Monday 8 May 2017

CRIME NO 302/2017 U/S ഈഡിപ്പസ്..!!

CRIME NO 302/2017 U/S ഈഡിപ്പസ്...!!

മുൻകൂർജാമ്യം

അടുത്തകൊല്ലത്തെ ദേശീയ അവാർഡിനായി നിർമ്മിക്കാൻ താല്പര്യപ്പെടുന്ന ലഘുസിനിമയുടെ തിരക്കഥയ്ക്ക് മുന്നേയുള്ള തിരുത്തിത്തുടങ്ങിയ കഥയാണ്. ഇതിൽ പരാമർശിക്കുന്ന കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം, ജീവിച്ചിരിക്കുന്നവരുമായോ ജയിലിൽ കഴിയുന്നവരുമായോ ഈ തിരുത്താത്ത കഥയ്ക്ക് ബന്ധമില്ല.

സീൻ ഒന്ന്
പ്രമുഖമാധ്യമസ്ഥാപനത്തിന്റെ ഗേറ്റ് ചവിട്ടിത്തുറന്ന് നായകൻ വരുന്നു. ഖദറും കറുത്തപാന്റും കണ്ണടയും തുണിസഞ്ചിയും വേഷം. വാതിലിൽ പ്രവേശിക്കും മുന്നേ ചുണ്ടിലെരിയുന്ന സിഗരറ്റ് വലിച്ചെറിയുന്നു...
ക്യാമറ അതിൽ ഫോക്കസുചെയ്യുന്നു. എരിയുന്ന നായകന്റെ മനസ് എന്ന് സൂചനയിൽ
കട്ട്.

റിസപ്ഷനിലെ പെൺക്കുട്ടി വിറയലോടെ നായകന് ശുഭദിനം പറയുന്നു. അവൾ ആരാധനയോടെ നായകനെ നോക്കുന്നു.അവളുടെ ചുണ്ടുകളിൽ ക്ലോസപ്പ്. ചീഫ് എഡിറ്ററെ കാണണമെന്ന് ആക്രോശിക്കുന്ന നായകനെ അവൾ തടയാൻ ശ്രമിക്കുന്നു. ഈ സമയം അവർ പ്രണയത്തിലാകുന്നു. ഒന്നാമത്തെ പാട്ട്.

ശബ്ദം കേട്ട് മുറിയിൽ നിന്നിറങ്ങിവരുന്ന കോട്ട് ധരിച്ച ചീഫ് എഡിറ്റർ, സമീപകാലത്തെ സിനിമകളിൽ വേശ്യാവൃത്തിയ്ക്ക് ബ്രോക്കറായി അഭിനയിച്ച് തകർത്ത ഒരു നടനെ കാസ്റ്റ് ചെയ്യണം. നായകനും എഡിറ്ററും അടുത്തടുത്ത് വരുമ്പോൾ നായികയുടെ മുഖത്തെ പിരിമുറുക്കം കാണിക്കണം. ഒടുവിലവർ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കുരിശുവരയ്ക്കുന്ന നായികയിൽ
കട്ട്

എഡിറ്ററും നായകനും മുഖാമുഖം ഇരിക്കുന്നു. നായകന്റെ മുഖത്ത് ക്ലോസപ്പ്...
കൈയിലിരിക്കുന്ന പത്രം മേശപ്പുറത്തേക്ക് നായകൻ വലിച്ചെറിയുന്നു...

ഒരു പത്രത്തിന്റെ പിൻബലത്തിൽ  ആടിനെപട്ടിയാക്കുന്ന തന്റെ ചീഞ്ഞപത്രത്തിന്റെ നയം തിരുത്തിയില്ലെങ്കിൽ ഈ സ്ഥാപനത്തിന്റെ കവാടത്തിൽ ഗോദ്രേജിന്റെ പൂട്ട് വീഴും വരെ നിയമത്തിന്റെ ഏതറ്റവരെയും....
എന്ന ഡയലോഗ്.

എഡിറ്റർ നായകനെ നോക്കി പരിഹസിച്ച് ചിരിക്കണം. ഇന്റർ കോമിൽ കുഞ്ഞിരാമൻ ഒന്നു വരു എന്നു പറയുന്നു...മെലിഞ്ഞ് ടൈ കെട്ടിയ ഒരു ഹാസ്യനടൻ എഡിറ്ററുടെ മുന്നിൽ വിനയപ്പൂർവ്വം നിൽക്കുന്നു..
വായിച്ചുകൊടുക്കെടാ പോലീസ് റിപ്പോർട്ട് എന്ന് എഡിറ്റർ പറയുമ്പോൾ നായകന്റെ മുന്നിൽ കുഞ്ഞിരാമൻ ആസ്വദിച്ച് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പിയിലെ റിപ്പോർട്ട് വായിക്കുന്നു.

ക്രൈം നമ്പർ 302/2017 അണ്ടർ സെക്ഷൻ....

അമ്മയെ മകൻ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തുകൊന്നു. വായന നിർത്തി കമഴ്ന്നിരിക്കുന്ന നായകനെ നോക്കി  ആംഗ്യം കാണിക്കുന്നു.
പതിനേഴുകാരനായ മകൻ മനോരോഗിയായ അമ്മയെ വീട്ടിൽ പിതാവും ഇളയകുട്ടികളും ഇല്ലാത്ത അവസരത്തിൽ ബോധം കെടുത്താനുള്ള മരുന്ന് നൽകി ബലാത്സംഗം ചെയ്തു. ഇതിനിടയിൽ ഉണർന്ന അമ്മയും മകനും  തമ്മിലുണ്ടായ മൽപ്പിടുത്തത്തിൽ   കട്ടിലിന്റെ വശത്ത് തലയടിച്ച സ്ത്രീ മരിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാരെ അമ്മയ്ക്ക് ഇന്ന് കൂടുതലാണെന്ന് പറഞ്ഞ് പ്രതി കൗശലപൂർവ്വം തിരികെ അയച്ചു.തുടർന്ന് വാർന്നുപോയ രക്തം കഴുകിക്കളഞ്ഞ് തെളിവ് നശിപ്പിക്കാൻ ശ്രമിക്കുകയും പോസ്റ്റുമാർട്ടം കഴിഞ്ഞ് ശവം മറവു ചെയ്യുവോളം കൂടെ ഉണ്ടാകുകയും ചെയ്തു.  മനോരോഗിയായി അഭിനയിക്കാറുള്ള പ്രതിയിൽ സംശയം തോന്നിയ പോലീസ് റീപോസ്റ്റുമാർട്ടത്തിലൂടെയും. തുടർ ചോദ്യം ചെയ്യലിലൂടെയും കുറ്റം തെളിയിക്കുകയായിരുന്നു.  ഐ പി സി 302. 376 എന്നിവ ചുമത്തി പ്രതിയെ റിമാൻഡ് ചെയ്തു..കൂടുതൽ പ്രതികളെക്കുറിച്ചറിയാൻ
സംഭവ സ്ഥലം സർക്കിളിന്റെ.....

നിർത്തൂ എന്ന് അലറിവിളിച്ച് നായകൻ പുറത്തേക്ക് ഇറങ്ങിയോടുമ്പോൾ ചീഫ് എഡിറ്റർ കുലുങ്ങിച്ചിരിക്കുന്നു.
റിസപ്ഷനിലെ പെണ്ണ് കണ്ണീർ തുടയ്ക്കുന്നു. നായകന്റെ മനസുപോലെ മുൻപ് വലിച്ചെറിഞ്ഞ് പുകഞ്ഞുകൊണ്ടിരിക്കുന്ന സിഗരറ്റിൽ ക്യാമറ കട്ട് ചെയ്യുന്നു...

സീൻ രണ്ട്.

സെന്റ്രൽ ജയിലിന്റെ കമാനം, നീണ്ട ഇടവഴിയിലൂടെ നായകൻ നടന്നുവരുന്നു. ഒന്ന് രണ്ട് പ്രതികളുമായി പോലീസുകാർ പോകുന്നു. തടവുപുള്ളികൾ പണിയായുധങ്ങളുമായി പോകുമ്പോൾ അവരുടെ നമ്പരുകൾ വ്യക്തായി കാണിക്കണം. സംഖ്യകൾക്ക് എന്തെങ്കിലും അർഥം സിനിമ നിരൂപകർ കണ്ടെത്തിക്കോളും..
ജയിൽ വാർഡൻ എന്ന റൂമിന്റെ വാതിൽ കാണിക്കുമ്പോൾ സെല്ലുകളുടെ നീണ്ടനിര ഒന്നിൽ മാത്രം കൈകൾ പുറത്തേക്കിട്ടിരിക്കുന്നു...
കട്ട്

നായകൻ ജയിലർക്ക് ഏതോ കത്ത് നൽകുന്നു...
ജയിലർ കത്ത് മേശപ്പുറത്തേക്കിട്ട് ഒരു പരിഹാസം കലർന്ന സ്വരത്തിൽ ഒരു പി സി യെ വിളിക്കുന്നു...
കട്ട്...

നീണ്ടവരാന്തയിലൂടെ പി സി യും നായകനും നടന്നുപോകുന്നു..സന്ദർശനമുറിയിലേക്ക് പ്രവേശിക്കുന്നു...
കട്ട്
ഒറ്റബെഞ്ചിൽ കാത്തിരിക്കുന്ന നായകൻ.  സമയം പോകുന്നു എന്ന് കാണിക്കാൻ ക്ലോക്കിന്റെ ദൃശ്യം
ഇരുമ്പ് വാതിൽ തുറക്കുന്ന ശബ്ദം, ചിരിയോടെ തുറന്നുപിടിച്ച കത്തുമായി പി.സി
കട്ട്

കത്ത് നിവർത്തിപ്പിടിച്ച് നായകൻ കത്തിൽ ഒരു യുവാവിന്റ രൂപം പശ്ചാത്തലത്തിൽ കത്തിലെ ഭാഗങ്ങൾ വായിക്കുന്നത് കേൾക്കാം...

പ്രിയപ്പെട്ട മാഷേ ആരെയും കാണാനുള്ള കരുത്തില്ല.  എനിക്ക് ഭ്രാന്താണെന്ന് ഉറപ്പായി. അവിടെ സംഭവിച്ചതിനെപ്പറ്റി എനിക്ക് ഓർക്കാൻ തന്നെ കഴിയുന്നില്ല... ഞാൻ എന്താണ് ചെയ്തത്. പറ്റിപ്പോയത് മറയ്ക്കാൻ കാട്ടിയതും പ്രശ്നായി.  അന്ന് ക്ലാസിൽ പറഞ്ഞ ഈഡിപ്പസിന്റെ കഥ സത്യമാണെന്ന് ഞാനിപ്പോൾ അറിയുന്നു. എന്നെ ജാമ്യത്തിലിറക്കാൻ അച്ഛനോട് പറയണം ആ കാലിൽ വീണ്....

കത്തിൽ കണ്ണീർ വീഴുന്നു. കത്തിലെ മുഖം മായുന്നു...
ജയിലിന്റെ വാരാന്തയിലൂടെ കത്ത് പാറിപ്പോകുന്ന ദൃശ്യം. സെല്ലിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന കൈകൾ...
കട്ട്

സീൻ മൂന്ന്
മുറ്റമാകെ കരിയിലമൂടിയ വീടിന്റെ ഗേറ്റ് പൂട്ടി തിരിയുന്ന വീട്ടുടമ. എതിരേ നിൽക്കുന്ന നായകൻ...
സംഭാഷണങ്ങൾ, വീട്ടുടമയുടെ മറുപടി...

ഞാൻ കരുതി വീട് വാങ്ങാൻ വന്നതാണെന്ന്, ഇനി ഒരു മനുഷ്യർക്കും ഇത് വേണ്ടിവരില്ല നിങ്ങളെപ്പോലെ വല്ല എഴുത്തുകാരും ഈ ഭാർഗവിനിലയത്തിലേക്ക് വന്നാലായി...
സ്വന്തം തള്ളയെ ശ്ശേ വെറുപ്പുതോന്നുന്നു...
വീട്ടുടമ വെറുപ്പോടെ നിലത്തേക്ക് തുപ്പുന്നു. നടന്നുപോകുന്നു..ഗേറ്റിൽ ചാരി നിൽക്കുന്ന നായകൻ
സിനിമയുടെ ഒരു പ്രോഡ്യുസറുടെ ഉല്പന്നമായ ഗോദ്രേജ് പൂട്ടിൽ  ക്യാമറ കട്ട് ചെയ്യുന്നു

സീൻ നാല്..
പഴകിയവീടിന്റെ പിൻ വശത്തെ ചായ്പ്പിൽ പ്രതിയുടെ പിതാവും നായകനും സംസാരിച്ചിരിക്കുന്നു. നായന്റെ കസേരയുടെ പിന്നിൽ എഴുതിയിരിക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക് എന്ന പേര് വ്യാക്തായി കാണിക്കണമെന്ന് മറ്റൊരു പ്രൊഡ്യൂസർ വാശുപിടിക്കുന്നുണ്ട്. നായകനെയും പിതാവിനെയും മാറി മാറിക്കാണിക്കണം. നായകൻ പോക്കറ്റിൽ നിന്ന് വിലകൂടിയ സിഗരറ്റ് പുറത്തെടുക്കുന്നു...
രണ്ടാളും പുറത്തുവിടുന്ന പുക ഒന്നായി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നു.
ആരോഗ്യവകുപ്പിന്റെ പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് സ്ക്രോൾ വിടണം കട്ടിലിനു താഴെയിരുന്ന് കളിക്കുന്ന നാലാം ക്ലാസുകാരനായ കുട്ടിയെ നോക്കി നായകൻ സിഗരറ്റ് വലിച്ചെറിയുന്നു....

പ്രതിയുടെ പിതാവ് വലിക്കുന്നു....
അദ്ദേഹം ചുമയ്ക്കുന്നു....

അഞ്ചുവർഷമായി അവളെക്കുളിപ്പിക്കുന്നതും എടുത്ത് കിടത്തുന്നതും അവൻ തന്നാ. ഇത്തവണയെന്തുപറ്റി. അവൾ ഇടയ്ക്ക് ഇങ്ങനെ ആക്രമിക്കാറുണ്ട് അങ്ങനെയാണോ അവന്റെ കഴുത്തിൽ മുറിവേറ്റത്..? അവനും ചികിത്സ തുടങ്ങിയിരുന്നു. അവളെപ്പോലെ ഉപദ്രവം ഒന്നും തുടങ്ങിയിട്ടില്ല.  എപ്പൊഴും ശാന്തമായ പ്രകൃതം ഇടയ്ക്ക് പൊട്ടിത്തെറിക്കും..പോലീസുകാർ അവളുടെ ജഡം റീപോസ്റ്റുമാർട്ടത്തിന് കൊണ്ടുപോയതിന്റെ പിറ്റേദിവസം എന്റെ മുന്നിൽ വച്ച് പറയിച്ചതൊന്നും എനിക്ക് വിശ്വസിക്കാനാകുന്നില്ല.
കട്ടിലിൽ തലയടിച്ചാണ് മരണമെന്ന് ഞാൻ റിപ്പോർട്ടിൽ വായിച്ചതാ. പിന്നെന്ത് കണ്ടെത്തലാണെന്നെനിക്കറിയില്ല...
മൂത്തവർ ജീവിച്ചിരിക്കേ ദഹിപ്പിക്കാൻ പാടില്ലെന്നല്ലേ ? അതില്ലായിരുന്നെങ്കിൽ അവനെതിരേ എന്ത് തെളിവുണ്ടാകുമായിരുന്നു.? കുഴിച്ചെടുത്താൽ കൂടുതലൊന്നും കണ്ടെത്തിയില്ലെങ്കിൽ അവർക്ക് നാണക്കേടാകുമോ എന്ന് തോന്നിയിട്ടാകും..അവൻ എല്ലാത്തിനും തലയാട്ടും അത് അവന്റെ പ്രകൃതാ..
ഒന്നരമാസം കഴിയുന്നു മാഷേ എനിക്ക് കഴിയില്ല ജാമ്യത്തിനൊന്നും. മഴയ്ക്കുമുന്നേ കയറണം എന്നുകരുതിയ പുരവിറ്റു. ഇളയപെണ്ണിനെ തൃശൂരിലെ ബാലികാമന്ദിരത്തിലാക്കി. ഈ മിണ്ടാപ്രാണിയെ എവിടേലും എത്തിക്കണം. ഇവർക്കുള്ള ഒരു സ്ഥാപനം വയനാടുണ്ടെന്ന് കേട്ടു. കിട്ടിയ കാശ് ആ പെണ്ണിന്റെ പേരിൽ ബാങ്കിലിട്ടു...

എനിക്കും പോണം,നാട്ടുകാരുടെയും ബന്ധുക്കളുടെയും നോട്ടം സഹിക്കണില്ല...
അവൻ ഇവിടെ വന്നാൽ മുഴുവട്ടനാകും.

പിതാവ് ശക്തിയായി  ചുമയ്ക്കുന്നു.
സിഗരറ്റ് വലിച്ചെറിയുന്നു.
ഫാമിലിപ്ലാസ്റ്റിക്കിന്റെ ചുവന്നകസേരയിൽ രണ്ടായിരത്തിന്റെ നോട്ടിലെ ഗാന്ധിചിത്രത്തിൽ ക്യാമറ കട്ട് ചെയ്യുന്നു...

ശുഭം...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment