച്ചിട്ടും മറുപടി തരാത്ത എഡിറ്റർ. സാഹിത്യ വേദികളിൽ നിരന്തരം ഒഴിവാക്കാൻ ശ്രമിക്കുന്ന സാഹിത്യ സംഘടനകൾ,'നിന്നെയൊന്നും എഴുത്തുകാരനായി അംഗീകരിക്കില്ലെടാ'എന്ന വാശിയുള്ള നിരൂപകർ അങ്ങനെ ഇവരെല്ലാമാണ് എന്റെ നിരന്തര പ്രോത്സാഹനങ്ങൾ..
        നിരാസങ്ങൾ അല്ലല്ലോ നിരന്തരം ശ്രമിക്കാനുള്ള അവസരമല്ലേ എനിക്ക് ജീവിതത്തിനുള്ളു.

4.പ്രിയപ്പെട്ട രചനകൾ,അതിന്റെ എഴുത്തനുഭവങ്ങൾ...
       എഴുതിയ കഥകളെല്ലാം എനിക്ക് പ്രിയപ്പെട്ടവ തന്നെയാണ്.ഏറ്റവും ഒടുവിലെഴുതിയ കഥയാകണാം ഇന്നേവരെ എഴുതിയ കഥകളിൽ ഏറ്റവും പഴുതടച്ച കഥയെന്ന താല്പര്യമാണെനിക്ക്. എങ്കിലും ഒന്നോ രണ്ടോ കഥകളോട് ഒരിത്തിരി താല്പര്യകൂടുതലുണ്ട്..അടുത്തിടെയാണ് 'തന്തക്കിണർ' എന്ന കഥ മാധ്യമത്തിൽ അച്ചടിച്ചു വന്നത്.മകന്റെ നെറ്റിയിൽ മുറിവ് വീഴും പാകത്തിന് ഒരടികൊടുക്കാൻ ഇടയായതും. അവന്റെ കരച്ചിലും വീട്ടിലുണ്ടായ അന്തരീക്ഷവും എന്നെ വല്ലാതെ വേട്ടയടിയതും കഥയെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നു.പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം എന്ന കഥയും ഇങ്ങനെ വീട്ടിനുള്ളിൽ വീണ പൊള്ളലിൽ നിന്നുണ്ടായതാണ്. ഞാൻ മരിച്ചാൽ നിങ്ങൾ വേറെ കെട്ടുമോ എന്ന ഭാര്യയുടെ ചോദ്യം..ഉറക്കം നഷ്ടപ്പെട്ട എന്റെ ചിന്തകൾ ഒക്കെ ചേർന്ന് ഒരു കഥയുണ്ടാവുകയായിരുന്നു.. 
       ഇങ്ങനെ നോക്കിയാൽ,'ക്വസ്‌ട്യൻ ബാങ്ക്' 'വരിക്ക ചക്കയുടെ കടം കെടക്കണ്',എഡിറ്ററുടെ മറുപടി കാത്ത് കിടക്കുന്ന 'സയകം' 'എല്ലാരും ചൊല്ലണ്' ഈ കഥകൾക്കെല്ലാം 'ഞാൻ നിങ്ങൾക്ക് പ്രിയപ്പെട്ടതല്ലേ' എന്നു ചോദിക്കാനുള്ള കാരണങ്ങളുണ്ട്..

5.എന്റെ വായനക്കാർ..
     എന്റെ ഏറ്റവും വലിയ കരുത്ത് വായനക്കാരാണ്.അക്കാദമികളിലോ,പ്രൊഫസമാരിലോ  സാഹിത്യ കോക്കസുകളിലോ അല്ലാത്ത ശുദ്ധരായ കുറേ മനുഷ്യരാണ് എന്റെ വായനക്കാർ.ആദ്യ വായനക്കാരിയായ എന്റെ ഭാര്യയിൽ തുടങ്ങി ലോകത്തിന്റെ പല കോണുകളിലിരുന്ന് സാഹിത്യം, 'എന്തോ  മഹാസംഭവമാണെന്ന്' കരുതാത്ത നൂറുകണക്കിന് മനുഷ്യരുമായി ഞാനും കഥയും നിരന്തരം സംവാദിക്കുന്നുണ്ട്.
      വരാപ്പുഴയിലെ ബോബൻ, കൊല്ലത്തെ രാജേഷ് മാഷ്, എറണാകുളത്തെ ദിവ്യ,എന്റെ ഒപ്പം ജോലി ചെയ്യുന്ന വിനീത, ഇടുക്കിയിലെ സൗമ്യ, മാഹിയിലെ ഗീത, ഗൾഫിലെ സന്തോഷ് ഇളന്തൂർ, കാനഡയിലെ അശ്വതി, വിജീഷ വിജയൻ,ഉണ്ണികൃഷ്ണൻ മാഷ്,ആർഷയും ആതിരയും ഇങ്ങനെ പേരെടുത്ത് പറയാൻ തികച്ചും ജൈവിക വായനയുള്ള നിരവധിപേർ വായനയിലൂടെ എന്നെ കെട്ടിപ്പിടിക്കുന്നുണ്ട്..     
       ഇവർക്ക് കഥ മാത്രം മതി,എന്റെ പേരോ പാരമ്പര്യമോ,ജാതിയോ രാഷ്ട്രീയമോ ദേശനിറങ്ങളോ പരിഗണന വിഷയമല്ല, അതു തന്നെയാണ് എന്റെ കരുത്തും. 

6.എന്റെ രചനയിലെ ഞാൻ.
     കഥ എനിക്ക് ചികിത്സയാണ്.കരഞ്ഞു പോകാതിരിക്കാനുള്ള ഒരു സാധ്യതയാണ്. ആ കഥയിലെ ഞാൻ സമൂഹത്തിന് രോഗവും ദ്രോഹവും ആയി മാറാൻ ഇടയുള്ള ഒരു മനുഷ്യൻ മാത്രമാണ്. കഥകൊണ്ട് ഞാൻ എന്നെ ചികിത്സിക്കുന്നു.അല്ലെങ്കിൽ കാരായാതിരിക്കാൻ എന്നെ സാന്ത്വനിപ്പിക്കുന്നു..എന്റെ കഥയിലെ ഞാൻ പരിഹരിക്കപ്പെടാൻ ഏറെ തെറ്റുകളുള്ള ഒരു മനുഷ്യജീവിയോ മൃഗമോ ആണ്.

7.വരാനിരിക്കുന്ന രചനകളെക്കുറിച്ച്...
       വലിയ പ്രതീക്ഷയോടെ അടുത്ത കഥയെ ഞാൻ കാണുന്നത്. ജീവിതത്തിൽ ഏറ്റവും മികച്ച കഥ അടുത്തതെന്നാണ് എപ്പോഴും ചിന്ത.മാതൃഭൂമിയിലൂടെ വരാനിരിക്കുന്ന പുതിയ കഥാ സമാഹാരം. ഭാഷാപോഷിണിയിൽ വരാനുള്ള കഥ.എഡിറ്റരുടെ മറുപടി കാത്തിരിക്കുന്ന ഒരു കഥ. ജീവിതവും നാടും കുഴച്ച് പൂർത്തിയായി വരുന്ന ഒരു നോവൽ. എനിക്കും പ്രതീക്ഷകളിൽ തുന്നിച്ചേർത്തത് തന്നെയാണ് ജീവിതം.എന്നെ ഈ നാട് ഓർമ്മിക്കാനിരിക്കുന്ന ആ കഥകൾ വരാനിരിക്കുന്നതയുള്ളൂ..

8.എന്നെ സ്വാധീനിച്ച എഴുത്തും എഴുത്തുകാരും...
      പിന്നിട്ടവരും മുന്നേ നടക്കുന്നവരും ഒപ്പം നടക്കുന്നവരുമായ നിരവധി പ്രതിഭകൾ സ്വാധീനിച്ചിട്ടുണ്ട്.അവരുടെയെല്ലാം കഥകളിൽ മാത്രമായിരുന്നു കണ്ണ് പതിഞ്ഞത്.ബഷീർ തന്നെയാണ് ഇന്നും ഉള്ളിലിരുന്ന് 'ഇങ്ങെനെ ഇങ്ങനെ' എന്ന് ചിന്തിപ്പിക്കുന്ന പ്രതിഭ.പിന്നെ കാരൂരും പത്മരാജനും മാധവിക്കുട്ടിയും ആഷിതയും സക്കറിയയും ഏച്ചിക്കാനവും ഉണ്ണി ആറും എസ് ഹരീഷും ഈ സന്തോഷ് കുമാറും.അജിജേഷ് പുണ്യ സി ആറും ഇങ്ങനെ നിരവധിപേർ എന്റെ 
എഴുത്തിലും ജീവിതത്തിലും സ്വാധീനംചെലുത്തിയിട്ടുണ്ട്..

9.സമകാലിക സാഹിത്യം എന്റെ കാഴ്ച്ചയിൽ...
      പാരമ്പര്യ വേരുകളെ ബുദ്ധിജീവി നാട്യങ്ങളെ കുടഞ്ഞെറിഞ്ഞ് ധീരമായ ഒരു നടപ്പിലാണ് സമകാലിക എഴുത്ത്.എഡിറ്റ് തമ്പ്രാകളുടെ, പ്രസാധക തലക്കനത്തിന്റെ മുന്നിലൊന്നും മുട്ടിലിഴയാൻ ഇന്നത്തെ എഴുത്തിന് നേരമില്ല.എന്തിനോടും സർഗാത്മകമായി പ്രതികരിക്കാൻ തയാറാക്കുന്ന ഈ തലമുറയിലും കരിയറിസം കടന്നുവന്നിട്ട് അപകരകരമായ മൗനങ്ങളും രാഷ്ട്രീയ അടിമത്തങ്ങളും കാണുന്നുണ്ട്.തന്റേത് മാത്രം വായിക്കുന്ന എഴുത്തുകാരും തന്റെ എഴുതത്തിനെ ലോകം മുഴുവൻ എത്തിക്കാനുള്ള സാധ്യതകളും എന്റെയും കാലത്തിന്റെ ചില ചിന്തകളാണ്.

10.മറക്കാനാവാത്ത അനുഭവം, അല്ലെങ്കിൽ എഴുതാനാവാതെ പോയത്..?
      കഴിഞ്ഞ വർഷമാണ് എനിക്ക് ട്രമ്പിനെ കിട്ടുന്നത്,അവൻ എന്റെ വീട്ടിലെ നായയാണ്.വഴിയിൽ നിന്നു കിട്ടിയ നായോട് എന്റെ സ്നേഹം കണ്ടിട്ട് ഭാര്യയും അമ്മയും ചിരിക്കാറുണ്ട്.അതിന് തീറ്റ കൊടുത്തില്ല എന്നതിന്റെ പേരിൽ ഭാര്യയുമായി എന്നും ഭീകര വഴക്കാണ്. ഇതിലെന്ത് മറക്കാനാവാത്ത അനുഭവം എന്നല്ലേ..?
      അത് പത്തിരുപത്താറ് വർഷം മുമ്പുള്ള കാര്യമാണ്. അനാഥമന്ദിരഥത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം.മിക്കവാറും അത്താഴത്തിന് മീനോ ഇറച്ചിയോ ഉള്ള ദിവസങ്ങളിൽ അവിടുത്തെ ഉരുളിയിൽ നായ്ക്കൾക്ക് കൊടുക്കാൻ  വയ്ക്കുന്ന ചോറിൽ നിന്ന് ഒന്നുരണ്ട് ഉരുള ഞാൻ തിന്നിരുന്നു.എന്നും പാതി നിറഞ്ഞ വയറോടെ ആ നായകൾ എന്റെ നേർക്ക് ഉറക്കെ കുരച്ചിരുന്നു. മീനില്ലാത്ത ദിവസങ്ങളിൽ ഞാനും, മീനോ ഇറച്ചിയോ ഉള്ള ദിവസം അവരും പാതി വയറിൽ ഉറക്കം. അത് പിന്നെ ഏതോ പിള്ളേര് സ്‌കൂളിൽ പറഞ്ഞതും,കുട്ടികൾ കളിയാക്കിയതും എനിക്കങ്ങനെ മറക്കാൻ കഴിയുമോ..?
      ഇന്നും എന്റെ ട്രമ്പിന്റെ പാത്രത്തിലേക്ക് എത്ര ചോറും മീനും കുഴച്ചു വച്ചാലും എനിക്ക് മതിവരുന്നില്ല.അതിന്റെ കുര കേൾക്കുമ്പോൾ,ഞാൻ വീട്ടിൽ വഴക്ക് തുടങ്ങും.ഇത് എന്നും കഥയാക്കാം എന്നൊക്കെ കരുതി ഇരിക്കും.എന്തോ അന്നേരം ഉള്ളിൽ കുറേ കുരകൾ വരും,പാതി വയ‌റോടെ ഉറങ്ങിയിരുന്ന കാലങ്ങൾ ഓർമ്മ വരും എന്റെ കൈ വിറക്കും.എഴുതാനും കഴിയില്ല. വരാനിടയുള്ള നോവലിലെങ്കിലും ഇതൊന്ന് ചേർക്കാണം എന്നൊക്കെയുണ്ട്...ഉള്ളിലിരുന്ന് ഒരു ദുരഭിമാനിയായ മനുഷ്യൻ വിലക്കുന്നുണ്ട്..  

ഭയമ്പുരാണം.

ഭയമ്പുരാണം.!

      പ്രകൃതിവിരുദ്ധവും പോക്‌സോയും ചേർത്താൽ മിനിമം പത്തുപന്ത്രണ്ട് കൊല്ലമെങ്കിലും അകത്ത് കിടക്കേണ്ടിവരുമെന്ന് മനസിലാക്കിയ അമ്പു,അട്ടിപ്പേറിന്റെ ജീപ്പിലേക്ക് 'രക്ഷിക്കണേന്ന..' ഭാവത്തിലാണ് കയറിയിരുന്നത്.'പടിക്കൽ'കമ്പനിയുടെ എസ്റ്റേറ്റ് ഫാമിലെ തിന്നുകൊഴുത്ത  വെള്ളപ്പന്നികളെ കശാപ്പിനിറക്കി,വടക്കോട്ട് മടങ്ങിപ്പോകാൻ നിൽക്കുകയായിരുന്നു അട്ടിപ്പേറിന്റെ ജീപ്പ്.
       വടക്കൻ കാടിന്റെ ഇളം തണുപ്പിലൂടെ പടിക്കൽ ജീപ്പിന്റെ വെളുത്ത കൊമ്പുകൾ രാത്രിയുടെ പുതപ്പിനുള്ളിലേക്ക് തുളച്ചുകയറുന്നു.കരളുകലങ്ങിയ അമ്പുവിന്റെ നനഞ്ഞ കണ്ണുകൾ വഴിക്കിരുവശവും തന്നെപ്പോലെ ഭയന്നോടിയൊളിക്കുന്ന പാവം മരങ്ങളിലായിരുന്നു.അട്ടിപ്പേറ് മൂന്നാമത്തെ ഗിയറിലിരുന്ന രോമൻ കൈവലിച്ച് അമ്പുവിന്റെ തുടയിലൊന്നു നുള്ളി. 'നിനക്ക് ഞാനില്ലേ..വിഷമിക്കാതെ കാര്യം പറയെടാന്ന്...'അത്രയും പ്രണയത്തോടെ ഓർമ്മിപ്പിച്ച് ജീപ്പിനൊപ്പം അവന്റെയും ഗിയറുമാറ്റി വിട്ടു. 
      അട്ടിപ്പേറിന്റെ കൈയെടുത്ത് ചുണ്ടിൽ ചേർത്തിട്ട് 'ഒന്നുമില്ലണ്ണാന്ന്..' തലക്കുലുക്കിയ അമ്പു ചിരിക്കാനും ശ്രമിച്ചു. 'ഞാൻ ചത്തേന്നുള്ള' അവന്റെ ഇരിപ്പുകണ്ട അട്ടിപ്പേറിന്, കവിളിലും ചുണ്ടിലും ഒരോ ഉമ്മകൂടെ കൊടുക്കാൻ തോന്നി.അവർ തമ്മിലുള്ള സുന്ദരമായ ബന്ധത്തെപ്പറ്റിയാണെങ്കിൽ ? ഇങ്ങനെയൊക്കെ കേട്ടാൽപോലും നെറ്റിയിൽ ചുളിവുള്ള നിങ്ങളരെയും ബോധ്യപ്പെടുത്താൻ പാകപ്പെട്ടതായിരുന്നില്ല.
      അമ്പുവിന് അങ്ങനെ ആരുമില്ല,അട്ടിപ്പേറിനും.അട്ടിപ്പേറിന്റെ കൂടെ കിടന്നും നടന്നുമാണ് അവൻ വണ്ടിപ്പണി ഉൾപ്പെടെ സകല വേലകൾ പഠിച്ചതും, ഒരു കുഞ്ഞു വീട് വച്ചതും.'ഒന്നുമില്ലെന്നൊക്കെ' പറഞ്ഞെങ്കിലും,എട്ടിലും പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന നാട്ടിലെ നാലു കലിപ്പ് പിള്ളേരായിരുന്നു അമ്പുവിന്റെ ഇപ്പോഴുള്ള പ്രശ്നം.അമ്പു കാര്യങ്ങളുടെ വശം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.     
       കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് ജോയിന്റ് കുത്തിവയ്ക്കാനും അമ്പുവിന്റെ ഒറ്റമുറി വീടായിരുന്നു കലിപ്പ് പിള്ളേരുടെ താവളം.അതിൽ എട്ടാം ക്ലാസിലെ 'കിളുന്ത്' ചെറുക്കൻ അമ്പുവിന്റെ 'വീക്നെസാ'യിരുന്നു.പിള്ളേരെല്ലാം പ്ലാനിട്ട് 'അതെല്ലാം'വീഡിയോയിലാക്കി.സ്‌കൂളില് പറയും, നെറ്റിലിടും,പോലീസിൽ കാണിക്കും,ഇങ്ങനൊക്കെ ഭീഷണിയാക്കി അമ്പുവിനെ ശരിക്കങ്ങ് ഊറ്റി.ഒടുവിൽ നാലെണ്ണവും ചേർന്ന് അറ്റകൈപ്പണി തുടങ്ങിയപ്പോഴാണ് വീടും പൂട്ടിയിട്ട്, ഈ ഒളിച്ചോട്ടം അവൻ തീരുമാനിച്ചത്. 
      കലിപ്പ് പിള്ളാരെ ഒതുക്കാനും, അതുവരെയുള്ള ഒരു താവളം ഒപ്പിച്ചുതരാനും അട്ടിപ്പേറിനാവും. അട്ടിപ്പേറിനേ കഴിയൂ..'പടിക്കൽ' ലോറിയിൽ കിളിയായിരുന്ന നാളുകളിൽ അമ്പുവിന് അതൊക്കെ ബോധ്യംവന്നതാണ്.പിള്ളാരെ നാലിനേയും പന്നിയെ ഇരുമ്പുകൂടത്തിന് അടിക്കുമ്പോലെ അട്ടിപ്പേറ് ഒതുക്കും.ഭയത്തിന്റെ ഉള്ളിൽ അതുവരെ അണകെട്ടി വച്ചിരുന്ന ചിരിയുടെ നനവ് അമ്പുവിന്റെ ചുണ്ടിലൂടെ പതിയെ ഒലിച്ചിറങ്ങി.
        വീടിന്റെ താക്കോലും കൈയിൽ പിടിച്ചിരുന്ന് സ്വപ്നം കാണുന്ന അമ്പുവിന്റെ തുടയിലും നെഞ്ചിലും അട്ടിപ്പേറിന്റെ കൈപ്പാമ്പ് ഇഴഞ്ഞുനടന്നു.താക്കോലു വാങ്ങി ഡാഷ് ബോഡിലിട്ട്,
അതിനുള്ളിൽ കിടന്ന സിഗരറ്റിലേക്ക് അട്ടിപ്പേറ് ഒന്ന് നോക്കി.സിഗരറ്റിന് തീ കൊടുത്ത് അമ്പു ആദ്യ പുകയെടുത്തു.ബാക്കി അട്ടിപ്പേറിന്റെ ചുണ്ടിലും തിരുകിവച്ചു.കാടിന്റെ കുടലിലൂടെ ദഹിക്കാത്ത തീറ്റപോലെ പടിക്കൽ ജീപ്പ് സാവധാനം ഇറങ്ങിപ്പോയി.ഉറക്കം തൂങ്ങിയ അമ്പുവിന് വേണ്ടി ജീപ്പു നിർത്തി വശത്തെ ചില്ലുകൾ അട്ടിപ്പേറ് ഉയർത്തിവച്ചു.ഉടുത്തിരുന്ന കാവി മുണ്ടഴിച്ച് പുതപ്പിച്ചു. നെറ്റിയിൽ ഉമ്മയും പിടിപ്പിച്ചു.
      പന്നികളുടെ കൂട്ടക്കരച്ചിലാണ് അമ്പുവിനെ വിളിച്ചുണർത്തിയത്.ജീപ്പിന്റെ ബോണറ്റിൽ അവന്റെ കിടപ്പും നോക്കിയിരിക്കുന്ന അട്ടിപ്പേറ്.ചുണ്ടിലെരിയുന്ന സിഗരറ്റ് ,ചോര തെറിച്ച നീല വരയൻ ഉടുപ്പ്. മുട്ടോളം വരുന്ന കാക്കി നിക്കർ.അട്ടിപ്പേറ് രക്തക്കറയുള്ള കൈ നീട്ടി.കുഞ്ഞമ്പു, താൻ മൂടിയിരുന്ന കാവിമുണ്ട് ചുരുട്ടി എറിഞ്ഞുകൊടുത്തു.
      രാത്രിയിൽ എത്തിയതോ,ചാക്കുവിരിച്ചു കിടന്നതോ അമ്പുവിന് ഓർത്തെടുക്കാനായില്ല. തലയിലൂടെ പ്ലാസ്റ്റിക് ചാക്കിട്ട് മൂടി പന്നികളെ നടത്തുന്ന ഫാമിലെ പണിക്കാരുടെ ബഹളം.മറ്റൊരു ഭാഗത്ത് ഇരുമ്പ് കൂടത്തിന്റെ അടിയേറ്റ് ഇറച്ചിയാകുന്നവയുടെ കരച്ചിൽ.അട്ടിപ്പേറിന്റെ ചിരിയിൽ അമ്പുവിന് വഴുവഴുപ്പുള്ള ആ രഹസ്യ മണവും കിട്ടി.അടുത്തിരുന്ന് പുകയുന്ന ഒരു കറുപ്പൻ കാപ്പി 'നാണിക്കാതെ എടുത്തു കുടിയെടാന്ന്' ഓർമ്മിപ്പിച്ചു. 
      മുണ്ടും കുടഞ്ഞുടുത്ത് അട്ടിപ്പേറിന്റെ വരവു കണ്ട അമ്പു ചാക്കിൽ എഴുന്നേറ്റിരുന്നു. 
"അവിടെ ഡ്രൈവറു പണിയാണ്.കക്ഷി ഒരു പഴയ എസ്.പിയായിരുന്നു.ഇത്തിരി പ്രാന്തുണ്ട്. യൂണിഫോമിട്ട അവസാന കാലത്ത് ഏതോ ഒരു ചെറുക്കനെ ഉരുട്ടിക്കൊന്നേന് കിട്ടിയ കോളാണ്. പടിക്കലിന്റെ സകല കമ്പനിയിലും ആ പ്രാന്തന് മുതൽ മുടക്കുണ്ട്.മക്കളൊന്നും നാട്ടിലില്ല.വരാനും പോണില്ല. എസ്.പി വിചാരിക്കണത് ഇപ്പഴും സർവീസിലൊണ്ടെന്നാണ്." ഒരു പന്നി പണിക്കാരുടെ പിടിവിട്ട് കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നു.അട്ടിപ്പേറ് പണിക്കാരെ രൂക്ഷമായി ഒന്നു നോക്കിയിട്ട് തുടർന്നു.
        "ഇപ്പൊ യൂണിഫോമൊന്ന് അഴിച്ച് വയ്ക്കാൻ പോലും കക്ഷിക്ക് പേടിയാണ്.അന്ന് ഇവര് കൊന്നുകളഞ്ഞ ചെറുപ്പക്കാരന്റെയും,കേസ് നടത്തിനടത്തി ഒടുവിൽ തൂങ്ങിമരിച്ച ചെറുക്കന്റെ തന്തേം തള്ളേം ആത്മാക്കളായി അയാളെ കാണാൻ വരാറുണ്ടെന്നും പറഞ്ഞ് മുറിയിൽ ബൈബിളും വായിച്ചോണ്ട് ഒറ്റയിരുപ്പാണ്.." എന്നിട്ടും അമ്പുവിന്റെ മുഖം തെളിയുന്നില്ലെന്ന് കണ്ടപ്പോൾ അട്ടിപ്പേറ് അവൻ്റെ ചെവിയോട് ചേർന്ന് പറഞ്ഞു.
      "നിന്നെപ്പണിത പിള്ളേരുടെ കാര്യം ഞാനേറ്റെടാ.ഞാൻ വരും, നിന്നെ വിളിച്ചോണ്ട് പോരും.ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് കുറച്ചു നാളവിടെ പിടിച്ചുനിൽക്ക്..." കുന്തിച്ചിരുന്ന അട്ടിപ്പേറ് വീണ്ടും ആശ്വാസ വാക്കിന്റെ വെളുപ്പൻ പുകയൂതി വിട്ടു.സിഗരറ്റിന്റെ ബാക്കി അവന്റെ ചുണ്ടിലേക്ക് തിരുകിവച്ചു.
        വലിയ ഒരു കൂടവുമായി പന്നിക്കൂട്ടിലേക്ക് നടന്നുപോകുന്ന അട്ടിപ്പേറിനെ ആരാധനയോടെ അമ്പു നോക്കിയിരുന്നു.ചൂടൻ കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അട്ടിപ്പേറ് ഉയർത്തിപ്പിടിച്ച കൂടത്തിന്റെ മുന്നിൽ പന്നികൾക്ക് പകരം കലിപ്പ് പിള്ളേരുടെ നാലു തലകളും നിരത്തി വച്ച്,‌ ഇഷ്ട രംഗങ്ങൾ നിർമ്മിച്ചു.പക്ഷേ വരിയിലവസാനമുള്ള എട്ടിലെ ചെക്കന്റെ നനഞ്ഞ കണ്ണുള്ള ചുവന്ന മുഖം കണ്ടപ്പോൾ അണ്ണാക്കിന്റെ ഭാഗം കാപ്പിച്ചൂടിൽ ഇത്തിരി പൊള്ളിപ്പോയി.
     ഒരു കറുത്ത ജീപ്പിന്റെ വരവോടെ ഫാമിന്റെ അന്തരീക്ഷം മാറി.കൂടവും എറിഞ്ഞുകളഞ്ഞ് ഏഴടി ഉയരക്കാരന്റെ മുന്നിൽ വിനയം ചേർത്ത് കൈകെട്ടി നിൽക്കുന്ന അട്ടിപ്പേറിനെക്കണ്ട് അമ്പുവിന് നിരാശ തോന്നി.പന്നികളെ നിറച്ച മറ്റു ജീപ്പുകൾ എത്ര പെട്ടെന്നാണ് സ്ഥലം വിട്ടത്.അട്ടിപ്പേറിന്റെ കലങ്ങിയ വരവുകണ്ട്, അമ്പു തന്റെ കവറും എടുത്ത് തയാറായി നിന്നു.'വേഗം ചെന്ന് ആ ജീപ്പിൽ കേറിക്കോ..' അട്ടിപ്പേറിന്റെ നോട്ടത്തിൽ അമ്പുവിന് ഇനി അഭിനയിക്കാനുള്ള രംഗങ്ങൾ വായിച്ചെടുക്കാൻ കഴിഞ്ഞു.
        സൂര്യന്റെ സത്യത്തിന് പകലുപോലും ചെല്ലാൻ കഴിയാത്ത കാടിന്റെ ഉള്ളിലേക്ക് അമ്പുവുമായി ജീപ്പ് പാഞ്ഞുകയറുന്നത് അട്ടിപ്പേറ് നോക്കിനിന്നു.ഒന്നു രണ്ട് വട്ടം കണ്ണാടി വഴി ഏഴടിക്കാരന്റെ കണ്ണുകൾ അമ്പുവിന്റെ നോട്ടത്തിൽ ചെന്നുമുട്ടി.നോട്ടത്തിന് പ്രതികാരമായി ജീപ്പിന്റെ വേഗത കൂട്ടി.
അമ്പു പുറത്തുള്ള മരങ്ങളെ നോക്കി 'ഓടിക്കോ, ഓടി രക്ഷപ്പെട്ടോ..' അവർ മുന്നറിയിപ്പു നൽകി.
        ചിരി ചത്തു കിടക്കുന്ന മുഖം, വെട്ടിയൊതുക്കിയ തലമുടി,ചുവപ്പൻ കണ്ണുകളിൽ ആരെയും സംശയിക്കുന്ന നോട്ടം.കറുത്ത ബനിയന്റെ ഉള്ളിൽ പൊട്ടിത്തെറിക്കാൻ പാകത്തിനുള്ള മസിലുകൾ.വഴിയിൽ നിന്നു കയറിയ മറ്റൊരു ഏഴടിക്കാരനും,വണ്ടി ഓടിക്കുന്നവനും ഇരട്ടകളെന്നു തോന്നിപ്പിക്കുന്നു.മൂന്നാമത് വന്നവനും തനി പകർപ്പ്.ഏതോ കമ്പനിയുടെ അച്ചിൽ എന്തിനോ വേണ്ടി വാർത്ത യന്ത്ര മനുഷ്യരെപ്പോലെയുള്ളവർ.
       മൂന്നാമൻ അമ്പുവിനെ ജീപ്പിൽ നിന്ന് വലിച്ചു പുറത്തിട്ടു.ചാരി നിർത്തി ദേഹമാസകലം പരിശോധന നടത്തി.ഒരുത്തന്റെ  ബെൽറ്റിനിടയിൽ തിരുകിയ തോക്ക് കണ്ടപ്പോൾ അമ്പുവിന്റെ മുണ്ട് അഴിഞ്ഞു വീണു.എന്നിട്ടുപോലും ഏഴടിക്കാർക്ക് ചിരി വന്നില്ല. 
       അമ്പുവിനെ വാരിയെടുത്തപോലെ മൂന്നാമൻ കാട്ടിലേക്ക് കയറി.പുല്ലു മുളയ്ക്കാൻ ഭയന്നു നിൽക്കുന്ന ചരൽ വഴി കടന്നപ്പോൾ, ചെമ്പൻ താഴിട്ട കൂറ്റൻ ഗേറ്റ്‌.മതിലിന്റെ ഒരു തൂണിൽ രണ്ട് വരിയിൽ സ്വർണ നിറത്തിലെഴുതിയ കറുപ്പൻ ബോർഡ്‌.അമ്പു വായിച്ചു.'പടിക്കൽ ബംഗ്ലാവ്- മൂന്ന്. റിട്ടയേർഡ് എസ്.പി ലോറൻസ്‌ മൈക്കിൾ.' 'റിട്ടയേർഡ്' എന്ന മുൻവാക്കിൽ എന്തോകൊണ്ട് ഇടിച്ചു പൊട്ടിക്കാൻ ആരോ ശ്രമിച്ചതിന്റെ അടയാളം.
       വലിച്ചെറിഞ്ഞതു പോലെയാണ് അമ്പു ഗേറ്റിനുള്ളിലേക്ക് ചെന്നുവീണത്.ഏഴടിക്കാരൻ ഗേറ്റ് പൂട്ടി തിരിഞ്ഞു നിന്നു.അമ്പുവിന്റെ നേർക്ക് പാഞ്ഞുവന്ന കറുത്ത പട്ടികളെ ബംഗ്ലാവിനുള്ളിൽ നിന്നുള്ള ഭ്രാന്തൻ വിസിലടികൾ പിടിച്ചു നിർത്തി.അവ,അവന്റെ ചുറ്റും നിന്നു.വെളുത്ത ഒരു രാജപാളയം മുന്നോട്ട് വന്ന് അവനെ മണപ്പിച്ചു.അവയ്ക്ക് പിന്നാലെ അമ്പു ബംഗ്ളാവിലക്ക്  നടന്നു.
      കറുത്ത ജീപ്പിനുള്ളിൽ നിന്ന് വലിച്ചെറിഞ്ഞ ഇറച്ചി കഷ്ണങ്ങളിലേക്ക് പട്ടികൾ ഓടുമ്പോൾ, ഏഴടിക്കാരുടെ നേർക്ക് 'എന്നോടെന്തെങ്കിലും പറയൂവെന്ന്' അമ്പു നോക്കി.ആ നോട്ടത്തെ അവഗണിച്ചു മടങ്ങുന്ന ജീപ്പിന്റെ പിന്നിലെ ചുവപ്പ് നിറം വലിയ അപകടം കാത്തിരിപ്പുണ്ടെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
      കണ്ണാടിയിൽ തീർത്ത ബംഗ്ളാവ്. ഉള്ള് ചിട്ടയിൽ ഒതുക്കി വച്ചിട്ടുണ്ട്.വൃത്താകൃതിയുള്ള കെട്ടിടം. ഏതു ഭാഗത്തു നിന്നും അകവശം വ്യക്തമായി കാണാനാകും.ഹാളിന്റെ ഒത്ത നടുക്കായി ഒരു മേശ. മേശയിലേക്ക് മാത്രം വെളിച്ചം വീഴ്ത്തുന്ന തൂക്ക് വിളക്ക്.ചുറ്റുമുള്ള റാക്കുകളിൽ  പുസ്തകങ്ങൾ. ഒരു വലിയ കട്ടിൽ.വാതിലുകൾ ഇല്ലാത്ത മൂന്ന് മുറികളും ശൗചാലയവും.
        പത്തുമുപ്പത് കൊല്ലങ്ങൾക്കപ്പുറമുള്ള പോലീസിന്റെ യൂണിഫോമിൽ തടിച്ചുരുണ്ട ഒരു മനുഷ്യൻ.മുട്ടോളം വലിച്ചു കയറ്റിയ കാക്കി കാലുറ,പരുക്കൻ ബൂട്ട്,നെഞ്ചിനെ വരിഞ്ഞുകെട്ടിയ ക്രോസ് ബെൽറ്റിന്റെ അറ്റത്ത് ഉറപ്പിച്ച തോക്ക്.നീലനിറമുള്ള തടിയൻ ബുക്കിൽ ചാരിവച്ച കറുത്ത ബൈബിൾ.മേശപ്പുറത്ത് തൊപ്പിയും ലാത്തിയും,മെറ്റൽ വിസിലും.ചതുരാകൃതിയുള്ള കട്ടിക്കണ്ണട അതിലൂടെ അയാളുടെ ചുവന്ന ഒരു നോട്ടം.മീശയിൽ ആരെയും വിറപ്പിക്കുന്ന ദേഷ്യം.
       ഭയം പിന്നിലൂടെ തള്ളിയപ്പോൾ അമ്പുവിന്റെ നെറ്റി കണ്ണാടിയിൽ മുട്ടി.പിന്നെയും വിസിലിന്റെ ശബ്ദം.തന്നിലേക്ക് ചാടി വീഴാനാഞ്ഞു നിൽക്കുന്ന കറുത്ത പട്ടികൾ.അമ്പുവിന് നിലവിളിപോലും പുറത്തേക്ക് വന്നില്ല.വെളുത്ത രാജപാളയം അമ്പുവിന്റെ മുണ്ടിൽ കടിച്ചു വലിച്ചു.മറ്റു പട്ടികൾ അവർക്ക് മുന്നിലൂടെ നടന്നു.ബംഗ്ലാവിന്റെ അപ്പുറത്തെ കൊച്ചു വീട്ടിലേക്ക് പോകാനാണ് പട്ടികളും എസ്.പിയുടെ വിസിലും ആവശ്യപ്പെടുന്നതെന്ന് അമ്പുവിന് മനസിലായി.
       ഭംഗിയായി ക്രമീകരിച്ച മുറി.ഒറ്റക്കട്ടിൽ.പാചകം ചെയ്യാനുള്ള ഉപകരണങ്ങൾ.ഒരു കട്ടനിടാൻ പാത്രം തിരഞ്ഞപ്പോൾ അതിൽ പഴകിയ ചായയുടെ കറ.അതൊഴിച്ചുകളയാൻ പുറത്തിറങ്ങി. പൊടിയിൽ കുളിച്ച പഴഞ്ചൻ പോലീസ് ജീപ്പ്.നീണ്ട ഒരു വിസിലു കേട്ടപ്പോൾ പട്ടികൾ അപ്പുറത്തേക്ക് ഓടി.അമ്പുവും പിന്നാലെ പുറത്തേക്ക് വന്നു.പാത്രങ്ങളിൽ തീറ്റ നിറയ്ക്കുന്ന എസ്.പി.അമ്പുവിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറി വാതിലടച്ചു.     
        ഇരുന്നും കിടന്നും മടുത്തപ്പോൾ അമ്പു പുറത്തേക്കിറങ്ങി.ബക്കറ്റും തുണിയുമായി ജീപ്പിലേക്ക് നടക്കുന്ന അവനെ വെളുത്ത രാജപാളയം കൗതുകത്തോടെ നോക്കി.മറ്റുള്ള പട്ടികൾ സുഖമായ ഉറക്കം.കണ്ണാടിക്കൂട്ടിൽ അതെല്ലാം നോക്കിനിൽക്കുന്ന എസ്.പിയെ അമ്പു കണ്ടില്ല.വെളുത്ത രാജപാളയം അമ്പുവിന്റെ സമീപം ചെന്നുനിന്നു.പൊടി ഇറങ്ങിപ്പോയ ജീപ്പിന്റെ സൗന്ദര്യം നോക്കി നിന്ന അമ്പുവിന് പിൻ സീറ്റിന്റെ ഇടയിൽ നിന്ന് രക്തം പുരണ്ട ഒരു മൗത്ത് ഓർഗൺ കിട്ടി.അത് ചുണ്ടിൽ ചേർക്കാൻ തുടങ്ങുമ്പോൾ വെളുത്ത രാജപാളയത്തിന് ചിരി. 
       താക്കോൽ തിരിച്ച് ജീപ്പിന്റെ മുരൾച്ച തുടങ്ങുമ്പോൾ ബംഗ്ളാവിന്റെ ഉള്ളിൽ നിന്ന് നീണ്ട വിസിലുകൾ മുഴങ്ങി.കറുത്ത പട്ടികൾ ജീപ്പിന് ചുറ്റും വല തീർത്തു നിന്നു.അമ്പു വേഗത്തിൽ പുറത്തിറങ്ങി വീട്ടിനുള്ളിൽ ചെന്നിരുന്ന് കിതച്ചു. കറുത്ത പട്ടികൾ ബംഗ്ളാവിന്റെ വാതിലിനരികിൽ ഉറക്കം തുടങ്ങി.വെളുത്ത രാജപാളയം മാത്രം ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോക്കിയിരിക്കുന്നു. മൗത്ത് ഓർഗൺ അമ്പുവിൽ നിന്നും എവിടെയോ വീണുപോയിരുന്നു.
      അമ്പുവിന് ആരോടെങ്കിലും സംസാരിക്കാൻ തോന്നി.ഫോണു മാത്രമല്ല, ലൈസൻസും ഏഴടിക്കാർ കവറിലാക്കികൊണ്ടുപോയി.വീട്ടിനുള്ളിൽ അത്യാവശ്യം തുണികൾ അലക്കി വൃത്തിയാക്കി വച്ചിട്ടുണ്ട്.അതിലൊന്നുടുത്ത് അമ്പു പറമ്പിലൂടെ നടന്നു.പട്ടാളക്കാരെപ്പോലെ വരിനിറ കാവൽ നിൽക്കുന്ന റബ്ബർ മരങ്ങൾക്ക് വല്ലാത്ത അഹങ്കാരം.ഓരോന്നും വെട്ടിയെടുത്താൽ കിട്ടാവുന്ന തുക അമ്പു വെറുതേ കൂട്ടിനോക്കി.നെറ്റിയിൽ ക്യാമറകൾ ഉറപ്പിച്ച ആ മരങ്ങൾക്കും ഏഴടിക്കാരുടെ അതേ നോട്ടം.അമ്പുവിന് അവർക്ക് നേരെ നിവർന്നു നിൽക്കാൻ ഭയമുണ്ടായി.
     പിന്നാലെ നടക്കുന്ന കറുത്ത പട്ടികളെ അമ്പുവിന് അപ്പോൾ പേടി തോന്നിയില്ല.അതിലൊന്ന് അവനെ നക്കിനോക്കി.അമ്പു അതിന്റെ നീളൻ നെറ്റിയിൽ തടവി.മറ്റു പട്ടികളും തടവലിന് തള്ളിക്കയറാൻ തുടങ്ങി.ഏഴടിക്കാരപ്പോലെ കറുത്ത പട്ടികൾക്കും ഒരേ മുഖവും രൂപവുമാണെന്ന് അമ്പുവിന് തോന്നി.വെളുത്ത രാജപാളയം ഇപ്പോഴും ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോട്ടമിട്ട് ഒരേ ഇരുപ്പാണ്.അമ്പു സാവധാനം അവിടേക്ക് നടന്നു.
     കസേരകളിൽ ഊരിയിട്ടിരിക്കുന്ന കാക്കിയുടുപ്പും നിക്കറും കാലുറയും.മേശപ്പുറത്ത് നഗ്‌നനായി കിടക്കുന്ന എസ്.പിയുടെ നെഞ്ചിൽ ചവിട്ടിന്റെ ഭാവത്തിലിരിക്കുന്ന ബൂട്ടുകൾ.അമ്പുവിന്റെ മുഖത്ത് പിന്നെയും ഭയം.കറുത്ത പട്ടികൾക്ക് ചിരി.വെളുത്ത രാജപാളയത്തിനപ്പോഴും ഗൗരവം വിടാത്ത ആ ഇരിപ്പ്.ഉള്ളിലെ ഏതോ മുറിയിൽ നിന്ന് കരച്ചിലിന്റെ ശ്രുതിയുള്ള ഒരു പാട്ട്.
       ഒരു വലിയ കരച്ചിലാണ് പിന്നെയുണ്ടായത്.നെഞ്ചിലിരുന്ന ബൂട്ടുകളെ കുടഞ്ഞെറിഞ്ഞ് വീട്ടിനുള്ളിലൂടെ ഒരു കുട്ടിയെപ്പോലെ നിലവിളിച്ചോടുന്ന എസ്.പി.ലോക്കപ്പ് എന്നെഴുതിയ മുറിയിൽ തൂങ്ങിക്കിടക്കുന്ന *ഗരുഡൻ കുരുക്കിലേക്ക് നോക്കി ഇടയ്ക്ക് അലറിവിളിക്കുന്നു.അറിയാതെ അമ്പുവും നിലവിളിച്ചുപോയി.കറുത്ത പട്ടികൾ അവന്റെ നേർക്ക് കുരയ്ക്കാൻ തുടങ്ങിയപ്പോൾ മുറിയിലേക്ക് വേഗത്തിൽ നടന്നു.അപ്പോഴും വീടിന് ചുറ്റും ഓടുന്ന വെളുത്ത രാജപാളയത്തിന്റെ കണ്ണിൽ നിന്നും എസ്.പിയുടെ ഒരു ചുവടും നഷ്ടമാകുന്നുണ്ടായിരുന്നില്ല.
     നീണ്ട ഒരു വിസിലുകേട്ടാണ് അമ്പു ഉണർന്നത്.വെളുത്ത രാജപാളയം ഒഴികെ മറ്റൊന്നിനെയും കാണാനില്ല.രാജപാളയത്തിന്റെ മുന്നിലിരുന്ന് ബൂട്ടിന്റെ വള്ളികെട്ടുന്ന എസ്.പി.അയാളോട് സംസാരിക്കണം എന്ന ആഗ്രഹമാണ് അമ്പുവിനെ അവിടേക്ക് നടത്തിച്ചത്.എന്നിട്ടും എസ്.പി വളരെ വേഗം അകത്തുകയറി വാതിലടച്ചു.
     ഓഫീസ് മാതൃകയിൽ ക്രമീകരിച്ച മുറിയിലെ തടിക്കസേരയിലിരുന്ന് ബൈബിളിലേക്ക് ചാരിവച്ച് എസ്.പി വായിക്കുന്ന നീലപ്പുസ്തകത്തിന്റെ പേരിന്റെ 'ഘടന'എന്ന ഭാഗം മാത്രം അമ്പു വായിച്ചു. ഗാന്ധിയുടെ ചിത്രം, തൊള്ളായിരത്തി എഴുപത്തി ആറ് മാർച്ചുമാസം കാണിക്കുന്ന കലണ്ടർ.ഒരു നോട്ടംപോലും തന്റെ നേർക്കില്ലെന്നു കണ്ട് അമ്പു നിരാശയോടെ മുറിയിലേക്ക് നടന്നു.
       വെളുത്ത രാജപാളയം അതേ ഇരിപ്പാണ്.അമ്പു വീണ്ടും ബംഗ്ലാവിന്റെ അരികിലേക്ക് ചെന്നു. യൂണിഫോമിൽ തല കുനിഞ്ഞു നിൽക്കുന്ന എസ്.പി.പഞ്ഞി കണക്കെ തല നരച്ച,ദമ്പതികളെന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പുരുഷനും  മാറിമാറി എന്തൊക്കെയോ അയാളോട് വാദിക്കുന്നു.വൃദ്ധ കരച്ചിലോടെ എസ് പി യുടെ കാലിലേക്ക് വീഴുന്നു.എസ്.പി അനങ്ങാതെ നിൽക്കുന്നു.നെഞ്ചിൽ കെട്ടിപ്പിടിച്ചിരുന്ന തൊപ്പിയും ലാത്തിയും നിലത്തു വീണു.ദമ്പതികൾ കരച്ചിലോടെ ബംഗ്ളാവിന്റെ പിന്നിലേക്ക് നടന്നു.എസ്.പിയും തലകുനിച്ച് യാചനപോലെ പിന്നിലേക്ക് നടക്കുന്നു.
      അമ്പു വൃദ്ധരെ കാണാൻ ബംഗ്ളാവിന്റെ പിന്നിലേക്ക് ഓടി.അവിടെ ആരുമില്ല.വാതിലുകൾ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു.പിന്നിൽ കൂറ്റൻ മതിൽ.എസ്.പിയോട് തർക്കിച്ച വൃദ്ധ ദമ്പതികൾ.?. എല്ലാ മുറികളിലും അമ്പു അവരെ തിരഞ്ഞു.അകത്തേക്ക് നോക്കുമ്പോൾ ബൈബിളും വായിച്ചിരിക്കുന്ന എസ്.പി.വെളുത്ത രാജപാളയത്തിന്റെ നോട്ടത്തിൽ അമ്പുവിന് എന്തോ പ്രതീക്ഷ തോന്നി.അത് തന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടോ..?
      ഗേറ്റിൽ തൂക്കിയിരുന്ന കവറുകളിൽ പാലും പച്ചക്കറികളും.അതുമായി തന്റെ മുറിയിലേക്ക് നടക്കുമ്പോൾ കറുത്ത പട്ടികൾക്ക് തീറ്റ കൊടുക്കുന്ന എസ് പി.അമ്പു ചിരിച്ചു.എസ്.പി ചിരിക്കാൻ തുടങ്ങിയതാണ് എന്തോ ഓർത്തിട്ട് തിടുക്കത്തിൽ ഉള്ളിലേക്ക് കയറിപ്പോയി.
       വെളുത്ത രാജപാളയത്തിന്റെ നോവുള്ള കുരകൾ.അമ്പു ഓടിച്ചെന്ന് ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോക്കി.നെറ്റിക്ക് നേരെ തോക്കും പിടിച്ച് നിൽക്കുന്ന എസ്.പി.ഏതു നിമിഷവും കാഞ്ചി വലിക്കും. ഏതോ മുറിയിൽ നിന്ന് മൗത്ത് ഓർഗണിന്റെ പാട്ട്.വെളുത്ത രാജപാളയത്തിന് പിന്നാലെ അമ്പുവും ബംഗ്ളവിന് ചുറ്റും ഓടാൻ തുടങ്ങി.വാതിലും ജനാലകളും തുറക്കാൻ ശ്രമിച്ചു.കാറ്റുപോലും ഉള്ളിലേക്ക് കടന്നുപോകുന്നില്ല.എസ് പിയുടെ വിരലിന്റെ അനക്കങ്ങളിൽ ഒരു തുള്ളിപോലും അവരുടെ കണ്ണിൽ നഷ്ടമാകുന്നില്ല.രണ്ടുപേരും കിതപ്പോടെ മുറ്റത്തിരുന്നു.
     "എസ്.പി യെ രക്ഷിക്കണം,ലോകമറിയാനുള്ള ഒരു വലിയ രഹസ്യം അയാൾ സൂക്ഷിക്കുകയാണ്" വെളുത്ത രാജപാളയം അമ്പുവിന്റെ കാലിൽ നക്കി, യാചിച്ചു.കറുത്ത പട്ടികൾ എവിടെയാണ്.? അമ്പു ചുറ്റും നോക്കി.
      "ഒട്ടും നേരമില്ല,ഉടൻ പുറപ്പെടൂ.നിങ്ങളിലൂടെ എസ്.പി ആ വിവരങ്ങൾ ലോകത്തോട് പറയും." വെളുത്ത രാജപാളയം അമ്പുവിന്റെ കാലിൽ വീണു.അമ്പു ജീപ്പിലേക്ക് ഓടി.ജീപ്പ് ആ വരവ് കാത്തുനിന്നതുപോലെ കുതിച്ചു.വെളുത്ത രാജപാളയത്തിന്റെ പിന്നിൽ ഫുൾ യൂണിഫോമിലുള്ള എസ്.പി കണ്ണാടി ബംഗ്ളാവിന്റെ മുന്നിൽ കാത്തു നിലക്കുന്നു.
       മുട്ടിന് മുകളിൽ ലാത്തി പിടിച്ച വലതുകൈ.മറ്റേത് ജീപ്പിന്റെ മുകൾ വശത്തെ കമ്പിയിൽ.സല്യൂട്ട് സ്വീകരിക്കാൻ പാകത്തിനുള്ള എസ്.പിയുടെ ഭൂതകാലക്കുളിരുള്ള ഇരിപ്പ്.അരികെ നിന്ന് ഇതെല്ലാം കാണുന്ന വെളുത്ത രാജപാളയം കണ്ണാടി ബംഗ്ളാവിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ വാതിലുകൾ അടഞ്ഞു.എസ്.പി. ഒന്നുരണ്ടു തവണ തിരിഞ്ഞു നോക്കി.ഗേറ്റിന്റെ ചെമ്പൻ പൂട്ട് മുറ്റത്ത് തകർന്നു കിടക്കുന്നു.
       ഹിപ്പിമുടിയുള്ള ഒരു ചെറുപ്പക്കാരൻ 'റിട്ടയേർഡ് എസ്.പി ലോറൻസ് മൈക്കിൾ' എന്ന  ബോഡിനെയും ഇരുമ്പുലക്കകൊണ്ട് ഇടിച്ചുപൊട്ടിക്കുന്നു.അവൻ എസ്.പിയോട് മൗത്ത് ഓർഗൺ പിടിച്ചിരുന്ന ഇടതുകൈ ഉയർത്തി അഭിവാദ്യം ചെയ്തു.ഹിപ്പിമുടിക്കാരന്റെ മുഖത്തുനോക്കാൻ എസ്.പി ഭയപ്പെട്ടു.അമ്പുവിന് നേർക്കും ആ ചെറുപ്പക്കാരൻ ചിരിച്ചു.'വേഗം വേഗം..' അമ്പുവിനോട് എസ്.പിയുടെ ആജ്ഞ. അതിനിടയിൽ എപ്പോഴോ ഹിപ്പിമുടിക്കാരൻ ഉലക്ക ഗേറ്റിനുള്ളിലേക്ക് എറിഞ്ഞിട്ട് ജീപ്പിന്റെ പിന്നിൽ ചാടിക്കയറിയിരുന്നു.
       കാടിനെ ഇളക്കി ജീപ്പ് കുതിച്ചു പാഞ്ഞു.എസ്.പി തൊപ്പിയും ലാത്തിയും നെഞ്ചിൽ ചേർത്തുപിടിച്ച് ഇരുട്ടിലേക്ക് നോക്കി ഒറ്റ ഇരുപ്പാണ്.മൗത്ത് ഓർഗണിൽ ഹിപ്പിമുടിക്കാരൻ പാടുമ്പോൾ, എസ്.പി വല്ലാതെ അസ്വസ്ഥാനാകുന്നത് അമ്പു ശ്രദ്ധിച്ചു.
      ഒരു സിഗരറ്റ് നീട്ടിയ അമ്പുവിന്റെ നേർക്ക് എസ്.പിയിൽ നിന്നും ചിരിയുടെ ഏറ്റവും ദയനീയ രൂപം ഉണ്ടായി.അമ്പു ആ മനുഷ്യന്റെ തോളിലൂടെ കൈയിട്ടു.എസ്.പിക്ക് കുളിരുണ്ടായി.ഒരു ചിരിയതാ അവർക്കിടയിൽ പതിയെ വളരുന്നു.ഹിപ്പിമുടിക്കാരന്റെ പാട്ട് ഇപ്പോൾ അയാളെയും കാടിനെയും തണുപ്പിക്കുന്നു. എസ്.പി അധികാര മുദ്രയുള്ള തൊപ്പി തലയിൽ ഉറപ്പിച്ചു.ലാത്തി  പാട്ടിന്റെ താളത്തിന് ചുഴറ്റി.അറ്റെൻഷനിൽ പിന്നോട്ട് പാഞ്ഞ ഒരു മരത്തിന് സല്യൂട്ട് കൊടുത്തു.
      താഴേക്ക് കുത്തി ഒഴുകുന്ന അരുവിയുടെ സമാന്തരമായാണ് ജീപ്പിന്റെ പോക്ക്.കാടിന്റെ കറുപ്പ് കൂടി കൂടി വന്നു.എസ് പി ഇടയ്ക്കിടെ പിന്നിലേക്ക് നോക്കുന്നുണ്ട്.തോക്കിലേക്കും ആ വിരലുകൾ നീളുന്നു.ദൂരെ നിന്ന് പട്ടികളുടെ കുരകൾ കേൾക്കുന്നുണ്ടോ.?ജീപ്പിനെ പിടിച്ചു നിർത്താനായി വഴികളിൽ പൂത്തുകിടന്ന വള്ളികൾ കൈ നീട്ടി.ഹിപ്പിമുടിക്കാരൻ അവയിൽ ചില ചുവന്ന പൂക്കളെ പിടിച്ചെടുത്തു.അയാളുടെ പാട്ടുകൾ ഏതോ വിജയാഘോഷത്തിന്റെ മൂഡിലാണ്.
         ഒരു വലിയ മരത്തിനോട് ചേർന്ന് വണ്ടി നിർത്തി.അമ്പുവിനോട് ജീപ്പിലിരിക്കാൻ എസ്.പി കൈ  ഉയർത്തി ആവശ്യപ്പെട്ടു.ഹിപ്പിമുടിക്കാരൻ വളരെ വേഗം ഇറങ്ങി.മുന്നിലെ പരന്ന പാറയും കടന്ന് വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയി.കൈയിലിരുന്ന മൗത്ത് ഓർഗൺ വെള്ളച്ചാട്ടത്തിലേക്ക്  എറിഞ്ഞു.അത്രയും ഉയരത്തിൽ നിന്ന് വീണാൽ വെള്ളം പോലും ചത്തുപോകുമെന്ന് അമ്പുവിന് തോന്നി.                 
       പരന്ന പാറയുടെ മുകളിൽ എസ്.പിയും ഹിപ്പിമുടിക്കാരനും അല്പനേരമിരുന്നു.വളരെ പതിഞ്ഞ ശബ്ദത്തിൽ പട്ടികളുടെ കുരകൾ കേൾക്കുന്നുണ്ട്.വീണ്ടുമവർ വെള്ളച്ചാട്ടത്തിന്റെ നേർക്ക് നടക്കുന്നത് കണ്ടപ്പോൾ അമ്പുവിന് ചെറിയ തണുപ്പു തോന്നി.നിലാവിലൂടെ ഒപ്പം നടക്കുമ്പോൾ ഹിപ്പിമുടിക്കാരനോട് എസ്.പി വല്ലാതെ വിനയം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതും അമ്പു ശ്രദ്ധിച്ചു.
        അവിടെയും അവരുടെ സംസാരം ഏറെ നേരം തുടർന്നു.എസ്.പി തന്റെ തോക്ക് ഹിപ്പിമുടിക്കാരനെ ഏല്പിക്കാൻ പലവട്ടം ശ്രമിക്കുന്നു.അയാളത് നിരസിക്കുന്നു.പിന്നെ ആ തോക്ക് സ്വയം നെറ്റിക്ക് നേരെ പിടിച്ച് എസ്.പി കാഞ്ചിവലിക്കാൻ തുടങ്ങുന്നു.ഹിപ്പിമുടിക്കാരൻ അത് തടയാൻ ശ്രമിക്കുന്നു.എസ്.പിയുടെ കൈയിൽ നിന്നും പാറപ്പുറത്തേക്ക് തോക്ക് തെറിച്ചുവീഴുന്നു. എസ്.പി, ഹിപ്പിമുടിക്കാരന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു.ദുരന്തനാടകം കാണുന്ന കൗതുകത്തോടെ അമ്പു ജീപ്പിൽ കാത്തിരുന്നു. 
      വെളിച്ചങ്ങളും കുരകളും കുന്നുകയറി വരുന്നതറിഞ്ഞ അമ്പു.ജീപ്പിൽ നിന്നിറങ്ങി താഴക്ക് കുറച്ചുദൂരം ഓടി.എസ്.പിയും ഹിപ്പിമുടിക്കാരനും നിന്നിരുന്ന ഭാഗത്ത് കരച്ചിലുകൾ കേട്ടപ്പോൾ വണ്ടിയിലേക്ക് തിരികെ ഓടി.എസ്.പി തലകുനിച്ച് നടന്നു വരുമ്പോൾ അമ്പു ഹിപ്പിമുടിക്കാരനെ അവിടെയെല്ലം തിരഞ്ഞു.വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് നിന്നും ഒരു പാട്ട് മാത്രം കേൾക്കുന്നു..
      പരന്ന പാറയിലെത്തി വിതുമ്പലോടെ യൂണിഫോമുകൾ അഴിച്ചുവയ്ക്കുന്ന എസ് പിയെ അമ്പു കൗതുകത്തോടെ നോക്കി.'നീ, എവിടെടാന്ന്..'ചൂടൻ ചോദ്യമുള്ള ഒരു ടോർച്ചിന്റെ വെളിച്ചം ജീപ്പിന്റെ പിന്നിലുടെ അമ്പുവിനെയും വന്നുതൊട്ടു.എസ്.പി തിടുക്കത്തിൽ അവനെ കൈകൊട്ടി വിളിച്ചു. കണ്ണടച്ചു നിന്ന എസ്.പിയുടെ മുന്നിൽ അമ്പു അല്പനേരം നിന്നു.കറുത്ത പട്ടികളുടെ തിളക്കമുള്ള കണ്ണുകൾ ജീപ്പിന്റെ മുന്നിൽ കത്തിനിൽക്കുന്നു.അമ്പുവിനെ മുറുക്കെ കെട്ടിപ്പിടിച്ച എസ്.പി കരച്ചിലിനിടയിലും ചെവിയോട് ചേർന്ന് വേഗത്തിൽ കാര്യങ്ങൾ പറയാൻ ശ്രമിച്ചു.
      "കുപ്രസിദ്ധമായ ആ കേസിലെ ജീവിക്കുന്ന തെളിവുകളാണ് ഞങ്ങൾ.അന്ന് അതിലാരെങ്കിലും ഒന്നു വായതുറന്നിരുന്നെങ്കിൽ ഈ നാടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.ഈ കാട്ടിനുള്ളിലെ കണ്ണാടി ബംഗ്ളാവുകളിൽ എന്നെപ്പോലെ അവരെയും ഭ്രാന്തിട്ട് സൂക്ഷിക്കുന്നുണ്ട്.ആരൊക്കെ ഇന്നും ജീവനോടെയുണ്ടെന്ന് എനിക്കറിയില്ല.ഹിപ്പിമുടിയുള്ള ആ ചെറുപ്പക്കാരനെ കൊത്തിയരിഞ്ഞ് പന്നികളെ തീറ്റിച്ചോ,ഈ വെള്ളച്ചാട്ടത്തിലെറിഞ്ഞോ,കുഴിച്ചിട്ടോ,കത്തിച്ചോ അതും എനിക്കറിയില്ല. ക്യാമ്പിലവൻ കൊല്ലപ്പെട്ടപ്പോൾ ഞാനുമുണ്ടായിരുന്നു.നീ എനിക്കുവേണ്ടി..."എസ്.പിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.കറുത്ത പട്ടികളും ആയുധങ്ങളുള്ള ഏഴടിക്കാരും അവരെ വളഞ്ഞിരുന്നു.
       അമ്പുവിന്റെ പിന്നിലേക്ക് എസ്.പി പേടിച്ചു പതുങ്ങിനിന്നു.അയാൾ പറഞ്ഞവ തനിക്ക് പൂർണ്ണമായും മനസിലായില്ലെങ്കിലും ആരൊക്കെയോ തടവിലിട്ടിരിക്കുന്ന ഒരു മനുഷ്യനെ രക്ഷിക്കണമെന്നേ അവനപ്പോൾ തോന്നിയുള്ളൂ.പാറയിൽ അഴിച്ചിട്ടിരുന്ന യൂണിഫോമിന്റെ ഇടയിൽ നിന്നും അമ്പു ആ തോക്ക് ധൈര്യത്തോടെ തപ്പിയെടുത്ത്, രണ്ടു തവണ കാഞ്ചിവലിച്ചു..!

*പ്രതികളെ ചോദ്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൂക്ക്

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636





Wednesday 4 May 2022

പട്ടിപ്പങ്ക്

പട്ടിപ്പങ്ക്..!

     വഴക്കിനിടയിൽ ഞാനവളുടെ മോന്തയ്ക്കിട്ട് ഒരെണ്ണമങ്ങ് പൊട്ടിച്ചു.അതിന്റെ ഇരട്ടി കനത്തില് എന്റെ മോന്തയ്ക്കും മുതുകിലുമായി അവള് നാലഞ്ചെണ്ണം തന്നു,എന്നിട്ട് കിടപ്പുമുറിയിലോടിക്കയറി വാതില് പൂട്ടിക്കളഞ്ഞു.അറിയുന്ന വിലയ തെറികളെല്ലാം ഞാൻ വിളിച്ചു,വാതിലിൽ പലവട്ടം ചവിട്ടി. പക്ഷേ അകത്തുണ്ടായ രണ്ടേരണ്ട് ചെറിയ ചിരിയിൽ അതെല്ലാം തകർന്നു തരിപ്പണമായി.
     ആദ്യ നോവലിനുവേണ്ടി ഓർമ്മകൾ കുറിക്കുന്ന ഡയറിയുമെടുത്ത് നിരാശയോടെ വരാന്തയിൽ വന്നിരുന്നു.ഞാനിപ്പോൾ ആത്മാംശം ഏറെയുള്ള ഒരു നോവലിന്റെ പണിപ്പുരയിലാണ് . പെണ്ണുങ്ങളെ,തല്ലിത്തോല്പിക്കാനും പാങ്ങില്ലാത്ത എന്നെപ്പോലുള്ളവർക്ക് കഥയോ നോവലോ ഇനി തെറിയോ ഒക്കെയാണല്ലോ നല്ലത്.                          
       നേരം നന്നേ ഇരുട്ടിലായിരിക്കുന്നു.പറമ്പിന്റെ നടുവിലുള്ള ഈ വീട്ടിൽ മനുഷ്യരായിട്ട് ഞാനും അവളുമാണുള്ളത്.എണ്ണമില്ലാത്ത പ്രാവുകൾ,ഗപ്പികളും മറ്റിനം വർണമത്സ്യങ്ങളും,രണ്ടു ജോഡി കുരുവി,രണ്ട് പൂച്ച,പിന്നെ ഒന്നര വയസുള്ള ഈ ട്രമ്പും ചേർന്നൊരു ജന്തുലോകവുണ്ട്..               
       അടിയും വഴക്കും ഞങ്ങൾക്ക് പതിവാണ്.സജീവ അംഗങ്ങളായിട്ടും, ജന്തുലോകത്തിന്റെ അലസമായ നോട്ടങ്ങൾപോലും ഇതിലേക്ക് കിട്ടാറില്ല.അതുകൊണ്ട് വലിയ പുതുമയൊന്നുമില്ല. അടിയുണ്ടാകുന്നത് ആരൊക്കെ തമ്മിലുള്ളതായാലും നാലാള് കാണാനില്ലെങ്കിൽ എന്തിനുകൊള്ളാം.? അടികൂടാൻ പിള്ളേരില്ലാത്തതിന്റെ ഏനക്കേട് ഞങ്ങള് തല്ലിത്തീർക്കുന്നു, എന്നാകും ആ ജന്തുക്കളും ചിന്തിക്കുക.
     രണ്ട് മനുഷ്യരുള്ള ഒരു വീടായാൽ വല്ലപ്പോഴുമിത്തിരി ചിരിയോ കരച്ചിലോ പുറത്തേക്ക് തെറിച്ചുവീഴണമല്ലോ.നോവലെഴുതാൻ തുടങ്ങിയ നാളുമുതൽ അവൾക്ക് മിണ്ടാഞ്ഞിട്ട് വിമ്മിട്ടം മുട്ടിയിരിപ്പാണ്."എന്റെ കാര്യമറിയാൻ നിനക്ക് നേരമില്ലല്ലോ"അടിക്കിടയിൽ അവളത് എണ്ണിയെണ്ണി പറയുന്നുണ്ടായിരുന്നു.കാര്യമായി വല്ലതും എഴുതാനാഗ്രഹമുള്ളവർ,പ്രണയമുള്ള പങ്കാളിയോട് ഒരു കൈയകലം പാലിക്കുന്നത് നന്നായിരിക്കും.ഈ നോവലൊന്നു പൂർത്തിയാകട്ടെ ദാമ്പത്യബാക്കി എന്നിട്ട് തീരുമാനിക്കാം.
       "ഇന്നുതൊട്ട് നിന്റെ ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുത്തോണം,എന്നെയതിന് വിളിക്കരുത്"
എണ്ണ മണമുള്ള ചുവപ്പൻ തലയിണയോടൊപ്പം കടുപ്പൻ വാക്കുകളും അവളുടെ പുതിയ ഫോണും ഹാളിലേക്ക് വീണു.അവളുടെനേർക്ക് കുരച്ചോണ്ട് ചാടിയെഴുന്നേൽക്കാൻ തോന്നിയെങ്കിലും ഒരോർമ്മ വന്നെന്റെ തോളില് പിടിച്ചിരുത്തി.കണ്ണുകളും നീറി.കിടപ്പുമുറിയുടെ അടഞ്ഞ വാതിലും തത്ക്കാലം 'അത് മതി'യെന്ന തടസ്സം പറഞ്ഞു. 
     ഇന്നത്തെ അടിയുടെ കാരണം ട്രമ്പായിരുന്നു.അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലെത്തിയ കാലം. ലോകം മുഴുവൻ അയാള് തോക്കണേന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന നേരം.വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻവണ്ടി തട്ടിയിട്ട പേരില്ലാത്ത തള്ളപ്പട്ടിയുടെ,മക്കളിൽ വെളുത്ത നിറമുള്ളതിനെ  ദത്തെടുത്ത ഞാൻ ട്രമ്പേന്ന് വിളിച്ചു.'ട്രമ്പേ'.....ന്നിങ്ങനെ നീട്ടി വിളിക്കുമ്പോൾ ഒരുത്തൻ വാലാട്ടി  നിൽക്കുന്നതും രസല്ലേ..?യുദ്ധക്കൊതിയൻ ട്രമ്പ് തോറ്റല്ലോ.ഇവിടെയുള്ളവൻ തടിച്ചുകൊഴുത്ത് ഞങ്ങളുടെ വീട്ടിൽ കലാപമുണ്ടാക്കുന്നു.
    ഞാനതിനെ കൊണ്ടുവന്ന കാലം മുതൽ അവൾക്കെന്നെയും അത്രയ്ക്ക് ഇഷ്ടമല്ല.അലക്കിയിട്ട പുതിയ ചുരിദാറിന്റെ ദുപ്പട്ട കടിച്ചു കീറിയതോട കൈവാക്കിന് കിട്ടുമ്പോഴെല്ലാം അതിനിട്ടും അവൾ രണ്ടെണ്ണം പൂശുന്നുണ്ട്.വെറുപ്പിന് മതിയായ കാരണങ്ങൾ ഇനിയുമുണ്ട്.
     രാവിലെ ട്രമ്പുമായിട്ടുള്ള എന്റെ നടത്തം.കെടിപ്പിടിച്ചുള്ള ഇരുപ്പുകൾ.മുണ്ടിലും ഉടുപ്പിലുമുള്ള പട്ടിമണം.അവളുടെ അരുമായായ ചെടികളിലേക്ക് ഞങ്ങളുടെ മൂത്രിക്കൽ.കെട്ടിയിടുന്ന രാത്രികളിലെ കൂവൽ.കടിച്ചെടുത്തുവരുന്ന അയൽവീട്ടിലെ കുട്ടികളുടെ ചെരുപ്പും കളിപ്പാട്ടങ്ങളും തിരികെ നൽകാനുള്ള യാത്രകൾ.ആ കുഞ്ഞുങ്ങളുടെ ചിരിയും,വീട്ടുകാരുടെ 'ഇനിയും വിശേഷമൊന്നുമായില്ലേ..'ന്ന സഹതപിക്കലും കളിയാക്കലുകളും.
    'കുട്ടികളുടെ ചെരിപ്പും കളിപ്പാട്ടങ്ങളും...' ഇവൻ ബോധപൂർവം കൊണ്ടിടുന്നതാണെന്ന് അവളുടെ  കണ്ണുനിറച്ചുള്ള ആരോപണം.എനിക്കും അതിലെന്തോ ശരി തോന്നിയിട്ടുണ്ട്.വടിയുമായി ചെല്ലുമ്പോൾ 'ഞാൻ നിങ്ങളെയത് ഓർമ്മിപ്പിക്കുന്നതല്ലേ...?'യെന്ന ഭാവത്തിൽ ട്രമ്പിന്റെ പതുങ്ങിയ ഒരു കിടപ്പുണ്ട്.വടി ഒടിയുന്നത് വരെ നിലത്തടിക്കുമ്പോൾ നിലവിളിയുള്ള കലക്കൻ അഭിനയവും.
   അസൽ ട്രമ്പിനേക്കാൾ വഷളാണ് ചിലനേരത്ത് അവന്റെ കെട്ടിപ്പിടിക്കലും സ്നേഹപ്രകടനങ്ങളും. ഇതെല്ലാം ഉള്ളിലുണ്ടെങ്കിലും രണ്ടുനേരവും അതിനവൾ തീറ്റ വയ്ക്കുന്നതാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നത്.ട്രമ്പിനെ അഴിച്ചുവിട്ടിട്ട് കിടക്കയിലേക്ക് കയറുന്ന എന്നെ അവൾ പതിവായി മണത്തുനോക്കും.പട്ടിമണമുണ്ടെങ്കിൽ തിരിഞ്ഞുകിടന്ന് തലയിണയെ,ഇല്ലെങ്കിലെന്നെയും കെട്ടിപ്പിടിക്കും.അവൾക്ക് കെട്ടിപ്പിടിക്കണം എന്നാലേ ഉറക്കം വരൂ. 
     പതിവില്ലാതെ ഫോണിൽ വീഡിയോകൾ നോക്കിയിരിക്കുന്ന അവൾ.പുറത്ത് ട്രമ്പിന്റെ കുരകൾ. "പട്ടിക്കെന്തെങ്കിലും കൊടുത്തോടീ..."ന്നുള്ള ചോദ്യം മൂന്നാമതും അവളുടെ മുന്നിൽ കണ്ണുരുട്ടി നിൽക്കുന്നു.ഏതോ തമാശയിൽ തട്ടി അവളുടെ നീണ്ട ചിരി.ഫോണിന് വേണ്ടിയുള്ള ഞങ്ങളുടെ കടിപിടി.മേശയിലിരുന്ന ഫൈറ്റർ മീനുള്ള കണ്ണാടിപ്പാത്രത്തിന്റെ പേടിച്ചുള്ള വീഴ്ച്ച.ഒരു കുപ്പിക്കും വെള്ളത്തിനും വേണ്ടി മീനുമായുള്ള എന്റെ പിടഞ്ഞോട്ടങ്ങൾ.പിന്നെ അടി,അവളുടെ തിരിച്ചടികൾ.
     ഇത്രയും രംഗങ്ങളാണ് ദേ, തൊട്ടു മുന്നിലൂടെ കടന്നുപോയത്.അവളപ്പോൾ തിന്നോണ്ടിരുന്നത് ഞാനിന്നലെയിട്ട കടുമാങ്ങാ അച്ചറായിരുന്നു.എനിക്കത് ശ്രദ്ധിക്കാനായില്ല.അവിടെയാണ് അടിപതറിയതും,കണ്ണു നീറിയതും.പെണ്ണുങ്ങളോളം രുചിക്കൂട്ടുകൾ നമുക്കറിയില്ലല്ലോ.
     ചോറിൽ മീനിന്റെ നാലഞ്ചു കഷ്ണങ്ങലിട്ട് നന്നായിക്കുഴച്ചു.അടുപ്പിന്റെ താഴെ വച്ചിരുന്ന പൂച്ചയുടെ പാത്രത്തിൽ ഒരല്പം വച്ചിട്ട്, ട്രമ്പിന്റെ അടുത്തേക്ക് നടന്നു.പാത്രത്തിൽ അവൾ വച്ച തീറ്റയുടെ ബാക്കി ഇനിയുമുണ്ട്.കിടപ്പുമുറിയുടെ ജനാലവഴി "പട്ടിക്ക് ഞാൻ തിന്നാൻ കൊടുത്തത് നീ കണ്ടോടാന്ന്..." അവളുടെ തുറിച്ചുനോട്ടം.'"ഫോണിൽ നോക്കിയിരുന്ന് ചിരിക്കാതെ, അതങ്ങ് വായതുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ അടിനടക്കോന്ന്..?"മറുപടിയുള്ള എന്റെ ചിരിശ്രമം. 'അഴിച്ചുവിടോന്ന്...'ട്രമ്പിന് തുടലിളക്കം.കൊണ്ടുവന്നതും പാത്രത്തിൽ തട്ടിയിട്ട് തുടലഴിച്ചു.
     ട്രമ്പ് എനിക്കു ചുറ്റും നാലഞ്ചു തവണ ഓടി.ശേഷം അവളുടെ പുതിയ പനിനീർ ചെടിയിലേക്ക് മൂത്രമൊഴിക്കാൻ കാലുയർത്തി.ജനാല തെറിയുടെ താളത്തിലടഞ്ഞു.കിടപ്പുമുറിയിൽ വെളിച്ചങ്ങൾ കെട്ടു.റേഡിയോ അവൾക്കുവേണ്ടി പാടുന്നു.ചില രാത്രികളിൽ ഞാവളുടെ ചെവിയിൽ പാടാറുണ്ട്. ആ പാട്ടിന്റെ ദൂരമാണ് ഞങ്ങളുടെ പ്രണയത്തിന്റെ ആഴം.
     ഇരുകാലിൽ ഉയർന്ന് അവനെന്നെ കെട്ടിപ്പിടിച്ചു.ഞാനവന്റെ നെറ്റിയിൽ തലോടി,ഉമ്മ വച്ചു. വരച്ചതുപോലുള്ള ആ കണ്ണുകളിൽ പ്രണയം.വാലിന്റെ വയലിൻ വായന.വേദനിപ്പിക്കാത്ത കടി.
ഉടുത്തിരുന്ന മുണ്ടിൽ കാലടയാളമുള്ള ചെളിപ്പാട്.മടങ്ങിയ ചെവിയുടെ പിന്നിലിരുന്ന ഒരു പേനിനെ ഞാൻ നഖത്തിനിടയിലിട്ട് കൊന്നപ്പോൾ മൂളലുകൾ.പേൻ തിരയുന്ന എന്റെ നെഞ്ചിലെ വിയർപ്പുരസത്തെ അവന്റെ നാവ് ആർത്തിയോടെ ഒപ്പിയെടുക്കുന്നു.
     ട്രമ്പ് ഗേറ്റിന് വെളിയിലെ ഇരുട്ടിലേക്ക് ഒറ്റ ഓട്ടം.ഞാൻ പടിക്കെട്ടിലിരുന്നു.അതേ വേഗത്തിൽ തിരികെ വന്ന് എന്റെ മുന്നിലെ മണൽവിരിപ്പിൽ ഉരുണ്ടു.കാലിന്റെ പെരുവിരലിൽ നക്കി.
'ഇങ്ങ് വാടാ'ന്ന്. ഞാൻ കൈ നിവർത്തിപ്പിടിച്ചു.'വരൂലാ'ന്ന് വാലായിട്ട്..വീട്ടിനു പിന്നിലെ ഇരുട്ടിലേക്ക് എന്തോ തിരയുന്നതുപോലെ പാഞ്ഞു.
      പൈപ്പിന്റെ ചുവട്ടിൽ ചെളിയും ട്രമ്പിന്റെ മണവും കഴുകിക്കളയുമ്പോൾ പട്ടിഭ്രാന്തിനെക്കുറിച്ച് ചിന്തിച്ചു.ഡയറി തുറന്ന് എഴുതാനിരുന്നപ്പോൾ വിരലുകൾക്ക് മീൻകറിയുടെ മണം.ഞാനത് മൂക്കിനോട് ചേർത്തു,പിന്നെ നക്കിനോക്കാൻ കൊതിതോന്നി.
     ട്രമ്പ് എന്റെ കാൽച്ചുവട്ടിൽ കിതപ്പോടെ വന്നുകിടന്നു.അവൻ്റെ നോട്ടമപ്പോഴും ഇരുട്ടിലേക്കാണ്.  മെലിഞ്ഞ ഒരു പെൺപട്ടി ഇരുട്ടിനെ നൂണുവന്നു.ഗർഭിണിയെന്ന് അതിന്റെ മുലക്കണ്ണികളുടെ ഇളക്കം.ട്രമ്പിന്റെ കണ്ണിൽ പ്രണയം.പാത്രത്തിലെ ചോറിൽ ഒന്നിക്കുന്ന ചുണ്ടുകൾ.പിന്നിലൂടെ കുതിച്ചു കയറാനുള്ള ട്രമ്പിന്റെ ശ്രമങ്ങൾ.
      മീൻമണം തിന്ന പേനയോട് ഡയറിയിലെഴുതാനുള്ള തീയതി കൃത്യമായി ഞാൻ ഓർമ്മിപ്പിച്ചു.

          നോവലിലെ 'പട്ടിപ്പങ്കെന്ന'പത്താമത്തെ അധ്യായത്തിനുവേണ്ടി കുറിച്ചിട്ടത്.

     99ൽ ഞാൻ പത്താം തരത്തിലായിരുന്നു.ആ തവണ പത്തിൽ ഞങ്ങള് മൂന്നുപേർ.തെക്കൻ കേരളത്തിലെ സഭയുടെ കീഴിലുള്ള ബാലമന്ദിരം.ഒന്നിനും പത്തിനുമിടയിൽ വിശപ്പുമാത്രമുള്ള  എഴുപത്തിയഞ്ച് ആൺകുട്ടികൾ.നിറവും മണവും ഏതാണ്ട് ഒരുപോലെയാണ്.പേരുകൾക്ക് പകരം ചില നമ്പറുകൾ.എനിക്ക് കെ.എൻ.എച്ച് 0326.ജർമ്മനിയിലെ ഒരു നല്ല മനുഷ്യൻ ഈ നമ്പറുകാരന് അധ്വാനത്തിന്റെ ഒരു പങ്ക് കരുതുന്നുണ്ട്.അതാണ് നമ്പറിന്റെ ഗുട്ടൻസ്.ഉടുപ്പിലും നിക്കറിലും തോർത്തിലും പെട്ടിയിലും കിടക്കയിലും അങ്ങനെ അവർക്കുള്ള സകലതിലും ഈ നമ്പറുണ്ടാകും. അങ്ങനെ പേരെല്ലാം മറന്ന് അവരൊരു നമ്പറിന്റെ ഉള്ളിലാകും.
     അപ്പൻ കളഞ്ഞിട്ടുപോയത്,അമ്മ ഇല്ലാത്തത്,ആരുമില്ലാതായപ്പോൾ നാട്ടുകാരെത്തിച്ചത്, തിന്നാനില്ലാതായപ്പോൾ തന്തയും തള്ളയും കൊണ്ടുനിർത്തിയിട്ട് കരഞ്ഞോണ്ട് പോയത്. അതൊക്കെ പറയാൻ നിന്നാല് ആ ഏഴുപത്തിയഞ്ചിനും കൂടെ പത്തെഴുന്നൂറ്റമ്പത് കഥയുണ്ടാക്കാം.
     നാലര വയസിൽ അവിടെത്തിയ ഞാനായിരുന്നു അന്തേവാസികളിൽ സീനിയറും ഹീറോയും. പഠിച്ച് പോലീസായി വരണം.കളഞ്ഞിട്ടുപോയ അപ്പനെ കണ്ടുപിടിക്കണം.കൂമ്പിനൊന്ന് കൊടുക്കണം.അമ്മയോട് മാപ്പ് പറയിക്കണം.ഇങ്ങനെയെല്ലാം ഓർമ്മിപ്പിച്ച ഒരമ്മ,കൊണ്ടുവിട്ട കൂരിക്കാസ് ചെറുക്കാൻ.ഇതൊന്നും ഈ തീറ്റക്കുറിപ്പില് അത്ര പ്രസക്തമല്ല, വേണോങ്കിൽ അദ്ധ്യായത്തിന്റെ നീളം കൂട്ടാൻ ഇതൊക്കെ ചേർക്കാം.
     ഒന്നിലും പത്തിലും ഉള്ളോന്റെ പാത്രത്തിൽ തുല്യമായി അത്താഴം വിളമ്പിയാൽ ശരിയാകുമോ..? അതായിരുന്നു ഞങ്ങള് മൂന്നിന്റെയും വിഷയം.'പട്ടിപ്പങ്കിലും' കാര്യമായിട്ട് പറയാനുള്ളത് ഇതാണ്.
തീറ്റപ്പങ്കിലെ തുല്യത ഞങ്ങൾക്കന്നെല്ലാം അരവയറുറക്കം സമ്മാനിച്ചിരുന്നു.വിളമ്പുന്ന പിള്ളേരെ ഭീഷണിപ്പെടുത്തിയും,തീറ്റയ്ക്ക് മുന്നേയുള്ള പ്രാർത്ഥനയ്ക്ക് കണ്ണടച്ചിരിക്കുമ്പോൾ കൈയിട്ടു വാരിയും,തിന്നാൻ മടിയുള്ളോരോട് കൈനീട്ടി വാങ്ങിയും കാര്യങ്ങൾ ഒരുവിധമൊപ്പിക്കും.
      എനിക്ക് മറ്റൊരു വഴിക്കൂടെയുണ്ടായിരുന്നു,പ്രാർത്ഥന പ്രതിഫലം."കർത്താവേ ഈ ആഹാരം തന്നതോർത്ത് നന്ദി പറയുന്നു.തന്ന മക്കളെയും ഭുജിക്കുന്ന ഞങ്ങളെയും തൃക്കൺ പാർക്കേണമേ" ഊഴമനുസരിച്ച് എല്ലാവരും ഇത് കാണാതെ പറയണം.അറിയാത്തവർക്ക് ഞാൻ സഹായിയാകും. പകരം മുട്ടയുടെ മഞ്ഞ,മീനിന്റെ പകുതി,പഴം,ഒരു ദോശ അങ്ങനെ പാത്രത്തിപ്പങ്ക് കിട്ടും. ഇഷ്ടമുള്ളത് എടുക്കാം.അക്കാരണത്തൽ എല്ലാവരും തലകുത്തിനിന്നും തീറ്റപ്രാർത്ഥന പഠിക്കും.
     ഇനി ആരെങ്കിലും പാത്രം വയ്ക്കാൻ മറന്നാൽ ആ മേശയിലിരിക്കുന്ന പത്തുപേരും ഓരോ പിടി ചോറ്, പകുതി ദോശ, പുട്ടിന്റെ ഭാഗങ്ങൾ മനസില്ലെങ്കിലും പങ്ക് നൽകണം.പാത്രത്തിലെ നമ്പര് നോക്കിയാണ് എടുക്കേണ്ടത്.വലിയ മീനിന്റെ കഷ്ണം നോക്കി മാറിയെടുക്കുന്ന വിരുതന്മാരുമുണ്ട്.
     ചിലർ പ്രാർത്ഥിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും.'ഭുജിക്കലും' 'തൃക്കൺ പാർക്കലും' തന്നെയാണ് കാരണം.പ്രാർത്ഥനയ്ക്ക് മുമ്പ് കൊതിയേറി വാരി വായിലിട്ടോന്റെ പ്രാർത്ഥനയെപ്പറ്റി പറയേണ്ടതില്ലല്ലോ.വായിൽ വെള്ളമൂറി നിൽക്കുന്നോന്റെ പ്രാർത്ഥന അതിലും രസമാണ്. ഇങ്ങനെയുള്ളതെങ്കിലും പ്രാർത്ഥനകളെല്ലാം ഈ ദൈവങ്ങളാരാനും കേട്ടോന്ന് തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്.
     ആ നഗരത്തിൽ കല്യാണത്തിനോ അടിയന്തിരത്തിനോ ഒരുക്കി വച്ചിട്ടുള്ള ഭക്ഷണം മിച്ചമായൽ, വീട്ടുകാരെല്ലാം ആദ്യമോർക്കുന്നത് ഞങ്ങളെയാണ്.തീറ്റ നിറച്ച ഓട്ടോ,ചിലപ്പോൾ ഒരു കുഞ്ഞൻ ലോറി ഞങ്ങളുടെ ഗേറ്റിന് മുന്നിൽ ബ്റേക്കിടും.ഞങ്ങളുടെ മുറികളിലും വരാന്തയിലും ആഘോഷത്തിന്റെ കൂറ്റൻ തിരയിളകും.കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും.മണലുരച്ച് അവനോന്റെ പാത്രങ്ങൾ കഴുകി തിളക്കമാക്കും.ഇനി ഏതെങ്കിലും കാശുള്ളോർക്ക് പിള്ളേരുടെ പിറന്നാളോ, അപ്പനമ്മമാരുടെ ഓർമ്മയോ ഞങ്ങൾക്കൊപ്പം കൊണ്ടാടാൻ തോന്നിയാലും താളം അതുതന്നെ. ഒന്നുരണ്ട് ദിവസം നിറഞ്ഞ വയറും വളികളുമായി കിടന്നുറങ്ങും.അപ്പോഴും പറയാൻ ദഹിക്കാത്ത ചില സംഗതികളുണ്ട്.
     തീറ്റയുമായി വരുന്നതിൽ ചിലർ ഒപ്പമിരുന്ന് കഴിക്കും.അടുക്കളയിലെ അലമാരകളിൽ സൂക്ഷിച്ച പൂപ്പാത്രങ്ങൾ അപ്പോഴാണ് എടുക്കുക.എന്നെങ്കിലും ആ പാത്രത്തിലിട്ട് കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എനിക്കല്ല അവിടുള്ള സകലർക്കും ആ സ്വപ്നം കാണും.ഒരിക്കൽ അതിഥികളിൽ ആരോ ബാക്കിവച്ചതിൽ പങ്ക് ആരും കാണാതെ വാരിത്തിന്നാണ് വലിയ ആഗ്രഹം പൂർത്തിയാക്കിയത്.അന്നെല്ലാം സ്‌പെഷ്യൽ പ്രാർത്ഥന, ഞാനായിരുന്നു.
     വന്നവർ ചിലപ്പോൾ ഞങ്ങളുടെ മുറികളിലെല്ലാം കയറി നോക്കും.മൂത്രമണത്തോട് ചിലർ മൂക്ക് പൊത്തും.പായയും പുതപ്പും തലയിണകളും സമ്മാനിക്കും.ചിലർ മക്കളുടെ പഴയ ഉടപ്പുകൾ തരും. അങ്ങനെ തുണിക്കിടയിൽ കയറിപ്പറ്റിയ ഒരു 'ബ്രാ'യുടെ കഥ അടുത്ത അദ്ധ്യായത്തിലുണ്ട്. ഇതിനിടയിൽ ഞങ്ങൾക്ക് പ്രതിഷേധമുള്ള സംഗതി മാറ്റൊന്നാണ്.
   ആ വെളുത്തു തുടുത്ത പിള്ളേരെ തൊടാനും മണപ്പിച്ചു നോക്കാനും ഞങ്ങളിൽ കുറേ എണ്ണം ശ്രമിക്കും.എല്ലാം കഴിയുമ്പോൾ ഞങ്ങളെ നിരത്തി നിർത്തി ഒരു ഫോട്ടോ പിടിക്കലുണ്ട്. അവിടെ ഞങ്ങള് ശരിക്കും തെറ്റും.ചെറിയോൻമാര് നിക്കറൂരി ക്യാമറയിൽ മറയില്ലാതെ കാണിക്കും.ഞങ്ങള് അല്പം മുതിർന്നോര് ആകാശം നോക്കും.ഇടത്തരം ടീമുകൾ മുഖംപൊത്തും.ഒരു ഫോട്ടോയിൽ പെട്ടതിന് പരമാവധി അഭിനയിച്ചു നിൽക്കുന്നവരുമുണ്ട്.തിന്നാൻ തന്നതൊക്കെ ശരിയാണ്, അതും പറഞ്ഞ് ക്യാമറനോക്കി ഇളിച്ചോണ്ട് നിൽക്കാനൊന്നും ഞങ്ങക്ക് വയ്യ.അതിന്റെ പേരിൽ വാർഡന്മാരുടെ അടി എന്തോരം കിട്ടിയിരിക്കുന്നു.അഭിമാനികളായ ഞങ്ങൾ അതൊക്കെ അന്നേ വിട്ടുകളയും.
    അതിഥികൾ പോയാലുടൻ കൊണ്ടുവന്നതിൽ ഒരു പങ്ക് വാർഡന്മാരുടെ വീട്ടിലേക്ക് പോകും. പാത്രങ്ങളുമായിട്ട് വരിവരിയായി പോകുന്ന പിള്ളേരും അവരെ പ്രാകുന്നുണ്ടാകും.ചിലർ പായസങ്ങളിൽ വിരല് മുക്കി നക്കിനോക്കും.തുച്ഛമായ ശമ്പളത്തിൽ ഞങ്ങൾക്ക് വേണ്ടിയാണ് അവരവിടെ കഴിയുന്നതെന്ന് വളരെ വൈകിയാണ് ഞാനും അറിഞ്ഞത്.അത് പോട്ടെ,അന്നൊക്കെ അങ്ങനെയല്ലേ ഞങ്ങൾക്ക് ചിന്തിക്കാനൊക്കു.എന്തായാലും ഇങ്ങനെ വല്ലതും കിട്ടുന്നേന്റെ അന്നും പിറ്റേന്നും ഞങ്ങൾക്കും അവിടുത്തെ പട്ടിക്കും വയറു നിറയും.ചളിച്ചു പോയത് കുഴിച്ചിടാനും ബാക്കിയുണ്ടാകും.അപ്പോൾ ഞങ്ങളുടെ ആ പ്രാക്കിന് ഊക്ക് കാണില്ലല്ലോ.
     പതിവ് തീറ്റക്രമമുള്ള നാളുകളിലാണ് സുന്ദരമല്ലാത്ത ചില കാര്യങ്ങൾ നടന്നിരുന്നത്.നാലു ചപ്പാത്തിയും ഇത്തിരി ഇറച്ചിക്കറിയും തന്നിട്ട് അടുക്കളയിലെ 'കുക്കണ്ണൻ' ബീഡി മണത്തോടെ എന്റെ ചുണ്ടിലും ഉമ്മ തന്നിട്ടുണ്ട്.തുടയിലുടെ ഒലിച്ചിറങ്ങുന്ന ശുക്ലത്തിന്റെ ഗന്ധം അന്ന് ഒട്ടുമിക്ക പിള്ളേർക്കുമുണ്ടായിരുന്നു.എട്ടു പാസ്സായപ്പോൾ ആ വേശ്യാപ്പങ്ക് ഞാനും വേണ്ടെന്ന് വച്ചു.നാലിലോ ആറിലോ ഉള്ള ഒരുത്തൻ അപ്പോഴും കുക്കണ്ണന്റെ ചപ്പാത്തിയും ഇറച്ചിച്ചാറും ബീഡി മണമുള്ള ഉമ്മകളും രുചിക്കുന്നുണ്ടാകും.കുക്കണ്ണനോട് അന്നുമിന്നും വെറുപ്പ് തോന്നിയിട്ടില്ലെന്നതാണ് മറ്റൊരു സംഗതി.
    കുക്കണ്ണന്റെ രതിക്കുള്ള പ്രായം കടന്നോരായ ഞങ്ങള് മൂന്നും, പിന്നീട് നോട്ടമിട്ടത് കറിവച്ച ഉരുളിയിൽ വീഴുന്ന പട്ടിപ്പങ്കായ നാലഞ്ചു തവി ചോറിലാണ്.പട്ടിക്ക് കൊടുക്കൽ ഡ്യൂട്ടി ഞങ്ങളിൽ മൂന്നിലാരെങ്കിലും സ്ഥിരമായി ഏറ്റെടുക്കും.രാത്രിയിൽ പട്ടികിടക്കുന്ന ഭാഗത്ത് പോകാനുള്ള ധൈര്യം ഞങ്ങൾക്കല്ലേ ഉള്ളു.ഉരുളിയിലിട്ട ചോറുമായി ഒരാൾ അടുക്കളയുടെ പടികളിറങ്ങി വരുന്നതും കാത്ത്, ഇരുട്ടിൽ രണ്ടാളുണ്ടാകും.മീനോ ഇറച്ചിയോ രുചിക്കുന്ന ചാറിൽക്കുഴഞ്ഞ പട്ടിപ്പങ്കിന്റെ നല്ലൊരു ഭാഗവും ഞങ്ങള് തിന്നും.
     പടിക്കെട്ടിന്റെ മുകളിൽ നിൽക്കുന്ന കുക്കണ്ണൻ ഞങ്ങളെ കാണാത്ത ഭാവത്തിൽ നാടകീയമായി ബീഡി വലിക്കും.ചിലപ്പോൾ എന്നെനോക്കിയൊന്ന് ചിരിക്കും.പട്ടിപ്പങ്കിൽ വല്ലപ്പോഴും മീനിന്റെ, ഇറച്ചിയുടെ കഷ്ണങ്ങൾ കാണുന്നതിലുള്ള ഗുട്ടൻസ് എനിക്ക് മാത്രം പിടികിട്ടും.പട്ടിയുടെ  പാത്രത്തിലെ ഇത്തിരി ചോറിൽ മണ്ണും വാരിയിടും.ബാക്കിയിരിക്കുന്ന തീറ്റയിൽ മണ്ണുമാന്തിയിട്ട പട്ടിയുടെ അഹങ്കാരം  വാർഡന്മാർ പിറ്റേന്ന് വെളുപ്പിന് കണ്ടുമനസിലാക്കും.
      പട്ടിപ്പങ്ക് തിന്ന രാത്രികളിൽ എനിക്കങ്ങനെ ഉറക്കം കിട്ടില്ല.കാര്യങ്ങൾ സ‌കലരോടും വിളിച്ചു പറയാനാഗ്രഹമുള്ള കുരയിൽ എനിക്കലിവുതോന്നും.ജനാലയിലൂടെ ഞങ്ങൾ പരസ്പരം നോക്കും. പിറ്റേന്ന് ഞനെടുക്കുന്ന പങ്കിൽ അല്പം കുറവുവരും.അതിന്റെ മുന്നിലെ പങ്കിൽ മണ്ണിടാനും മറക്കും. അങ്ങനെ നോക്കിയാൽ എന്റെ തടിയിൽ പട്ടിപ്പങ്കിന്റെ മുഴുപ്പുമുണ്ട്.ട്രമ്പിനെ കൊണ്ടുവന്നതും,തീറ്റ കൊടുത്തിട്ടു മതിവരാത്തതും ആ നാളുകളുടെ നന്ദിയുള്ള ഓർമ്മയിലായിരിക്കാം.

     എഴുതി നിർത്തിയപ്പോൾ ഡയറിയിലും മീൻകറിമണമായി.പതിവുപോലെ ആ താളുകളും  ചെറിയ കഷ്ണങ്ങളാക്കി മുറ്റത്തിട്ടു.ഡയറിയുടെയും എന്റെയും ഭാരങ്ങൾ കുറഞ്ഞു വരുന്നു.നാളെ ചൂലുമായി മുറ്റത്ത് നിൽക്കുന്ന അവൾ, എന്നെയും അവന്റെ പാത്രത്തിലെ തീറ്റയേയും കുറിച്ച് നല്ല പള്ളുപറയും.അതൊന്നും എനിക്കൊരു വിഷയമേ അല്ല.ട്രമ്പ് എന്നെ തലയുയർത്തി നോക്കി. 
പട്ടിപ്പാത്രത്തിൽ എത്തിനോക്കിയിട്ട് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അവന്റെ വയറ്റിൽ ഒന്നു തൊട്ടു. കമഴ്ന്നു കിടന്ന് എന്നോട് കൈകൾ വീശി,വാലിന് എന്റെ കാലിൽ തൃപ്തിപ്പെടുത്തുന്ന മേളം.
      പുതിയ കുപ്പിയിലേക്ക് മാറ്റിയതിൽ ഫൈറ്റർ മീനിന് പരിഭവങ്ങളൊന്നുമില്ല.ഞാൻ മൂക്ക് മുട്ടിച്ചപ്പോൾ ഓടിവന്ന് ഒരുമ്മ തന്നിട്ട് പിന്നിലേക്ക് പോയി.പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുതട്ടി, മുറിയും മുൻപ് ഞാൻ പിൻവലിച്ചു.ചൂലിനും കോരിക്കുമിടയിൽ അടിപൊട്ടലിന്റെ കാരണം ഞാനോ അവളോയെന്ന് ചില്ലുകളുടെ തർക്കം.മതിലിനോട് ചേർത്ത് ഇരുട്ടിലേക്ക് തട്ടുമ്പോഴും അവരത് നിർത്തിയില്ല.വീട്ടിനുള്ളിലേക്ക് കയറുമ്പോൾ പ്രാവിണകൾക്ക് ഇനിയും തീരാത്ത ദാമ്പത്യക്കുറുകൽ. ഇന്നോളം പിണങ്ങാത്ത കുരുവികൾ കൂട്ടിൽ കൊക്കുരുമുന്നു.എനിക്കവരോട് അസൂയ ഉണ്ടായി.      
      നിലത്തെ നനവിൽ കാല് വഴുതാൻ തുടങ്ങി.അടുക്കളയുടെ മൂലയിലിരുന്ന തുടപ്പ് 'തുടച്ചിട്ടോന്ന്'  വാപൊത്തിച്ചിരിച്ചു.സെറ്റിയിൽ ടീ.വിയുടെ റിമോട്ടിൽ തലവച്ച് കിടക്കുന്ന പൂച്ച എന്റെ മടിയിലേക്ക് കയറി.മറ്റൊരെണ്ണം കാലിൽ മുട്ടിയുരുമി നിന്നു.ചാനലുകൾ തെളിയുന്നില്ല. കേബിളിന്റെ തുക ഫോണിൽ നിന്നയച്ചു.കസേരയുടെ അടിയിൽക്കിടന്ന അവളുടെ ഫോണിന്റെ സ്‌ക്രീനിൽ ട്രമ്പിനെ മടിയിൽ വച്ചിരിക്കുന്ന എന്റെ ചിത്രം.ഉറങ്ങിയിരുന്ന പൂച്ചയെ മാറ്റുമ്പോൾ മടിയിൽ ചെറിയ ചൂട്.
     കിടപ്പുമുറിയുടെ വാതിലവൾ ചരിയിട്ടേയുള്ളൂ.ഫോണും തലയിണയും അവളുടെ കാലിനരികിൽ വച്ചു.ശുചിമുറിയിൽ കയറുന്നതിന് മുമ്പ് പട്ടിമണമുള്ള കൈലിമുണ്ടഴിച്ച് അലക്കുകൂടയിലിട്ടു. പുതപ്പിനുള്ളിൽ നിന്നപ്പോൾ ചിരിപൊട്ടി.ദേഹത്ത് വെള്ളം വീണപ്പോൾ മൂത്രമൊഴിക്കാൻ തോന്നി. മൂലയിൽ കുത്തിച്ചാരിയിരുന്ന അവളുടെ കറുപ്പൻ ചെരുപ്പിന്റെ വൃത്തിയുള്ള ഇരുപ്പ് കണ്ടിട്ട് മറ്റൊരു വഴക്കിന്റെ കാരണമായ ആ മഞ്ഞിച്ച മൂത്രവും ഒഴുക്കിക്കളഞ്ഞു.എത്ര ഉരച്ചിട്ടും ഒഴുകിപ്പോകാതെ ഒരു വെളുപ്പൻ പട്ടിപ്പൂട എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ചിരിക്കുന്നു.
       നനവോടെ പുറത്തു വന്നപ്പോൾ ഇരുമ്പൻ അലമാരയുടെ കൈ, തോർത്ത് നീട്ടി.കട്ടിലിന് താഴെ വിരിച്ചിരുന്ന ചവിട്ടി കാലിന്റെ ഈർപ്പങ്ങൾ വലിച്ചുകുടിച്ചു.നനഞ്ഞകാലുള്ള എന്നെയവൾ കെട്ടിപ്പിടിക്കില്ല.കെട്ടിപ്പിടിച്ചാലോ പുലരുവോളം മൂത്രമൊഴിക്കാൻ പോലും വിടില്ല.തലയിണ കെട്ടിപ്പിടിച്ചു പുതച്ചുമൂടിയുള്ള അവളുടെ ഇളകുന്ന കിടപ്പിൽ എനിക്ക് ചിരിവന്നു.ചുവന്ന തലയിണ എന്റെ ഭാഗത്തും ഫോൺ അവളുടെ തൊട്ടപ്പുറത്തുമിരിക്കുന്നു.എനിക്ക് നൂണുകയറാൻ പുതപ്പിന്റെ ഒരു വശം തുറന്നു കിടക്കുന്നു.
   പുതപ്പിനുള്ളിൽ അവളും നഗ്നയായിരുന്നു.എന്റെ ശരീരത്തിന്റെ തണുപ്പ് പിന്നിൽ തട്ടിയപ്പോൾ അവളെന്നിലേക്ക് ചേർന്നുകിടന്നു.കഴുത്തിലിട്ട ഉമ്മകൾക്ക് പകരമവളിൽ ചിരികൾ.ഞാനവളുടെ പിന്നിൽ കൈകുത്തി ഉയരുന്നു.അവളുടെ ശരീരം കുനിയുന്നു.ട്രമ്പിന്റെ ഒരിയിടൽ.ഞങ്ങൾ കിതച്ചു. അവളെന്റെ വിരലുകളിൽ ഉമ്മ വച്ചു.ഏതോ മണത്തിനായി അത് മൂക്കിനോട് ചേർത്തു.
        "കീറിക്കളയാനാണെങ്കിൽ ഓരോന്നിങ്ങനെ എഴുതണോ..?" തിരിഞ്ഞു കിടന്ന്, വിരൽപ്പാടുള്ള എന്റെ കവിളിൽ ഉമ്മയോടെ അവളുടെ ചോദ്യം.വിയർപ്പൻ മുലകൾക്കിടയിലേക്ക് ഞാനപ്പോൾ മുഖം പൂഴ്ത്തിക്കളഞ്ഞു.ഒരു ഉത്തരം എനിക്ക് തികട്ടിവന്നു.ചുണ്ടിലൊട്ടിയ അവളുടെ വിയർപ്പുപ്പിനൊപ്പം ഞാനത് വിഴുങ്ങിയിറക്കി.
        "നമ്മുടെ ഇരട്ടക്കുട്ടികളും ഈ ട്രമ്പിന്റൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്‌നം കണ്ടു" അവളെന്റെ ശരീരമാകെ ഉമ്മകളിലൂടെ മണം പിടിക്കുന്നു.ചുണ്ടിലൊട്ടിയ പട്ടിപ്പൂടയുമായി അവളെ ന്നെ ചിരിയോടെ നോക്കി.ചുണ്ടിലിട്ട ഉമ്മകൾക്ക് കടുമാങ്ങ മണവും എരിവും,ഞാനും ചിരിച്ചു.
         "ചിലർ എഴുതുന്നത് ആർക്കും വായിക്കനുള്ളതാവില്ല"ഉത്തരം എന്റെ തൊണ്ടയിലൂടെ സാവധാനം ഞെരുങ്ങിയിറങ്ങി.
     അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു.അവളുടെ വാലിന്റെ ഭാഗത്തേക്ക് എന്റെ കൈ നീണ്ടുചെന്നു. ചുണ്ടിലേക്ക് ചെവി ചേർന്നു.എനിക്കപ്പോൾ വളരെ നീളമുള്ള ഒരു പാട്ടുണ്ടായി..!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636