Thursday 22 April 2021

കോമ്പല്ല്

കോമ്പല്ല്..!

       തിരക്കിട്ട ഒരു നിരത്തിന്റെ ഇരുകരകളിൽ മുഖാമുഖമിരിക്കുന്ന ആ ബാങ്കും 'സ്മൈൽ' ദന്തൽ ക്ലിനിക്കും.സൈനികനായിരുന്ന രവിയാണ്, ബാങ്കിന്റെ പുതിയ കാവലിരിപ്പുകാരൻ.നിരത്തിലെ സുരക്ഷാചുവപ്പിലേക്ക് സദാ നോട്ടമുള്ള രവിയുടെ ചിന്തകൾ,റോഡിൽ വരച്ചിട്ട പിയാനോയിലൂടെ കാൽനടക്കാരുടെ താളത്തിലും, ക്ലിനിക്കിന്റെ പരസ്യബോർഡിലെ കോമ്പല്ല് ചിരിയുള്ള പെൺകുട്ടിയിലും,അതിനുതാഴെയുള്ള പരസ്യവാചകത്തിലുമായിരിക്കും.ക്ഷമ പുകഞ്ഞുകത്തുന്ന വാഹനങ്ങളെല്ലാം നടപ്പിന്റെ സംഗീതമൊഴിയാൻ കാത്തുനിൽക്കും.സീബ്രാവരകളിലെ ഈ പിയാനോസങ്കല്പം ഒരിറ്റ് കവിതയുള്ള രവിയുടെ ചിന്തയിൽ പൂക്കുന്നതാണ്.അയാളുടെ ഉള്ളിലെ സൈനികൻ അതിനെ തിരസ്കരിക്കാറുണ്ട്.അച്ചടക്കമില്ലാത്ത യാത്രികരെ ശകാരിക്കാറുണ്ട്.

        'ചിരിക്കുന്നവരാണ് ജീവിച്ചിരിക്കുന്നത്'.പല്ലുനൊന്തവർക്ക് മുന്നിൽ സ്മൈൽ ക്ലിനിക്കിന്റെ ഈ പരസ്യം രവിയുടെ ഉള്ളിലെവിടെയോ ഉണ്ട്.വായിച്ചടിവരയിട്ട പുസ്‌തകത്തിൽ? മുൻമ്പെന്നോ കുറിച്ചിട്ട കവിതയിൽ..?.ഇതുവരെയും അതൊന്ന് ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. അതിലും കഠിനമായ ഭീകരാക്രമണം പൊഴിച്ചുവിടുന്നത് ആ വാചകങ്ങൾക്ക് മുകളിലെ കോമ്പല്ലിച്ചിരിയുള്ള പെൺകുട്ടിയാണ്‌.രവിക്കതും തടയാൻ കഴിയുന്നില്ല.ചിരിയൊരുഗ്രൻ പകർച്ചവ്യാധിയാണല്ലോ.മറ്റൊരു യുദ്ധത്തിൽ ആ സൈനികന്റെ ചിരിയാകെ മുറിഞ്ഞുപോയിട്ട് ഈ ഫെബ്രുവരി പന്ത്രണ്ടിന് ഒരു വ്യാഴവട്ടം പൂർത്തിയാവുന്നതും അയാളുടെ ഓർമ്മയിൽ വരുന്നില്ല.

       ബാങ്കിനത് അലസമായ ദിവസമായിരുന്നു.ഇടപാടുകളുടെ കരുത്താകെ ക്ഷയിച്ച മാസാന്ത്യം. ഈ രാത്രിയിൽ ബാങ്കിന് കൂട്ടിരിക്കാനുള്ള പങ്കാളിയെ കാത്തിരിക്കുമ്പോഴാണ് റോഡ് മുറിച്ചുപോയി സ്മൈലിനരികിലെ പെട്ടിക്കടയിൽ നിന്നൊന്നു പുകഞ്ഞുവരണമെന്ന് രവിക്ക് തോന്നിയത്.പരസ്യ ബോർഡിലെ ചിരിയുടെ തത്വചിന്തയിലേക്ക് രവി നോക്കി.'നിന്റെ ചിരിക്കും പുകക്കറ വരുമെന്ന്'  അതോർമ്മിപ്പിക്കുന്നു.സിഗ്‌നൽ ചുവന്ന് കത്തുന്നു.പിയാനോയുടെ ആദ്യകട്ടയിലേക്ക് ഒരു ചുവട്. പതിഞ്ഞ താളം.അപശ്രുതിയിട്ട് തിരക്കുള്ളവർ രവിയെക്കടന്നുപോയി.കോമ്പല്ലിച്ചിരിയിയിലേക്ക് രവിയുടെ നോട്ടം പിന്നെയും വീണു.രണ്ടാമത് കട്ടയിലേക്ക്.താളം മുറുകുന്നു.രവി കണ്ണുകൾ പൂട്ടിയൊഴുകി..

       മുൻനിരയിലെ ഒരു മഞ്ഞിച്ച സ്‌കൂട്ടർ രവിയുടെ പതിഞ്ഞ നടപ്പിൽ അക്ഷമയായി. 'നടപ്പാട്ട്' ആസ്വദിച്ചു നിൽക്കുന്ന മറ്റു വണ്ടികൾ 'നിനക്കെന്തെടീന്ന്' അതിനോട് ഏറുകണ്ണിട്ടു.ആ ഇരുവീലിയുടെ പുറത്തിരുന്ന് വേഗഞരമ്പിൽ കൈ മൂപ്പിച്ചുമൂപ്പിച്ച് രവിയെ തുറിച്ചു നോക്കുന്ന സ്ത്രീയ്ക്കും കോമ്പല്ലുണ്ട്.രവിയപ്പോൾ അതിനോട് ചിരിച്ചോ.? പിയനോവിൽ പൗരുഷമായ ഋഷഭസ്വരത്തിലേക്ക് അയാൾ ചുവടുവയ്ക്കുകയായിരുന്നു.ആ 'ഭ്രാന്തിസ്‌കൂട്ടർ' രവിയുടെ നേർക്ക് കുതിച്ചുചാടി.മുട്ടിയെന്നു തോന്നിപ്പിച്ച് നിരത്തിനെയാകെ വിറപ്പിച്ച് മറ്റൊരുഗ്രൻ വണ്ടിയിലേക്ക് ഇടിച്ചുവീണു.നിരത്തിന്റെ താളംതെറ്റി.പിയാനോയിൽ രവിയുടെ സംഗീതം മുറിഞ്ഞു..

       മറ്റുള്ളവരേക്കാൾ വേഗത്തിൽ രവി ആ സ്ത്രീയെ കോരിയെടുത്തു.കൈയും മുഖവും ചോരനിറം.രവിയുടെ ഉടുപ്പിലും അതുപടർന്നു.താനൊരു രക്ഷാദൗത്യത്തിലെന്ന് രവിക്ക് തോന്നി. എന്നിട്ടും ആ സ്ത്രീ കുതറിമാറാൻ ശ്രമിക്കുന്നു.രവിക്കതിൽ അത്ഭുതം.അവളാകട്ടെ ,നോട്ടം ക്ലിനിക്കിലേക്ക് ഉറപ്പിച്ച് ഭയന്നുവിളിച്ചു കരയുന്നു.ചോരയുള്ള തുപ്പൽ രവിയുടെ ഉടുപ്പിലേക്ക് തെറിച്ചോ..? രവിയെന്ന് ചിതറിപ്പോയി.കൈയിൽ നിന്നൂർന്നുവീണ സ്ത്രീയെ ക്ലിനിക്കിൽ നിന്നിറങ്ങിവന്നവർ എടുത്തുകൊണ്ടുപോയി.സ്‌കൂട്ടറിനെ റോഡിന്റെ അരികിലേക്ക് ഉരുട്ടിവയ്ക്കാൻ തുടങ്ങിയ രവിയോട് സുന്ദരനായ ഒരു മനുഷ്യൻ ക്ഷമ പറഞ്ഞു.അയാൾ, ആ വണ്ടി ദന്തൽ ക്ലിനിക്കിന്റെ മുന്നിലേക്ക് തള്ളിക്കൊണ്ടുപോകുമ്പോൾ  പലതവണയായി രവിയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

         "അവൾക്ക് നിങ്ങളോട് പകയാണ്,കഴിയുമെങ്കിൽ ഒരു ദിവസം ക്ലിനിക്കിലേക്ക് വരൂ" വണ്ടി കൈമാറുമ്പോൾ അയാൾ പറഞ്ഞ വാക്കുകൾ രവിക്കൊട്ടും മനസിലായില്ല..ബാങ്കിലെ  സ്റ്റാഫ്  തങ്ങളുടെ കാവൽഭടന്റെ രക്ഷാപ്രവർത്തനത്തിൽ അഭിമാനംകൊണ്ട് നിൽക്കുന്നു.നിരത്ത് മുഴുവൻ ആ പട്ടാളനടപടിക്ക് കൈയടിക്കുന്നു.ആ സ്ത്രീ ഒഴികെ ആർക്കും രവിയെ അഭിനന്ദിക്കാനേ കഴിയു.എന്നിട്ടും അവരെന്തിന്..?. സിഗരറ്റിന്റെ ആത്മാവും പിയാനോയിലെ പാട്ടും മറന്ന രവി ബാങ്കിലേക്ക് തലകുനിച്ച് നടന്നു..

       സഹകാവൽ രവിയെ ആദരവോടെ നോക്കി.മറ്റുള്ളവരും ആ ഉടുപ്പിലെ രക്തക്കറ കണ്ടു. കാവലാളുകൾ ബാങ്കിന്റെ രാത്രികളെ പങ്കിട്ടിരുന്നു.പകലുകളെക്കാൾ നാടിനെവിഴുങ്ങുന്ന ബാങ്കിന്റെ വായപൂട്ടിയ രാത്രികളോടാണ് രവിക്ക് പ്രിയം.മുഷിപ്പൻ രാത്രികളെ തന്നോട് ചോദിച്ചുവാങ്ങുന്ന രവിയെ സഹകാവലിന് അതിലേറെ പ്രിയമുണ്ട്.ഉറങ്ങാനാകാത്ത തന്നെ  ഏറ്റവും സർഗാത്മകമായി കബളിപ്പിക്കുന്ന രസികനായ ഒരു കള്ളനുവേണ്ടി രവിയെന്നും കാത്തിരിക്കും.ആ കള്ളന്റെ വരവിനെക്കുറിച്ച് ചിലപ്പോൾ കവിതയെഴുതും പുലരും മുൻപ് പുകച്ചട്ടിയിലെറിഞ്ഞ് അതിനെ ദഹിപ്പിക്കും..

        വേഷംമാറ്റി വന്ന രവി, സഹകാവലിന്റെ മുന്നിലേക്ക് ചെന്നു.ഒരു ചിരി,ഒരു വരണ്ട അഭിവാദ്യം. നിരത്തിൽ പച്ച സിഗ്‌നൽ.രവി വെളുപ്പിലും കറുപ്പിലും മുഖം താഴ്ത്തി നടന്നു.സഹാകാവൽ ആ നടപ്പിന്റെ പന്തികേടുള്ള താളം ശ്രദ്ധിച്ചു.തുപ്പലിന്റെ ആവർത്തനമായി ചാറ്റൽ മഴ.രവി മുഖമുയർത്തി ഒരു തവണ സ്മൈലിനെ നോക്കി.കോമ്പല്ല് ചിരി കണ്ടു.നിനക്ക് പകയാവൻ ഞാനാര് ? നിന്റെ പക എന്തിന്..? എന്നൊക്കെ ചോദ്യങ്ങൾ തോന്നി.ബസിന്റെ ഹോൺ അയാളെ ആശ്വസിപ്പിച്ചു.. 

       ഒരു പട്ടാളനടപ്പിന് പതിനഞ്ച് മിനുട്ട് ചിലവാകുന്ന ദൂരമേയുള്ളൂ രവിയുടെ വാടക വീട്ടിലേക്ക്. നഗരത്തിൽ ഒളിച്ചിരിക്കുന്ന ഒരു വീട്ടിൽ മൂന്നുപേർ.കട്ടിലിനെയെപ്പോഴും കെട്ടിപ്പിടിച്ച് രവിയുടെ അമ്മ.ഒരറ്റം ജനാലയുടെ ഇരുമ്പഴിയിലും മറ്റേത് ഇടത് കാലിലും ചേർന്നുപോയ ചങ്ങലയുള്ള മാമൻ.രവിയുടെ വരവ് ദൂരെ നിന്നേ മാമന് കാണാം.ഒരു വലിയ ചിരി.വീടും അമ്മയും ഉണരും. അമ്മയുടെ കട്ടിലിൽ മരുന്നും മാമന്റെ മുറിയിലേക്ക് തീറ്റയും വച്ച് രവി മുറിയിലേക്ക് കയറിപ്പോകും. കട്ടിലിൽ നിന്നും മൂത്രപ്പുരയിലേക്കും കിടക്കയിലേക്കും ചങ്ങലയുടെ  ഇളക്കങ്ങൾ.മാമന്റെ മുറി മാത്രമാണ് വീടിനോട് ആകെയൊന്ന് മിണ്ടുന്നത്.വല്ലപ്പോഴുമെങ്കിലും പഴയഗാനം മൂളുമായിരുന്ന സൈനികറേഡിയോക്ക് അല്പകാലം മുൻപ് സെല്ലുകൾ ജീർണിച്ചു..

      മേശയിൽ അഴിച്ചു വച്ചിരുന്ന റേഡിയോയിൽ രവി പുതിയ സെല്ലുകളിട്ടു.'നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ..?' ചോദ്യരൂപത്തിൽ ഒരു പാട്ടിറങ്ങിവന്നു.രവി നിലാവ് കണ്ടു. പക്ഷെ ഇന്ന് ആകാശത്തിന്റെ സ്‌ക്രീനിൽ  നിരത്തിലെ അപകടം ആവർത്തിച്ചു കാണിക്കുന്നു.തുപ്പൽ പാഞ്ഞ് വരുന്നു... 
           "രവീ..."മാമന്റെ ഒറ്റയാൻ വിളി.റേഡിയോ വായപൊത്തി.അത് നിലത്ത് വീണു.സെല്ലുകൾ മേശക്ക് കീഴിലെ ഇരുണ്ടകോണിലേക്ക് ഉരുണ്ടൊളിച്ചു..
 
        ആ വിളിയിൽ പലപല ചോദ്യങ്ങളുണ്ട്.നീ അമ്മയുടെ പുതപ്പ് മാറ്റിയോ?.അവളെ മരുന്ന് കഴിപ്പിച്ചോ? മൂത്രത്തിന്റെ പാത്രം മാറ്റിയോ..?.രവി, അമ്മയുടെ മുറിയിൽ കയറുന്നതും ഇറങ്ങുന്നതും കട്ടിലിന്റെ നേർത്ത ഞരക്കവും ഗന്ധങ്ങളും അയാളറിയും.സഹോദരിയുടെ ശ്വാസത്തിന് കാവലിരിക്കുന്ന ഭൂതത്തിന്റെ കഥയാണ് മാമന്.

       ആത്മമിത്രമായവൻ സഹോദരിയുടെ വയറ്റിൽ പ്രണയം നിറച്ചതും,സ്വീകരിക്കാൻ മടിച്ച് ഓടിപ്പോയതും, സഹോദരിക്കുവേണ്ടി ജീവിതം തുലച്ചതും,തെറ്റിയ താളവുമായി കാവലിരിക്കുന്നതും,അമ്മയുടെ മൂത്രപ്പുതപ്പ് മാറ്റിവിരിക്കുന്നതിനിടയിൽ രവിയോർക്കും.പക്ഷേ ഇന്ന് അപകട ചിത്രങ്ങൾ മാത്രം ഉള്ളിലിഴയുന്നു.വീട്ടിലേറ്റവും കൗതുകമുള്ളത് മാമന്റെ മുറിയിൽ തൂക്കിയിരുന്ന ഒരു കുരുക്കാണ്. അത് അഴിക്കാൻ ശ്രമിച്ചാൽ മാമൻ അലറിവിളിക്കും, തല ചുവരിലിടിക്കും.മാമന്റെ കഴുത്തും കാത്തുകിടക്കുന്ന കുരുക്കിൽ ഒരു രസികൻ ചിലന്തി, വലനെയ്ത് ഇരപിടിക്കുന്നുണ്ട്. രവിയുടെ ചവറ്റുകുട്ടയിൽ ആ  ചിലന്തിയെക്കുറിച്ചും പല കവിതകളുണ്ട്.ആ ചിലന്തിയിപ്പോൾ താനാണെന്ന് സങ്കല്പിക്കുന്ന കവിതയാണ് ഏറ്റവും മുകളിലേക്ക് ചുരുട്ടിയെറിഞ്ഞിട്ടുള്ളത്.

      "നീയെനിക്കൊരു പാട്ട് വയ്ക്കെടാ..." നിലാവിലേക്ക് നോക്കി മാമന്റെ ചങ്ങല പറഞ്ഞു.ആ നിഴൽ രവിയുടെ വാതിലോളം വന്നു നിൽക്കുന്നു.രവി മുറിയിലെ കുരുക്കിലേക്ക് നോക്കി.അത് തിളങ്ങുന്നു.ഒത്തനടുക്ക് ആ രസികന്റെ തപസ്.ആ കുരുക്കിന് ഉത്തരമെന്താവും.? അയാളുടെ ഉള്ളിൽ മരണവൃത്തമുള്ള ഒരു കവിത വന്നു.വരികളെ മുഴുവൻ ഉള്ളിലിട്ട്  വെട്ടിക്കളഞ്ഞു. മേശയുടെ കീഴിലെ ഇരുട്ടിലേക്ക് രവിയുടെ കൈ റേഡിയോയുടെ ജീവനായി നീണ്ടു.സെല്ലിന്റെ തണുപ്പ് വിരലിൽ ഉമ്മവച്ചു.പിന്നെയൊരു ഗോസായിപ്പാട്ട് മുഴങ്ങി..

          "കഭീ കഭീ മേരെ ദിൽ മേ ഖയാല്....'  ജാലകങ്ങളിലൂടെ നൂണുവരുന്ന നിലാവ് രണ്ടാളെയും തൊടുന്നു,തണുക്കുന്നു.രവി കോമ്പല്ലിന്റെ മൂർച്ചയിൽ കുരുങ്ങിക്കിടക്കുന്നു.സ്ത്രീയേ, എനിക്കും നിനക്കും തമ്മിലെന്ത്..? രവി പുതിയൊരു കവിതക്ക് തലവാചകമെഴുതി.

     നാളെ ഞായറാണ്.മൗനിയായ ബാങ്കിനാണ് കാവൽ.സ്മൈൽ ക്ലിനിക്കിലേക്ക് ചെല്ലണം.  പകയാണെന്ന് പറഞ്ഞതിന്റെ കഥ അറിയണം.ആ കോമ്പല്ലി തന്റെ മുഖത്തേക്ക് തുപ്പാൻ പാകത്തിനെന്താണ്..?.രവിയുടെ ചിന്തൾക്ക് മീതെയും റേഡിയോ പലതും പാടിക്കൊണ്ടേയിരുന്നു. പതിവുപോലെ ആ വീട് അന്നും ഉറങ്ങിയില്ല.രവി ഏറ്റവും പുതിയ ഉടുപ്പ് തേച്ചുവച്ചു. പതിവില്ലാതെ കണ്ണാടിയിൽ തൊട്ടു.കാവൽത്തൊപ്പിക്കുള്ളിലെ നരകണ്ടു. 

       ക്ലിനിക്കിന് മുന്നിൽ മഞ്ഞവണ്ടിക്ക് മീതെ പൊട്ടിയ കണ്ണടയും ചോരക്കറയുള്ള ഹെൽമറ്റും. രവി ഒന്നു പതറി..
       "നീനയിപ്പോൾ വീട്ടിലാണ്,മുറിവിൽ തുന്നലുണ്ട്" ഡോക്ടർ വേഷമുള്ള ആ സുന്ദരൻ ഇറങ്ങിവന്നു.                     
       "ആകെ രണ്ടാളേയുള്ളൂ, ഒരരമണിക്കൂർ." അയാൾ ഒഴിവ് ചോദിച്ചു.രവി തരിച്ചിരുന്നുപോയി. നീനയെന്ന് പേരുള്ള തീവണ്ടി അയാളെ മലബാറിന്റെ ഹൃദയത്തിലെ ഗ്രാമത്തിന്നിടവഴിയിലൂടെ കൊളുത്തിവലിച്ചു.പരിചിതമായ ഓരോ സ്റ്റേഷനിലും രവിയുടെ ചുണ്ട് ആ പേരിൽ കിതച്ചു. പകയ്ക്ക് കഥയുണ്ട്, കാരണവും.

      അന്നൊരു വേനലവധിക്ക് വായനശാലയിലേക്ക് വന്ന പെണ്ണ് *'പ്രേമലേഖനം' ചോദിച്ചു.  അന്തേവാസികളായ രവിയും പിന്നൊരു നായും അതുകേട്ട് ഞെട്ടി.കപ്യാരുടെ മോള് നീന.വായന പതിയെ‌ വിപ്ലവമുണ്ടാക്കി.*'മധുരംഗായതി'യിൽ നീന പെൻസിലിന് അടിവരയിട്ട വാക്കുകളിലൂടെ രവി ആദ്യ പ്രണയലേഖനം പൂർത്തിയാക്കി.പൊടിപിടിച്ച പുസ്തകങ്ങളിൽ അടിവരയിട്ട വാക്കുകളിലെ പ്രണയം വായിച്ചും മായിച്ചും വേനല് കനത്തു.വാക്കിന്റെ മാമ്പൂവും വിരിഞ്ഞു.

       മഴപെയ്ത ജൂണിൽ ബി.എക്ക് ചേരാനുള്ള നീനയുടെ അപേക്ഷയുമായി അവരൊന്നിച്ച യാത്ര. കെട്ടിപ്പിടിച്ചിരുന്ന് വിയർത്ത വിരലുകൾ.അന്നെടുത്ത ബ്ളാക് ആന്റ് വൈറ്റ് ഫോട്ടോ നീനയുടെ കൈയിൽ മാത്രമേയുണ്ടാകൂ.പക്ഷേ സ്റ്റുഡിയോയിലെ മേക്കപ്പ് മുറിയുടെ കണ്ണാടിയിൽ നീന കഴുത്തിൽ കണ്ട രവിയുടെ ചുംബനവും,രവിക്ക് ചുണ്ടിലൊട്ടിയ കുട്ടിക്കൂറ മണമുള്ളരുചിയും ?.

      "നീ തലശ്ശേരിക്ക് പോയാ..." ജനാലയോട് ചേർത്ത് രവിയെ കഴുത്തിന് പിടിച്ചുയർത്തി മാമന്റെ ഒറ്റച്ചോദ്യം.പുറത്തു നിന്ന് വാതിലും പൂട്ടി അകത്തേക്കൊരു കയറും എറിഞ്ഞുകൊടുത്തിട്ട് അടുത്ത  ഉത്തരവ്. 
       "പട്ടാളത്തില് പണി ശരിയാക്കിയിട്ടുണ്ട്"അടുത്തവാരം കൊടുമുടികളുടെ നാട്ടിലേക്ക് രവിയുള്ള തീവണ്ടി പാഞ്ഞു. *'മരണസർട്ടിഫിക്കറ്റി'ൽ  നീനക്കുവേണ്ടി അടിവരയിട്ട വാക്കുകൾ രവിയുടെ‌ മേശവലിപ്പിൽ കിടന്നു.
      
      ഒരു ജൂണിലെ മഴയിൽ വായനശാല വീണു.അമ്മയും മാമനും പലതവണ എഴുതിയിട്ടും രവി മടങ്ങിവന്നില്ല.വായനശാലയുടെ കല്ലറയിൽ ഉപ്പിന്റെ രുചിയുള്ള പൂക്കളും വിതറി നീന പോയി. മറ്റൊരു മഴയിൽ, അമ്മ വീണെന്നും മാമന്റെ താളം തെറ്റിയെന്നുമുള്ള കമ്പി കിട്ടിയിട്ടും, രവിയുടെ വരവ് പിന്നെയും നീണ്ടു.യുദ്ധത്തിനൊപ്പം രവിയുടെ മുന്നിൽ വീണ ഷെല്ലിന്റെ പൊട്ടിച്ചിതറലും  ചിത്തരോഗദിനങ്ങളും നാട്ടിലാരും അറിഞ്ഞില്ല.ഓർമ്മകളെല്ലാം മുറിഞ്ഞ രവി വന്നു. 

       ജനാലയിലൂടെ നീണ്ട വഴിയിലേക്ക് നോക്കി മാമന്റെ ഒരേനിൽപ്പ്.ഇടയ്ക്ക് ഇറങ്ങി ഓരോട്ടമുണ്ട്. കാലിന് ചങ്ങലയും, ഉത്തരത്തിൽ തന്റെ കഴുത്തിന് പാകമുള്ള ഒരു കുരുക്കും മാമൻ തന്നെയാണ് ആവശ്യപ്പെട്ടത്.പക്വതയുള്ള ഭ്രാന്ത്.അമ്മയുടെ അവസാനത്തെ ശ്വാസത്തിലാവും ആ കുരുക്കിന്റെ കടങ്കഥ അഴിക്കേണ്ടത്.സകലതും ഉപേക്ഷിച്ച് ഈ നാട്ടിലേക്ക് പോരുമ്പോൾ വലിയ മാറ്റമൊന്നും രവി പ്രതീക്ഷിച്ചിരുന്നില്ല.ഒളിച്ചിരിക്കാൻ ആൾക്കൂട്ടമാണ് സുരക്ഷിതമെന്ന് ഏതോ നോവലിൽ അയാൾ വായിച്ചിട്ടുണ്ടാകണം അത്രതന്നെ.

    "രവിയേട്ടൻ വരൂ, അകത്തിരിക്കാം" നീനയും അയാളെ അങ്ങനെയാണ് വിളിച്ചിരുന്നത്.മൗനം. രണ്ടാൾക്കും വാക്കുകൾ മുട്ടിയപ്പോൾ തന്റെ പുഴുതിന്ന പല്ലുകളെക്കുറിച്ച് രവി സൂചിപ്പിച്ചു.നിവർന്ന് കിടക്കാനുള്ള കസേരയിൽ രവി അയാളോട് പേര് ചോദിച്ചു.നല്ല പേര്, സുന്ദരൻ ചിരിയും. ചിരികൾ പല്ലിന്റെ സൗന്ദര്യം കൂടിയാണെന്ന് രവിക്കുള്ളിൽ വരികളുണ്ടായി ..  

       "രവിയേട്ടനെ ബാങ്കിന്റെ മുന്നിൽ കാണാൻ തുടങ്ങിയത് മുതൽ നീനയാകെ മാറി.എഴുത്തും വായനയുമില്ല.ഈ ജനാലയിലൂടെ അങ്ങോട്ട് നോക്കി ഒരേനില്പ്.ഞങ്ങളോട് പോലും.. " രവിയുടെ പല്ലിന്റെ പുഴുക്കേട് ഉരച്ചുകളയുന്ന ശബ്ദം.രവിയുടെ വായ്ക്കുള്ളിലേക്ക് അയാൾ വെള്ളം ചീറ്റി. തൊണ്ടയുടെ മുഴ ഉയർന്നുതാഴുന്നത് കണ്ട് അയാൾ  ചിരിച്ചു.മരുന്നടച്ച് രവിയോട് എഴുന്നേൽക്കാൻ കണ്ണ് കാണിച്ചു. 
 
       " ചിലതെല്ലാം വൈകാതെ എടുത്തു കളയണം അതാണ്‌  നല്ലത് ."രവിയുടെ മുഖത്ത് നോക്കാതെ അയാൾ പറഞ്ഞുതീർത്തു .

      "രവിയേട്ടൻ ഇങ്ങോട്ട് വരുന്നതാണെന്നുകരുതി വണ്ടിയുമെടുത്ത് പോകാൻ തുടങ്ങിയപ്പോഴാണ് സിഗ്‌നൽ വീണത്.അല്ലാതെ ഇടിച്ചിടാനൊന്നും നോക്കിയതല്ല..." രവിയും ചിരിച്ചു.

           "നിങ്ങൾക്കെത്രയാ കുട്ടികൾ.."രവി ചുവരിലെ ചിത്രത്തിൽ കുട്ടിയുടെ പല്ലെണ്ണിനോക്കി.
           "മുന്നിലെ ബോർഡിലുള്ളത് മോളാണ്,അവളോട് പോലും നീനയിപ്പോൾ...."അയാളുടെ വാക്കുകളിൽ പതർച്ച. 

      "നീനയുടെ നോവലാണ്, ഏതാണ്ട് തീർന്നെന്നാണ് അവൾ പറഞ്ഞത്.എനിക്ക് നിങ്ങളുടെ സാഹിത്യമൊന്നും പിടികിട്ടാറില്ല.രവിയേട്ടനൊന്ന് വായിച്ച്.." അയാൾ പാതിയിൽ നിർത്തി.ആ ഡയറി കൈമാറി.വാതിലുവരെ അയാൾ രവിയോടൊപ്പം വന്നു.ട്രാഫിക്കിൽ ചുവപ്പ് കത്തിക്കിടക്കുന്നു. വിരിച്ചിട്ട പിയാനോയിൽ തിരക്കില്ലാത്ത സ്വരങ്ങൾ.ആരെങ്കിലും തന്നെ തുറിച്ചു നോക്കുന്നുണ്ടോയെന്ന് രവി ശ്രദ്ധിച്ചു.എല്ലാവരുടെയും മുഖത്ത് ചിരി മാത്രം.താക്കോൽ കൈമാറിയ സഹകാവലിനും ചിരി.

      സ്മൈലിന്റെ വാതിലിൽ അയാൾ ഇപ്പോഴും പ്രതീക്ഷയോടെ നോക്കി നിൽക്കുന്നുണ്ട്. രവി,നീനയുടെ ഡയറി തുറന്നു.പരിചിതമായ ഗന്ധങ്ങൾ..

    'ചിരിമരണം ' നോവലിന്റെ തലക്കെട്ടിന് താഴെ പച്ചയായ നിറത്തിൽ 'നീനാ രവി'യെന്നാണ് പേര്

        "രവീ..നീ പിന്നെയും തലശ്ശേരിക്ക് പോയാ...." മാമന്റെ ഒറ്റയാൻ വിളി.രവിക്കുമുന്നിൽ  ഡയറിയുടെ താളുകൾ അതിവേഗം മറിഞ്ഞു.വായനയിൽ ഭൂതകാലം കിളിർത്തു.നാട്, നീന, വായനശാലയുടെ ചിത, മേശവലിപ്പിലെ അടിവരയിട്ട മരണസർട്ടിഫിക്കറ്റ്.ഓടിയോടി വന്നൊളിച്ചത് വീണ്ടും അതേ ചിരിയുടെ മുന്നിൽ.രവി പിന്നെയും കിതച്ചു..

     സ്മൈലിന്റെ പടവുകളിറങ്ങി തന്നിലേക്ക് ഓടിവരുന്ന നീന.ഇനിയും തീരാനുള്ള താളുകൾ. നോവൽ തിരികെ വാങ്ങാൻ വരുന്നതാകും.രവി കണ്ണിന് വേഗത കൂട്ടി.ഒടുവിലെ വരിയിൽ മരണമുണ്ടായി.ശൂന്യത..
     "രവിയേട്ടന് നോവലിഷ്ടായോ..?"
     "ഒടുവിലെ വരിയിലെ മരണത്തിന് മായാത്ത അടിവരയിട്ടതെന്തിന്..?" നീനയ്ക്കപ്പോഴും കോമ്പല്ലിച്ചിരി.ക്ലിനിക്കിന്റെ ബോർഡിലെ വാക്കുകൾ താനൊരിക്കൽ  അടിവരയിട്ടതാണെന്ന് രവിയോർത്തു.പുഴുപ്പല്ലൻ ഓർമ്മകളിൽ വീണ്ടും നോവ് പടരുന്നു. 
      
       ചുവപ്പ് കത്തിനിന്ന ആ നിരത്തിലെ പിയാനോയിൽ ഡയറിയും നിവർത്തിപ്പിടിച്ച്‌ നടക്കുന്ന നീന.  അവളുടെ കാലുകൾ ഭ്രാന്തൻ താളങ്ങൾ സൃഷ്ടിക്കുന്നു.ആ നൃത്തത്തിനൊത്ത് നിരത്ത് ചലിക്കുന്നു.
    
     രവിയുടെ ചുണ്ടിൽ കുട്ടിക്കൂറയുടെ രുചിയും ചിരിയും വന്നു.ക്ലിക്ക്, ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഉള്ളിൽ തെളിയുന്നു.മാമന്റെ കുരുക്കിലെ ചിലന്തിയുടെ ചിരി.കോമ്പല്ലിന്റെ ചിരി.സ്‌മൈലിന്റെ വാതിലിൽ തകർന്ന ഒരു മനുഷ്യൻ.രവി പുതിയ കവിതയ്ക്ക് പലായനം എന്നു പേരിട്ടു...!!


ടിപ്പണി.
      പ്രേമലേഖനം: നോവൽ വൈക്കം മുഹമ്മദ് ബഷീർ.
      മധുരംഗായതി: നോവൽ ഓ.വി വിജയൻ.
      മരണ സർട്ടിഫിക്കറ്റ്: നോവൽ ആനന്ദ്.


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment