Wednesday 4 May 2022

പട്ടിപ്പങ്ക്

പട്ടിപ്പങ്ക്..!

     വഴക്കിനിടയിൽ ഞാനവളുടെ മോന്തയ്ക്കിട്ട് ഒരെണ്ണമങ്ങ് പൊട്ടിച്ചു.അതിന്റെ ഇരട്ടി കനത്തില് എന്റെ മോന്തയ്ക്കും മുതുകിലുമായി അവള് നാലഞ്ചെണ്ണം തന്നു,എന്നിട്ട് കിടപ്പുമുറിയിലോടിക്കയറി വാതില് പൂട്ടിക്കളഞ്ഞു.അറിയുന്ന വിലയ തെറികളെല്ലാം ഞാൻ വിളിച്ചു,വാതിലിൽ പലവട്ടം ചവിട്ടി. പക്ഷേ അകത്തുണ്ടായ രണ്ടേരണ്ട് ചെറിയ ചിരിയിൽ അതെല്ലാം തകർന്നു തരിപ്പണമായി.
     ആദ്യ നോവലിനുവേണ്ടി ഓർമ്മകൾ കുറിക്കുന്ന ഡയറിയുമെടുത്ത് നിരാശയോടെ വരാന്തയിൽ വന്നിരുന്നു.ഞാനിപ്പോൾ ആത്മാംശം ഏറെയുള്ള ഒരു നോവലിന്റെ പണിപ്പുരയിലാണ് . പെണ്ണുങ്ങളെ,തല്ലിത്തോല്പിക്കാനും പാങ്ങില്ലാത്ത എന്നെപ്പോലുള്ളവർക്ക് കഥയോ നോവലോ ഇനി തെറിയോ ഒക്കെയാണല്ലോ നല്ലത്.                          
       നേരം നന്നേ ഇരുട്ടിലായിരിക്കുന്നു.പറമ്പിന്റെ നടുവിലുള്ള ഈ വീട്ടിൽ മനുഷ്യരായിട്ട് ഞാനും അവളുമാണുള്ളത്.എണ്ണമില്ലാത്ത പ്രാവുകൾ,ഗപ്പികളും മറ്റിനം വർണമത്സ്യങ്ങളും,രണ്ടു ജോഡി കുരുവി,രണ്ട് പൂച്ച,പിന്നെ ഒന്നര വയസുള്ള ഈ ട്രമ്പും ചേർന്നൊരു ജന്തുലോകവുണ്ട്..               
       അടിയും വഴക്കും ഞങ്ങൾക്ക് പതിവാണ്.സജീവ അംഗങ്ങളായിട്ടും, ജന്തുലോകത്തിന്റെ അലസമായ നോട്ടങ്ങൾപോലും ഇതിലേക്ക് കിട്ടാറില്ല.അതുകൊണ്ട് വലിയ പുതുമയൊന്നുമില്ല. അടിയുണ്ടാകുന്നത് ആരൊക്കെ തമ്മിലുള്ളതായാലും നാലാള് കാണാനില്ലെങ്കിൽ എന്തിനുകൊള്ളാം.? അടികൂടാൻ പിള്ളേരില്ലാത്തതിന്റെ ഏനക്കേട് ഞങ്ങള് തല്ലിത്തീർക്കുന്നു, എന്നാകും ആ ജന്തുക്കളും ചിന്തിക്കുക.
     രണ്ട് മനുഷ്യരുള്ള ഒരു വീടായാൽ വല്ലപ്പോഴുമിത്തിരി ചിരിയോ കരച്ചിലോ പുറത്തേക്ക് തെറിച്ചുവീഴണമല്ലോ.നോവലെഴുതാൻ തുടങ്ങിയ നാളുമുതൽ അവൾക്ക് മിണ്ടാഞ്ഞിട്ട് വിമ്മിട്ടം മുട്ടിയിരിപ്പാണ്."എന്റെ കാര്യമറിയാൻ നിനക്ക് നേരമില്ലല്ലോ"അടിക്കിടയിൽ അവളത് എണ്ണിയെണ്ണി പറയുന്നുണ്ടായിരുന്നു.കാര്യമായി വല്ലതും എഴുതാനാഗ്രഹമുള്ളവർ,പ്രണയമുള്ള പങ്കാളിയോട് ഒരു കൈയകലം പാലിക്കുന്നത് നന്നായിരിക്കും.ഈ നോവലൊന്നു പൂർത്തിയാകട്ടെ ദാമ്പത്യബാക്കി എന്നിട്ട് തീരുമാനിക്കാം.
       "ഇന്നുതൊട്ട് നിന്റെ ട്രമ്പിനുള്ള തീറ്റി നീ തന്നെ കൊടുത്തോണം,എന്നെയതിന് വിളിക്കരുത്"
എണ്ണ മണമുള്ള ചുവപ്പൻ തലയിണയോടൊപ്പം കടുപ്പൻ വാക്കുകളും അവളുടെ പുതിയ ഫോണും ഹാളിലേക്ക് വീണു.അവളുടെനേർക്ക് കുരച്ചോണ്ട് ചാടിയെഴുന്നേൽക്കാൻ തോന്നിയെങ്കിലും ഒരോർമ്മ വന്നെന്റെ തോളില് പിടിച്ചിരുത്തി.കണ്ണുകളും നീറി.കിടപ്പുമുറിയുടെ അടഞ്ഞ വാതിലും തത്ക്കാലം 'അത് മതി'യെന്ന തടസ്സം പറഞ്ഞു. 
     ഇന്നത്തെ അടിയുടെ കാരണം ട്രമ്പായിരുന്നു.അമേരിക്ക തെരഞ്ഞെടുപ്പ് ചൂടിലെത്തിയ കാലം. ലോകം മുഴുവൻ അയാള് തോക്കണേന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന നേരം.വീട്ടിലേക്കുള്ള ഇടവഴിയിൽ മീൻവണ്ടി തട്ടിയിട്ട പേരില്ലാത്ത തള്ളപ്പട്ടിയുടെ,മക്കളിൽ വെളുത്ത നിറമുള്ളതിനെ  ദത്തെടുത്ത ഞാൻ ട്രമ്പേന്ന് വിളിച്ചു.'ട്രമ്പേ'.....ന്നിങ്ങനെ നീട്ടി വിളിക്കുമ്പോൾ ഒരുത്തൻ വാലാട്ടി  നിൽക്കുന്നതും രസല്ലേ..?യുദ്ധക്കൊതിയൻ ട്രമ്പ് തോറ്റല്ലോ.ഇവിടെയുള്ളവൻ തടിച്ചുകൊഴുത്ത് ഞങ്ങളുടെ വീട്ടിൽ കലാപമുണ്ടാക്കുന്നു.
    ഞാനതിനെ കൊണ്ടുവന്ന കാലം മുതൽ അവൾക്കെന്നെയും അത്രയ്ക്ക് ഇഷ്ടമല്ല.അലക്കിയിട്ട പുതിയ ചുരിദാറിന്റെ ദുപ്പട്ട കടിച്ചു കീറിയതോട കൈവാക്കിന് കിട്ടുമ്പോഴെല്ലാം അതിനിട്ടും അവൾ രണ്ടെണ്ണം പൂശുന്നുണ്ട്.വെറുപ്പിന് മതിയായ കാരണങ്ങൾ ഇനിയുമുണ്ട്.
     രാവിലെ ട്രമ്പുമായിട്ടുള്ള എന്റെ നടത്തം.കെടിപ്പിടിച്ചുള്ള ഇരുപ്പുകൾ.മുണ്ടിലും ഉടുപ്പിലുമുള്ള പട്ടിമണം.അവളുടെ അരുമായായ ചെടികളിലേക്ക് ഞങ്ങളുടെ മൂത്രിക്കൽ.കെട്ടിയിടുന്ന രാത്രികളിലെ കൂവൽ.കടിച്ചെടുത്തുവരുന്ന അയൽവീട്ടിലെ കുട്ടികളുടെ ചെരുപ്പും കളിപ്പാട്ടങ്ങളും തിരികെ നൽകാനുള്ള യാത്രകൾ.ആ കുഞ്ഞുങ്ങളുടെ ചിരിയും,വീട്ടുകാരുടെ 'ഇനിയും വിശേഷമൊന്നുമായില്ലേ..'ന്ന സഹതപിക്കലും കളിയാക്കലുകളും.
    'കുട്ടികളുടെ ചെരിപ്പും കളിപ്പാട്ടങ്ങളും...' ഇവൻ ബോധപൂർവം കൊണ്ടിടുന്നതാണെന്ന് അവളുടെ  കണ്ണുനിറച്ചുള്ള ആരോപണം.എനിക്കും അതിലെന്തോ ശരി തോന്നിയിട്ടുണ്ട്.വടിയുമായി ചെല്ലുമ്പോൾ 'ഞാൻ നിങ്ങളെയത് ഓർമ്മിപ്പിക്കുന്നതല്ലേ...?'യെന്ന ഭാവത്തിൽ ട്രമ്പിന്റെ പതുങ്ങിയ ഒരു കിടപ്പുണ്ട്.വടി ഒടിയുന്നത് വരെ നിലത്തടിക്കുമ്പോൾ നിലവിളിയുള്ള കലക്കൻ അഭിനയവും.
   അസൽ ട്രമ്പിനേക്കാൾ വഷളാണ് ചിലനേരത്ത് അവന്റെ കെട്ടിപ്പിടിക്കലും സ്നേഹപ്രകടനങ്ങളും. ഇതെല്ലാം ഉള്ളിലുണ്ടെങ്കിലും രണ്ടുനേരവും അതിനവൾ തീറ്റ വയ്ക്കുന്നതാണ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നത്.ട്രമ്പിനെ അഴിച്ചുവിട്ടിട്ട് കിടക്കയിലേക്ക് കയറുന്ന എന്നെ അവൾ പതിവായി മണത്തുനോക്കും.പട്ടിമണമുണ്ടെങ്കിൽ തിരിഞ്ഞുകിടന്ന് തലയിണയെ,ഇല്ലെങ്കിലെന്നെയും കെട്ടിപ്പിടിക്കും.അവൾക്ക് കെട്ടിപ്പിടിക്കണം എന്നാലേ ഉറക്കം വരൂ. 
     പതിവില്ലാതെ ഫോണിൽ വീഡിയോകൾ നോക്കിയിരിക്കുന്ന അവൾ.പുറത്ത് ട്രമ്പിന്റെ കുരകൾ. "പട്ടിക്കെന്തെങ്കിലും കൊടുത്തോടീ..."ന്നുള്ള ചോദ്യം മൂന്നാമതും അവളുടെ മുന്നിൽ കണ്ണുരുട്ടി നിൽക്കുന്നു.ഏതോ തമാശയിൽ തട്ടി അവളുടെ നീണ്ട ചിരി.ഫോണിന് വേണ്ടിയുള്ള ഞങ്ങളുടെ കടിപിടി.മേശയിലിരുന്ന ഫൈറ്റർ മീനുള്ള കണ്ണാടിപ്പാത്രത്തിന്റെ പേടിച്ചുള്ള വീഴ്ച്ച.ഒരു കുപ്പിക്കും വെള്ളത്തിനും വേണ്ടി മീനുമായുള്ള എന്റെ പിടഞ്ഞോട്ടങ്ങൾ.പിന്നെ അടി,അവളുടെ തിരിച്ചടികൾ.
     ഇത്രയും രംഗങ്ങളാണ് ദേ, തൊട്ടു മുന്നിലൂടെ കടന്നുപോയത്.അവളപ്പോൾ തിന്നോണ്ടിരുന്നത് ഞാനിന്നലെയിട്ട കടുമാങ്ങാ അച്ചറായിരുന്നു.എനിക്കത് ശ്രദ്ധിക്കാനായില്ല.അവിടെയാണ് അടിപതറിയതും,കണ്ണു നീറിയതും.പെണ്ണുങ്ങളോളം രുചിക്കൂട്ടുകൾ നമുക്കറിയില്ലല്ലോ.
     ചോറിൽ മീനിന്റെ നാലഞ്ചു കഷ്ണങ്ങലിട്ട് നന്നായിക്കുഴച്ചു.അടുപ്പിന്റെ താഴെ വച്ചിരുന്ന പൂച്ചയുടെ പാത്രത്തിൽ ഒരല്പം വച്ചിട്ട്, ട്രമ്പിന്റെ അടുത്തേക്ക് നടന്നു.പാത്രത്തിൽ അവൾ വച്ച തീറ്റയുടെ ബാക്കി ഇനിയുമുണ്ട്.കിടപ്പുമുറിയുടെ ജനാലവഴി "പട്ടിക്ക് ഞാൻ തിന്നാൻ കൊടുത്തത് നീ കണ്ടോടാന്ന്..." അവളുടെ തുറിച്ചുനോട്ടം.'"ഫോണിൽ നോക്കിയിരുന്ന് ചിരിക്കാതെ, അതങ്ങ് വായതുറന്നു പറഞ്ഞിരുന്നെങ്കിൽ ഈ അടിനടക്കോന്ന്..?"മറുപടിയുള്ള എന്റെ ചിരിശ്രമം. 'അഴിച്ചുവിടോന്ന്...'ട്രമ്പിന് തുടലിളക്കം.കൊണ്ടുവന്നതും പാത്രത്തിൽ തട്ടിയിട്ട് തുടലഴിച്ചു.
     ട്രമ്പ് എനിക്കു ചുറ്റും നാലഞ്ചു തവണ ഓടി.ശേഷം അവളുടെ പുതിയ പനിനീർ ചെടിയിലേക്ക് മൂത്രമൊഴിക്കാൻ കാലുയർത്തി.ജനാല തെറിയുടെ താളത്തിലടഞ്ഞു.കിടപ്പുമുറിയിൽ വെളിച്ചങ്ങൾ കെട്ടു.റേഡിയോ അവൾക്കുവേണ്ടി പാടുന്നു.ചില രാത്രികളിൽ ഞാവളുടെ ചെവിയിൽ പാടാറുണ്ട്. ആ പാട്ടിന്റെ ദൂരമാണ് ഞങ്ങളുടെ പ്രണയത്തിന്റെ ആഴം.
     ഇരുകാലിൽ ഉയർന്ന് അവനെന്നെ കെട്ടിപ്പിടിച്ചു.ഞാനവന്റെ നെറ്റിയിൽ തലോടി,ഉമ്മ വച്ചു. വരച്ചതുപോലുള്ള ആ കണ്ണുകളിൽ പ്രണയം.വാലിന്റെ വയലിൻ വായന.വേദനിപ്പിക്കാത്ത കടി.
ഉടുത്തിരുന്ന മുണ്ടിൽ കാലടയാളമുള്ള ചെളിപ്പാട്.മടങ്ങിയ ചെവിയുടെ പിന്നിലിരുന്ന ഒരു പേനിനെ ഞാൻ നഖത്തിനിടയിലിട്ട് കൊന്നപ്പോൾ മൂളലുകൾ.പേൻ തിരയുന്ന എന്റെ നെഞ്ചിലെ വിയർപ്പുരസത്തെ അവന്റെ നാവ് ആർത്തിയോടെ ഒപ്പിയെടുക്കുന്നു.
     ട്രമ്പ് ഗേറ്റിന് വെളിയിലെ ഇരുട്ടിലേക്ക് ഒറ്റ ഓട്ടം.ഞാൻ പടിക്കെട്ടിലിരുന്നു.അതേ വേഗത്തിൽ തിരികെ വന്ന് എന്റെ മുന്നിലെ മണൽവിരിപ്പിൽ ഉരുണ്ടു.കാലിന്റെ പെരുവിരലിൽ നക്കി.
'ഇങ്ങ് വാടാ'ന്ന്. ഞാൻ കൈ നിവർത്തിപ്പിടിച്ചു.'വരൂലാ'ന്ന് വാലായിട്ട്..വീട്ടിനു പിന്നിലെ ഇരുട്ടിലേക്ക് എന്തോ തിരയുന്നതുപോലെ പാഞ്ഞു.
      പൈപ്പിന്റെ ചുവട്ടിൽ ചെളിയും ട്രമ്പിന്റെ മണവും കഴുകിക്കളയുമ്പോൾ പട്ടിഭ്രാന്തിനെക്കുറിച്ച് ചിന്തിച്ചു.ഡയറി തുറന്ന് എഴുതാനിരുന്നപ്പോൾ വിരലുകൾക്ക് മീൻകറിയുടെ മണം.ഞാനത് മൂക്കിനോട് ചേർത്തു,പിന്നെ നക്കിനോക്കാൻ കൊതിതോന്നി.
     ട്രമ്പ് എന്റെ കാൽച്ചുവട്ടിൽ കിതപ്പോടെ വന്നുകിടന്നു.അവൻ്റെ നോട്ടമപ്പോഴും ഇരുട്ടിലേക്കാണ്.  മെലിഞ്ഞ ഒരു പെൺപട്ടി ഇരുട്ടിനെ നൂണുവന്നു.ഗർഭിണിയെന്ന് അതിന്റെ മുലക്കണ്ണികളുടെ ഇളക്കം.ട്രമ്പിന്റെ കണ്ണിൽ പ്രണയം.പാത്രത്തിലെ ചോറിൽ ഒന്നിക്കുന്ന ചുണ്ടുകൾ.പിന്നിലൂടെ കുതിച്ചു കയറാനുള്ള ട്രമ്പിന്റെ ശ്രമങ്ങൾ.
      മീൻമണം തിന്ന പേനയോട് ഡയറിയിലെഴുതാനുള്ള തീയതി കൃത്യമായി ഞാൻ ഓർമ്മിപ്പിച്ചു.

          നോവലിലെ 'പട്ടിപ്പങ്കെന്ന'പത്താമത്തെ അധ്യായത്തിനുവേണ്ടി കുറിച്ചിട്ടത്.

     99ൽ ഞാൻ പത്താം തരത്തിലായിരുന്നു.ആ തവണ പത്തിൽ ഞങ്ങള് മൂന്നുപേർ.തെക്കൻ കേരളത്തിലെ സഭയുടെ കീഴിലുള്ള ബാലമന്ദിരം.ഒന്നിനും പത്തിനുമിടയിൽ വിശപ്പുമാത്രമുള്ള  എഴുപത്തിയഞ്ച് ആൺകുട്ടികൾ.നിറവും മണവും ഏതാണ്ട് ഒരുപോലെയാണ്.പേരുകൾക്ക് പകരം ചില നമ്പറുകൾ.എനിക്ക് കെ.എൻ.എച്ച് 0326.ജർമ്മനിയിലെ ഒരു നല്ല മനുഷ്യൻ ഈ നമ്പറുകാരന് അധ്വാനത്തിന്റെ ഒരു പങ്ക് കരുതുന്നുണ്ട്.അതാണ് നമ്പറിന്റെ ഗുട്ടൻസ്.ഉടുപ്പിലും നിക്കറിലും തോർത്തിലും പെട്ടിയിലും കിടക്കയിലും അങ്ങനെ അവർക്കുള്ള സകലതിലും ഈ നമ്പറുണ്ടാകും. അങ്ങനെ പേരെല്ലാം മറന്ന് അവരൊരു നമ്പറിന്റെ ഉള്ളിലാകും.
     അപ്പൻ കളഞ്ഞിട്ടുപോയത്,അമ്മ ഇല്ലാത്തത്,ആരുമില്ലാതായപ്പോൾ നാട്ടുകാരെത്തിച്ചത്, തിന്നാനില്ലാതായപ്പോൾ തന്തയും തള്ളയും കൊണ്ടുനിർത്തിയിട്ട് കരഞ്ഞോണ്ട് പോയത്. അതൊക്കെ പറയാൻ നിന്നാല് ആ ഏഴുപത്തിയഞ്ചിനും കൂടെ പത്തെഴുന്നൂറ്റമ്പത് കഥയുണ്ടാക്കാം.
     നാലര വയസിൽ അവിടെത്തിയ ഞാനായിരുന്നു അന്തേവാസികളിൽ സീനിയറും ഹീറോയും. പഠിച്ച് പോലീസായി വരണം.കളഞ്ഞിട്ടുപോയ അപ്പനെ കണ്ടുപിടിക്കണം.കൂമ്പിനൊന്ന് കൊടുക്കണം.അമ്മയോട് മാപ്പ് പറയിക്കണം.ഇങ്ങനെയെല്ലാം ഓർമ്മിപ്പിച്ച ഒരമ്മ,കൊണ്ടുവിട്ട കൂരിക്കാസ് ചെറുക്കാൻ.ഇതൊന്നും ഈ തീറ്റക്കുറിപ്പില് അത്ര പ്രസക്തമല്ല, വേണോങ്കിൽ അദ്ധ്യായത്തിന്റെ നീളം കൂട്ടാൻ ഇതൊക്കെ ചേർക്കാം.
     ഒന്നിലും പത്തിലും ഉള്ളോന്റെ പാത്രത്തിൽ തുല്യമായി അത്താഴം വിളമ്പിയാൽ ശരിയാകുമോ..? അതായിരുന്നു ഞങ്ങള് മൂന്നിന്റെയും വിഷയം.'പട്ടിപ്പങ്കിലും' കാര്യമായിട്ട് പറയാനുള്ളത് ഇതാണ്.
തീറ്റപ്പങ്കിലെ തുല്യത ഞങ്ങൾക്കന്നെല്ലാം അരവയറുറക്കം സമ്മാനിച്ചിരുന്നു.വിളമ്പുന്ന പിള്ളേരെ ഭീഷണിപ്പെടുത്തിയും,തീറ്റയ്ക്ക് മുന്നേയുള്ള പ്രാർത്ഥനയ്ക്ക് കണ്ണടച്ചിരിക്കുമ്പോൾ കൈയിട്ടു വാരിയും,തിന്നാൻ മടിയുള്ളോരോട് കൈനീട്ടി വാങ്ങിയും കാര്യങ്ങൾ ഒരുവിധമൊപ്പിക്കും.
      എനിക്ക് മറ്റൊരു വഴിക്കൂടെയുണ്ടായിരുന്നു,പ്രാർത്ഥന പ്രതിഫലം."കർത്താവേ ഈ ആഹാരം തന്നതോർത്ത് നന്ദി പറയുന്നു.തന്ന മക്കളെയും ഭുജിക്കുന്ന ഞങ്ങളെയും തൃക്കൺ പാർക്കേണമേ" ഊഴമനുസരിച്ച് എല്ലാവരും ഇത് കാണാതെ പറയണം.അറിയാത്തവർക്ക് ഞാൻ സഹായിയാകും. പകരം മുട്ടയുടെ മഞ്ഞ,മീനിന്റെ പകുതി,പഴം,ഒരു ദോശ അങ്ങനെ പാത്രത്തിപ്പങ്ക് കിട്ടും. ഇഷ്ടമുള്ളത് എടുക്കാം.അക്കാരണത്തൽ എല്ലാവരും തലകുത്തിനിന്നും തീറ്റപ്രാർത്ഥന പഠിക്കും.
     ഇനി ആരെങ്കിലും പാത്രം വയ്ക്കാൻ മറന്നാൽ ആ മേശയിലിരിക്കുന്ന പത്തുപേരും ഓരോ പിടി ചോറ്, പകുതി ദോശ, പുട്ടിന്റെ ഭാഗങ്ങൾ മനസില്ലെങ്കിലും പങ്ക് നൽകണം.പാത്രത്തിലെ നമ്പര് നോക്കിയാണ് എടുക്കേണ്ടത്.വലിയ മീനിന്റെ കഷ്ണം നോക്കി മാറിയെടുക്കുന്ന വിരുതന്മാരുമുണ്ട്.
     ചിലർ പ്രാർത്ഥിക്കുന്നത് കേട്ടാൽ ചിരിച്ചുപോകും.'ഭുജിക്കലും' 'തൃക്കൺ പാർക്കലും' തന്നെയാണ് കാരണം.പ്രാർത്ഥനയ്ക്ക് മുമ്പ് കൊതിയേറി വാരി വായിലിട്ടോന്റെ പ്രാർത്ഥനയെപ്പറ്റി പറയേണ്ടതില്ലല്ലോ.വായിൽ വെള്ളമൂറി നിൽക്കുന്നോന്റെ പ്രാർത്ഥന അതിലും രസമാണ്. ഇങ്ങനെയുള്ളതെങ്കിലും പ്രാർത്ഥനകളെല്ലാം ഈ ദൈവങ്ങളാരാനും കേട്ടോന്ന് തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്.
     ആ നഗരത്തിൽ കല്യാണത്തിനോ അടിയന്തിരത്തിനോ ഒരുക്കി വച്ചിട്ടുള്ള ഭക്ഷണം മിച്ചമായൽ, വീട്ടുകാരെല്ലാം ആദ്യമോർക്കുന്നത് ഞങ്ങളെയാണ്.തീറ്റ നിറച്ച ഓട്ടോ,ചിലപ്പോൾ ഒരു കുഞ്ഞൻ ലോറി ഞങ്ങളുടെ ഗേറ്റിന് മുന്നിൽ ബ്റേക്കിടും.ഞങ്ങളുടെ മുറികളിലും വരാന്തയിലും ആഘോഷത്തിന്റെ കൂറ്റൻ തിരയിളകും.കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും.മണലുരച്ച് അവനോന്റെ പാത്രങ്ങൾ കഴുകി തിളക്കമാക്കും.ഇനി ഏതെങ്കിലും കാശുള്ളോർക്ക് പിള്ളേരുടെ പിറന്നാളോ, അപ്പനമ്മമാരുടെ ഓർമ്മയോ ഞങ്ങൾക്കൊപ്പം കൊണ്ടാടാൻ തോന്നിയാലും താളം അതുതന്നെ. ഒന്നുരണ്ട് ദിവസം നിറഞ്ഞ വയറും വളികളുമായി കിടന്നുറങ്ങും.അപ്പോഴും പറയാൻ ദഹിക്കാത്ത ചില സംഗതികളുണ്ട്.
     തീറ്റയുമായി വരുന്നതിൽ ചിലർ ഒപ്പമിരുന്ന് കഴിക്കും.അടുക്കളയിലെ അലമാരകളിൽ സൂക്ഷിച്ച പൂപ്പാത്രങ്ങൾ അപ്പോഴാണ് എടുക്കുക.എന്നെങ്കിലും ആ പാത്രത്തിലിട്ട് കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എനിക്കല്ല അവിടുള്ള സകലർക്കും ആ സ്വപ്നം കാണും.ഒരിക്കൽ അതിഥികളിൽ ആരോ ബാക്കിവച്ചതിൽ പങ്ക് ആരും കാണാതെ വാരിത്തിന്നാണ് വലിയ ആഗ്രഹം പൂർത്തിയാക്കിയത്.അന്നെല്ലാം സ്‌പെഷ്യൽ പ്രാർത്ഥന, ഞാനായിരുന്നു.
     വന്നവർ ചിലപ്പോൾ ഞങ്ങളുടെ മുറികളിലെല്ലാം കയറി നോക്കും.മൂത്രമണത്തോട് ചിലർ മൂക്ക് പൊത്തും.പായയും പുതപ്പും തലയിണകളും സമ്മാനിക്കും.ചിലർ മക്കളുടെ പഴയ ഉടപ്പുകൾ തരും. അങ്ങനെ തുണിക്കിടയിൽ കയറിപ്പറ്റിയ ഒരു 'ബ്രാ'യുടെ കഥ അടുത്ത അദ്ധ്യായത്തിലുണ്ട്. ഇതിനിടയിൽ ഞങ്ങൾക്ക് പ്രതിഷേധമുള്ള സംഗതി മാറ്റൊന്നാണ്.
   ആ വെളുത്തു തുടുത്ത പിള്ളേരെ തൊടാനും മണപ്പിച്ചു നോക്കാനും ഞങ്ങളിൽ കുറേ എണ്ണം ശ്രമിക്കും.എല്ലാം കഴിയുമ്പോൾ ഞങ്ങളെ നിരത്തി നിർത്തി ഒരു ഫോട്ടോ പിടിക്കലുണ്ട്. അവിടെ ഞങ്ങള് ശരിക്കും തെറ്റും.ചെറിയോൻമാര് നിക്കറൂരി ക്യാമറയിൽ മറയില്ലാതെ കാണിക്കും.ഞങ്ങള് അല്പം മുതിർന്നോര് ആകാശം നോക്കും.ഇടത്തരം ടീമുകൾ മുഖംപൊത്തും.ഒരു ഫോട്ടോയിൽ പെട്ടതിന് പരമാവധി അഭിനയിച്ചു നിൽക്കുന്നവരുമുണ്ട്.തിന്നാൻ തന്നതൊക്കെ ശരിയാണ്, അതും പറഞ്ഞ് ക്യാമറനോക്കി ഇളിച്ചോണ്ട് നിൽക്കാനൊന്നും ഞങ്ങക്ക് വയ്യ.അതിന്റെ പേരിൽ വാർഡന്മാരുടെ അടി എന്തോരം കിട്ടിയിരിക്കുന്നു.അഭിമാനികളായ ഞങ്ങൾ അതൊക്കെ അന്നേ വിട്ടുകളയും.
    അതിഥികൾ പോയാലുടൻ കൊണ്ടുവന്നതിൽ ഒരു പങ്ക് വാർഡന്മാരുടെ വീട്ടിലേക്ക് പോകും. പാത്രങ്ങളുമായിട്ട് വരിവരിയായി പോകുന്ന പിള്ളേരും അവരെ പ്രാകുന്നുണ്ടാകും.ചിലർ പായസങ്ങളിൽ വിരല് മുക്കി നക്കിനോക്കും.തുച്ഛമായ ശമ്പളത്തിൽ ഞങ്ങൾക്ക് വേണ്ടിയാണ് അവരവിടെ കഴിയുന്നതെന്ന് വളരെ വൈകിയാണ് ഞാനും അറിഞ്ഞത്.അത് പോട്ടെ,അന്നൊക്കെ അങ്ങനെയല്ലേ ഞങ്ങൾക്ക് ചിന്തിക്കാനൊക്കു.എന്തായാലും ഇങ്ങനെ വല്ലതും കിട്ടുന്നേന്റെ അന്നും പിറ്റേന്നും ഞങ്ങൾക്കും അവിടുത്തെ പട്ടിക്കും വയറു നിറയും.ചളിച്ചു പോയത് കുഴിച്ചിടാനും ബാക്കിയുണ്ടാകും.അപ്പോൾ ഞങ്ങളുടെ ആ പ്രാക്കിന് ഊക്ക് കാണില്ലല്ലോ.
     പതിവ് തീറ്റക്രമമുള്ള നാളുകളിലാണ് സുന്ദരമല്ലാത്ത ചില കാര്യങ്ങൾ നടന്നിരുന്നത്.നാലു ചപ്പാത്തിയും ഇത്തിരി ഇറച്ചിക്കറിയും തന്നിട്ട് അടുക്കളയിലെ 'കുക്കണ്ണൻ' ബീഡി മണത്തോടെ എന്റെ ചുണ്ടിലും ഉമ്മ തന്നിട്ടുണ്ട്.തുടയിലുടെ ഒലിച്ചിറങ്ങുന്ന ശുക്ലത്തിന്റെ ഗന്ധം അന്ന് ഒട്ടുമിക്ക പിള്ളേർക്കുമുണ്ടായിരുന്നു.എട്ടു പാസ്സായപ്പോൾ ആ വേശ്യാപ്പങ്ക് ഞാനും വേണ്ടെന്ന് വച്ചു.നാലിലോ ആറിലോ ഉള്ള ഒരുത്തൻ അപ്പോഴും കുക്കണ്ണന്റെ ചപ്പാത്തിയും ഇറച്ചിച്ചാറും ബീഡി മണമുള്ള ഉമ്മകളും രുചിക്കുന്നുണ്ടാകും.കുക്കണ്ണനോട് അന്നുമിന്നും വെറുപ്പ് തോന്നിയിട്ടില്ലെന്നതാണ് മറ്റൊരു സംഗതി.
    കുക്കണ്ണന്റെ രതിക്കുള്ള പ്രായം കടന്നോരായ ഞങ്ങള് മൂന്നും, പിന്നീട് നോട്ടമിട്ടത് കറിവച്ച ഉരുളിയിൽ വീഴുന്ന പട്ടിപ്പങ്കായ നാലഞ്ചു തവി ചോറിലാണ്.പട്ടിക്ക് കൊടുക്കൽ ഡ്യൂട്ടി ഞങ്ങളിൽ മൂന്നിലാരെങ്കിലും സ്ഥിരമായി ഏറ്റെടുക്കും.രാത്രിയിൽ പട്ടികിടക്കുന്ന ഭാഗത്ത് പോകാനുള്ള ധൈര്യം ഞങ്ങൾക്കല്ലേ ഉള്ളു.ഉരുളിയിലിട്ട ചോറുമായി ഒരാൾ അടുക്കളയുടെ പടികളിറങ്ങി വരുന്നതും കാത്ത്, ഇരുട്ടിൽ രണ്ടാളുണ്ടാകും.മീനോ ഇറച്ചിയോ രുചിക്കുന്ന ചാറിൽക്കുഴഞ്ഞ പട്ടിപ്പങ്കിന്റെ നല്ലൊരു ഭാഗവും ഞങ്ങള് തിന്നും.
     പടിക്കെട്ടിന്റെ മുകളിൽ നിൽക്കുന്ന കുക്കണ്ണൻ ഞങ്ങളെ കാണാത്ത ഭാവത്തിൽ നാടകീയമായി ബീഡി വലിക്കും.ചിലപ്പോൾ എന്നെനോക്കിയൊന്ന് ചിരിക്കും.പട്ടിപ്പങ്കിൽ വല്ലപ്പോഴും മീനിന്റെ, ഇറച്ചിയുടെ കഷ്ണങ്ങൾ കാണുന്നതിലുള്ള ഗുട്ടൻസ് എനിക്ക് മാത്രം പിടികിട്ടും.പട്ടിയുടെ  പാത്രത്തിലെ ഇത്തിരി ചോറിൽ മണ്ണും വാരിയിടും.ബാക്കിയിരിക്കുന്ന തീറ്റയിൽ മണ്ണുമാന്തിയിട്ട പട്ടിയുടെ അഹങ്കാരം  വാർഡന്മാർ പിറ്റേന്ന് വെളുപ്പിന് കണ്ടുമനസിലാക്കും.
      പട്ടിപ്പങ്ക് തിന്ന രാത്രികളിൽ എനിക്കങ്ങനെ ഉറക്കം കിട്ടില്ല.കാര്യങ്ങൾ സ‌കലരോടും വിളിച്ചു പറയാനാഗ്രഹമുള്ള കുരയിൽ എനിക്കലിവുതോന്നും.ജനാലയിലൂടെ ഞങ്ങൾ പരസ്പരം നോക്കും. പിറ്റേന്ന് ഞനെടുക്കുന്ന പങ്കിൽ അല്പം കുറവുവരും.അതിന്റെ മുന്നിലെ പങ്കിൽ മണ്ണിടാനും മറക്കും. അങ്ങനെ നോക്കിയാൽ എന്റെ തടിയിൽ പട്ടിപ്പങ്കിന്റെ മുഴുപ്പുമുണ്ട്.ട്രമ്പിനെ കൊണ്ടുവന്നതും,തീറ്റ കൊടുത്തിട്ടു മതിവരാത്തതും ആ നാളുകളുടെ നന്ദിയുള്ള ഓർമ്മയിലായിരിക്കാം.

     എഴുതി നിർത്തിയപ്പോൾ ഡയറിയിലും മീൻകറിമണമായി.പതിവുപോലെ ആ താളുകളും  ചെറിയ കഷ്ണങ്ങളാക്കി മുറ്റത്തിട്ടു.ഡയറിയുടെയും എന്റെയും ഭാരങ്ങൾ കുറഞ്ഞു വരുന്നു.നാളെ ചൂലുമായി മുറ്റത്ത് നിൽക്കുന്ന അവൾ, എന്നെയും അവന്റെ പാത്രത്തിലെ തീറ്റയേയും കുറിച്ച് നല്ല പള്ളുപറയും.അതൊന്നും എനിക്കൊരു വിഷയമേ അല്ല.ട്രമ്പ് എന്നെ തലയുയർത്തി നോക്കി. 
പട്ടിപ്പാത്രത്തിൽ എത്തിനോക്കിയിട്ട് വീട്ടിനുള്ളിലേക്ക് കയറുമ്പോൾ അവന്റെ വയറ്റിൽ ഒന്നു തൊട്ടു. കമഴ്ന്നു കിടന്ന് എന്നോട് കൈകൾ വീശി,വാലിന് എന്റെ കാലിൽ തൃപ്തിപ്പെടുത്തുന്ന മേളം.
      പുതിയ കുപ്പിയിലേക്ക് മാറ്റിയതിൽ ഫൈറ്റർ മീനിന് പരിഭവങ്ങളൊന്നുമില്ല.ഞാൻ മൂക്ക് മുട്ടിച്ചപ്പോൾ ഓടിവന്ന് ഒരുമ്മ തന്നിട്ട് പിന്നിലേക്ക് പോയി.പൊട്ടിക്കിടന്ന ചില്ലുകളിൽ കാലുതട്ടി, മുറിയും മുൻപ് ഞാൻ പിൻവലിച്ചു.ചൂലിനും കോരിക്കുമിടയിൽ അടിപൊട്ടലിന്റെ കാരണം ഞാനോ അവളോയെന്ന് ചില്ലുകളുടെ തർക്കം.മതിലിനോട് ചേർത്ത് ഇരുട്ടിലേക്ക് തട്ടുമ്പോഴും അവരത് നിർത്തിയില്ല.വീട്ടിനുള്ളിലേക്ക് കയറുമ്പോൾ പ്രാവിണകൾക്ക് ഇനിയും തീരാത്ത ദാമ്പത്യക്കുറുകൽ. ഇന്നോളം പിണങ്ങാത്ത കുരുവികൾ കൂട്ടിൽ കൊക്കുരുമുന്നു.എനിക്കവരോട് അസൂയ ഉണ്ടായി.      
      നിലത്തെ നനവിൽ കാല് വഴുതാൻ തുടങ്ങി.അടുക്കളയുടെ മൂലയിലിരുന്ന തുടപ്പ് 'തുടച്ചിട്ടോന്ന്'  വാപൊത്തിച്ചിരിച്ചു.സെറ്റിയിൽ ടീ.വിയുടെ റിമോട്ടിൽ തലവച്ച് കിടക്കുന്ന പൂച്ച എന്റെ മടിയിലേക്ക് കയറി.മറ്റൊരെണ്ണം കാലിൽ മുട്ടിയുരുമി നിന്നു.ചാനലുകൾ തെളിയുന്നില്ല. കേബിളിന്റെ തുക ഫോണിൽ നിന്നയച്ചു.കസേരയുടെ അടിയിൽക്കിടന്ന അവളുടെ ഫോണിന്റെ സ്‌ക്രീനിൽ ട്രമ്പിനെ മടിയിൽ വച്ചിരിക്കുന്ന എന്റെ ചിത്രം.ഉറങ്ങിയിരുന്ന പൂച്ചയെ മാറ്റുമ്പോൾ മടിയിൽ ചെറിയ ചൂട്.
     കിടപ്പുമുറിയുടെ വാതിലവൾ ചരിയിട്ടേയുള്ളൂ.ഫോണും തലയിണയും അവളുടെ കാലിനരികിൽ വച്ചു.ശുചിമുറിയിൽ കയറുന്നതിന് മുമ്പ് പട്ടിമണമുള്ള കൈലിമുണ്ടഴിച്ച് അലക്കുകൂടയിലിട്ടു. പുതപ്പിനുള്ളിൽ നിന്നപ്പോൾ ചിരിപൊട്ടി.ദേഹത്ത് വെള്ളം വീണപ്പോൾ മൂത്രമൊഴിക്കാൻ തോന്നി. മൂലയിൽ കുത്തിച്ചാരിയിരുന്ന അവളുടെ കറുപ്പൻ ചെരുപ്പിന്റെ വൃത്തിയുള്ള ഇരുപ്പ് കണ്ടിട്ട് മറ്റൊരു വഴക്കിന്റെ കാരണമായ ആ മഞ്ഞിച്ച മൂത്രവും ഒഴുക്കിക്കളഞ്ഞു.എത്ര ഉരച്ചിട്ടും ഒഴുകിപ്പോകാതെ ഒരു വെളുപ്പൻ പട്ടിപ്പൂട എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ചിരിക്കുന്നു.
       നനവോടെ പുറത്തു വന്നപ്പോൾ ഇരുമ്പൻ അലമാരയുടെ കൈ, തോർത്ത് നീട്ടി.കട്ടിലിന് താഴെ വിരിച്ചിരുന്ന ചവിട്ടി കാലിന്റെ ഈർപ്പങ്ങൾ വലിച്ചുകുടിച്ചു.നനഞ്ഞകാലുള്ള എന്നെയവൾ കെട്ടിപ്പിടിക്കില്ല.കെട്ടിപ്പിടിച്ചാലോ പുലരുവോളം മൂത്രമൊഴിക്കാൻ പോലും വിടില്ല.തലയിണ കെട്ടിപ്പിടിച്ചു പുതച്ചുമൂടിയുള്ള അവളുടെ ഇളകുന്ന കിടപ്പിൽ എനിക്ക് ചിരിവന്നു.ചുവന്ന തലയിണ എന്റെ ഭാഗത്തും ഫോൺ അവളുടെ തൊട്ടപ്പുറത്തുമിരിക്കുന്നു.എനിക്ക് നൂണുകയറാൻ പുതപ്പിന്റെ ഒരു വശം തുറന്നു കിടക്കുന്നു.
   പുതപ്പിനുള്ളിൽ അവളും നഗ്നയായിരുന്നു.എന്റെ ശരീരത്തിന്റെ തണുപ്പ് പിന്നിൽ തട്ടിയപ്പോൾ അവളെന്നിലേക്ക് ചേർന്നുകിടന്നു.കഴുത്തിലിട്ട ഉമ്മകൾക്ക് പകരമവളിൽ ചിരികൾ.ഞാനവളുടെ പിന്നിൽ കൈകുത്തി ഉയരുന്നു.അവളുടെ ശരീരം കുനിയുന്നു.ട്രമ്പിന്റെ ഒരിയിടൽ.ഞങ്ങൾ കിതച്ചു. അവളെന്റെ വിരലുകളിൽ ഉമ്മ വച്ചു.ഏതോ മണത്തിനായി അത് മൂക്കിനോട് ചേർത്തു.
        "കീറിക്കളയാനാണെങ്കിൽ ഓരോന്നിങ്ങനെ എഴുതണോ..?" തിരിഞ്ഞു കിടന്ന്, വിരൽപ്പാടുള്ള എന്റെ കവിളിൽ ഉമ്മയോടെ അവളുടെ ചോദ്യം.വിയർപ്പൻ മുലകൾക്കിടയിലേക്ക് ഞാനപ്പോൾ മുഖം പൂഴ്ത്തിക്കളഞ്ഞു.ഒരു ഉത്തരം എനിക്ക് തികട്ടിവന്നു.ചുണ്ടിലൊട്ടിയ അവളുടെ വിയർപ്പുപ്പിനൊപ്പം ഞാനത് വിഴുങ്ങിയിറക്കി.
        "നമ്മുടെ ഇരട്ടക്കുട്ടികളും ഈ ട്രമ്പിന്റൊപ്പം ചെടിയിൽ മൂത്രമൊഴിക്കുന്നതായി സ്വപ്‌നം കണ്ടു" അവളെന്റെ ശരീരമാകെ ഉമ്മകളിലൂടെ മണം പിടിക്കുന്നു.ചുണ്ടിലൊട്ടിയ പട്ടിപ്പൂടയുമായി അവളെ ന്നെ ചിരിയോടെ നോക്കി.ചുണ്ടിലിട്ട ഉമ്മകൾക്ക് കടുമാങ്ങ മണവും എരിവും,ഞാനും ചിരിച്ചു.
         "ചിലർ എഴുതുന്നത് ആർക്കും വായിക്കനുള്ളതാവില്ല"ഉത്തരം എന്റെ തൊണ്ടയിലൂടെ സാവധാനം ഞെരുങ്ങിയിറങ്ങി.
     അവളെന്നെ മുറുകെ കെട്ടിപ്പിടിച്ചു.അവളുടെ വാലിന്റെ ഭാഗത്തേക്ക് എന്റെ കൈ നീണ്ടുചെന്നു. ചുണ്ടിലേക്ക് ചെവി ചേർന്നു.എനിക്കപ്പോൾ വളരെ നീളമുള്ള ഒരു പാട്ടുണ്ടായി..!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment