Tuesday 29 March 2016

കഥ ദാമ്പത്യത്തിന്റെ ആപ്പ്

"ദാമ്പത്യത്തിന്റെ ആപ്പ്...!!

ഈ കഥ നിങ്ങൾക്ക് പരിചിതമായിരിക്കും.
ഞാൻ ഇതൊക്കെ അറിയുന്നതിപ്പൊഴാ വായിച്ചു തീരാൻ കാത്തുനിൽക്കരുത് പെട്ടന്ന് പങ്കാളിയുടെ ഫോൺ ഒന്ന് പരിശോധിക്കൂ...

ബാങ്കിൽ പുതുതായ് വന്ന ക്ലർക്ക് ചെക്കനും ഞാനും എർണാകുളത്ത് നെറ്റ് ബാങ്കിംഗ് ട്രെയിനിംഗിന്റെ ഭാഗമായ് വന്നതാ, അവൻ ബാങ്കിൽ വന്നിട്ട് ആറു ദിവസ്സേ ആയിട്ടുള്ളു എന്നിട്ടും ക്യാഷ്യർ ലളിതാമാഡത്തിന്റെ പോലും കണ്ണിലുണ്ണിയായിരിക്കുന്നു. മൂന്നാം നിലയിലേക്ക് ലിഫ്റ്റിൽ പോലും കേറാത്ത ലളിത, ആണുങ്ങളുടെ മുഖത്ത് നോക്കാത്ത ലളിത, അവനയച്ചു കൊടുക്കുന്ന മെസ്സേജുകൾ വായിച്ചു ഞാൻ ഞെട്ടി.ലളിതയും സുധാകരനും പിരിഞ്ഞ് ജീവിക്കാൻ തുടങ്ങീട്ട് ആറുവർഷമായി...

ഇനി കഥപറയാം  ആ ചെക്കൻ ബെഡിൽ ഇരുന്ന് എന്തോ കാണുന്നു എന്താന്ന് ചോദിച്ചപ്പോ ഒരു ചിരി...

"ഞങ്ങൾക്ക് ഇതൊക്കെതന്നാ ചേട്ടാ ആശ്വാസം..." അടുത്തിരുന്നപ്പോ ഒരു സങ്കോചവും കൂടാതെ എനിക്കും കാണിച്ചുതന്നു അതൊക്കെ ഞാൻ ജീവിതത്തിൽ ആദ്യമായ് കാണുകയായിരുന്നു  ഒരു പെണ്ണും മൂന്ന് ആണുങ്ങളും മിനിറ്റുകളുടെ നീളമുള്ള വീഡിയോ മാസങ്ങളായ് പോകാതെ നിൽക്കുന്നു,  ഇതെഴുതുമ്പോഴും. കുളിമുറിയിൽ വൈകിയപ്പോഴും ചെക്കന്റെ വക കമന്റ്

"ചേട്ടാ....എന്താ പരുപാടി....അതിനൊക്കെ വീട്ടിൽ...." ഞാൻ ഞെട്ടി ഈ തലമുറയ്ക്ക് വല്ലാത്ത കാഴ്ച്ചതന്നെ. നാലു ദിവസത്തെ പരിശീലനപരുപാടി നട്ടപാതിരയായലും ചെക്കനുറക്കമില്ല.

"എന്താടാ പരുപാടി"...

."ലളിതാ മാഡം ഓൺലൈനിലാ വരുന്നോ...?"

ഒന്നും വ്യക്തമായില്ല എങ്കിലും അടുത്ത് ചെന്നിരുന്നു. വാക്കുകൾ, ചിത്രങ്ങൾ, പാട്ടുകൾ....ലളിതപാടുമെന്നറിയുന്നത് അന്നാണ്. പിന്നെ അവരുടെ വർത്താനം ബാങ്കിന്റെ സ്റ്റാഫിലേക്ക് കടന്നു. മിണ്ടാൻ മടിയുള്ള ലളിത വാതോരാതെ പറയുകയായിരുന്നു.   എനിക്ക് മാന്യന്റെ സർട്ടിഫിക്കറ്റ് , പ്യൂണിന്റെ പൂങ്കോഴിയാട്ടവു മീനാകുമാരിയും നിസാറും തമ്മിലുള്ള ഏ റ്റി എമ്മിൽ  ക്യാഷിടാൻ പോക്കും, സ്റ്റാഫ് ടൂറിനിടയിലെ മാനേജരുടെ മദ്യഗന്ധവും...

ചെക്കൻ ചിരിയോടെ ചോദിച്ചു. "ദീനേശേട്ടൻ ഈ ബാങ്കിൽ നടക്കണത് വല്ലതും.അറിയണൊണ്ടോ..?" സത്യം പറഞ്ഞാൽ ബാങ്കുപോയിട്ട് എന്റെ വീട്ടിൽ നടക്കുന്നതുപോലും അറിയുന്നില്ല.

സുമ ഇപ്പൊ സീനിയർ ക്ലർക്കായിരിക്കും മനു പന്ത്രണ്ടിൽ മീനാക്ഷി പത്തിൽ അല്ലേ അതോ ഒൻപതിലോ...? ഇല്ലാ ശരിക്കും ഓർക്കാനാകുന്നില്ല എന്നാണ് സുമയുമായ് പുറത്തുപോയത്, എന്നാണവളെ കെട്ടിപ്പിടിച്ചു കിടന്നത് ? പുതിയ സാരി വാങ്ങിക്കൊടുത്തത്..? ഒന്നും ഓർമ്മയില്ല. അവൾ എപ്പൊഴാണ് വന്ന് കിടക്കാറുള്ളതുപോലും അറിഞ്ഞിരുന്നില്ല.

പിറ്റേന്ന് "മൊബൈൽ/ നെറ്റ് ബാങ്കിംഗ് ദി ന്യൂ ബാങ്കിംഗ്  കൺസപ്റ്റ്" പരിശീലകൻ എന്റെ ഫോൺ കാണാത്തത് ഭാഗ്യം. അന്നു തന്നെ ചെക്കനെയും കൂട്ടി പുതിയൊരു ഫോൺ വാങ്ങി എല്ലാം അവന്റെ ശിഷ്യത്വത്തിൽ എന്നെ ഫേസ്ബുക്കും വാട്സാപ്പും എനിക്ക് ഓരോന്നായി പറഞ്ഞുതരികയായിരുന്നു...കൂട്ടത്തിൽ ബാങ്കിന്റെ ആപ്ലിക്കേഷനും. വാട്സ് ആപ്പിലായിരുന്നു ലളിതയുമായവന്റെ ലീലകൾ..
എന്റെ വാട്സ് ആപ്പ് രൂപപ്പെടുത്തിയതും ചിത്രമിട്ടതും അവനായിരുന്നു. ബാങ്കിൽ നിന്നും ടൂറുപോയ ദിവസം ടീഷർട്ടും ഇട്ട് ചരിഞ്ഞിരിക്കുന്ന ചിത്രം അവന്റെ ഫോണിൽ എടുത്തതായിരുന്നു. അന്ന് മുഴുവൻ എന്റെ ഫോണിന്റെ പാഠങ്ങൾ എന്നെപ്പഠിപ്പിക്കുകയായിരുന്നു...ആദ്യം രഹസ്യങ്ങൾ മറയ്ക്കുന്ന വിധമായിരുന്നു അവൻ പറഞ്ഞത് വിവിധതരം ലോക്കുകൾ...!

"ഹായ് പപ്പ...ആർ യു ഇൻ. പ്രൊ പിക് സൂപ്പർ..."

മീനാക്ഷിയുടെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പറിൽ നിന്നും മെസ്സേജ് സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു...

ഒരു ഹായ്...ഒരു ഗുഡ് നൈറ്റ് ഒരു വിധം പറഞ്ഞൊപ്പിച്ചു...

പിന്നെ ചെക്കൻ പറഞ്ഞ കാര്യങ്ങൾ കനലൂപോലെയായിരുന്നു...
വീട്ടിൽ മൂന്നാളും ഓൺലൈൻ തന്നെ....
രാത്രി രണ്ടുകഴിഞ്ഞിരിക്കുന്നു ചെക്കനപ്പൊഴും ഒരു കുഞ്ഞു വെളിച്ചം മുഖത്ത് വീഴ്ത്തി ചെറുചിരിയോടെ കിടക്കുന്നു...
സുമയുടെ നമ്പറും ഓൺലൈനിൽ.....!! പതിയെ ഫോൺ ഓഫാക്കി കിടന്നു പിറ്റേന്ന് വീട്ടിലേക്ക് പോകാനുള്ളതല്ലേ...

പരിശീലനം മൂന്നുമണിക്ക് അവസ്സാനിച്ചു. കുട്ടികൾക്ക് ഡ്രെസ് എടുക്കാൻ കടയിലെത്തിയ എന്റെ ഉള്ളിൽ സുമ ഓൺലൈനിൽ നിൽക്കുകയായിരുന്നു.. ലളിതയുടെ അതേ പ്രായമായിരുന്നു സുമയ്ക്കും അവർ സഹപാഠികളാണെന്നത് മറ്റൊരു സത്യം. കുട്ടികളുടെ രൂപം പോലും മുന്നിൽ തെളിയുന്നില്ല. ഒരു നീല സാരിയും ആകാശ നീല ഇഷ്ടമാണെന്ന് പറഞ്ഞതോർക്കുന്നു..! സുമ വന്നിട്ടില്ല മീനാക്ഷി എന്റെ പുതിയ ഫോണിൽ പുതിയ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാളുചെയ്യുന്നു. ക്യാമറയിൽ സെല്ഫികൾ എടുക്കുന്നു...എനിക്ക് ലളിതയുടെ ഒരു സെല്ഫി ഓർമ്മവന്നു തലയില്ലാത്ത മുലയും വയറും കാണിക്കുന്ന...ചെക്കൻ അതിനു പറഞ്ഞ കമന്റ് ഇപ്പൊഴും തെളിഞ്ഞ് നിൽക്കുന്നു..

സാരി കിട്ടിയപ്പോൾ സുമയുടെ അത്ഭുതം കാണണമായിരുന്നു. അടുക്കളയിൽ ചുമ്മാ കറങ്ങിനിന്നപ്പോൾ അതിരട്ടിക്കുന്നതും....
"എന്തേ ബാങ്കിന്റെ പരീശീലനം ആയിരുന്നില്ലേ കുടുംബത്തിന്റെ ആയിരുന്നോ...?" അവളങ്ങനെ തമാശപറഞ്ഞ് കേട്ട കാലം മറന്നു..

ഞാൻ കിടക്കാനായി
കട്ടിലിൽ ഇരിക്കുമ്പോൾ അവൾ കുളിക്കുകയായിരുന്നു, ഫോണിൽ മെസ്സേജുകൾ വരുന്നുണ്ടായിരുന്നു, ഫോണിൽ പാറ്റേൺ ലോക്കുണ്ടായിരുന്നു, ഫോൺ ചരിച്ചുപിടിച്ച് അതു തുറക്കുന്നവിധം ചെക്കൻ പറഞ്ഞു തന്നിരുന്നു. 
മനോജ് എന്റെ അടുത്ത സുഹൃത്താണ് അവളുടേയും..
.
".സത്യത്തിൽ നിന്നെ ഞാൻ കെട്ടേണ്ടിയിരുന്നു സുമേ ഇതും കളഞ്ഞിട്ട് ഈ ദിനേശൻ എങ്ങനെ ഉറങ്ങുന്നു..
.മറക്കില്ല ഞാനീ നാളുകൾ ഇനിയെന്നാ ദിനേശിന് ട്രെയിനിംഗ്. ..??"

ഫോൺ താഴെ വച്ചിട്ട്....
ഞാൻ മിണ്ടാതിരുന്നു. കുളികഴിഞ്ഞുവന്ന് എന്റെ മടിയിലേക്ക് കിടന്ന അവൾക്ക് വല്ലാത്ത മണമായിരുന്നു....ആ മണത്തിലൂടെ ഒരു മടക്കയാത്ര നടത്തി കിടക്കുമ്പോൾ അവൾ എന്റെ പുതിയ ഫോണിലെ ആപ്ലിക്കേഷനുകൾ തിരയുകയായിരുന്നു...

"എന്തോരം ആപ്ലിക്കേഷനുകളാ ദിനേശേട്ടാ ഈ ഫോണിൽ  ...."

"കുടുംബത്തിന്റെ കാര്യം നോക്കണ ഒന്നുമില്ല സുമേ..."

ഇതുപറഞ്ഞിട്ട് ഞാൻ കരഞ്ഞത് എന്തിനെന്ന് ഇന്നും അവൾക്കറിയില്ല...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

കഥ പതിനൊന്ന് ബീ നമ്പർ പതിനാറ് കുഞ്ഞാമിന

പതിനൊന്ന് ബീ, നമ്പർ പതിനാറ്, കുഞ്ഞാമിന....!!

ആമിന: "തേങ്ങാച്ചോറ് ഇഷ്ടായാ പള്ളനെറച്ച് തിന്നാ ! പൊരേലേക്ക് ഒരു പൊതിയെടുക്കാൻ പറയട്ടാ.!?
ഇരുട്ടത്ത് നിക്കണ എന്നെ മാഷിന് കാണാൻ കഴിയെണൊണ്ടാ..! ?
എങ്കിൽ ഇരുട്ടത്തൂടെ നിങ്ങളും പെയ്ക്കോളീൻ ക്ലാസീ നിന്ന് ചെലയ്ക്കണപോലല്ലാ നാട്ടിലെ കാര്യങ്ങള് കൊറേ പുസ്തകോം തന്ന് വിപ്ലവോം വെളമ്പിക്കഴിഞ്ഞാ നിങ്ങടെ മാഷു പണി കയിഞ്ഞൂന്നാ വിചാരം ? തേങ്ങാച്ചോറു തിന്ന പള്ളവീർപ്പിക്കാനല്ല നിങ്ങളെ വിളിച്ചത്. അല്ല ബഷീറിന്റെ പുസ്തകം നിങ്ങൾ വായിച്ചിട്ടുണ്ടോ..? ഫാത്തിമ ചെയ്തപോലെ ന്റെ മയ്യിത്ത് തിന്നാനും വരണം..!
ഇരുട്ടുള്ള വഴീലൂടെ പൊരേലേക്ക് വിട്ടോളിൻ..."

ഹനീഫ: " ഓള് എന്താ പറേണത് ? ങ്ങള് ബരൂന്ന് നിരീച്ചില്ലാട്ടാ...ങ്ങള് ആളെക്കൂട്ടി എടങ്ങേറാക്കൂന്നാ ഞമ്മള് ബിചാരിച്ചത് പെരേലോട്ട് പോകാൻ വെളിച്ചോണ്ടാ...? ഓളെ ഇന്ന് മൈസൂര് കൊണ്ടോവും വലിയ പരീശയ്ക്ക് ആടെന്ന് വരും.."

ബഷീർ മാഷ്: " ന്റെ മാഷേ നിങ്ങളെന്തിനാ ഇതിലൊക്കെ തലയിടണത് ? വീട്ടുകാർക്കില്ലാത്ത വേദനയല്ലേ നിങ്ങൾക്ക് ഫാത്തിമേടെ പ്രശ്നോക്കെ കഴിഞ്ഞില്ലേ ആ പെണ്ണിന് ഹാർട്ടിനാർന്ന് കംബ്ലേന്റ് അതൊന്നും ആരോടും ചോദിക്കാൻ നിൽക്കാതെ വീട് പിടിക്കീൻ ഈ നാടിത്തിരി പ്രശ്നാ.... എല്ലാം നമുക്ക് രാവിലെ സംസാരിക്കാം."

മമ്മദിക്ക: "  ഓളെ ഒറ്റ ബിശയത്തിന്റെ പേരിലാ നേരാബണ്ണം ഒരു നിക്കാഹിന് പോബാനോ ഒന്ന് ചോറുപായിക്കാനോ കയിയത്തത്  ങ്ങള് എടങ്ങേറാക്കാൻ നിക്കണ്ട ങ്ങള് കൂട്ട്യാ കൂടൂലാ ബിട്ടോളിൻ.."

ആമിനയുടെ നിക്കാഹിനിടയിൽ കേട്ടതൊന്നും നിങ്ങളെപ്പോലെ  എനിക്കും പിറ്റേന്ന് ബഷീർ മാഷ് വിളിച്ച് വിശദീകരിക്കും വരെ വ്യക്തമാല്ലായിരുന്നു.

ഞാനീ നാട്ടിൽ വന്നിട്ട് രണ്ടുവർഷമേ ആയിട്ടുള്ളു. ഭാഷാധ്യാപകൻ, കുട്ടികളുടെ ഇഷ്ടങ്ങൾക്ക് കണ്ണടയ്ക്കുന്നവൻ,  കമൂണിസം തലയ്ക്കുപിടിച്ചവൻ, ക്ലാസിൽ കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് തമാശപൊട്ടിക്കാൻ മിടുക്കൻ കുട്ടികൾക്ക് ഇഷ്ടപ്പെടാൻ ഇതൊക്കെ ധാരാളം.

പതിനൊന്നാം തരത്തിലെ മലായാള പാഠപുസ്തകം ചുള്ളിക്കാടും കെ ആർ മീരയും നിറഞ്ഞ് പ്രണയവും സ്ത്രീ സ്വാതന്ത്ര്യവുമായ് എന്നിലൂടെ പുറത്തേക്ക് ഒഴുകി. രോഗി ആഗ്രഹിച്ച പാലുപോലെ. ഇതിനിടയിൽ ബഷീറും സമുദായത്തിലെ അന്ധവിശ്വാസങ്ങളും എപ്പൊ വന്നൂന്നൊന്നും എനിക്കറിയില്ല തീപ്പൊരി പ്രസംഗത്തിനിടയിൽ ബഷീറിന്റെ സംബൂർണ കൃതികൾ എത്തിക്കാമെന്നേറ്റു.

ലൈബ്രറിയില്ലാത്ത സ്കൂളിന്റെ കുട്ടിക്കൊരു പുസ്തകം പദ്ധതിയിൽ എന്റെ സംഭാവന 1200/- വിലയുള്ള രണ്ടു വാള്യങ്ങൾ ചേർന്ന ബഷീർ കൃതികൾ.

അടുത്ത ദിവസം തന്നെ ഇവൾ ആമിന അതിലൊന്ന് കൊണ്ടുപോയി ഒരാഴ്ച്ച കഴിഞ്ഞ് അടുത്തതും വെളിച്ചത്തിനെന്തു വെളിച്ചം മാഷേന്നും പറഞ്ഞാ തിരിച്ചു തന്നത്. ഒരു കുട്ടിയെ വായനാലോകത്തിലേക്കെത്തിച്ചതി ഞാൻ കൃതാർഥനായി. ഓണാവധിയ്ക്ക് ഒരാഴ്ച്ചമുന്നേ യൂണിഫോമിൽ വന്നിരുന്ന ആമിന പർദ്ധയിലായി.

"നാളെ രാത്രി എന്റെ നിക്കാഹാണ് മാഷ് വരണം മാഷിനെ മാത്രേ വിളിക്കുന്നുള്ളൂ വരാതിരിക്കരുത് പ്ലീസ്"  ക്ഷണക്കത്തുപോലുമില്ലാത്ത ആ വിവാഹ ക്ഷണം ഇതായിരുന്നു. 

കൃത്യസമയത്ത് ചെന്ന് തേങ്ങാച്ചോറും ബീഫും ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ആമിന ഇതൊക്കെ പറഞ്ഞത്. അവൾ പോയതിന് പിന്നാലെ കൈകഴുകാൻ എത്തിയപ്പോഴാണ് അവളുടെ പിതാവ് ഹനീഫ രണ്ടാമത്തെ കാര്യം പറഞ്ഞത്. വീട്ടീലേക്ക് ആകുലതയോടെ നടക്കുന്നതിനിടയിൽ വഴിയിൽ കണ്ട ബഷീർ മാഷിനോട് ഫാത്തിമയുടെ വിവരം തിരക്കിയപ്പോഴാണ് മൂന്നാമത്തെ സംഭാഷണം. ബഷീർ മാഷിന്റെ കൂടെ നിന്ന പി ടി എ അംഗം മമ്മദ് പറഞ്ഞതാണ് നാലാമത്തെ സംഭാഷണം.

തേങ്ങാച്ചോറും ബീഫും പോലെ ഈ പറഞ്ഞതൊന്നും എനിക്കും ദഹിച്ചില്ല ബഷീർ മാഷ് ഇതു പറയുന്നത് വരെ

"കഴിഞ്ഞകൊല്ലം ഇതുപോലൊരു പെണ്ണിന്റെ നിക്കാഹ് നടന്നു ഓൾ പത്തിലായിരുന്നു അന്ന് രാത്രി അവൾ മരണപ്പെട്ടു. അവൾക്ക് ഹാർട്ടിന്റെ ചെറിയ കംബ്ലേന്റ് ആയിരുന്നു . അത്മഹത്യായാണ് കൊലപാതകമാണെന്നൊക്കെ പറഞ്ഞ് കുട്ടികളും ചില മാഷുമാരും പഞ്ചായത്തിലെ സമിതിക്കാരും ഇവിടെ ഉണ്ടാക്കാൻ പുകിലൊന്നും ഇല്ല..പിന്നെ അതിക്കെ കെട്ടടങ്ങി അതീപ്പിന്നെ നിക്കാഹുകൾ രഹസ്യായിട്ടാ രാത്രീല് പുറത്തൂന്ന് ആരെയും അറിക്കാറില്ല. ഇതിപ്പൊ നിങ്ങളെ ആരാ അറീച്ചത് ഓളാ ആമിനയാ....."

"വെളിച്ചത്തിനെന്തു വെളിച്ചാ മാഷേ..."

എന്റെ വിളക്ക് എന്നോ കെട്ടുപോയിരുന്നു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Friday 25 March 2016

കഥ പശുസ്ഥാൻ

പശുസ്ഥാൻ...!

ഞാനും യേശുദേവനും കാലിത്തൊഴുത്തിലാണ് പിറന്നത് രണ്ടാളുടെയും അമ്മ മറിയയായിരുന്നു.നിറവയറുമായി നന്ദിനിപശുവിന് കാടികലക്കുന്നതിനിടയിൽ എന്റെ തലപുറത്തുവന്നിരുന്നു.
ജോസഫിന്റെ  അപ്പൻ യേശുദാസനും , യേശുവിന്റെ അപ്പൻ ജോസഫും ആയിരുന്നു എന്നതാണേക പൊരുത്തക്കേട്. എന്നെ പ്രസവിച്ച് നാലാം മാസം പശുവിന് പുല്ലരിയുന്നതിനിടയിൽ അപ്പൻ പാമ്പുകടിയേറ്റ് മരിച്ചു.   കൈകുഞ്ഞിനേം താങ്ങിപ്പിടിച്ചാണ് കുടുംബത്തിന്റെ അത്താണിയായ നന്ദിനിപ്പശുവിനെ മറിയ പരുപാലിച്ചിരുന്നത്. എന്നെ കുളിപ്പിച്ചുറക്കിയാൽ പിന്നെ അമ്മ നന്ദിനിയുടെ അരികിലേക്കോടും അതുകഴിയാൻ കാത്തിരിക്കും എന്റെ കരച്ചിൽ . എന്നെ മടിയിലിട്ട് ഒരു മുല എന്റെ വായിലേക്ക് തന്നിട്ട് നന്ദിനിയുടെ മുലക്കാമ്പിൽ ഒറ്റകൈകൊണ്ട് അമ്മ പാലുകറക്കും, അമ്മയെ അല്ലാതെ മറ്റൊരാളും തന്നെത്തൊടുന്നത് നന്ദിനിയ്ക്കിഷ്ടമായിരുന്നില്ല. ഒന്ന് രണ്ടുദിവസം വന്ന കറവക്കാരൻ സുഗുണന്റെ  "മുലപിടുത്തം " രണ്ടാൾക്കും ഇഷ്ടായില്ല.

കുടിയേറ്റക്കരനായ യേശുദാസൻ ചത്തുപോയ വെളിച്ചപ്പാടിന്റെ കയ്യിൽ നിന്നും വാങ്ങിയതാണ് ഭഗവതിക്ഷേത്രത്തിനോട് ചേർന്ന  നാലര സെന്റ് പുരയിടവും മൂന്ന് മുറിയുള്ള വീടും,   കുറേക്കാലമായ് അതു തിരിച്ചുവാങ്ങി ദേവിയ്ക്ക് വെടിപ്പുരകെട്ടൻ കമ്മിറ്റിക്കാർ ശ്രമിക്കുന്നു. അപ്പനോടും അപ്പന്റെ മരണശേഷം ഭീഷണിയുടെ സ്വരത്തിൽ അമ്മയോടും ഈ ആവശ്യം അറിയിച്ചിരുന്നു. 

എനിക്കാണെങ്കിൽ അമ്പലത്തിലെ പാട്ടും മണവും പിന്നെ ശാന്തിക്കാരൻ ആരും കാണതെ തരുന്ന പ്രസാദവും വിട്ടുപോകാനേ ഇഷ്ടമായിരുന്നില്ല. നടയടയ്ക്കുന്നതിന് മുന്നേ ശാന്തി അരമതിലിൽ വന്ന് 'ജോസേന്ന് '  പതിയെ വിളിക്കും ഞാനും ശാന്തിയും ചേർന്നാ പ്രസാദപാത്രവും വിളക്കും കഴുകി തുടയ്ക്കുന്നത് പിന്നേ കടയിൽ നിന്ന് പലതും വാങ്ങിക്കൊടുക്കുന്നതും ഞാൻ തന്നാ.

അഞ്ചാം ക്ലാസിലെ ഭരതന്മാഷിന്റെ ഹിന്ദിക്ലാസിൽ,  ഗായി ഏക്ക് പാൽത്തൂ ജാൻ വർ ഹേ, ഗായിക്കാ ദൂത് മീഠാ ഹേ.... എന്നു പഠിപ്പിച്ചത് ഞാൻ മനസിലാക്കിയത് മറ്റൊരു രീതിയിലായിരുന്നു പശു പാൽതരുന്ന ജീവിയാണ് , പാലുകൊണ്ടാണ് മിഠായി ഉണ്ടാക്കുന്നത്...

കാരണം എന്റെ കുടുംബത്തിന്റെ നിയന്ത്രണം ആ കയറിലായിരുന്നു. എന്റെ ജനനം , അപ്പന്റെ മരണം , അമ്മയുടെ വരുമാനം....!

നന്ദിനിയുടെ തൊഴുത്തിനോട് ചേർന്ന മുറിയിലാണ്  ഞാനും അമ്മയും കിടക്കുന്നത് രാത്രി തന്റെ പരിഭവങ്ങൾ അമ്മ നന്ദിനിയോട് പറയും പിറ്റേന്ന് പാൽപ്പാത്രത്തിൽ അതിന്റെ മാറ്റമുണ്ടാകും.

ആ കൊല്ലത്തെ ഉത്സവത്തിന് മൂന്നാഴ്ച്ചമുന്നേ കമ്മറ്റിക്കാർ വീട്ടിൽ വന്നു....
ഞാൻ തൊഴുത്തിലായിരുന്നു നന്ദിനി പെറ്റ മണിക്കുട്ടന്റെ അടുത്ത്.

"കൂടുതൽ മൂപ്പ് കാട്ടിയാൽ എടി മൈരേ മറിയേ...നിന്റെ കെട്ട്യോന്റെ അസ്ഥിതോണ്ടി പുറത്തെറിയും ഈ കുടിലും ഞാൻ കത്തിക്കും..."

ഈ അലർച്ച കേട്ട് ഞാൻ ഓടിചെല്ലുമ്പോൾ അമ്മ പുല്ലരിയണ കത്തിയും പിടിച്ച് വാതിലിൽ നിൽക്കുന്നു...
ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തെപ്പോലെ..!

പിറ്റേന്ന് വീടിന്റെ അരമതിലിൽ ഒരു  പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ
ക്ഷേത്രവിശുദ്ധിക്ക് കോട്ടം വരുത്തുന്നവർക്കെതിരേ പ്രതികരിക്കുക എന്നതായിരന്നു വാചകം. അന്ന് ദീപാരാധകണ്ട് ക്ഷേത്രമതിലിലിരുന്ന എന്നെ കമ്മിറ്റിക്കാർക്കുവേണ്ടി ശാന്തി എന്നെ അശ്രീകരം എന്നു വിളിച്ചു. അന്നും നടയടച്ച് പ്രസാദവും തന്നിട്ടാ ശാന്തി പോയത്. ശാന്തിയുടെ കണ്ണ് നിറഞ്ഞിരുന്നു.

അന്നുരാത്രി തൊഴുത്തിന് പിന്നിൽ അമ്മ ആരോടോ സംസാരിക്കുന്നു....

"ഞാൻ എന്തു ചെയ്യാനൊക്കും കമ്മിറ്റിക്കാർ പറഞ്ഞാൽ പ്രസിഡന്റിന് അനുസരിക്കാനല്ലേ...  "

പിന്നെ ചില മൂളലും മുരളലും മാത്രം കുറച്ചുകഴിഞ്ഞ് അടുത്തുവന്ന് കിടന്ന അമ്മയ്ക്ക് വിയർപ്പിന്റെ മറ്റൊരു ഗന്ധമായിരുന്നു. പിറ്റേന്ന് വീട്ടിൽ ഭക്ഷണത്തിന് നിറയെ വിഭവമായിരുന്നു.

കമ്മിറ്റിക്കാരെ ഇറക്കിവിട്ട അന്നു മുതൽ സുരേന്ദ്രൻ ചേട്ടൻ ഞങ്ങളുടെ പാലു നിർത്തി. ഞാനും അമ്മയും.ഓരോ വീട്ടിലും നടന്ന് വിറ്റു. എങ്കിലും നന്ദിനിയുടെ പാലു ബാക്കിയായ്...മണിക്കുട്ടൻ നിറയെക്കുടിച്ചു.

വീണ്ടും അരമതിലിൽ പോസ്റ്ററുകൾ പതിഞ്ഞു. അതിൽ മറിയയുടെ അനാശാസ്യവും  ക്ഷേത്രവിശുദ്ധിയു മായിരുന്നു വിഷയം താഴെ പ്രസിഡന്റ് എന്നും എഴുതിയിരുന്നു.

സ്കൂളിലെ കഞ്ഞികുടിച്ച് വയറിളക്കം പിടിച്ച് നാലുദിവസം ഞാൻ ആശുപത്രിയിലായിരുന്നു വയറിളകിയും ശർദ്ധിച്ചും ഞാൻ എല്ലും തോലുമായി അരികിൽ നിന്ന് മാറാതെ അമ്മയും.

ആശുപത്രിവിട്ട് വന്ന ദിവസ്സം വീട്ടുമുറ്റത്ത് ഒരാൾക്കുട്ടം, മൃഗസംരക്ഷണവകുപ്പിന്റെ ജീപ്പ് .

അമ്മ പെട്ടന്ന് തൊഴുത്തിലേക്ക് ഓടി ഞാനും. ഓട്ടത്തിനിടയിൽ വീടുനിറയെ പോസ്റ്ററുകൾ ഞാൻ കണ്ടു.

"ഈ മിണ്ടാപ്രാണിയെ ഒന്ന് അഴിച്ചു വിട്ടിട്ട് നിനക്ക് അവരാധിക്കാൻ പോകാർന്നില്ലേടി..."

ആരൊക്കെയോ ചേർന്ന് അമ്മയെ തല്ലി...
നന്ദിനിയുടെ അകിട് പൊട്ടിയൊലിച്ചിരിക്കുന്നു, എല്ലുകൾ വ്യക്തമായി കാണാം...
മൃഗഡോക്ടർ എന്തൊക്കെയോ ശാസിച്ചിട്ട് പോയി...

എല്ലാവരും പിരിഞ്ഞുപോയപ്പോൾ നന്ദിനിയുടെ കാലുപിടിച്ച് അമ്മ കരഞ്ഞു...അകിടിൽ തലോടി, അമ്മയെത്തന്നെവ്നോക്കി ആ പുണ്യജീവി നിന്നു...
അന്ന് എന്നെക്കാൾ അമ്മ നന്ദിനിയുടെ അടുത്തായിരുന്നു.

രാത്രി അമ്മ ആശുപത്രിക്കാര്യങ്ങൾ നന്ദിനിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ...
നന്ദിനി ഒറ്റ വീഴ്ച്ചയായിരുന്നു തൊഴുത്തിലേക്ക് കരഞ്ഞുകൊണ്ടോടിപ്പോയ അമ്മ ഒരു ഗ്ലാസ് പാലുമായാണ് തിരികെ  വന്നത് പാലിന് ഒരിളം ചുമപ്പ് നിറമായിരുന്നു. നന്ദിനിയുടെ കയർ എന്തിനാ അമ്മ അഴിച്ച് കൈയിൽ പിടിച്ചിരിക്കുന്നത്...? പകുതിയേ എനിക്ക് തന്നുള്ളു ബാക്കി അമ്മയും കുടിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.!

പതിയെ ഞാൻ ഒരു സ്വപ്നം കാണാൻ തുടങ്ങി....

ശാന്തമായൊഴുകുന്ന പുഴ, നിറയെ പുല്ല്,നന്ദിനിയുടെ കയറും പിടിച്ച് ഞാനും അമ്മയും, പുഴയിൽ പുല്ല് കഴുകുന്ന അപ്പൻ, എല്ലാവർക്കും ചിറക് മുളച്ചിരിക്കുന്നു.
എനിക്ക് ആ സ്വപ്നത്തിൽ നിന്നുണരാൻ തോന്നീല....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Thursday 24 March 2016

കവിത അപ്പാറാവുമാർ ചോദിക്കുന്നു...

അപ്പാറാവുമാർ ചോദിക്കുന്നു യുവതയ്ക്കിതെന്തുപറ്റി...?

നിറമുള്ള
നിറയെ ഉത്സവങ്ങളുടെ ലഹരിയില്ലേ...?
മുഖം മിനുക്കാനും പകർത്താനും സെല്ഫി സ്റ്റിക്കുകളും...?
മുങ്ങാങ്കുഴിയിടാൻ സൈബറിടം സൗജന്യമല്ലേ..?
മുടങ്ങാതെ ക്രിക്കറ്റില്ലേ..?
സിനിമയില്ലേ...?
സ്വപ്നങ്ങളുടെ മായികാസരങ്ങൾ തീർത്ത
പഞ്ചനക്ഷത്ര കലാശാലകളില്ലേ...?
യോഗയും ജീവനകലയുമില്ലേ..?

പിന്നെന്തിന്
ജാതിയുടെ പേരിൽ തല്ലുകൊള്ളണം,
പിന്നെന്തിന് രാഷ്ട്രിയത്തിൽ തലകടത്തണം,
പിന്നെന്തിന് മതവിശ്വാസ്സങ്ങൾക്കെതിരെ ചോദ്യങ്ങളെറിയണം,

അപ്പാറവുമാർ ചോദിക്കുന്നു
നമ്മുടെ
യുവതയ്ക്കിതെന്തുപറ്റി ?
നിങ്ങൾക്ക്
രാജ്യഭിമാനമില്ലേ ?
രാജഭക്തിയില്ലേ ?
ഭാരതമാതാവിനു ജയ് വിളിക്കാനറിയില്ലേ...?!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

Wednesday 23 March 2016

കഥ കുഞ്ഞാലിയുടെ വിശുദ്ധ പുസ്തകം

കുഞ്ഞാലിയുടെ വിശുദ്ധപുസ്തകം....!!

ഇരുട്ടിൽ  ആരെക്കൊയോ ചേർന്ന്  തല്ലി മരണാസ്സന്നനാക്കി പള്ളിപ്പറമ്പിൽ വലിച്ചെറിയപ്പെട്ട കുഞ്ഞാലി മീസാൻ കല്ലിൽ ചാരിയിരുന്ന് ചിന്തിച്ചു താൻ ഒരു ദൈവ പുത്രനാണെന്ന്. ഈ എം എസ് സ്മാരക വായനശാലയിലെ വിശുദ്ധ വേദപുസ്തകത്തിലെഴുതിയതെല്ലാം തന്നെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞു.

1. ഉത്പത്തി പുസ്തകം.

അടയ്ക്കക്കാരൻ മമ്മദിന്റെ പുത്രൻ സൈദ്, സൈദ് മുനീറിനെ ജമിപ്പിച്ചു,  മുനീർ ഹസനാരെ ജനിപ്പിച്ചു , ഹസനാർ ബീരാനെയും , ബീരാന് നാലു പെണ്മക്കളായിരിന്നു മൂത്തവളായ നുസ്രത്തിന് ദിവ്യ ഗർഭമുണ്ടായി...കുഞ്ഞാലി ജനിച്ചു...നുസ്രത്തിനും നാടുവിട്ടുപോയ ഒരു നാടകക്കാരനായ കമ്മ്യൂണിസ്റ്റ് ജാതിവെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഹൈന്ദവ പ്രമാണിയായ മനുഷ്യനും മാത്രമേ ദിവ്യരഹസ്യത്തിന്റെ ചുരുൾ അറിയുമായിരുന്നുള്ളു. പൈതൃകം വെളിപ്പെടുത്താത്ത നുസ്രത്ത് പള്ളിവിലക്കിൽ നാടുവിട്ട മാന്യന്റെ പറമ്പിൽ പുരകെട്ടി താമസിക്കുകയും കുഞ്ഞാലിയെ പ്രസവിച്ചു വളർത്തുകയും ചെയ്തു.

2 . പുറപ്പാട് പുസ്തകം.

കുഞ്ഞാലിക്ക് പതിനാലുവയസ്സായപ്പോൾ തിരുവിതാം കൂറിന്റെ മിശ്രിത മണ്ണിൽ നിന്നും മലബാറിന്റെ മക്കയിലേക്ക് പലായനം ചെയ്തു, പൂർവ്വികരായ മമ്മദിന് മുൻപേയുള്ള വേരുകൾ മലബാറിലാണെന്നും , നാടുവിട്ട പിതാവിനെക്കുറിച്ചറിയുക തുടങ്ങിയ ലക്ഷ്യത്തോടെ പുറപ്പാട് പുസ്തകം അവസാനിക്കുന്നു.

3. ആവർത്തന പുസ്തകം.

കുഞ്ഞാലിയുടെ പുറപ്പാടിനു പിന്നേ പിന്നിട്ട സ്ഥലങ്ങളിലെല്ലാം ദിവ്യഗർഭങ്ങൾ ആവർത്തിച്ചു. തന്റെ ചരിത്രത്തിന്റെ ആവർത്തനമായിരിക്കും ഈ അത്ഭുദ ശിശുകൾക്ക് ഉണ്ടാവുകയെന്ന് കുഞ്ഞാലി വിശ്വസിച്ചു.

4 .സുവിശേഷങ്ങളുടെ പുസ്തകം.

മലബാറിലെത്തിയ കുഞ്ഞാലിയ്ക്ക് താൻ ക്രിസ്തുവാണെന്നുറപ്പായി, പച്ചവെള്ളത്തിൽ തേരട്ടയും ബാറ്ററിയും പറങ്കിമാങ്ങയും ചേർത്ത് വീഞ്ഞാക്കി, വിവാഹ വീടുകളിൽ നല്ല വീഞ്ഞ് വിളമ്പാത്തവരെ ശാസിച്ചു, മഗ്ദലനക്കാരിത്തികളുടെ വീടുകളിലേക്ക് ക്ഷണിക്കാതെ പോയി മോക്ഷം പകർന്നു, ദോവാലയങ്ങളിലും തെരുവീഥികളിലും

'പാതനിരപ്പാക്കുവിൻ വഴിയൊരുക്കുവിൻ  ഞാനാകുന്നവൻ ഞാനാകുന്നു "
എന്ന് വിളിച്ചുപറഞ്ഞു. ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ കാഴ്ച്ചയിട്ടവരുടെ കണക്കുകുകൾ സൂക്ഷ്മം എണ്ണിനോക്കി, തന്നെ എതിർത്തവരോട് ഒരു ദരിദ്രയായ വൃദ്ധ മറ്റുള്ളവരെക്കാൾ അധികം ഇട്ടിരുന്നു എന്ന് ധൈര്യത്തോടെ പറഞ്ഞു...ഒരിക്കൽ ദേവാലയത്തിൽ കടന്ന് കച്ചവടക്കാരെയും കപടഭക്തിക്കാരെയും അടിച്ചു  പക്ഷേ നാട്ടുകാർ ഭ്രാന്തനെന്നുപറഞ്ഞ് കുഞ്ഞാലിയെ പുറത്താക്കി.

5 . ക്രൂശീകരണം.

"ഇവൻ ദേവ നിന്ദ നടത്തുന്നു, അനാഥരുടെയും വിധവകളുടെയും വേശ്യകളുടെയും സംരക്ഷകനാകുന്നു " പരീശന്മാരും ,ശാസ്ത്രിമാരും കുഞ്ഞാലിക്കെതിരേ ഹെരോദാവിനോട്  സാക്ഷിപറഞ്ഞു. പാതിരാത്രിയിൽ കോഴികൂകും മുന്നേ കുഞ്ഞാലിയെ ക്രൂശിക്കാൻ നാനാ മതത്തിലുള്ള നാലു മല്ലന്മാരെ നിയോഗിച്ചു. മഗ്ദലനക്കാരിയുടെ വീട്ടിൽ ശീമോനൊപ്പം അത്താഴം കഴിച്ചിറങ്ങുമ്പോൾ കുഞ്ഞാലിയെ പിടിച്ചുകെട്ടി കല്ലുകൊണ്ടിടിച്ച് മൃതപ്രായനാക്കി പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ട മണ്ണട്ടിമേൽ കിടത്തിപ്പോന്നു.

6 ഉയിർപ്പ്.

മീസാൻ കല്ലിൽ ചാരിക്കിടന്ന കുഞ്ഞാലിൽ സ്വർഗത്തിലേക്ക് നോക്കി പ്രാർഥിച്ചു

"അല്ലയോ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിയാം ഇനിയും ഇവരോട് ക്ഷമിക്കുന്നത് ന്യായമല്ല" സ്വർഗം  പിളരുന്നതും, ദേവാലയങ്ങളിലെ തിരശ്ശീലകൾ രണ്ടായിക്കീറുന്നതും , ഹൂറിമാർ തന്നെ  സ്വർഗത്തിലേക്ക് ആനയിക്കുന്നതും കിനാവുകണ്ടു. വർഷങ്ങൾക്കു ശേഷം അങ്ങ് വത്തിക്കാനിൽ തന്റെ പൂർണകായ പ്രതിമ ഏതോ ഒരു വിശുദ്ധൻ അനാശ്ചാദനം ചെയ്ത് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതും ഒരു ചിരിയോടെ കണ്ടു.
ആമേൻ....!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.