Saturday 19 March 2016

കഥ പട്ടാളം ദാസന്റെ മോൻ

പട്ടാളം ദാസന്റെ മോൻ...!

എനിക്ക് പട്ടാളക്കാരെ തീരെ ഇഷ്ടമില്ലായിരുന്നു.

പതിനെട്ടാം വയസ്സിൽ അപ്പൻ പട്ടാളത്തിൽ ചേർന്നു. പെണ്മക്കളെ കെട്ടിക്കാൻ വയലും വീടും പണയപ്പെടുത്തി ആത്മഹത്യചെയ്ത ആമോസ് നാടാരുടെ മൂത്തമോൻ ദാസൻ.

അമ്മയും ഞാനും എളേമ്മയും അടങ്ങിയ വീടിന് അപ്പനുണ്ടെങ്കിൽ ഒരു പട്ടാളക്യാമ്പിന്റെ താളമായിരുന്നു.

അഞ്ചുമണിക്കുണരുന്നതു മുതൽ എട്ടുമണിക്കുറങ്ങും വരെ ചിട്ടകളുടെ പടച്ചട്ട അപ്പനുണ്ടാക്കിവച്ചിട്ടുണ്ട് . അപ്പൻ ചിരിക്കുന്നത് കണ്ടിട്ടില്ല, ഉമിക്കരി വിരലിൽ അമർത്തിപ്പിടിച്ച് മോണമുറിയും വിധം തേച്ചുതരും, ചകിരിതേച്ച് കുളിപ്പിക്കൽ, പിന്നെ വലിയ ഉരുള ഉരുട്ടി പള്ളയിലേക്ക് തള്ളൽ, എന്നെയും എടുത്ത് സ്കൂളിലേക്കൊരു
നടത്തം അപ്പൊഴാ  വീട്ടിലാളുണ്ടെന്ന് അറിയുക ലത ചിറ്റ പുറത്തേക്കുവരിക....
എനിക്കിഷ്ടം നിറമുള്ള വസ്ത്രങ്ങളായിരുന്നു അപ്പനെപ്പൊഴും കാക്കിയും കാവിയും കണ്ണെത്തിയിരുന്നുള്ളു. കളിപ്പാട്ടളോ കടപണ്ടങ്ങളോ എനിക്ക് കിട്ടിയിരുന്നില്ലാ...
കൂട്ടുകാരെല്ലാം അമ്പലത്തിൽ  ഉത്സവത്തിനും സ്കൂളിൽ  കലോത്സവത്തിനും  അച്ഛന്റ്യൊപ്പം വരുമ്പോൾ ഞാൻ പറമ്പിന്റെ അതിർത്തിയിലും അപ്പൻ രാജ്യാതിർത്തിയിലുമായിരിക്കും...
കോളേജിൽ എസ് എഫ് ഐ യിൽ ചേർന്നതും ഇറോം ഷാർമ്മിളയെക്കുറിച്ച് വായിച്ചതും പട്ടാളക്കാരോട് ഒരു അതൃപ്തിയുണ്ടാക്കി.  അപ്പൻ അതിർത്തിയിൽ കഴിഞ്ഞ നാളുകൾ എനിക്ക് സ്വർഗമായിരുന്നു....

പട്ടാളത്തിൽ നിന്നും വിരമിച്ച്  എസ് ബി റ്റി യിൽ കണ്ണാടി വാതിലിൽ തോക്കും പിടിച്ചു സെക്ക്യുരിട്ടിയായ് ചേർന്നത് എനിക്കൊട്ടും ഇഷ്ടായില്ല. ഒരിക്കൽ ഫീസ് അടയ്ക്കാൻ ബാങ്കിൽ പോയപ്പോൾ എനിക്ക് വല്ലാത്ത നാണം തോന്നി.

ഞങ്ങൾക്ക് നാട്ടിലെ വിലാസ്സം പോലും പട്ടാളത്തിന്റെ വീട് , പട്ടാളം,  പട്ടാളത്തിന്റെ പെണ്ണ് , പട്ടാളത്തിന്റെ മോൻ...
സത്യത്തിൽ "വേണൂന്ന്" ആരെങ്കിലും ഒന്നു വിളിച്ചെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്...
ഈ നാട്ടുകാർ ആ പേരു തന്നെ മറന്നിട്ടുണ്ടാകും...
 

ഞാൻ എട്ടാം തരത്തിൽ പഠിക്കുമ്പോൾ ക്രിസ്തുമസ്  ലീവിനാണ്  എന്റെ ക്ലാസിലെ റഷീദിന്റെ വാപ്പയെ അപ്പൻ  കവലയിലിട്ടുതല്ലിയത്  റഷീദ് എന്റെ  സുഹൃത്തായിരുന്നു അമ്മയോട് പരാതിപറഞ്ഞപ്പോൾ

"അയ്യാൾക്കിത്തിരി മുട്ടുകൂടുതലാ പാതിരാത്രിയായാൽ " എന്ന്
അമ്മ
പറഞ്ഞു എനിക്കൊന്നും വ്യക്തമായില്ല ,
പിറ്റേന്ന് പോലീസ് വന്നപ്പോൾ അപ്പൻ പറഞ്ഞത് എനിക്കിപ്പൊഴും ഓർമ്മയുണ്ട്

"നീന്റെ തോളിലെ സ്റ്റാറു പോരടാ എന്നെപ്പിടിക്കൻ"

പിറ്റേന്ന് അപ്പൻ പോയി പിന്നെ പട്ടാളത്തീന്ന് പിരിഞ്ഞാ വരുന്നത് ഇതിനിടയിൽ ലത ചിറ്റ രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായ് വീട്ടിൽ നിൽക്കുന്നു....
കുറച്ചു കഴിഞ്ഞാണറിഞ്ഞത് എന്റെ അമ്മയുടെ വയറ്റിലും എനിക്കൊരു ഇളയത് ഉണ്ടായീന്ന്...
പതിനെട്ടുകാരനപമാന മുണ്ടാക്കാൻ അതു ധാരാളമായിരുന്നു.

"നിന്റെ അപ്പനാളുപുലിയാട" എന്ന് കൂട്ടുകാരും
"പട്ടാളമാരാ മോൻ" എന്നു നാട്ടുകാരും ഒളിഞ്ഞും തെളിഞ്ഞും കളിയാക്കാൻ തുടങ്ങി.

ഫീസടയ്ക്കാൻ കൂട്ടുകാരിയോടൊപ്പം  ബാങ്കിൽ പോയ ദിവസ്സം അപ്പൻ വളരെ വൈകിയാ വന്നത്, നന്നായ് കുടിച്ചിരുന്നു.

ഞാൻ മുഖം കൊടുക്കാതെ ടീ വിയിൽ തന്നെ നോക്കിയിരുന്നു സുജ പറഞ്ഞത്  അപ്പൻ  കേട്ടോ എന്നെനിക്ക് സംശയമുണ്ടായിരുന്നു..

"ഇതാണോടാ നിന്റെ വീട്ടിലെ ഭീകരൻ... ആളുടെ തോക്കിലുണ്ടയുണ്ടോടാ"

പിന്നെ എന്തൊക്കെയോ
അമ്മയും ലത ചിറ്റയും വയറും താങ്ങി ടീവിയിൽ കോമഡി സ്റ്റാർ കാണുകയായിരുന്നു ഒരു പട്ടളക്കാരന്റെ കുടുഃമ്പമായിരുന്നു കഥ ബഡായിവീരനായ അയ്യാളുടെ തമാശകൾ ശബ്ദത്തിൽ വച്ചു ചിരിച്ചു.

എന്തുണ്ടായി എന്നെനിക്കറിയില്ല വേഗത്തിൽ വന്ന് ടീ വി ഓഫ് ചെയ്തു...

ഞാനെണീറ്റ് അതോൺ ചെയ്തു....

പെട്ടന്നായിരുന്നു എന്റെ കഴുത്തിൽ പിടിച്ച് ഒരു തല്ലും പിന്നിൽ നിന്നൊരു ചവിട്ടും വാഴവെട്ടിയിട്ടപോലെ ഞാൻ നിലത്തുവീണുരുണ്ടു....

അമ്മമാർ സ്തംഭിച്ചു നിന്നുപോയി....
എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അപ്പൻ ഉള്ളിലേക്ക് കേറിപ്പോയ്...

അമ്മമാർ എന്നെ എടുത്ത് കട്ടിലിൽ കിടത്തി തല്ലിനേക്കാൾ ആദ്യ തല്ലലായിരുന്നു  എനിക്ക് നോവ്...
ആരും ഉറങ്ങിയിരുന്നില്ലാ അപ്പൻ പുറത്ത് കിണറ്റിന്റെ വക്കിലിരുന്ന് സിഗരറ്റ് പുകച്ചിരിക്കുന്നു,
അമ്മമാർ അടുക്കള ചുവരിൽ ചാരിയിരിക്കുന്നു.

രാത്രി ഒരു രണ്ട് കഴിഞ്ഞിട്ടുണ്ടാകും കട്ടിലിന്റെ താഴെ വന്നിരുന്ന് എന്റെ മുതുകിൽ ആ കായ്പ് പിടിച്ച കൈകൾ തടവി നടന്നു എന്നിട്ട് പതുക്കെപറഞ്ഞു...

"അപ്പനത്തരം പട്ടാളക്കാരനല്ല വേണൂ...
നാടും വീടും പിരിഞ്ഞ് ഞങ്ങളാ മഞ്ഞിൽ കഴിയുമ്പോൾ ഈ കുടുംബാ ഒരാശ്വാസം
ഇപ്പൊ  ഒരോന്ന് കാണുമ്പ തോന്നും ചത്തുവന്നാൽ മതിയായിരുന്നുന്ന്
...ന്റെ മോനും ആ കൂട്ടത്തിക്കണ്ടപ്പോ അപ്പനു സഹിച്ചില്ല ന്റെ മോൻ അപ്പനോട് ക്ഷമിക്ക്..."

കാലിൽ വീണ കണ്ണു നീരിനിത്തിരി ചൂടായിരുന്നു...

പിറ്റേന്ന് പത്രത്തിൽ റിക്രൂട്ട് മെന്റിന്റെ പരസ്യം ഞാൻ വായിക്കണകണ്ടപ്പോഴും , കോളേജിൽ പോകാൻ
അപ്പന്റെ ബുള്ളറ്റിന്റെ പിന്നിൽ ആദ്യമായ് കേറിയപ്പോഴും അപ്പന്റെ മീശയ്ക്കുതാഴെ ചിരിവിടരുകയായിരുന്നു.

എന്റെ ശരീരമാകെ ആ കണ്ണീരുവീണ പുകച്ചിലായിരുന്നു.......!!

രതീഷ് കെ എസ്സ്

No comments:

Post a Comment