Thursday 5 May 2022

ഭയമ്പുരാണം.

ഭയമ്പുരാണം.!

      പ്രകൃതിവിരുദ്ധവും പോക്‌സോയും ചേർത്താൽ മിനിമം പത്തുപന്ത്രണ്ട് കൊല്ലമെങ്കിലും അകത്ത് കിടക്കേണ്ടിവരുമെന്ന് മനസിലാക്കിയ അമ്പു,അട്ടിപ്പേറിന്റെ ജീപ്പിലേക്ക് 'രക്ഷിക്കണേന്ന..' ഭാവത്തിലാണ് കയറിയിരുന്നത്.'പടിക്കൽ'കമ്പനിയുടെ എസ്റ്റേറ്റ് ഫാമിലെ തിന്നുകൊഴുത്ത  വെള്ളപ്പന്നികളെ കശാപ്പിനിറക്കി,വടക്കോട്ട് മടങ്ങിപ്പോകാൻ നിൽക്കുകയായിരുന്നു അട്ടിപ്പേറിന്റെ ജീപ്പ്.
       വടക്കൻ കാടിന്റെ ഇളം തണുപ്പിലൂടെ പടിക്കൽ ജീപ്പിന്റെ വെളുത്ത കൊമ്പുകൾ രാത്രിയുടെ പുതപ്പിനുള്ളിലേക്ക് തുളച്ചുകയറുന്നു.കരളുകലങ്ങിയ അമ്പുവിന്റെ നനഞ്ഞ കണ്ണുകൾ വഴിക്കിരുവശവും തന്നെപ്പോലെ ഭയന്നോടിയൊളിക്കുന്ന പാവം മരങ്ങളിലായിരുന്നു.അട്ടിപ്പേറ് മൂന്നാമത്തെ ഗിയറിലിരുന്ന രോമൻ കൈവലിച്ച് അമ്പുവിന്റെ തുടയിലൊന്നു നുള്ളി. 'നിനക്ക് ഞാനില്ലേ..വിഷമിക്കാതെ കാര്യം പറയെടാന്ന്...'അത്രയും പ്രണയത്തോടെ ഓർമ്മിപ്പിച്ച് ജീപ്പിനൊപ്പം അവന്റെയും ഗിയറുമാറ്റി വിട്ടു. 
      അട്ടിപ്പേറിന്റെ കൈയെടുത്ത് ചുണ്ടിൽ ചേർത്തിട്ട് 'ഒന്നുമില്ലണ്ണാന്ന്..' തലക്കുലുക്കിയ അമ്പു ചിരിക്കാനും ശ്രമിച്ചു. 'ഞാൻ ചത്തേന്നുള്ള' അവന്റെ ഇരിപ്പുകണ്ട അട്ടിപ്പേറിന്, കവിളിലും ചുണ്ടിലും ഒരോ ഉമ്മകൂടെ കൊടുക്കാൻ തോന്നി.അവർ തമ്മിലുള്ള സുന്ദരമായ ബന്ധത്തെപ്പറ്റിയാണെങ്കിൽ ? ഇങ്ങനെയൊക്കെ കേട്ടാൽപോലും നെറ്റിയിൽ ചുളിവുള്ള നിങ്ങളരെയും ബോധ്യപ്പെടുത്താൻ പാകപ്പെട്ടതായിരുന്നില്ല.
      അമ്പുവിന് അങ്ങനെ ആരുമില്ല,അട്ടിപ്പേറിനും.അട്ടിപ്പേറിന്റെ കൂടെ കിടന്നും നടന്നുമാണ് അവൻ വണ്ടിപ്പണി ഉൾപ്പെടെ സകല വേലകൾ പഠിച്ചതും, ഒരു കുഞ്ഞു വീട് വച്ചതും.'ഒന്നുമില്ലെന്നൊക്കെ' പറഞ്ഞെങ്കിലും,എട്ടിലും പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന നാട്ടിലെ നാലു കലിപ്പ് പിള്ളേരായിരുന്നു അമ്പുവിന്റെ ഇപ്പോഴുള്ള പ്രശ്നം.അമ്പു കാര്യങ്ങളുടെ വശം ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.     
       കഞ്ചാവ് വലിക്കാനും ക്ലിപ്പുകൾ കണ്ട് ജോയിന്റ് കുത്തിവയ്ക്കാനും അമ്പുവിന്റെ ഒറ്റമുറി വീടായിരുന്നു കലിപ്പ് പിള്ളേരുടെ താവളം.അതിൽ എട്ടാം ക്ലാസിലെ 'കിളുന്ത്' ചെറുക്കൻ അമ്പുവിന്റെ 'വീക്നെസാ'യിരുന്നു.പിള്ളേരെല്ലാം പ്ലാനിട്ട് 'അതെല്ലാം'വീഡിയോയിലാക്കി.സ്‌കൂളില് പറയും, നെറ്റിലിടും,പോലീസിൽ കാണിക്കും,ഇങ്ങനൊക്കെ ഭീഷണിയാക്കി അമ്പുവിനെ ശരിക്കങ്ങ് ഊറ്റി.ഒടുവിൽ നാലെണ്ണവും ചേർന്ന് അറ്റകൈപ്പണി തുടങ്ങിയപ്പോഴാണ് വീടും പൂട്ടിയിട്ട്, ഈ ഒളിച്ചോട്ടം അവൻ തീരുമാനിച്ചത്. 
      കലിപ്പ് പിള്ളാരെ ഒതുക്കാനും, അതുവരെയുള്ള ഒരു താവളം ഒപ്പിച്ചുതരാനും അട്ടിപ്പേറിനാവും. അട്ടിപ്പേറിനേ കഴിയൂ..'പടിക്കൽ' ലോറിയിൽ കിളിയായിരുന്ന നാളുകളിൽ അമ്പുവിന് അതൊക്കെ ബോധ്യംവന്നതാണ്.പിള്ളാരെ നാലിനേയും പന്നിയെ ഇരുമ്പുകൂടത്തിന് അടിക്കുമ്പോലെ അട്ടിപ്പേറ് ഒതുക്കും.ഭയത്തിന്റെ ഉള്ളിൽ അതുവരെ അണകെട്ടി വച്ചിരുന്ന ചിരിയുടെ നനവ് അമ്പുവിന്റെ ചുണ്ടിലൂടെ പതിയെ ഒലിച്ചിറങ്ങി.
        വീടിന്റെ താക്കോലും കൈയിൽ പിടിച്ചിരുന്ന് സ്വപ്നം കാണുന്ന അമ്പുവിന്റെ തുടയിലും നെഞ്ചിലും അട്ടിപ്പേറിന്റെ കൈപ്പാമ്പ് ഇഴഞ്ഞുനടന്നു.താക്കോലു വാങ്ങി ഡാഷ് ബോഡിലിട്ട്,
അതിനുള്ളിൽ കിടന്ന സിഗരറ്റിലേക്ക് അട്ടിപ്പേറ് ഒന്ന് നോക്കി.സിഗരറ്റിന് തീ കൊടുത്ത് അമ്പു ആദ്യ പുകയെടുത്തു.ബാക്കി അട്ടിപ്പേറിന്റെ ചുണ്ടിലും തിരുകിവച്ചു.കാടിന്റെ കുടലിലൂടെ ദഹിക്കാത്ത തീറ്റപോലെ പടിക്കൽ ജീപ്പ് സാവധാനം ഇറങ്ങിപ്പോയി.ഉറക്കം തൂങ്ങിയ അമ്പുവിന് വേണ്ടി ജീപ്പു നിർത്തി വശത്തെ ചില്ലുകൾ അട്ടിപ്പേറ് ഉയർത്തിവച്ചു.ഉടുത്തിരുന്ന കാവി മുണ്ടഴിച്ച് പുതപ്പിച്ചു. നെറ്റിയിൽ ഉമ്മയും പിടിപ്പിച്ചു.
      പന്നികളുടെ കൂട്ടക്കരച്ചിലാണ് അമ്പുവിനെ വിളിച്ചുണർത്തിയത്.ജീപ്പിന്റെ ബോണറ്റിൽ അവന്റെ കിടപ്പും നോക്കിയിരിക്കുന്ന അട്ടിപ്പേറ്.ചുണ്ടിലെരിയുന്ന സിഗരറ്റ് ,ചോര തെറിച്ച നീല വരയൻ ഉടുപ്പ്. മുട്ടോളം വരുന്ന കാക്കി നിക്കർ.അട്ടിപ്പേറ് രക്തക്കറയുള്ള കൈ നീട്ടി.കുഞ്ഞമ്പു, താൻ മൂടിയിരുന്ന കാവിമുണ്ട് ചുരുട്ടി എറിഞ്ഞുകൊടുത്തു.
      രാത്രിയിൽ എത്തിയതോ,ചാക്കുവിരിച്ചു കിടന്നതോ അമ്പുവിന് ഓർത്തെടുക്കാനായില്ല. തലയിലൂടെ പ്ലാസ്റ്റിക് ചാക്കിട്ട് മൂടി പന്നികളെ നടത്തുന്ന ഫാമിലെ പണിക്കാരുടെ ബഹളം.മറ്റൊരു ഭാഗത്ത് ഇരുമ്പ് കൂടത്തിന്റെ അടിയേറ്റ് ഇറച്ചിയാകുന്നവയുടെ കരച്ചിൽ.അട്ടിപ്പേറിന്റെ ചിരിയിൽ അമ്പുവിന് വഴുവഴുപ്പുള്ള ആ രഹസ്യ മണവും കിട്ടി.അടുത്തിരുന്ന് പുകയുന്ന ഒരു കറുപ്പൻ കാപ്പി 'നാണിക്കാതെ എടുത്തു കുടിയെടാന്ന്' ഓർമ്മിപ്പിച്ചു. 
      മുണ്ടും കുടഞ്ഞുടുത്ത് അട്ടിപ്പേറിന്റെ വരവു കണ്ട അമ്പു ചാക്കിൽ എഴുന്നേറ്റിരുന്നു. 
"അവിടെ ഡ്രൈവറു പണിയാണ്.കക്ഷി ഒരു പഴയ എസ്.പിയായിരുന്നു.ഇത്തിരി പ്രാന്തുണ്ട്. യൂണിഫോമിട്ട അവസാന കാലത്ത് ഏതോ ഒരു ചെറുക്കനെ ഉരുട്ടിക്കൊന്നേന് കിട്ടിയ കോളാണ്. പടിക്കലിന്റെ സകല കമ്പനിയിലും ആ പ്രാന്തന് മുതൽ മുടക്കുണ്ട്.മക്കളൊന്നും നാട്ടിലില്ല.വരാനും പോണില്ല. എസ്.പി വിചാരിക്കണത് ഇപ്പഴും സർവീസിലൊണ്ടെന്നാണ്." ഒരു പന്നി പണിക്കാരുടെ പിടിവിട്ട് കാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നു.അട്ടിപ്പേറ് പണിക്കാരെ രൂക്ഷമായി ഒന്നു നോക്കിയിട്ട് തുടർന്നു.
        "ഇപ്പൊ യൂണിഫോമൊന്ന് അഴിച്ച് വയ്ക്കാൻ പോലും കക്ഷിക്ക് പേടിയാണ്.അന്ന് ഇവര് കൊന്നുകളഞ്ഞ ചെറുപ്പക്കാരന്റെയും,കേസ് നടത്തിനടത്തി ഒടുവിൽ തൂങ്ങിമരിച്ച ചെറുക്കന്റെ തന്തേം തള്ളേം ആത്മാക്കളായി അയാളെ കാണാൻ വരാറുണ്ടെന്നും പറഞ്ഞ് മുറിയിൽ ബൈബിളും വായിച്ചോണ്ട് ഒറ്റയിരുപ്പാണ്.." എന്നിട്ടും അമ്പുവിന്റെ മുഖം തെളിയുന്നില്ലെന്ന് കണ്ടപ്പോൾ അട്ടിപ്പേറ് അവൻ്റെ ചെവിയോട് ചേർന്ന് പറഞ്ഞു.
      "നിന്നെപ്പണിത പിള്ളേരുടെ കാര്യം ഞാനേറ്റെടാ.ഞാൻ വരും, നിന്നെ വിളിച്ചോണ്ട് പോരും.ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് കുറച്ചു നാളവിടെ പിടിച്ചുനിൽക്ക്..." കുന്തിച്ചിരുന്ന അട്ടിപ്പേറ് വീണ്ടും ആശ്വാസ വാക്കിന്റെ വെളുപ്പൻ പുകയൂതി വിട്ടു.സിഗരറ്റിന്റെ ബാക്കി അവന്റെ ചുണ്ടിലേക്ക് തിരുകിവച്ചു.
        വലിയ ഒരു കൂടവുമായി പന്നിക്കൂട്ടിലേക്ക് നടന്നുപോകുന്ന അട്ടിപ്പേറിനെ ആരാധനയോടെ അമ്പു നോക്കിയിരുന്നു.ചൂടൻ കാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അട്ടിപ്പേറ് ഉയർത്തിപ്പിടിച്ച കൂടത്തിന്റെ മുന്നിൽ പന്നികൾക്ക് പകരം കലിപ്പ് പിള്ളേരുടെ നാലു തലകളും നിരത്തി വച്ച്,‌ ഇഷ്ട രംഗങ്ങൾ നിർമ്മിച്ചു.പക്ഷേ വരിയിലവസാനമുള്ള എട്ടിലെ ചെക്കന്റെ നനഞ്ഞ കണ്ണുള്ള ചുവന്ന മുഖം കണ്ടപ്പോൾ അണ്ണാക്കിന്റെ ഭാഗം കാപ്പിച്ചൂടിൽ ഇത്തിരി പൊള്ളിപ്പോയി.
     ഒരു കറുത്ത ജീപ്പിന്റെ വരവോടെ ഫാമിന്റെ അന്തരീക്ഷം മാറി.കൂടവും എറിഞ്ഞുകളഞ്ഞ് ഏഴടി ഉയരക്കാരന്റെ മുന്നിൽ വിനയം ചേർത്ത് കൈകെട്ടി നിൽക്കുന്ന അട്ടിപ്പേറിനെക്കണ്ട് അമ്പുവിന് നിരാശ തോന്നി.പന്നികളെ നിറച്ച മറ്റു ജീപ്പുകൾ എത്ര പെട്ടെന്നാണ് സ്ഥലം വിട്ടത്.അട്ടിപ്പേറിന്റെ കലങ്ങിയ വരവുകണ്ട്, അമ്പു തന്റെ കവറും എടുത്ത് തയാറായി നിന്നു.'വേഗം ചെന്ന് ആ ജീപ്പിൽ കേറിക്കോ..' അട്ടിപ്പേറിന്റെ നോട്ടത്തിൽ അമ്പുവിന് ഇനി അഭിനയിക്കാനുള്ള രംഗങ്ങൾ വായിച്ചെടുക്കാൻ കഴിഞ്ഞു.
        സൂര്യന്റെ സത്യത്തിന് പകലുപോലും ചെല്ലാൻ കഴിയാത്ത കാടിന്റെ ഉള്ളിലേക്ക് അമ്പുവുമായി ജീപ്പ് പാഞ്ഞുകയറുന്നത് അട്ടിപ്പേറ് നോക്കിനിന്നു.ഒന്നു രണ്ട് വട്ടം കണ്ണാടി വഴി ഏഴടിക്കാരന്റെ കണ്ണുകൾ അമ്പുവിന്റെ നോട്ടത്തിൽ ചെന്നുമുട്ടി.നോട്ടത്തിന് പ്രതികാരമായി ജീപ്പിന്റെ വേഗത കൂട്ടി.
അമ്പു പുറത്തുള്ള മരങ്ങളെ നോക്കി 'ഓടിക്കോ, ഓടി രക്ഷപ്പെട്ടോ..' അവർ മുന്നറിയിപ്പു നൽകി.
        ചിരി ചത്തു കിടക്കുന്ന മുഖം, വെട്ടിയൊതുക്കിയ തലമുടി,ചുവപ്പൻ കണ്ണുകളിൽ ആരെയും സംശയിക്കുന്ന നോട്ടം.കറുത്ത ബനിയന്റെ ഉള്ളിൽ പൊട്ടിത്തെറിക്കാൻ പാകത്തിനുള്ള മസിലുകൾ.വഴിയിൽ നിന്നു കയറിയ മറ്റൊരു ഏഴടിക്കാരനും,വണ്ടി ഓടിക്കുന്നവനും ഇരട്ടകളെന്നു തോന്നിപ്പിക്കുന്നു.മൂന്നാമത് വന്നവനും തനി പകർപ്പ്.ഏതോ കമ്പനിയുടെ അച്ചിൽ എന്തിനോ വേണ്ടി വാർത്ത യന്ത്ര മനുഷ്യരെപ്പോലെയുള്ളവർ.
       മൂന്നാമൻ അമ്പുവിനെ ജീപ്പിൽ നിന്ന് വലിച്ചു പുറത്തിട്ടു.ചാരി നിർത്തി ദേഹമാസകലം പരിശോധന നടത്തി.ഒരുത്തന്റെ  ബെൽറ്റിനിടയിൽ തിരുകിയ തോക്ക് കണ്ടപ്പോൾ അമ്പുവിന്റെ മുണ്ട് അഴിഞ്ഞു വീണു.എന്നിട്ടുപോലും ഏഴടിക്കാർക്ക് ചിരി വന്നില്ല. 
       അമ്പുവിനെ വാരിയെടുത്തപോലെ മൂന്നാമൻ കാട്ടിലേക്ക് കയറി.പുല്ലു മുളയ്ക്കാൻ ഭയന്നു നിൽക്കുന്ന ചരൽ വഴി കടന്നപ്പോൾ, ചെമ്പൻ താഴിട്ട കൂറ്റൻ ഗേറ്റ്‌.മതിലിന്റെ ഒരു തൂണിൽ രണ്ട് വരിയിൽ സ്വർണ നിറത്തിലെഴുതിയ കറുപ്പൻ ബോർഡ്‌.അമ്പു വായിച്ചു.'പടിക്കൽ ബംഗ്ലാവ്- മൂന്ന്. റിട്ടയേർഡ് എസ്.പി ലോറൻസ്‌ മൈക്കിൾ.' 'റിട്ടയേർഡ്' എന്ന മുൻവാക്കിൽ എന്തോകൊണ്ട് ഇടിച്ചു പൊട്ടിക്കാൻ ആരോ ശ്രമിച്ചതിന്റെ അടയാളം.
       വലിച്ചെറിഞ്ഞതു പോലെയാണ് അമ്പു ഗേറ്റിനുള്ളിലേക്ക് ചെന്നുവീണത്.ഏഴടിക്കാരൻ ഗേറ്റ് പൂട്ടി തിരിഞ്ഞു നിന്നു.അമ്പുവിന്റെ നേർക്ക് പാഞ്ഞുവന്ന കറുത്ത പട്ടികളെ ബംഗ്ലാവിനുള്ളിൽ നിന്നുള്ള ഭ്രാന്തൻ വിസിലടികൾ പിടിച്ചു നിർത്തി.അവ,അവന്റെ ചുറ്റും നിന്നു.വെളുത്ത ഒരു രാജപാളയം മുന്നോട്ട് വന്ന് അവനെ മണപ്പിച്ചു.അവയ്ക്ക് പിന്നാലെ അമ്പു ബംഗ്ളാവിലക്ക്  നടന്നു.
      കറുത്ത ജീപ്പിനുള്ളിൽ നിന്ന് വലിച്ചെറിഞ്ഞ ഇറച്ചി കഷ്ണങ്ങളിലേക്ക് പട്ടികൾ ഓടുമ്പോൾ, ഏഴടിക്കാരുടെ നേർക്ക് 'എന്നോടെന്തെങ്കിലും പറയൂവെന്ന്' അമ്പു നോക്കി.ആ നോട്ടത്തെ അവഗണിച്ചു മടങ്ങുന്ന ജീപ്പിന്റെ പിന്നിലെ ചുവപ്പ് നിറം വലിയ അപകടം കാത്തിരിപ്പുണ്ടെന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
      കണ്ണാടിയിൽ തീർത്ത ബംഗ്ളാവ്. ഉള്ള് ചിട്ടയിൽ ഒതുക്കി വച്ചിട്ടുണ്ട്.വൃത്താകൃതിയുള്ള കെട്ടിടം. ഏതു ഭാഗത്തു നിന്നും അകവശം വ്യക്തമായി കാണാനാകും.ഹാളിന്റെ ഒത്ത നടുക്കായി ഒരു മേശ. മേശയിലേക്ക് മാത്രം വെളിച്ചം വീഴ്ത്തുന്ന തൂക്ക് വിളക്ക്.ചുറ്റുമുള്ള റാക്കുകളിൽ  പുസ്തകങ്ങൾ. ഒരു വലിയ കട്ടിൽ.വാതിലുകൾ ഇല്ലാത്ത മൂന്ന് മുറികളും ശൗചാലയവും.
        പത്തുമുപ്പത് കൊല്ലങ്ങൾക്കപ്പുറമുള്ള പോലീസിന്റെ യൂണിഫോമിൽ തടിച്ചുരുണ്ട ഒരു മനുഷ്യൻ.മുട്ടോളം വലിച്ചു കയറ്റിയ കാക്കി കാലുറ,പരുക്കൻ ബൂട്ട്,നെഞ്ചിനെ വരിഞ്ഞുകെട്ടിയ ക്രോസ് ബെൽറ്റിന്റെ അറ്റത്ത് ഉറപ്പിച്ച തോക്ക്.നീലനിറമുള്ള തടിയൻ ബുക്കിൽ ചാരിവച്ച കറുത്ത ബൈബിൾ.മേശപ്പുറത്ത് തൊപ്പിയും ലാത്തിയും,മെറ്റൽ വിസിലും.ചതുരാകൃതിയുള്ള കട്ടിക്കണ്ണട അതിലൂടെ അയാളുടെ ചുവന്ന ഒരു നോട്ടം.മീശയിൽ ആരെയും വിറപ്പിക്കുന്ന ദേഷ്യം.
       ഭയം പിന്നിലൂടെ തള്ളിയപ്പോൾ അമ്പുവിന്റെ നെറ്റി കണ്ണാടിയിൽ മുട്ടി.പിന്നെയും വിസിലിന്റെ ശബ്ദം.തന്നിലേക്ക് ചാടി വീഴാനാഞ്ഞു നിൽക്കുന്ന കറുത്ത പട്ടികൾ.അമ്പുവിന് നിലവിളിപോലും പുറത്തേക്ക് വന്നില്ല.വെളുത്ത രാജപാളയം അമ്പുവിന്റെ മുണ്ടിൽ കടിച്ചു വലിച്ചു.മറ്റു പട്ടികൾ അവർക്ക് മുന്നിലൂടെ നടന്നു.ബംഗ്ലാവിന്റെ അപ്പുറത്തെ കൊച്ചു വീട്ടിലേക്ക് പോകാനാണ് പട്ടികളും എസ്.പിയുടെ വിസിലും ആവശ്യപ്പെടുന്നതെന്ന് അമ്പുവിന് മനസിലായി.
       ഭംഗിയായി ക്രമീകരിച്ച മുറി.ഒറ്റക്കട്ടിൽ.പാചകം ചെയ്യാനുള്ള ഉപകരണങ്ങൾ.ഒരു കട്ടനിടാൻ പാത്രം തിരഞ്ഞപ്പോൾ അതിൽ പഴകിയ ചായയുടെ കറ.അതൊഴിച്ചുകളയാൻ പുറത്തിറങ്ങി. പൊടിയിൽ കുളിച്ച പഴഞ്ചൻ പോലീസ് ജീപ്പ്.നീണ്ട ഒരു വിസിലു കേട്ടപ്പോൾ പട്ടികൾ അപ്പുറത്തേക്ക് ഓടി.അമ്പുവും പിന്നാലെ പുറത്തേക്ക് വന്നു.പാത്രങ്ങളിൽ തീറ്റ നിറയ്ക്കുന്ന എസ്.പി.അമ്പുവിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് കയറി വാതിലടച്ചു.     
        ഇരുന്നും കിടന്നും മടുത്തപ്പോൾ അമ്പു പുറത്തേക്കിറങ്ങി.ബക്കറ്റും തുണിയുമായി ജീപ്പിലേക്ക് നടക്കുന്ന അവനെ വെളുത്ത രാജപാളയം കൗതുകത്തോടെ നോക്കി.മറ്റുള്ള പട്ടികൾ സുഖമായ ഉറക്കം.കണ്ണാടിക്കൂട്ടിൽ അതെല്ലാം നോക്കിനിൽക്കുന്ന എസ്.പിയെ അമ്പു കണ്ടില്ല.വെളുത്ത രാജപാളയം അമ്പുവിന്റെ സമീപം ചെന്നുനിന്നു.പൊടി ഇറങ്ങിപ്പോയ ജീപ്പിന്റെ സൗന്ദര്യം നോക്കി നിന്ന അമ്പുവിന് പിൻ സീറ്റിന്റെ ഇടയിൽ നിന്ന് രക്തം പുരണ്ട ഒരു മൗത്ത് ഓർഗൺ കിട്ടി.അത് ചുണ്ടിൽ ചേർക്കാൻ തുടങ്ങുമ്പോൾ വെളുത്ത രാജപാളയത്തിന് ചിരി. 
       താക്കോൽ തിരിച്ച് ജീപ്പിന്റെ മുരൾച്ച തുടങ്ങുമ്പോൾ ബംഗ്ളാവിന്റെ ഉള്ളിൽ നിന്ന് നീണ്ട വിസിലുകൾ മുഴങ്ങി.കറുത്ത പട്ടികൾ ജീപ്പിന് ചുറ്റും വല തീർത്തു നിന്നു.അമ്പു വേഗത്തിൽ പുറത്തിറങ്ങി വീട്ടിനുള്ളിൽ ചെന്നിരുന്ന് കിതച്ചു. കറുത്ത പട്ടികൾ ബംഗ്ളാവിന്റെ വാതിലിനരികിൽ ഉറക്കം തുടങ്ങി.വെളുത്ത രാജപാളയം മാത്രം ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോക്കിയിരിക്കുന്നു. മൗത്ത് ഓർഗൺ അമ്പുവിൽ നിന്നും എവിടെയോ വീണുപോയിരുന്നു.
      അമ്പുവിന് ആരോടെങ്കിലും സംസാരിക്കാൻ തോന്നി.ഫോണു മാത്രമല്ല, ലൈസൻസും ഏഴടിക്കാർ കവറിലാക്കികൊണ്ടുപോയി.വീട്ടിനുള്ളിൽ അത്യാവശ്യം തുണികൾ അലക്കി വൃത്തിയാക്കി വച്ചിട്ടുണ്ട്.അതിലൊന്നുടുത്ത് അമ്പു പറമ്പിലൂടെ നടന്നു.പട്ടാളക്കാരെപ്പോലെ വരിനിറ കാവൽ നിൽക്കുന്ന റബ്ബർ മരങ്ങൾക്ക് വല്ലാത്ത അഹങ്കാരം.ഓരോന്നും വെട്ടിയെടുത്താൽ കിട്ടാവുന്ന തുക അമ്പു വെറുതേ കൂട്ടിനോക്കി.നെറ്റിയിൽ ക്യാമറകൾ ഉറപ്പിച്ച ആ മരങ്ങൾക്കും ഏഴടിക്കാരുടെ അതേ നോട്ടം.അമ്പുവിന് അവർക്ക് നേരെ നിവർന്നു നിൽക്കാൻ ഭയമുണ്ടായി.
     പിന്നാലെ നടക്കുന്ന കറുത്ത പട്ടികളെ അമ്പുവിന് അപ്പോൾ പേടി തോന്നിയില്ല.അതിലൊന്ന് അവനെ നക്കിനോക്കി.അമ്പു അതിന്റെ നീളൻ നെറ്റിയിൽ തടവി.മറ്റു പട്ടികളും തടവലിന് തള്ളിക്കയറാൻ തുടങ്ങി.ഏഴടിക്കാരപ്പോലെ കറുത്ത പട്ടികൾക്കും ഒരേ മുഖവും രൂപവുമാണെന്ന് അമ്പുവിന് തോന്നി.വെളുത്ത രാജപാളയം ഇപ്പോഴും ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോട്ടമിട്ട് ഒരേ ഇരുപ്പാണ്.അമ്പു സാവധാനം അവിടേക്ക് നടന്നു.
     കസേരകളിൽ ഊരിയിട്ടിരിക്കുന്ന കാക്കിയുടുപ്പും നിക്കറും കാലുറയും.മേശപ്പുറത്ത് നഗ്‌നനായി കിടക്കുന്ന എസ്.പിയുടെ നെഞ്ചിൽ ചവിട്ടിന്റെ ഭാവത്തിലിരിക്കുന്ന ബൂട്ടുകൾ.അമ്പുവിന്റെ മുഖത്ത് പിന്നെയും ഭയം.കറുത്ത പട്ടികൾക്ക് ചിരി.വെളുത്ത രാജപാളയത്തിനപ്പോഴും ഗൗരവം വിടാത്ത ആ ഇരിപ്പ്.ഉള്ളിലെ ഏതോ മുറിയിൽ നിന്ന് കരച്ചിലിന്റെ ശ്രുതിയുള്ള ഒരു പാട്ട്.
       ഒരു വലിയ കരച്ചിലാണ് പിന്നെയുണ്ടായത്.നെഞ്ചിലിരുന്ന ബൂട്ടുകളെ കുടഞ്ഞെറിഞ്ഞ് വീട്ടിനുള്ളിലൂടെ ഒരു കുട്ടിയെപ്പോലെ നിലവിളിച്ചോടുന്ന എസ്.പി.ലോക്കപ്പ് എന്നെഴുതിയ മുറിയിൽ തൂങ്ങിക്കിടക്കുന്ന *ഗരുഡൻ കുരുക്കിലേക്ക് നോക്കി ഇടയ്ക്ക് അലറിവിളിക്കുന്നു.അറിയാതെ അമ്പുവും നിലവിളിച്ചുപോയി.കറുത്ത പട്ടികൾ അവന്റെ നേർക്ക് കുരയ്ക്കാൻ തുടങ്ങിയപ്പോൾ മുറിയിലേക്ക് വേഗത്തിൽ നടന്നു.അപ്പോഴും വീടിന് ചുറ്റും ഓടുന്ന വെളുത്ത രാജപാളയത്തിന്റെ കണ്ണിൽ നിന്നും എസ്.പിയുടെ ഒരു ചുവടും നഷ്ടമാകുന്നുണ്ടായിരുന്നില്ല.
     നീണ്ട ഒരു വിസിലുകേട്ടാണ് അമ്പു ഉണർന്നത്.വെളുത്ത രാജപാളയം ഒഴികെ മറ്റൊന്നിനെയും കാണാനില്ല.രാജപാളയത്തിന്റെ മുന്നിലിരുന്ന് ബൂട്ടിന്റെ വള്ളികെട്ടുന്ന എസ്.പി.അയാളോട് സംസാരിക്കണം എന്ന ആഗ്രഹമാണ് അമ്പുവിനെ അവിടേക്ക് നടത്തിച്ചത്.എന്നിട്ടും എസ്.പി വളരെ വേഗം അകത്തുകയറി വാതിലടച്ചു.
     ഓഫീസ് മാതൃകയിൽ ക്രമീകരിച്ച മുറിയിലെ തടിക്കസേരയിലിരുന്ന് ബൈബിളിലേക്ക് ചാരിവച്ച് എസ്.പി വായിക്കുന്ന നീലപ്പുസ്തകത്തിന്റെ പേരിന്റെ 'ഘടന'എന്ന ഭാഗം മാത്രം അമ്പു വായിച്ചു. ഗാന്ധിയുടെ ചിത്രം, തൊള്ളായിരത്തി എഴുപത്തി ആറ് മാർച്ചുമാസം കാണിക്കുന്ന കലണ്ടർ.ഒരു നോട്ടംപോലും തന്റെ നേർക്കില്ലെന്നു കണ്ട് അമ്പു നിരാശയോടെ മുറിയിലേക്ക് നടന്നു.
       വെളുത്ത രാജപാളയം അതേ ഇരിപ്പാണ്.അമ്പു വീണ്ടും ബംഗ്ലാവിന്റെ അരികിലേക്ക് ചെന്നു. യൂണിഫോമിൽ തല കുനിഞ്ഞു നിൽക്കുന്ന എസ്.പി.പഞ്ഞി കണക്കെ തല നരച്ച,ദമ്പതികളെന്നു തോന്നിക്കുന്ന ഒരു സ്‌ത്രീയും പുരുഷനും  മാറിമാറി എന്തൊക്കെയോ അയാളോട് വാദിക്കുന്നു.വൃദ്ധ കരച്ചിലോടെ എസ് പി യുടെ കാലിലേക്ക് വീഴുന്നു.എസ്.പി അനങ്ങാതെ നിൽക്കുന്നു.നെഞ്ചിൽ കെട്ടിപ്പിടിച്ചിരുന്ന തൊപ്പിയും ലാത്തിയും നിലത്തു വീണു.ദമ്പതികൾ കരച്ചിലോടെ ബംഗ്ളാവിന്റെ പിന്നിലേക്ക് നടന്നു.എസ്.പിയും തലകുനിച്ച് യാചനപോലെ പിന്നിലേക്ക് നടക്കുന്നു.
      അമ്പു വൃദ്ധരെ കാണാൻ ബംഗ്ളാവിന്റെ പിന്നിലേക്ക് ഓടി.അവിടെ ആരുമില്ല.വാതിലുകൾ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു.പിന്നിൽ കൂറ്റൻ മതിൽ.എസ്.പിയോട് തർക്കിച്ച വൃദ്ധ ദമ്പതികൾ.?. എല്ലാ മുറികളിലും അമ്പു അവരെ തിരഞ്ഞു.അകത്തേക്ക് നോക്കുമ്പോൾ ബൈബിളും വായിച്ചിരിക്കുന്ന എസ്.പി.വെളുത്ത രാജപാളയത്തിന്റെ നോട്ടത്തിൽ അമ്പുവിന് എന്തോ പ്രതീക്ഷ തോന്നി.അത് തന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടോ..?
      ഗേറ്റിൽ തൂക്കിയിരുന്ന കവറുകളിൽ പാലും പച്ചക്കറികളും.അതുമായി തന്റെ മുറിയിലേക്ക് നടക്കുമ്പോൾ കറുത്ത പട്ടികൾക്ക് തീറ്റ കൊടുക്കുന്ന എസ് പി.അമ്പു ചിരിച്ചു.എസ്.പി ചിരിക്കാൻ തുടങ്ങിയതാണ് എന്തോ ഓർത്തിട്ട് തിടുക്കത്തിൽ ഉള്ളിലേക്ക് കയറിപ്പോയി.
       വെളുത്ത രാജപാളയത്തിന്റെ നോവുള്ള കുരകൾ.അമ്പു ഓടിച്ചെന്ന് ബംഗ്ളാവിന്റെ ഉള്ളിലേക്ക് നോക്കി.നെറ്റിക്ക് നേരെ തോക്കും പിടിച്ച് നിൽക്കുന്ന എസ്.പി.ഏതു നിമിഷവും കാഞ്ചി വലിക്കും. ഏതോ മുറിയിൽ നിന്ന് മൗത്ത് ഓർഗണിന്റെ പാട്ട്.വെളുത്ത രാജപാളയത്തിന് പിന്നാലെ അമ്പുവും ബംഗ്ളവിന് ചുറ്റും ഓടാൻ തുടങ്ങി.വാതിലും ജനാലകളും തുറക്കാൻ ശ്രമിച്ചു.കാറ്റുപോലും ഉള്ളിലേക്ക് കടന്നുപോകുന്നില്ല.എസ് പിയുടെ വിരലിന്റെ അനക്കങ്ങളിൽ ഒരു തുള്ളിപോലും അവരുടെ കണ്ണിൽ നഷ്ടമാകുന്നില്ല.രണ്ടുപേരും കിതപ്പോടെ മുറ്റത്തിരുന്നു.
     "എസ്.പി യെ രക്ഷിക്കണം,ലോകമറിയാനുള്ള ഒരു വലിയ രഹസ്യം അയാൾ സൂക്ഷിക്കുകയാണ്" വെളുത്ത രാജപാളയം അമ്പുവിന്റെ കാലിൽ നക്കി, യാചിച്ചു.കറുത്ത പട്ടികൾ എവിടെയാണ്.? അമ്പു ചുറ്റും നോക്കി.
      "ഒട്ടും നേരമില്ല,ഉടൻ പുറപ്പെടൂ.നിങ്ങളിലൂടെ എസ്.പി ആ വിവരങ്ങൾ ലോകത്തോട് പറയും." വെളുത്ത രാജപാളയം അമ്പുവിന്റെ കാലിൽ വീണു.അമ്പു ജീപ്പിലേക്ക് ഓടി.ജീപ്പ് ആ വരവ് കാത്തുനിന്നതുപോലെ കുതിച്ചു.വെളുത്ത രാജപാളയത്തിന്റെ പിന്നിൽ ഫുൾ യൂണിഫോമിലുള്ള എസ്.പി കണ്ണാടി ബംഗ്ളാവിന്റെ മുന്നിൽ കാത്തു നിലക്കുന്നു.
       മുട്ടിന് മുകളിൽ ലാത്തി പിടിച്ച വലതുകൈ.മറ്റേത് ജീപ്പിന്റെ മുകൾ വശത്തെ കമ്പിയിൽ.സല്യൂട്ട് സ്വീകരിക്കാൻ പാകത്തിനുള്ള എസ്.പിയുടെ ഭൂതകാലക്കുളിരുള്ള ഇരിപ്പ്.അരികെ നിന്ന് ഇതെല്ലാം കാണുന്ന വെളുത്ത രാജപാളയം കണ്ണാടി ബംഗ്ളാവിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ വാതിലുകൾ അടഞ്ഞു.എസ്.പി. ഒന്നുരണ്ടു തവണ തിരിഞ്ഞു നോക്കി.ഗേറ്റിന്റെ ചെമ്പൻ പൂട്ട് മുറ്റത്ത് തകർന്നു കിടക്കുന്നു.
       ഹിപ്പിമുടിയുള്ള ഒരു ചെറുപ്പക്കാരൻ 'റിട്ടയേർഡ് എസ്.പി ലോറൻസ് മൈക്കിൾ' എന്ന  ബോഡിനെയും ഇരുമ്പുലക്കകൊണ്ട് ഇടിച്ചുപൊട്ടിക്കുന്നു.അവൻ എസ്.പിയോട് മൗത്ത് ഓർഗൺ പിടിച്ചിരുന്ന ഇടതുകൈ ഉയർത്തി അഭിവാദ്യം ചെയ്തു.ഹിപ്പിമുടിക്കാരന്റെ മുഖത്തുനോക്കാൻ എസ്.പി ഭയപ്പെട്ടു.അമ്പുവിന് നേർക്കും ആ ചെറുപ്പക്കാരൻ ചിരിച്ചു.'വേഗം വേഗം..' അമ്പുവിനോട് എസ്.പിയുടെ ആജ്ഞ. അതിനിടയിൽ എപ്പോഴോ ഹിപ്പിമുടിക്കാരൻ ഉലക്ക ഗേറ്റിനുള്ളിലേക്ക് എറിഞ്ഞിട്ട് ജീപ്പിന്റെ പിന്നിൽ ചാടിക്കയറിയിരുന്നു.
       കാടിനെ ഇളക്കി ജീപ്പ് കുതിച്ചു പാഞ്ഞു.എസ്.പി തൊപ്പിയും ലാത്തിയും നെഞ്ചിൽ ചേർത്തുപിടിച്ച് ഇരുട്ടിലേക്ക് നോക്കി ഒറ്റ ഇരുപ്പാണ്.മൗത്ത് ഓർഗണിൽ ഹിപ്പിമുടിക്കാരൻ പാടുമ്പോൾ, എസ്.പി വല്ലാതെ അസ്വസ്ഥാനാകുന്നത് അമ്പു ശ്രദ്ധിച്ചു.
      ഒരു സിഗരറ്റ് നീട്ടിയ അമ്പുവിന്റെ നേർക്ക് എസ്.പിയിൽ നിന്നും ചിരിയുടെ ഏറ്റവും ദയനീയ രൂപം ഉണ്ടായി.അമ്പു ആ മനുഷ്യന്റെ തോളിലൂടെ കൈയിട്ടു.എസ്.പിക്ക് കുളിരുണ്ടായി.ഒരു ചിരിയതാ അവർക്കിടയിൽ പതിയെ വളരുന്നു.ഹിപ്പിമുടിക്കാരന്റെ പാട്ട് ഇപ്പോൾ അയാളെയും കാടിനെയും തണുപ്പിക്കുന്നു. എസ്.പി അധികാര മുദ്രയുള്ള തൊപ്പി തലയിൽ ഉറപ്പിച്ചു.ലാത്തി  പാട്ടിന്റെ താളത്തിന് ചുഴറ്റി.അറ്റെൻഷനിൽ പിന്നോട്ട് പാഞ്ഞ ഒരു മരത്തിന് സല്യൂട്ട് കൊടുത്തു.
      താഴേക്ക് കുത്തി ഒഴുകുന്ന അരുവിയുടെ സമാന്തരമായാണ് ജീപ്പിന്റെ പോക്ക്.കാടിന്റെ കറുപ്പ് കൂടി കൂടി വന്നു.എസ് പി ഇടയ്ക്കിടെ പിന്നിലേക്ക് നോക്കുന്നുണ്ട്.തോക്കിലേക്കും ആ വിരലുകൾ നീളുന്നു.ദൂരെ നിന്ന് പട്ടികളുടെ കുരകൾ കേൾക്കുന്നുണ്ടോ.?ജീപ്പിനെ പിടിച്ചു നിർത്താനായി വഴികളിൽ പൂത്തുകിടന്ന വള്ളികൾ കൈ നീട്ടി.ഹിപ്പിമുടിക്കാരൻ അവയിൽ ചില ചുവന്ന പൂക്കളെ പിടിച്ചെടുത്തു.അയാളുടെ പാട്ടുകൾ ഏതോ വിജയാഘോഷത്തിന്റെ മൂഡിലാണ്.
         ഒരു വലിയ മരത്തിനോട് ചേർന്ന് വണ്ടി നിർത്തി.അമ്പുവിനോട് ജീപ്പിലിരിക്കാൻ എസ്.പി കൈ  ഉയർത്തി ആവശ്യപ്പെട്ടു.ഹിപ്പിമുടിക്കാരൻ വളരെ വേഗം ഇറങ്ങി.മുന്നിലെ പരന്ന പാറയും കടന്ന് വെള്ളച്ചാട്ടത്തിന്റെ അരികിലേക്ക് പോയി.കൈയിലിരുന്ന മൗത്ത് ഓർഗൺ വെള്ളച്ചാട്ടത്തിലേക്ക്  എറിഞ്ഞു.അത്രയും ഉയരത്തിൽ നിന്ന് വീണാൽ വെള്ളം പോലും ചത്തുപോകുമെന്ന് അമ്പുവിന് തോന്നി.                 
       പരന്ന പാറയുടെ മുകളിൽ എസ്.പിയും ഹിപ്പിമുടിക്കാരനും അല്പനേരമിരുന്നു.വളരെ പതിഞ്ഞ ശബ്ദത്തിൽ പട്ടികളുടെ കുരകൾ കേൾക്കുന്നുണ്ട്.വീണ്ടുമവർ വെള്ളച്ചാട്ടത്തിന്റെ നേർക്ക് നടക്കുന്നത് കണ്ടപ്പോൾ അമ്പുവിന് ചെറിയ തണുപ്പു തോന്നി.നിലാവിലൂടെ ഒപ്പം നടക്കുമ്പോൾ ഹിപ്പിമുടിക്കാരനോട് എസ്.പി വല്ലാതെ വിനയം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതും അമ്പു ശ്രദ്ധിച്ചു.
        അവിടെയും അവരുടെ സംസാരം ഏറെ നേരം തുടർന്നു.എസ്.പി തന്റെ തോക്ക് ഹിപ്പിമുടിക്കാരനെ ഏല്പിക്കാൻ പലവട്ടം ശ്രമിക്കുന്നു.അയാളത് നിരസിക്കുന്നു.പിന്നെ ആ തോക്ക് സ്വയം നെറ്റിക്ക് നേരെ പിടിച്ച് എസ്.പി കാഞ്ചിവലിക്കാൻ തുടങ്ങുന്നു.ഹിപ്പിമുടിക്കാരൻ അത് തടയാൻ ശ്രമിക്കുന്നു.എസ്.പിയുടെ കൈയിൽ നിന്നും പാറപ്പുറത്തേക്ക് തോക്ക് തെറിച്ചുവീഴുന്നു. എസ്.പി, ഹിപ്പിമുടിക്കാരന്റെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്നു.ദുരന്തനാടകം കാണുന്ന കൗതുകത്തോടെ അമ്പു ജീപ്പിൽ കാത്തിരുന്നു. 
      വെളിച്ചങ്ങളും കുരകളും കുന്നുകയറി വരുന്നതറിഞ്ഞ അമ്പു.ജീപ്പിൽ നിന്നിറങ്ങി താഴക്ക് കുറച്ചുദൂരം ഓടി.എസ്.പിയും ഹിപ്പിമുടിക്കാരനും നിന്നിരുന്ന ഭാഗത്ത് കരച്ചിലുകൾ കേട്ടപ്പോൾ വണ്ടിയിലേക്ക് തിരികെ ഓടി.എസ്.പി തലകുനിച്ച് നടന്നു വരുമ്പോൾ അമ്പു ഹിപ്പിമുടിക്കാരനെ അവിടെയെല്ലം തിരഞ്ഞു.വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് നിന്നും ഒരു പാട്ട് മാത്രം കേൾക്കുന്നു..
      പരന്ന പാറയിലെത്തി വിതുമ്പലോടെ യൂണിഫോമുകൾ അഴിച്ചുവയ്ക്കുന്ന എസ് പിയെ അമ്പു കൗതുകത്തോടെ നോക്കി.'നീ, എവിടെടാന്ന്..'ചൂടൻ ചോദ്യമുള്ള ഒരു ടോർച്ചിന്റെ വെളിച്ചം ജീപ്പിന്റെ പിന്നിലുടെ അമ്പുവിനെയും വന്നുതൊട്ടു.എസ്.പി തിടുക്കത്തിൽ അവനെ കൈകൊട്ടി വിളിച്ചു. കണ്ണടച്ചു നിന്ന എസ്.പിയുടെ മുന്നിൽ അമ്പു അല്പനേരം നിന്നു.കറുത്ത പട്ടികളുടെ തിളക്കമുള്ള കണ്ണുകൾ ജീപ്പിന്റെ മുന്നിൽ കത്തിനിൽക്കുന്നു.അമ്പുവിനെ മുറുക്കെ കെട്ടിപ്പിടിച്ച എസ്.പി കരച്ചിലിനിടയിലും ചെവിയോട് ചേർന്ന് വേഗത്തിൽ കാര്യങ്ങൾ പറയാൻ ശ്രമിച്ചു.
      "കുപ്രസിദ്ധമായ ആ കേസിലെ ജീവിക്കുന്ന തെളിവുകളാണ് ഞങ്ങൾ.അന്ന് അതിലാരെങ്കിലും ഒന്നു വായതുറന്നിരുന്നെങ്കിൽ ഈ നാടിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.ഈ കാട്ടിനുള്ളിലെ കണ്ണാടി ബംഗ്ളാവുകളിൽ എന്നെപ്പോലെ അവരെയും ഭ്രാന്തിട്ട് സൂക്ഷിക്കുന്നുണ്ട്.ആരൊക്കെ ഇന്നും ജീവനോടെയുണ്ടെന്ന് എനിക്കറിയില്ല.ഹിപ്പിമുടിയുള്ള ആ ചെറുപ്പക്കാരനെ കൊത്തിയരിഞ്ഞ് പന്നികളെ തീറ്റിച്ചോ,ഈ വെള്ളച്ചാട്ടത്തിലെറിഞ്ഞോ,കുഴിച്ചിട്ടോ,കത്തിച്ചോ അതും എനിക്കറിയില്ല. ക്യാമ്പിലവൻ കൊല്ലപ്പെട്ടപ്പോൾ ഞാനുമുണ്ടായിരുന്നു.നീ എനിക്കുവേണ്ടി..."എസ്.പിക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.കറുത്ത പട്ടികളും ആയുധങ്ങളുള്ള ഏഴടിക്കാരും അവരെ വളഞ്ഞിരുന്നു.
       അമ്പുവിന്റെ പിന്നിലേക്ക് എസ്.പി പേടിച്ചു പതുങ്ങിനിന്നു.അയാൾ പറഞ്ഞവ തനിക്ക് പൂർണ്ണമായും മനസിലായില്ലെങ്കിലും ആരൊക്കെയോ തടവിലിട്ടിരിക്കുന്ന ഒരു മനുഷ്യനെ രക്ഷിക്കണമെന്നേ അവനപ്പോൾ തോന്നിയുള്ളൂ.പാറയിൽ അഴിച്ചിട്ടിരുന്ന യൂണിഫോമിന്റെ ഇടയിൽ നിന്നും അമ്പു ആ തോക്ക് ധൈര്യത്തോടെ തപ്പിയെടുത്ത്, രണ്ടു തവണ കാഞ്ചിവലിച്ചു..!

*പ്രതികളെ ചോദ്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന തൂക്ക്

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636





No comments:

Post a Comment