Tuesday 29 March 2016

കഥ പതിനൊന്ന് ബീ നമ്പർ പതിനാറ് കുഞ്ഞാമിന

പതിനൊന്ന് ബീ, നമ്പർ പതിനാറ്, കുഞ്ഞാമിന....!!

ആമിന: "തേങ്ങാച്ചോറ് ഇഷ്ടായാ പള്ളനെറച്ച് തിന്നാ ! പൊരേലേക്ക് ഒരു പൊതിയെടുക്കാൻ പറയട്ടാ.!?
ഇരുട്ടത്ത് നിക്കണ എന്നെ മാഷിന് കാണാൻ കഴിയെണൊണ്ടാ..! ?
എങ്കിൽ ഇരുട്ടത്തൂടെ നിങ്ങളും പെയ്ക്കോളീൻ ക്ലാസീ നിന്ന് ചെലയ്ക്കണപോലല്ലാ നാട്ടിലെ കാര്യങ്ങള് കൊറേ പുസ്തകോം തന്ന് വിപ്ലവോം വെളമ്പിക്കഴിഞ്ഞാ നിങ്ങടെ മാഷു പണി കയിഞ്ഞൂന്നാ വിചാരം ? തേങ്ങാച്ചോറു തിന്ന പള്ളവീർപ്പിക്കാനല്ല നിങ്ങളെ വിളിച്ചത്. അല്ല ബഷീറിന്റെ പുസ്തകം നിങ്ങൾ വായിച്ചിട്ടുണ്ടോ..? ഫാത്തിമ ചെയ്തപോലെ ന്റെ മയ്യിത്ത് തിന്നാനും വരണം..!
ഇരുട്ടുള്ള വഴീലൂടെ പൊരേലേക്ക് വിട്ടോളിൻ..."

ഹനീഫ: " ഓള് എന്താ പറേണത് ? ങ്ങള് ബരൂന്ന് നിരീച്ചില്ലാട്ടാ...ങ്ങള് ആളെക്കൂട്ടി എടങ്ങേറാക്കൂന്നാ ഞമ്മള് ബിചാരിച്ചത് പെരേലോട്ട് പോകാൻ വെളിച്ചോണ്ടാ...? ഓളെ ഇന്ന് മൈസൂര് കൊണ്ടോവും വലിയ പരീശയ്ക്ക് ആടെന്ന് വരും.."

ബഷീർ മാഷ്: " ന്റെ മാഷേ നിങ്ങളെന്തിനാ ഇതിലൊക്കെ തലയിടണത് ? വീട്ടുകാർക്കില്ലാത്ത വേദനയല്ലേ നിങ്ങൾക്ക് ഫാത്തിമേടെ പ്രശ്നോക്കെ കഴിഞ്ഞില്ലേ ആ പെണ്ണിന് ഹാർട്ടിനാർന്ന് കംബ്ലേന്റ് അതൊന്നും ആരോടും ചോദിക്കാൻ നിൽക്കാതെ വീട് പിടിക്കീൻ ഈ നാടിത്തിരി പ്രശ്നാ.... എല്ലാം നമുക്ക് രാവിലെ സംസാരിക്കാം."

മമ്മദിക്ക: "  ഓളെ ഒറ്റ ബിശയത്തിന്റെ പേരിലാ നേരാബണ്ണം ഒരു നിക്കാഹിന് പോബാനോ ഒന്ന് ചോറുപായിക്കാനോ കയിയത്തത്  ങ്ങള് എടങ്ങേറാക്കാൻ നിക്കണ്ട ങ്ങള് കൂട്ട്യാ കൂടൂലാ ബിട്ടോളിൻ.."

ആമിനയുടെ നിക്കാഹിനിടയിൽ കേട്ടതൊന്നും നിങ്ങളെപ്പോലെ  എനിക്കും പിറ്റേന്ന് ബഷീർ മാഷ് വിളിച്ച് വിശദീകരിക്കും വരെ വ്യക്തമാല്ലായിരുന്നു.

ഞാനീ നാട്ടിൽ വന്നിട്ട് രണ്ടുവർഷമേ ആയിട്ടുള്ളു. ഭാഷാധ്യാപകൻ, കുട്ടികളുടെ ഇഷ്ടങ്ങൾക്ക് കണ്ണടയ്ക്കുന്നവൻ,  കമൂണിസം തലയ്ക്കുപിടിച്ചവൻ, ക്ലാസിൽ കാര്യങ്ങൾ പൊടിപ്പും തൊങ്ങലും ചേർത്ത് തമാശപൊട്ടിക്കാൻ മിടുക്കൻ കുട്ടികൾക്ക് ഇഷ്ടപ്പെടാൻ ഇതൊക്കെ ധാരാളം.

പതിനൊന്നാം തരത്തിലെ മലായാള പാഠപുസ്തകം ചുള്ളിക്കാടും കെ ആർ മീരയും നിറഞ്ഞ് പ്രണയവും സ്ത്രീ സ്വാതന്ത്ര്യവുമായ് എന്നിലൂടെ പുറത്തേക്ക് ഒഴുകി. രോഗി ആഗ്രഹിച്ച പാലുപോലെ. ഇതിനിടയിൽ ബഷീറും സമുദായത്തിലെ അന്ധവിശ്വാസങ്ങളും എപ്പൊ വന്നൂന്നൊന്നും എനിക്കറിയില്ല തീപ്പൊരി പ്രസംഗത്തിനിടയിൽ ബഷീറിന്റെ സംബൂർണ കൃതികൾ എത്തിക്കാമെന്നേറ്റു.

ലൈബ്രറിയില്ലാത്ത സ്കൂളിന്റെ കുട്ടിക്കൊരു പുസ്തകം പദ്ധതിയിൽ എന്റെ സംഭാവന 1200/- വിലയുള്ള രണ്ടു വാള്യങ്ങൾ ചേർന്ന ബഷീർ കൃതികൾ.

അടുത്ത ദിവസം തന്നെ ഇവൾ ആമിന അതിലൊന്ന് കൊണ്ടുപോയി ഒരാഴ്ച്ച കഴിഞ്ഞ് അടുത്തതും വെളിച്ചത്തിനെന്തു വെളിച്ചം മാഷേന്നും പറഞ്ഞാ തിരിച്ചു തന്നത്. ഒരു കുട്ടിയെ വായനാലോകത്തിലേക്കെത്തിച്ചതി ഞാൻ കൃതാർഥനായി. ഓണാവധിയ്ക്ക് ഒരാഴ്ച്ചമുന്നേ യൂണിഫോമിൽ വന്നിരുന്ന ആമിന പർദ്ധയിലായി.

"നാളെ രാത്രി എന്റെ നിക്കാഹാണ് മാഷ് വരണം മാഷിനെ മാത്രേ വിളിക്കുന്നുള്ളൂ വരാതിരിക്കരുത് പ്ലീസ്"  ക്ഷണക്കത്തുപോലുമില്ലാത്ത ആ വിവാഹ ക്ഷണം ഇതായിരുന്നു. 

കൃത്യസമയത്ത് ചെന്ന് തേങ്ങാച്ചോറും ബീഫും ആസ്വദിച്ച് കഴിക്കുന്നതിനിടയിലാണ് ആമിന ഇതൊക്കെ പറഞ്ഞത്. അവൾ പോയതിന് പിന്നാലെ കൈകഴുകാൻ എത്തിയപ്പോഴാണ് അവളുടെ പിതാവ് ഹനീഫ രണ്ടാമത്തെ കാര്യം പറഞ്ഞത്. വീട്ടീലേക്ക് ആകുലതയോടെ നടക്കുന്നതിനിടയിൽ വഴിയിൽ കണ്ട ബഷീർ മാഷിനോട് ഫാത്തിമയുടെ വിവരം തിരക്കിയപ്പോഴാണ് മൂന്നാമത്തെ സംഭാഷണം. ബഷീർ മാഷിന്റെ കൂടെ നിന്ന പി ടി എ അംഗം മമ്മദ് പറഞ്ഞതാണ് നാലാമത്തെ സംഭാഷണം.

തേങ്ങാച്ചോറും ബീഫും പോലെ ഈ പറഞ്ഞതൊന്നും എനിക്കും ദഹിച്ചില്ല ബഷീർ മാഷ് ഇതു പറയുന്നത് വരെ

"കഴിഞ്ഞകൊല്ലം ഇതുപോലൊരു പെണ്ണിന്റെ നിക്കാഹ് നടന്നു ഓൾ പത്തിലായിരുന്നു അന്ന് രാത്രി അവൾ മരണപ്പെട്ടു. അവൾക്ക് ഹാർട്ടിന്റെ ചെറിയ കംബ്ലേന്റ് ആയിരുന്നു . അത്മഹത്യായാണ് കൊലപാതകമാണെന്നൊക്കെ പറഞ്ഞ് കുട്ടികളും ചില മാഷുമാരും പഞ്ചായത്തിലെ സമിതിക്കാരും ഇവിടെ ഉണ്ടാക്കാൻ പുകിലൊന്നും ഇല്ല..പിന്നെ അതിക്കെ കെട്ടടങ്ങി അതീപ്പിന്നെ നിക്കാഹുകൾ രഹസ്യായിട്ടാ രാത്രീല് പുറത്തൂന്ന് ആരെയും അറിക്കാറില്ല. ഇതിപ്പൊ നിങ്ങളെ ആരാ അറീച്ചത് ഓളാ ആമിനയാ....."

"വെളിച്ചത്തിനെന്തു വെളിച്ചാ മാഷേ..."

എന്റെ വിളക്ക് എന്നോ കെട്ടുപോയിരുന്നു....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment