Monday 29 May 2017

കശാപ്പ്

കശാപ്പ്..!!

ഇരുണ്ട കാവി നിറമായിരുന്നു മാധവന്..എന്നെക്കാൾ മൂന്ന് വയസിനിളയത് എന്നിട്ടും  കിട്ടിയ ഇടി യുടെ വേദനയിൽ  ഞാൻ അമ്മമ്മയെ വിളിച്ചു കരഞ്ഞുപോയി.....

അല്ലെങ്കിലും അതിനറിയോ എനിക്കതെന്നുപറഞ്ഞാൽ ജീവനാണെന്ന്.
വെള്ളിയാഴ്ച്ച  സ്കൂളുവിട്ടുവന്ന് വയലിന്റെ കരയിൽ നിൽക്കണ പറങ്കിമാവിൽ വലിഞ്ഞുകേറി, മീറിന്റെ ഈ കണ്ടകടിയൊക്കെ കൊണ്ട് ,അണ്ടീം മാങ്ങേം പറിച്ച്...അത് തിരുമി അണ്ടി ദൂരെയെറിഞ്ഞ് മുഴുത്ത മൂന്ന് പഴവും കൈയിൽ നീട്ടിപ്പിടിച്ച് ആ ജന്തൂന്റെ മുന്നിൽ ചെന്നപ്പോൾ, വെറളിപിടിച്ചപോലെ തലയും കുലുക്കി ഒറ്റയിടി.വീണുകിടന്ന എന്റെ മുകളിലൂടെ ഒരു കുതിച്ചുചാട്ടം..എന്റെ കരച്ചിൽ കേട്ടുവന്ന എളേമ്മയ്ക്കും കിട്ടി ഒരിടി..വല്യപ്പൻ ഓടിവന്ന് അതിന്റെ കയറിൽ പിടിച്ച് പറങ്കിമാവിൽ കെട്ടി, ആ കയറുതന്നെ രണ്ടായി മടക്കി കുറേ അടികൊടുത്തു.. വയലിൽ ചത്തതുപോലെ കിടന്ന എന്നെ പൊക്കിയെടുത്ത് അവരുപോകുമ്പോളുണ്ട്...മാധവന്റെ വായിൽ ഞാൻ കഷ്ടപ്പെട്ട് പൊട്ടിച്ച പറങ്കിമാങ്ങ.ഈ നന്ദികെട്ടവന് കൊടുക്കാൻ തന്നെയല്ലേ ഞാൻ കൈയും നീട്ടിപ്പിടിച്ച്  അതിന്റെ മുന്നിൽ ചെന്നത്...?

എന്റെ നെറ്റിയിൽ ചെറിയൊരുമുറിവ് മാത്രം.എളേമ്മയെ അകത്ത് ശിവങ്കുട്ടിവൈദ്യര് ചവിട്ടി തടവണുണ്ട്.
തൈലത്തിന്റെ നല്ലമണം...

ശനിയാഴ്ച്ച ഉച്ചയ്ക്ക് നന്ദിനീന്റെ തൊഴുത്തിലിനോടുചേർന്ന തെങ്ങിൽ കെട്ടിയിരുന്ന മാധവനെ ബഷീർ സായ്വ് അഴിക്കണത് കണ്ടപ്പോഴാ എനിക്ക് കാര്യം മനസിലായത്....
മാധവനെ കശാപ്പിന് കൊടുത്തു ആറായിരം രൂപയ്ക്ക്.ഞാൻ ഓടിച്ചെന്ന് കയറിൽ പിടിച്ചുതൂങ്ങി കരയാൻ തുടങ്ങി....ബഷീർ സായ്വിനെ കടിച്ചു...അയാളെന്നെ ചിരിച്ചുകൊണ്ട് തള്ളിമാറ്റി...ന്റെ കൈയിലിരുന്നെ അച്ചിങ്ങകൊണ്ട് സായ്വിനെ ഞാനെറിഞ്ഞു.അമ്മാമ്മ ചിരിച്ചോണ്ട് ഓടിവന്ന് എന്നെ എടുത്തോണ്ട് പോയി...
കരഞ്ഞും വഴക്കിട്ടും  അന്നുറങ്ങാനായില്ല.

സായ്വിന്റെ കശാപ്പു ഞാൻ പലതവണ കണ്ടിട്ടുണ്ട്. കണ്ടത്തിട്ടയിൽ അങ്കണവാടി കെട്ടിടത്തിന്റെ കുറേമുകളിൽ, റബ്ബർ തോട്ടത്തിന്റെ ഒത്തനടുക്ക്  എല്ലാ ഞായറും കശാപ്പുണ്ടാകും..ശനി അങ്കണവാടീലേക്ക് പോണവഴി ഇരട്ടപോസ്റ്റിൽ കശ്ശാപ്പിനുള്ള മൂരിയെ കെട്ടിയിട്ടുണ്ടാകും. നിറയെ കച്ചിയും, ചരുവത്തിൽ കാടിയും.. ഒരു ദേശത്തിന്റെ രുചിയായി ആ ജന്തു അവിടെയുണ്ടാകും..ഇരട്ടപോസ്റ്റിന്റെ മൂരിയെ കെട്ടണ ആ ഭാഗത്തിന് ഒരുവല്ലാത്ത നിറമാണ്...അവിടെ കെട്ടിയതൊക്കെ പിറ്റേന്ന് കശാപ്പുരയിൽ തീർന്നിട്ടുണ്ട് ഉറപ്പ്  .

..ബഷീർ സായ്വ് നാടിന്റെ സ്വന്തം കശാപ്പുകാരനാ, വെളുപ്പിന് നാലുമണിക്ക് കൂട്ടപ്പു കാലിച്ചന്തയിൽ ചെന്ന് മൂരിയെ വാങ്ങി, കനാലിൽ ഇറക്കി കുളിപ്പിച്ച്, ഈ ഇരട്ടപോസ്റ്റിൽ കൊണ്ടുകെട്ടും...അതിന് പിന്നെ ആരൊക്കെയാ വെള്ളം കൊടുക്കണത് എന്നൊന്നും സ്ഥിരല്ല...പഴത്തൊലിയും ഹോട്ടലിലെ ഭക്ഷണത്തിന്റെ ബാക്കിയും..കച്ചിയും അതിന്റെ മുന്നിലുണ്ടാകും...

ഞായർ രാവിലെ സുബ്ഹി കഴിഞ്ഞാൽ, സായ്വിന്റെ അനിയനും, കശാപ്പിന്റെ  സഹായി മണിയൻ പിള്ളയും ചേർന്ന് ഇരട്ടപോസ്റ്റിൽ നിന്നും അതിന് അഴിച്ച്, റബ്ബർ മരങ്ങൾക്കിടയിലെ മഞ്ഞണാത്തി മരത്തിൽ കെട്ടും, പിന്നെന്താണ് നടക്കണതെന്ന് ആ നാട്ടിൽ ആർക്കും അറിയില്ല...തേക്കിലകളും സഞ്ചിയുമായി ഞങ്ങളെത്തുമ്പോൾ നാലു കയറുകളിൽ അതിന്റെ ഇറച്ചി അങ്ങനെ തൂങ്ങി നിൽക്കും... തല ഒരുവശത്തായി വരുന്നവരെ നോക്കി ഇരുപ്പുണ്ടാകും..വായിൽ കച്ചിത്തുണ്ട് കടിച്ചുപിടിച്ച്.... മാംസത്തോടു ചേർന്ന കൊഴുപ്പും, കരളും, ഇറച്ചിയും നുറുക്കിയ എല്ലും എന്ത് കൃത്യായിട്ടാ മാറ്റിയിടണത്...ബഷീർ സായ്വ് ഇറച്ചിവിളമ്പണത് വീട്ടുകാരുടെ എണ്ണം നോക്കിയാണ്. തുക വെറും പറ്റുബുക്കിൽ മാത്രം..ഒരു കിലോയിൽ താഴെയേ എല്ലാരും വാങ്ങാറുള്ളു. എന്നിട്ടും  പിറ്റേന്ന് പകലും ദോശയോടൊപ്പം ഇറച്ചിയുണ്ടാകും...

ഇതിപ്പോൾ ന്റെ മാധവനെക്കുറിച്ച് എനിക്ക് ഓർക്കാനേ വയ്യ.. നാളെ നേരം വെളുത്താൽ മാധവന്റെ ഇറച്ചി വാങ്ങാൻ ഞാനും തേക്കിലയുമായി പോകേണ്ടിവരും...

നന്ദിനി പെറ്റിട്ടതുമുതൽ തുടങ്ങിയതാ ഞങ്ങളൊരുമിച്ച് ജീവിക്കാൻ...
തൊഴുത്തിന്ന് ഞാൻ മാറീട്ടില്ല...

നന്ദിനി അരേം ഇടിക്കൂലാ. ആ അകിടീന്ന് ഞാൻ വരെ കറന്നിട്ടുണ്ട്..അവൾക്ക് തിന്നണം , തൊഴുത്ത് നിറയെ ചാണകമിടണം, ശശിയാശാന്റെ കാളേടെ മുന്നിൽ നിന്ന് കൊടുക്കണം, പ്രസവിക്കണം, പെറ്റുകൂട്ടണം , അല്ലാതെ ഒന്ന് ചിരിക്കാൻ പോലും നേരമില്ല...മാധവൻ വന്നതുമുതലാണ് ഈ വീട്ടിനാകെ ഒരിളക്കമുണ്ടാത്. ഇളകീന്ന് പറഞ്ഞാൽ പോര ഒരു വശം ചരിഞ്ഞൂന്ന് തന്നെ പറയണം. തൊഴുത്തിന്റെ കുറ്റി വീടിന്റെ ഓലകൊണ്ട് മറച്ച ഒരു ചുവരായിരുന്നു...വീടിളകിത്തുടങ്ങിയതുമുതൽ. തൊഴുത്തിന് പുറത്ത് തെങ്ങിലാ അവനെ തളച്ചത് . ഇടക്കിടെ തെങ്ങിന്റെ തലയിളകുന്നത് കണ്ടാൽ അമ്മാമ്മ മാധവോന്ന് ഒറ്റവിളി...പിന്നെ അനക്കമുണ്ടാകില്ല... ഒരു മിനിറ്റ് കഴിഞ്ഞാൽ തെങ്ങിളകും.

എന്ത് കിട്ടിയാലും അവൻ തിന്നും. കുച്ചിഐസും, ചർക്ക മിഠായിയും , മിച്ചറും, ഒരിക്കൽ എന്റെ പാത്രത്തീന്ന് മീനും ചോറും വരെ തിന്നു. അമ്മയറിഞ്ഞാൽ എനിക്കും അവനും കിട്ടും. ഞാനാരോടും പറഞ്ഞില്ല. ഇതിപ്പോ എന്നെ ഇടിച്ചതിന്റെ പേരിൽ അവനെ കശാപ്പിന് കൊടുത്തതിൽ എനിക്ക് സഹിക്കാൻ കഴിയണില്ല..

ചക്കപ്പഴം വച്ച എലേപ്പം തിന്നിട്ടും എനിക്ക് രുചി തോന്നീല.. അല്ലെങ്കിൽ ഏലേപ്പത്തിന്റെ ഇല മാധവൻ തിന്നണത് കാണാൻ തന്നെ എന്തൊരു രസാന്നോ...ആരും കാണാതെ ഇലയോടൊപ്പം ഒരു അപ്പവും ഞാൻ ഒളിച്ചുവയ്ക്കും...

ഇപ്പൊ ഇരട്ടപോസ്റ്റിന്റെ മുന്നിൽ നാട്ടുകാർ കൊടുത്തതൊക്കെ ആസ്വദിച്ചു  തിന്ന് ആ മണ്ടൻ മൂരി നിൽക്കണുണ്ടാകും. നിലത്തിട്ട പായിൽക്കിടന്ന് ഞാനോർത്തു..

ബഷീർ സായ്വിനെ യും മണിയൻപിള്ളേം ഇടിച്ചു തെറിപ്പിച്ച് കൃഷ്ണാന്നും വിളിച്ച് എന്റെ നേർക്ക് ചാടിത്തുള്ളി.....
അതാ വരുന്നു. മാധവൻ... ഞാൻ കയറിൽ പിടിച്ചു വലിയോട് വലി അവൻ നിൽക്കണില്ല...എന്നേം വലിച്ച് ആറ്റിന്റെ തീരത്തൂടെ ഓടടാ ഓട്ടം...
അമ്മ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു. വിയർത്തുകുളിച്ച് ഞാനുറങ്ങി....

തേക്കിലയും പിടിച്ച് ജയണ്ണൻ വന്നപ്പോഴാ പിന്നെ മാധവനെ ഓർത്തത്...ഞാൻ കശാപ്പുപുരയിലേക്ക് ഓടി എല്ലാരും ഇലകളും പിടിച്ചു നിൽക്കുന്നു..ചിലർ വാങ്ങിപ്പോയ് കഴിഞ്ഞു...മാധവന്റെ തലയിരിക്കുന്നിടത്ത് ചോരയൊലിച്ചിറങ്ങിയിട്ടുണ്ട്..കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ട്...
എന്റെ കാലിൽ വല്ലാത്തൊരു നനവ്.. സായ്വ് എന്നെ നോക്കി ചിരിച്ചു.. ജീവൻ വിട്ടിട്ടില്ല തുടയിറച്ചിയുടെ ഭാഗം ഇപ്പൊഴും തുടിക്കുന്നുണ്ട്..

"ആഹ് കൃഷ്ണകുട്ടിക്ക് ആ ചങ്ക് ഭാഗം നോക്കി വെട്ടിക്കൊടുക്കെടാ മണിയാ...."

ഞാൻ കരയാൻ തുടങ്ങി...
കെട്ടിത്തൂക്കിയിട്ടുള്ള മാധവന്റെ കാലുകളിൽ നോക്കി കരയുന്നതിനിടയിൽ. ഞാൻ ഒരു കാര്യം കണ്ടു...ന്റെ നീല ഗോട്ടികൾ ആ കുളമ്പിനടിയിൽ ഒളിപ്പിച്ചിരിക്കുന്നു  കള്ളൻ..

പിന്നെ എനിക്ക് ഓർമ്മ വരുമ്പോൾ എന്നെ  അവന്റെ ഇരുണ്ട കാവിത്തോലിന്റെ പുറത്ത് ബഷീർ സായ്വ് ചേർത്തിരുത്തിയിരിക്കുന്നു... മണിയൻ
വെള്ളത്തിൽ കൈ മുക്കി  എന്റെ മുഖത്ത് കുടയുന്നു...രക്തം കലർന്ന വെള്ളം. ജയണ്ണന്റെ സൈക്കിളിന്റെ പിന്നിലിരുന്ന്..വീട്ടിലേക്കുപോകുമ്പോൾ ഇളം ചൂടുള്ളയിറച്ചി ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു....

അന്ന് രാത്രി ഉരുളക്കിഴങ്ങുചേർത്ത ഇറച്ചി കഴിക്കുമ്പോൾ അമ്മ പറയുന്നത് കേട്ടൂ...
മാധവന്റെ കാശ് കിട്ടീട്ട് വേണം ഈ പുരയൊന്ന് മേയാൻ....കഴിച്ച ഇറച്ചി തുപ്പിയ എന്റെ തുടയിൽ അമ്മ നുള്ളി...

ഒരു മിണ്ടാപ്രാണീന്റെ ജീവനാ നീ തിന്നണത്.
അതിനെ വിറ്റകാശിനാ നാളെ ഈ പുരപണിയേണ്ടത്...

എരിവ് പറ്റിയിട്ടോ, നുള്ളിന്റെ നോവിലേ, മാധവനെ ഓർത്ത് ഏങ്ങലടിച്ചിട്ടോ, ന്റെ കണ്ണു നിറഞ്ഞിരുന്നു....!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Saturday 20 May 2017

സാൽ വ ജുദൂം...!!

*സാൽവ ജുദൂം...!!

അദ്ധ്യായം, ഒന്ന്
സമാധൻ ബറ്റാലിയന്റെ വരവ്...

കാഞ്ചിമൂട് ഗ്രാമത്തിന് വൃത്തികെട്ടൊരു മൗനമുണ്ടായത് ഫോറസ്റ്റ് പരിധിയിൽ സമാധൻ ബറ്റാലിയൻ ക്യാമ്പടിച്ചതുമുതലാണ്. "അവൻ വീണ്ടും വരുന്നു കർത്താവിൽ വിശ്വസിച്ച് രക്ഷപ്രാപിക്കുവിൻ" എന്നുറക്കെ പ്രസംഗിച്ചുകൊണ്ടിരുന്ന ഗബ്രിയേൽ ബ്രദറിന്റെ സുവിശേഷയോഗത്തിലെ മൈക്ക് സെറ്റ് ഊരിയെറിഞ്ഞ് അവർ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പഞ്ചായത്തുകിണറ്റിന്റെ കരയിൽ കരയിൽ പോലും നാലാളുകൂടാൻ പാടില്ല. വായിൽക്കിടന്ന നുണകൾ പുറത്തിറക്കാൻ കഴിയാതെ തന്റെ നാവിന്റെ ചൊറിച്ചിൽ അയൽക്കൂട്ടം പ്രസിഡന്റ്, വിലാസിനി രണ്ട് ഈർക്കിലുകൾ ചേർത്ത് വടിച്ചുകളഞ്ഞു.പന്തയിലും കരിമൺകുളത്തും ചെറുപ്പിലും ബറ്റാലിയൻ ദിവസം മൂന്ന് നേരം പരേഡ് നടത്തി. പറങ്കി മാവിൽ നിന്നു വീണ് നൊസ്സ് പിടിച്ച കുഞ്ഞനിയൻ ഒരു കൂസലുമില്ലാതെ അവർക്ക് പിന്നാലെ മാർച്ചുചെയ്തു. ക്യാമ്പിന്റെ അരികുപറ്റിനിന്ന കൊച്ചനിയൻ പഴയ ബൂഡ്സും റൊട്ടിയും ധരിക്കാനും കഴിക്കാനും തുടങ്ങി. മദ്യക്കുപ്പികൾ കഴുത്തിലണിഞ്ഞു. ഇക്കാലങ്ങളിൽ ഒരു വാർത്തയും നാട്ടിലേക്കുവന്നില്ല. പുറത്തേക്കും പോയില്ല.. കുഞ്ഞനിയന്റെ നേർക്ക് ഒരു തോക്കും കുരച്ചില്ല. തപാലാഫീസ് ഒഴികേ കവലയിലൊന്നും തുറന്നുപ്രവർത്തിച്ചില്ല. വർഷങ്ങൾക്കുമുമ്പുള്ള *ഇരുപത്തൊന്ന് മാസത്തെ ഇരുണ്ട അതേ മുഖമായിരുന്നു കാഞ്ചിമൂട് ഗ്രാമത്തിന്.

അദ്ധ്യായം, രണ്ട്
അപകടകരമായ ചില കത്തുകൾ..

ചാന്ദ്നി, കെവ്റാതല പി. ഓ. ബംഗാൾ എന്ന വിലാസത്തിൽ നിന്നും ജുദൂംബാരിക്കുവന്ന കത്താണ് ഇതിന്റെയെല്ലാം തുടക്കം. തപാൽ ശിപായിയും ഗ്രാമത്തിലെ മുഖ്യ കാര്യവാഹഹുമായ സി ഗണേഷ്. കത്ത് രഹസ്യമായി പോസീസിലേല്പിച്ചു രാജ്യസ്നേഹിയായി. ഇതുവരെ ഒരൊറ്റ കത്തും വരാതിരുന്ന ജൂദൂം ബാരി, ഈങ്ക്വിലാബ്, പന്ത പി ഓ എന്ന വിലാസത്തിൽ ഇപ്പോൾ രാജ്യത്തിന്റെ പലകോണുകളിൽ നിന്ന് കത്തുകൾ വരുന്നു. അതും ഒരേ കൈപ്പടയിൽ. ജുദൂം അടുത്തിടെയായി കത്തുകളുണ്ടോ എന്ന് അന്വേഷിക്കാനും തുടങ്ങിയിരിക്കുന്നു. കത്തിലെ വിവരങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്നതാകയാൽ. വിലാസക്കാരന് ഒരു നക്സൽ പശ്ചാത്തലം ഉള്ളതിനാലും പോലീസ് അധികാരികൾക്ക് അത്  കൈമാറി.

അടിയന്തിരവസ്ഥക്കാലത്തെ ഒരു പാവം പോലീസുകാരന്റെ അനന്തരവനായിരുന്നു. സിംഹം സണ്ണിയെന്ന, സണ്ണിപടക്കൽ. കഴിഞ്ഞ ദിവസങ്ങളിൽ പോലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ചതിന് ജുദൂംബാരിയെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേന്ന് വിട്ടയയ്ക്കുകയും ചെയ്തു...

അദ്ധ്യായം മൂന്ന്
കുഞ്ഞനന്ദൻസ് പ്ലംബിഗ് വർക്ക്സ്..

സെന്റ് മേരീസ് മായം
യൂ പി സ്കൂളിന്റെ റിട്ടയേർഡ് ഹെഡ്മാസ്റ്ററും. കുഞ്ഞനന്ദൻസ് പ്ലംബിംഗ് വർക്സ് ഉടമയും, ജുദൂമിന്റെ മുതലാളിയുമായ കുഞ്ഞനന്ദൻ മാസ്റ്ററെ ക്യാമ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ക്യാമ്പിനുള്ളിലെ തോക്കുകൾ കണ്ടുവിയർത്ത കുഞ്ഞനന്ദൻ വിയർക്കുകയും. മൂത്രിക്കുകയും ജീവിതത്തിൽ ചെയ്തതെല്ലാം ഏറ്റുപറയുകയും ചെയ്തു.

ആകെ ആറുമാസം മാത്രമേ ജുദൂംബാരി ആ സ്കൂളിൽ പഠിച്ചിട്ടുള്ളൂ. വാപ്പ മെഹ്ദൂംബാരി 1972 ജുലൈ 28 ന് ആത്മഹത്യചെയ്തതിനു പിന്നാലെ ജമയത്തിലെ ചില ആളുകൾ അവനെ കൊല്ലത്ത് ഒരു യത്തീംഖാനയിൽ ചേർത്തു. അന്ന് 1967 മെയ് 25 ഡേറ്റ് ഓഫ് ബർത്തുള്ള അവന്റെ ടീ. സി ഒപ്പിട്ടുകൊടുത്തത് ഞാനായിരുന്നു. പിന്നെ ഞാൻ വിരമിച്ച് ഈ സ്ഥാപനം തുടങ്ങിയപ്പോൾ ഐ റ്റി ഐ പ്ലംബിംഗ് പാസായ സർട്ടിഫിക്കറ്റുമായി ഇവിടെ വന്നു. ഞാൻ ജോലി കൊടുത്തു.  മൂന്ന് മാസം മുന്നേ സെന്റ് മേരീസ് യൂ പി സ്കൂൾ അദ്ധ്യാപികയായ എന്റെ മകൾക്കുണ്ടായ ഒരു പ്രതിസന്ധി അവൻ പരിഹരിച്ചുകൊടുത്തു... കുട്ടികളുടെ എണ്ണത്തിൽ അല്പം കൃത്രിമത്തം കാണിച്ചായിരുന്നു നാലുഡിവിഷൻ നിലനിന്നിരുന്നത് . ഉച്ചക്കഞ്ഞിയുടെ കണക്കിൽ പെരുപ്പിച്ച് കാണിച്ചതും ഉപയോഗിക്കാത്തതുമായ പത്തോളം ചാക്ക് അരിയും പയറും രാത്രിയിൽ   സ്കൂളിൽ നിന്നും കടത്തി കുന്നിന്റെ മുകളിലുള്ള അവന്റെ വീടിന്റെ പിന്നിൽ കുഴിച്ചിടാനും കത്തിച്ച് കളയാനും എത്തിച്ചുകൊടുത്തു...  ആ ദുഷ്ടൻ ആദിവാസികോളനിയിൽ വിതരണം ചെയ്തു.   സ്കൂളിൽ കഞ്ഞി വച്ചാലും എന്നും ബാക്കിയാകും പാൽക്കാരൻ രഘുവിന്റെ പെണ്ണ് കാടിയായി കൊണ്ടുപോകുന്നതാണ് പതിവ്.

ഒന്നര മാസം മുന്നേ റബ്ബറു വെട്ടുകാരേം കൂട്ടിവന്ന് എന്നോട് കൂലി കൂടുതൽ ചോദിച്ചു. പാതിക്ക് പാതിപോരാ ഇനി തേഭാഗ* മാത്രമേ തരൂത്രേ...നാലുഡിവിഷനും എന്റെ മകളുടെ ഭാവിയുമോർത്ത് അത് സ്കൂളിൽ നിന്ന് മോഷ്ടിച്ചതായി എഴുതണം എവിടെവേണോം ഞാനൊപ്പിട്ട് തരാം....

അദ്ധ്യായം നാല്
രാഷ്ട്രീയ പ്രതിസന്ധികൾ.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ വിമതനെ നിർത്തി. പാർട്ടിയുടെ കമ്മറ്റിയംഗത്തെ തോല്പിച്ചത് ആ കുലം കുത്തിയാണ് . അവന്റെ വാപ്പയ്ക്കും ഈ കുഴപ്പമുണ്ടായിരുന്നു. അതിന് ശരിക്ക് കൊടുത്തതാ. ക്രിക്കറ്റ് കളിക്കണ ചെക്കന്മാർക്ക് കള്ളും കഞ്ചാവും കൊടുത്ത് ആ കുന്നിന്റെ മുകളിലെ ഒളിസങ്കേതത്തിൽ യോഗം ചേർന്നും പുതിയ പാർട്ടിയുണ്ടാക്കാനായിരുന്നു പ്ലാൻ. അവരൊക്കെ പാർട്ടീടെ യുവജനസംഘടനയിലെ അംഗങ്ങളാ..പന്ത ക്രിക്കറ്റ് ക്ലബ്ബിന്റെ പേരുമാറ്റി റെഡ് സ്റ്റാർസ് എന്നാക്കീത് അവന്റെ പാർട്ടിടെ പേര് ചേർക്കാനാ... കുന്നിന്റെ മുകളിലെ വീടൊന്ന് നോക്കണം, ഭൂമി,ഉപജീവനം ,പരിസ്ഥിതി , പോരാട്ടം എന്നൊക്കെ എഴുതി ഈ പിള്ളേരെ കൊലപാതകികളാക്കും. അവൻ മറ്റേ വിപ്ലവത്തിന്റെ ആളാ ഏത് കഴുത്ത് വെട്ടേ കഴുത്ത്...ഒരിക്കൽ പാർട്ടിയാഫിസിക് കേറിവന്ന് സെക്രട്ടറിയെ തല്ലി. അലമാരയൊക്കെ വലിച്ചിട്ടു. ഞങ്ങളും ഒന്ന് കൊടുക്കാൻ കാത്തിരിക്കേർന്ന് അവന്റെ ബാപ്പയെപ്പോലെ  എവിടേലും പോയി കെട്ടിത്തൂങ്ങി ചത്തുകാണും...

അദ്ധ്യായം അഞ്ച്
അയിഷാ- ജുദൂം ലിവിംഗ്....

ജുദൂമിന്റെ പെണ്ണെന്ന നിലയിലാണ് അയിഷയെ പോലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തത്. എന്നാൽ അവർ വിവാഹിതരായിരുന്നില്ല. ജുദൂമിക്ക അയിഷാത്തയെ വിവാഹം കഴിക്കുന്നത് ഏക സഹോദരനായ അലിക്ക് ഇഷ്ടായിരുന്നു. കുന്നിൻ പുറത്തെ സ്ഥലം അയിഷയുടെ പേരിലെഴുതി, ഒരു ചെറിയ പുരയുടെ പണി തുടങ്ങിയിരുന്നു. അലിക്ക് ഗൾഫിൽ പോകാനും പുരപണിയാനും കുറച്ച് സ്ഥലം. ഇറച്ചിവെട്ടുകാരൻ ബഷീറിന്റെ മോനുവിറ്റു. അതിലെ കാശുമായി വിസയെന്നും പറഞ്ഞ് അലിയും ജുദൂമിക്കയും ഇൻഡ്യ മുഴുവൻ കറങ്ങി. ജുദൂമിക്കയുടെ പേരിലുള്ള ഒരു ഗ്രാമത്തിലും അവർ പോയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ നാലുമാസം മുന്നേ സിംഹം പോലീസ് ജുദൂമിക്കയെ സ്റ്റേഷനിൽ കൊണ്ടുപോയി തല്ലി കലിങ്കിലിരുന്ന് ബീഡി വലിച്ചതിനാണത്രേ. എന്തോ അടിയന്തരാവസ്ഥയെക്കുറിച്ച് ജുദൂമിക്ക തർക്കുത്തരവും പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വച്ച് ഹെഡ് കോൺസ്റ്റബിൾ ഇക്കയുടെ വാപ്പയുടെ മരണത്തെപ്പറ്റി എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുന്നും പറഞ്ഞ് ഇക്ക ഒത്തിരി കരഞ്ഞു. വീട്ടുമുറ്റത്തെ പ്ലാവിൽ കേറാൻ അറിയാത്ത വാപ്പ അയണിമരത്തിന്റെ തുഞ്ചത്ത് കെട്ടിത്തൂങ്ങി ചത്തത് എങ്ങനാണെന്ന് ചോദിച്ചു...ഗൾഫിൽ പോകുന്നതിന്റെ തലേന്ന് വനത്തിനു നടുവിലെ വലിയ അയണിമരത്തിന്റെ തുഞ്ചത്ത് ഇക്ക കെട്ടിവച്ചതാണ് ചുവന്ന നക്ഷത്രമുള്ള കൊടി..

സ്ഥലത്തിന്റെ പ്രമാണവും, പറമ്പ് വിറ്റകാശിന്റെ ബാക്കിയും ഇക്ക എന്നെ ഏല്പിച്ചിട്ടുണ്ട് . ഇക്ക തിരിച്ച് വരും തീർച്ച....

അദ്ധ്യായം ആര്
തോക്കിന്റെ കഥ പറഞ്ഞ് മാപ്പുസാക്ഷി...

ആലയിൽ ഗോവിന്ദൻ ജുദൂമിന്റെ പിന്നിൽ സെറ്റുചെയ്ത ക്യാമറയ്ക്കുമുന്നിലാണ് മാപ്പുസാക്ഷിയായത്. ആലയിൽ കൃഷ്ണൻ എന്ന എന്റെ അപ്പൻ മെഹ്ദൂം എന്ന ജുദൂമിന്റെ വാപ്പയ്ക്ക് ഉണ്ടാക്കിക്കൊടുത്തതുപോലെ തോക്ക്, കത്തി വടിവാൾ എന്നിവ ഉണ്ടാക്കിക്കൊടുക്കണമെന്ന് ഒരു സംഘം യുവാക്കളുമായി വന്ന് ഭീഷണിപ്പെടുത്തി. ബോംബ് നിർമ്മിക്കാനുള്ള വെടിമരുന്ന് എത്തിച്ചു കൊടുത്തില്ലെങ്കിൽ വീടടക്കം കത്തിക്കുമെന്നും ഭയപ്പെടുത്തി...

എന്ന്
ആലയിൽ ഗോവിന്ദൻ

അദ്ധ്യായം ഏഴ്
ലുക്കൗട്ട് നോട്ടീസ്...

ഈ ചിത്രത്തിൽ കാണുന്ന ജുദൂം ബാരി, (50 വയസ് വെളുത്ത ശരീരം മെലിഞ്ഞ ശരീരം ) ടിയാൻ ആത്മഹത്യചെയ്ത  പഴയ നക്സൽ നേതാവ്  മെഹ്ദൂം ബാരിയുടെ മകനും. മായം യൂ പി സ്കൂൾ ആക്രമിച്ച് അരികടത്തിയ കേസിലും രാജ്യസുരക്ഷയെ ബാധിക്കും വിധം നക്സൽ സംഘടനകളെ സാമ്പത്തികമായി സഹായിക്കുകയും, പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പദ്ധതിയിടുകയും, തോക്ക് ബോംബ് തുടങ്ങിയ മാരക ആയുധങ്ങൾ കൈവശം വയ്ക്കുകയും ചെയ്ത് കേസിലെ പ്രതിയാണ്. നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ Cr no 147/2017 U/s UAPA ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർക്ക് കേന്ദ്രസർക്കാർ അഞ്ചുലക്ഷം ഇനാം പ്രാഖ്യാപിച്ചിട്ടുള്ളതാകുന്നു...

ഫ്ലാഷ് ബാക്ക്

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ചെക്കൻ കാലുമാറിയതിന്റെ പിറ്റേന്ന് . അയിഷയുടെ വീടിന്റെ പ്ലംബിംഗ് വർക്കുകളെക്കുറിച്ച് കുന്നിൻ മുകളിലെ വീടിലിരുന്ന് ചിന്തിക്കുകയായിരുന്ന ജുദൂമിന്റെ ശരീരം ഒരിലപോലെ താഴേക്ക് പോയി. നാലുവശത്തെ ചുവരും,  വശങ്ങളിലെ മണ്ണും ചേർന്ന് ആത്മീയ പാത സ്വീകരിച്ച പഴയകാല നക്സലുകൾക്ക്* പുതിയ ഭരണകൂടം നൽകുന്ന Z കാറ്റഗറി സുരക്ഷയൊരുക്കി...
ക്യാമ്പടിച്ച പട്ടാളക്കർക്ക് കുഴിക്കക്കൂസിന് അവിടം തൃപ്തികരമായിരുന്നു...!!

* സാൽവ ജൂദൂം - 2005 ൽ സർക്കാരിന്റെ നക്സൽ വിരുദ്ധപോരാട്ടം ശുദ്ധികരണ വേട്ട

*തെഭാഗ- നക്സൽ ബാരിയിലെ ആശയം ജന്മിക്ക് വിളയുടെ  മൂന്നിലൊന്ന്..

*സമാധാൻ - ബി ജെ പി  സർക്കാരിന്റെ നക്സൽ വിരുദ്ധസേന

*1967 മെയ് 25 നക്സൽ ബാരി സംഭവം

* 1972 ജൂലൈ 28 ചാരുമജൂം ദാർ മരണം

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Saturday 13 May 2017

അഭിയാൻ

അഭിയാൻ...!!

മഞ്ഞപെയിന്റിൽ വരച്ച  കൂർപ്പിച്ചപെൻസിലിന്റെ മുകളിലിരുന്ന് പാഞ്ഞുപോണ കുട്ടികൾക്ക് അഭിയുടേം നീതൂന്റേം അതേ   രൂപാട്ടോ...

ഒരിക്കൽ വിജയേട്ടനോട് ഇതു  പറഞ്ഞതിന് നട്ടെല്ലിൽ  ഒറ്റചവിട്ടായിരുന്നു മറുപടി  കട്ടിലിൽ നിന്ന് വീണതിന്റെ വേദന ഇനീം മാറീട്ടില്ല...

"നിന്റെ മനസിലിരുപ്പെനിക്കറിയാം അല്ലേലും കുട്ടീന്റെ ഫീസടയ്ക്കാൻ നേരായാൽ നിനക്കൊരിളക്കാട്ടോ. കടയിലൊരിത്തിരി കച്ചോടം കിട്ടിയാൽ എനിക്കറിയാം. എന്ത് ചെയ്യണോന്ന് മഠത്തിലെ അമ്മമാർ നടത്തണ ആ സ്കൂളിന്റെ ഏഴയലുവക്കത്ത് വരോ നിന്റെ പോത്തുക്കുടി ജി യൂ പി എസ്."

അന്ന് നേരം വെളുക്കുവോളം ഞാൻ  കരഞ്ഞു.അതിലുപരി നട്ടെല്ലിന്റെ വേദനമാറാൻ എത്ര കഷായാ കുടിക്കേണ്ടി വന്നത്.

അതിനിടയിലാണ് ഇന്നത്തെ സംഭവം... ശശിധരൻ മാഷിന്റെ മൂത്തമോൾടെ  കുട്ടിടെ പിറന്നാളിന് ബ്രിജിത്ത് മിസ് വന്നില്ലായിരുന്നെങ്കിൽ. അഭിയെ ഞാൻ കൊണ്ടുപോകാതിരുന്നെങ്കിൽ... ബ്രിജിത്ത് മിസിന്റെ സാരിയിൽ അച്ചർ വീണില്ലായിരുന്നെങ്കിൽ..
അല്ലെങ്കിലും ആ സുന്ദരിക്കോതയെ ആരാ നോക്കാത്തത്.? വിജയേട്ടൻ പോലും നാവെടുത്താൽ അതിന്റെ പേരേ പറയൂ....
ഒരു വക വൃത്തിയായി പഠിപ്പിക്കില്ല.അഭീടെ ക്ലാസ് ടീച്ചറാത്രേ.  എങ്കിലും ആ പൊലിമയിൽ ആരും വീഴും...

നീതിസ്റ്റോറിൽ ക്ലർക്കായിരുന്ന  എനിക്ക് ഈ  സ്കൂളിൽ ജോലികിട്ടീട്ട് ഒന്നരക്കൊല്ലായിട്ടേയുള്ളു. അഭിമോൻ തേഡിലും  ആയിട്ടേയുള്ളു.... സെന്റ് മേരീസ് എൽ കേ ജിയിൽ നീതൂനേം ചേർത്തു..എല്ലാം വിജേട്ടന്റെ തീരുമാനാട്ടോ. നീതുനെ ഞാനെന്റെ സ്കൂളിൽ ചേർക്കാന്നു പറഞ്ഞതിന് വിജേട്ടനും നാത്തൂനും. അമ്മായിയപ്പനും ചേർന്ന് എന്തൊക്കെപ്പറഞ്ഞു...

ഉച്ചക്കഞ്ഞീൽ പുഴുവാത്രേ, ഓണം കഴിഞ്ഞാലും പുസ്തകം കിട്ടില്ലാത്രേ. ടീച്ചർമാരൊന്നും സ്മാർട്ടല്ലാതേ. ഇംഗ്ലീഷില്ലെങ്കിൽ ഇനിയുള്ള കാലം എങ്ങനെ നേരിടുമെന്നും...
ഒടുവിൽ വാട്സ് ആപ്പിൽ വന്ന ഒരു തമാശക്കഥയും വിജേട്ടൻ ഉറക്കെ വായിച്ചു...
ഞാനൊറ്റയായി..

ആ സുന്ദരിക്കോതയെ കണ്ടതും...
മിസ്സേന്നും വിളിച്ച് അഭിമോൻ തൊഴുതുനിന്നു. തീർന്നില്ലേ. അപ്പൊ ഉറക്കെ വാർഡ് മെമ്പർ സദാനന്ദന്റെ വക കമന്റ്...

"ആഹാ ശാലിനി ടീച്ചറേ... നിങ്ങടെ  കുട്ടി ബ്രിജിത്തിന്റെ സ്കൂളിലാ എന്നിട്ടാണോ നാട്ടിലൊക്കെ നടന്ന് കുട്ടികളെ പോത്തുകുടിയിലേക്ക് കൊണ്ടുവരാൻ നോക്കണത്.."
പന്തലിൽ നിന്നോരൊക്കെ
എന്ത് ചിരിയാർന്നു. എല്ലാരും എന്നേം അഭീനേം വല്ലാതെ നോക്കി...  ദേ ഈ എച്ച് എം ഇല്ലേ ഇങ്ങേരുടെ മക്കളും. ഇപ്പൊ പത്താം പിറന്നാളുകാരിയും... എവിടാ പഠിച്ചത് ബ്രിജിത്തിന്റെ സ്കൂളിലല്ലേ...? സ്കൂളിനായി അഹോരാത്രം പണിചെയ്യണ...ഈ മെമ്പറുടെ മക്കളോ...? മെമ്പറുടെ വിപ്ലവ നേതാക്കാാരുടെ മക്കളോ..? മെമ്പറുടെ മോൾ ലിന്റാ മറിയാ,  മലയാളം പറഞ്ഞ കുട്ടിയെ പട്ടിക്കൂട്ടിലിട്ട സ്കൂളിലല്ലേ പഠിക്കണത്...? എന്റെ മാത്രാണോ സ്കൂളിലെ ആറുപേരുടേം മക്കൾ എവിടാ പഠിക്കണതെന്ന് എനിക്കറിയാം. കഴിഞ്ഞ ആഴ്ച്ചത്തെ പൊതുവിദ്യാലയ യജ്ഞത്തെ ക്ലസ്റ്ററിൽ ക്ലാസ് എടുക്കാൻ ആർ പി യെ   ഇറക്കിവിട്ടത് എന്തിന്റെ പേരിലാണെന്നറിയില്ലേ...?
അതൊന്നുമല്ലല്ലോ മുഖ്യ കാരണം ലോകത്തിലെ എല്ലാ വിദ്യാഭ്യാസ പരീക്ഷണവും ഗിനിപ്പന്നികളെപ്പോലെ ഈ മക്കളുടെ പുറത്തല്ലേ ? ഫെസ്റ്റുംകളും കഞ്ഞിക്കണക്കും, ഗ്രാന്റും  കഴിഞ്ഞാൽ  എവിടാ പഠിപ്പിക്കാൻ സമയം...
ആ മക്കളുടെ അടുത്തൊന്നിരിക്കാൻ കൂടെ സമയം കിട്ടാറില്ലാട്ടോ..നാട്ടുകാരു പറയുന്നതിലും ചിലതൊക്കെ കാര്യോണ്ട്.
ഇത്തവണ എവിടെന്നോ കുറേ കാശ് കിട്ടീട്ട് പുതിയ കെട്ടിടോക്കെ കിട്ടി...ഒരു ചെറിയ മാറ്റോക്കെ ഉണ്ട്.

കുട്ടികളെ സ്കൂളിൽ വിടോന്ന് ചോദിക്കാൻ കോളനീ ചെന്നപ്പം. ഒരു നശിച്ച തള്ള ആനി ടീച്ചറോട് ചോദിച്ചതിപ്പൊഴും ഉള്ളിൽ  തീപോലെ നിക്കണുണ്ട്...
ആനി ടീച്ചർക്ക് നല്ല തൊലിക്കട്ടിയാർന്നു. അതോണ്ട് അത് നന്നായി ന്യായികരിച്ചു...

"എന്റെ കുട്ടിയെ ബഡ്സ് സ്കൂളിൽ വിടാൻ എന്റേ കാശുണ്ട് നിങ്ങൾക്കതില്ലല്ലോ അമ്മേ..."

ആനീടെ അമ്മേന്നൊള്ള വിളിയിൽ അവരും തണുത്തു.  അതിലെ  ന്യായമില്ലാന്ന്  എനിക്കറിയില്ലേ.

അനീടെ കെട്ടിയോൻ തൊട്ടടുത്തെ എയ്ഡഡ് ഹൈസ്കൂളിൽ മലയാളം മാഷാ....
ക്ലസ്റ്ററിൽ മാഷിന്റെ ഭാഷാപ്രേമം കേൾക്കുമ്പോൾ എനിക്ക് ചിരിവരും. ഒരിക്കൽ അതും പറഞ്ഞ് ഞങ്ങളൊക്കെ ചിരിച്ചു..ആകെ രണ്ട്  ഡിവിഷനേ ഉള്ളൂ അതിൽ ഒന്ന്  ഇംഗ്ലീഷ് മീഡിയം. പിന്നെന്തുപറഞ്ഞിട്ടും കാര്യമില്ല ഇവിടേം ഇംഗ്ലീഷ്  മീഡിയം മതി...

ഒന്നുറപ്പ്...
നാളെ വിജയേട്ടൻ എന്നെ കൊന്നാലും ശരി, നീതുനേം അഭിയേം ഞാനെന്റെ സ്കൂളിൽ ചേർക്കും പോത്തുകുടീൽ ഞാനുണ്ടല്ലോ...അങ്ങനെ അഭീന്റെ ക്ലാസ് ടീച്ചറാകാനെങ്കിലും ആകൂല്ലോ...

നീതും അഭീം ബാലരമ വായിക്കുകയായിരുന്നു...
ഡാകിനി അമ്മുമ്മയുടെ കൈയിൽ നിന്ന് ഡിം കുപ്പി നിലത്തേക്കു വീണു... കുപ്പിപൊട്ടി മായാവീടെ തോളിലിരുന്ന് രാജുവും രാധയും രക്ഷപെട്ടു....

ശാലിനീടെ ഉള്ളിൽ തറച്ച മൂർച്ചയുള്ള പെൻസിലിന്റെ പുറത്തിരുന്ന് അഭിയും നീതൂം പറന്നുപോയി....!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)