Sunday 16 May 2021

വരിക്കച്ചക്കേടെ കടം കെടക്കണ്..!!

വരിക്കച്ചക്കേടെ കടം കെടക്കണ്..!!

       "അവള തള്ളേരെ തളളയ്ക്ക് നീലാമരിന്നാ അയ്യപ്പൻ വൈദ്യൻ പേരിട്ടത്.കാക്കേന്നര്ന്ന് നാട്ടാര് അന്നുവരെ വിളിച്ചോണ്ടിരുന്നത്.മരുന്ന് പറിച്ചുകൊടുത്തും അപ്പഴപ്പഴാ കെടന്നുകൊടുത്തും കാവിന്റപ്പുറത്ത് അറുപത് സെന്റാണ് ഒപ്പിച്ചെടുത്തത്,അവളെ മോൾക്ക് വൈദ്യര് 'കൈതോന്നീന്നി'ട്ടത് സ്‌കൂളിലാക്കിയപ്പം സുമതീന്നായി.അതിന്റെ മോളാണ് ഈ നിത്യകല്യാണി, അതിനെയൊക്കെ വൈദ്യന്റെ ചെറുമോനൊന്ന് തൊട്ടപ്പം ഉരുകിപ്പോയെങ്കില് നീ ചെന്ന് കേസ് കൊടുക്കാൻ പറ.." അമ്മായിയമ്മ രേവതിയെ അമർത്തിയൊന്നു നോക്കിയിട്ട് ജനാലവഴി കാവിന്റെനേർക്ക് കാർക്കിച്ചു തുപ്പി.

      നിത്യ,ആശുപത്രിയിലെ ആത്മാർത്ഥതയുള്ള സ്റ്റാഫുമാത്രമല്ല,രേവതിക്ക് മകളോളം അടുപ്പമുള്ള കുട്ടിയാണ്.അവിടെ പലർക്കും തന്റെ ഭർത്താവ്,നിഷാദുമായി വഴിവിട്ട ബന്ധങ്ങളുണ്ട്.അതിന്റെ പേരിൽ ചിലർക്ക് പണവും സമ്മാനങ്ങളും കിട്ടുന്നുമുണ്ട്.ലാബിലേക്ക് പുതുതായി വന്ന പെണ്ണ് ഒരു സുപ്രഭാതത്തിൽ പുതിയ സ്‌കൂട്ടർ വാങ്ങിയതിന് ഒരാഴ്ച മുമ്പ് നിഷാദ്‌ അവളുമായി 'എക്‌സ് റേ' മുറിയിൽ കയറിപ്പോയെന്ന സ്റ്റാഫിനിടയിലെ 'കാതുകഥ' അവളും കേട്ടിരുന്നു.ആ പെണ്ണിന്റെ ഫോണിലെ 'നിഷൂ'ന്ന പേരുകാരൻ തന്റെ ഭർത്താവാണെന്ന കാര്യം രേവതി‌‌ വിട്ടുകളഞ്ഞതാണ്. പക്ഷേ ഒരിക്കൽ നിയന്ത്രണം വിട്ടപ്പോൾ അവളെ തല്ലാൻ കൈയോങ്ങിയതുമാണ്.
        "രണ്ട് ടിഷ്യു പേപ്പറും കൊണ്ട് അയാളെ മുന്നിൽ കണ്ണടച്ചിരുന്നുകൊടുത്താൽ ഈ ആശുപത്രി പോലും എന്റെ പേരിലാക്കിത്തരും"ഒരു കൂസലുമില്ലാതെ ആ പെണ്ണിന്റെ പറച്ചിലുകേട്ട് രേവതി മിണ്ടാതിരുന്നുപോയി.ഇതു പക്ഷേയങ്ങനെയാണോ..?

    കഴിഞ്ഞ ദിവസം നൈറ്റ് ഷിഫ്റ്റിനിടയിൽ നിഷാദ് കാണിച്ചുകൂട്ടിയത് പുറത്താരുമറിഞ്ഞിട്ടില്ല. കസേരയിൽ കെട്ടിയിട്ട് നിത്യയുടെ മുഖത്തേക്ക്.പലപ്പോഴും തന്നോടും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്.ഇതുവരെ കെട്ടിയിടേണ്ടതായി വന്നിട്ടില്ല,വിളിക്കുമ്പോൾ ശവത്തെപ്പോലെ കസേരയിൽ കണ്ണടച്ചിരുന്നുകൊടുക്കും.അതും പോരാതെ ഒളിപ്പിച്ചു വയ്ക്കുന്ന ഫോണിൽ വീഡിയോയാക്കി കാണും, തന്നെ കാണിക്കും.ഡോക്ടറെന്ന നിലയിൽ നിഷാദിനെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ ആക്കാനായെന്നറിയാം, പക്ഷേ ആശുപത്രിയിൽ ഏറ്റവും ആളുകൾ വരുന്നത് അയ്യപ്പൻ വൈദ്യന്റെ ഇടംകൈയും കൈപ്പുണ്യവും അതോടെ കിട്ടിയ ഡോ:നിഷാദിനെ കാണാനാണ്.
            
       ഇതിനൊരു പരിഹാരത്തിനുവേണ്ടിയാണ് നിഷാദിനൊപ്പം അമ്മായിയേയും അമ്മാവാനെയും കൂട്ടി രേവതി തീൻമേശയുടെ ചുറ്റുമിരുന്നത്.പക്ഷേ സംഭാഷണമാരംഭിച്ചതും നിഷാദ് ശുചിമുറിയിൽ അഭയം പ്രാപിച്ചു.അതങ്ങനെയാണ് ആരെങ്കിലുമൊന്ന് ഉറക്കെ മിണ്ടിയാൽ, എന്തെങ്കിലുമൊരു കാര്യത്തിൽ തീരുമാനമെടുക്കേണ്ടി വരുമ്പോൾ നിഷാദ്‌ അവിടെച്ചെന്നിരിക്കും.മണിക്കൂറുകളെത്ര കഴിഞ്ഞാലും പുറത്തിറങ്ങില്ല.അമ്മാവനായ റിട്ടയേർഡ് ആർമി ചീഫ്,ഭാര്യ വിളമ്പുന്ന അയ്യപ്പൻ വൈദ്യചരിത്രവും കേട്ട് പുകവിടുന്നതല്ലാതെ വിഷയത്തിനോട് തീരെ ശ്രദ്ധിക്കുന്നില്ല.നിത്യ അവളെയൊരു ചേച്ചിയായി കണ്ടിട്ടാണ് സംഗതികൾ പറഞ്ഞത്.പ്രശ്നത്തിന് ന്യായമായ പരിഹാരം കാണാനുള്ള ബാധ്യത ആശുപത്രിയുടെ മാനേജരെന്ന നിലയിലും അവൾക്കുണ്ടല്ലോ.

     "പണ്ട് ആ ഇരുട്ടുള്ള മരുന്നു മുറിയിൽ വരിക്കച്ചക്കയും പഴുപ്പിച്ചിട്ട് അടിയാത്തികൾക്ക് വയറ്റിലുണ്ടാക്കിയ നിന്റെ അയ്യപ്പൻ വൈദ്യന്റെ കാലോന്നുമല്ലിത്, ഓർത്തോണം..."രേവതിക്ക്  കലിയടക്കാനാവാതെ ആ ശുചിമുറിയിയുടെ വാതിലിൽ പലതവണ മുട്ടേണ്ടിവന്നു..

           "അരി തെളയ്ക്കണ്, 
            അമ്മ വിളിക്കണ് വിട് മൊതലാളീ.
            വരിക്കച്ചക്കേടെ കടം കെടക്കണ് 
            കെട പൊലയാടി...."അയ്യപ്പൻ വൈദ്യനെ രതിപുരുഷനാക്കി ആ നാടിന്റെ ഗർഭത്തിലായ പള്ളുപാട്ട്  നിഷാദിന്റെ ചുണ്ട് പെറ്റിട്ടു.അയാൾ പതിയെ പിന്നിലേക്ക് ഒന്നു ചാരിയിരുന്നപ്പോൾ പഴക്കമുള്ള ഫ്ലെഷിന്റെ മറവിലിരുന്നൊരു ഇരട്ടവാലൻ പല്ലി ചുവരിലൂടെ പാഞ്ഞുപോയി.മങ്ങിയ വെളിച്ചമുള്ള ബൾബിന്റെ അരികിലിരുന്ന് തലചരിച്ച് അവനെ നോക്കി.അയ്യപ്പൻ വൈദ്യന്റെ കുപ്രസിദ്ധ ചക്കക്കഥ പല്ലിഭാഷയിൽ അത് ഉറക്കെയുറക്കെ പറയാൻ തുടങ്ങി.

      പണ്ട് പണ്ട്, ഈ നാട്ടിലെ മനുഷ്യരെല്ലാം പട്ടിണി വാറ്റിയെടുക്കുന്ന കാലം.ആ, മരുന്ന് പുരയിലെ ഇരുട്ട് മുറിനിറയെ തേൻവരിക്കച്ചക്കകൾ കൂട്ടിയിട്ടിട്ട് നമ്മുടെ അയ്യപ്പൻ വൈദ്യൻ വാതിലിന്റെ പുറത്ത് മൂടിപ്പുതച്ചങ്ങനെ കിടക്കും.മരുന്ന് പറിക്കാനും, മുക്കൂട്ടിന് അരയ്ക്കാനും വരുന്ന പെണ്ണുങ്ങൾക്ക് അതിന്റെ മണമേറ്റ് സഹികെടും..
           "എന്ത് മൊതലാളി ഈ കെടപ്പ്, തീരെ വയ്യേ..?" എന്നൊക്കെ ചോദിച്ച് മണം പിടിച്ചങ്ങനെ ചുറ്റിപ്പറ്റി നിക്കും.പക്ഷേ അവരുടെ നോട്ടമത്രയും മരുന്ന് മുറിയിലേക്കായിരിക്കും. 
           "ഒട്ടും വയ്യ പിള്ളേ, അകത്ത് ചക്കയൊണ്ട് പഴുത്ത് പഴുത്ത് കെടക്കണ് എടുത്തോണ്ടക്കെ തിന്നോളിൻ..." എന്നും പറഞ്ഞ് വൈദ്യൻ വീണ്ടും പുതച്ചങ്ങനെ കിടക്കും.
           ഏതെങ്കിലും പെണ്ണ് ചക്കയെടുക്കാൻ കയറിയാൽ ആദ്യം അങ്ങേര് ഒന്നും ചെയ്യൂല.ചക്ക തേൻ വരിക്കയല്ലേ.?കൊതിമൂത്ത പെണ്ണ് പിന്നേം വരുമെന്ന് വൈദ്യർക്ക് അറിയാം.പിറ്റേന്ന് പെണ്ണ് ചക്കയ്ക്ക് കേറണതും പുതപ്പും കളഞ്ഞ് വൈദ്യന്റെ പണി തുടങ്ങും.ഇടത്തേ കൈകൊണ്ട്  ഒരു  ഉടുമ്പുപിടുത്തമുണ്ട് അതീന്ന് വിടുവിച്ച് പോരാൻ അങ്ങനെ ആർക്കും പറ്റൂല,ആളിത്തിരി മർമ്മാണിയാണ്. വലിയ കുതിപ്പ് കാണിച്ചാൽ ചൂണ്ട് വിരല്കേറ്റി ഒറ്റക്കുത്ത്,അതിന് തടവാനും ഇവിടത്തന്നെ വരണം.

       നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങൾക്കും ഇതൊക്കെയറിയാം.സത്യം പറഞ്ഞാല് ചിലരെല്ലാം അറിഞ്ഞോണ്ട് തന്നെ വന്ന് കേറണതാണ്.ഇടത്തേ നെഞ്ചും തടവി കുഴമ്പും വാങ്ങി പെണ്ണുങ്ങള് ഓടണതും നോക്കി വൈദ്യന്റെ ഒരു ചിരിയുണ്ട്.പെണ്ണുങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ ആ മരുന്ന് പുരക്കും വൈദ്യന്റെ മുഖമാണെന്ന് തോന്നും.. 
 
      ഒരിക്കെ ചക്കമണം കേട്ട് ചെന്നത് നീലാമരിയുടെ മോളായിരുന്നു.അന്നവൾക്ക് പന്ത്രണ്ടുപോലും തികഞ്ഞിട്ടില്ല.പെണ്ണിന്റെ കരച്ചിലും നെഞ്ചും തടവിയുള്ള ഓട്ടവും കണ്ടോണ്ട് നിന്ന നീലാമരി, മരുന്നു പുരയിലേക്ക് ചുണ്ടിലഞ്ചാറ് കെട്ട് പള്ളുമായി ഇരച്ചുചെന്നു.വൈദ്യര് നീലാമരിയെ കഴുത്തിന് തൂക്കിപ്പിടിച്ച് ഇരുട്ട് മുറിയിലോട്ട് കൊണ്ടുപോയി.എന്നിട്ടോ? പിറ്റേന്നു മുതൽ വൈദ്യര് ചക്കയിട്ടിരുന്ന ഇരുട്ടുമുറിയിൽ താമസമാക്കി.എന്താവശ്യത്തിനും മരുന്നുപുര വിട്ട് പുറത്ത് വരില്ല.ആരു ചെന്ന് വിളിച്ചാലും മുഖം കൊടുക്കില്ല.ഒരാൾക്കും അവിടേക്ക് പോകാനും അനുവാദമില്ല.നിന്റെ തള്ളയെ കെട്ടാൻ ആർമ്മിക്കാരൻ വന്ന കാലത്തുപോലും വൈദ്യര് പുറത്ത് വന്നിട്ടില്ല.സുമതിയെ തൊട്ടതിന് നീലാമരി കൂടോത്രത്തിൽ കിടത്തിക്കളഞ്ഞെന്നാണ് എല്ലാരും പറയുന്നത്.പുഴുവരിച്ച് കിടന്നിട്ടല്ലേ ആർക്കെങ്കിലും ഒന്നു കേറിച്ചെല്ലാനായത്.. 

      പെട്ടെന്നൊരു കാല്പെരുമാറ്റം കേട്ട പല്ലി,കഥ പൂർത്തിയാക്കാനാവാതെ പുറത്തെ ഇരുട്ടിലേക്ക് ചാടിമറഞ്ഞു.നിഷാദ്‌ ഫോണിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നിത്യയുടെ വീഡിയോ തുറന്ന്, പല തവണ കണ്ടു.

      "എന്നാൽപ്പിന്നെ അങ്ങനെമതി,നാളെ ഞാനാ പെണ്ണിനേയുംകൊണ്ട് സ്റ്റേഷനിലോട്ട് പോകും. ഇവനെപ്പോലെ ഭ്രാന്തന്മാർ അകത്ത് കിടക്കട്ടെ"രേവതി, അമ്മായിയുടെ നേർക്ക് ചീറിയിട്ട് കിടപ്പുമുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു..

      നിത്യയൊന്നു വിചാരിച്ചാൽ വിഷയം വളരെ ഭംഗിയായി കൈകാര്യം ചെയ്യാനൊക്കെ കഴിയും, അവളെ കെട്ടാനിരിക്കുന്ന പയ്യൻ പാർട്ടിയിലൊക്കെ സജീവമാണ്.അതുമാത്രമല്ല ആർമിക്കാരന്റെ രാഷ്ട്രീയ എതിരാളിയും.രേവതിക്ക് ആ സാധ്യത ചിന്തിക്കാനേ കഴിയില്ല.അതിപ്പോൾ വേണ്ടെന്നാണ് നിത്യയും പറഞ്ഞത്.

       ഒരിക്കൽ അമ്പലമുക്ക് ആൽത്തറ വായനശാലയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഉദ്‌ഘാടനത്തിൽ പട്ടാളമാഹാത്മ്യം വിളമ്പിയ ആർമിക്കാരനെ പയ്യൻ പൊളിച്ച് പാളീസാക്കിയിരുന്നു. "സൈനികരെക്കാൾ വലിയ രാജ്യസ്നേഹികളാണ് കർഷകരും തോട്ടികളും " പ്രസംഗം കേട്ടുനിന്നവരെ മുഴുവൻ കൈയടിപ്പിക്കുന്ന തരത്തിൽ പയ്യനത്‌ സമർത്ഥമായി അവതരിപ്പിക്കാനും കഴിഞ്ഞു. തീർന്നില്ലേ,പട്ടാളക്കാരന്റെ മുഴുവൻ അഹന്തയും.പയ്യനെ കൊല്ലാനുള്ള പകയോടെയാണ് അന്നയാൾ വേദിവിട്ടിറങ്ങിയത്.

      "നികുതി തിന്നുതീർക്കുന്ന സൈന്യവും തോക്കുകളും" പയ്യന്റെ ലേഖനം പത്രത്തിൽ അടിച്ചു വന്നത് വായിച്ച ആർമിക്കാരൻ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവച്ചു.രാജ്യദ്രോഹവും നിരോധിത സംഘടനയിലെ അംഗത്വവും പയ്യനിൽ ആരോപിച്ച ഒരു പരാതി ഭരതൻ സി ആറെന്ന കള്ളപ്പേരിൽ മിലിട്ടറി ഇന്റലിജൻസിലേക്ക് അയയ്ക്കാനും മറന്നില്ല. 
 
       ആർമിക്കാരന്റെ മുതുകത്ത് വെടി കിട്ടിയത് മഞ്ഞുമലയിൽ തൂറാനിരുന്നപ്പോഴാണെന്ന്, പയ്യൻ നാട് മുഴുവൻ കഥയിറക്കിപോലും.അതിന്റെ പേരിൽ അവർ ഉന്തുംതള്ളുമായി.എന്തായാലും അവന്റെ കൈയും കാലും, ഉത്സവത്തിന് മുൻപ് ഒടിച്ചിടാൻ മിലിട്ടറി കോട്ടയിലെ മൂന്ന് കുപ്പിയും പതിനായിരം രൂപയും ചിലവാക്കി ആർമിക്കാരൻ കാത്തിരിപ്പിലാണ്.ആ പയ്യന് നിത്യയുമായിട്ടുള്ള ബന്ധമൊക്കെ ആർമിക്ക് അറിയാമെന്നാണ് തോന്നുന്നത്.മോന്റെ വൃത്തികേടുകൾക്ക് അയാളുടെ ചുണ്ടിലൊരു വഷളൻ ചിരി മാത്രമേയുള്ളൂ.

      "പോലീസ് മാത്രമല്ല ആണ്പിള്ളേര് ഈ വീട്ടിൽ കേറിനിരങ്ങും.മോനെയവര് മിച്ചംവയ്ക്കത്തില്ല.." മേശയിലിരുന്ന കൂജയിലെ വെള്ളം ഒരു കവിളു കുടിച്ച് മുറിയിലേക്ക് വീണ്ടും നടക്കുന്ന രേവതിയുടെ നേർക്ക് കൂജയും ഉയർത്തിപ്പിടിച്ച് ആർമിക്കാരൻ പാഞ്ഞുചെന്നു. അമ്മായിയമ്മ നടുവിൽ ചെന്നുനിന്നെങ്കിലും രേവതി ഒരടി പിന്നോട്ട് പോയില്ല.അമ്മായി അവളെ കഴുത്തിന് പിടിച്ചുതളളി.
കൂജയിലെ വെള്ളം അവളുടെ മുഖത്തേക്ക് ഒഴിച്ചിട്ട് ആർമ്മിക്കാരൻ തീൻമേശയിൽ മുറുക്കിയിടിച്ചു.എന്നിട്ടും രേവതിയുടെ നോട്ടം താണില്ല.മുറിയിലേക്ക് പാഞ്ഞുപോയി വന്ന ആർമിക്കാരന്റെ കൈയിൽ ഇരട്ടക്കുഴൽ തോക്ക്, രേവതിയുടെ മുലകൾക്കിടയിൽ കുത്തിപ്പിടിച്ച് എന്തൊക്കെയോ അലറി.അമ്മായി തോക്ക് പിടിച്ചുവാങ്ങി മുറിയിലേക്ക് പോകുമ്പോൾ ആർമിക്കാരൻ അവളെ കഴുത്തിൽ പിടിച്ചുയർത്തി.മരണത്തിന്  മുൻപുള്ള മൂന്നാമത്തെ ചുമയിലെത്തിയപ്പോൾ അവളെ നിലത്തിട്ടു..

      "അങ്ങനെ എന്തെങ്കിലുമുണ്ടായാൽ അതീന്ന് ഒരുണ്ട ഞാൻ നിനക്കുവേണ്ടി ചിലവാക്കും.." ആർമിക്കാരന്റെ വാക്കുകൾക്കിടയിൽ ചുവരുചാരി രേവതി പതിയെ എഴുന്നേറ്റു നിന്നു.

     "നീലാമരീടെ കുറ്റിയിലെ ഒരുത്തനും ഇവിടെ കേറിവരാതെ നോക്കാൻ എനിക്കറിയാം..." ആർമിക്കാരന്റെ ദേഷ്യത്തിന്റെ താളത്തിൽ കൂജ നിലത്തു വീണുചിതറി.ബോംബ് വീണ ശാന്തത. ടോയിലെറ്റിൽ നിഷാദിന്റെ മൊബൈലിലേക്ക് വീഴുന്ന നോട്ടിഫിക്കേഷൻ തുള്ളികളുടെ ശബ്ദം. രേവതി അവിടേക്ക് നോക്കിയിട്ട് കഴുത്തും തടവി മുറിയിലേക്ക് പോയി..

      കട്ടിലിൽ അല്പനേരമിരുന്നു.നാളെ നിത്യയോട് പറയാനുള്ള വാക്കുകൾക്ക് പരതി.ഇല്ല, ഇങ്ങനെ ചിലതൊന്നും പറയാനുള്ള വാക്കുകൾ ഭാഷയിലില്ല.കൂജയിലെ ജീരകവെള്ളത്തിന്റെ രുചി മേലാകെയുണ്ട്.രേവതി കിടന്നു.ഉറക്കത്തിലേക്ക് പോകാൻ കണ്ണിലെ നനവ് സമ്മതിക്കുന്നില്ല. വാതിൽ തുറന്ന് കിടക്കുന്നു.മുറിയിലേക്ക് ഹാളിലെ വെളിച്ചം കയറി വരുന്നുണ്ട്.പതുങ്ങി വരുന്ന ഫോണിന്റെ നീലവെട്ടം.നിഷാദ്‌ കയറിക്കിടക്കാൻ തുടങ്ങിയതും രേവതി പെട്ടെന്ന് ചരിഞ്ഞു..

     കാൽ വിരലുകൾകൊണ്ട് നിഷാദിന്റെ വിളി.കട്ടിലിന്റെ താഴെ മാറോളം തുണിതാഴ്ത്തി അഭിമുഖം ഇരുന്നുകൊടുക്കണം.ഇന്നുവരെ മുടക്കിയിട്ടില്ല.വിളിയുടെ ആവേശം കൂടുന്നു.അത് ചവിട്ടുകളായി പരിണമിക്കുന്നു.ഇല്ല എഴുന്നേൽക്കില്ല,ഇനി ആ ഇരുപ്പില്ല ഒന്നുമില്ല.ഒരു ഗുസ്തിക്കാരന്റെ ആവേശത്തോടെ നിഷാദ്‌ രേവതിയെ മറിച്ചുകിടത്തി.രോമക്കാലുകൾ തീർത്ത കവണയ്ക്കിടയിൽ രേവതി അമർന്നു കിടന്നു.അവൾ തന്റെ കണ്ണുകൾ നിഷാദിന്റെ നേർക്ക് കത്തിച്ചുപിടിച്ചു. അയാൾക്കത് ചെയ്യുമ്പോൾ എല്ലാവരും കണ്ണുകൾ അടച്ചുപിടിക്കണം.നിഷാദിന്റെ നോട്ടം തലയിണയിൽ ചാരി വച്ചിട്ടുള്ള ഫോണിന്റെ സ്ക്രീനിലേക്കാണ്.അതിൽ ഒളിച്ചുനോട്ടത്തിന്റെ എല്ലാ സുഖങ്ങളും പകർന്ന് ആരൊക്കെയോ അഭിനയിക്കുന്നുണ്ട്.

      രേവതിയുടെ നോട്ടം നിഷാദിന്റെ ഇടതുകൈയുടെ ആന്തോളനത്തിലേക്ക് വീണു. അവസാനത്തെ നാളുകളിൽ അയ്യപ്പൻ വൈദ്യർക്ക് മൂത്രക്കുഴൽ പിടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് നീലാമരിയുടെ  കൂടോത്രരഹസ്യം പിടികിട്ടിയത്.ചരിഞ്ഞ മുറിവിൽ നിന്ന് പഴുപ്പ് കുത്തിക്കളഞ്ഞ് ബാക്കിയറ്റത്ത് പ്ലാസ്റ്ററും ഒട്ടിച്ച്, റ്യുബ്‌ പിടിപ്പിച്ചപ്പോൾ മുതൽ അമർത്തിവച്ചിരുന്ന ഒരു പടുകൂറ്റൻ ചിരി രേവതിയിൽ  ഉരുളുപൊട്ടി..   

      നിഷാദിന്റെ ഇടംകൈ നിലച്ചു.രേവതിയുടെ ചിരിയപ്പോഴും തിമിർത്തു പെയ്യുകയാണ്.അവളുടെ നോട്ടം നിഷാദിനെ തളർത്തി.അവളുടെ കവിളിൽ എത്ര അടിച്ചിട്ടും നിഷാദിന് മതി വരുന്നില്ല. രേവതിക്ക് പക്ഷെ ചിരിയും നിയന്ത്രിക്കാൻ കഴിയുന്നില്ല.നിഷാദ്‌ ടോയിലെറ്റിലേക്കോടിപ്പോയി. അപ്പോഴും ആംഗലേയ ശീൽക്കാരങ്ങളുമായി ഒരു പെണ്ണും മൂന്നാണും രതിക്കുന്ന ഫോണിന്റെ സ്ക്രീനിലേക്ക് രേവതി നോക്കി.പിന്നെയും ചിരി.ടോയിലെറ്റിൻ്റെ വാതിലിലേക്ക് അവൾ അതിനെ എടുത്തെറിഞ്ഞു.ചുണ്ടിന്റെ ഇടതുകോണിൽ ഒരു തുള്ളിച്ചുവപ്പ്. 'നിനക്ക് നൊന്തോടീന്ന്' ചോദിച്ച ആ ചോരമൊട്ടിനെ രേവതി ചൂണ്ടുവിരലിൽ ഒപ്പിയെടുത്തു..

       തീൻ മേശയിലിരുന്ന രേവതിയുടെ ഫോൺ സന്ദേശപ്പെട്ടുവിറച്ചു.അവളെഴുന്നേറ്റ് മുടി കെട്ടി മുഖം കഴുകി മേശയിൽ വന്നിരുന്നു.നിത്യയുടെ നമ്പർ തിരഞ്ഞു.മെസ്സേജ് അയക്കാമെന്നാണ് ആദ്യം കരുതിയത്.എന്നിട്ടും വിളിക്കാനായി നമ്പറിൽ തടവി.അപ്പുറത്തെ കിടപ്പുമുറിയിൽ നിന്നും 'ഞാനുറങ്ങിയിട്ടില്ലെടീന്ന്' ഭീഷണിയുമായി ആർമിക്കാരന്റെ ഇരട്ടചുമകളിറങ്ങിവന്നു.രേവതി അടുക്കള വാതിലിലൂടെ പുറത്തേക്കിറങ്ങി,പറമ്പിന്റെ നടുവിലെ മരുന്നുപുരയുടെ നേർക്ക് നടന്നു.ആദ്യ ബെല്ലിനുതന്നെ നിത്യ ഫോണെടുക്കും,അവളൊരു തീരുമാനം കാത്തിരിക്കുകയാണ്..

          "നീയൊന്നു വേഗം മരുന്ന് പുരയിലേക്ക് വാ.." ഒറ്റവരിയിൽ രേവതി ഫോണിലെ സംഭാഷണം അവസാനിപ്പിച്ചു.നിത്യയുടെ വീട്ടിനും മരുന്ന് പുരയ്ക്കുമിടയിലെ തേയ്മാനം സംഭവിച്ച ആ ഒറ്റയടി പാതയിൽ നിലാവ് വീണ് തിളങ്ങുന്നു.വൈദ്യന്റെ വിളികൾക്ക് നീലാമരിയും സുമതിയും ചൂട്ടും വിളക്കുമായി അതുവഴി നടന്നുവന്നിട്ടുണ്ടാകാം.കൈവരിയിലിരുന്ന രേവതി അവിടേക്ക് നോക്കി. ഫോണിന്റെ നൂലുവെളിച്ചം, ഭയപ്പെട്ട താളത്തിൽ നിത്യയും പതിയെ നടന്നു വരുന്നുണ്ട്.

     "ചേച്ചി..."രേവതി അവളെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചിട്ട് തന്നോട് ചേർത്തുനിർത്തി. നെറ്റിയിൽ പലതവണ ഉമ്മ വച്ചു.രണ്ടുപേരും മരുന്നു പുരയുടെ പടിയിലിരുന്നു.രേവതി നിത്യയുടെ  വിറയുള്ള തണുത്ത കൈ തന്റെ കൈയിലെടുത്ത് പതിയെ തലോടി.നിത്യ,രേവതിയുടെ തോളിലേക്ക് ചാരിയിരുന്നു.
        " നീയെന്തു തീരുമാനിച്ചു..?" രേവതിയുടെ ചോദ്യത്തിലേക്ക് നിത്യ പകപ്പോടെ നോക്കി.
        "എണീറ്റ് വാ പെണ്ണേ.." നിത്യയെ കുഞ്ഞുങ്ങളെപോലെ രേവതി ചേർത്തുനടത്തുന്നു.മരുന്ന് പുരയുടെ വാതിലിന്റെ മുകളിൽ അയ്യപ്പൻ വൈദ്യന്റെ വലിയ ചിത്രത്തിൽലേക്ക് നിത്യ ഭയത്തോടെ നോക്കി.അതാ ആ ഇരട്ട വാലൻ പല്ലി.മരുന്നു മണങ്ങളുടെ കൂട്ടയാക്രമണം അവൾ നേരിട്ടു. നെറ്റിയിൽ ഭയച്ചുളിവ് വീണു.
        "നീലാമരിയുടെ കൊച്ചുമോളാണ് നീ.." നിത്യയുടെ മുഖത്ത് 'ഇപ്പോഴിതെന്തെന്ന' ചിരി വന്നു.
        "നിങ്ങളിപ്പോ താമസിക്കുന്ന ആ പറമ്പും പണ്ട് ഇവിടുത്തെയായിരുന്നു.അതുപോലെ പലർക്കും അയ്യപ്പൻ വൈദ്യൻ പലതും എഴുതിക്കൊടുത്തിട്ടുണ്ട്.."നിത്യയുടെ കണ്ണുനിറഞ്ഞു.മുഖം കുനിഞ്ഞു. ആ പെണ്ണിന്റെ മാനത്തിനാണോ താനിപ്പോൾ വിലപറഞ്ഞത്? നിഷാദിന് വിധേയപ്പെടാൻ താനവളോട് ആവശ്യപ്പെട്ടതാണോ.? രേവതിയുടെ ഉള്ളിൽ ചോദ്യക്കാരമുള്ളുകൊണ്ടു.നിത്യ വിതുമ്പലോടെ അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു നിന്നു..

      "നിന്റെ നീലാമരിക്ക് അറിയാത്ത മരുന്നൊന്നും ഈ ഭൂമിയിലില്ല..."നിത്യയുടെ മുഖം പിടിച്ചുയർത്തിയ രേവതിക്ക് കവിളിൽ വിരിഞ്ഞ നുണക്കുഴിയുടെ ഭംഗിയിൽ അസൂയ തോന്നി. അതിനരികിലെ നേർത്ത ചുവപ്പൻ വരകൾ കണ്ട്, നിഷാദിന്റെ ഇടതുകൈയൂക്ക് ഉള്ളിൽ തികട്ടി വന്നു.കണ്ണു നിറച്ച് നിത്യയെ കെട്ടിപ്പിടിച്ചു.അവളുടെ വിറ തീരുവോളം അങ്ങനെ നിന്നു.എന്നിട്ട്
അവളെ തിരുമുകട്ടിലിൽ ഇരുത്തിയ രേവതി,അകത്തെ ഒരു മുറിയിലേക്ക് കയറിപ്പോയി..

     മരുന്നൊരുക്കുന്ന കറുപ്പൻ മേശയുടെ നാവ് പിഴുതെടുത്തപ്പോൾ പണ്ടെന്നോ മടക്കി വിഴുങ്ങിയ ഒരു പേനാക്കത്തി കിട്ടി.നാവ് പിൻവലിക്കുമ്പോൾ ആ മേശ 'സൂക്ഷിക്കണെ മോളേന്ന്' ഓർമ്മിപ്പിച്ചു. രേവതി അതിനെയൊന്ന് തടവി.പുറത്ത് വൈദ്യര് കത്തിക്ക് വരഞ്ഞതിന്റെ പാടുകൾ.നിത്യയെ  മടിയിലേക്ക് രേവതി കിടത്തി.അവർ കുറേനേരം ഒന്നും മിണ്ടിയില്ല.രേവതിയവളുടെ മുടിയിലൂടെ വിരലോടിച്ചു നിത്യ വയറ്റിലേക്ക് പതുങ്ങി.

     "നാളെയും നിനക്ക് നൈറ്റ് തന്നെയാണ് പെണ്ണേ,പക്ഷേ ഇതുകൂടെ നിന്റെ കൈയിൽ വച്ചോണം.  പണ്ട് നീലാമരി, വൈദ്യർക്കുള്ള മരുന്നിന് കാഞ്ഞിരത്തിന്റെ കടുപ്പൻവേര് കൊത്തിയെടുത്തത് ഇതുകൊണ്ടാണ്..."പഴക്കമുള്ള പത്രക്കടലാസിൽ പൊതിഞ്ഞ കൊമ്പിന്റെ പിടിയുള്ള പേനാക്കത്തിയുടെ തിളക്കത്തിലേക്ക് നിത്യ കൗതുകത്തോടെ നോക്കി..

   "നിനക്കിതുകൊണ്ടും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കില്,ഞാനൊരു വെടിക്കെട്ട് പരിപാടി ഒപ്പിക്കും." മരുന്ന് പെട്ടികളുടെ ഇടയിലിരുന്ന പല്ലി അതുകേട്ട് ഊറിച്ചിരിച്ചു രേവതിയുടെ നോട്ടംകൊണ്ടപ്പോൾ വാലു മുറിച്ചിട്ട് നിലത്തുകിടന്ന പത്രക്കടലാസിലേക്ക് നുഴഞ്ഞു കയറി.നിലത്തു പിടയുന്ന വാലിലേക്ക് നോക്കിയ നിത്യയുടെ കവിളിൽ രേവതി പതിയെ നുള്ളിയിട്ട് കണ്ണടച്ചുകാണിച്ചു. അവളുടെ നുണക്കുഴി ഭംഗിയാഴമിട്ട് തെളിഞ്ഞു.തുടർച്ചയായി ചുമപൊട്ടുന്ന ആർമിക്കാരന്റെ മുറിയുടെ ജനാലയിലേക്ക് രേവതിയുടെ നോട്ടം ചെന്നുകൊണ്ടു..

      നിത്യയെ ചേർത്തുപിടിച്ച്  കാവിന്റെ അരികിലൂടെ നീലാമരീയുടെ വീട്ടിലേക്ക് നടക്കുമ്പോൾ രേവതിയുടെ മൂക്കിലേക്ക് പറമ്പിന്റെ ഏതോ കോണിൽ നിന്ന വരിക്കച്ചക്കയുടെ കൊതിപ്പിക്കുന്ന മണം പെരുത്തു.     
         "പെണ്ണേ,നല്ല മണം"
         "അതും തേൻ വരിക്കയാണ് ചേച്ചി.."ചിരിക്കുന്ന നിത്യയുടെ നുണക്കുഴിയിലേക്ക് നിലാവ് വന്നു നിറയുന്നു.രേവതി അവളെത്തന്നെ നോക്കി നിന്നു.വീട്ടിലേക്ക് കയറുന്ന നിത്യ, വലതുകൈയിൽ തിളക്കമുള്ള പേനാക്കത്തി മുറുക്കെപ്പിടിച്ചിട്ടുണ്ട്.ആ പെണ്ണിന്റെ നടപ്പിനൊട്ടും ഭയമുണ്ടായിരുന്നില്ല. വൈദ്യന്റെ മുഖമുള്ള മരുന്നു പുരയുടെ ഇരുട്ടിലേക്കൊന്ന് ചിരിച്ചിട്ട് രേവതിയും സാവധാനം വീട്ടിലേക്ക് നടന്നു...!! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636