Monday 30 December 2019

കേരളോല്പത്തി..!!

കേരളോല്പത്തി..!!

 "അപ്പാ കേരളം എങ്ങനാ ഒണ്ടായത്..?" അലക്‌സ് ജോസിമോന്റെ കവിളിൽ തൊട്ടു.

" ന്റെ  മോനേ, പണ്ട് തന്തയെ ചതിച്ചതിന് ഒരുത്തിയെ മൂത്ത മൂന്ന് പാഴ് ആണുങ്ങളും നോക്കി നിൽക്കെ  വെട്ടി രണ്ട് തുണ്ടമാക്കിയവന്  ജാമദഗ്‌നി ആധാരമാക്കിക്കൊടുത്ത ഭൂമിയാണ്  നമ്മുടെ ഈ കേരളം.എനിക്ക് നീ ആകെ ഒന്നല്ലേടാ, ഞാൻ പറഞ്ഞാ..." അലക്‌സിനത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ലാബാന്റെ ഇടതുകാലിന്റെ  തകർപ്പനൊരു കിക്ക് അയാളെ  മുറ്റത്തിന്റെ മധ്യത്തിൽ കൊണ്ടിട്ടു.അപ്പൻ തെറിച്ചുവീഴുന്നത് കണ്ട്  ജോസിമോൻ മുകളിലെ മുറിയിലേക്ക് പടികളിലൂടെ കുതിച്ച് പൊങ്ങി. ദേഷ്യത്തിന്റെ ചുവപ്പു കാർഡുമുയർത്തിപ്പിടിച്ച് ലാബാൻ അലറി.

"  ഫാ!!  പേരടി മോനെ വല്ല കഞ്ചാവും കേറ്റിയിട്ട്  പെറപ്പ്കേട്  പറഞ്ഞാലൊണ്ടല്ലോ. ഇതൊക്കെ നീ കളേജിൽ ചെന്ന് പ്രൊഫസറടിക്കുമ്പോൾ പറഞ്ഞാ മതി. അങ്ങ് ബോഡറിൽ പട്ടിയെപ്പോലെ കാവല് കിടന്നിട്ടാ  തള്ളച്ചത്ത നിന്നെ  വളർത്തിയതും ഇതൊക്കെ ഒണ്ടാക്കിയതും.? വേണ്ടിവന്നാൽ നിന്റെ പെണ്ണിനേം കൊച്ചിനേം ഞാനങ്ങ്‌ പോറ്റും. തിന്നും തൂറിയും ഈ പറമ്പിൽ  നടക്കുന്ന നിന്റെ സകല ജന്തുക്കളുമായി ഇന്നീ വീട്ടീന്ന് വിട്ടോണം.." പ്രതികരണത്തിന്റെ  ഞരക്കംപോലുമില്ലാതെ കിടക്കുന്ന അലക്സിന്റെ ശരീരത്തിൽ ലാബാൻ അടിയായും ഇടിയായും കരുത്ത് മുഴുവൻ  ഇറക്കിവച്ചു.കൈയിൽ ചോര പൊടിഞ്ഞപ്പോൾ നിർത്തി...

   വിരലുകൾ കൈവരിയിൽ നിവർത്തി വച്ച് തടവി നോക്കിയിട്ട് അലക്‌സ് കിടക്കുന്ന ഭാഗത്തേക്ക്  കാർക്കിച്ച് തുപ്പി. അനക്കമില്ലാതെ കിടക്കുന്ന അപ്പനെത്തന്നെ കണ്ണെടുക്കാതെ നിന്ന ജോസിമോന്റെ നെഞ്ചിലാണ് കൊഴുത്ത തുപ്പൽ ചെന്നുവീണത്. അവനെ വയറ്റിലേക്ക് ചേർത്തിട്ട്  രേണുക  ജാലകം വലിച്ചടച്ചു. ജോസിമോൻ ഉള്ളിലൊതുക്കിയ  കരച്ചിൽ ജാലകം ഏറ്റുപാടി, അത്  അലക്സിന്റെ  ചെവിക്കുള്ളിൽ വന്നു കുത്തി.  രേണുക കുളിമുറിയിൽ ചെന്നിരുന്നു. ഇരുമ്പിലെ ടാപ്പ് തിരിച്ചപ്പോൾ അതൊന്ന് വിതുമ്പി. കുഴലിൽ  നിറഞ്ഞു നിന്ന തണുപ്പ് വറ്റിയ മഴ പെയ്തു. അവൾ കരച്ചിലും മഴയും ചേർന്ന് മറ്റൊരു കുഴലിലൂടെ കെട്ടിപ്പിടിച്ച്‌ എങ്ങോട്ടോപോയി.കിടന്നുകൊണ്ട് അലക്‌സ് വീട്ടിലേക്ക് തലതിരിച്ചു. ലാബാന്റെ കാലുകൾ വീടിനെ തനിക്ക് മറച്ച് നിൽക്കുന്നു.  ആ കാലുകളും എണ്ണയിൽ കുളിച്ചുള്ള ഉമ്മറത്തെ അയാളുടെ ആ ഇരുപ്പും അലക്സിന് പണ്ടേ ഭയമായിരുന്നു..

  'അപ്പാ'ന്നുള്ള  വിളി മൂളിപ്പോലും കേൾക്കാത്ത ആ ജവാന്റെ കാലുകൾ കാണുമ്പോൾ  അലക്സിന് മറ്റു രണ്ട് മുഖങ്ങളോർമ്മവരും..അതിലൊരാളായ വരദരാജൻ നിരത്തിലൂടെ ഉറക്കെ പാടിപ്പോകുമ്പോൾ  അമ്മയുടെ മുഖത്ത് ചിരണ്ടിയ തേങ്ങ പാത്രത്തിൽ വീണ് നിറയുന്നത് പോലുള്ള തെളിഞ്ഞ ചിരി വരുന്നത് അലക്‌സ് ശ്രദ്ധിക്കാറുണ്ട്.വീടിനോട് ചേർന്ന  നിരത്തിൽ  രാപലില്ലാതെ ആ കാഥികന്റെ ഭ്രാന്ത് പൂത്ത പറച്ചിലുയരുമ്പോൾ  അരകല്ലിലെ അമ്മയുടെ താളവും, നീണ്ട് വളഞ്ഞ മൂക്കിന്റെ തുമ്പിൽ വിരിയുന്ന വിയർപ്പും അലക്സിന്റെ മുഖത്ത് സംശയകല വിരിയിച്ചിട്ടുണ്ട്.അമ്മ ഏറ്റവും സുന്ദരിയായി അവന് തോന്നുന്നതപ്പോഴാണ്.. 

ജവാന്റെ നോട്ടം ഇരട്ടക്കുഴൽ തോക്കിന്റേതാണ്. വാതിലും ജന്നലും അലക്‌സ് ബാരിക്കേഡാക്കും. തെങ്ങിന്റെ ചുവട്ടിൽ നിന്നു കിട്ടിയ പാതിവെന്ത ഒരു വിവാഹ ഫോട്ടോയിൽ മാത്രമാണ് ചിരിക്കുന്ന അയാളെ അലക്‌സ് കണ്ടിട്ടുള്ളത്. അയാളത് കത്തിക്കുമ്പോൾ അമ്മ മീനിന് മുളകരയ്ക്കുകയായിരുന്നു. ആ ചിത്രത്തിൽ അമ്മയുടെ മുഖം പൂർണമായും വെന്തുപോയിരുന്നു. അവധിക്കാലമാണെങ്കിൽ അമ്മയ്ക്ക്  ചിരിയോ അമ്മിക്കല്ലിൽ  തളമോ ഉണ്ടാകാറില്ല. ഒരു പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത.രാത്രിയായാൽ കിടപ്പു മുറിയിൽ അമ്മയുടെ അമർത്തിപ്പിടിച്ച വിതുമ്പൽ കേൾക്കാം. നായികയെ പട്ടാളക്കാർ റേപ്പ് ചെയ്യുന്ന ഹിന്ദി സിനിമയിലെ സീനുകൾ അലക്‌സ്‌ ഓർത്തെടുക്കും. അന്നും അവന്റെ കിടക്ക നനയും..

 'മഗ്‌ദ്ലനമറിയം' പള്ളിപ്പെരുനാളിനും , 'ആയിഷ' വായനശാലയുടെ വാര്ഷികത്തിലും അമ്മയ്ക്കൊപ്പം കേട്ടിട്ടുണ്ട്. രണ്ടാളും കാതെടുക്കാതെ തറച്ച്  നിൽക്കും " ചിത്രശിലാ പാളികൾ കൊണ്ടോരു ശ്രീ കോവിലകം ഞാൻ. " മതിലിന്റെ പുറത്തിരുന്ന് പാടുമ്പോൾ, കിറുക്കനെന്ന് വിളിക്കുന്നവരെ മുരിക്കിന്റെ കമ്പൊടിച്ചടിക്കാൻ തോന്നും. 'വരദേട്ടനിത്തിരി പ്രശ്നോണ്ടായിരുന്നു അല്ലെങ്കില്..' അമ്മയുടെ വാക്കുകളെ അലക്സിന് വിശ്വസിക്കാതെ വയ്യല്ലോ..?  'ഇത്തിരി തീ തരുമോ'ന്ന് ചോദിച്ചുവന്ന കാഥികൻ,  വിറക് പിടിച്ച് നിന്ന അമ്മയുടെ കൈയിൽ പിടിച്ചിത് അലക്‌സ്‌ കണ്ടു. അന്ന് മുഴുവൻ ഏതോ ഒരു പാട്ടിന്റെ താളം അമ്മയ്ക്കുണ്ടായിരുന്നു. അയാൾക്ക് ബീഡിയുടെ മണമാണ്. ചില രാത്രികളിൽ വീട്ടിലാകെ ബീഡിപ്പുക നിറയുന്നത് സ്വപ്നം കണ്ടിട്ടുണ്ട്, അമ്മയുടെ അമർത്തിപ്പിടിച്ച ചിരികൾ കേട്ടിട്ടുണ്ട്.  കിടക്കയിൽ മുള്ളാത്ത മകനെ അമ്മ 'മിടുക്കനെന്നു' വിളിച്ച്‌  ഉമ്മ വയ്ക്കും. ഒന്നുരണ്ട് തവണ അറിയാതെ മുന്നിൽ ചെന്നു പെട്ടപ്പോൾ കാഥികന്റെ ചിരി വന്ന് തന്നെ കെട്ടിപ്പിടിച്ചതുപോലെ അലക്സിന് തോന്നിയിട്ടുണ്ട്.. 

അന്ന് രാത്രിക്ക് പതിവിലും നിലാവുണ്ടായിരുന്നു. അവധിയിൽ വന്ന ലാബാൻ കാല്പന്ത് നിയന്ത്രിക്കാൻ പോയതിന്റെ ആശ്വാസത്തിലായിരുന്നു വീട്. ഇടയ്ക്ക് ഇതുപോലെ ചില പോക്കുണ്ട്. മൈതാനത്ത് ലാബാന്റെ വിസിലുണ്ടെങ്കിൽ കളിക്കാർക്ക് ഭയമാണ്. ആരെങ്കിലും വി സിലിന് എതിരു നിന്നാൽ ലാബാന്റെ ഇടത് പുരികം വാളു പോലെ ഉയരും. പിന്നെയും മിണ്ടിയാൽ മൈതാനത്തിട്ട് അവന്റെ കാല് ചവിട്ടി ഓടിക്കും. 


ഈ നേരത്ത് അമ്മ വിളിച്ചുണർത്തിയതെന്തിനാണ്.? നിരത്തിൽ  കാഥികൻ 'നിലാവിന്റെ നാട്ടില് നിശാഗന്ധി'യുടെ താളത്തിൽ പൂത്ത് നിൽക്കുന്നു.സഞ്ചിയിലെ തുണിയുമായി ആ വഴിയിലേക്കാണ് അമ്മ നടക്കുന്നത്. എവിടേക്കായാലും അമ്മയ്‌ക്കൊപ്പം പോകാൻ അലക്‌സ്‌ തയാറാണ്. ലാബാൻ വീട്ടിലുണ്ടെങ്കിൽ എങ്ങോട്ടെങ്കിലും ഇറങ്ങിയോടാൻ തോന്നാറുണ്ട്. കഴിഞ്ഞ ദിവസവും അലക്സിനത് തോന്നി. കരച്ചിൽ കേട്ട് ജനാല വഴി നോക്കുമ്പോൾ, ലാബാന്റെ കാലുകൾ കയറുപോലെ  അമ്മയുടെ കഴുത്തിൽ ചുറ്റിയിരിക്കുന്നു. ശ്വാസം കിട്ടാതെ അമ്മയുടെ പാതിയടഞ്ഞ കണ്ണുകൾ. കട്ടിലിലിരിക്കുന്ന ലാബാനും നിലത്തിരിക്കുന്ന അമ്മയും നഗ്നരാണ്. അയാളുടെ തുടയിൽ അമ്മയുടെ മുടി കറുത്ത   അരതോർത്ത് പോലെ വീണു കിടക്കുന്നു. അയാളുടെ ചുണ്ടിലിരിക്കുന്ന സിഗരറ്റിന് അമ്മ വിറക് കൊള്ളിയിൽ നിന്ന് തീ പിടിപ്പിക്കുന്നു.. 

പണ്ടേ പോലെ വെളിക്കിരിക്കാൻ  അമ്മയിപ്പോൾ  കൂട്ട് വിളിക്കാറില്ല. ഒരിക്കൽ വിളക്കും പിടിച്ച് കൂട്ട് നിന്ന്  അലക്സിനൊരു മുതിർന്നനോട്ടം പാളിപ്പോയി. തണുപ്പ് പുതച്ചു കിടക്കുന്ന ഇലകളിൽ ചവിട്ടി നടക്കുമ്പോൾ അലക്‌സിനെ ചിന്തകൾ വന്ന് മൂടി. സാധാരണ ഒരു മണ്ണെണ്ണ വിളക്ക് കൈയിൽ പിടിക്കും. അല്പം അകലത്തിലായിരിക്കും അമ്മയുടെ നടപ്പ്. ഇന്ന് തന്നെ ചേർത്ത് നടക്കുന്നു. കാഥികന്റെ പാട്ട് നിലാവുള്ള  വഴി കാണിക്കുന്നു. 'ലാബാനെ അതിനെ വിട്ടേക്കെടാ' നിരത്തിൽ ആരൊക്കെയോ തമ്മിൽ ഉച്ചത്തിൽ സംസാരിക്കുന്നു. അമ്മയും മകനും അയണി മരത്തിന്റെ ചുവട്ടിൽ മറഞ്ഞിരുന്നു. കരച്ചിലിന്റെ ഉച്ഛ്സ്ഥായിൽ കാഥികന്റെ പാട്ടുവഴി മുറിഞ്ഞു. ചില പിടച്ചിലുകൾ. ആരൊക്കെയോ ഓടിയകലുന്ന ശബ്ദം. അയണിയുടെ ചുവട്ടിലേക്ക് കാട്ടുപന്നികൾ  പാഞ്ഞ് വരുന്നു പോലെ. അമ്മയും മകനും അടുക്കള വഴി കിടപ്പുമുറിയിലേക്കോടി. നിരത്തിലെ പാട്ടിന്റെ നിലാവ് വീഴാൻ കാത്തിരുന്നവർക്ക് ചീവീടിന്റെ പിന്നണി മാത്രം. അമ്മയുടെ കവിളിലെ നനഞ്ഞ ഈരടികൾക്ക് പതിഞ്ഞ താളം.  അലക്‌സ്‌ ഉറങ്ങിപ്പോയി..

മുടി കരിയുന്ന ഗന്ധം അലക്സിനെ വിളിച്ചുണർത്തി. മലർന്നുകിടക്കുന്ന അമ്മയുടെ കഴുത്തിൽ ലാബാന്റെ കാലിലെ പെരുവിരൽ അമർന്നിരുന്നു.വശത്തേക്ക് വിരിച്ചിട്ട കൈവിരലുകളുടെ നേരിയ അനക്കം അലക്സിനെ വിളിക്കുന്നത് പോലെ തോന്നി. നീണ്ട മുടിയിലൂടെ പെൺകൊതിയനെപ്പോലെ തീ  പടർന്നു കയറുന്നു. കഴുത്തിൽ തറച്ചു നിന്ന കാലിൽ അള്ളിപ്പിടിച്ച് കരഞ്ഞതു മാത്രം അലക്സിന് ഓർമ്മയുണ്ട്. കുഞ്ഞ് പാട്ടിനെ ഒളിപ്പിച്ച അമ്മയുടെ മൂന്ന് തിങ്കൾ തികഞ്ഞ കുടം പൊട്ടിയൊഴുകിയ നനവിലൂടെ അലക്‌സ്‌ നിരങ്ങിത്തെറിച്ചുപ്പോയി. അമ്മയുടെ വെന്ത മണങ്ങൾ പല തവണ ശ്രമിച്ചിട്ടും അലക്‌സ്‌ ഉണർന്നില്ല. പനിയും വിറയലുമായി ആശുപത്രിയിൽ ഒന്നര മാസം കടന്നു വന്നപ്പോൾ, കുടിച്ച്‌ ലക്കുകെട്ട് മൈൽ കുറ്റിയിൽ തലയടിച്ചു വീണു മരിച്ച കാഥികന്റെ കഥയും, സ്വയം തീകൊളുത്തിയ അമ്മയുടെ കഥയും സമ്മതിച്ച അലക്‌സും ആ ഇരട്ടക്കുഴൽ തോക്കും റഫറിയില്ലാത്ത കിക്കുകളി തുടങ്ങി.. 

 കളിയുടെ  ആദ്യപാദത്തിൽ ലാബാന്റെ കിക്കുകൾ  വാതിലും കടന്ന് മുറ്റത്തിന്റെ നടുവിൽ ചെന്നു വീണു. പിന്നെയത് വാതിലിൽ ചെന്ന് തട്ടി നിന്നു. കളിയുടെ രണ്ടാം പാദത്തിൽ കിക്കുകൾക്കനുസരിച്ച് ഗതിമാറാൻ ശീലിച്ച പന്ത് ഇഞ്ച്വറി ടൈമിൽ ലാബാന്റെ നെഞ്ചിനുനേരെ കുതിച്ചു പൊങ്ങിയതോടെ കിക്കുകളി താൽക്കാലികമായി നിർത്തി.
തമ്മിൽ കാണാതെ നാലുകാലുകൾ സ്വന്തം കോർട്ടിൽ ട്രിബ്ലിംഗ് തുടർന്നു. ലാബാന് കിക്ക് കയറുമ്പോൾ വിസിലുമായി മൈതാനങ്ങളിലേക്ക് പാഞ്ഞു പോകും..

 പെനാൽറ്റികിക്കേറ്റ ഭാഗത്ത് അലക്‌സ് വിരൽ വച്ചു നോക്കി.വാരിയെല്ലിന്റെ ഇടയിലൂടെ വേദനയുടെ ഗോളാരവം അരിച്ചരിച്ച് വരുന്നുണ്ട്. അയാൾ മലർന്നുകിടന്നു. ബീഡിയിൽ തീ പിടിപ്പിച്ച്  ചരിഞ്ഞു നിൽക്കുന്ന സൂര്യൻ. പേർഷ്യനും ജർമ്മനുമായി തന്നിലേക്ക് കുടിയേറിയ ജന്തുലോകം അകന്ന് നിൽക്കുന്നു. ജർമ്മൻകാരന്റെ ഭയന്നനോട്ടം ലാബാന്റെ നേരെയാണ്.ഈ സൈന്യം ഒന്നോടെ നേരിട്ടാലും ലാബാനിനിലൊരു പോറലേല്പിക്കാൻ കഴിയില്ലെന്ന് പലതവണ തെളിയിച്ചതാണ്.  ഒരിക്കൽ  ചുണ്ട് വാളാക്കി ചെന്ന സിംഗപ്പൂരുകാരി മണിത്താറാവ് തീൻ മേശയിൽ വെന്തിരുന്നതും,  മരുമകളുമായി അയാളതിനെ ആസ്വാദിച്ച് തിന്നുന്നതും അലക്‌സ്‌  കണ്ടതാണ്. കാല് തകർന്ന പേർഷ്യൻ, പട്ടിണിയിൽ നീറി അഴികളിൽ കിടക്കേണ്ടി വന്ന ജർമ്മൻ.ജോസിമോന് അവരോടെല്ലാം ഇത്തിരി ഇഷ്ടമുണ്ട്. അവർക്കെല്ലാം അവനാണ് പേരിട്ടതും.കണ്ണാടി ജാലകത്തിന്റെ അപ്പുറത്ത്  നിൽക്കുന്ന ജോസിമോന്റെ നോട്ടമിപ്പോഴും അവരോട്  തകർന്ന് കിടക്കുന്ന ഇന്ത്യൻ പ്രൊഫസറെ രക്ഷിക്കാനാവശ്യപ്പെടുന്നുണ്ടാകും..

" എസ് ടിക്ക് എന്നാ ലുക്കാല്ലേ, ഇതിനെത്ര മൈലേജാണപ്പാ..?"

" മൈലേജ് ആരു നോക്കും പെണ്ണെ ഇവൻ രാജവല്ലേ..?"  

"എനിക്കിതേലൊന്ന് പറപ്പിച്ച് പോണോല്ലോപ്പാ"

"നിന്റെ കൊഞ്ഞാണൻ കെട്ടിയോന് സൈക്കിളിന്റെ ബാലൻസ് പോലും ഇല്ലല്ലാ"

"അപ്പനീ ചായ കുടിച്ചേച്ച്‌ ആ ചാവി തന്നോക്ക്"  ഒറ്റകിക്കിൽ പൊടി പാറിച്ച് വണ്ടി പറപ്പിക്കുന്ന മരുമകളെ നോക്കി ലാബാൻ ചിരിച്ചു. മുടിയനായ പുത്രൻ അന്യജാതിക്കാരിയെ വിളിച്ചിറക്കിക്കൊണ്ടു വന്നതിന്റെ  കടുപ്പമൊക്കെ പാൽ ചായയിൽ കലങ്ങി.ഗേറ്റ് കടന്നു വരുന്ന മരുമകളെ നോക്കി കൈയടിച്ചു. അവളെയും പിന്നിലിരുത്തി നാലാള് കാണെ നിരത്തിലൂടെ പാഞ്ഞ് പോയി.. പട്ടാളത്തീന്ന് പിരിഞ്ഞു പോന്നപ്പോൾ മേജർ സാബ് നിധിപോലെ കാത്ത എസ് ടി സമ്മാനിച്ചതിൽ തുടങ്ങിയ കഥകൾ അവർക്കിന്നലെയും തീർന്നിട്ടില്ല..  'കൊച്ചു പുലയാടീന്നും' 'ജവാനേന്നും'  അവരങ്ങനെ സ്നേഹപ്പെട്ട് തമ്മിൽ വിളിച്ചു..

ഹാൻഡിലിൽ ഉറപ്പിച്ച് പിടിക്കാത്തതിന്  മണ്ടയ്ക്ക്  അടി. നിലത്ത് വീണപ്പോൾ  ടാറിൽ ചേർത്ത് ചവിട്ടിത്തിരുമൽ. അര സൈക്കിളിന്റെ പെടലിൽ പോലും കാലെത്താത്ത കുരുട്ട്  ചെക്കനെ പഠിപ്പിക്കാൻ ആറരയടിക്കാരന്റെ അഭിമാനം സമ്മതിച്ചില്ല. പുറം ലോകം കാണിക്കാതെ വീട്ടിലിട്ട് തീറ്റി.അന്നുമുതൽ അലക്സിന്  ഇരുകാലി വണ്ടികളോട് വെറുപ്പുണ്ടായി. പഠിച്ച്‌ പ്രൊഫസറായപ്പോൾ അപ്പന്റെ  രണ്ട് വീലിനോട് ജയിക്കാൻ നാലു വീലു വാങ്ങി. എട്ടിന് പകരം എച്ചെടുത്തു ജയിച്ചു. പക്ഷെ  അമ്മാവന്റെ പിന്നിലിരുന്ന് പോകാനാണ്  മരുമകൾക്കിഷ്ടം. ജോസിമോന് "നിലാവേ മായുമോ.."കേട്ട് ചാരിയിരുന്നങ്ങ്‌ പോണം..

"നെഞ്ചിലഞ്ച് പൂടയില്ലാത്തതോര് വഞ്ചകരെന്നാ"  രേണുകയുടെ വിരൽ തട്ടിമാറ്റി അലക്‌സ് കമഴ്ന്നു കിടന്നു.കരടിയുടെ മരുമോളെന്ന വിളിയും, എണ്ണയിൽ കുളിച്ച് നീണ്ടുനിവർന്ന് നടക്കുന്ന ലാബാന്റെ നെഞ്ചും  രേണുകയോർത്തു. കമഴ്ന്ന് കിടക്കുന്ന അലക്സിന്റെ പിന്നിൽ  ചേർന്നുവന്നപ്പോൾ തന്നെക്കാൾ  അലക്സിന് ഓരിഞ്ചെങ്കിലും കുറവുണ്ടാകുമെന്ന് അവളുറപ്പിച്ചു. പക്ഷെ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരത്തിന്റെ നീളം  കേട്ടിട്ടാണ് പ്രഫസറോട് പ്രണയപ്പെട്ടത്.  ഒരല്പം വളഞ്ഞതോളിൽ രേണുക ഉമ്മ വച്ചപ്പോൾ അലക്‌സ്  തിരിഞ്ഞു കിടന്നു. വിരലുകൾ കോർക്കുമ്പോൾ അരിഞ്ഞിട്ട ഒന്നരക്കിലോ കൊപ്രയെങ്കിലും വാരിയെടുക്കുന്ന ലാബാന്റെ  കൈയുള്ളൂ കണ്ടു..അലക്‌സ് ചെവിയിൽ "രേണൂ"ന്ന്  വിളിച്ചപ്പോൾ അവൾക്ക്  'കൊച്ചു പൊലയാടീന്ന്' കേട്ടു.അലക്‌സ്‌ കിതച്ചു തുടങ്ങി. ഊണിന് വിളിക്കുമ്പോൾ അഞ്ചാമത്തെ തെങ്ങിന് തടം കോരുന്ന ലാബാൻ അവളുടെ ഉള്ളിൽ വന്നു നിന്നു..

"അലക്‌സച്ചായന്റെ നെറ്റികേറിത്തുടങ്ങി,  അപ്പച്ചന്റെയൊറ്റരോമം വീണിറ്റില്ലല്ലോ" കൈതോന്നിയിട്ടുകാച്ചിയ വെളിച്ചെണ്ണ രേണുക ലാബാന്റെ ഉച്ചിയിലൊഴിച്ചു..
"അതവന്റെ തന്തേടെ പാരമ്പര്യമല്ലേ..?" ഉള്ളിൽ കുഴിച്ചിട്ട മൈൻ പൊട്ടി. ആ രംഗം പെട്ടെന്ന് നിശബ്ദമായി. ജവാനും കൊച്ചുപുലയാടിയും ചിരിച്ച് സന്ധിയായി.  ലാബാൻ രേണുകയോട് രഹസ്യത്തിന്റെ ആയുധയിടപാട്‌ നടത്തി. കരാർ ലംഘിക്കരുതെന്ന് സമ്മതിപ്പിച്ചു.
"ഇവൻ തള്ളയ്ക്ക് കുരുത്തപ്പോ ഞാനങ്ങ് മിസോറാമിലാ. തോക്കിനെക്കാൾ  യെവന്റെ തള്ള  വെലകൊടുത്തത് ആ പ്രാന്തന്റെ പാട്ടിനാ. അറിഞ്ഞപ്പോ രണ്ടിനെയും ചവിട്ടിയങ്ങ് കൊല്ലാനാണ് തോന്നിയതാണ്. പക്ഷെ ഞാൻ  തൊടാൻ അറച്ച്. എവിടെയെങ്കിലും ചെന്ന് ജീവിക്കട്ടെന്ന് കരുതി. പക്ഷെ ലവൻ വഴിയിൽ വീണ് ചത്തെന്ന് കേട്ട് യെവന്റെ തള്ള കേറി തീ കൊളുത്തി.." ലാബാൻ കൃത്യമായി ഒരു കുഴി ബോംബ് വച്ചു. അവരുടെ സംഭാഷണത്തിന്റെയറ്റത്തെ തീപ്പൊള്ളലേറ്റാണ് അലക്‌സ് കിടപ്പുമുറിയിലേക്ക് പോയത്.അമ്മാവന്റെയും മരുമകളുടെയും അമർത്തിയുള്ള ചിരി.അലക്‌സ് സത്യമെല്ലാം പേർഷ്യക്കാരി പൂച്ചയോട് പറഞ്ഞു..

" ഇനീം നെറ്റികേറിയാ ഇച്ചായന്റെ ഭംഗിയത്രയും പോവും നമുക്ക് മുടി വയ്പ്പിച്ചാലോ.."
"നിനക്കിത്തിരി മൈരാണ് വേണ്ടെതെങ്കില് ആ പൂടേശ്വരന്റെ നെഞ്ചത്തോട്ട്  കേറിക്കോ. ജവാനും പൊലയാടിക്കും  പൂതിയങ്ങനെ തീരട്ടെ"  നെറ്റിയിലോടിയ വിരലുകൾ രേണുക പിൻവലിച്ചു.  അലക്‌സ് തലയിൽ കൈപിണച്ച് മുകളിലേക്ക് നോക്കികിടന്നു. രേണുക ഇത്തിരി നേരം  ചേർന്നു കിടന്നു. അലക്സിന്റെ കഷത്തിലെ അഴുകിയ മണമുള്ള ചെമ്പൻ മുടിയോട് ആദ്യമായി  അറപ്പു തോന്നി..നടുവിലെ മുറിയിൽ ജോസിമോനേ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഒരിക്കലും വാതിലിന്റെ കുറ്റിയിട്ടില്ല. ചുവരിലും കസേരകളിലും മുട്ടിയുരഞ്ഞ് കുഴഞ്ഞ താളത്തിൽ  വലതു വശത്തെ മുറിയിലെ കട്ടിലിൽ അലക്‌സ്‌ വീഴുമ്പോഴുള്ള  ശീൽക്കാരവും. ഇടതു വശത്തെ മുറിയുടെ  ലാബാൻ  ഇരിക്കുമ്പോഴുള്ള ഞരക്കവും  അവൾ  ശ്രദ്ധിച്ചു. പുറത്തേക്കുള്ള വാതിലുകൾ കുറ്റിയിട്ട് , വീടിന്റെ വെളിച്ചമെല്ലാം കെടുത്തി  ഇടതു ചേർന്ന്  നടക്കുമ്പോൾ ലാബാന്റെ ചൂണ്ടിലൊരു ചിരി പുകഞ്ഞു നിൽക്കും..

അലക്‌സ് എഴുന്നേറ്റ് പടിയിൽ ചാരിയിരുന്നു. വീണുവിരിഞ്ഞ നെറ്റിയിലെ കുഞ്ഞ് പൂവിനെ തൊട്ടു നോക്കി. ജർമ്മൻ, ആ പൂവിൽ ചുംബിച്ചു. ദയയുള്ള ആ നാസിയെ അലക്‌സ്‌ ചേർത്തു നിർത്തി. കപ്പിയുടെ കരച്ചിൽ കേട്ട് അവർ രണ്ടുപേരുടെയും ശ്രദ്ധ കിണറിന്റെ കരയിലെ ലാബാന്റെ പതിവ് കുളിയിലായി..തലയിൽ വീഴുന്ന വെള്ളം കാലിലേക്ക് ഒഴുകിയെത്തനെടുക്കുന്ന സമയം അവരളന്നു. നിരാശയോടെ നിലത്തേക്ക് നോക്കിയിരുന്ന അവരുടെ മുന്നിലൂടെ നനഞ്ഞ കാലുകൾ അകത്തേക്ക് പോയി.  ലാബാൻ മുടി ചീകിയൊതുക്കുന്നത് കണ്ട് പേർഷ്യൻ  മൂക്കിൽ പോറി വിട്ട കാലത്തിന്റെ വേദനയോർത്ത് പുറത്തേക്കോടി. മുട്ടിൽ  തറച്ചു കയറിയ ചരലിന്റെ ചീളുകൾ എടുത്ത് കളയാൻ ശ്രമിക്കുകയായിരുന്ന അലക്സിന്റെ മടിയിൽ ചെന്നിരുന്നു...

"  വാടി പെണ്ണേ, ഇന്നിത്തിരി മീന് വാങ്ങിക്കാം" ലാബാന്റെ വിളികേട്ട് വീട് ചെവിയിൽ കൈവച്ചു. അലക്സിനു മീനിഷ്‌ടമായിരുന്നില്ല. പടിയിറങ്ങി വന്ന രേണുകയുടെ  ചിരിവറ്റിയ നോട്ടം അലക്‌സിനെ കടന്നുപോയി. മുറ്റത്ത് ചരിഞ്ഞ് വീഴുന്ന ലാബാന്റെ നിഴലിലേക്ക് രേണുക നടന്നു. അതുകണ്ട് എസ് ടി യുടെ പരിഹാസം കലർന്ന ചിരി അലക്സിന്റെ നേർക്ക് പാഞ്ഞു വന്നു. രേണുകയുടെ മനസ് വായിച്ചപോലെ ലാബാൻ വേഗത കൂട്ടി.രേണുക ചിരിച്ചു. അവൾ രണ്ട് വിയർപ്പുകളുടെ താരതമ്യത്തിലായിരുന്നു..

പുതിയ ക്രിക്കറ്റ് ബാറ്റും മുറുകെപ്പിടിച്ച് തനിക്കരികിൽ വന്നിരുന്ന 
ജോസിമോനേക്കണ്ടപ്പോൾ അലക്സിന്റെ ഉള്ളിൽ നിന്നും പ്രതികാര ശ്രുതിയിട്ട പഴയ പാട്ട്  പുറത്തു വന്നു..!!


കെ എസ് രതീഷ്,പന്ത
(ഗുൽമോഹർ 009)


ഇരുട്ട്..!!

ഇരുട്ട്..!!

    ഇരുട്ടിന് ഭയം എന്ന പര്യായമുണ്ട്. ശൈഖിന്റെ ഡയറിയിലെ അടി വരയിട്ട വരികൾ നസീം വായിച്ചു. " 'ഉള്ളത്തിൽ ഭയമേറുക മൂലം വെള്ളത്തിൽ ചിലർ- നമ്പ്യാർ'. 'രാ-ഇരുട്ട് മൻ- മനസ് മനുഷ്യൻ, രാമൻ..??'.'ഭയം അതിരുകളില്ലാത്ത രാജ്യമാണ്'.'അഭയത്തിൽ ഒരു ഭയമുണ്ട്'. കാണാതായ ദിവസം ശൈഖ് എന്തോ കാര്യമായി എഴുതാൻ ആഗ്രഹിച്ചിരുന്നു.അൻസാരി ശൈഖിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുടെ ഓഫീസിൽ നിന്ന് മൂന്നാമതും വിളി വന്നതിന്റെ അസ്വാസ്ഥ്യം നസീമിന്റെ മുഖത്തുണ്ടായിരുന്നു..

  കക്ഷികളും സാക്ഷികളും  ശൈഖിനെക്കുറിച്ച്  പറഞ്ഞ് പോയി. ഈ സാഹചര്യത്തിൽ ശൈഖിനെപ്പോലെ ഒരാൾ അപ്രത്യക്ഷ്യമായാൽ മാധ്യമങ്ങളിലും കാര്യമായ ചർച്ച നടക്കും. കൊന്നുകളഞ്ഞെന്നും, ഐ എസിൽ ചേർന്നെന്നും, നാടുവിട്ടെന്നുമുള്ള  ചർച്ചകൾ സോഷ്യൽ മീഡിയയിലും തുടങ്ങിയിട്ടുണ്ട്. നസിം മുന്നിലിരുന്ന ഗ്ലോബ് ഒന്ന് തിരിച്ചു. കടൽ കലങ്ങി ഭൂമി മൊത്തം നീലയായി... ചുവരിൽ തൂക്കിയിരുന്ന ജീപ്പിന്റെ താക്കോലുമായി പോകുന്ന എസ് ഐയെ സ്റ്റേഷൻ ആകെ ഒന്ന് നോക്കി...  

     ജീപ്പ് മാവൂർ ജി എച്ച് എസ് എസിന്റെ മുന്നിൽ കിതച്ച് നിന്നു. ഗായത്രിയും അൻസാരി ശൈഖ് എന്ന പൊളിറ്റിക്സ് അദ്ധ്യാപകനും ആ ദിവസത്തിന്റെ ദിവസത്തിന്റെ തലേന്ന് അവസാന പിരീഡ് സംസാരിച്ചത് ഈ ഗേറ്റിന്റെ അരികിലെ കെട്ടിടത്തിലായിരിക്കും.ദേശീയ ഗാനത്തിന്റെ പതിവ് താളം സ്‌കൂളിന്റെ തലയിലിരുന്ന് ആരോ പാടുന്നു.. ഒരു തിരമാലപോലെ കുട്ടികൾ ഒഴുകി നിരത്തിലേക്ക് ചിതറി.ജീപ്പിന്റെ അരികിൽ നിന്നൊരു വിരുതന്റെ വിരലുകൾ പോലീസെന്ന് കൂട്ടി വായിച്ച് ഭയന്നു...
ജീപ്പ് അനുവാദം ചോദിക്കാതെ സ്‌കൂളിന്റെ ഉള്ളിൽ ചെന്നു. ജീപ്പിനെക്കണ്ട് സ്‌കൂളും മിണ്ടാതെ നിന്നു..നസീം തൊപ്പിയൂരി ജീപ്പിന്റെ മുഖത്ത് വച്ചപ്പോൾ മീശ മറഞ്ഞു. സ്‌കൂളിന്റെ മുഖം തെളിഞ്ഞു..

ഒന്ന്. 
ഒരു ചോദ്യത്തിലെന്തിരിക്കുന്നു...?
      ഗായത്രിയുടെ കണ്ണിൽ ശൈഖ് വന്നപ്പോൾ അവൾ ഓടിച്ചെന്നു. മോഡൽ പരീക്ഷയുടെ പേപ്പർ മറ്റാർക്കും വേണ്ടാതിരുന്നിട്ടും "അത് നോക്കിത്തരണേ  മാഷേന്നും" പറഞ്ഞ് പിന്നാലെ കൂടിയത് ഈ അവസരത്തിന് വേണ്ടിയായിരുന്നു. മിടുക്കിയായ കുട്ടി, സയൻസിലേക്ക് മാറിയിരിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടും കഴിയാതിരുന്നത് ഐ.എ.എസ് മോഹം മാത്രമായിരുന്നില്ല. ശൈഖിന്റെ ചിന്തകളിലേക്ക് അവളങ്ങ് ഒഴുകിപ്പോരുകയായിരുന്നു. തമാശ പോലെ പലതവണ ആ ഇഷ്ടം പലതവണ പറഞ്ഞു നോക്കി. കേട്ടില്ലെന്ന് ഉറക്കെ അഭിനയിച്ച് അയാൾ പോകുമായിരുന്നു. ഇന്നവൾക്ക് ഉള്ളതങ്ങ് തുറന്ന് പറയണം. കഴിയുമെങ്കിൽ ആരും കാണാതെ ഒന്ന് കെട്ടിപ്പിടിക്കണം..

" പൗരത്വം ഇല്ലാതാകുന്ന കാരണങ്ങൾ, ആ പതിനാലാമത്തെ ചോദ്യത്തിന് മൂന്ന് മാർക്കല്ലേ, മാഷതിനെന്താ മാർക്കിടാത്തത്" ഗായത്രി ശൈഖിനോട് ചേർന്ന് വന്നു. പരീക്ഷയായതിനാൽ അദ്ധ്യാപകർ കുറവാണ്. ഒന്നു രണ്ട് പേർ നേരത്തെ പോയിരിക്കുന്നു. ഒരാൾ പോകാനുള്ള തയ്യാറെടുപ്പും. ഗായത്രിയുടെ ചോദ്യം കേട്ട് ഒരു ടീച്ചർ തലയും കുലുക്കി പുറത്തേക്ക് പോയി.ശൈഖ് പേപ്പറിൽ നോക്കി കുനിഞ്ഞിരിക്കുന്നു.. " ആകെ മൂന്ന് രീതിയിലേ പൗരത്വം പോകു, ഞാനത് കൃത്യായിട്ട് എഴുതിയിട്ടുണ്ട്." ശൈഖ് മാർക്കിടാൻ തുടങ്ങിയപ്പോൾ ഗായത്രി പേപ്പർ പിടിച്ചു വാങ്ങി."എനിക്ക് നിങ്ങടെ  മൂന്ന് മാർക്കല്ല വേണ്ടത്, എന്നെ ഒഴിവാക്കിയുള്ള നടപ്പിന്റെ കാരണം അറിയണം.." ഗായത്രി താടി പിടിച്ച് ഉയർത്തി.ശൈഖിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നു. അവൾ ആ മുഖം തന്നോട്‌ ചേർത്ത് പിടിച്ചു. മുടിയിഴകളിൽ തലോടുമ്പോൾ ശൈഖിന്റെ വിങ്ങൽ. മുടികൾ കൂട്ടപ്പലായനം തുടങ്ങിയ നെറ്റിയിൽ അവൾ ചുംബിച്ചു..ശൈഖിന്റെ കണ്ണീരിൽ കുതിർന്ന് ഗായത്രിയുടെ ഉടുപ്പിൽ  അജ്ഞാത ഭൂപടവും മുഖത്ത് പ്രതീക്ഷയുള്ള ചിരിയും വിരിയുന്നുണ്ടായIരുന്നു..

     ഒടുവിലെ ബെല്ലും ശൈഖിന്റെ കുതറി എഴുന്നേൽപ്പും ഒന്നിച്ചായിരുന്നു.
രണ്ടാമത്തെ ചുംബനത്തിന് താണുവന്ന ചുണ്ടിൽ ഒരു പിളർപ്പ് വീഴ്‌ത്തിയിട്ട് കുനിഞ്ഞ തലയോടെ ശൈഖ് പുറത്തേക്ക് ഓടി.."പതിനാലാമത്തെ ചോദ്യം തെറ്റാണ്. പൗരത്വം ഒരാൾക്കും ഒരിക്കലും നഷ്ടമാക്കില്ല. ആർക്കും ആരെയും ആട്ടിയോടിക്കാൻ അവകാശമില്ല " ഉറക്കെ
 വിളിച്ചുപറഞ്ഞ് ഉയർത്തിപ്പിടിച്ച പേപ്പറുമായി  ഗേറ്റ് കടന്ന് പോകുന്ന ശൈഖിന്റെ പിന്നാലെ കുട്ടികളും ഓടാൻ തുടങ്ങി...

   ഗായത്രിയുടെ ചുണ്ടിൽ മുറിവിന്റെ നീറ്റൽ തെളിവെടുപ്പ് നേരത്തുമുണ്ടായിരുന്നു.കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ മേൽചുണ്ട് നനയ്ക്കാതെ വെള്ളമിറക്കുന്നതും, ചുണ്ടിൽ ഒപ്പിയ കൈലേസിൽ  ചുവന്ന പൂവുകൾ ഉണ്ടായതും നസിം ശ്രദ്ധിച്ചു.ആ മുറിവ് മരണവരെ പച്ചയായിരിക്കുമെന്ന് നസീമിന് തോന്നി..

രണ്ട് 
തുന്നൽക്കാരന്റെ കഥ.

 പ്രവാസി ടൈലേഴ്‌സിന്റെ മുന്നിൽ ജീപ്പ് നിർത്താൻ സ്ഥമുണ്ടായിരുന്നു. തുറന്ന് കിടക്കുന്ന കടയ്ക്കുള്ളിൽ മദനൻ എന്ന തുന്നൽക്കാരന്റെ അഭാവം സൂക്ഷിച്ച് നോക്കിയാൽ കാണാം.
തയ്യൽ പൂർത്തിയായ ഒരു വെളുത്ത നീളൻ കൈയുള്ള ഉടുപ്പിന്റെ മുകളിൽ ഒരു പ്രാവ് എന്തൊക്കെയോ പിറുപിറുത്ത് ഇരിക്കുന്നുണ്ട്..സ്‌കൂളിൽ നിന്നിറങ്ങിയോടിയ അൻസാരി ശൈഖിനെ മദനനും കൂട്ടുകാരും ചേർന്ന് ഈ കടയ്ക്കുള്ളിലാണ് പിടിച്ചിരുത്തിയത്. "അൻസാരീന്ന്" മദനന്റെ ഒറ്റ വിളിയിൽ ശൈഖ് മിണ്ടാതെ ഇരുന്നു പോയി..

" ഈ ശൈഖ്ല്ല ഓന്റെ വാപ്പ ലോക സഞ്ചാരി ബുഖാരി ശൈഖിനെ ഞാൻ ഇരുത്തും" മദനന്റെ ഈ വാക്കിലാണ് ജനം ശാന്തരായി പിരിഞ്ഞുപോന്നത്..പ്രാവാസ ജീവിതം അവസാനിപ്പിച്ച  ചങ്ങാതികൾ  തുടങ്ങിയതാണ് പ്രവാസി ടൈലേഴ്‌സ്. ബാവുൽ സംഗീതഗവും യാത്രകളും മാത്രം കൊതിച്ച പങ്കാളി ബുഖാരി ശൈഖിനെ കാണാൻ കിട്ടുന്നത് അത്യപൂർവ്വമായ ഏതെങ്കിലുമൊരു ഗന്ധം കടയുടെ വാതിലിൽ എത്തുമ്പോഴാണ്. ഒന്നോ രണ്ടോ ദിവസം പിന്നെ തുന്നൽ യന്ത്രത്തിന് പോലും നൃത്തം ചെയ്യാൻ തോന്നിപ്പിക്കുന്ന സംഗീതം. മദനന്റെ നിർബ്ബന്ധത്തിന്  വഴങ്ങി ചിലപ്പോൾ വീടുവരെ പോകും.. ഭാര്യ അസ്മാബിയുടെ മയ്യിത്ത് കാണാൻ പോലും ബുഖാരി ശൈഖ് വന്നിരുന്നില്ല..എല്ലാത്തിനും കാര്യക്കാരനായി മദനൻ തന്നെ.പിന്നൊരിക്കൽ വന്നപ്പോൾ മകന്റെ കാര്യം പറഞ്ഞു.  ഒരത്യാവശ്യത്തിന് ചില രേഖകൾ വേണമെന്ന മദനന്റെ വാദത്തിന്...

" ഈ മനുഷ്യർക്ക് മാത്രമല്ലേ
ജീവിച്ചിരുന്നതിന് തെളിവ് ബാക്കിയാക്കുവാതുള്ളു,
മരത്തെ, മഞ്ഞിനെ,
ആ മഹാ നദിയുടെ ഒഴുക്കിനെ നോക്കു.
അടയാളമില്ലാതെ അവരങ്ങ്..
മനുഷ്യർക്ക് മാത്രമല്ലേ 
ഓർമ്മിക്കപ്പെടാൻ ആഗ്രഹമുള്ളു.." 
പുലരുവോളം കടയുടെ ഉള്ളിൽ  ഈ പാട്ട് ഉയർന്നു കേട്ടു. വാപ്പയെ കാത്തിരുന്ന അമ്മയില്ലാതായ മകൻ അന്നും ഉറങ്ങിയത് കുമന്റെ മൂളൽ കേട്ടാണ്. ബുഖാരി ശൈഖിനെ പിന്നാരും കണ്ടിട്ടില്ല..അയാളുടെ പാട്ടിലെ വരികൾ പോലെ തെളിവൊന്നും ബാക്കിയാക്കാതെ പാട്ട് പതിയെ ഇല്ലാതായിട്ടുണ്ടാകും..തുന്നൽക്കാരന്റെ കഥയിലെ ഒടുവിലെ രംഗം നസീം ഓർത്തു.

പെട്ടെന്ന് പ്രാവ് പുറത്തേക്ക് പറന്നു പോയി. മദനന്റെ ചവിട്ടിൽ തുന്നൽ യെന്ത്രത്തിന്റെ ഒറ്റവരിപ്പാട്ട് പുറത്തേക്ക് വന്നു..കത്രികയുടെ ചിരിയും തുണിയുടെ കരച്ചിലും കേൾക്കാം..അറിയാതെയെങ്കിലും ഉറ്റ ചങ്ങാതിയുടെ മകനോട് ക്രൂരമായ തമാശ പറഞ്ഞു പോയതിൽ തുന്നൽക്കാരൻ ഇപ്പോൾ വല്ലാതെ വേദനിക്കുന്നുണ്ടാകും.. ' നീ ഇവിടെ ജീവിച്ചിരുന്നതിന്  എന്തെങ്കിലും രേഖയുണ്ടോ..? ഇനി ചിലപ്പോൾ പഴയ പേപ്പറൊക്കെ തപ്പിയെടുത്തുകൊടുക്കേണ്ടി വരില്ലേ..?' എന്ന് ചോദിച്ചു പോയത്  അവന്റെ ഭാവിയെക്കുറിച്ച് ആത്മാർഥമായി ആകുലപ്പെട്ടു  തന്നെയായിരിക്കും.
താൽകാലിക അദ്ധ്യാപനവും ഒറ്റയാൻ ജീവിതവും സമൂഹിക സേവനവുമായി കഴിയുന്ന തന്റെ ബുഖാരിയുടെ മകനെ ആ പിതൃസ്ഥാനിയന് വേഗം കൈയൊഴിയാനാകുമോ ..?

 "എനിക്കും ഈ രാജ്യത്തെ മണ്ണിൽ അവകാശമുണ്ടെന്ന് " ശൈഖ് കത്രിക കഴുത്തിൽ ചേർത്ത് പറഞ്ഞപ്പോൾ അയാൾ തകർന്ന് പോയിട്ടുണ്ടാകും.. കഴുത്തിന്റെ ഇടത് വശത്തെ മുറിവ് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാൻ പര്യാപ്തമാണ്. പക്ഷെ തുന്നൽക്കാരന്റെ മുറിവ് ഉള്ളിൽ എവിടെയോ ആയിരുന്നു.. ശൈഖിനെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും, ആക്ഷൻ കൗൺസിൽ രൂപികരിച്ചതും. മുഖ്യമന്ത്രിക്ക് കത്തയച്ചതും ഈ മുറിവേറ്റയാൾ തന്നെയല്ലേ..?
കത്രികയുടെ താളം നിലച്ചിരിക്കുന്നു. പ്രാവ് വീണ്ടും വീണ്ടും ആ നീളൻ ഉടുപ്പിന്റെ മുകളിൽ ചെന്നിരുന്നു..'പോകട്ടെ' എന്നശ്വസിപ്പിക്കാൻ ശ്രമിച്ച ജിപ്പിനെ കണ്ണുയർത്തിയൊന്ന് നോക്കാൻ പോലും ആ തുന്നൽക്കടയ്ക്ക് തോന്നിയില്ല...

മൂന്ന് 
ആൽത്തറ റൈറ്റേഴ്‌സ് ഫോറം.

ഡി സജീവനാണ് അൻസാരിയുടെ ഏക ചങ്ങാതി, ആൽത്തറ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ്. നസീം ജീപ്പ് പത്രമോഫീസിന്റെ പാർക്കിംഗ് ഏര്യയിൽ നിർത്തി.ഓഫീസിൽ വന്നാൽ ചില വാർത്തകൾ തരാമെന്ന് സജീവൻ പറഞ്ഞിരുന്നു. കോളേജ് കാലം മുതൽ അവർക്ക് ഇത്തരത്തിൽ ഒരു പദ്ധതിയുണ്ടായിരുന്നു. കൃഷ്ണ വിഗ്രഹത്തിൽ തണലും ഇലയും പൊഴിച്ച് വഴിയിലേക്ക് പടർന്ന് നിൽക്കുന്ന ആ ആലിന്റെ ചിത്രമാണ് സംഘടനയുടെ മുദ്ര. ശൈഖിന്റെ പറമ്പിലെ നാലഞ്ച് കൂറ്റൻ തേക്ക് മരങ്ങൾ വായനശാല കെട്ടിടത്തിന്റെ നിർമ്മാണത്തിന് വേണ്ടി മരിച്ചു വീണ ചരിത്രമുണ്ട്. ബുഖാരി ശൈഖിന്റെ പുസ്തക ശേഖരം നാട്ടുകാരുടെ കണ്ണിന്റെ മുന്നിൽ വന്ന് കവച്ചിരുന്നു..
ഒടുവിൽ നടത്തിയ അഖില കേരള കഥാമത്സരത്തോടെയാണ് ആ പ്രശ്നമുണ്ടായത്..അതിന്റെ പേരിൽ റൈറ്റേഴ്‌സ് ഫോറം പിരിച്ച് വിട്ടതും ഫയലുകളും കഥാ മത്സരത്തിന് വന്ന സൃഷ്ടികളും കത്തിച്ച് കളഞ്ഞതും ശരിയായില്ലെന്ന് സജീവൻ ആവർത്തിച്ചു..

റിസ്‌പ്ഷനിലിരുന്ന് ഫോണിൽ വിളിക്കാൻ തുടങ്ങുമ്പോൾ സജീവൻ പത്രക്കെട്ടുകളുമായി വന്നു. "ഷിഫ്റ്റ് കഴിയാൻ ഒരു പതിനഞ്ച് മിനുട്ട് കൂടെ" നസീം തല കുലുക്കിയപ്പോൾ സജീവൻ പ്രസിനുള്ളിലേക്ക് പോയി..ആദ്യ പേജിൽ ആ വാർത്ത ഇങ്ങനെ കറുത്ത് കിടന്നു..

ആൽത്തറ റൈറ്റേഴ്‌സ് ഫോറം 
അഖില കേരള ചെറുകഥാ മൽസരം.

കോഴിക്കോട്: മാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാസ്കാരിക സംഘടനയായ ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ചെറുകഥാ മൽസരം സംഘടിപ്പിക്കുന്നു. ഫാസിസ്റ്റ്  ഇന്ത്യയുടെ മുഖം  പശ്ചാത്തലമാകുന്ന കഥകളാണ്‌ അയയ്ക്കേണ്ടത്. 15 നും 45 നും ഇടയിൽ പ്രായമുള്ളവരുടെ രചനകളുടെ മൂന്ന് കോപ്പി നവംബർ 25ന് മുമ്പ് സെക്രട്ടറി, ആൽത്തറ റൈറ്റേഴ്സ് ഫോറം. മാവൂർ 673661 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7902234336.

നാസിം മറ്റു പത്രങ്ങൾ വെറുതെ പരതി. അൻസാരി ശൈഖ് എവിടെ..? 
ശൈഖിന്റെ തിരോധാനം സി ബി ഐക്ക് വിടുക..തലക്കെറ്റുകളുടെ കീഴിൽ ഊഹങ്ങളുടെ ഉരുമ്പരിക്കുന്ന  ചിന്തകൾ. ഒടുവിൽ റൈറ്റേഴ്‌സ് ഫോറത്തിന്റെ ലെറ്റർ പാഡിൽ ഒരു പത്രക്കുറിപ്പ് കിട്ടി..

പ്രസിദ്ധീകരണത്തിന്

ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ പുരസ്കാരം സ്വാലിഹ് എം. ബിക്ക്.

മാവൂർ: ആൽത്തറ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രഥമ ചെറുകഥാ പുരസ്കാരം യുവ കഥാകൃത്ത് സ്വാലിഹ് എം ബി കാരസ്‌തമാക്കി. അദ്ദേഹത്തിന്റെ "ഒരു വെജിറ്റേറിയൻ പട്ടി" എന്ന കഥയ്ക്കാണ് പുരസ്കാരം. അവാർഡ് തുകയും പ്രശസ്തി പത്രവും ഫലകവും മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന്  മാവൂരിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 
മുന്നൂറോളം കഥകളിൽ നിന്നാണ് സ്വാലിഹിന്റെ കഥ തിരഞ്ഞെടുത്തത്. വർത്തമാന രാഷ്ട്രീയത്തിൽ യജമാനനെ നിയന്ത്രിക്കുന്ന ഒരു പട്ടിയെ കഥാപാത്രമാക്കി നടത്തിയ രചനയെ നാലുപേർ അടങ്ങിയ വിദഗ്ദ്ധ സമിതിയാണ് തിരഞ്ഞെടുത്തത്.

സെക്രട്ടറി
ആൽത്തറ റൈറ്റേഴ്‌സ് ഫോറം
അൻസാരി ശൈഖ്.

"അത്  പത്രത്തിൽ കൊടുത്തില്ല സാർ." സജീവൻ വന്നത് നസീം അറിഞ്ഞിരുന്നില്ല. 
"ജൂറിയായി വന്നവരിൽ ചിലർ ആ കഥയുടെ അപകടം എന്നോട് പറഞ്ഞിരുന്നു. അതിലെ പട്ടിക്ക് ചില രാഷ്ട്രീയ നേതാക്കളുടെ ഛായയാണ്.അൻസാരിയെ ഞാൻ പിന്തിരിപ്പിക്കാൻ പലതവണ നോക്കി. ഒടുവിൽ ഞാൻ മീറിംഗിൽ നിന്ന് ഇറങ്ങിപ്പോയി.ഞാനറിയാതെ ഈ പത്രക്കുറിപ്പ് ഇവിടെ ഏല്പിച്ചു. പക്ഷെ അത് പ്രസിദ്ധീകരിച്ചില്ല. ഇതിനിടയിൽ മറ്റൊരു പത്രത്തിൽ വാർത്ത വന്നു. ജൂറിയായി വന്ന ഒരാൾ തന്നെ കഥയെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.രാഷ്ട്രീയ നേതാക്കളെ അപമാനിക്കാൻ എന്ന തരത്തിൽ കഥാമത്സരം എന്നായിരുന്നു ആരോപണം.എന്തായാലും ചടങ്ങ് നടന്നില്ല. അതിനിടയിൽ കഥ മറ്റൊരു പതിപ്പിൽ വരികയും വിവാദമാവുകയും ചെയ്തു. അങ്ങനെയാണ് ആൻസാരിക്ക് കുരുക്ഷേത്ര ഫേസ്‌ബുക്ക് കൂട്ടായ്മയുടെ അഡ്മിന്റെ വധഭീഷണി വരുന്നത്..."
     ചായ കുടിക്കാനുള്ള ക്ഷണം ഒരു ചിരിയിൽ ഒതുക്കി നസീം പുറത്തേക്ക് ഇറങ്ങി. 
"കാലം അത്ര പോര സാറേ, ഇതിന്റെ പേരിൽ അൻസാരിയെ നഷ്ടപ്പെടും എന്ന് തോന്നിയിട്ടാണ് ഞാനത് വേണ്ടെന്ന് വാദിച്ചത്. അതിന് അവൻ എന്നെയും എതിർ  ചേരിയിൽ നിർത്തി. ഈ വിഷയത്തിൽ 'സജീവനെ'  ആരും ഒന്നും ചെയ്യില്ല. പക്ഷേ 'അൻസാരിയെ' അവർക്ക് അങ്ങനെ അല്ലല്ലോ..." സജീവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.  എന്തൊക്കെയോ പറയാൻ ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്ന സജീവന്റെ രൂപം ജീപ്പിന്റെ ഇടതു വശത്തെ കണ്ണടിയിൽ തങ്ങി നിന്നു...

നാല്
സൈബർ കുരുക്ഷേത്രം.

നസീം ഫോണിന്റെ ഗാലറിയിൽ സൂക്ഷിച്ചിരുന്ന സ്‌ക്രീൻ ഷോട്ടുകൾ  നോക്കി. ശൈഖിനെ കാണാതായതിനും രണ്ട് ദിവസം മുൻപ് കുരുക്ഷേത്ര ഗ്രുപ്പ് അഡ്മിൻ ശ്രീനാഥ് കോവിലകവും ശൈഖും തമ്മിൽ നടത്തിയ വാക് പയറ്റിന്റെ തെളിവുകൾ. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ശ്രീനാഥ് തന്നെയാണ് അതൊക്കെ നസീമിന്റെ ഫോണിലേക്ക് അയച്ചത്..7:30 മുതൽ 9:20 വരെ തമ്മിലൊരിക്കലും കണ്ടിട്ടില്ലാത്തവർ തമ്മിൽ നടത്തിയ പോർവിളികൾ..

ശ്രീനാഥ്:  താൻ ഫേസ്ബുക്കിൽ രാജ്യത്തിനെതിരേ കുരയ്ക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി.

ശൈഖ്:അത് ചോദിക്കാൻ താങ്കൾ ആരാണാവോ..?

ശ്രീനാഥ്:  ജനിച്ച നാടിനോടും സൈനികരോടും കൂറുള്ള ഒരാൾ

ശൈഖ്: ഓ രാജ്യസ്നേഹി,  അതിനെനന്തിനാടെ എന്റെ ഇൻ ബോക്സിൽ വന്ന് കുരയ്ക്കുന്നത്

ശ്രീനാഥ്: നിനക്ക് കളിയാക്കാൻ ഞങ്ങളുടെ രാജ്യത്തെ പട്ടാളക്കാരെ മാത്രമേ കിട്ടിയുള്ളോ..?. പാകിസ്ഥാനിൽ ചെന്ന് ബോംബിട്ടില്ലെന്ന് നിന്നോടാര് പറഞ്ഞു.. അതോ നിന്റെ വാപ്പ അവിടെയുണ്ടോ? അതോ കൊറേ മാപ്പിളമാർ ചത്തതിന്റെ ചൊരുക്കോ..?

ശൈഖ്: ഈ രാജ്യവും പട്ടാളക്കാരും  നിന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ ഇങ്ങനെ പൊട്ടിച്ച് കളിക്കാൻ..? 

ശ്രീനാഥ്: അതേടാ ഈ രാജ്യം ഞങ്ങളുടെ പൂർവ്വികരുടെ സ്വത്ത് തന്നെയാണ്. എന്തേ സംശയം ഉണ്ടോ..?

ശൈഖ്: നിന്റെ പൂർവ്വികർ എന്നു പറയുമ്പോൾ ത്രേതായുഗം വരെ പോണോ, അതോ പരിണാമ കാലം വരെ...?????!!!

ശ്രീനാഥ്: അല്ലെടാ മൂരി, നീ ഐ.എസ് വരെ പോയാൽ മതി.

ശൈഖ്: ഓ അപ്പൊ അതാണ് തൊപ്പിയും താടിയും പേരും കണ്ടാലുള്ള തീവ്രവാദി ലൈൻ..? 
ഒന്നു പോടാ കൊപ്പേ, ഈ രാജ്യം നിന്റെ തന്തയുടെ അല്ല..ഇനി മേലിൽ ഇൻ ബോക്സിൽ വന്ന് ചൊറിയരുത്.

ശ്രീനാഥ്: ഇനിയും നീ എന്റെ രാജ്യത്തെയും പട്ടാളക്കാരെയും ചൊറിഞ്ഞ്  പോസ്റ്റ് ഇട്ടാൽ  ഇൻ ബോക്സിൽ അല്ല, നിന്റെ വീട്ടിൽ വന്ന് ചൊറിയും. അതിനൊക്കെയുള്ള സെറ്റപ്പ് ഇവിടെയുന്നുണ്ട്  സൂക്ഷിച്ചോ..നിനക്കൊക്കെ പറ്റിയ രാജ്യങ്ങൾ ഉണ്ടല്ലോ അങ്ങോട്ട് പോയപ്പോരെ..

ശൈഖ്: എങ്കിൽ നിന്റെ തന്തയോട് ഒരു ടിക്കറ്റ് ഒപ്പിച്ച് തരാൻ പറ. അല്ലെങ്കിൽ മാവൂർക്ക് പോര് നമുക്ക് ചൊറിഞ്ഞ് രസിക്കാം. 

നസീം സ്‌ക്രീൻ ഷോട്ട് മാറ്റി. അതിൽ ഒരു കാര്യവുമില്ലെന്ന് നേരിട്ട് ബോധ്യമായതാണ്.
പതിനെട്ട് പോലും പൂർത്തിയാകാത്ത പട്ടാളക്കാരന്റെ മകൻ, ഒരു കാലിന് തീരെ സുഖമില്ലാത്ത കുട്ടി. പക്ഷെ കൂസലില്ലാത്ത കണ്ണുകൾ. ശ്രീനാഥിനെ സ്റ്റേഷനിൽ കൊണ്ടുവന്നത് അമ്മയായിരുന്നു.തെളിവെടുപ്പ് തീരും വരെ അവർ കരച്ചിലായിരുന്നു.ഫോണും സിമ്മും പട്ടാളക്കാരന്റെ നമ്പറും സ്റ്റേഷനിൽ ഏല്പിച്ചു. ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത്  മടങ്ങിയപ്പോൾ. കുരുക്ഷേത്ര അഡ്‌മിനെ ഓർത്ത് നസീം ചീരിച്ചുപോയി..

അഞ്ച്
സ്വർഗ്ഗ രാജ്യത്തിന്റെ അവകാശികൾ.

ജഗദമ്മയുടെ വീട്ടുപടിക്കൽ ജീപ്പ് നിന്നതും അവിടം പെട്ടെന്ന് നിശബ്ദമായി.ശൈഖിൻറെ അയൽക്കാരി ജഗദമ്മ ഇപ്പോൾ എസ്തേറാണ് .മക്കളായ മീന-സീന റൂത്തും, ശലോമിയുമായിരിക്കുന്നു. ജ്ഞാനസ്നാനത്തിന്റെ പ്രാർത്ഥനയാണ് നസീമിന്റെ വരവിൽ നിശ്ശബ്ദമായത്..ശൈഖിന്റെ അയൽക്കാരിയും പഞ്ചായത്ത് ആഫീസിലെ കരാർ തൂപ്പുകാരിയുമായ ജഗദമ്മയുടെ പേരിലേക്ക് അമ്പത് സെന്റ് പുരയിടവും വീടും മാറ്റിയതിന്റെ രേഖകളുമായി കാണാതായത്തിന്റെ തലേന്ന്  രാത്രി ചെന്നിരുന്നു.. അങ്ങനെയെങ്കിൽ ശൈഖിനെ അവസാനമായി കണ്ട വ്യക്തി ജഗദമ്മ എന്ന എസ്‌തേർ ആയിരിക്കും.അതിൽ ഏറ്റവും അപകടം പിടിച്ചപ്രശ്നം. പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കാൻ  ജഗദമ്മയെ ശൈഖ് ഏൽപ്പിച്ച കത്തും തിരിച്ചറിയൽ രേഖകളുമാണ്..


അൻസാരി ശൈഖ്
പറയാനാർ തൊടി
മാവൂർ

പഞ്ചായത്ത് സെക്രട്ടറി
മാവൂർ

വിഷയം: പൗരത്വം ഉപേക്ഷിക്കുന്നത് സംബന്ധിച്ച്

സർ.
   ഞാൻ അൻസാരി ശൈഖ്. ജന്മം കൊണ്ട് ഈ രാജ്യത്തെ പൗരനെന്ന് തെളിയിക്കാനുള്ള മതിയായ രേഖകൾ എനിക്കുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഞാനീ രാജ്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പോവുകയാണ്.
       ബാങ്ക്, കോടതി നടപടികളുമായി സംബന്ധിക്കുന്ന ബാധ്യതകൾ എനിക്കില്ല.നാളിതുവരെയുള്ള  ഭൂമിയുടെ കരം. ജലക്കരം, വൈദ്യുതി ബില്ല്‌, തൊഴിൽക്കരം എന്നിവ ഞാൻ ഒടുക്കിയത്തിന്റെ രസീതികളും. ഈ രാജ്യത്ത് നിന്നും നേടിയ പഠന സംബന്ധിയായ സർട്ടിഫിക്കറ്റുകളും, എന്റെ തിരിച്ചറിയൽ രേഖകളും ഈ കത്തിനൊപ്പം ചേർക്കുന്നു..

   എന്റേതെന്ന് നാളിതുവരെ കരുതിയ ഭൂമി ആയൽ വാസിയായ വിധവയ്ക്ക് സ്വമേധയാ ഇഷ്ടദാനം ചെയ്തതിന്റെ പകർപ്പുകൾ ഇതിന്റെ ഒപ്പം ചേർക്കുന്നു.. ഈ കത്തിന് ശേഷം തുടർ നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്വം താങ്കൾക്കുണ്ട്..പക്ഷെ എന്നെ കണ്ടെത്താനുള്ളതോ എനിക്ക് എന്ത് സംഭവിച്ചു എന്നതോ അറിയിക്കാനുള്ള ഉത്തരവാദിത്വം ആർക്കും ഇല്ല ..

അൻസാരി ശൈഖ്
ഒപ്പ്.

പ്രാർത്ഥനമുറിയിൽ നിന്നിറങ്ങിയ  സംഘത്തെ ഒരു മഞ്ഞുമല ഒഴുകി വരുന്നത് പോലെയാണ് നസീമിന് തോന്നിയത്. നായകനായി തൂവെള്ളയിൽ മുങ്ങിയ ഒരു പുരുഷൻ, പിന്നാലെ പത്തോളം സ്ത്രീകൾ  എല്ലാവരുടെയും നെഞ്ചിൽ ചേർത്തുള്ള കറുത്ത പുസ്തകം.ജഗ്ദമ്മയുടെ ഇരുവശത്തും നടന്നു വരുന്നത് സീനയും മീനയുമായിരിക്കും.അവരും നെഞ്ചിൽ പുസ്തകം ചേർത്ത് പിടിച്ചിട്ടുണ്ട്..ജഗദമ്മ കറുത്ത പുസ്തകത്തിൽ നിന്നെടുത്ത ആധാരം മുന്നോട്ട് നീട്ടി.നസീം അതു വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ നൽകി. മീനയും സീനയും അമർത്തി വച്ചിരുന്ന നിശ്വാസം പ്രതീക്ഷപോലെ പുറത്തേക്ക് വന്നു.. 

" ശൈഖ് സഹോദരന് സ്വർഗത്തിൽ വലിയ പ്രതിഫലം ഉണ്ടാകും , അനാഥനും വിധവയ്ക്കും ന്യായം പാലിച്ച് കൊടുപ്പിൻ എന്നല്ലേ.." നായകനായി നിന്ന ആൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകളുടെ ചുണ്ടുകളിൽ പ്രത്യേക താളത്തിൽ ശബ്ദമുണ്ടായി..നസീം ജീപ്പിലേക്ക് കയറിയപ്പോൾ ജഗദമ്മയുടെ മുഖം ശ്രദ്ധിച്ചു.മക്കളെ മാറി മാറിയുള്ള നോട്ടത്തിൽ ദരിദ്രവിധവയുടെ ആകുലതകളുണ്ടായിരുന്നു.. 

   നസീം ജീപ്പ് സ്റ്റേഷനിലേക്ക് തിരിച്ചു. സാക്ഷികൾ പറഞ്ഞതിന്റെയെല്ലാം ചില ദൃശ്യങ്ങൾ മാത്രമാണ് കിട്ടിയത്.ഇതൊക്കെയാകും അൻസാരി ശൈഖ് ഭയത്തിന്റെ പര്യായം എന്ന പേജിൽ എഴുതാൻ തുടങ്ങിയത്..

റോഡിൽ ആകെ തിരക്കാണ്. വലിയ ഭാരങ്ങളും ചുമന്ന് ആളുകൾ എങ്ങോട്ടോ തിരക്കിട്ടു പോവുന്നുണ്ട്. ഒരു കുടുംബം ജിപ്പിനെ മറികടന്ന് പോയി. സ്വസ്തമായി കടന്നുപോകാൻ  വണ്ടി നിർത്തിയതിൽ കൂട്ടത്തിലെ സ്ത്രീ നന്ദിയോടെ നോക്കി. 
പക്ഷെ അതിലെ പുരുഷന് എന്തോ പരിഭവം ഉള്ളിലുള്ളത് പോലെ. ശൈഖിൻറെ മുഖം ഇതുപോലെയാണോ..? മഗ്‌രിബ് മുഴങ്ങി. അസ്തമായത്തിന്റെ ചുവപ്പ് പടിഞ്ഞാറ് തെളിഞ്ഞു..!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)