Thursday 22 April 2021

ന്യൂനകോണുകൾ..!!

ന്യൂനകോണുകൾ..!!

       ഡോക്ടർ ആർഷ എന്നെ കെട്ടിപ്പിടിക്കുന്നതും അവളുടെ ക്യാബിനിലേക്ക് നിർബന്ധിച്ചു കയറ്റുന്നതും ആശുപത്രി വരാന്തയിലെ സകലരും കണ്ടിരുന്നു.അതുമാത്രമല്ല, ഇപ്പൊ വരാമെന്നു പറഞ്ഞ് ശുചിമുറിയിൽ കയറിയിട്ട് കുറച്ച് നേരമായി.അകത്ത് ബക്കറ്റിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ടെങ്കിലും അവളുടെ വിതുമ്പലുകൾ ഇടയ്ക്കിടെ എനിക്ക് കേൾക്കാം..

     എന്റെ അമ്മ, വൈകുന്നേരത്തെ ചായയും കാത്ത് വാർഡിൽ കിടക്കുന്നുണ്ട്.എന്റെ ഈ പാതിചത്ത അവസ്ഥയ്ക്ക് ഇവളും ഒരു കാരണമാണ്.എനിക്കാകെയുള്ളത് അമ്മയും, അമ്മയ്ക്ക് ഞാനും.ഇവരൊക്കെ വലിയ ആളുകൾ,ഞങ്ങള് ഭയന്നു തന്നെ ജീവിക്കണം.നോക്കൂ, ഈ വലതു കൈയിലെ രണ്ട് വിരലുകൾ,ഞാനുണ്ടാക്കിയ സർട്ടിഫിക്കറ്റുകൾ,എന്റെ കവിതകൾ,എല്ലാമെനിക്ക് നഷ്ടമായ ആ നശിച്ച രാത്രിയിലെ സംഭവങ്ങൾ സംവിധാനം ചെയ്തത്,അകത്തിരുന്ന് കരയുന്ന ഡോക്ടറുപെണ്ണിന്റെ വീട്ടുകാരാണ്.ഒരിക്കൽ അവരെയെല്ലാം കൊന്ന്,എന്റെ പ്രതികാരം തീർക്കുന്ന സ്വപ്നങ്ങളാണ് ഞാനീ ജീവിതത്തിൽ ആവർത്തിച്ചു കണ്ടിട്ടുള്ളത്.

        ചെമ്മീൻ കയറ്റിവിടുന്ന കമ്പനിയിലെ ഒരു പണിക്കാരിയായിരുന്നു എന്റെ അമ്മ.എനിക്ക് ബി. എഡ് കിട്ടിയപ്പോൾ അമ്മയ്ക്ക് അവിടുത്തെ ഫ്രീസറിന്റെ തണുപ്പത്ത് നിന്നുനിന്ന് വാതവും കിട്ടി.  കമ്പനിയുടെ മുതലാളിക്ക് നഗരത്തിൽ ഒരു ഗംഭീര സ്‌കൂളുണ്ട്.അമ്മയ്ക്ക് ഇനി വയ്യെന്നും എനിക്കെന്തങ്കിലും പണി കിട്ടുമോ എന്നും ചിന്തിച്ചതിന്റെ വഴിയാണ്,ആർഷയുടെ സ്‌കൂളിൽ ഞാൻ മലയാളം സാറാകുന്നത്. 

       സ്കൂളെന്നൊക്കെ ചുമ്മാതെ പറയുന്നതാണ്,കാശൊള്ള വീട്ടിലെ പിള്ളേർക്ക് സുഖിക്കാൻ പറ്റിയൊരു റിസോർട്ട്.ശീതീകരിച്ച മുറികൾ,സ്വിമ്മിംഗ് പൂള്, തീയേറ്ററ്,താമസിക്കാൻ സ്ഥലം. ക്ലാസിൽ പത്തല്ലെങ്കിൽ പതിനഞ്ചു പിള്ളേർ.മാഷുമാരുടെ നാലുമാസത്തെ ശമ്പളം ചേർന്നാൽ ഒരു കുട്ടിയുടെ അരമാസത്തെ ഫീസാവും.മറ്റുമാഷുമാർക്ക് പോലും വലിയ വിലയില്ല, പിന്നെയല്ലേ  ഇംഗ്ലീഷ് മീഡിയത്തിലെ മലയാളം സാറിന്.നാലാം ക്ലാസു മുതൽ പന്ത്രണ്ടു വരെ പഠിപ്പിക്കണം, കോട്ടിടണം.ഞാനാണെങ്കിൽ ആ മതിൽക്കെട്ടിനകത്ത് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും തയാറായിരുന്നു.. 

      "മാഷിതെന്താ കോഫി കുടിക്കാത്തത്..?" സത്യത്തിൽ കോഫി വന്നതോ ഡോക്‌ടറുപെണ്ണ് കരഞ്ഞു തീർത്തിറങ്ങിയതോ ഞാനറിഞ്ഞിരുന്നില്ല.അവളുടെ മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട്. ഞാൻ കോഫിക്കപ്പിന്റെ പിടിയിൽ ആകെയുള്ള വിരലുകൾ കയറ്റി ചുണ്ടിലേക്കുയർത്തുമ്പോൾ അല്പമങ്ങ് തൂവിപ്പോയി, അതുകണ്ടിട്ട് അവളുടെ തല വീണ്ടും മേശയിലേക്ക് കുനിഞ്ഞു. സത്യമായിട്ടും ഞാനത് ബോധപൂർവം ചെയ്തതല്ല.ദേ, അവൾ വീണ്ടും ആ മുറിയിൽ ചെന്നിരുന്ന് ബക്കറ്റിൽ വെള്ളം നിറക്കുന്നു..

      "മാഷിന്റെ അമ്മയെ നോക്കാൻ ഞാനൊരു സ്റ്റാഫിനെ ഏല്പിച്ചിട്ടുണ്ട്.ബില്ലും സെറ്റിലാക്കി.നാളെ ഡിസ്ചാർജല്ലേ, ഇന്നത്തെ ഡിന്നർ എന്റെ വീട്ടിൽ.."മറുത്തൊന്നും പറയാൻ സമ്മതിക്കാതെ ആർഷ വേഗത്തിലെഴുന്നേറ്റ് അമ്മയെ കിടത്തിയിരുന്ന വാർഡിലേക്ക്‌ നടന്നു.ഞാനും പിന്നാലെ ചെന്നു. ഈ ഡോക്ടറുപെണ്ണിതെന്തിന്റെ പുറപ്പാടാണ്.?ഇവളുടെ ആരെങ്കിലുമിതു കണ്ടാൽ..? പെട്ടെന്നെന്റെ നടപ്പിന് മുടന്തിനോടൊപ്പം ഭയപ്പെട്ട താളവും വന്നു. 

      റോഡിലെ ഓടയിൽ വീണ അമ്മയ്ക്ക് കാലിനും മുഖത്തും നല്ല പരിക്കുണ്ടായിരുന്നു. ഫൈവ് സ്റ്റാറാണെന്നൊന്നും നോക്കിയില്ല,ആദ്യം കണ്ടത് ഈ ആശുപത്രി.പക്ഷേ ഇന്ന് ബില്ലു കണ്ടപ്പോൾ വേണ്ടായിരുന്നൂന്നും തോന്നി.ആർഷയുടെ വരവിൽ നേഴ്‌സുമാരുടെ വിനയം ഫിനോയിലായി വാർഡിലാകെ ഒഴുകിപ്പരക്കുന്നു.അമ്മയുടെ മുഖത്ത്, പണയം വച്ച് ബില്ലടയ്ക്കാൻ എന്നെയേല്പിച്ച ആ വളയെക്കുറിച്ചുള്ള ചോദ്യങ്ങൾ.ആർഷ ബെഡിലിരുന്ന് അമ്മയുടെ നാഡി പരിശോധിക്കുന്നു. ഇപ്പോൾ അവരുടെ കണ്ണിൽ 'ഇതാരാ മോനേന്ന'കൗതുകച്ചോദ്യവുമുണ്ട്.വാർഡിലെ  ഡ്യുട്ടിയിലുള്ളവർക്ക് കഴിഞ്ഞ പത്തു ദിവസവും ഞങ്ങളോടില്ലാതിരുന്ന ചിരികൾ നിർമ്മിക്കുന്ന തിരക്ക്..

     എനിക്ക് കാറോടിക്കാൻ അറിയില്ലെന്നു കേട്ടപ്പോൾ ആർഷയുടെ മുഖത്ത് ചിരി.തിരക്കിട്ട  നിരത്തിലേക്ക് ആഡംബര വാഹനം പതിയെ കയറി.നിരത്തിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. ട്രാഫിക്ക് ചുവപ്പ് കത്തി.റോഡിലെല്ലാം ആർഷയുടെ ബന്ധുക്കളെയാണ് ഞാൻ തിരഞ്ഞത്. വണ്ടിയിലേക്ക്  ഇരച്ചുകയറുന്ന അവർ,നിരത്തിലിട്ട് മർദ്ദിക്കുന്ന രംഗങ്ങൾ, ആൾക്കൂട്ടത്തിലേക്ക് മുറിവുകളോടെ ഓടിയൊളിക്കുന്ന ഞാൻ.ആ പരിഭ്രമത്തിന് പകരമായി മടിയിലിരുന്ന എന്റെ മുറിയൻ കൈയെടുത്ത് ആർഷ ചുംബിച്ചു.തണുപ്പിലും എനിക്ക് വിയർപ്പ് പൂത്തു.

    " വളരെ വൈകിയാണ് മാഷേ ഞാനതെല്ലാം അറിഞ്ഞത്" പിന്നീട് അവളൊന്നും മിണ്ടിയില്ല.പക്ഷേ വണ്ടിയോട് പരുക്കമായ പെരുമാറ്റം.ഞാൻ അതേ സംഘട്ടന രംഗങ്ങൾ ആവർത്തിച്ചു കണ്ടു. ഇത്തവണ, ആർഷയുടെ കഴുത്തിൽ കത്തിവച്ച് ബന്ധുക്കളെ ഭീതിയിൽ നിർത്തി രക്ഷപ്പെടുന്ന പുതിയ രംഗവും ചേർത്തു.എന്നിട്ടും മുന്നിലേക്ക് പോകുന്ന ഓരോ വണ്ടിയിലും എന്റെ കണ്ണുചെന്നു മുട്ടുന്നു.ഇതൊന്നും കൂസാക്കാതെ വണ്ടിക്കുള്ളിലെ തണുപ്പൻ താളത്തിൽ ഒരു പഴയ സിനിമാഗാനം ഇഴഞ്ഞുനടക്കുന്നു..

       അന്ന് രാത്രി തമിഴ് നാട്ടിലേക്ക് ഓടിപ്പോയില്ലായിരുന്നുവെങ്കിൽ,ഇന്നു ഞാൻ മലയാളികൾ അറിയുന്ന ഒരു കവിയാകുമായിരുന്നു,ഇല്ലെങ്കിൽ സ്കൂളിലോ കോളേജിലോ അദ്ധ്യാപകൻ.
പതിപ്പുകളിൽ സുന്ദരമായ കവിതകൾ സൃഷ്ടിക്കുന്ന യുവകവിയെ, കവിതകൾ ചൊല്ലുന്ന മാഷിനെ, ആർഷയുടെ വീട്ടുകാർ കൊന്നത് എന്റെ പ്രതീക്ഷകളെയാണ്.
    
       ആർഷ അന്ന് പന്ത്രണ്ടിലായിരുന്നു, മിടുക്കിയും.പ്രൊഫസർ ദമ്പതികളുടെ ഒറ്റ മകൾ,സ്‌കൂൾ മാനേജ്‌മെന്റിലൊക്കെ വലിയ പിടിയുള്ളവർ.അവളെന്നോട് കാണിക്കുന്ന ഇഷ്ടങ്ങൾ വെറും 'കുട്ടിത്തോന്നലെന്നേ' എനിക്കും അറിയൂ.പുതിയ ഒരു കവിത പതിപ്പിലേക്ക് അയക്കാനായി പകർത്തി എഴുതുന്ന ഇടവേള സമയത്താണ് അവൾ സ്റ്റാഫ് റൂമിൽ വന്നത്."ഞാനിത് മാഷിന് പകർത്തിത്തരട്ടെ".നല്ല കൈപ്പടയുള്ള മിടുക്കിക്കുട്ടിയോട് സമ്മതിക്കുന്നതിന് പ്രയാസമുണ്ടായില്ല. സ്റ്റാഫ്റൂമിൽ, അസൂയപ്പെട്ട നോട്ടങ്ങളും കണ്ടില്ല..

    അന്നു രാത്രിയിലെന്റെ വീട്ടിലേക്ക് കയറി വന്നവർക്ക്, മകളെ പ്രണയിക്കുന്ന മാഷിന്റെ കവിത വിരിയുന്ന ആ വിരലുകളും വേണമായിരുന്നു.പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും വാരിയിട്ട് കത്തിച്ചവർക്ക് ജീവനെങ്കിലും വിട്ടുകൊടുക്കാതെ,മുറിഞ്ഞ വിരലുകൾ തോർത്തിൽ പൊതിഞ്ഞ്, ഞാനിറങ്ങി ഓടുകയായിരുന്നു.വഴിയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിലൂടെ വലിഞ്ഞു കയറിയതും മറക്കാൻ കഴിഞ്ഞിട്ടില്ല.ബന്ധുവീട്ടിൽ കല്യാണവും കൂടിവന്ന അമ്മ, കത്തിക്കരിഞ്ഞ എന്റെ മുറിയും, മുറ്റത്താകെ തുള്ളിയിട്ട രക്തവും നോക്കി,ആ ദിവസങ്ങളിൽ എന്തൊക്കെ ചിന്തിച്ചിട്ടുണ്ടാകും...? 

        "മാഷിപ്പോൾ കവിത എഴുതാറില്ലേ..?" ആർഷയുടെ വാക്കുകൾക്ക് കോറസായി കടലിന്റെ ഇരമ്പൽ.ബീച്ചിനോട് ചേർന്ന് വണ്ടി നിൽക്കുന്നു.അവൾ ഇറങ്ങി നടന്നു.വണ്ടിയോട് ചേർന്ന് ഞാൻ പതുങ്ങിനിന്നു.ഒന്നുരണ്ട് ചുവട് മുന്നോട്ടുപോയിട്ട് മടങ്ങിവന്നവൾ എന്നെയും കോർത്ത് പിടിച്ചായി നടപ്പ്.അവളുടെ വേഗത്തിന് എന്റെ ഭയവും മുടന്തും തടസം പിടിച്ചു.കാറ്റിന് അവളുടെ മുടിമണം. ചങ്ങമ്പുഴയുടെ 'മനസ്വിനി' ചൊല്ലിക്കൊടുത്ത ക്ലാസിൽ ആർഷയുടെ മുടിയെ ഉദാഹരിച്ചിരുന്നത് ഞാനോർത്തു.

  "ഒറ്റപ്പത്തിയോടായിരമുടലുകൾ 
   ചുറ്റുപിണഞ്ഞൊരു മണിനാഗം" ഭയത്തിന്റെ സർപ്പങ്ങൾ എന്റെ ഉള്ളിൽ പുളഞ്ഞു.ഞാൻ ആർഷയുടെ പിടിവിടുവിച്ചു.അവളുടെ മുഖത്തെ ചിരി മാഞ്ഞു.

     കമഴ്ന്നു കിടക്കുന്ന ഒരു വള്ളത്തിൽ ചാരി ആർഷ ഇരുന്നു.കുറച്ചപ്പുറത്ത് ഒരു ചീട്ടുകളി സംഘം.  എനിക്കിരിക്കാൻ തോന്നിയില്ല.ചുറ്റും ആശങ്കയോടെ നോക്കുന്ന എന്നെ, അവൾ അടുത്തേക്ക് പിടിച്ചിരുത്തി.കടലൊന്നിളകിയോ.? കാറ്റ് എനിക്കെതിരേ പാഞ്ഞുവരുന്നുണ്ടോ..?
      "ഇനിയാരും തല്ലാനും കൊല്ലാനും വരില്ല മാഷേ,നമ്മളെ കണ്ടാൽ ഭാര്യയും ഭർത്താവുമെന്നല്ലേ ദേ അവർക്കും തോന്നൂ...?" ആർഷ ചീട്ടുകളി സംഘത്തെ നോക്കി കൈവീശി. അതിലൊരാൾ ചെവിയിൽ തിരുകിയ ബീഡിയെടുത്ത് ചുണ്ടിൽ വച്ചു.ആ ബീഡിയും ഞങ്ങളുടെ നേർക്ക് ചിരിച്ചു. കടൽ ശാന്തമായിക്കിടക്കുന്നു.കാറ്റിന് പതിഞ്ഞ താളവും തണുപ്പും.എന്റെ ഉള്ളും തണുത്തു.

      ആർഷ എന്റെ തോളിലേക്ക് ചാരി.കൈ എന്റെ നെഞ്ചിലേക്ക് വച്ചു."പതിനാല് വർഷമാണ്.." ഞാൻ ലോറിയുടെ മുകളിലിരുന്ന് കരഞ്ഞ രാത്രിതൊട്ടുള്ള വർഷങ്ങൾ എണ്ണിനോക്കി, കൃത്യമാണ്. നിരത്തിലെ വണ്ടികളുടെ കൂട്ടക്കരച്ചിലിൽ ലോറിയോടിക്കുന്നവർ പോലും എന്റെ കരച്ചിലന്ന് കേട്ടിട്ടുണ്ടാകില്ല..

"എവിടെ ആയിരുന്നു,ഇപ്പോഴെന്താണ്..?" ആർഷയുടെ ചൂണ്ടച്ചോദ്യം എന്റെ ആഴത്തിലേക്ക് വീണു.
     
      വർഷങ്ങൾ അലഞ്ഞുതിരിഞ്ഞു മടങ്ങിവന്നതും,ഇതേ നഗരത്തിലൊരു ഹോട്ടലിന്റെ അടുക്കളയിരുട്ടിൽ പകലുരാവറിയാതെ കാലം കഴിക്കുന്നതും,പറയാനെനിക്ക് തോന്നിയില്ല.പത്തു ദിവസത്തെ ആശുപത്രിവാസം എന്തായാലും നന്നായി, ഇല്ലെങ്കിൽ അരിഞ്ഞുകൂട്ടുന്ന ഉള്ളിമണങ്ങൾ അവൾക്കെന്റെ അടുപ്പുജീവിതം ഒറ്റിക്കൊടുക്കുമായിരുന്നു.ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു.ചിരിയാണ് ഏറ്റവും കരുത്തൻ ഒളിസങ്കേതമെന്ന് ഞാനിപ്പോൾ  തിരിച്ചറിഞ്ഞിരിക്കുന്നു..

      കടൽ ഉറക്കംത്തൂങ്ങാൻ തുടങ്ങി.കാറ്റിന്റെ കൂർക്കംവലി.ചീട്ടുകളിക്കാർ അരികിലൂടെ തർക്കിച്ചു നടന്നുപോയി.ബീഡിക്കാരന്റെ ചിരിമാത്രം അല്പസമയം അവിടെ നിന്നു..
            "ഇന്നിത്തിരി വൈകിയാ..?" 
            "ഉം" ആർഷ വള്ളത്തിനെ നാണപ്പെട്ട് തടവി,അയാളുടെ കണ്ണിൽ തിളക്കം.
            "ഇങ്ങനെ ഒന്നിച്ച് വന്നിരിക്കാൻ ഞാനെന്നേ പറയണ്.?" അയാൾ എന്റെ നേർക്കും ചിരിച്ചു. മറ്റുള്ളവർ അല്പദൂരം പിന്നിട്ടിരിക്കുന്നു.ഒപ്പമെത്താൻ അയാൾ വേഗത്തിൽ നടക്കുന്നു.ഞങ്ങളുടെ ദാമ്പത്യം അയാൾ അംഗീകരിച്ചിട്ടുണ്ടാകും.എനിക്കപ്പോൾ പേടി തോന്നുന്നുണ്ടായിരുന്നില്ല. ഞാനല്പം കൂടെ ചേർന്നിരുന്നു.അവളുടെ മുഖത്ത് കുസൃതിയൊളിപ്പിക്കുന്ന ചിരി.

        ആർഷയുടെ ജീവിതത്തിന്റെ വഴിക്കണക്ക് ചോദിക്കണമെന്നെനിക്ക് തോന്നി.കടല വിൽക്കുന്ന ഒരു പയ്യൻ അല്പം ദൂരെ നിന്ന് അതിനോട് അപകട മണി മുഴക്കി.കൂട്ടിക്കിഴിക്കലിന്റെ ബിരുദങ്ങൾ പേരിന്റെ പിന്നിലും മുന്നിലും കൂട്ടിയിട്ട ദമ്പതികളുടെ കണക്കുകൾ തെറ്റാൻ വഴിയില്ല.എന്റെ സർട്ടിഫിക്കറ്റുകൾ കത്തിക്കണമെന്നും കവിത എഴുതുന്ന വിരലെടുക്കണമെന്നും ഇടിയന്മാരോട് ആ രാത്രിക്ക് അവർ പ്രത്യേകം ചട്ടം കെട്ടിയിരുന്നല്ലോ.ഒരിക്കലും മകളിലേക്ക് മടങ്ങിവരാത്ത വിധം, അവളുടെ ഉള്ളിൽ വീണുപോയ പ്രണയത്തിന്റെ അവിഭാജ്യഘടകത്തെ ഹരിച്ചുകളഞ്ഞവർക്ക്  തെറ്റില്ലല്ലോ..

       പക്ഷേ എന്തോ ഓർത്ത് കണ്ണു നിറഞ്ഞ ആർഷ, തീർത്തും 'ഭിന്ന'സംഖ്യയുള്ള കണക്കാണ് പറഞ്ഞത്..
         "രണ്ടാൾക്കും ഗവേഷകരായ ശിഷ്യന്മാരെ കൂട്ടാനുള്ള വാശി മാത്രം.ആദ്യം രണ്ട് കട്ടിലായി. പിന്നീട് രണ്ട് മുറികളിലേക്ക്,അങ്ങനെ വീട്ടിനുള്ളിൽ ഒരു ത്രികോണമുണ്ടായി.ഞാനൊരു
ന്യൂനകോണായി.മാഷിന് തരാൻ ഒരു കവിത ഞാനും എഴുതിയിരുന്നു.എന്റെ ആദ്യത്തെ കവിത. അവരെപ്പോഴാണ് അത് കണ്ടത്തിയതെന്നറിയില്ല.നാടുവിട്ടുപോയ മാഷിന്റെ കഥ സ്‌കൂളിലും ആരും പറഞ്ഞു കേട്ടില്ല.വേറിട്ട കോണുകളിൽ നിന്ന് അവർ എന്നെ പഠിപ്പിച്ചു, എന്നോട്‌ ഡോക്ടറാകാൻ പറഞ്ഞു, എന്നെ കല്യാണവും കഴിപ്പിച്ചു.അതോടെ ആ 'കണക്കപ്പിള്ളമാർ' രണ്ടു വീട്ടിലായി..." ആർഷ ഒട്ടും ശിഷ്ടമില്ലാതെ ജീവിതത്തിന്റെ ലസാഗു കണ്ടു.ചെവി മുറിഞ്ഞ ഒരു നായ ഓടിവന്ന് ആർഷയോട് ചേർന്ന് കിടന്നു, എന്നോടത് ചെറുതായി മുരണ്ടു.അവളതിനെ തലോടി..

       ക്ലാസ് കഴിഞ്ഞ്‌ പോകുന്ന ടീച്ചറിനെപ്പോലെ ആർഷ വേഗത്തിലൊരു കണക്കിട്ടു തന്നു.

     "ഗവേഷണത്തിന് വന്ന ഒരാളെ അമ്മയെനിക്ക്‌ വരനാക്കിയത് അച്ഛനെ തോല്പിക്കാനായിരിക്കാം, എന്നിട്ടും അതേ വരന്റെയൊപ്പം അമ്മ കിടക്ക പങ്കിട്ടത് ആരോട് തോൽക്കാൻ.?" ആർഷയൊന്നു വിതുമ്പി.നായ അവളെ തലയുയർത്തി നോക്കി, അതവളുടെ വിരലിൽ പലതവണ നക്കി, എന്നിട്ട് അല്പം കൂടെ ചേർന്നുകിടന്നു.ആ രംഗങ്ങളിലേക്ക് പോകും മുൻപ് ആർഷയെന്നെ ഉണർത്തി.
      
         "അന്നാണ് മാഷെനിക്ക് പകർത്തിയെഴുതാൻ തന്ന കവിത സൂക്ഷിച്ചിരുന്ന അമ്മയുടെ ഡയറി ഞാൻ പിടിച്ചുവാങ്ങിയത്,പക്ഷേ അമ്മ എതിർത്തില്ല.അച്ഛന്റെ വീട്ടിലേക്ക് ഞാൻ താമസവും മാറ്റി."  ആ നായ തലയും മുൻ കാലുകളും അവളുടെ മടിയിലേക്ക് കയറ്റിവച്ചു.മുറിഞ്ഞ ചെവിയിൽ അവൾ പതിയെ വിരലോടിക്കുന്നു. 
       
       "അച്ഛന്റെ മരണത്തിനൊന്നും അമ്മ വന്നില്ല.അല്ലെങ്കിലും അവരുടെ ബന്ധത്തിന്റെ ദ്വിമാന സമവാക്യം ഞാനെങ്ങനെ നിർവ്വചിക്കാനാണ്.രക്തത്തിൽ രുചികൂടി അച്ഛന്റെ വലതു കൈയാണ് ആദ്യം മുറിക്കേണ്ടി വന്നത്..." ആർഷ എന്റെ വിരലുകളിൽ മുറുക്കെപ്പിടിച്ചു. മുറിച്ചൊതുക്കിയ ആ വാക്കുകളിൽ എനിക്കത്ഭുതം തോന്നി..

       "സകല വാരികകളും വായിക്കുമായിരുന്നു, ഏതെങ്കിലുമൊരു വരിക്കു താഴെ മാഷിന്റെ  പേരുകാണാൻ.."വിരലറ്റ ഭാഗത്ത് ആർഷ നിറയെ ഉമ്മ വയ്ക്കുകയായിരുന്നു.ചുവരിലൊരു ആണി തറയ്ക്കാൻ വച്ചിരുന്ന പാറക്കഷ്ണമായിരുന്നു,വിരലിൽ ആ പണിചെയ്ത ഇടിയൻ ശില്പിയുടെ ആയുധം.എനിക്കവിടെയപ്പോൾ എന്തൊക്കെയോ മുളക്കുന്നതുപോലെ തോന്നി..

      "കവിത വരാറുണ്ട്, എഴുതാൻ ഭയമാണ്." ആർഷ എന്റെ കണ്ണിലേക്ക് നോക്കി.കവിളിൽ തൊട്ടു. നായ സ്വപ്നത്തിൽ ചിരിച്ചു.അതുകേട്ട് ഞങ്ങളും ചിരിച്ചു.കടൽക്കരയിലെ ചെവിയറ്റ ഒരു നായ കാണുന്ന സ്വപ്‌നങ്ങൾ എന്തായിരിക്കും.?.എനിക്കതിനെക്കുറിച്ച് കവിതയെഴുതാൻ തോന്നി. 

      ഒരു ചാറ്റൽ മഴ വന്ന് ഞങ്ങളെ നനച്ചു.ഞാൻ കൈനീട്ടി.ആർഷയ്ക്ക് പിന്നാലെ ആ നായയും വരുന്നു.കാറിന്റെ പോക്കും നോക്കി വാലാട്ടിനിൽക്കുന്ന നായയെ കണ്ണാടിയിൽ നിന്ന് മറയുവോളം ഞാനും നോക്കി.അല്പദൂരം കഴിഞ്ഞ് ആ നായ കാറിനെ പിന്തുടരുന്നതുപോലെയുള്ള മുരൾച്ച കേട്ടു. അതു പറയാൻ ആർഷയെ നോക്കുമ്പോൾ അർഥമറിയാത്ത ഒരു ചിരി അവളുടെ ചുണ്ടിലുള്ളതായി എനിക്ക് തോന്നി.  
 
       പുസ്തകശാല അടയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു ആ വൃദ്ധൻ.ആർഷയെക്കണ്ട് അയാളുടെ മോണകാട്ടിയ ചിരി.ഒരു ഭാഗത്തെ ലൈറ്റുകൾ മാത്രം പ്രകാശിപ്പിച്ചു.'കവിതകൾ' എന്നെഴുതിയ പച്ചബോർഡിന്റെ താഴെ നിന്ന ആർഷ എനിക്കു നേരേ കൈനീട്ടി.പുസ്തകങ്ങൾക്ക് ഒപ്പം ഒരു ഡയറിയും പല നിറത്തിലുള്ള പേനകളും അവൾ വാങ്ങി.എല്ലാം സമ്മാനപ്പൊതിയിട്ടു. കാറിലേക്ക് അവൾ തന്നെ എടുത്തു വച്ചു.വൃദ്ധൻ കട പൂട്ടുന്നത് വരെ ഞങ്ങൾ കാറിലിരുന്നു. 

         "ഒടുവിൽ ഈ രണ്ട് വരികളും ചേർത്തുവായിക്കാൻ എനിക്കു കഴിഞ്ഞല്ലോ..." വൃദ്ധനായ  കടക്കാരനും കവിയാണോ.? ആർഷ അയാളോട് വീണ്ടും ചിരിച്ചു.അയാൾ പതിയെ നടന്നു വന്ന് അവളുടെ ശിരസ്സിൽ തൊട്ടു.തെരുവിന്റെ ഇരുട്ട് മൂടിയ ഭാഗത്തേക്ക് അയാൾ നടക്കുന്നു.പിന്നെലെ നടക്കുന്ന മറ്റൊരു നായ.

      "ഇത് ഉറങ്ങാ നഗരത്തിന്റെ ഒറ്റമരകൂട്ടം."പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഷോപ്പിംഗ് മാളിനെ നോക്കി ഞാൻ ഒറ്റവരിയിൽ കവിത പറഞ്ഞു.ആർഷ എന്നെ അല്പനേരം അങ്ങനെ നോക്കിനിന്നു. എന്നിട്ട് വിരലുകൾ കൊരുത്ത് നടന്നു.വിരലിൽ വിട്ടുപോയ ഭാഗങ്ങൾ അവളപ്പോഴും ചുംബനങ്ങളിട്ട് പൂരിപ്പിക്കുന്നുണ്ടായിരുന്നു..

     തീയേറ്ററിന്റെ തണുപ്പും കിതപ്പും ആസ്വദിച്ച കാലം ഞാൻ മറന്നിരുന്നു.എത്ര വലിയ മാറ്റങ്ങൾ. കാലുകൾ കൊരുത്ത് തല ചരിച്ച് കിടന്നു കാണാനുള്ള സൗകര്യം.തണുപ്പ്, സീനിൽ കാണിക്കുന്നതിന്റെ മണങ്ങൾ.ആർഷയ്ക്ക് എന്നെക്കാൾ നീളമുണ്ട്‌,എന്നിട്ടും നെഞ്ചിലേക്ക് ചുരുണ്ട് കിടക്കുന്നു. 

      "ഈ സിനിമ മൂന്നാമത്തെ തവണയാണ്,ഉറക്കം കിട്ടാനാണിങ്ങനെ ആവർത്തിച്ചു..." ഈ രാത്രിയെ നഷ്ടമാക്കാൻ ആർഷ ആഗ്രഹിക്കുന്നില്ലെന്ന്,മുറിഞ്ഞ വാക്കുകളിൽ നിന്നെനിക്ക് തോന്നി.

     "ഇന്നുമിത് പാതിയിൽ നിർത്തിയോ, ഇപ്പോൾ രണ്ടാളുമുണ്ടല്ലോ..?" തീയേറ്ററിന്റെ ഗേറ്റിലെ വൃദ്ധന്റെ പോക്കറ്റിലേക്ക് ആർഷ എന്തോ തിരുകി.. 

      കാറ് ആർഷയുടെ വീട്ടിലേക്ക് കടന്നപ്പോൾ അപ്പുറത്തെ വീട്ടിലെ വെളിച്ചങ്ങളെല്ലാം കെട്ടു. കൂട്ടിലിട്ടിരുന്ന നായ ആവർത്തിച്ചു കുരയ്ക്കുന്നു. "അമ്മയാണ്..." അവിടേക്ക് നോക്കിയ എന്നോട് ഒറ്റവാക്കിൽ അയൽവീടിന്റെ കഥകഴിക്കാൻ ആർഷയുടെ തിടുക്കം. 

       ഇനി എനിക്കറിയേണ്ടത് ആ അമ്മ ഗവേഷണത്തിലൂടെ കണ്ടെത്തിയ 'വരന്റെ' കാര്യമാണ്. എങ്ങനെ ചോദിക്കുമെന്ന ചിന്തയിൽ ചുവരിലെ വിവാഹ ഫോട്ടോയിലേക്ക് ഞാൻ വെറുതെ നോക്കി നിന്നു...

       "ആ ഗവേഷകൻ ഞങ്ങൾ രണ്ടാളെയും വിട്ട് കടല് കടന്നു.ഗവേഷണം തുടരുന്നുണ്ടാകും."
എന്റെ ചിരിയിലേക്ക് ആർഷ ചേർന്നു നിന്നു.ഞാനെന്തിനാണ് ഇപ്പോൾ ചിരിച്ചത്..?.എന്റെയുള്ളിൽ ചെവിമുറിഞ്ഞ നായ നിന്ന് ഉഗ്രമായി കുരച്ചു..
         " അമ്മയോട്.." 
         "വെറുക്കുകയല്ലേ നമുക്ക് ചെയ്യാൻ കഴിയുന്ന പരമാവധി.." ആർഷ എന്റെ ചോദ്യം പൂർത്തിയാക്കാൻ സമ്മതിച്ചില്ല..

       അവളുടെ ഒപ്പം അടുക്കളയിലേക്ക് ഞാനും നടന്നു.എന്റെ പുതിയ രുചിയൻ താളത്തെ ആർഷ നോക്കിയിരുന്നു...
        "അടുപ്പിൽ വേകുന്നതും കവിതകളാണ്.." ആർഷ പിന്നിലൂടെ എന്നെ കെട്ടിപ്പിടിച്ചു.ഒരുതവി ദോശമാവ് കല്ലിൽ വീണ് 'ശീന്ന്' നാണിച്ചു.കടുകും കറിവേപ്പും എണ്ണയിട്ട് ചമ്മന്തിക്ക് രുചികൂട്ടാൻ ചെന്നു വീഴുമ്പോഴും ആർഷയുടെ ചുണ്ട് എന്റെ കഴുത്തിലെ വിയർപ്പിന്റെ ഉപ്പു നോക്കുകയാണ്..

     വലിയ അലമാരയുടെ മുന്നിലേക്ക് എന്നെ വലിച്ചു നിർത്തി.
         'കണക്കില്ലാതായ ഉടുപ്പുകൾ..?' അച്ഛന്റെ തുണികളാണോന്ന് ആർഷ മനസിലാക്കി
         'ഉം'  അവളുടെ ഉത്തരവും ചേർന്നൊരു കവിതയായോ..?
കുളിമുറിയുടെ വാതിൽ തുറന്നു കിടന്നു.ആർഷയുടെ 'മൂളി'പ്പാട്ടിട്ട കുളി, കട്ടിലിനോട് ചേർന്ന കണ്ണാടിയിലും എനിക്ക് കാണാം.ഞാനും വാതിലടച്ചില്ല.ചുണ്ടിന് നല്ല വിറയുണ്ടെങ്കിലും 'മനസ്വിനി' ചൊല്ലി. 

             "ചൊക ചൊക ചൊകയൊരു കവിത വിടർന്നു
              ചോര തുടിക്കും മമ ഹൃത്തിൽ" വാതിലിനോട് ചേർന്ന് ആർഷ ടൗവലുമായി നിൽക്കുന്നു. ഞാൻ നനവോടെ ഇറങ്ങി നിന്നു.ഇതുവരെ ആരെങ്കിലും എനിക്ക് തല തുവർത്തി തന്നിട്ടുണ്ടോ..?.

    അത്താഴത്തിന് മൂന്നുവിരൽ ചേർത്ത് ഞാൻ ദോശ മുറിച്ചില്ല.ആർഷയുടെ ദോശമുറിവുകൾ എന്റെ വായിലിരുന്ന് രുചിച്ചു.തൂവിപ്പോകുന്ന വിധം വെള്ളമെടുത്തില്ല,അവൾ നീട്ടിയ ആ കപ്പ് എന്റെ ചുണ്ടിലേക്ക് ചേർന്നു..

       "ഇനിയെന്താണ്...?" ഭാവിയെക്കുറിച്ച എന്റെ ചോദ്യം ആർഷ കേട്ടതായി നടിക്കുന്നില്ല.
 അപ്പുറത്തെ ജനാലയിൽ കാണുന്ന പാകത്തിന് കിടപ്പുമുറിയുടെ നടുക്കായി എന്നെ ചേർത്തു നിർത്താനായിരുന്നു അവളുടെ താല്പര്യം.മേശപ്പുറത്ത് പാതിയൊഴിഞ്ഞ മദ്യക്കുപ്പി.പൊട്ടിക്കാത്ത സിഗരറ്റ് പാക്കറ്റ്.ഞാൻ ആർഷയെ നോക്കി.അവളുടെ ശ്രദ്ധ അപ്പുറത്താണ്.മുറിയാകെ ചിതറിക്കിടക്കുന്ന വാരികകളും കവിതാപുസ്തകങ്ങളും.അപ്പുറത്ത് ഒരു മങ്ങിയ ലൈറ്റ് തെളിഞ്ഞു. ആർഷയുടെ ഭാവമാകെ മാറി.പുറത്ത് ഒരു നായുടെ ഓരിയിടൽ..
          
        "അത്, അമ്മയുടെ കിടപ്പു മുറിയാണ്,അവിടെ നിന്നൊരു നോട്ടമുണ്ട്.." പെട്ടെന്ന് എന്നെ അവിടേക്ക് അവൾ പിടിച്ചുവലിച്ചു.കാലിടറിപ്പോയ ഞാൻ വീഴാനാഞ്ഞു.കെട്ടിപ്പിടിച്ച് എന്റെ ചുണ്ടിലേക്ക് അവളുടെ ചൂണ്ടും ചേർന്നുവരുന്നതല്ലാതെ ചുംബനങ്ങളായില്ല.ചേർത്തുനിർത്തി ആവേശം അഭിനയിക്കുന്നു.അപ്പുറത്തെ നോട്ടത്തിലേക്കാണ് കെട്ടുകാഴ്ച്ചകളെന്നുറപ്പായി. ലൈറ്റണഞ്ഞു.ആർഷയുടെ ആഹ്ലാദച്ചിരി മുറിയാകെ മുഴങ്ങി.അതിന്റെ ആയാസത്തിൽ അവളൊന്നുരണ്ട് തവണ ചുമച്ചു.നായ്ക്കളുടെ കൂട്ട ഓരിയിടൽ.എനിക്ക് ഭയം തോന്നി.ഞാൻ കണ്ണടച്ചങ്ങനെ നിന്നു..

    എന്റെ മുഖത്ത് ഉമ്മകളുടെ മഴവില്ല് പൂക്കുന്നു.ചുണ്ടിലൊരു വൈദ്യുതി പ്രവാഹം.നെഞ്ചിലും ചുംബന മഴപെയ്തു.ആ കെട്ടിപ്പിടിത്തത്തിൽ ഞാനൊന്ന് വലിഞ്ഞുമുറുകി.പതിഞ്ഞ നാണിച്ച ചിരിയോടെ ആർഷ കട്ടിലിൽ ചെന്നിരുന്നു. ഞാൻ കണ്ണു തുറന്നു.അവളുടെ മുഖത്ത്, നീണ്ടകാല യുദ്ധത്തിൽ ശത്രുരാജ്യത്തെ കീഴടക്കിയ സന്തോഷം.എന്റെ നോട്ടത്തിൽ നിന്നും മദ്യക്കുപ്പികൾ മറച്ചുപിടിക്കാനായി അവൾ എഴുന്നേറ്റ് നിന്നു..

        "ആ വെളിച്ചത്തിൽ ഒന്നു നിർത്തണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ.." ആർഷ എന്നോട്‌ കണ്ണു ചിമ്മി.അവളുടെ മൂക്കിന്റെ അറ്റത്ത് വിയർപ്പ് തുള്ളികൾ, കവിളിലൊരാകാശം പൂത്തിറങ്ങി, ആ നക്ഷത്രങ്ങളിലൊന്നിനെ ഞാനപ്പോൾ തൊട്ടു.

     " എനിക്ക് മാഷിനോട് അന്നും പ്രണയമുണ്ടായിരുന്നു."ആർഷയുടെ ചൂടെനിക്കും പകരാൻ തുടങ്ങി. 
             "ഇനിയെഴുതുമോ..?" കിതപ്പിന്റെ താളത്തിനൊത്ത് ആർഷയുടെ ആ വലിയ ചോദ്യം എന്റെ കണ്ണിലും വീണു..
             "ഉം" എനിക്കപ്പോൾ നാണപ്പെട്ട ചെറിയ ഉത്തരമായിരുന്നു, അവളതിന് ഏറ്റവും ഭംഗിയായി ചിരിച്ചു. 
             "മനസ്വിനി ഉറക്കെ ചൊല്ലൂ, നമ്മുടെ ആ ക്ലാസ് മുറിയായി കരുതൂ.." വരികളൊന്നും ഓർമ്മ വരുന്നില്ല.എന്നിട്ടും അതേ താളത്തിൽ ഏതോ വരികൾ,ഞാൻ ചൊല്ലിക്കൊണ്ടിരുന്നു..
       ഇനിയൊരു രഹസ്യം വെളിപ്പെടുത്തട്ടെ,പണയപ്പെട്ടുപോകുമായിരുന്ന അമ്മയുടെ വള, ഞാൻ ആർഷയുടെ കൈയിൽ അണിയിച്ചു.അവളുടെ ആ ശാന്തമായ ഉറക്കവും നോക്കിയിരുന്നാണ് പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്യൂനകോണുകൾ' എന്ന കവിത ഞാനെഴുതിയത്..


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

പുതപ്പുകളുടെ ഉത്തമഗീതം..!!

പുതപ്പുകളുടെ ഉത്തമഗീതം..!!

      പുതപ്പുകൾക്കെല്ലാം 
      ഒരേ നിറവും ആകൃതിയുമാണോ..?
      ഇല്ല.!
      പക്ഷേ ഇന്നുമതിന് 
      പുതുമയില്ലാത്ത പുതപ്പിക്കൽ ശീലമാണല്ലോ ..?
      പുതച്ചവന്റെ നയത്തിനൊത്ത് 
      വിരിച്ചങ്ങനെ കിടക്കുക.
      വലിപ്പിൽ നിന്നു വലിച്ചെടുക്കുമ്പോൾ ആദ്യമാദ്യം ചുംബിക്കും
      തലയിലും നെഞ്ചിലും കൊണ്ടുകിടത്തും.
      പെട്ടെന്നൊരു കുടയൽ, ഒരു നിവർത്തൽ
      പുതപ്പങ്ങ്‌ ഉടഞ്ഞുപോകും.
      പുതച്ചവന് ചൂടേറ്റി തണുത്ത് കിടക്കും.
      ചൂടങ്ങനെ ചൂടാൻ പാകമല്ലാതെയാവുമ്പോൾ
      ചവിട്ടേറ്റ് മൂലയിലാകും.
      ആകാശം അമ്പിളി പുതച്ച് തണുപ്പിറക്കി വിടുമ്പോൾ
      ഇരുട്ടിലും കാലും കൈയും പുതപ്പുതപ്പും.
      പുതപ്പ് പതിയെ ആ തപ്പിനോട് മൂളിക്കേൾക്കും,
      എന്നിട്ടും വന്ന്  കെട്ടിപ്പിടിക്കും.
      നിനക്കിപ്പോൾ പുതപ്പിനോട് അയ്യേന്ന് തോന്നുന്നില്ലേ..?
      ഇതൊന്നുമല്ല.
      പിന്നെയും ചൂടേറിയാൽ 
      വായ്‌നാറ്റമേറ്റ് അവന്റെ തലച്ചുവട്ടിലോ
      വളിനാറി തുടയിടുക്കിലോ ഇരിക്കുന്ന പുതപ്പിനോട്
      നീയിനിയെത്ര അയ്യയ്യേന്ന് പറയും.?
      തന്നോളം വളരാത്തതിന് 
      പുതപ്പിനെ പുലരുവോളം പുലയാട്ടുന്നവരുണ്ട്
      തന്നെക്കാൾ വളർന്നതിനെ വളച്ചുചുറ്റി 
      നിലത്തിട്ടിഴയ്ക്കുന്നവരുമുണ്ട്.
      പുതപ്പിന് പൂക്കുന്ന സ്വപ്നങ്ങളെ
      മടക്കിയോ ചുരുട്ടിയോ പൂട്ടിവയ്ക്കലാണ് ഏറെയും.
      'ജാലകം നൂണു‌വരുന്ന കുളിരുകൾ
      തനിക്കില്ലേയെന്ന്' പുതപ്പെപ്പോഴെങ്കിലും കയർത്തിട്ടുണ്ടോ..?
      തലയിലും കാലിലും ചുറ്റിപ്പിടിക്കുമ്പോൾ
      പ്രാണഞരമ്പിന്റെ വലിഞ്ഞുമുറുകൽ നീ കേട്ടിട്ടുണ്ടോ..?
      കാരത്തിൽ മുങ്ങിനിവർന്ന്
      വിയർപ്പും രേധസും കഴുകിക്കരഞ്ഞുണക്കുന്നത് കണ്ടിട്ടുണ്ടോ..?
      ഇല്ലല്ലേ..?
      കാമാർത്തിയിൽക്കീറിയ നൂലിഴ 
      നീ തുന്നിക്കെട്ടിയിട്ടില്ല, പോട്ടെ.
      തണുപ്പും കിതപ്പുമൊഴിച്ച് നീ പോകുമ്പോൾ
      ഒരു തിരിഞ്ഞുനോട്ടമെങ്കിലും..?
      വഴിതെറ്റിയ കുളിരിൽ മറ്റൊരു പുതപ്പിട്ടത് നീ മൂടിവച്ചു.
      ആ ഗന്ധങ്ങളെല്ലാം നിന്റെ പുതപ്പിനുള്ളിലുണ്ട്.
      നിനക്കവിടെ ചെന്നെത്താനാകാത്തതാണ്.
      പിന്നെയും പിന്നെയും നിന്നെ വന്നത് മൂടുന്നത്
      എന്നോ  പ്രണയപ്പെട്ട് വിരിച്ചിട്ട ഓർമ്മകുടിച്ചാണ്.
      അതാ, അയക്കുരുക്കിൽ നെടുങ്ങനെ തൂങ്ങിയ പുതപ്പെന്താണ്
      നിന്നോട് പറയുന്നത്..?
      നിറം കെട്ട ഈ പുതപ്പിന്റെ
      നിറങ്ങളെന്തൊക്കെയായിരുന്നു..?
      ഇവയ്ക്കൊന്നിനും ഒരേ ആകൃതിയില്ലെങ്കിലും
     അവ പുതച്ചുനിൽക്കുന്ന 
     തണുപ്പെന്നാണ് നീ തിരിച്ചറിയുക..?
     കഴിയുമെന്ന് തോന്നുന്നില്ലെങ്കിൽ
     പുതപ്പിനൊരുത്തമഗീതമൊരുക്കുക 
     അത്രയുമെങ്കിലുമാകട്ടെ..!!


                                      കെ എസ് രതീഷ്
                                      Ratheesh.amets09@gmail.com
                                      9497456636
     
    

കുറുമൂരിലെ മിച്ചഭൂമികൾ..!!

കുറുമൂരിലെ മിച്ചഭൂമികൾ..!

      പരമാവധി പണമെല്ലാം കുത്തിനിറച്ച് എത്രയുംവേഗം വാനിലേക്ക് കയറ്റണം.ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.വീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഭാര്യയോടുപോലും സംഗതി വെളിപ്പെടുത്തരുത്. കടങ്ങളൊക്കെ തീർത്ത്,പുതിയ കച്ചവടത്തിലേക്ക് ആ തുക പതിയെപ്പതിയെ ഇറക്കണം. വിരലടയാളം,നോട്ടിന്റെ സീരിയൽ നമ്പറുകൾ,പോലീസ് നായ,ഒരു സുപ്രഭാതത്തിൽ ധനികനായ അയൽവാസിയെക്കുറിച്ച് നാട്ടുകാരുടെ സംശയങ്ങൾ.എവിടെയെങ്കിലും ഒന്നു പരാജയപ്പെട്ടാൽ വീട്ടിലെത്തുന്ന പോലീസ്.'കുറുമൂർ ബാങ്കുകവർച്ച മുഖ്യപ്രതി സലാം ഹുസ്സൈൻ അറസ്റ്റിൽ' പിറ്റേന്നത്തെ പത്രത്തിലെ തലക്കെട്ട്.കോടതി, ജയിൽ..സ്വപ്‌നപ്പെട്ടിരുന്ന സലാമിന്റെ നെറ്റിയിൽ ഭയമണമുള്ള വിയർപ്പൂവ് മൊട്ടിട്ടു.

     ബാങ്കിനുള്ളിലെ കാത്തിരിപ്പു ബെഞ്ചിൽ പെൻഷനെണ്ണുന്ന വൃദ്ധയിൽ നിന്നും സിനിമാസ്റ്റൈലിൽ ബാങ്കുകവർച്ചയിലേക്കുള്ള സലാമിന്റെ ദിവാസ്വപ്‌നങ്ങളെ പിടികൂടാൻ പട്ടരുടെ വയറുകുലുക്കൻ ചിരിമതിയായിരുന്നു.

     "അമേരിക്കൻ പട്ടാളക്കാർ നിന്നെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഇങ്ങ് കുറുമൂരിലും പാർട്ടിക്ക് ഹർത്താലായിരുന്നു." സ്വന്തം തമാശയിൽ താൻ തന്നെ ചിരിക്കുന്ന മാനേജരുടെ, പേരെഴുതിയ ബോർഡിലേക്ക് നോക്കാതെ സഹപാഠിയായിരുന്ന പട്ടരുടെ ശരിക്കുള്ള പേരോർത്തെടുക്കാൻ സലാം ശ്രമിച്ചു.അനന്തനാരായണൻ, അനന്തപത്മനാഭൻ,അനന്തകൃഷ്ണൻ അങ്ങനെ ഏതോ ആയിരുന്നു.നാലുവർഷം ഒരു വീട്ടിൽ, 'പട്ടരേന്ന'ഒറ്റവിളിയായിരുന്നു സകലതിനും.വെറും 'സലാം ഹുസൈനെ' ഗംഭീര 'സദ്ദാം ഹുസൈനാ'ക്കിയത് ഈ പട്ടരാണ്.

     "നല്ല പ്രോജക്ടാണ്,പക്ഷേ വായ്പ നടക്കില്ല.നീ മറ്റെന്തെങ്കിലും വഴി നോക്കിക്കോ?" ഇതുപറയാനാണോ മൂന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നത്.?.മേശയിൽ നിരാശയൂന്നി എഴുന്നേൽക്കാൻ തുടങ്ങിയ സലാമിന്റെ മുഖത്തേക്ക് പട്ടര് പഴകിയ കടപ്പാടുകൾ കുറിച്ചിട്ട നോട്ടമിട്ടു..

     "അതെന്താ സലാമേ, കുറേക്കാലം ഗൾഫിലൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ, പഴയത് പോലെ ഇന്നൊരു ദിവസം എന്റെയൊപ്പം കൂടീട്ട് പോടോ.."നീല നിറമുള്ള ഒരു ഫയൽ പട്ടര്  നിവർത്തിവച്ചു. വായ്‌പ്പാകാംഷകളെ പൂർണമായും തുറന്നു വിട്ട് സലാം ചാരിയിരുന്നു.കണ്ണാടി മുറിയിലെ തണുപ്പിലും പുറത്തെ തിരക്കിലും സലാമിന്റെ ചിന്തകളിറങ്ങി നടന്നു.കിനാവിലേക്ക് പറന്നു പോകാതിരിക്കാൻ കടലാസുകൾക്ക് ഭാരമായിവച്ചിരുന്ന സ്ഫടികഗോളവും സലാം കൈയിലെടുത്തു.

      ഫയൽത്തിരക്കിലും പട്ടര്, സലാമിന്റെ നേർക്ക് ചിരിക്കുന്നുണ്ട്.ലോക്കറിലേക്ക് പെട്ടിയുമായി ഒരുത്തി കയറുമ്പോൾ പാതിയിലുപേക്ഷിച്ച കവർച്ചക്കിനാവ് സലാമിന് പൊന്തിവന്നു.പുതിയ ശ്രമത്തിൽ പട്ടർക്കും ഒരു സീനുണ്ടാക്കി.ലോക്കറിനുള്ളിൽ ആകെ നിരാശനായിരിക്കുന്ന മാനേജർ. തണുത്ത സ്‌ഫടികഗോളത്തിന്റെ നിറങ്ങളിൽ സലാമിന് മകളുടെ മുഖം തെളിഞ്ഞു വന്നു. പെരുന്നാളിന് മുൻപ് അവളുടെ കമ്മലെങ്കിലും പണയമെടുക്കണം.അത്തരം പരിഭവങ്ങളെല്ലാം പരിഹരിക്കാനുള്ള തുകയെണ്ണിത്തുടങ്ങിയ കവർച്ചക്കിനാവ് യാഥാർത്ഥ്യം കൊണ്ട് മുറിഞ്ഞു..

      മേശയിൽ നിവർത്തിയിട്ട പത്രത്തിൽ മൺസൂൺ ബമ്പറിന്റെ ഫലം കറുത്തുകിടക്കുന്നത് കണ്ടു. പേഴ്‌സിന്റെ രഹസ്യയറയിൽ ഒരുറക്കത്തിന്റെ നേരത്തിൽ ആരെയും കോടീശ്വരനാക്കുന്ന നറുക്ക് സലാമും കരുതിയിട്ടുണ്ട്.'ഇന്നാണ്, ഇന്നാണ്....! ലോട്ടറി വില്പനക്കാരിയായ വൃദ്ധ സലാമിന്റെ ഉള്ളിൽ വന്നു നിന്നു ചിരിച്ചു.അവർക്ക് പെൻഷനെണ്ണിയ അതേ വൃദ്ധയുടെ മുഖം പതിച്ചുനൽകി.മറ്റൊരു സൂപ്പർ ബംബർ കിനാവിലേക്ക് സലാം ടിക്കെറ്റെടുത്തു.

      അടിച്ച പത്തുകോടിയിൽ സർക്കാരിന്റെ കമ്മീഷനും നികുതിയും കഴിച്ചാൽ ബാക്കിയെത്ര ? ഉള്ളിൽ ശതമാനം വീതിച്ച വഴിക്കണക്കുകൾ നിറഞ്ഞു.ആദ്യമാദ്യം എന്തൊക്കെ ചെയ്തു തീർക്കണം.? തന്റെ പുതിയ ബംഗ്ലാവിന്റെ  മുന്നിൽ സ്വർണപ്പെട്ടൊരുങ്ങി നിൽക്കുന്ന ഭാര്യയും മകളും.മുറ്റത്ത് ജോലിക്കാരുടെ ബഹളം.ഭക്ഷണ മേശയിലിരുന്നാൽ കാണാം, പുറത്ത് നിക്ഷേപവും കാത്തുനിൽക്കുന്ന പട്ടരും മറ്റുള്ള ബാങ്ക് പ്രതിനിധികളും.സലാമിന്റെ ഉള്ളിൽ കൂട്ടിവച്ചിരുന്നൊരു സമ്പന്നച്ചിരി കണ്ണാടിയിട്ട മേശപ്പുറത്ത് ചിതറി വീണു.

     "പ്രോജക്ട് ബാങ്ക് നിരസിച്ചെന്ന് വെറുതെ പറഞ്ഞതല്ല കേട്ടോ" സലാമിന്റെ ചിരിയിലേക്ക് പട്ടര് യാഥാർത്ഥ്യം കോരിയൊഴിച്ചു.ബാങ്കിനുള്ളിലെ വിളക്കുകൾ അണഞ്ഞിരിക്കുന്നു.തന്റെ വലിയ കറുത്ത ബാഗിലേക്ക് പട്ടര് ചില മുദ്രപ്പത്രങ്ങളും ഫയലുകളും എടുത്തിട്ട് പുറത്തേക്കിറങ്ങി.സലാം തന്റെ ബൈക്കിനോട് ചേർന്ന് കാത്തുനിന്നു..

     "നമുക്കെന്റെ വണ്ടിയിൽ പോകാം"പട്ടര് കാറിന്റെ താക്കോൽ നീട്ടി.നിത്യരോഗിയായ ബൈക്കിനെ ഒന്നൊതുക്കി വയ്ക്കാൻ പോലും സലാമിന് തോന്നിയില്ല.കാറിൽ താക്കോലിട്ടപ്പോൾ പട്ടരുടെ അപ്പൻ പണ്ട് തന്നെ ആട്ടിയ അതേ ശബ്ദത്തിൽ വണ്ടി നീങ്ങി.എൻ.എൻ.പിള്ളയുടെ രൂപമുള്ള ആ മനുഷ്യന്റെ കണ്ണുവെട്ടിച്ച് പട്ടരോടൊപ്പം എട്ടുകെട്ടിൽ കയറിയതും,രാത്രി കുളിക്കാനിറങ്ങിയപ്പോൾ കൈയോടെ പിടിച്ചതും, പട്ടരെച്ചേർത്ത് തന്നെയും ആട്ടിയിറക്കിയതും, നിരത്തിലെ ആദ്യവളവ് കഴിയുന്നതിന് മുൻപ് സലാമിന്റെ  ഉള്ളിനെ മറികടന്നുപോയി.ആട്ടിയിറക്കിയ ഭൂതകാലത്തിലേക്ക്  മനോവളയം തിരിക്കുന്ന സലാമിന്റെ കൈയിലെ വണ്ടി പതുങ്ങുന്നത് പട്ടര് ശ്രദ്ധിച്ചു.

     "കക്ഷി കട്ടിലിലാണ്.ആട്ടാൻ പോയിട്ട് വളിവിടാൻ പോലും പ്രാപ്തിയില്ല.ഞാനൊന്ന് മയങ്ങട്ടെ.? നിനക്ക് കുറുമൂരിലേക്ക് വഴിതെറ്റില്ലല്ലോ..?"പട്ടര് സലാമിന്റെ ചിന്തകളെ മായിച്ചു.വണ്ടിക്കു വേഗതാളം വന്നു.സലാമിന്റെ ഉള്ളിലെ എൻ.എൻ പിള്ള 'കേറിവാടാ മക്കളേന്ന്' ഗേറ്റും തുറന്നിട്ട് ചിരിയോടെ കാത്തുനിൽക്കുന്നു..

        ഏതോ ഒരു മന്ത്രിയുടെ പൈലറ്റ് വാഹനം മുട്ടിമുട്ടിയില്ലാന്ന് പാഞ്ഞുപോയി.പട്ടരുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.ഒരു തെറി ഹോണിനൊപ്പം പുറത്തേക്ക് തെറിച്ചു.ടയറുകളും അതേ താളത്തിൽ അമറി.
      "ആരെക്കൊല്ലാനുള്ള പോക്കാണ്.അവന്റമ്മേടെ ഒരു ജനാധിപത്യം..?" അതുകേട്ട സലാമിന്റെ ചിരിയിൽ പട്ടര് മറ്റൊരു രാഷ്ട്രീയം വായിച്ചു.
      "ഓ, ഭരിക്കുന്നത് നിന്റെയൊക്കെ പാർട്ടിയല്ലേ, ചിരിച്ചോ ചിരിച്ചോ.."പട്ടര് ഉറക്കത്തിലും എന്തൊക്കെയോ പിറുപിറുത്തു.
      
       സലാം അതവഗണിച്ച്  അപകടകരമായ ഒരു സ്വപ്‌നത്തിലേക്ക് ഗിയറുമാറ്റി.മന്ത്രിയുടെ വാഹനം മുട്ടി താൻ മരിക്കുന്നതും, ഭീമമായയൊരു തുക ഇൻഷ്വറൻസ് കിട്ടുന്നതും.കടങ്ങളൊക്ക തീരുന്നു, ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടുന്നു.ചരമക്കോളത്തിൽ നിന്നും പത്രത്തിന്റെ മുൻ പേജിലെത്തിയ അപകടം ചാനലുകളിൽ ആകെ ചർച്ചയാകുന്നു.രാഷ്ട്രീയ കോലാഹലങ്ങൾ, മന്ത്രിസഭയുടെ രാജി. സ്വപ്‌നഗിയറുകൾ  വളരെ വേഗത്തിൽ മാറിമാറി വീണു.. 

     പട്ടരുടെ പറമ്പിനോ വീട്ടിനോ വലിയ മാറ്റമില്ല.പഴയ  ഇരുട്ട് അതേ കരുത്തോടെ അവിടെയുണ്ട്. വീടെത്തിയിട്ടും ചാരിക്കിടന്ന് ഉറങ്ങുന്ന പട്ടര്.വയറിനെ ഒതുക്കി നിർത്തുന്ന ബട്ടൻസുകൾക്ക് ഇടയിലൂടെ ഉടുപ്പ് വായതുറന്ന് പൊക്കിളും നിറം മങ്ങിയ പൂണുലിന്റെ ഒരു നാരും കാണിക്കുന്നുണ്ട്. സലാം ഉണർത്താൻ വിരൽ നീട്ടുമ്പോൾ പഠനകാലത്തെ വാരാന്ത്യങ്ങളിൽ കുറുമൂരിലേക്ക് യാത്രതിരിക്കുന്ന പട്ടരുടെ തൊട്ടുകൂടായ്‌മയുള്ള ഓർമ്മകൾ തടഞ്ഞു നിർത്തി .

     ഒറ്റമുറിയിൽ ഒരേ കട്ടിലിൽ കിടന്നാലും ഒരേ പൊതിയിൽ തിന്നാലും പട്ടര് വെള്ളിയാഴ്ച്ച നാലുമണിയോടെ തനി കുറുമൂരാകും.ചുവരിലെ മർഡോണയുടെ ചിത്രത്തിന്റെ ആണിയിൽ തൂങ്ങുന്ന പൂണുല് ദേഹത്തുകയറുന്നതോടെ വിസ്തരിച്ച് നീരാട്ട്.ബാഗിനുള്ളിൽ അടയ്ക്കപ്പെട്ട വെറ്റിലച്ചെല്ലം മുന്നിലെത്തും.നാലും കൂട്ടി ആസ്വദിച്ച് മുറുക്കൽ.റമ്മിന്റെയും ഇറച്ചിയുടെയും അയിത്തമണങ്ങളെ ആവാഹിച്ച് പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.അത്രയുമായാൽ എമ്പ്രാൻ വഴക്കത്തിൽ ചില ഡയലോഗുകൾ.വാക്കുകൾക്ക് ജന്മിച്ചുവ..

      "ഒരു കാലത്ത് നീയൊക്കെയിങ്ങനെ അഹങ്കാരത്തോടെ എന്റെ മുന്നിലിരിക്കില്ല. ഈ നേരം കുറുമൂരിന്റെ മുറ്റത്ത് കുഴികുത്തി കഞ്ഞിക്കിരിക്കണം" വായിക്കാനിരിക്കുന്ന സലാം മുതുകുവളച്ച് മാറിനിൽക്കും.
      "അങ്ങ്‌ട് മാറിനിക്യ മാപ്ലെ.തന്റെ പുതിയ കൗപീനം നോം എടുത്തിരിക്ക്ണു.ഇനി തിങ്കൾ പകല് കാണാം.അപ്പൊ രാത്രിയാത്രയില്ല." 
     ബിരുദാനന്തരത്തിന്റെ ആദ്യവർഷം വരെ ചെരുപ്പും ഉടുപ്പും മാറ്റിയിട്ടതും ചേർത്ത് പട്ടര് യാത്ര ചോദിക്കുമ്പോൾ സലാം പതിവ് ചിരിയുമായി റാൻമൂളി നിൽക്കും.വീട്ടുവാടകയും ഫീസുമുൾപ്പെടെ അന്നൊക്കെ കുടിച്ചും കഴിച്ചും തീർത്തത് കുറുമൂരിലെ നാളികേരത്തിന്റെ വിലയാണ്.അതുകൊണ്ട് പട്ടരുടെ കൗതുകങ്ങളെ ആകുന്നവിധത്തിൽ ആസ്വദിക്കാൻ സലാം ശീലിച്ചു.എല്ലാ ചൊവ്വയും കാട മുട്ടയ്ക്കും റമ്മിനുമൊപ്പം പട്ടരുടെ ക്ഷമാപണ ചടങ്ങ് നടക്കും.കോളേജിൽ ആ കൂട്ടിന് 'പട്ടര്സലാം' എന്നൊക്കെയുള്ള ആക്കിയ വിളികളുണ്ടായി..

      അകത്തെ മുറിയിലെ തൈലമണം ഇറങ്ങി വന്ന് മൂക്കിൽ തൊട്ടു.തലയുയർത്തി എന്തോ ചോദിക്കാൻ തുടങ്ങുമ്പോൾ മോന്തായത്തോട് ചേർന്ന കൂർത്ത പലകയിൽ സലാമിന്റെ തലമുട്ടി. പട്ടരപ്പന് വേണ്ടി  വീട് തന്നെ എതിരിടുന്നതായി തോന്നി.അകത്തെ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവ്യക്തമായി കാണാം, കട്ടിലിൽ നേർത്തതെന്തോ പുതച്ചു കിടക്കുന്നുണ്ട്. പട്ടരപ്പനാകും..

      കുളക്കടവിലേക്ക് നിലാവ് ധരിച്ചിറങ്ങിവരുന്ന പട്ടർക്ക് പൂണുലിന്റെ മറവ് പോലുമില്ല.സലാം നാണപ്പെട്ട് ചിരിച്ചു.പട്ടര് ശീലങ്ങളൊന്നും മാറ്റിയിട്ടില്ല.ഒറ്റയ്ക്ക് വീട് വാടകയ്ക്ക് എടുത്തതിന്റെ കാരണം ഈ നഗ്നതയാണ്. ആ വീട്ടിലൊരു മുറി സലാം ചോദിച്ചുചെന്നപ്പോൾ, "ഞാനെപ്പോഴും പൂർണ സ്വതന്ത്രനായിരിക്കും"എന്നൊരു മറുപടി മാത്രം.മണിക്കൂറുകൾ പുസ്തകത്തിൽ തലപൂഴ്‌ത്തുന്നതും കഴിക്കാനിരിക്കുന്നതും നൂലാമാലകളെല്ലാം അഴിച്ചെറിഞ്ഞാണ്..

     നാണമുള്ള സലാമിന്റെ കണ്ണുചെന്ന് തൊടുമ്പോഴെല്ലാം ഭൂതകാലത്തിന്റെ തഴമ്പിൽ‌ തടവിയിട്ട് 'സാക്ഷാൽ ശ്രീ കുറുമൂർമൂപ്പ് നഗ്നനാണെന്ന്' ഇടക്കിടെപ്പറയും.പെട്ടെന്ന് ഭാവം മാറ്റി ഏതെങ്കിലും നഗ്നമായ മറ്റൊരു തത്വചിന്തയിലേക്കും കൊണ്ടുപോകും

     "ഉടുപ്പുകളാണ് സലാമേ മനുഷ്യരെത്തമ്മില് തിരിക്കുന്നത്,നീയിതെല്ലാം അഴിച്ചിട്ടൊന്ന് നോക്ക്" അപ്പോഴൊക്കെ പട്ടർക്ക് ഭ്രാന്താണെന്ന് തോന്നുയെങ്കിലും,പിന്നീട് റാങ്കോടെ പാസ്സായപ്പോൾ അയാൾ തനിക്ക് കൈയ്യെത്താൻ കഴിയാത്ത ഇടത്താണെന്നും ചിന്തിക്കും.

     കുളത്തിനെ ഇളക്കിമറിച്ച് പട്ടര് നീന്തുകയാണ് "വേളിയൊന്നും നടന്നില്ലേ പട്ടരേ..?"സലാമിന്റെ വാക്കോളം പട്ടരെ തൊട്ടു.അല്പം നേരം വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.മത്സ്യാവതാരമായി ഉയർന്ന് വന്നു.വായിലെ വെള്ളം നിലാവിലേക്ക് നീട്ടിത്തുപ്പി.
      "എന്റേത് ജലസംബന്ധമാണ് സലാമേ."കൈകൾ നീട്ടിവിരിച്ച് പട്ടര് കുളത്തിന്റെ നെഞ്ചിൽ പൊന്തിക്കിടന്നു.ഊണിനും  തുണിയുടുത്തില്ല. 

      അകത്ത് എന്തോ തട്ടി വീഴുന്ന ശബ്ദം.ഭക്ഷണം പാതിയിൽ നിർത്തി, മുണ്ടുടുത്ത് പട്ടരപ്പന്റെ മുറിക്കുള്ളിൽ പോയിവന്ന പട്ടര് പിന്നെയും കുളിക്കാൻപോയി.മലത്തിന്റെ ഗന്ധവും കൂട്ടുപോയി. കഴിച്ചെഴുന്നേറ്റ സലാം ഒരു തൂണിൽ ചാരി പട്ടരെയും കാത്ത് നിലത്തിരുന്നു..അന്ത്യശ്വാസം വലിക്കുന്ന ഒരു വൃദ്ധൻ,പിന്മുറക്കാരൊന്നുമില്ലാത്ത ഒരു കിറുക്കൻ പട്ടര്.ഒരു ക്രൈംകിനാവിന്റെ തിരക്കഥ സലാമിന് കിട്ടി.അതിനെ ഭംഗിയായി രഹസ്യക്യാമറയിൽ ചിത്രീകരിച്ച്  നിലത്ത് കിടന്നു.

      കുളത്തിൽ മരിച്ചു കിടക്കുന്ന പട്ടര്.അതിനെ തെളിവുകളില്ലാത്ത ആത്മഹത്യയാക്കണം. വൃദ്ധന്റെ മരണത്തിൽ ഒരാളും അസ്വഭാവികത കാണില്ല.പട്ടരുടെ മരണം ഉറപ്പിക്കുന്നതിനു മുൻപ് കത്തിമുനയിൽ നിർത്തി സ്വത്തെല്ലാം എഴുതി വാങ്ങിക്കണം.ബാങ്കിൽ നിന്ന് ഇറങ്ങുന്നതോ,ഈ വീട്ടിലേക്ക് വന്നതോ ആരുടെയും ശ്രദ്ധയിൽപെട്ടിട്ടില്ല.ബന്ധുക്കളായി അന്നും ഇന്നും പട്ടരും പട്ടരപ്പനും മാത്രം.പട്ടരുടെ സംസാരകോണിപ്പോലും  ബന്ധുക്കളാരും ഒളിച്ചിരുന്നിട്ടില്ല..
        
      തന്റെ പേരിലേക്ക് ഈ സ്വത്തെല്ലാം മാറുമ്പോൾ നാട്ടുകാർക്കും പോലീസിനും സംശയമുണ്ടാകാതിരിക്കാൻ വിലയാധാരമായിത്തന്നെ വാങ്ങണം.ഈ സമയത്ത് മുദ്രപ്പത്രത്തിന് എവിടെപ്പോകും.? എത്ര സമയത്തിൽ ആ രേഖകളുണ്ടാക്കി തനിക്ക് പുറത്തുകടക്കാൻ കഴിയും..? പിതാവിന്റെ ചികിത്സക്ക് സുഹൃത്തിന് പട്ടര് സ്വത്തുക്കൾ പണയം വച്ചതാണെന്ന് 
അവതരിപ്പിക്കുന്നതെങ്കിൽ ആർക്കും സംശയമുണ്ടാകില്ല.പിതാവിന്റെ മരണത്തോടെ തകർന്ന മകൻ ആത്മഹത്യ ചെയ്തു.ഏറ്റവും തൃപ്തികരമായ സ്വപ്‌നന്യായത്തിലെത്തിയ സലാമിന്റെ മുഖത്ത് ആത്മവിശ്വാസമുള്ള ഒരു ചിരി പതിയെ ഉണർന്നു..

     " നമുക്കിത്തിരി തീകായാം" മുദ്രപ്പത്രങ്ങളുമായി മുന്നിൽ നിൽക്കുന്ന പട്ടര്. കാണുന്നത് സ്വപ്‌നമല്ലെന്നുറപ്പിക്കാൻ സലാം തന്റെ മുഖം ഒന്നുരണ്ടു തവണ തുടച്ചു.വിശ്വാസം വരാതെ പട്ടരുടെ നേർക്ക് കൈയുയർത്തി.അയാൾ സലാമിനെ പിടിച്ചെഴുന്നേല്പിച്ചു..
      
      "അല്ലെങ്കിലും നിനക്കിപ്പോൾ ഒരു കൈസഹായം വേണം" താൻ പിന്നെയും സ്വപ്നം കാണുകയാണോ.? അതോ പട്ടര് സഹായിക്കാൻ തുടങ്ങുകയാണോ..?സലാമിന് പിന്നെയും സമയം വേണ്ടിവന്നു.

     പട്ടരപ്പൻ കിടക്കുന്ന മുറിയുടെ ജനാലകൾ തുറന്നിട്ടിരിക്കുന്നു.അഴികൾക്കപ്പുറത്ത് കസേരയിൽ ആ മഞ്ഞിച്ച ശരീരം.മുകളിലേക്ക് തുറന്നവായ.തോളിൽ വൃത്തിയുള്ളയ കസവ്.
പട്ടര് ചിതയൊരുക്കുന്ന ആവേശത്തോടെ തീകൂട്ടാൻ ശ്രമിക്കുന്നു.ചാണക വറളികൾ നിരത്തുന്നു.  മന്ത്രങ്ങൾ ഉരുവിട്ട് കുടത്തിൽ വെള്ളവുമായി ചിതയ്ക്ക് ചുറ്റും നടക്കുന്നു.ഏറ്റവും മുകളിലിരിക്കുന്ന മുദ്രപ്പത്രങ്ങൾ കണ്ട് സലാം നിലത്തിരുന്നുപോയി.കുടം നിലത്തു വീണുടയുന്ന ശബ്ദം. എരിയുന്ന ചിതയ്ക്ക് മുന്നിൽ കൈകൂപ്പിക്കിടക്കുന്ന പട്ടര്.

      ജനാലയിലൂടെ പുറത്തേക്ക് വാ തുറന്ന് നിൽക്കുന്ന പട്ടരപ്പൻ.ചിതയിലെ പുക ഉള്ളിലേക്ക് കയറി നിറയുന്നു.പകമൂത്ത ഒരു ചിരി.പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.മുറി നിറഞ്ഞ് ഒരു മഞ്ഞ വെളിച്ചം.
    'പ്ഫാ...!!'പട്ടരപ്പൻ സലാമിന്റെ നേർക്ക് കരുത്ത് കുറയാതെ ഒരാട്ടാട്ടിയിട്ട് കട്ടിലിൽച്ചെന്ന് പുതച്ചുകിടന്നു. നിലത്തേക്ക് കുനിഞ്ഞിരിക്കുന്ന പട്ടര്.സലാം തൊടാൻ ഭയന്നു.

    "പോരാട്ടമാണ് സലാമേ,കുറുമൂർ കായലിന്റെ കരയിലെ ഒരേക്കർ ഭൂമിയുടെ ആധാരമാണ്  ദഹിപ്പിച്ചത്.ഭൂമികത്തണ മണമാണ് അപ്പന്റെ ജീവൻ.അതിനുവേണ്ടി എല്ലാ വർഷവും ഞാനൊരുതുണ്ട് ഭൂമി വാങ്ങും.നിന്റെ സർക്കാര് കൊണ്ടുപോയതെല്ലാം ഞങ്ങള് തിരിച്ചുപിടിക്കും. കുറുമൂരിന്റെ നല്ല നാളുകൾ മടങ്ങിവരും.ഈ വീടുൾപ്പെടെ ആധാരമില്ലാത്ത എത്ര ഭൂമിയുണ്ടെന്ന് സലാമിനറിയോ.? അല്ലെങ്കിലും നിന്നെപ്പോലെയുള്ളവർ അറിയാതിരിക്കുന്നതാണ് നല്ലത്.നിനക്ക് കമ്പനി തുടങ്ങാൻ ആ സ്ഥലം മതിയാകും.നീയും ഇനിമുതൽ കുറുമൂരിന്റെ ആജീവനാന്ത പാട്ടക്കുടിയാൻ."മുഴക്കമുള്ള ഒരു ചിരിയോടെ പട്ടര് മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

      കുളത്തിൽ ഞരക്കോളങ്ങൾ കേൾക്കുന്നുണ്ട്.പട്ടരപ്പോഴും ജലരതിയിലാണ്.സലാം കുറുമൂരിലെ ചിതയിൽ വീണ ഭൂമികളെക്കുറിച്ച് ചിന്തിച്ചു.ആധാരമില്ലാതായ എത്ര ഭൂമിയുണ്ടാകും.? കുറുമൂര്  പകയുള്ള രഹസ്യജപ്‌തി നടത്തുകയാണ്.പട്ടരപ്പന്റെ മുറിയിൽ നിന്നും വെല്ലുവിളിപോലെ ഒരു ചിരിയിറങ്ങി വരുന്നുണ്ടോ.?.പാതിമയക്കത്തിൽ ഭൂവുടമയാകുന്ന സ്വപ്നം സലാം കണ്ടുതുടങ്ങി. പെട്ടെന്ന് അതിലേക്ക്  ഇരുട്ടുകൾ വന്നു നിറഞ്ഞു.ആ ഭൂസ്വപ്നം വിരണ്ടോടിപ്പോയി.സലാം കിളിവാതിലിലൂടെ നോക്കി.കുളത്തിൽ പൊങ്ങിക്കിടക്കുന്ന പട്ടര്.നിലാവുവീണ വെള്ളത്തിൽ പതിഞ്ഞ ചിരിയോളം. 

       പട്ടരുടെ തെളിഞ്ഞ ചിരിയിലേക്കാണ് സലാം ഉണർന്നത്.ആദ്യമായാണ് സ്വപ്നങ്ങളില്ലാതെ ഉറങ്ങിപ്പോകുന്നത്..
      " സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് സലാമേ, നീ ചെന്ന് കുളിച്ചു വാ" 
       കറുത്ത വലിയ ബാഗും ഫയലുകളുമായി പട്ടര് മാനേജരുടുപ്പിലിരിക്കുന്നു.ചിതയുടെ സമീപം നടക്കുമ്പോൾ അല്പനേരം നിന്നു.ഭൂമികത്തണ മണത്തിന്റെ മിച്ചമെന്തെങ്കിലും ഉണ്ടോന്നറിയാൻ മൂക്കുകൂർപ്പിച്ചു.സലാമിനെ പൊതിഞ്ഞുപിടിച്ച കുളത്തിന് ഒരു വഴുവഴുപ്പൻ നാണവും കുളിരും. അകത്തെ മുറിയിലെ കട്ടിലിൽ പുത്തൻ കസവ് പുതച്ച് ഒരു മഞ്ഞവെളിച്ചം. കാറിലേക്ക് കയറുമ്പോൾ പട്ടരപ്പന്റെ മുറിയിലേക്ക് സലാം നോക്കി.ജനാലയുടെ ഒരു പാളിയിൽ കാട്ടുവള്ളികൾ പടർന്നു കയറിയിട്ടുണ്ട്. മറ്റൊന്നിനെ ആണിതറച്ച് തെറ്റാകൃതിയിൽ അടച്ചിരിക്കുന്നു. 
      
      പട്ടരപ്പന്റെ പ്ഫായുടെ താളത്തിൽ വണ്ടി ഇരച്ചുത്തുടങ്ങി.നിരത്തിലേക്ക് കടക്കുന്നതിന് മുൻപ് കുറുമൂരിന്റെ വളപ്പിലേക്ക് സലാം ഒരു തവണകൂടെ തിരിഞ്ഞുനോക്കി.ഗേറ്റിൽ "അന്യർ....." എന്നെഴുതിയ പാതിമാഞ്ഞ ബോർഡ് തൂങ്ങുന്നു.നാടുമുഴുവൻ പടരുന്ന ഇരുട്ട് ഒഴുകിവരുന്നത് ഇവിടെ നിന്നാണെന്ന് തോന്നി.ആദ്യ വളവിന് മുൻപ് കുറുമൂരിൽ ബാക്കിയുള്ള ഭൂമികൾ വിഴുങ്ങാൻ പാകത്തിന് പിൻസീറ്റിൽ പട്ടരോ പട്ടരപ്പനാണോ വായതുറന്നുറങ്ങുന്നത്..?. 

      വഴിനീളെയുള്ള സകല പറമ്പുകളിലേക്കും സലാം സംശയത്തോടെ നോക്കി.ആ കറുത്ത വലിയ ബാഗിൽ ഒരു തുണ്ട് ഭൂമി ഉരുണ്ടു വീർത്തിരിക്കുന്നുണ്ടോ.?.കണ്ണടച്ചിരിക്കുന്ന അവരുടെ മുന്നിലിരുന്ന് മിച്ചഭൂമികൾ സ്വപ്‌നം കാണാൻ അയാൾക്ക് ഭയം തോന്നി..! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

കോമ്പല്ല്

കോമ്പല്ല്..!

       തിരക്കിട്ട ഒരു നിരത്തിന്റെ ഇരുകരകളിൽ മുഖാമുഖമിരിക്കുന്ന ആ ബാങ്കും 'സ്മൈൽ' ദന്തൽ ക്ലിനിക്കും.സൈനികനായിരുന്ന രവിയാണ്, ബാങ്കിന്റെ പുതിയ കാവലിരിപ്പുകാരൻ.നിരത്തിലെ സുരക്ഷാചുവപ്പിലേക്ക് സദാ നോട്ടമുള്ള രവിയുടെ ചിന്തകൾ,റോഡിൽ വരച്ചിട്ട പിയാനോയിലൂടെ കാൽനടക്കാരുടെ താളത്തിലും, ക്ലിനിക്കിന്റെ പരസ്യബോർഡിലെ കോമ്പല്ല് ചിരിയുള്ള പെൺകുട്ടിയിലും,അതിനുതാഴെയുള്ള പരസ്യവാചകത്തിലുമായിരിക്കും.ക്ഷമ പുകഞ്ഞുകത്തുന്ന വാഹനങ്ങളെല്ലാം നടപ്പിന്റെ സംഗീതമൊഴിയാൻ കാത്തുനിൽക്കും.സീബ്രാവരകളിലെ ഈ പിയാനോസങ്കല്പം ഒരിറ്റ് കവിതയുള്ള രവിയുടെ ചിന്തയിൽ പൂക്കുന്നതാണ്.അയാളുടെ ഉള്ളിലെ സൈനികൻ അതിനെ തിരസ്കരിക്കാറുണ്ട്.അച്ചടക്കമില്ലാത്ത യാത്രികരെ ശകാരിക്കാറുണ്ട്.

        'ചിരിക്കുന്നവരാണ് ജീവിച്ചിരിക്കുന്നത്'.പല്ലുനൊന്തവർക്ക് മുന്നിൽ സ്മൈൽ ക്ലിനിക്കിന്റെ ഈ പരസ്യം രവിയുടെ ഉള്ളിലെവിടെയോ ഉണ്ട്.വായിച്ചടിവരയിട്ട പുസ്‌തകത്തിൽ? മുൻമ്പെന്നോ കുറിച്ചിട്ട കവിതയിൽ..?.ഇതുവരെയും അതൊന്ന് ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. അതിലും കഠിനമായ ഭീകരാക്രമണം പൊഴിച്ചുവിടുന്നത് ആ വാചകങ്ങൾക്ക് മുകളിലെ കോമ്പല്ലിച്ചിരിയുള്ള പെൺകുട്ടിയാണ്‌.രവിക്കതും തടയാൻ കഴിയുന്നില്ല.ചിരിയൊരുഗ്രൻ പകർച്ചവ്യാധിയാണല്ലോ.മറ്റൊരു യുദ്ധത്തിൽ ആ സൈനികന്റെ ചിരിയാകെ മുറിഞ്ഞുപോയിട്ട് ഈ ഫെബ്രുവരി പന്ത്രണ്ടിന് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നതും അയാളുടെ ഓർമ്മയിൽ വരുന്നില്ല.

       ബാങ്കിനത് അലസമായ ദിവസമായിരുന്നു.ഇടപാടുകളുടെ കരുത്താകെ ക്ഷയിച്ച മാസാന്ത്യം. ഈ രാത്രിയിൽ ബാങ്കിന് കൂട്ടിരിക്കാനുള്ള പങ്കാളിയെ കാത്തിരിക്കുമ്പോഴാണ് റോഡ് മുറിച്ചുപോയി സ്മൈലിനരികിലെ പെട്ടിക്കടയിൽ നിന്നൊന്നു പുകഞ്ഞുവരണമെന്ന് രവിക്ക് തോന്നിയത്.പരസ്യ ബോർഡിലെ ചിരിയുടെ തത്വചിന്തയിലേക്ക് രവി നോക്കി.'നിന്റെ ചിരിക്കും പുകക്കറ വരുമെന്ന്'  അതോർമ്മിപ്പിക്കുന്നു.സിഗ്‌നൽ ചുവന്ന് കത്തുന്നു.പിയാനോയുടെ ആദ്യകട്ടയിലേക്ക് ഒരു ചുവട്. പതിഞ്ഞ താളം.അപശ്രുതിയിട്ട് തിരക്കുള്ളവർ രവിയെക്കടന്നുപോയി.കോമ്പല്ലിച്ചിരിയിയിലേക്ക് രവിയുടെ നോട്ടം പിന്നെയും വീണു.രണ്ടാമത് കട്ടയിലേക്ക്.താളം മുറുകുന്നു.രവി കണ്ണുകൾ പൂട്ടിയൊഴുകി..

       മുൻനിരയിലെ ഒരു മഞ്ഞിച്ച സ്‌കൂട്ടർ രവിയുടെ പതിഞ്ഞ നടപ്പിൽ അക്ഷമയായി. 'നടപ്പാട്ട്' ആസ്വദിച്ചു നിൽക്കുന്ന മറ്റു വണ്ടികൾ 'നിനക്കെന്തെടീന്ന്' അതിനോട് ഏറുകണ്ണിട്ടു.ആ ഇരുവീലിയുടെ പുറത്തിരുന്ന് വേഗഞരമ്പിൽ കൈ മൂപ്പിച്ചുമൂപ്പിച്ച് രവിയെ തുറിച്ചു നോക്കുന്ന സ്ത്രീയ്ക്കും കോമ്പല്ലുണ്ട്.രവിയപ്പോൾ അതിനോട് ചിരിച്ചോ.? പിയനോവിൽ പൗരുഷമായ ഋഷഭസ്വരത്തിലേക്ക് അയാൾ ചുവടുവയ്ക്കുകയായിരുന്നു.ആ 'ഭ്രാന്തിസ്‌കൂട്ടർ' രവിയുടെ നേർക്ക് കുതിച്ചുചാടി.മുട്ടിയെന്നു തോന്നിപ്പിച്ച് നിരത്തിനെയാകെ വിറപ്പിച്ച് മറ്റൊരുഗ്രൻ വണ്ടിയിലേക്ക് ഇടിച്ചുവീണു.നിരത്തിന്റെ താളംതെറ്റി.പിയാനോയിൽ രവിയുടെ സംഗീതം മുറിഞ്ഞു..

       മറ്റുള്ളവരേക്കാൾ വേഗത്തിൽ രവി ആ സ്ത്രീയെ കോരിയെടുത്തു.കൈയും മുഖവും ചോരനിറം.രവിയുടെ ഉടുപ്പിലും അതുപടർന്നു.താനൊരു രക്ഷാദൗത്യത്തിലെന്ന് രവിക്ക് തോന്നി. എന്നിട്ടും ആ സ്ത്രീ കുതറിമാറാൻ ശ്രമിക്കുന്നു.രവിക്കതിൽ അത്ഭുതം.അവളാകട്ടെ ,നോട്ടം ക്ലിനിക്കിലേക്ക് ഉറപ്പിച്ച് ഭയന്നുവിളിച്ചു കരയുന്നു.ചോരയുള്ള തുപ്പൽ രവിയുടെ ഉടുപ്പിലേക്ക് തെറിച്ചോ..? രവിയെന്ന് ചിതറിപ്പോയി.കൈയിൽ നിന്നൂർന്നുവീണ സ്ത്രീയെ ക്ലിനിക്കിൽ നിന്നിറങ്ങിവന്നവർ എടുത്തുകൊണ്ടുപോയി.സ്‌കൂട്ടറിനെ റോഡിന്റെ അരികിലേക്ക് ഉരുട്ടിവയ്ക്കാൻ തുടങ്ങിയ രവിയോട് സുന്ദരനായ ഒരു മനുഷ്യൻ ക്ഷമ പറഞ്ഞു.അയാൾ, ആ വണ്ടി ദന്തൽ ക്ലിനിക്കിന്റെ മുന്നിലേക്ക് തള്ളിക്കൊണ്ടുപോകുമ്പോൾ  പലതവണയായി രവിയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

         "അവൾക്ക് നിങ്ങളോട് പകയാണ്,കഴിയുമെങ്കിൽ ഒരു ദിവസം ക്ലിനിക്കിലേക്ക് വരൂ" വണ്ടി കൈമാറുമ്പോൾ അയാൾ പറഞ്ഞ വാക്കുകൾ രവിക്കൊട്ടും മനസിലായില്ല..ബാങ്കിലെ  സ്റ്റാഫ്  തങ്ങളുടെ കാവൽഭടന്റെ രക്ഷാപ്രവർത്തനത്തിൽ അഭിമാനംകൊണ്ട് നിൽക്കുന്നു.നിരത്ത് മുഴുവൻ ആ പട്ടാളനടപടിക്ക് കൈയടിക്കുന്നു.ആ സ്ത്രീ ഒഴികെ ആർക്കും രവിയെ അഭിനന്ദിക്കാനേ കഴിയു.എന്നിട്ടും അവരെന്തിന്..?. സിഗരറ്റിന്റെ ആത്മാവും പിയാനോയിലെ പാട്ടും മറന്ന രവി ബാങ്കിലേക്ക് തലകുനിച്ച് നടന്നു..

       സഹകാവൽ രവിയെ ആദരവോടെ നോക്കി.മറ്റുള്ളവരും ആ ഉടുപ്പിലെ രക്തക്കറ കണ്ടു. കാവലാളുകൾ ബാങ്കിന്റെ രാത്രികളെ പങ്കിട്ടിരുന്നു.പകലുകളെക്കാൾ നാടിനെവിഴുങ്ങുന്ന ബാങ്കിന്റെ വായപൂട്ടിയ രാത്രികളോടാണ് രവിക്ക് പ്രിയം.മുഷിപ്പൻ രാത്രികളെ തന്നോട് ചോദിച്ചുവാങ്ങുന്ന രവിയെ സഹകാവലിന് അതിലേറെ പ്രിയമുണ്ട്.ഉറങ്ങാനാകാത്ത തന്നെ  ഏറ്റവും സർഗാത്മകമായി കബളിപ്പിക്കുന്ന രസികനായ ഒരു കള്ളനുവേണ്ടി രവിയെന്നും കാത്തിരിക്കും.ആ കള്ളന്റെ വരവിനെക്കുറിച്ച് ചിലപ്പോൾ കവിതയെഴുതും പുലരും മുൻപ് പുകച്ചട്ടിയിലെറിഞ്ഞ് അതിനെ ദഹിപ്പിക്കും..

        വേഷംമാറ്റി വന്ന രവി, സഹകാവലിന്റെ മുന്നിലേക്ക് ചെന്നു.ഒരു ചിരി,ഒരു വരണ്ട അഭിവാദ്യം. നിരത്തിൽ പച്ച സിഗ്‌നൽ.രവി വെളുപ്പിലും കറുപ്പിലും മുഖം താഴ്ത്തി നടന്നു.സഹാകാവൽ ആ നടപ്പിന്റെ പന്തികേടുള്ള താളം ശ്രദ്ധിച്ചു.തുപ്പലിന്റെ ആവർത്തനമായി ചാറ്റൽ മഴ.രവി മുഖമുയർത്തി ഒരു തവണ സ്മൈലിനെ നോക്കി.കോമ്പല്ല് ചിരി കണ്ടു.നിനക്ക് പകയാവൻ ഞാനാര് ? നിന്റെ പക എന്തിന്..? എന്നൊക്കെ ചോദ്യങ്ങൾ തോന്നി.ബസിന്റെ ഹോൺ അയാളെ ആശ്വസിപ്പിച്ചു.. 

       ഒരു പട്ടാളനടപ്പിന് പതിനഞ്ച് മിനുട്ട് ചിലവാകുന്ന ദൂരമേയുള്ളൂ രവിയുടെ വാടക വീട്ടിലേക്ക്. നഗരത്തിൽ ഒളിച്ചിരിക്കുന്ന ഒരു വീട്ടിൽ മൂന്നുപേർ.കട്ടിലിനെയെപ്പോഴും കെട്ടിപ്പിടിച്ച് രവിയുടെ അമ്മ.ഒരറ്റം ജനാലയുടെ ഇരുമ്പഴിയിലും മറ്റേത് ഇടത് കാലിലും ചേർന്നുപോയ ചങ്ങലയുള്ള മാമൻ.രവിയുടെ വരവ് ദൂരെ നിന്നേ മാമന് കാണാം.ഒരു വലിയ ചിരി.വീടും അമ്മയും ഉണരും. അമ്മയുടെ കട്ടിലിൽ മരുന്നും മാമന്റെ മുറിയിലേക്ക് തീറ്റയും വച്ച് രവി മുറിയിലേക്ക് കയറിപ്പോകും. കട്ടിലിൽ നിന്നും മൂത്രപ്പുരയിലേക്കും കിടക്കയിലേക്കും ചങ്ങലയുടെ  ഇളക്കങ്ങൾ.മാമന്റെ മുറി മാത്രമാണ് വീടിനോട് ആകെയൊന്ന് മിണ്ടുന്നത്.വല്ലപ്പോഴുമെങ്കിലും പഴയഗാനം മൂളുമായിരുന്ന സൈനികറേഡിയോക്ക് അല്പകാലം മുൻപ് സെല്ലുകൾ ജീർണിച്ചു..

      മേശയിൽ അഴിച്ചു വച്ചിരുന്ന റേഡിയോയിൽ രവി പുതിയ സെല്ലുകളിട്ടു.'നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ..?' ചോദ്യരൂപത്തിൽ ഒരു പാട്ടിറങ്ങിവന്നു.രവി നിലാവ് കണ്ടു. പക്ഷെ ഇന്ന് ആകാശത്തിന്റെ സ്‌ക്രീനിൽ  നിരത്തിലെ അപകടം ആവർത്തിച്ചു കാണിക്കുന്നു.തുപ്പൽ പാഞ്ഞ് വരുന്നു... 
           "രവീ..."മാമന്റെ ഒറ്റയാൻ വിളി.റേഡിയോ വായപൊത്തി.അത് നിലത്ത് വീണു.സെല്ലുകൾ മേശക്ക് കീഴിലെ ഇരുണ്ടകോണിലേക്ക് ഉരുണ്ടൊളിച്ചു..
 
        ആ വിളിയിൽ പലപല ചോദ്യങ്ങളുണ്ട്.നീ അമ്മയുടെ പുതപ്പ് മാറ്റിയോ?.അവളെ മരുന്ന് കഴിപ്പിച്ചോ? മൂത്രത്തിന്റെ പാത്രം മാറ്റിയോ..?.രവി, അമ്മയുടെ മുറിയിൽ കയറുന്നതും ഇറങ്ങുന്നതും കട്ടിലിന്റെ നേർത്ത ഞരക്കവും ഗന്ധങ്ങളും അയാളറിയും.സഹോദരിയുടെ ശ്വാസത്തിന് കാവലിരിക്കുന്ന ഭൂതത്തിന്റെ കഥയാണ് മാമന്.

       ആത്മമിത്രമായവൻ സഹോദരിയുടെ വയറ്റിൽ പ്രണയം നിറച്ചതും,സ്വീകരിക്കാൻ മടിച്ച് ഓടിപ്പോയതും, സഹോദരിക്കുവേണ്ടി ജീവിതം തുലച്ചതും,തെറ്റിയ താളവുമായി കാവലിരിക്കുന്നതും,അമ്മയുടെ മൂത്രപ്പുതപ്പ് മാറ്റിവിരിക്കുന്നതിനിടയിൽ രവിയോർക്കും.പക്ഷേ ഇന്ന് അപകട ചിത്രങ്ങൾ മാത്രം ഉള്ളിലിഴയുന്നു.വീട്ടിലേറ്റവും കൗതുകമുള്ളത് മാമന്റെ മുറിയിൽ തൂക്കിയിരുന്ന ഒരു കുരുക്കാണ്. അത് അഴിക്കാൻ ശ്രമിച്ചാൽ മാമൻ അലറിവിളിക്കും, തല ചുവരിലിടിക്കും.മാമന്റെ കഴുത്തും കാത്തുകിടക്കുന്ന കുരുക്കിൽ ഒരു രസികൻ ചിലന്തി, വലനെയ്ത് ഇരപിടിക്കുന്നുണ്ട്. രവിയുടെ ചവറ്റുകുട്ടയിൽ ആ  ചിലന്തിയെക്കുറിച്ചും പല കവിതകളുണ്ട്.ആ ചിലന്തിയിപ്പോൾ താനാണെന്ന് സങ്കല്പിക്കുന്ന കവിതയാണ് ഏറ്റവും മുകളിലേക്ക് ചുരുട്ടിയെറിഞ്ഞിട്ടുള്ളത്.

      "നീയെനിക്കൊരു പാട്ട് വയ്ക്കെടാ..." നിലാവിലേക്ക് നോക്കി മാമന്റെ ചങ്ങല പറഞ്ഞു.ആ നിഴൽ രവിയുടെ വാതിലോളം വന്നു നിൽക്കുന്നു.രവി മുറിയിലെ കുരുക്കിലേക്ക് നോക്കി.അത് തിളങ്ങുന്നു.ഒത്തനടുക്ക് ആ രസികന്റെ തപസ്.ആ കുരുക്കിന് ഉത്തരമെന്താവും.? അയാളുടെ ഉള്ളിൽ മരണവൃത്തമുള്ള ഒരു കവിത വന്നു.വരികളെ മുഴുവൻ ഉള്ളിലിട്ട്  വെട്ടിക്കളഞ്ഞു. മേശയുടെ കീഴിലെ ഇരുട്ടിലേക്ക് രവിയുടെ കൈ റേഡിയോയുടെ ജീവനായി നീണ്ടു.സെല്ലിന്റെ തണുപ്പ് വിരലിൽ ഉമ്മവച്ചു.പിന്നെയൊരു ഗോസായിപ്പാട്ട് മുഴങ്ങി..

          "കഭീ കഭീ മേരെ ദിൽ മേ ഖയാല്....'  ജാലകങ്ങളിലൂടെ നൂണുവരുന്ന നിലാവ് രണ്ടാളെയും തൊടുന്നു,തണുക്കുന്നു.രവി കോമ്പല്ലിന്റെ മൂർച്ചയിൽ കുരുങ്ങിക്കിടക്കുന്നു.സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്..? രവി പുതിയൊരു കവിതക്ക് തലവാചകമെഴുതി.

     നാളെ ഞായറാണ്.മൗനിയായ ബാങ്കിനാണ് കാവൽ.സ്മൈൽ ക്ലിനിക്കിലേക്ക് ചെല്ലണം.  പകയാണെന്ന് പറഞ്ഞതിന്റെ കഥ അറിയണം.ആ കോമ്പല്ലി തന്റെ മുഖത്തേക്ക് തുപ്പാൻ പാകത്തിനെന്താണ്..?.രവിയുടെ ചിന്തൾക്ക് മീതെയും റേഡിയോ പലതും പാടിക്കൊണ്ടേയിരുന്നു. പതിവുപോലെ ആ വീട് അന്നും ഉറങ്ങിയില്ല.രവി ഏറ്റവും പുതിയ ഉടുപ്പ് തേച്ചുവച്ചു. പതിവില്ലാതെ കണ്ണാടിയിൽ തൊട്ടു.കാവൽത്തൊപ്പിക്കുള്ളിലെ നരകണ്ടു. 

       ക്ലിനിക്കിന് മുന്നിൽ മഞ്ഞവണ്ടിക്ക് മീതെ പൊട്ടിയ കണ്ണടയും ചോരക്കറയുള്ള ഹെൽമറ്റും. രവി ഒന്നു പതറി..
       "നീനയിപ്പോൾ വീട്ടിലാണ്,മുറിവിൽ തുന്നലുണ്ട്" ഡോക്ടർ വേഷമുള്ള ആ സുന്ദരൻ ഇറങ്ങിവന്നു.                     
       "ആകെ രണ്ടാളേയുള്ളൂ, ഒരരമണിക്കൂർ." അയാൾ ഒഴിവ് ചോദിച്ചു.രവി തരിച്ചിരുന്നുപോയി. നീനയെന്ന് പേരുള്ള തീവണ്ടി അയാളെ മലബാറിന്റെ ഹൃദയത്തിലെ ഗ്രാമത്തിന്നിടവഴിയിലൂടെ കൊളുത്തിവലിച്ചു.പരിചിതമായ ഓരോ സ്റ്റേഷനിലും രവിയുടെ ചുണ്ട് ആ പേരിൽ കിതച്ചു. പകയ്ക്ക് കഥയുണ്ട്, കാരണവും.

      അന്നൊരു വേനലവധിക്ക് വായനശാലയിലേക്ക് വന്ന പെണ്ണ് *'പ്രേമലേഖനം' ചോദിച്ചു.  അന്തേവാസികളായ രവിയും പിന്നൊരു നായും അതുകേട്ട് ഞെട്ടി.കപ്യാരുടെ മോള് നീന.വായന പതിയെ‌ വിപ്ലവമുണ്ടാക്കി.*'മധുരംഗായതി'യിൽ നീന പെൻസിലിന് അടിവരയിട്ട വാക്കുകളിലൂടെ രവി ആദ്യ പ്രണയലേഖനം പൂർത്തിയാക്കി.പൊടിപിടിച്ച പുസ്തകങ്ങളിൽ അടിവരയിട്ട വാക്കുകളിലെ പ്രണയം വായിച്ചും മായിച്ചും വേനല് കനത്തു.വാക്കിന്റെ മാമ്പൂവും വിരിഞ്ഞു.

       മഴപെയ്ത ജൂണിൽ ബി.എക്ക് ചേരാനുള്ള നീനയുടെ അപേക്ഷയുമായി അവരൊന്നിച്ച യാത്ര. കെട്ടിപ്പിടിച്ചിരുന്ന് വിയർത്ത വിരലുകൾ.അന്നെടുത്ത ബ്ളാക് ആന്റ് വൈറ്റ് ഫോട്ടോ നീനയുടെ കൈയിൽ മാത്രമേയുണ്ടാകൂ.പക്ഷേ സ്റ്റുഡിയോയിലെ മേക്കപ്പ് മുറിയുടെ കണ്ണാടിയിൽ നീന കഴുത്തിൽ കണ്ട രവിയുടെ ചുംബനവും,രവിക്ക് ചുണ്ടിലൊട്ടിയ കുട്ടിക്കൂറ മണമുള്ളരുചിയും ?.

      "നീ തലശ്ശേരിക്ക് പോയാ..." ജനാലയോട് ചേർത്ത് രവിയെ കഴുത്തിന് പിടിച്ചുയർത്തി മാമന്റെ ഒറ്റച്ചോദ്യം.പുറത്തു നിന്ന് വാതിലും പൂട്ടി അകത്തേക്കൊരു കയറും എറിഞ്ഞുകൊടുത്തിട്ട് അടുത്ത  ഉത്തരവ്. 
       "പട്ടാളത്തില് പണി ശരിയാക്കിയിട്ടുണ്ട്"അടുത്തവാരം കൊടുമുടികളുടെ നാട്ടിലേക്ക് രവിയുള്ള തീവണ്ടി പാഞ്ഞു. *'മരണസർട്ടിഫിക്കറ്റി'ൽ  നീനക്കുവേണ്ടി അടിവരയിട്ട വാക്കുകൾ രവിയുടെ‌ മേശവലിപ്പിൽ കിടന്നു.
      
      ഒരു ജൂണിലെ മഴയിൽ വായനശാല വീണു.അമ്മയും മാമനും പലതവണ എഴുതിയിട്ടും രവി മടങ്ങിവന്നില്ല.വായനശാലയുടെ കല്ലറയിൽ ഉപ്പിന്റെ രുചിയുള്ള പൂക്കളും വിതറി നീന പോയി. മറ്റൊരു മഴയിൽ, അമ്മ വീണെന്നും മാമന്റെ താളം തെറ്റിയെന്നുമുള്ള കമ്പി കിട്ടിയിട്ടും, രവിയുടെ വരവ് പിന്നെയും നീണ്ടു.യുദ്ധത്തിനൊപ്പം രവിയുടെ മുന്നിൽ വീണ ഷെല്ലിന്റെ പൊട്ടിച്ചിതറലും  ചിത്തരോഗദിനങ്ങളും നാട്ടിലാരും അറിഞ്ഞില്ല.ഓർമ്മകളെല്ലാം മുറിഞ്ഞ രവി വന്നു. 

       ജനാലയിലൂടെ നീണ്ട വഴിയിലേക്ക് നോക്കി മാമന്റെ ഒരേനിൽപ്പ്.ഇടയ്ക്ക് ഇറങ്ങി ഓരോട്ടമുണ്ട്. കാലിന് ചങ്ങലയും, ഉത്തരത്തിൽ തന്റെ കഴുത്തിന് പാകമുള്ള ഒരു കുരുക്കും മാമൻ തന്നെയാണ് ആവശ്യപ്പെട്ടത്.പക്വതയുള്ള ഭ്രാന്ത്.അമ്മയുടെ അവസാനത്തെ ശ്വാസത്തിലാവും ആ കുരുക്കിന്റെ കടങ്കഥ അഴിക്കേണ്ടത്.സകലതും ഉപേക്ഷിച്ച് ഈ നാട്ടിലേക്ക് പോരുമ്പോൾ വലിയ മാറ്റമൊന്നും രവി പ്രതീക്ഷിച്ചിരുന്നില്ല.ഒളിച്ചിരിക്കാൻ ആൾക്കൂട്ടമാണ് സുരക്ഷിതമെന്ന് ഏതോ നോവലിൽ അയാൾ വായിച്ചിട്ടുണ്ടാകണം അത്രതന്നെ.

    "രവിയേട്ടൻ വരൂ, അകത്തിരിക്കാം" നീനയും അയാളെ അങ്ങനെയാണ് വിളിച്ചിരുന്നത്.മൗനം. രണ്ടാൾക്കും വാക്കുകൾ മുട്ടിയപ്പോൾ തന്റെ പുഴുതിന്ന പല്ലുകളെക്കുറിച്ച് രവി സൂചിപ്പിച്ചു.നിവർന്ന് കിടക്കാനുള്ള കസേരയിൽ രവി അയാളോട് പേര് ചോദിച്ചു.നല്ല പേര്, സുന്ദരൻ ചിരിയും. ചിരികൾ പല്ലിന്റെ സൗന്ദര്യം കൂടിയാണെന്ന് രവിക്കുള്ളിൽ വരികളുണ്ടായി ..  

       "രവിയേട്ടനെ ബാങ്കിന്റെ മുന്നിൽ കാണാൻ തുടങ്ങിയത് മുതൽ നീനയാകെ മാറി.എഴുത്തും വായനയുമില്ല.ഈ ജനാലയിലൂടെ അങ്ങോട്ട് നോക്കി ഒരേനില്പ്.ഞങ്ങളോട് പോലും.. " രവിയുടെ പല്ലിന്റെ പുഴുക്കേട് ഉരച്ചുകളയുന്ന ശബ്ദം.രവിയുടെ വായ്ക്കുള്ളിലേക്ക് അയാൾ വെള്ളം ചീറ്റി. തൊണ്ടയുടെ മുഴ ഉയർന്നുതാഴുന്നത് കണ്ട് അയാൾ  ചിരിച്ചു.മരുന്നടച്ച് രവിയോട് എഴുന്നേൽക്കാൻ കണ്ണ് കാണിച്ചു. 
 
       " ചിലതെല്ലാം വൈകാതെ എടുത്തു കളയണം അതാണ്‌  നല്ലത് ."രവിയുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞുതീർത്തു .

      "രവിയേട്ടൻ ഇങ്ങോട്ട് വരുന്നതാണെന്നുകരുതി വണ്ടിയുമെടുത്ത് പോകാൻ തുടങ്ങിയപ്പോഴാണ് സിഗ്‌നൽ വീണത്.അല്ലാതെ ഇടിച്ചിടാനൊന്നും നോക്കിയതല്ല..." രവിയും ചിരിച്ചു.

           "നിങ്ങൾക്കെത്രയാ കുട്ടികൾ.."രവി ചുവരിലെ ചിത്രത്തിൽ കുട്ടിയുടെ പല്ലെണ്ണിനോക്കി.
           "മുന്നിലെ ബോർഡിലുള്ളത് മോളാണ്,അവളോട് പോലും നീനയിപ്പോൾ...."അയാളുടെ വാക്കുകളിൽ പതർച്ച. 

      "നീനയുടെ നോവലാണ്, ഏതാണ്ട് തീർന്നെന്നാണ് അവൾ പറഞ്ഞത്.എനിക്ക് നിങ്ങളുടെ സാഹിത്യമൊന്നും പിടികിട്ടാറില്ല.രവിയേട്ടനൊന്ന് വായിച്ച്.." അയാൾ പാതിയിൽ നിർത്തി.ആ ഡയറി കൈമാറി.വാതിലുവരെ അയാൾ രവിയോടൊപ്പം വന്നു.ട്രാഫിക്കിൽ ചുവപ്പ് കത്തിക്കിടക്കുന്നു. വിരിച്ചിട്ട പിയാനോയിൽ തിരക്കില്ലാത്ത സ്വരങ്ങൾ.ആരെങ്കിലും തന്നെ തുറിച്ചു നോക്കുന്നുണ്ടോയെന്ന് രവി ശ്രദ്ധിച്ചു.എല്ലാവരുടെയും മുഖത്ത് ചിരി മാത്രം.താക്കോൽ കൈമാറിയ സഹകാവലിനും ചിരി.

      സ്മൈലിന്റെ വാതിലിൽ അയാൾ ഇപ്പോഴും പ്രതീക്ഷയോടെ നോക്കി നിൽക്കുന്നുണ്ട്. രവി,നീനയുടെ ഡയറി തുറന്നു.പരിചിതമായ ഗന്ധങ്ങൾ..

    'ചിരിമരണം ' നോവലിന്റെ തലക്കെട്ടിന് താഴെ പച്ചയായ നിറത്തിൽ 'നീനാ രവി'യെന്നാണ് പേര്

        "രവീ..നീ പിന്നെയും തലശ്ശേരിക്ക് പോയാ...." മാമന്റെ ഒറ്റയാൻ വിളി.രവിക്കുമുന്നിൽ  ഡയറിയുടെ താളുകൾ അതിവേഗം മറിഞ്ഞു.വായനയിൽ ഭൂതകാലം കിളിർത്തു.നാട്, നീന, വായനശാലയുടെ ചിത, മേശവലിപ്പിലെ അടിവരയിട്ട മരണസർട്ടിഫിക്കറ്റ്.ഓടിയോടി വന്നൊളിച്ചത് വീണ്ടും അതേ ചിരിയുടെ മുന്നിൽ.രവി പിന്നെയും കിതച്ചു..

     സ്മൈലിന്റെ പടവുകളിറങ്ങി തന്നിലേക്ക് ഓടിവരുന്ന നീന.ഇനിയും തീരാനുള്ള താളുകൾ. നോവൽ തിരികെ വാങ്ങാൻ വരുന്നതാകും.രവി കണ്ണിന് വേഗത കൂട്ടി.ഒടുവിലെ വരിയിൽ മരണമുണ്ടായി.ശൂന്യത..
     "രവിയേട്ടന് നോവലിഷ്ടായോ..?"
     "ഒടുവിലെ വരിയിലെ മരണത്തിന് മായാത്ത അടിവരയിട്ടതെന്തിന്..?" നീനയ്ക്കപ്പോഴും കോമ്പല്ലിച്ചിരി.ക്ലിനിക്കിന്റെ ബോർഡിലെ വാക്കുകൾ താനൊരിക്കൽ  അടിവരയിട്ടതാണെന്ന് രവിയോർത്തു.പുഴുപ്പല്ലൻ ഓർമ്മകളിൽ വീണ്ടും നോവ് പടരുന്നു. 
      
       ചുവപ്പ് കത്തിനിന്ന ആ നിരത്തിലെ പിയാനോയിൽ ഡയറിയും നിവർത്തിപ്പിടിച്ച്‌ നടക്കുന്ന നീന.  അവളുടെ കാലുകൾ ഭ്രാന്തൻ താളങ്ങൾ സൃഷ്ടിക്കുന്നു.ആ നൃത്തത്തിനൊത്ത് നിരത്ത് ചലിക്കുന്നു.
    
     രവിയുടെ ചുണ്ടിൽ കുട്ടിക്കൂറയുടെ രുചിയും ചിരിയും വന്നു.ക്ലിക്ക്, ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഉള്ളിൽ തെളിയുന്നു.മാമന്റെ കുരുക്കിലെ ചിലന്തിയുടെ ചിരി.കോമ്പല്ലിന്റെ ചിരി.സ്‌മൈലിന്റെ വാതിലിൽ തകർന്ന ഒരു മനുഷ്യൻ.രവി പുതിയ കവിതയ്ക്ക് പലായനം എന്നു പേരിട്ടു...!!


ടിപ്പണി.
      പ്രേമലേഖനം: നോവൽ വൈക്കം മുഹമ്മദ് ബഷീർ.
      മധുരംഗായതി: നോവൽ ഓ.വി വിജയൻ.
      മരണ സർട്ടിഫിക്കറ്റ്: നോവൽ ആനന്ദ്.


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636