Sunday 20 March 2016

കഥ കീമോഫോൺ

കീമോഫോൺ...!!

"മാഷേ ആ ഫോണൊന്ന് തരോ വീട്ടിലേക്കൊന്നു വിളിക്കാനാ..."

അമൃത എത്ര ചോദിച്ചിട്ടും ഞാൻ ഫോൺ കൊടുത്തില്ല, കഴിഞ്ഞ ദിവസ്സങ്ങളിലായി ഫോൺ വലിയ പ്രശ്നായിരിക്കുന്നു  കീപ്പാഡിലെ എല്ലാ അക്കങ്ങളും തേഞ്ഞുപോയ പാമ്പിന്റെ ഗെയിമും ടോർച്ചും മാത്രം "ആധുനിക സൗകര്യങ്ങളുള്ള " പഴയ നോക്കിയ 2008 മോഡൽ ഫോണായിരുന്നു...

കഴിഞ്ഞ ദിവസം അഫ്സൽ പറഞ്ഞതിപ്പൊഴും ഓർക്കുന്നു .".ഇതൊക്കെ ഫോണെന്നാരാ വിളിക്കണ മാഷേ പട്ടിയെ എറിയാൻ കൊള്ളാം"

അവന്റെ സീ ഇ മാർക്കിൽ ഒരിടിവ് അപ്പൊത്തന്നെ ഞാൻ മനസ്സിൽ വരുത്തി.  വീട്ടിൽ മൂന്ന് വയസ്സുകാരനുപോലും എന്റെ  ഫോൺ വേണ്ടാതായിരിക്കുന്നു...

"അപ്പന്റെ പോണു വേണ്ടാ..."
അവനും നിലപാട് വ്യക്തമാക്കി.

സറണ്ടർ തുകയും ഓണം.അഡ്വാൻസും കിട്ടിയപ്പോൾ ഒരു പുതിയ ഫോണിന്റെ രൂപം മനസ്സിൽ തെളിഞ്ഞു പക്ഷേ ലോണുകൾ എന്നെ പിന്നോട്ട് വലിച്ചു. സ്ഥിരമായ് ഫോൺ നന്നാക്കാനും     ( എന്റെ ഫോണിനെ പരിഹസിക്കാതെ ശുശ്രൂഷിക്കുന്ന ന്യൂ മൊബൈൽസ്)
റീചാർജ്ജ് ചെയ്യാനും പോകുന്ന കടയിലെ  ചെക്കൻ ആരോടോ സംസാരിക്കുന്നു...

"ജ്ജ് ഇതെങ്ങനേലും സബൂറാക്കിത്താ അനസ്സേ"

"ഇൻഷാ അള്ളാ ഞാൻ ശ്രമിക്കാം ഇക്കാ"

ആ മനുഷ്യൻ പോയപ്പോൾ അവനോട് ഞാൻ ആ മനുഷ്യനെക്കുറിച്ച് തിരക്കി,

"അതു മാഷിന്റെ അയൽ വാസി തന്നെ ഓലെ പേര് കെബീർ  പത്തു പയിനഞ്ച് കൊല്ലായി ഗൾഫിലാർന്ന് 
ഒരു മാസായി നാട്ടിലുവന്നിട്ട് ഓലെ കുട്ടി ഖദീജ മാഷിന്റെ അടുത്ത സ്കൂളിലാ തലചുറ്റി വീണത് പരിശോധിക്കാൻ കൊണ്ടോയപ്പോ ക്യാൻസറാന്ന് ഇപ്പൊ എല്ലാ ആഴ്ച്ചേലും തിരുവനന്തപുരത്ത് കൊണ്ടോണുണ്ട് ഇക്ക ഗൾഫീന്ന് കൊണ്ടുവന്ന എമർജെൻസിയും മൂന്ന് വാച്ചും പിന്നെ കുറേ സോപ്പും കൊണ്ടുവന്നേണ് വിറ്റുകൊടുക്കാൻ നിങ്ങൾക്ക് ആ കുട്ടീനേ സഹായിക്കാൻ പറ്റോ മാഷേ സ്കൂളിന്നൊക്കെ ഇക്കാര്യങ്ങൾക്ക്  പിരിക്കാറില്ലേ.... ? " 

എല്ലാം കേട്ട് ശ്രമിക്കാന്നു  പറഞ്ഞിട്ട്  പുതിയ ഫോണിനെക്കുറിച്ച് പറഞ്ഞു ഇപ്പൊ സ്റ്റോക്ക് ഇല്ലാന്നും നല്ലത് അടുത്ത ആഴ്ച്ച വരൂന്നും പറഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ പിറ്റേന്ന് സ്റ്റാഫ് മീറ്റിംഗിൽ ഖദീജയുടെ
വിഷയം അവതരിപ്പിക്കാൻ തീരുമാനിച്ചു.

രണ്ടുദിവസ്സം കഴിഞ്ഞ് സ്കൂളിൽ നിന്നും പിരിഞ്ഞുകിട്ടിയ ഏഴായിരത്തി അഞ്ഞൂറ് രൂപയുമായി ചെന്നപ്പോൾ ആ മനുഷ്യൻ എന്നെ കാത്തു നിന്നതുപോലെ തോന്നി, ഞാൻ പരിചയപ്പെടുത്തിയപ്പോൾ മരവിച്ച ചിരിയോടെ  അയാൾ പുതുതായ് പണിഞ്ഞു തുടങ്ങിയ വീട് ചൂണ്ടിപ്പറഞ്ഞു  പറഞ്ഞൂ..

"ഇത് വിറ്റ് മാഷേ അഡ്വാൻസുമായ് ഒരാൾ വരൂന്ന് പറഞ്ഞേക്കണ്  ഓരെ കാത്തു നിന്നതാ നാളെ ഇമ്മിണി കാശ് ജാസ്തി, വേണോന്ന് ആശുപത്രീന്ന് പറഞ്ഞ് ഒരായ്ച്ച ആടെ തങ്ങണം പടച്ചോൻ ഇങ്ങളെ കാക്കട്ടെ.. "

ഒരു ടാർപ്പാളിൻ ഷീറ്റ് വലിച്ചുകെട്ടിയ കട്ടിലിൽ കിടക്കുന്ന ഖദീജയ്ക്ക് സ്പൂണിൽ എന്തോ കോരിക്കൊടുക്കണത് കണ്ടെന്നു വരുത്തി ഞാൻ ഇറങ്ങി നടന്നു...

ഒരാഴ്ച്ച കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്നത് കേട്ട് തുറന്നുനോക്കിയ്പ്പോൾ കബീറിക്ക...

"എന്താ ഇക്കാ ഇത്ര പുലർച്ചേ'

"ഞമ്മള് മാശിനെ കാണാനക്കൊണ്ട് ബന്നതാണ്
ന്റെ കജ്ജിൽ ഒരു ജാതി പുതിയ മൊവൈൽ ഫോണുണ്ട് നിങ്ങക്ക് വേണാ അനസ്സ് പറഞ്ഞ് ഞമ്മക്ക് ഇതൊന്നും നോക്കാൻ തിര്യൂലാ മാശ് എന്താച്ചാ ആക്കം പോലെ  തന്നാ മതി"

ഒരു പുതിയ ഫോണും നീട്ടിപ്പിടിച്ചു നിന്ന കബീറിനോട് ഞാൻ പറഞ്ഞു.

"അയ്യോ
ഇതൊന്നും നോക്കാൻ എനിക്കും അറിയില്ല കബീർ പിന്നെ ഇത്രയും വിലകൂടിയതൊന്നും എനിക്കും പറ്റില്ല പിന്നെ പുതിയത് വാങ്ങാനുള്ള ചിന്ത ഞാൻ വിട്ടു"

പിറ്റേന്ന് കടയിൽ വച്ച് അനസ്സുപറഞ്ഞാണ് കാര്യമറിയുന്നത്.

"...മാഷിനെക്കാണാൻ കെബിറിക്ക വന്നിരുന്നാ ഓര് വീടും പറമ്പും വിറ്റിക്കണ്, നിർത്തിപ്പോന്ന ഗൾഫിലേക്ക് ഇക്കാ പിന്നേം പോവാൻ തീരുമാനിച്ച്, ടിക്കറ്റിനടയ്ക്കാൻ കാശില്ലാത്തോണ്ട് ഫോണുമായ് എന്റടുത്ത് വന്നിനി ഞാൻ ഓലെ ഇങ്ങളെ വീട്ടിലേക്ക് വിട്ട്...."

മറുപടിയൊന്നും പറയാൻ നിക്കാതെ വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു.
അലമാരയിൽ ഭാര്യയ്ക്ക് കാലിലിടണ മിഞ്ചി വാങ്ങാൻ മാറ്റിവച്ച എന്റെ ഫോൺ സ്വപ്നവും  എടുത്ത് കബീറിന്റെ വീട്ടിലെത്തിയപ്പോൾ അയാൾ കാറിൽ കേറാൻ തുടങ്ങുകയായിരുന്നു...
കാശ് കയ്യിൽ ഏല്പിക്കുമ്പോൾ  ആ മനുഷ്യൻ കരയുകയായിരുന്നു...
ബാഗിൽ നിന്ന് ഫോണെടുത്ത് എന്റെ പോക്കറ്റിൽ വച്ചിട്ട്....

"ഞമ്മള് നിങ്ങളെ പൊരേലേക്ക് വരേർന്ന്..
മാശ് ഈ ഫോൺ വച്ചോളിൻ പൈശയ്ക്കൊന്നും  അല്ലാട്ടാ...
ഞമ്മക്ക് ഒരു ഉപകാരം ചെയ്യണം ഈ പൊരേല് എന്റെ പെണ്ണുങ്ങളും ഖദീജേം മാത്രേ ഒള്ളൂ...
എടയ്ക്ക് ഇവർ തിരൂന്തരത്ത് പോകുമ്പോൾ തീവണ്ടി കേറ്റി വിടണം...
ആദ്യോക്കെ പോയാൽ എന്ന് വരൂന്നറിയൂല ഞമ്മക്ക്
ഇതിപ്പോ ഞമ്മളെ കുട്ടീനെ പടച്ചോൻ തട്ടിപ്പറിക്കും വരെ മാത്രം..."

കണ്ണുതുടച്ച് ആ മനുഷ്യൻ കാറിൽ കയറുമ്പോൾ എന്റെ പോക്കറ്റിലെ ഫോണിന്റെ സ്ക്രീനിൽ ഖദീജയുടെ ചിത്രം തെളിഞ്ഞു....!!

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment