Thursday 22 April 2021

കുറുമൂരിലെ മിച്ചഭൂമികൾ..!!

കുറുമൂരിലെ മിച്ചഭൂമികൾ..!

      പരമാവധി പണമെല്ലാം കുത്തിനിറച്ച് എത്രയുംവേഗം വാനിലേക്ക് കയറ്റണം.ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.വീട്ടിലെത്തിയാൽ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി അലമാരയുടെ രഹസ്യ അറയിൽ ഒളിപ്പിക്കണം.ഭാര്യയോടുപോലും സംഗതി വെളിപ്പെടുത്തരുത്. കടങ്ങളൊക്കെ തീർത്ത്,പുതിയ കച്ചവടത്തിലേക്ക് ആ തുക പതിയെപ്പതിയെ ഇറക്കണം. വിരലടയാളം,നോട്ടിന്റെ സീരിയൽ നമ്പറുകൾ,പോലീസ് നായ,ഒരു സുപ്രഭാതത്തിൽ ധനികനായ അയൽവാസിയെക്കുറിച്ച് നാട്ടുകാരുടെ സംശയങ്ങൾ.എവിടെയെങ്കിലും ഒന്നു പരാജയപ്പെട്ടാൽ വീട്ടിലെത്തുന്ന പോലീസ്.'കുറുമൂർ ബാങ്കുകവർച്ച മുഖ്യപ്രതി സലാം ഹുസ്സൈൻ അറസ്റ്റിൽ' പിറ്റേന്നത്തെ പത്രത്തിലെ തലക്കെട്ട്.കോടതി, ജയിൽ..സ്വപ്‌നപ്പെട്ടിരുന്ന സലാമിന്റെ നെറ്റിയിൽ ഭയമണമുള്ള വിയർപ്പൂവ് മൊട്ടിട്ടു.

     ബാങ്കിനുള്ളിലെ കാത്തിരിപ്പു ബെഞ്ചിൽ പെൻഷനെണ്ണുന്ന വൃദ്ധയിൽ നിന്നും സിനിമാസ്റ്റൈലിൽ ബാങ്കുകവർച്ചയിലേക്കുള്ള സലാമിന്റെ ദിവാസ്വപ്‌നങ്ങളെ പിടികൂടാൻ പട്ടരുടെ വയറുകുലുക്കൻ ചിരിമതിയായിരുന്നു.

     "അമേരിക്കൻ പട്ടാളക്കാർ നിന്നെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഇങ്ങ് കുറുമൂരിലും പാർട്ടിക്ക് ഹർത്താലായിരുന്നു." സ്വന്തം തമാശയിൽ താൻ തന്നെ ചിരിക്കുന്ന മാനേജരുടെ, പേരെഴുതിയ ബോർഡിലേക്ക് നോക്കാതെ സഹപാഠിയായിരുന്ന പട്ടരുടെ ശരിക്കുള്ള പേരോർത്തെടുക്കാൻ സലാം ശ്രമിച്ചു.അനന്തനാരായണൻ, അനന്തപത്മനാഭൻ,അനന്തകൃഷ്ണൻ അങ്ങനെ ഏതോ ആയിരുന്നു.നാലുവർഷം ഒരു വീട്ടിൽ, 'പട്ടരേന്ന'ഒറ്റവിളിയായിരുന്നു സകലതിനും.വെറും 'സലാം ഹുസൈനെ' ഗംഭീര 'സദ്ദാം ഹുസൈനാ'ക്കിയത് ഈ പട്ടരാണ്.

     "നല്ല പ്രോജക്ടാണ്,പക്ഷേ വായ്പ നടക്കില്ല.നീ മറ്റെന്തെങ്കിലും വഴി നോക്കിക്കോ?" ഇതുപറയാനാണോ മൂന്നര മണിക്കൂർ കാത്തിരിക്കേണ്ടി വന്നത്.?.മേശയിൽ നിരാശയൂന്നി എഴുന്നേൽക്കാൻ തുടങ്ങിയ സലാമിന്റെ മുഖത്തേക്ക് പട്ടര് പഴകിയ കടപ്പാടുകൾ കുറിച്ചിട്ട നോട്ടമിട്ടു..

     "അതെന്താ സലാമേ, കുറേക്കാലം ഗൾഫിലൊക്കെ കഴിഞ്ഞിട്ട് വന്നതല്ലേ, പഴയത് പോലെ ഇന്നൊരു ദിവസം എന്റെയൊപ്പം കൂടീട്ട് പോടോ.."നീല നിറമുള്ള ഒരു ഫയൽ പട്ടര്  നിവർത്തിവച്ചു. വായ്‌പ്പാകാംഷകളെ പൂർണമായും തുറന്നു വിട്ട് സലാം ചാരിയിരുന്നു.കണ്ണാടി മുറിയിലെ തണുപ്പിലും പുറത്തെ തിരക്കിലും സലാമിന്റെ ചിന്തകളിറങ്ങി നടന്നു.കിനാവിലേക്ക് പറന്നു പോകാതിരിക്കാൻ കടലാസുകൾക്ക് ഭാരമായിവച്ചിരുന്ന സ്ഫടികഗോളവും സലാം കൈയിലെടുത്തു.

      ഫയൽത്തിരക്കിലും പട്ടര്, സലാമിന്റെ നേർക്ക് ചിരിക്കുന്നുണ്ട്.ലോക്കറിലേക്ക് പെട്ടിയുമായി ഒരുത്തി കയറുമ്പോൾ പാതിയിലുപേക്ഷിച്ച കവർച്ചക്കിനാവ് സലാമിന് പൊന്തിവന്നു.പുതിയ ശ്രമത്തിൽ പട്ടർക്കും ഒരു സീനുണ്ടാക്കി.ലോക്കറിനുള്ളിൽ ആകെ നിരാശനായിരിക്കുന്ന മാനേജർ. തണുത്ത സ്‌ഫടികഗോളത്തിന്റെ നിറങ്ങളിൽ സലാമിന് മകളുടെ മുഖം തെളിഞ്ഞു വന്നു. പെരുന്നാളിന് മുൻപ് അവളുടെ കമ്മലെങ്കിലും പണയമെടുക്കണം.അത്തരം പരിഭവങ്ങളെല്ലാം പരിഹരിക്കാനുള്ള തുകയെണ്ണിത്തുടങ്ങിയ കവർച്ചക്കിനാവ് യാഥാർത്ഥ്യം കൊണ്ട് മുറിഞ്ഞു..

      മേശയിൽ നിവർത്തിയിട്ട പത്രത്തിൽ മൺസൂൺ ബമ്പറിന്റെ ഫലം കറുത്തുകിടക്കുന്നത് കണ്ടു. പേഴ്‌സിന്റെ രഹസ്യയറയിൽ ഒരുറക്കത്തിന്റെ നേരത്തിൽ ആരെയും കോടീശ്വരനാക്കുന്ന നറുക്ക് സലാമും കരുതിയിട്ടുണ്ട്.'ഇന്നാണ്, ഇന്നാണ്....! ലോട്ടറി വില്പനക്കാരിയായ വൃദ്ധ സലാമിന്റെ ഉള്ളിൽ വന്നു നിന്നു ചിരിച്ചു.അവർക്ക് പെൻഷനെണ്ണിയ അതേ വൃദ്ധയുടെ മുഖം പതിച്ചുനൽകി.മറ്റൊരു സൂപ്പർ ബംബർ കിനാവിലേക്ക് സലാം ടിക്കെറ്റെടുത്തു.

      അടിച്ച പത്തുകോടിയിൽ സർക്കാരിന്റെ കമ്മീഷനും നികുതിയും കഴിച്ചാൽ ബാക്കിയെത്ര ? ഉള്ളിൽ ശതമാനം വീതിച്ച വഴിക്കണക്കുകൾ നിറഞ്ഞു.ആദ്യമാദ്യം എന്തൊക്കെ ചെയ്തു തീർക്കണം.? തന്റെ പുതിയ ബംഗ്ലാവിന്റെ  മുന്നിൽ സ്വർണപ്പെട്ടൊരുങ്ങി നിൽക്കുന്ന ഭാര്യയും മകളും.മുറ്റത്ത് ജോലിക്കാരുടെ ബഹളം.ഭക്ഷണ മേശയിലിരുന്നാൽ കാണാം, പുറത്ത് നിക്ഷേപവും കാത്തുനിൽക്കുന്ന പട്ടരും മറ്റുള്ള ബാങ്ക് പ്രതിനിധികളും.സലാമിന്റെ ഉള്ളിൽ കൂട്ടിവച്ചിരുന്നൊരു സമ്പന്നച്ചിരി കണ്ണാടിയിട്ട മേശപ്പുറത്ത് ചിതറി വീണു.

     "പ്രോജക്ട് ബാങ്ക് നിരസിച്ചെന്ന് വെറുതെ പറഞ്ഞതല്ല കേട്ടോ" സലാമിന്റെ ചിരിയിലേക്ക് പട്ടര് യാഥാർത്ഥ്യം കോരിയൊഴിച്ചു.ബാങ്കിനുള്ളിലെ വിളക്കുകൾ അണഞ്ഞിരിക്കുന്നു.തന്റെ വലിയ കറുത്ത ബാഗിലേക്ക് പട്ടര് ചില മുദ്രപ്പത്രങ്ങളും ഫയലുകളും എടുത്തിട്ട് പുറത്തേക്കിറങ്ങി.സലാം തന്റെ ബൈക്കിനോട് ചേർന്ന് കാത്തുനിന്നു..

     "നമുക്കെന്റെ വണ്ടിയിൽ പോകാം"പട്ടര് കാറിന്റെ താക്കോൽ നീട്ടി.നിത്യരോഗിയായ ബൈക്കിനെ ഒന്നൊതുക്കി വയ്ക്കാൻ പോലും സലാമിന് തോന്നിയില്ല.കാറിൽ താക്കോലിട്ടപ്പോൾ പട്ടരുടെ അപ്പൻ പണ്ട് തന്നെ ആട്ടിയ അതേ ശബ്ദത്തിൽ വണ്ടി നീങ്ങി.എൻ.എൻ.പിള്ളയുടെ രൂപമുള്ള ആ മനുഷ്യന്റെ കണ്ണുവെട്ടിച്ച് പട്ടരോടൊപ്പം എട്ടുകെട്ടിൽ കയറിയതും,രാത്രി കുളിക്കാനിറങ്ങിയപ്പോൾ കൈയോടെ പിടിച്ചതും, പട്ടരെച്ചേർത്ത് തന്നെയും ആട്ടിയിറക്കിയതും, നിരത്തിലെ ആദ്യവളവ് കഴിയുന്നതിന് മുൻപ് സലാമിന്റെ  ഉള്ളിനെ മറികടന്നുപോയി.ആട്ടിയിറക്കിയ ഭൂതകാലത്തിലേക്ക്  മനോവളയം തിരിക്കുന്ന സലാമിന്റെ കൈയിലെ വണ്ടി പതുങ്ങുന്നത് പട്ടര് ശ്രദ്ധിച്ചു.

     "കക്ഷി കട്ടിലിലാണ്.ആട്ടാൻ പോയിട്ട് വളിവിടാൻ പോലും പ്രാപ്തിയില്ല.ഞാനൊന്ന് മയങ്ങട്ടെ.? നിനക്ക് കുറുമൂരിലേക്ക് വഴിതെറ്റില്ലല്ലോ..?"പട്ടര് സലാമിന്റെ ചിന്തകളെ മായിച്ചു.വണ്ടിക്കു വേഗതാളം വന്നു.സലാമിന്റെ ഉള്ളിലെ എൻ.എൻ പിള്ള 'കേറിവാടാ മക്കളേന്ന്' ഗേറ്റും തുറന്നിട്ട് ചിരിയോടെ കാത്തുനിൽക്കുന്നു..

        ഏതോ ഒരു മന്ത്രിയുടെ പൈലറ്റ് വാഹനം മുട്ടിമുട്ടിയില്ലാന്ന് പാഞ്ഞുപോയി.പട്ടരുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.ഒരു തെറി ഹോണിനൊപ്പം പുറത്തേക്ക് തെറിച്ചു.ടയറുകളും അതേ താളത്തിൽ അമറി.
      "ആരെക്കൊല്ലാനുള്ള പോക്കാണ്.അവന്റമ്മേടെ ഒരു ജനാധിപത്യം..?" അതുകേട്ട സലാമിന്റെ ചിരിയിൽ പട്ടര് മറ്റൊരു രാഷ്ട്രീയം വായിച്ചു.
      "ഓ, ഭരിക്കുന്നത് നിന്റെയൊക്കെ പാർട്ടിയല്ലേ, ചിരിച്ചോ ചിരിച്ചോ.."പട്ടര് ഉറക്കത്തിലും എന്തൊക്കെയോ പിറുപിറുത്തു.
      
       സലാം അതവഗണിച്ച്  അപകടകരമായ ഒരു സ്വപ്‌നത്തിലേക്ക് ഗിയറുമാറ്റി.മന്ത്രിയുടെ വാഹനം മുട്ടി താൻ മരിക്കുന്നതും, ഭീമമായയൊരു തുക ഇൻഷ്വറൻസ് കിട്ടുന്നതും.കടങ്ങളൊക്ക തീരുന്നു, ഭാര്യയ്ക്ക് സർക്കാർ ജോലി കിട്ടുന്നു.ചരമക്കോളത്തിൽ നിന്നും പത്രത്തിന്റെ മുൻ പേജിലെത്തിയ അപകടം ചാനലുകളിൽ ആകെ ചർച്ചയാകുന്നു.രാഷ്ട്രീയ കോലാഹലങ്ങൾ, മന്ത്രിസഭയുടെ രാജി. സ്വപ്‌നഗിയറുകൾ  വളരെ വേഗത്തിൽ മാറിമാറി വീണു.. 

     പട്ടരുടെ പറമ്പിനോ വീട്ടിനോ വലിയ മാറ്റമില്ല.പഴയ  ഇരുട്ട് അതേ കരുത്തോടെ അവിടെയുണ്ട്. വീടെത്തിയിട്ടും ചാരിക്കിടന്ന് ഉറങ്ങുന്ന പട്ടര്.വയറിനെ ഒതുക്കി നിർത്തുന്ന ബട്ടൻസുകൾക്ക് ഇടയിലൂടെ ഉടുപ്പ് വായതുറന്ന് പൊക്കിളും നിറം മങ്ങിയ പൂണുലിന്റെ ഒരു നാരും കാണിക്കുന്നുണ്ട്. സലാം ഉണർത്താൻ വിരൽ നീട്ടുമ്പോൾ പഠനകാലത്തെ വാരാന്ത്യങ്ങളിൽ കുറുമൂരിലേക്ക് യാത്രതിരിക്കുന്ന പട്ടരുടെ തൊട്ടുകൂടായ്‌മയുള്ള ഓർമ്മകൾ തടഞ്ഞു നിർത്തി .

     ഒറ്റമുറിയിൽ ഒരേ കട്ടിലിൽ കിടന്നാലും ഒരേ പൊതിയിൽ തിന്നാലും പട്ടര് വെള്ളിയാഴ്ച്ച നാലുമണിയോടെ തനി കുറുമൂരാകും.ചുവരിലെ മർഡോണയുടെ ചിത്രത്തിന്റെ ആണിയിൽ തൂങ്ങുന്ന പൂണുല് ദേഹത്തുകയറുന്നതോടെ വിസ്തരിച്ച് നീരാട്ട്.ബാഗിനുള്ളിൽ അടയ്ക്കപ്പെട്ട വെറ്റിലച്ചെല്ലം മുന്നിലെത്തും.നാലും കൂട്ടി ആസ്വദിച്ച് മുറുക്കൽ.റമ്മിന്റെയും ഇറച്ചിയുടെയും അയിത്തമണങ്ങളെ ആവാഹിച്ച് പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.അത്രയുമായാൽ എമ്പ്രാൻ വഴക്കത്തിൽ ചില ഡയലോഗുകൾ.വാക്കുകൾക്ക് ജന്മിച്ചുവ..

      "ഒരു കാലത്ത് നീയൊക്കെയിങ്ങനെ അഹങ്കാരത്തോടെ എന്റെ മുന്നിലിരിക്കില്ല. ഈ നേരം കുറുമൂരിന്റെ മുറ്റത്ത് കുഴികുത്തി കഞ്ഞിക്കിരിക്കണം" വായിക്കാനിരിക്കുന്ന സലാം മുതുകുവളച്ച് മാറിനിൽക്കും.
      "അങ്ങ്‌ട് മാറിനിക്യ മാപ്ലെ.തന്റെ പുതിയ കൗപീനം നോം എടുത്തിരിക്ക്ണു.ഇനി തിങ്കൾ പകല് കാണാം.അപ്പൊ രാത്രിയാത്രയില്ല." 
     ബിരുദാനന്തരത്തിന്റെ ആദ്യവർഷം വരെ ചെരുപ്പും ഉടുപ്പും മാറ്റിയിട്ടതും ചേർത്ത് പട്ടര് യാത്ര ചോദിക്കുമ്പോൾ സലാം പതിവ് ചിരിയുമായി റാൻമൂളി നിൽക്കും.വീട്ടുവാടകയും ഫീസുമുൾപ്പെടെ അന്നൊക്കെ കുടിച്ചും കഴിച്ചും തീർത്തത് കുറുമൂരിലെ നാളികേരത്തിന്റെ വിലയാണ്.അതുകൊണ്ട് പട്ടരുടെ കൗതുകങ്ങളെ ആകുന്നവിധത്തിൽ ആസ്വദിക്കാൻ സലാം ശീലിച്ചു.എല്ലാ ചൊവ്വയും കാട മുട്ടയ്ക്കും റമ്മിനുമൊപ്പം പട്ടരുടെ ക്ഷമാപണ ചടങ്ങ് നടക്കും.കോളേജിൽ ആ കൂട്ടിന് 'പട്ടര്സലാം' എന്നൊക്കെയുള്ള ആക്കിയ വിളികളുണ്ടായി..

      അകത്തെ മുറിയിലെ തൈലമണം ഇറങ്ങി വന്ന് മൂക്കിൽ തൊട്ടു.തലയുയർത്തി എന്തോ ചോദിക്കാൻ തുടങ്ങുമ്പോൾ മോന്തായത്തോട് ചേർന്ന കൂർത്ത പലകയിൽ സലാമിന്റെ തലമുട്ടി. പട്ടരപ്പന് വേണ്ടി  വീട് തന്നെ എതിരിടുന്നതായി തോന്നി.അകത്തെ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവ്യക്തമായി കാണാം, കട്ടിലിൽ നേർത്തതെന്തോ പുതച്ചു കിടക്കുന്നുണ്ട്. പട്ടരപ്പനാകും..

      കുളക്കടവിലേക്ക് നിലാവ് ധരിച്ചിറങ്ങിവരുന്ന പട്ടർക്ക് പൂണുലിന്റെ മറവ് പോലുമില്ല.സലാം നാണപ്പെട്ട് ചിരിച്ചു.പട്ടര് ശീലങ്ങളൊന്നും മാറ്റിയിട്ടില്ല.ഒറ്റയ്ക്ക് വീട് വാടകയ്ക്ക് എടുത്തതിന്റെ കാരണം ഈ നഗ്നതയാണ്. ആ വീട്ടിലൊരു മുറി സലാം ചോദിച്ചുചെന്നപ്പോൾ, "ഞാനെപ്പോഴും പൂർണ സ്വതന്ത്രനായിരിക്കും"എന്നൊരു മറുപടി മാത്രം.മണിക്കൂറുകൾ പുസ്തകത്തിൽ തലപൂഴ്‌ത്തുന്നതും കഴിക്കാനിരിക്കുന്നതും നൂലാമാലകളെല്ലാം അഴിച്ചെറിഞ്ഞാണ്..

     നാണമുള്ള സലാമിന്റെ കണ്ണുചെന്ന് തൊടുമ്പോഴെല്ലാം ഭൂതകാലത്തിന്റെ തഴമ്പിൽ‌ തടവിയിട്ട് 'സാക്ഷാൽ ശ്രീ കുറുമൂർമൂപ്പ് നഗ്നനാണെന്ന്' ഇടക്കിടെപ്പറയും.പെട്ടെന്ന് ഭാവം മാറ്റി ഏതെങ്കിലും നഗ്നമായ മറ്റൊരു തത്വചിന്തയിലേക്കും കൊണ്ടുപോകും

     "ഉടുപ്പുകളാണ് സലാമേ മനുഷ്യരെത്തമ്മില് തിരിക്കുന്നത്,നീയിതെല്ലാം അഴിച്ചിട്ടൊന്ന് നോക്ക്" അപ്പോഴൊക്കെ പട്ടർക്ക് ഭ്രാന്താണെന്ന് തോന്നുയെങ്കിലും,പിന്നീട് റാങ്കോടെ പാസ്സായപ്പോൾ അയാൾ തനിക്ക് കൈയ്യെത്താൻ കഴിയാത്ത ഇടത്താണെന്നും ചിന്തിക്കും.

     കുളത്തിനെ ഇളക്കിമറിച്ച് പട്ടര് നീന്തുകയാണ് "വേളിയൊന്നും നടന്നില്ലേ പട്ടരേ..?"സലാമിന്റെ വാക്കോളം പട്ടരെ തൊട്ടു.അല്പം നേരം വെള്ളത്തിനടിയിലേക്ക് ഊളിയിട്ടു.മത്സ്യാവതാരമായി ഉയർന്ന് വന്നു.വായിലെ വെള്ളം നിലാവിലേക്ക് നീട്ടിത്തുപ്പി.
      "എന്റേത് ജലസംബന്ധമാണ് സലാമേ."കൈകൾ നീട്ടിവിരിച്ച് പട്ടര് കുളത്തിന്റെ നെഞ്ചിൽ പൊന്തിക്കിടന്നു.ഊണിനും  തുണിയുടുത്തില്ല. 

      അകത്ത് എന്തോ തട്ടി വീഴുന്ന ശബ്ദം.ഭക്ഷണം പാതിയിൽ നിർത്തി, മുണ്ടുടുത്ത് പട്ടരപ്പന്റെ മുറിക്കുള്ളിൽ പോയിവന്ന പട്ടര് പിന്നെയും കുളിക്കാൻപോയി.മലത്തിന്റെ ഗന്ധവും കൂട്ടുപോയി. കഴിച്ചെഴുന്നേറ്റ സലാം ഒരു തൂണിൽ ചാരി പട്ടരെയും കാത്ത് നിലത്തിരുന്നു..അന്ത്യശ്വാസം വലിക്കുന്ന ഒരു വൃദ്ധൻ,പിന്മുറക്കാരൊന്നുമില്ലാത്ത ഒരു കിറുക്കൻ പട്ടര്.ഒരു ക്രൈംകിനാവിന്റെ തിരക്കഥ സലാമിന് കിട്ടി.അതിനെ ഭംഗിയായി രഹസ്യക്യാമറയിൽ ചിത്രീകരിച്ച്  നിലത്ത് കിടന്നു.

      കുളത്തിൽ മരിച്ചു കിടക്കുന്ന പട്ടര്.അതിനെ തെളിവുകളില്ലാത്ത ആത്മഹത്യയാക്കണം. വൃദ്ധന്റെ മരണത്തിൽ ഒരാളും അസ്വഭാവികത കാണില്ല.പട്ടരുടെ മരണം ഉറപ്പിക്കുന്നതിനു മുൻപ് കത്തിമുനയിൽ നിർത്തി സ്വത്തെല്ലാം എഴുതി വാങ്ങിക്കണം.ബാങ്കിൽ നിന്ന് ഇറങ്ങുന്നതോ,ഈ വീട്ടിലേക്ക് വന്നതോ ആരുടെയും ശ്രദ്ധയിൽപെട്ടിട്ടില്ല.ബന്ധുക്കളായി അന്നും ഇന്നും പട്ടരും പട്ടരപ്പനും മാത്രം.പട്ടരുടെ സംസാരകോണിപ്പോലും  ബന്ധുക്കളാരും ഒളിച്ചിരുന്നിട്ടില്ല..
        
      തന്റെ പേരിലേക്ക് ഈ സ്വത്തെല്ലാം മാറുമ്പോൾ നാട്ടുകാർക്കും പോലീസിനും സംശയമുണ്ടാകാതിരിക്കാൻ വിലയാധാരമായിത്തന്നെ വാങ്ങണം.ഈ സമയത്ത് മുദ്രപ്പത്രത്തിന് എവിടെപ്പോകും.? എത്ര സമയത്തിൽ ആ രേഖകളുണ്ടാക്കി തനിക്ക് പുറത്തുകടക്കാൻ കഴിയും..? പിതാവിന്റെ ചികിത്സക്ക് സുഹൃത്തിന് പട്ടര് സ്വത്തുക്കൾ പണയം വച്ചതാണെന്ന് 
അവതരിപ്പിക്കുന്നതെങ്കിൽ ആർക്കും സംശയമുണ്ടാകില്ല.പിതാവിന്റെ മരണത്തോടെ തകർന്ന മകൻ ആത്മഹത്യ ചെയ്തു.ഏറ്റവും തൃപ്തികരമായ സ്വപ്‌നന്യായത്തിലെത്തിയ സലാമിന്റെ മുഖത്ത് ആത്മവിശ്വാസമുള്ള ഒരു ചിരി പതിയെ ഉണർന്നു..

     " നമുക്കിത്തിരി തീകായാം" മുദ്രപ്പത്രങ്ങളുമായി മുന്നിൽ നിൽക്കുന്ന പട്ടര്. കാണുന്നത് സ്വപ്‌നമല്ലെന്നുറപ്പിക്കാൻ സലാം തന്റെ മുഖം ഒന്നുരണ്ടു തവണ തുടച്ചു.വിശ്വാസം വരാതെ പട്ടരുടെ നേർക്ക് കൈയുയർത്തി.അയാൾ സലാമിനെ പിടിച്ചെഴുന്നേല്പിച്ചു..
      
      "അല്ലെങ്കിലും നിനക്കിപ്പോൾ ഒരു കൈസഹായം വേണം" താൻ പിന്നെയും സ്വപ്നം കാണുകയാണോ.? അതോ പട്ടര് സഹായിക്കാൻ തുടങ്ങുകയാണോ..?സലാമിന് പിന്നെയും സമയം വേണ്ടിവന്നു.

     പട്ടരപ്പൻ കിടക്കുന്ന മുറിയുടെ ജനാലകൾ തുറന്നിട്ടിരിക്കുന്നു.അഴികൾക്കപ്പുറത്ത് കസേരയിൽ ആ മഞ്ഞിച്ച ശരീരം.മുകളിലേക്ക് തുറന്നവായ.തോളിൽ വൃത്തിയുള്ളയ കസവ്.
പട്ടര് ചിതയൊരുക്കുന്ന ആവേശത്തോടെ തീകൂട്ടാൻ ശ്രമിക്കുന്നു.ചാണക വറളികൾ നിരത്തുന്നു.  മന്ത്രങ്ങൾ ഉരുവിട്ട് കുടത്തിൽ വെള്ളവുമായി ചിതയ്ക്ക് ചുറ്റും നടക്കുന്നു.ഏറ്റവും മുകളിലിരിക്കുന്ന മുദ്രപ്പത്രങ്ങൾ കണ്ട് സലാം നിലത്തിരുന്നുപോയി.കുടം നിലത്തു വീണുടയുന്ന ശബ്ദം. എരിയുന്ന ചിതയ്ക്ക് മുന്നിൽ കൈകൂപ്പിക്കിടക്കുന്ന പട്ടര്.

      ജനാലയിലൂടെ പുറത്തേക്ക് വാ തുറന്ന് നിൽക്കുന്ന പട്ടരപ്പൻ.ചിതയിലെ പുക ഉള്ളിലേക്ക് കയറി നിറയുന്നു.പകമൂത്ത ഒരു ചിരി.പുറത്തേക്ക് നീട്ടിയൊരു തുപ്പൽ.മുറി നിറഞ്ഞ് ഒരു മഞ്ഞ വെളിച്ചം.
    'പ്ഫാ...!!'പട്ടരപ്പൻ സലാമിന്റെ നേർക്ക് കരുത്ത് കുറയാതെ ഒരാട്ടാട്ടിയിട്ട് കട്ടിലിൽച്ചെന്ന് പുതച്ചുകിടന്നു. നിലത്തേക്ക് കുനിഞ്ഞിരിക്കുന്ന പട്ടര്.സലാം തൊടാൻ ഭയന്നു.

    "പോരാട്ടമാണ് സലാമേ,കുറുമൂർ കായലിന്റെ കരയിലെ ഒരേക്കർ ഭൂമിയുടെ ആധാരമാണ്  ദഹിപ്പിച്ചത്.ഭൂമികത്തണ മണമാണ് അപ്പന്റെ ജീവൻ.അതിനുവേണ്ടി എല്ലാ വർഷവും ഞാനൊരുതുണ്ട് ഭൂമി വാങ്ങും.നിന്റെ സർക്കാര് കൊണ്ടുപോയതെല്ലാം ഞങ്ങള് തിരിച്ചുപിടിക്കും. കുറുമൂരിന്റെ നല്ല നാളുകൾ മടങ്ങിവരും.ഈ വീടുൾപ്പെടെ ആധാരമില്ലാത്ത എത്ര ഭൂമിയുണ്ടെന്ന് സലാമിനറിയോ.? അല്ലെങ്കിലും നിന്നെപ്പോലെയുള്ളവർ അറിയാതിരിക്കുന്നതാണ് നല്ലത്.നിനക്ക് കമ്പനി തുടങ്ങാൻ ആ സ്ഥലം മതിയാകും.നീയും ഇനിമുതൽ കുറുമൂരിന്റെ ആജീവനാന്ത പാട്ടക്കുടിയാൻ."മുഴക്കമുള്ള ഒരു ചിരിയോടെ പട്ടര് മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.

      കുളത്തിൽ ഞരക്കോളങ്ങൾ കേൾക്കുന്നുണ്ട്.പട്ടരപ്പോഴും ജലരതിയിലാണ്.സലാം കുറുമൂരിലെ ചിതയിൽ വീണ ഭൂമികളെക്കുറിച്ച് ചിന്തിച്ചു.ആധാരമില്ലാതായ എത്ര ഭൂമിയുണ്ടാകും.? കുറുമൂര്  പകയുള്ള രഹസ്യജപ്‌തി നടത്തുകയാണ്.പട്ടരപ്പന്റെ മുറിയിൽ നിന്നും വെല്ലുവിളിപോലെ ഒരു ചിരിയിറങ്ങി വരുന്നുണ്ടോ.?.പാതിമയക്കത്തിൽ ഭൂവുടമയാകുന്ന സ്വപ്നം സലാം കണ്ടുതുടങ്ങി. പെട്ടെന്ന് അതിലേക്ക്  ഇരുട്ടുകൾ വന്നു നിറഞ്ഞു.ആ ഭൂസ്വപ്നം വിരണ്ടോടിപ്പോയി.സലാം കിളിവാതിലിലൂടെ നോക്കി.കുളത്തിൽ പൊങ്ങിക്കിടക്കുന്ന പട്ടര്.നിലാവുവീണ വെള്ളത്തിൽ പതിഞ്ഞ ചിരിയോളം. 

       പട്ടരുടെ തെളിഞ്ഞ ചിരിയിലേക്കാണ് സലാം ഉണർന്നത്.ആദ്യമായാണ് സ്വപ്നങ്ങളില്ലാതെ ഉറങ്ങിപ്പോകുന്നത്..
      " സാമ്പത്തിക വർഷത്തിന്റെ തുടക്കമാണ് സലാമേ, നീ ചെന്ന് കുളിച്ചു വാ" 
       കറുത്ത വലിയ ബാഗും ഫയലുകളുമായി പട്ടര് മാനേജരുടുപ്പിലിരിക്കുന്നു.ചിതയുടെ സമീപം നടക്കുമ്പോൾ അല്പനേരം നിന്നു.ഭൂമികത്തണ മണത്തിന്റെ മിച്ചമെന്തെങ്കിലും ഉണ്ടോന്നറിയാൻ മൂക്കുകൂർപ്പിച്ചു.സലാമിനെ പൊതിഞ്ഞുപിടിച്ച കുളത്തിന് ഒരു വഴുവഴുപ്പൻ നാണവും കുളിരും. അകത്തെ മുറിയിലെ കട്ടിലിൽ പുത്തൻ കസവ് പുതച്ച് ഒരു മഞ്ഞവെളിച്ചം. കാറിലേക്ക് കയറുമ്പോൾ പട്ടരപ്പന്റെ മുറിയിലേക്ക് സലാം നോക്കി.ജനാലയുടെ ഒരു പാളിയിൽ കാട്ടുവള്ളികൾ പടർന്നു കയറിയിട്ടുണ്ട്. മറ്റൊന്നിനെ ആണിതറച്ച് തെറ്റാകൃതിയിൽ അടച്ചിരിക്കുന്നു. 
      
      പട്ടരപ്പന്റെ പ്ഫായുടെ താളത്തിൽ വണ്ടി ഇരച്ചുത്തുടങ്ങി.നിരത്തിലേക്ക് കടക്കുന്നതിന് മുൻപ് കുറുമൂരിന്റെ വളപ്പിലേക്ക് സലാം ഒരു തവണകൂടെ തിരിഞ്ഞുനോക്കി.ഗേറ്റിൽ "അന്യർ....." എന്നെഴുതിയ പാതിമാഞ്ഞ ബോർഡ് തൂങ്ങുന്നു.നാടുമുഴുവൻ പടരുന്ന ഇരുട്ട് ഒഴുകിവരുന്നത് ഇവിടെ നിന്നാണെന്ന് തോന്നി.ആദ്യ വളവിന് മുൻപ് കുറുമൂരിൽ ബാക്കിയുള്ള ഭൂമികൾ വിഴുങ്ങാൻ പാകത്തിന് പിൻസീറ്റിൽ പട്ടരോ പട്ടരപ്പനാണോ വായതുറന്നുറങ്ങുന്നത്..?. 

      വഴിനീളെയുള്ള സകല പറമ്പുകളിലേക്കും സലാം സംശയത്തോടെ നോക്കി.ആ കറുത്ത വലിയ ബാഗിൽ ഒരു തുണ്ട് ഭൂമി ഉരുണ്ടു വീർത്തിരിക്കുന്നുണ്ടോ.?.കണ്ണടച്ചിരിക്കുന്ന അവരുടെ മുന്നിലിരുന്ന് മിച്ചഭൂമികൾ സ്വപ്‌നം കാണാൻ അയാൾക്ക് ഭയം തോന്നി..! 

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment