Thursday 4 May 2017

ശ്മശാനത്തിലെ കണ്ണുകൾ...!!

ശ്മശാനത്തിലെ കണ്ണുകൾ...!!

മികച്ചറെസലൂഷനും, എച്ച് ഡി ക്വാളിറ്റിയും നാലു വ്യത്യസ്ഥ  ആംഗിളുകളുമായി ഞങ്ങൾ നാലരവർഷമായി ഇവിടെ കാവലിരിക്കാൻ തുടങ്ങിയിട്ട്...

"ശ്മശാനത്തിൽ സാമൂഹ്യവിരുദ്ധശല്യം"  തേഡ് ഐ എന്ന സി.സി ടിവി സ്ഥാപനമൊതലാളി നഗരസഭയ്ക്ക് കള്ളപേരുകളിൽ അയച്ചപരാതി നഗരസഭഗൗരവമായി പരിഗണിക്കുകയും, നഗരമധ്യത്തിലെ ശ്മശാനത്തിൽ ഞങ്ങളെ സ്ഥാപിക്കാൻ ഉത്തരവിറക്കുകയും ചെയ്തു.

കമ്മീഷന്റെ വലിപ്പത്തിൽ തേഡ് ഐ ആ കരാറ് നേടിയെന്ന് പറയേണ്ടതില്ല. ഇരുപത്തിരണ്ട് സെന്റ് പുരയിടത്തിൽ ഞങ്ങളെ തറച്ചു. നിങ്ങൾ നിരീഷണത്തിലാണെന്ന് എഴുതിയും വച്ചു...
ഇത് കണ്ട് ബോധ്യപ്പെട്ട എക്സിക്യുട്ടീവ് എഞ്ചിനിയർ ഡി വി ആർ (  ഡിജിറ്റൽ വീഡിയോ റെക്കോർഡർ) കണക്ട് ചെയ്യാത്തതുപോലും നോക്കാതെ ബില്ല് പാസാക്കി..അന്നുമുതൽ ഞങ്ങൾ കണ്ണു തുറന്ന് കാണുന്നതല്ലാതെ ഒന്നും വിളിച്ചു പറയാനാകുന്നില്ല...
ഇതിപ്പോൾ ഓർമ്മകളിൽ നിന്ന്  കിട്ടുന്നവ ചേർത്ത് ഒരു ചെറിയ വെളിപ്പെടുത്തൽ മാത്രം....

ക്യാമറ ഒന്ന്.

2.5 മെഗാ പിക്സലും 8 മീറ്റർ ദൂരപരിധിയും മുന്നൂറ്റി അറുപത് ഡിഗ്രി തിരിയാനും പകലിലും രാവിലും ഒരുപോലെ കാഴ്ച്ചയുള്ള പ്രവേശനകവാടത്തിന്റെ ഇടതുവശത്തെ കമാനത്തോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ബുള്ളറ്റ് വിഭാഗത്തിലെ കണ്ണാണ് ഞാൻ...

മിസ്റ്റർ ഡെത്ത് ഒറ്റമുണ്ടും മുഷിഞ്ഞ ഉടുപ്പും ഒറ്റബാഗുമായി ഇതിന്റെ ശ്മശാനത്തിന്റെ  മേൽനോട്ടത്തിനായി വരുന്നത് ആദ്യം കണ്ടത് ഞാനാണ്...പിന്നെ ആരൊക്കെ വന്നു ആരൊക്കെ പോയി, ഇതൊക്കെ ഞാനാണ് എച്ച് ഡി മികവിൽ കണ്ടത്...
ഏറ്റവും ഒടുവിൽ മിസ്റ്റർ ഡെത്തിന്റെ അതേ രൂപത്തിലുള്ള ഒരു ചെറുപ്പക്കാരൻ ഡെത്തിനെ പുതിയ കാറിൽ ഇവിടെ ഇറക്കിവിടുന്നതും ഞാൻ കണ്ടതാണ്...അല്ലെങ്കിലും കാക്കത്തീട്ടം വീണ് മങ്ങിയ കാഴ്ച്ചയെ മിസ്റ്റർ ഡെത്ത് കാർക്കിച്ച് തുപ്പിയ തുണിയുടെ നനവിനാൽ തുടച്ച് എന്റെ കണ്ണ് തെളിയിക്കുന്നതിനിടയിൽ എനിക്കെത്ര കാഴ്ച്ചകൾ നഷ്ടമായിട്ടുണ്ടാകാം...
എന്നെ തുടച്ച് വൃത്തിയാക്കിയിട്ട് മിസ്റ്റർ ഡെത്തിന്റെ ഒരു ചിരിയുണ്ട് അതാണ് അസഹനീയം....
ഒരു കവിയുടെ അഴുകിയ ശരീരം കോളേജ് വിദ്യാർഥികൾ എത്തിച്ചത് എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് സംസ്കാരം രാത്രിയിലേക്ക് മാറ്റിയതും ഒടുവിൽ അത് ഏതോ മെഡിക്കൽ കോളേജിന് വിറ്റതും ഗേറ്റിൽ വച്ച് കാശെണ്ണി വാങ്ങിയതും...
ഞാൻ കണ്ടതാണ്. അപ്പൊഴും എന്നെ നോക്കി ചിരിച്ച മിസ്റ്റർ ഡെത്തിനറിയാം എനിക്കൊന്നും തെളിയിക്കാനാകില്ലെന്ന്....

ക്യാമറ രണ്ട്  

3.5 മെഗാപിക്സലും 18 മീറ്റർ ദൂരപരിധിയും എച്ച് ഡി ക്വാളിറ്റിയും ഏതു ദിക്കിലേക്കും അനായാസം തിരിയാൻ കഴിവുള്ള എന്നെ ദഹിപ്പിക്കുന്ന പുകക്കുഴലിന് സമാന്താരമായി നല്ല ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
കഴിഞ്ഞ നാലരക്കൊല്ലത്തിനിടയ്ക്ക് നാലായിരത്തിലതികം സംസ്കാരങ്ങൾ ഞാൻ കണ്ടിട്ടുണ്ടാകും..മിസ്റ്റർ ഡെത്ത് ഒരിക്കലും മരിച്ചവന്റെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയിട്ടില്ല...എങ്കിലും ഓർമ്മയിൽ മറക്കാനാവാത്ത ചിലത് പറയാതിരിക്കാനും വയ്യ.

ഒന്നരവർഷം മുന്നേ വലിയൊരില്ലത്തെ  പ്രമാണിയെ ലണ്ടനിൽ നിന്നെത്തിയ മക്കൾ ദഹിപ്പിക്കാൻ ഏല്പിച്ച് നഗരത്തിലെ പ്രസിദ്ധമായ ആര്യാസ് ഹോട്ടലിൽ പോയി വിശ്രമിച്ചു...
വൈകിട്ട് തിരികെയെത്തിയവർക്ക് തലേന്ന് ഇലക്ട്രിക്ക് ബർണറിൽ കത്തിച്ചുകളഞ്ഞ ദളിത് കോൺഗ്രസ് നേതാവിന്റെ ശേഷിപ്പാണ് നൽകിയത്...ദളിത് നേതാവിന്റെ ശേഷിപ്പ് വാങ്ങാൻ ആരും എത്തിയിരുന്നില്ല. അതുമാത്രമല്ല. കുടത്തിലാക്കിയ ശേഷിപ്പ് കല്യാൺ സിൽക്സിന്റെ കവറിലിട്ട് മൂത്ത മകന് നൽകുകയും ചെയ്തു. അന്ന് രാത്രി സപ്തതികഴിഞ്ഞ ആ ശുദ്ധവെജിറ്റേറിയൻ ശരീരം ഏതോ മെഡിക്കൽ കോളേജിലേക്കു പോയി....

കേരള എക്സ്പ്രസിൽ നിന്ന് ചാടിച്ചത്ത പതിനേഴുകാരിയായ ബീഹാറിപ്പെൺകുട്ടിയ പോലീസ് സംസ്കാരിക്കാൻ ഏല്പിച്ചിട്ട് ആറാം ദിവസമാണ് അത് നടത്തിയത്...ആദ്യനാളുകളിൽ അവളുടെ ചുവന്ന് തുടുത്ത മുഖത്തേക്കു നോക്കുവാൻ മടിച്ച മിസ്റ്റർ ഡെത്ത് മൂന്നാം ദിവസം തന്റെ പ്രണയം ഒറ്റശ്വാസത്തിൽ പറഞ്ഞു. നാലാം ദിവസം ആരോവലിച്ചെറിഞ്ഞ റീത്തിലെ മുല്ലപ്പൂക്കൾ അവൾക്ക് ചുറ്റും വിതറിയശേഷം ചേർന്നുകിടന്നു.. മെഡിക്കൽ കോളേജിനുവേണ്ടി കാശുമായി എത്തുന്ന ബ്രോക്കർ എത്ര ആവശ്യപ്പെട്ടിട്ടും അവളെ വിട്ടുകൊടുത്തില്ല...
ആറാം ദിവസം ഒരു പനിനീർപ്പൂവോടൊപ്പം സ്മശാനത്തിന്റെ ഹൃദയഭാഗത്ത് അവളെ അടക്കം ചെയ്തു. മണ്ണിടുമ്പോൾ അയാൾ കരയുന്നത് അന്നത്തെ റെക്കോർഡ് സൂം ചെയ്താൽ കാണാനാകും. ക്ഷമിക്കണം...
നിങ്ങൾക്ക് അത് കാണാനാകില്ല....

ഒരുവർഷം മുന്നേ കക്കൂസ് കുഴിയിൽ വീണുമരിച്ച തമിഴന്റെ പെണ്ണും രണ്ട് മക്കളും ജഡവുമായി വന്നു. മിസ്റ്റർ ഡെത്ത് അവരോട് എന്റെ ദൂരപരിധിക്കപ്പുറം നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. മൂത്തപെണ്ണിന് മുടന്തുണ്ട് തടിച്ചിട്ടാണ്. ഇളയത് ഏതോ സ്കൂൾ യൂണിഫോം. ദഹിപ്പിക്കും മുന്നേ അവർ പോയി. പിറ്റേന്ന് ബൈക്കപകടത്തിൽ മരിച്ച ചെക്കന്റെ ശേഷിപ്പാണ് തമിഴത്തിക്ക് നൽകിയത്. കൂടെ  ഒരു പൊതിയും അത് തലേന്ന് ബ്രോക്കർ കൊടുത്ത അതേ പൊതിയായിരുന്നു.. ഇടയ്ക്കിടേ ആ ഇളയപെണ്ണ് വന്ന് കാശു വാങ്ങാറുണ്ട്....
ഒരു ദിവസം മുടന്തുള്ള പെണ്ണ് വന്ന് മിസ്റ്റർ ഡെത്തിന്റെ കാലു തൊട്ട് തൊഴുത് അടയ്ക്കയും വെറ്റിലയും നൽകി. അന്ന് ഒരു സാരിയും ഒരു പൊതിയും കൊടുക്കുന്നത് കണ്ടു....

ജ്വല്ലറിയുടെ പരസ്യം പ്രിന്റ് ചെയ്ത കവറിൽ ആരോ വലിച്ചെറിഞ്ഞ കുട്ടിയെ മിസ്റ്റർ ഡെത്ത് രണ്ടാം ദിവസമാണ് മറവുചെയ്തത്...
അതിനെ കുളിപ്പിച്ച്. പൊട്ടുതൊടിയിച്ച് ആരോ ചടങ്ങിനുപയോഗിച്ച പുളിച്ച ചോറുകൊണ്ട് ആദ്യന്നവും കൊടുത്ത് നെഞ്ചോട് ചേർത്ത് ഇരയിമ്മൻ തമ്പിയുടെ വരികളും മൂളി ശവക്കല്ലറയിൽ ഭദ്രമായി വയ്ക്കുകയായിരുന്നു...

സംസ്കാരത്തിന് വിധേയരാകുന്ന സ്ത്രീകളോട് മിസ്റ്റർ ഡെത്തിന് വല്ലാത്ത ആദരവായിരുന്നു. മെഴുകുതിരിയോ ചന്ദനമോ അവർക്ക് സൗജന്യമായിക്കൊടുക്കും

ക്യാമറ മൂന്ന്

വെറും 1.5 മെഗാപിക്സലും നാലുമീറ്റർ ദൂരപരിധിയും വെളിച്ചത്തിൽ മാത്രം കാഴ്ച്ചയുള്ള ഡ്യും വിഭാഗത്തിൽ പെട്ടതും, മി. ഡെത്തിന്റെ ഓഫീസ് കം വിശ്രമമുറിക്കകത്തു സ്ഥാപിക്കപ്പെട്ടതാണ് ഞാൻ എനിക്ക് വളരെ തുശ്ചമായ കാഴ്ച്ചകളേയുള്ളു എങ്കിലും കണ്ടവ പറയാം. സംസ്കാരത്തിനെത്തുന്നവരുടെ വിവരങ്ങൾ ചേർക്കാനുള്ള രജിസ്റ്റർ. കുടങ്ങളിൽ നിറച്ചു വച്ചിട്ടുള്ള ചിതാഭസ്മങ്ങൾ , മുറിയുടെ പകുതി കർട്ടനിട്ട്  മറച്ചുകെട്ടി പാചകവും തീറ്റയും ഉറക്കവും അവിടം  എനിക്ക് അന്യമാണ്....

ടേബിളിൽ ക്രിമേറ്ററി ഓഫീസിലേക്കുള്ള കണക്കുകൾ... ടേബിളിലെത്തിയാൽ എപ്പൊഴും  കമ്പ്യൂട്ടറിൽ ശവസംസ്കാര രീതികളെക്കുറിച്ച് ഗൂഗിളിൽ ചികഞ്ഞുകൊണ്ടിരിക്കും...
പിന്നെ ബി എ മലയാളത്തിന് മി.ഡെത്ത് പഠിച്ച മരണ സർട്ടിഫിക്കറ്റ് എന്ന നോവൽ...
വരുന്ന സുഹൃത്തുക്കളോട് താൻ ജീവാത്മക്കൾക്ക് നൽകുന്ന മോചനത്തെക്കുറിച്ചും ലോകരാജ്യങ്ങളിലും ഭാരതത്തിലുമുള്ള ശവസംസ്കാരരീതികളെക്കുറിച്ചും സംസാരിക്കും. ഒടുവിൽ വന്ന മീശയില്ലാത്ത കുറിയ മനുഷ്യനോട് തവാങ്ങിലെ രീതിയായിരുന്നു ചർച്ച ചെയ്തത്...അവിടെ മനുഷ്യശരീരം ചെറുതായിമുറിച്ച് പക്ഷിമൃഗാധികൾക്ക് എറിഞ്ഞു കൊടുക്കുമത്രേ. ഇടയ്ക്ക് കാശെടുക്കാനും വയ്ക്കാനും അലമാര തുറക്കാറുണ്ട് അതിൽ നിറയെ പൊതികളായിരുന്നു...
വായിൽ വെള്ളം നിറച്ച് എന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നതുമുതൽ നാലഞ്ച് ദിവസം എനിക്ക് നല്ല ക്ലിയർ ആയിരിക്കും...
മിക്കവാറും എനിക്ക് ചുറ്റും ഇരുട്ടാണ്...

ക്യാമറ നാല്..

5.5 മെഗപിക്സലും 25 മീറ്റർ പരിധിയും എവിടേക്കും തിരിയാൻ കഴിവുള്ള എന്നെ പൂത്തുലഞ്ഞ് നിൽക്കുന്ന ഗുൽമോഹറിന്റെ താഴെ ഒരു ഇരുമ്പ് കമ്പിയിലാണ് നിർത്തിയിരിക്കുന്നത്...
എനിക്ക് താഴെ വലിയ അക്ഷരത്തിൽ ഒറ്റുകൊടുക്കുന്ന രീതിയിലുള്ള അറിയിപ്പ് കാരണം....ബീഡി വലിക്കുന്ന സ്കൂൾ കുട്ടികൾ പോലും വരാറില്ല..സ്ഥിരം കസ്റ്റമേഴ്സുമായി വരുന്ന മൂക്കുത്തിയുള്ള പെണ്ണും ഇപ്പോൾ വല്ലപ്പോഴും മാത്രം. നാലഞ്ചുമാസം മുന്നേ ചിതയിലിരിക്കുന്നവന്റെ ഭാര്യയെ വളരെ സ്വകാര്യമായി ഒരു ബന്ധു ആശ്വസിപ്പിക്കുന്ന സീനാണ് ആകെ ഓർക്കാനുള്ളത്. അതും സേവായിട്ടില്ല ഇടയ്ക്ക് ചുവരിലെ കുറിപ്പ് കണ്ടതും...
ആശ്വസിപ്പിച്ചവന്റെ വെപ്രാളം കാണമായിരുന്നു...മി.ഡെത്തിന്റെ നേതൃത്വത്തിൽ ദഹിക്കുന്നവന്റെ ബന്ധുക്കളുടെ ദാഹം തീർക്കൽ ചടങ്ങ് മുടങ്ങാതെ ഞാൻ കാണാറുണ്ട്...ജ്വലറിയുടെ കവറിൽ കുഞ്ഞിനെ വലിച്ചെറിഞ്ഞതും...
മി.ഡെത്തിന്റെ തവാങ് മോഡൽ പരീഷണവും ഞാൻ കണ്ടു...
അതൊന്നും സേവായിട്ടില്ല.
അതിലൊന്നും കാര്യവുമില്ല..

മി.ഡെത്ത്  ആർക്കോവേണ്ടി ആരുടെയോ ചിതാഭസ്മം കൈമാറുന്നു...
തമിഴത്തിയും മുടന്തുള്ള പെണ്ണും കാത്തു നിൽക്കുന്നു... സൂം ചെയ്താൽ
മുടന്തുള്ള പെണ്ണ് ഗർഭിണിയാണെന്ന് കാണാം...

ഇതൊന്നും ഞങ്ങൾ സേവ് ആക്കിയിട്ടില്ല നിങ്ങളും മറന്നേക്കൂ...
ആ ഹാർഡ് ഡിസ്ക്ക് നിറയെ കവിതകളാണ്
രാത്രിയിൽ അതിൽ നിന്ന് വയലാറിന്റെ ആത്മാവിലൊരു ചിത ഉറക്കെ ഞങ്ങൾ നാലാളും കേൾക്കാറുണ്ട്....!!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment