Wednesday 23 March 2016

കഥ കുഞ്ഞാലിയുടെ വിശുദ്ധ പുസ്തകം

കുഞ്ഞാലിയുടെ വിശുദ്ധപുസ്തകം....!!

ഇരുട്ടിൽ  ആരെക്കൊയോ ചേർന്ന്  തല്ലി മരണാസ്സന്നനാക്കി പള്ളിപ്പറമ്പിൽ വലിച്ചെറിയപ്പെട്ട കുഞ്ഞാലി മീസാൻ കല്ലിൽ ചാരിയിരുന്ന് ചിന്തിച്ചു താൻ ഒരു ദൈവ പുത്രനാണെന്ന്. ഈ എം എസ് സ്മാരക വായനശാലയിലെ വിശുദ്ധ വേദപുസ്തകത്തിലെഴുതിയതെല്ലാം തന്നെക്കുറിച്ചാണെന്ന് തിരിച്ചറിഞ്ഞു.

1. ഉത്പത്തി പുസ്തകം.

അടയ്ക്കക്കാരൻ മമ്മദിന്റെ പുത്രൻ സൈദ്, സൈദ് മുനീറിനെ ജമിപ്പിച്ചു,  മുനീർ ഹസനാരെ ജനിപ്പിച്ചു , ഹസനാർ ബീരാനെയും , ബീരാന് നാലു പെണ്മക്കളായിരിന്നു മൂത്തവളായ നുസ്രത്തിന് ദിവ്യ ഗർഭമുണ്ടായി...കുഞ്ഞാലി ജനിച്ചു...നുസ്രത്തിനും നാടുവിട്ടുപോയ ഒരു നാടകക്കാരനായ കമ്മ്യൂണിസ്റ്റ് ജാതിവെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു ഹൈന്ദവ പ്രമാണിയായ മനുഷ്യനും മാത്രമേ ദിവ്യരഹസ്യത്തിന്റെ ചുരുൾ അറിയുമായിരുന്നുള്ളു. പൈതൃകം വെളിപ്പെടുത്താത്ത നുസ്രത്ത് പള്ളിവിലക്കിൽ നാടുവിട്ട മാന്യന്റെ പറമ്പിൽ പുരകെട്ടി താമസിക്കുകയും കുഞ്ഞാലിയെ പ്രസവിച്ചു വളർത്തുകയും ചെയ്തു.

2 . പുറപ്പാട് പുസ്തകം.

കുഞ്ഞാലിക്ക് പതിനാലുവയസ്സായപ്പോൾ തിരുവിതാം കൂറിന്റെ മിശ്രിത മണ്ണിൽ നിന്നും മലബാറിന്റെ മക്കയിലേക്ക് പലായനം ചെയ്തു, പൂർവ്വികരായ മമ്മദിന് മുൻപേയുള്ള വേരുകൾ മലബാറിലാണെന്നും , നാടുവിട്ട പിതാവിനെക്കുറിച്ചറിയുക തുടങ്ങിയ ലക്ഷ്യത്തോടെ പുറപ്പാട് പുസ്തകം അവസാനിക്കുന്നു.

3. ആവർത്തന പുസ്തകം.

കുഞ്ഞാലിയുടെ പുറപ്പാടിനു പിന്നേ പിന്നിട്ട സ്ഥലങ്ങളിലെല്ലാം ദിവ്യഗർഭങ്ങൾ ആവർത്തിച്ചു. തന്റെ ചരിത്രത്തിന്റെ ആവർത്തനമായിരിക്കും ഈ അത്ഭുദ ശിശുകൾക്ക് ഉണ്ടാവുകയെന്ന് കുഞ്ഞാലി വിശ്വസിച്ചു.

4 .സുവിശേഷങ്ങളുടെ പുസ്തകം.

മലബാറിലെത്തിയ കുഞ്ഞാലിയ്ക്ക് താൻ ക്രിസ്തുവാണെന്നുറപ്പായി, പച്ചവെള്ളത്തിൽ തേരട്ടയും ബാറ്ററിയും പറങ്കിമാങ്ങയും ചേർത്ത് വീഞ്ഞാക്കി, വിവാഹ വീടുകളിൽ നല്ല വീഞ്ഞ് വിളമ്പാത്തവരെ ശാസിച്ചു, മഗ്ദലനക്കാരിത്തികളുടെ വീടുകളിലേക്ക് ക്ഷണിക്കാതെ പോയി മോക്ഷം പകർന്നു, ദോവാലയങ്ങളിലും തെരുവീഥികളിലും

'പാതനിരപ്പാക്കുവിൻ വഴിയൊരുക്കുവിൻ  ഞാനാകുന്നവൻ ഞാനാകുന്നു "
എന്ന് വിളിച്ചുപറഞ്ഞു. ക്ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ കാഴ്ച്ചയിട്ടവരുടെ കണക്കുകുകൾ സൂക്ഷ്മം എണ്ണിനോക്കി, തന്നെ എതിർത്തവരോട് ഒരു ദരിദ്രയായ വൃദ്ധ മറ്റുള്ളവരെക്കാൾ അധികം ഇട്ടിരുന്നു എന്ന് ധൈര്യത്തോടെ പറഞ്ഞു...ഒരിക്കൽ ദേവാലയത്തിൽ കടന്ന് കച്ചവടക്കാരെയും കപടഭക്തിക്കാരെയും അടിച്ചു  പക്ഷേ നാട്ടുകാർ ഭ്രാന്തനെന്നുപറഞ്ഞ് കുഞ്ഞാലിയെ പുറത്താക്കി.

5 . ക്രൂശീകരണം.

"ഇവൻ ദേവ നിന്ദ നടത്തുന്നു, അനാഥരുടെയും വിധവകളുടെയും വേശ്യകളുടെയും സംരക്ഷകനാകുന്നു " പരീശന്മാരും ,ശാസ്ത്രിമാരും കുഞ്ഞാലിക്കെതിരേ ഹെരോദാവിനോട്  സാക്ഷിപറഞ്ഞു. പാതിരാത്രിയിൽ കോഴികൂകും മുന്നേ കുഞ്ഞാലിയെ ക്രൂശിക്കാൻ നാനാ മതത്തിലുള്ള നാലു മല്ലന്മാരെ നിയോഗിച്ചു. മഗ്ദലനക്കാരിയുടെ വീട്ടിൽ ശീമോനൊപ്പം അത്താഴം കഴിച്ചിറങ്ങുമ്പോൾ കുഞ്ഞാലിയെ പിടിച്ചുകെട്ടി കല്ലുകൊണ്ടിടിച്ച് മൃതപ്രായനാക്കി പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ട മണ്ണട്ടിമേൽ കിടത്തിപ്പോന്നു.

6 ഉയിർപ്പ്.

മീസാൻ കല്ലിൽ ചാരിക്കിടന്ന കുഞ്ഞാലിൽ സ്വർഗത്തിലേക്ക് നോക്കി പ്രാർഥിച്ചു

"അല്ലയോ പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർക്ക് അറിയാം ഇനിയും ഇവരോട് ക്ഷമിക്കുന്നത് ന്യായമല്ല" സ്വർഗം  പിളരുന്നതും, ദേവാലയങ്ങളിലെ തിരശ്ശീലകൾ രണ്ടായിക്കീറുന്നതും , ഹൂറിമാർ തന്നെ  സ്വർഗത്തിലേക്ക് ആനയിക്കുന്നതും കിനാവുകണ്ടു. വർഷങ്ങൾക്കു ശേഷം അങ്ങ് വത്തിക്കാനിൽ തന്റെ പൂർണകായ പ്രതിമ ഏതോ ഒരു വിശുദ്ധൻ അനാശ്ചാദനം ചെയ്ത് വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതും ഒരു ചിരിയോടെ കണ്ടു.
ആമേൻ....!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment