Wednesday 8 April 2020

വാമനജയന്തി..!!

വാമനജയന്തി..!!

" നീ വാമനന്റെ പെൻഷൻ മുടക്കണം"മൗനംമൂടിയ ദിവസത്തെ മുറിച്ചിട്ട ജയന്തിയമ്മയെ അയാൾ എറ്റവും വെറുപ്പോടെ നോക്കി.ഇളയസഹോദരനൊപ്പം ഇറങ്ങിവന്ന പെണ്ണിനെ കഴിഞ്ഞ ദിവസം  അവർ ആട്ടിയിറക്കുന്നത് നോക്കിനിൽക്കാനേ അയാൾക്ക് കഴിഞ്ഞുള്ളു. നിസ്സഹായതപെറ്റ ആ വേദനയിൽ നിന്നും വലിച്ചുകെട്ടിയ മൗനമാണ്.പ്രണയപ്പെട്ട ആ പെണ്ണ് തട്ടം വലിച്ചിട്ട് രൂക്ഷമായൊരു മൈലാഞ്ചിനോട്ടം ജയന്തിയമ്മയുടെ നേർക്ക് തൊടുത്തുവിട്ടു.നരകയറിയ മുപ്പത്തിയാറിലും അതുപോലൊരു നോട്ടത്തിനുടമയാകാൻ കഴിഞ്ഞില്ലെന്ന് അയാൾ നെടുവീർപ്പിട്ടു. "ചേട്ടനീ വീട്ടിൽ അച്ഛന്റെ സ്ഥാനമല്ലേ.?"പണം നീട്ടിയപ്പോൾ മടിച്ചുനിന്ന സഹോദരന്റെ വാക്കിലും സഹതാപം കലർന്നിരുന്നു.'ഞാനതു ചെയ്യില്ലെന്ന്' ദേഷ്യപ്പെട്ട് അമ്മയിൽ നിന്നിറങ്ങിയോടാനുള്ള തിടുക്കത്തിൽ അയാൾക്ക് ചെരുപ്പുകൾ തമ്മിൽ മാറിപ്പോയി. ഓരോചുവടും ഉരഞ്ഞയാളെ വേദനിപ്പിച്ചു.
        വീടിന്റെ മതിലിനോട് ചാരി വാമനൻ നിൽക്കുന്നു.ജനാലയുടെ മറവിൽ ജയന്തിയമ്മയുടെ ഈർച്ചവാൾ നോട്ടമുണ്ടെന്നുറപ്പുള്ള അയാൾ, വാമനൻ നീട്ടിയ അപേക്ഷയുടെ പകർപ്പോ,"ഒപ്പരം വരട്ടെ"ന്നുള്ള ചോദ്യമോ കേട്ടില്ല.ഒളിനോട്ടത്തിന്റെ മുഖത്ത് പുകതുപ്പി ബൈക്കോടിച്ചുപോയി. 'വാമദേവൻ' വാമനനായതിന്റെ ചരിത്രപരമായ നിരുക്തിയൊന്നും പ്രസക്തിയല്ല."നിനക്കെന്റെ ജയന്തിയെ കെട്ടണോടാ" എന്ന ജന്മിച്ചോദ്യത്തിനുമുമ്പിൽ സ്വപ്നങ്ങളെല്ലാം വലിച്ചെറിഞ്ഞ് പലായനം ചെയ്ത വാമദേവൻ ഇടതുകാൽ പയർവള്ളിപോലെ ചുറ്റിയ മുളവടിയൂന്നിയാണ് മടങ്ങിവന്നത്. ഭ്രാന്തിന്റെ വേലിയിൽ ജയന്തിയമ്മ വാമനനുവേണ്ടി ഏറെനാൾ പൂത്തു കിടന്നു. കയ്പ്പുള്ളൊരു താലിയിൽ പറിച്ചുനടപ്പെട്ട് മൊട്ടുകളുണ്ടായി, പ്രണയപ്പകയുടെ തേനിന് ഭ്രാന്തൻ വണ്ടും വന്നു.
      വിധവയായ സഹോദരി പൊട്ടിച്ചന്ദ്രിയുമായി വാമനൻ റോഡരുകിലെ ചായ്പ്പിൽ പയറും ചീരയും വിൽക്കാനിരിക്കുമ്പോൾ ജയന്തിയമ്മ ജന്മിസ്മാരക സ്‌കൂളിലേക്ക് അവർക്കു മുന്നിലൂടെ പോകും. മടക്കയാത്രയിൽ രണ്ടുകെട്ട് ചീരയും പയറും വാങ്ങി,നൂറിന്റെ ബാക്കി ഔദാര്യം പ്രതികാരംപോലെ നിർത്തും.കൈവിട്ട പ്രണയത്തിന്റെ മുഖത്തുനോക്കാൻ മടിക്കുന്ന വാമനൻ നിരത്തിലേക്ക് കണ്ണിറക്കിനിർത്തും. ചന്ദ്രി 'പൊട്ടിച്ചിരി'യുതിർക്കും.വിരമിച്ചിട്ടും ജയന്തിയമ്മ സ്‌കൂളിലേക്കുള്ള നടത്തവും 'കടപ്പെടുത്തലും' തുടർന്നു.
         പന്ത്രണ്ട് മൈലുകൾക്കപ്പുറമുള്ള പഞ്ചായത്തുകെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്ക് വാമനൻ മുളയൂന്നിയെത്തുമ്പോൾ പെൻഷനുകാർ ജീവിച്ചിരിക്കുന്നതിന് തെളിവായി സാക്ഷ്യപ്പെടുത്തിയരേഖ സമർപ്പിക്കാനുള്ള സമയത്തിന്റെ ഒടുവിലെ മിനിറ്റുകളും കഴിഞ്ഞിരിക്കും. വാമനാവതാരത്തെ 'ഒപ്പരം' കൂട്ടിയാൽ ജയന്തിയമ്മയുടെ പാരമ്പര്യനോട്ടത്തിന് മുന്നിൽ അച്ഛനെപ്പോലെ അയാൾക്കും നിൽക്കേണ്ടിവരും.ഭാര്യവീട്ടിലെ നോട്ടങ്ങളിൽ പതറിപ്പോയ അച്ഛനെ, ഉറക്കത്തിൽ വന്ന മരണം രഹസ്യമായി വിളിച്ചുണർത്തിക്കൊണ്ടുപോയി.എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ മകനോട് ആ ക്ലർക്കിന്റെ കസേരയിലിരിക്കാൻ ജയന്തിയമ്മ വാശിപിടിച്ചു. കയ്പുള്ള കഷായം അയാൾ കുടിച്ചു.ഇഷ്ടമില്ലാത്തതെന്തും വലിച്ചെറിയുന്ന ഇളയവന്റെ നിഷേധങ്ങളോട് അയാൾക്കെന്നും രഹസ്യാരാധനയായിരുന്നു.പക്ഷേ അമ്മയ്ക്കവൻ മുടിയനായ പുത്രനായി.
         നിരത്തിലെ പൈപ്പിന്റെ മുന്നിൽ നിന്ന് ചന്ദ്രിയും രാജിയും അയാളോട് എന്നും ചിരിച്ചു.അതേ ഓഫീസിൽ താത്കാലിക ജോലിയുള്ള രാജി എങ്ങനെയാണ് കൃത്യമായി എത്തുന്നത്.?ഒരുമാസത്തിനുള്ളിൽ കുടിയിറക്കപ്പെടുന്ന ഇവർക്ക്,വീടുകളിൽ നോട്ടീസ് പതിച്ചയാളോട് എങ്ങനെ ചിരിക്കാൻ കഴിയുന്നു.?ബൈക്കിന്റെ വേഗതയിൽ അയാളുടെ ഉള്ളിൽ ചോദ്യങ്ങളും പിന്നിട്ടു.സ്വന്തം വീട്ടിൽ കുടിയിറക്കൽ നോട്ടീസ് പതിച്ച രാജി നിലവിളിച്ചുപോയി.വാമനന് ക്രിസ്തുഭാവം.ആഴമുള്ള കണ്ണുകൾ,തോളിലേക്ക് പടർന്നിറങ്ങിയ മുടി,വിഷാദം പതിയിരിക്കുന്ന താടി.ശാന്തമായ ശബ്ദത്തിൽ ക്രൂശിക്കരണത്തിന് മുന്നിലെ ചോദ്യം..
                "കഴിയുമെങ്കിൽ ഈ ഒഴിപ്പിക്കലിൽ നിന്നു ഞങ്ങളെ.?" 
                "സർക്കാർ വക തീരുമാനമാണ്".
വാർത്തയറിഞ്ഞ ജയന്തിയമ്മയുടെ വന്യമായ ചിരിയിൽ അയാൾക്ക് ഭയം തോന്നി.ചന്ദ്രിയോട് സഹതപിക്കാൻ പോയിവന്നപ്പോൾ കൈയിൽ മൂന്നുകെട്ട് ചീരയുണ്ടായിരുന്നു.യാചകവേഷമുള്ള ആ ചായ്പ്പും പുറമ്പോക്കിലെ ചീരയും പയർവള്ളികളും ചേർന്ന ഫ്രയീം അയാളെത്രവേഗത്തിൽ പോകാൻ ശ്രമിച്ചാലും കണ്ണിൽ നിറഞ്ഞുനിൽക്കും.രാജിയുടെ ചിരി പ്രണയാവേശത്തോടെ പാഞ്ഞുവന്ന് വണ്ടിയുടെ പിന്നിൽ ചേർന്നിരിക്കും.വാമനന്റെ ബന്ധുവല്ലാതിരുന്നെങ്കിൽ അയാൾക്ക് രാജിയോടുള്ള പ്രണയം ജയന്തിയമ്മയുടെ മുന്നിൽ സൂചിപ്പിക്കാനുള്ള ധൈര്യമുണ്ടാകുമായിരുന്നു..
        ഊണിന്റെ പിന്നാലെയുള്ള ഉറക്കം പുകച്ചകറ്റുന്ന സിഗരറ്റുമായി മൂത്രപ്പുരയുടെ വശത്ത് നിന്ന അയാൾ മുളവടിയിൽ ക്രൂശിതനായ വാമനരൂപം പടവുകളിൽ ഉയർത്തുവരുന്നത് കണ്ടു. ഒന്നുരണ്ട് മണിക്കൂറുകൾ കഴിഞ്ഞാൽ അത് പരിഗണിക്കുകപോലും വേണ്ട.എങ്കിലും അയാൾ ഏറെ നേരം നിരത്തിലേക്ക് നോക്കി നിന്നു.വാമനന്റെ കൈയിൽ രണ്ടുപേർ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ്.അത് പരിശോധിച്ച് ശുപാർശ നല്കേണ്ടത് അയാളാണ്.നിരത്തിലൂടെ ഒരു കറുത്ത വണ്ടി ചീറിപ്പാഞ്ഞുപോയി.അതിന്റെ ലൈറ്റുകൾക്ക് അമ്മയുടെ അതേ നോട്ടം.
        അയാൾ അടുത്ത സിഗരറ്റിന്റെ പാതിയാത്മവിലേക്കടുത്തപ്പോൾ വാമനനെ ബസ്റ്റോപ്പിൽ കണ്ടു.സ്വർഗത്തിലേക്കെന്നപോലെ മൂന്നാമത്തെ നിലയിലേക്ക് വാമനന്റെ കണ്ണുകൾ.ഓഫീസ് മരങ്ങളുടെ ചില്ലകളിൽ നിന്ന് 'ജീവനക്കിളികൾ' കൊഴിഞ്ഞുപോകാൻ തുടങ്ങി.പഞ്ചായത്തു മുഖത്തിന്റെ താക്കോലുമായി പോകാറുള്ളത് അയാളാണ്.രാജിയും അയാളും മാത്രമാകാൻ മറ്റു ജീവനക്കാരും ശ്രദ്ധിക്കാറുണ്ട്.വിവാഹപ്രായം കഴിയുന്ന രണ്ടുപേർക്ക് അങ്ങനെയൊരു സന്തോഷമുണ്ടാകട്ടെയെന്ന് ചിലർ പരസ്യമായും പറയാറുണ്ട്.പ്രവർത്തിസമയത്തിന്റെ  ഒടുവിലെ നിമിഷങ്ങളിൽ അവർ സങ്കൽപ്പദമ്പതികളാകും.പഞ്ചായത്തൊരു വീടാകും.
       വാതിലിന്റെ മുന്നിൽ നിന്ന രാജി കുഴൽരൂപത്തിലാക്കിയ വാമനന്റെ അപേക്ഷയിലൂടെ അയാൾ നടന്നു വരുന്നത് നോക്കി.ആ കുസൃതിമഴപെയ്ത് അയാൾക്ക് ചിരി മുളച്ചു.ഇരുവാതില്പടിയിലും കൈചേർത്ത് രാജി അയാളെ തടയാൻ തുടങ്ങി.അവരുടെ ചിരിയും നോട്ടവും കൊരുത്തു.അയാൾ അവളുടെ കവിളിൽ കൈചേർത്ത് സീറ്റിലേക്ക് ചേർന്നുനടന്നു.
       "മാമനെ ഒഴിവാക്കാൻ മാറിനിന്നതാണോ ?"ഉത്തരമില്ലെന്ന് അയാൾ രാജിയെ നോക്കി. മേശയിലിരുന്ന ചായയ്ക്ക് തണുപ്പൻ ഭാവം.അതുമെടുത്ത് രാജി മറ്റൊരു മുറിയിലേക്ക് പോയി.കുഴലായി മാറിയ വാമനതെളിവ് അയാൾ എതിരേ ചുരുട്ടാൻ തുടങ്ങി.ആരെയെങ്കിലും നേരെയാക്കാൻ അയാൾക്കെതിരേ പോകുന്നതാണ് നല്ല വഴിയെന്ന് ഇളയവൻ അയാളെ പഠിപ്പിച്ചു. പെൻഷന് അർഹതപ്പെട്ടവരുടെ അവസാനപട്ടിക സമർപ്പിക്കണം.വാമനനും ചന്ദ്രിയും അർഹരാണ്. പിഴവില്ലെങ്കിൽ അവരെയും ചേർക്കണം. ഇനിയെങ്കിലും 'അമ്മവഴികൾ' മാറിനടക്കാൻ തുടങ്ങണം. തനിക്കതു കഴിയുമോ?.സകലചിന്തകളും ചേർത്ത് പരിശോധനതുടങ്ങി.മുന്നിലെത്തിയ പായസവും കവിളിലുറഞ്ഞ ചുംബനവും അപ്രതീക്ഷിതമായിരുന്നു.രാജിയുടെ ചിരിയിൽ നിലാവ്.
        "നമ്മൾക്കിടയിൽ കൃത്യം ആറ് വിഷുവും പതിമൂന്ന് ദിവസവുമകലം,മുപ്പതിലേക്ക് ഞാൻ പൊട്ടിവീണു പ്രിയനേ." പിറന്നാളാഘോഷമൊന്നും അയാൾ അറിഞ്ഞിരുന്നില്ല.ഒരിറക്ക് പായസം കഴിഞ്ഞ് അയാൾ ചിരിച്ചു. മീശയിൽ പറ്റിയ പായസത്തുള്ളി രാജി തുടച്ചു.നെറ്റിയിൽ വീണുകിടന്ന ഒരു നരച്ച രോമം പിഴുതു കളയാൻ ചേർന്നു നിന്നു.അയാൾക്ക് കണ്ണ് നിറഞ്ഞു.സാരിയുടെ കസവ് കവിളിൽ തൊട്ടു.നെറ്റിയിൽ ചുംബനവും പതിപ്പിച്ച്  ഗ്ലാസുമായി പോകുന്നതിനിടയിൽ  അടുത്ത ചോദ്യം..
       "ജയന്തിയമ്മായിക്ക് പെൻഷനും തടയണോന്നുണ്ടോ.?" അയാൾക്ക് തല കുനിഞ്ഞു.മുഖത്ത് വിരിഞ്ഞുനിന്ന ചിരിയും കൊഴിഞ്ഞു."അപേക്ഷയുമായി വീട്ടിലേക്ക് വരരുതെന്ന് മാമനോട് പറഞ്ഞതാണ്.നിങ്ങളുടെ അമ്മയിതെന്തുകരുതിയാണ്..?"രാജിയുടെ സംഭാഷണം അമ്മ കേട്ടിരുന്നാലുള്ള അവസ്ഥയോർത്ത് അയാൾ ഭയപ്പെട്ടു.പരിസരം മറന്ന് അമ്മയെ തിരഞ്ഞു. ചുവരിലെ ഒറ്റക്കണ്ണൻ ചാരന് അമ്മയുടെ അതേ നോട്ടം.രാജിയുടെ ചുംബനങ്ങൾ..? അതൊക്കെ ഈ ആഫീസിലെ ആർക്കാണ് അറിയാത്തത്.? ഒറ്റകണ്ണൻ അമ്മയുടെ വാക്കുകളാവർത്തിക്കുന്നു. അയാൾ മേശയിൽ തലകുനിച്ചു..
       "അടുത്ത പതിനാലിന് ഒഴിപ്പിക്കലുണ്ടാകുമെന്നാണ് സെക്രട്ടറി പറഞ്ഞത്.ഞങ്ങള് വീട്ടിലേക്ക്  വരാനുള്ള പ്ലാനുണ്ട്.."രാജി ബാഗുമായി പുറത്തിറങ്ങാൻ തുടങ്ങി.അയാൾ ആ രംഗങ്ങൾ വെറുതെ ഓർത്തുനോക്കി.വാമനൻ, ചന്ദ്രി, കുടിയിറക്കപ്പെട്ടവർ ഒരു ജാഥപോലെ വീട്ടിലേക്ക് വരുന്നു. വിവാഹവേഷത്തിൽ രാജി.തന്നോട് കയർക്കുന്ന അമ്മ.
      "ജയന്തിയമ്മായിക്ക് ജീവനുള്ളപ്പോൾ നടക്കില്ലെന്നറിയാം.ചന്ദ്രിമാമിയെ വീട്ടിലേക്ക് ക്ഷണിച്ചതുകേട്ട് ഞാനും ചിരിച്ചു." അയാളുടെ ഉള്ളിലെ നാടകീയരംഗങ്ങൾ  മായിച്ചുകളഞ്ഞ് രാജി മുഖം പിടിച്ചുയർത്തി.കുടുക്കഴിഞ്ഞ നെഞ്ചിലൂടെ വിരലോടിച്ചു."ഞാനീ കാട്ടിൽ തപസിരുന്നോളാം പ്രിയനേ " അയാളുടെ ചിന്തയിലൊരു കാട്ടുതീ പടർന്നു.
       ജീവിച്ചിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തീയതി സർക്കാർ നിർദ്ദേശിച്ചനാളുകൾക്ക് ശേഷമുള്ളതാണെന്ന് അടിവരയിട്ട് അയാളുടെ പേന നിന്നു.പിന്തള്ളപ്പെട്ടവരുടെ ചുവപ്പ് വൃത്തത്തിനുള്ളിൽ വാമനനും ചന്ദ്രിയും.ജീവിച്ചിരിക്കുന്നതിന് മതിയായ തെളിവില്ല.അപേക്ഷകൾ നിരസിക്കാനേ കഴിയു.അമ്മയുടെ വഴിക്ക് എല്ലാവരും നടക്കുന്നു.പട്ടിക പൂർത്തിയാക്കിയയച്ചു . ചുവരിലെ ചാരനെ നോക്കി,വന്യമായചിരി.വാതിലുകൾ പൂട്ടിയിറങ്ങുമ്പോൾ അകത്ത് ചില നിലവിളികൾ കേട്ടതായി തോന്നി.
         ബസു കാത്തുനിൽക്കുന്ന രാജിയും വാമനനും സംസാരിക്കുന്നു.അയാൾ ബൈക്കുനിർത്തി. രാജിയുടെ മുഖത്ത് ചിരിയില്ല.പെൻഷൻ തടയാനുള്ള കാരണം കണ്ടെത്തിയിട്ടുണ്ടാകുമെന്ന് അവൾ ഊഹിച്ചു.കുറ്റബോധവും ആശ്വസിപ്പിക്കാനുള്ള ചിന്തകളും അയാളുടെ തലയിൽ ചുറ്റിത്തിരിയുന്നതും അവളറിഞ്ഞു. റോഡുമുറിച്ചു വന്ന വാമനനെ ബൈക്കിന്റെ പിന്നിലിരുത്തി. ഒന്നുരണ്ട് തവണ അയാൾ രാജിയെ തിരിഞ്ഞു നോക്കി.യൂദാസിന്റെ പിന്നിൽ ക്രിസ്തുവിരിക്കുന്ന ചിത്രം മനസിൽ വരച്ചിട്ടു. വാമനന് ബലിയാകാൻ പോകുന്ന കുഞ്ഞാടിന്റെ ചിരി. 
       ചായ്പ്പിനോട് ചേർത്ത് വാമനന് ഇറങ്ങാൻ സൗകര്യത്തിന് അയാൾ ബൈക്കുനിർത്തി.മുളവടി അയാളെ തൊട്ടു.നനവുപടർന്ന ചീരച്ചുവപ്പിനോട് പതിവില്ലാതെ കൗതുകം.രണ്ട് കെട്ടുവാങ്ങി അഞ്ഞൂറ് കൊടുത്ത് ചന്ദ്രിയെ കടക്കാരിയാക്കി.വാമനന് ഒറ്റുകാരനെ തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ അലിവുള്ള ചിരി.ബൈക്കിന്റെ മുരൾച്ചയിലും അമ്മയോട് പറയാനുള്ള വാക്കുകൾ അയാൾ ഉള്ളിൽ കൂർപ്പിച്ചു.'ജീവിച്ചിരിക്കുന്നതിന് മതിയായ തെളിവില്ലാത്തതിനാൽ വാമനന്റെ പെൻഷൻ തടഞ്ഞിരിക്കുന്നു'.അമ്മ ചിരിക്കും,കണ്ണുകൾ തന്റെ മുന്നിൽ സാന്ദ്രമാകും..
         മുത്തച്ഛന്റെ ചാരുകസേരയിൽ മൂക്കിന്റെയറ്റത്തേക്കിറക്കിവച്ച വട്ടക്കണ്ണടയും ഭാഗവതവുമായി അമ്മയില്ല.കണ്ണിനും കണ്ണാടിക്കുമിടയിലെ നോട്ടമില്ല.മുൻവാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നു. സ്നേഹമുള്ള വിളികളോ ചിരിയോ തമ്മിൽ ശീലമില്ല.മൗനവും ഇരുട്ടും പുതച്ച വീട്.അയാൾ ഒരു തവണ 'അമ്മയെന്ന്' വിളിക്കാൻശ്രമിച്ചു. ശബ്ദം വറ്റിയ കിണർ.അടുക്കള വശത്തേക്ക് നടന്നു.പിൻ വാതിലും പൂട്ടിയിരിക്കുന്നു.അമ്മയുടെ മുറിയിലെ ജനാലവഴി ഒരു കറുത്ത പൂച്ച പുറത്തേക്ക് വന്ന് അയാളെ നോക്കി.മലത്തിന്റെ രൂക്ഷഗന്ധം. തുറിച്ച നോട്ടം. മഞ്ഞപ്പൂക്കളുള്ള സാരിവള്ളിയിൽ അമ്മ കായ്ച്ചു കിടക്കുന്നു.നിലത്ത് ഭാഗവതത്തിന്റെ അരികിൽ പൊട്ടിയകണ്ണട.
         രംഗബോധമില്ലാത്തൊരു ചിരി അയാളുടെ ചുണ്ടുവിട്ടിറങ്ങി നൃത്തംചെയ്‌തു.പെട്ടെന്നതിനെ ചവച്ചുതുപ്പിയിട്ട് നാലുപാടും നോക്കി.മതിലിലിരുന്ന കറുത്ത പൂച്ച ഞാനാരോടും പറയില്ലെന്ന് മുൻകാലുകൾ നക്കി.സംശയത്തോടെ അയാൾ അതിന്റെനേർക്ക് കൈയോങ്ങി. അമ്മയിലേക്കെത്താൻ അടഞ്ഞുപോയ ചില വാതിലുകൾ പൊളിക്കണം.ഒപ്പമാരെങ്കിലും വേണം. പക്ഷേ മതിലിനപ്പുറത്തേക്ക് നാളിതുവരെ അലസമായൊരു കണ്ണേറുപോലുമുണ്ടായിട്ടില്ല. 
        മുഖത്തെവിടെയൊ കോമാളിയായ ആ ചിരി പതുങ്ങിനിൽക്കുന്നുണ്ട്.കണ്ണുകൾ നനവ് പിൻവലിച്ചു.ചുണ്ടിന് വിതുമ്പലോ,ശബ്ദത്തിന് പതർച്ചയോയില്ല.അമ്മയോട് ഇവർക്കൊന്നും?. അയാൾക്ക് അത്ഭുതമായി.കറുത്ത പൂച്ച അയാളെ ചേർത്തുപ്പിടിച്ചു. ചെവിയിലെന്തോ പറഞ്ഞിട്ട് ചാരുകസേരയിൽ ഭാഗവതവുമായിരുന്നു.വിഷാദത്തിന്റെ പൂച്ചമുഖവുമായി അയാൾ നിരത്തിലേക്ക് നടന്നു.
        കുടിയിറക്കപ്പെടുന്ന സകലരെയും നയിച്ച് വാമനനും ചന്ദ്രിയും ഒരു ജാഥയായി വീട് ലക്ഷ്യമാക്കി വരുന്നുണ്ട്.അയാൾ കൂകിവിളിച്ചു.പൂച്ചക്കരച്ചിലിൽ ശബ്ദം വറ്റിയ കിണറുകൾ നിറഞ്ഞൊഴുകി. മതിലുകളിൽ അയൽവാസിമൂങ്ങകൾ വന്നിരുന്നു.വിവാഹവേഷത്തിലെ രാജിയെക്കാണുമ്പോൾ ഇവർക്കുമുന്നിൽ തന്റെ ചിരി പൊട്ടിയൊലിക്കുമോയെന്ന് അയാൾ ഭയപ്പെട്ടു..!!


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636