Tuesday 22 March 2016

കഥ മേക്കപ്പിട്ട രഹസ്യങ്ങൾ

"മേക്കപ്പിട്ട രഹസ്യങ്ങൾ...!!

ഭാര്യ ത്രെഡ് ചെയ്യാൻ പോകണം എന്നുപറഞ്ഞപ്പോൾ ഞാൻ  ചെയ്തുകൊടുക്കാമെന്നേറ്റു...
തലമുടി വെട്ടി, മുഖവും തലയും മസാജ് ചെയ്തു,  കാൽ നഖം വെട്ടി കാലുകളിലെ രോമം റിമൂവ് ചെയ്തു ഒരു പ്രൊഫഷണലിന്റെ മികവോടെ....

വല്ലാത്ത സന്തോഷത്തോടെ കുളിമുറിയിലേക്കുപോയ അവൾ ചോദിച്ചു

"എവിടന്ന് പഠിച്ചു ഇതൊക്കെ എത്രപെണ്ണുങ്ങൾക്ക്..."

പിന്നൊന്നും അയാൾ കേട്ടില്ല അയാൾ അപ്പോൾ

മീനാക്ഷി ബ്യൂട്ടിക്ലിനിക്കിന് പിന്നിൽ പനിച്ചുവിറച്ചുകിടക്കുകയായിറ്റുന്നു....
അനാഥാലയത്തിലെ കുക്കിനെ തല്ലിയ പ്ലസ് വൺ പയ്യൻ പിറ്റേന്ന് പുറത്തായി അടിച്ചുപൂസായ കുക്കിന് എന്റെ പുസ്തകം വായിച്ചേപറ്റൂ അതും പരീക്ഷതലേന്ന്.....
തുടർന്ന് അടിയും പുറത്താക്കലും.  പകൽ മുഴുവൻ ബസ്സ്റ്റാൻഡിൽ ഹോട്ടലിൽ നിന്നുള്ള ബിരിയാണി മണത്തിൽ വിശന്നിരുന്നു...ആറരയോടെ ഒരു ദൈവദൂതൻ തട്ടുദോശവാങ്ങിക്കൊടുത്തു സിനിമകാണാൻ കൂടെ കൂട്ടി  വീട്ടിലേക്കെന്നുപറഞ്ഞ് ഈ പാർലറിന്റെ പിന്നിലിട്ട്.... വഴങ്ങാനായില്ല അറപ്പായിരുന്നു ഒരു മുളവടികൊണ്ട്  തല്ലിക്കൂട്ടി....പിറ്റേന്ന് പാർലറിലെ വേസ്റ്റ് തട്ടാൻ എത്തിയപ്പോഴാണ് രാത്രി മഴമുഴുവൻ കൊണ്ട് പനിച്ചുകിടന്ന പതിനേഴുകാരനെ  കാണുന്നത് ആരാണെന്ന ചോദ്യത്തിന് നാലരവയസ്സുമുതലുള്ള ചരിത്രമുണ്ടായിരുന്നു. മീനാക്ഷിയേടത്തി,( ക്ലിനിക്ക് ഉടമ എല്ലാവരും അങ്ങനെ വിളിക്കുന്നു ഞാനും ശീലിച്ചു )
ഒന്നും പറഞ്ഞില്ല അവിടെ ഒരു മുറിയിൽ കിടത്തി മുറിവിൽ മരുന്ന് പുരട്ടി കഞ്ഞി കുടിക്കാൻ തന്നു പിന്നെ ഞാൻ ഉറങ്ങിപ്പോയി.

പിറ്റേന്ന് കട അവധിയായിരുന്നു...ഒരു കവർ ബ്രെഡും പഴവും കുടിക്കാൻ വെള്ളവും കട്ടിലിന്റെ അരികിലുണ്ടായിരുന്നു  വാതിൽ പുറത്തുനിന്നും പൂട്ടിയിരുന്നു.

ഞായർ ക്ലിനിക്കിൽ വല്ലാത്ത തിരക്കാണ്...വാതിൽ തുറന്ന മീനാക്ഷിയ്ക്ക് വിശ്വസ്സിക്കാനായില്ലാ ക്ലിനിക്കിന് വല്ലാത്തൊരടുക്കും ചിട്ടയും വന്നിരിക്കുന്നു

"നീ ആളു മിടുക്കനാണല്ലോടാ....
സ്വയം.ചാർജ്ജെടുത്തോ നന്നായ് നീയും കൂടിക്കോ പിന്നേ ഇതു പെണ്ണുങ്ങളുടെ രാവണൻ കോട്ടയാണ് പെണ്ണിലും പെണ്ണായിവേണം...നിനക്കുമനസ്സിലായോ"

ഞാൻ തലയാട്ടി എനിക്ക് ഒരു പിടിവള്ളിയായിരുന്നു ആവശ്യം..

ഞാൻ  ഓരോന്നും പെട്ടന്ന്  പഠിച്ചു...
നഖം മുതൽ മുഖം വരെ പെണ്ണിന്റെ സൗന്ദര്യങ്ങൾ കണ്ടെത്താൻ തുടങ്ങി.

"മീനാക്ഷി ഇതേതാടി പുതിയൊരു ജീവി..."

ഡോ ജമീലാ ജസീൽ ഇതു പറഞ്ഞത് എന്റെ  നപുംസക ഭാവാഭിനയത്തിൽ വീണിട്ടായിരുന്നു.

"നിരുപദ്രവകാരിയാ നല്ല പണിയറിയാം..എന്റെ നാട്ടുകാരനാ..."
മീനാക്ഷിയേടത്തി പഴുതുകളടച്ചു,
ഓരോ ദിവസം കഴിയുന്തോറും കസ്റ്റമേഴ്സിന്റെ ഇഷ്ടവിഭവമായി ഈ നപുംസകലിംഗം.

ഇപ്പോൾ ജമീല ഡോക്ടർ വന്നാൽ മുട്ടൊപ്പം പാവാടെ പൊക്കിയിരുന്നിട്ട് ഒറ്റവിളിയാ
"ഡാ ചെക്കാ വേഗം......"

ഇതിനിടയിൽ മീനാക്ഷിയേടത്തിയുടെ പ്രേരണയിൽ ബി എ വരെ പൂർത്തിയാക്കി പിന്നെ അവിടെ വരാറുള്ള ഒരു ജെസ്സി ടീച്ചറുടെ നിർദ്ദേശപ്രാകാരം ബി എഡിന് അപേക്ഷകൊടുത്തു...

ഇതിനിടയിലാണ് ആ സംഭവമുണ്ടായത് ഒരു
ഹോട്ടലുടമയുടെ ഭാര്യ ഒരു ഫേസ് ട്രീറ്റ്മെന്റിന് വന്നത്  ഞാനായിരുന്നു  ഒഴിവ് ത്രെഡ് ചെയ്യുന്നതിനിടയിൽ ചാരിയെന്നും പറഞ്ഞ് ഒരാട്ടും മുഖത്ത് ഒരടിയും മീനാക്ഷിയേടത്തി ഓടിവന്നു  ഇതിനിടയിൽ മുഖം കഴുകിവന്ന അവരെ ചേട്ടത്തി  തല്ലി.
"നിന്നെ ഞാൻ വാഴിക്കില്ലെടീന്നും പറഞ്ഞ്" അവർ ഇറങ്ങിപ്പോയി...

കുറച്ചു  ദിവസ്സങ്ങൾ കഴിഞ്ഞ് ബി എഡ് സീറ്റിനുള്ള മെമ്മോക്കാർഡ് മീനാക്ഷിയേടത്തിയുടെ വീട്ടിൽ കിട്ടിയവിവരം അറിഞ്ഞു...
ഫീസിന്റെയും മറ്റു ചിലവിന്റേം കാര്യത്തെക്കുറിച്ച്  ജെസ്സി ടീച്ചറുടെ കാലിലെ വിള്ളൽ തേച്ചു കഴുകലിനിടയിൽ പറഞ്ഞപ്പോൾ എനിക്ക് തലചുറ്റാൻ തുടങ്ങി...

പിറ്റേന്ന് രാവിലെ ഏതോ ഒരു സുന്ദരൻ ചെറുപ്പക്കാരൻ രാവിലെ ആറുമണിക്ക് പാർലറിൽ വരും എന്ന് ചേട്ട ത്തി വിളിച്ചു പറഞ്ഞു...
എട്ടുമണിക്ക് പുറത്തുവന്ന ഒരു കാറിൽ കേറി പോവുകയും ചെയ്തു.

കാര്യം തിരക്കിയപ്പോൾ ചേട്ടത്തി ഗൗരവത്തിൽ ഒന്നു നോക്കീട്ട് ഒരു ചിരിയോടെ പറഞ്ഞു...

"അതൊക്കെ ഈ നാട്ടിലെ ചില രഹസ്യങ്ങളാട്ടോ മിനുക്കിയ മുഖമുള്ളവരുടെ രഹസ്യങ്ങൾ..."

ബി എഡ് ക്ലാസ് ചേരേണ്ട ദിവസം.അടുത്തുവന്നു ഇതിനിടയിലായിരുന്നു ചേട്ടത്തിയുടെ മകളുടെ വിവാഹം പാർലർ കുറച്ചു ദിവസം  തുറന്നില്ല ഞാൻ ലോഡ്ജിൽ തന്നെ തങ്ങി.

ബി എഡിന്  ചേരേണ്ടതിന് ആറു ദിവസ്സം മുന്നേ ഞാൻ  കാശിന്റെ കാര്യം പറഞ്ഞു മകളുടെ വിവാഹത്തിന് വാങ്ങിയ കടങ്ങളായിരുന്നു ചേട്ടത്തിക്ക് പറയാനുണ്ടായിരുന്നത്.

പിറ്റേന്ന് രാവിലെ ചേട്ടത്തിയുടെ ഫോൺ വന്നൂ

"നീ കുളിച്ചൊരുങ്ങി നിൽക്ക്, കല്യാണത്തിനിടാൻ വാങ്ങിത്തന്ന ഡ്രെസ് ഇട്ടോ ഒരു കാർ എട്ടുമണിക്ക് വരും നീ കൂടെ പോയി വാ...."

അന്നു വന്ന അതേ കാർ...
കാറിനുള്ളിൽ ഞങ്ങളുടെ സ്ഥിരം കസ്റ്റമറായാ ഒരു വി ഐ പിയുടെ ഭാര്യമാത്രം നാലുദിവസത്തെ യാത്ര, ഭക്ഷണം, വിശ്രമം, സുഖങ്ങൾ ചേട്ടത്തിപ്പറഞ്ഞ രഹസ്യത്തിന്റെ ചുരുൾ എനിക്ക് തെളിയുകയായിരുന്നു,

" നീ ഒരാൺകുട്ടിയാട്ടോ" നപുംസകമെന്ന് വിളിച്ചിരുന്ന അവർ എന്റെ ചെവിയിൽ പറഞ്ഞു....

നാലാം ദിവസ്സം രാവിലെ പത്തുമണിക്ക് ക്ലിനിക്കിന്റെ മുന്നിൽ ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഒരു ചെറിയ ആൾക്കൂട്ടവും  പോലീസ് ജീപ്പിന്റെ പിന്നിലിരിക്കുന്ന മീനാക്ഷിയേടത്തിയേയും ക്ലിനിക്കിന്റെ മുന്നിൽ നിന്ന്  ചിരിക്കുന്ന ഹോട്ടലുകാരന്റെ ഭാര്യയേയും ഞാൻ കണ്ടു...

കാറിൽ നിന്നിറങ്ങുന്നതിനിടയിൽ എന്നെ ചേർത്തൊരുമ്മ തന്നിട്ട്  
ഒരു പൊതി അവർ എനിക്ക് വാങ്ങിത്തന്ന വസ്ത്രങ്ങളടങ്ങിയ ബാഗിൽ  ഒരു കവർ ഇട്ടിരുന്നു,
ബി എഡ് ന് ചേരാനും മറ്റു ചിലവിനുമായ് ആ കവറിലെ തുകയുടെ പകുതി പോലും ചിലവായില്ല....

വർഷങ്ങൾക്ക് ഒരു വാസന സോപ്പിന്റെ പരസ്യ ദൈർഘ്യമേയുള്ളു.
മാഷായി വിവാഹിതനായി മകനുമായി...

ഒരിക്കൽ പോലും ഓർക്കാത്ത മീനിക്ഷിയേടത്തിയെ ഓർത്ത് കരയുന്ന എന്നെയാണ് കുളിമുറിയിൽ നിന്നിറങ്ങിയ അവൾ കണ്ടത്....

"ഞാനൊരു തമാശ പറഞ്ഞതല്ലേ പൊന്നേ" എന്നു പറഞ്ഞെന്നെ ചുംബിക്കുമ്പോൾ...

"ഞാൻ   മേക്കപ്പിട്ട ഒരു രഹസ്യം ഒളിപ്പിക്കുകയായിരുന്നു..!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment