Monday 29 May 2017

കശാപ്പ്

കശാപ്പ്..!!

ഇരുണ്ട കാവി നിറമായിരുന്നു മാധവന്..എന്നെക്കാൾ മൂന്ന് വയസിനിളയത് എന്നിട്ടും  കിട്ടിയ ഇടി യുടെ വേദനയിൽ  ഞാൻ അമ്മമ്മയെ വിളിച്ചു കരഞ്ഞുപോയി.....

അല്ലെങ്കിലും അതിനറിയോ എനിക്കതെന്നുപറഞ്ഞാൽ ജീവനാണെന്ന്.
വെള്ളിയാഴ്ച്ച  സ്കൂളുവിട്ടുവന്ന് വയലിന്റെ കരയിൽ നിൽക്കണ പറങ്കിമാവിൽ വലിഞ്ഞുകേറി, മീറിന്റെ ഈ കണ്ടകടിയൊക്കെ കൊണ്ട് ,അണ്ടീം മാങ്ങേം പറിച്ച്...അത് തിരുമി അണ്ടി ദൂരെയെറിഞ്ഞ് മുഴുത്ത മൂന്ന് പഴവും കൈയിൽ നീട്ടിപ്പിടിച്ച് ആ ജന്തൂന്റെ മുന്നിൽ ചെന്നപ്പോൾ, വെറളിപിടിച്ചപോലെ തലയും കുലുക്കി ഒറ്റയിടി.വീണുകിടന്ന എന്റെ മുകളിലൂടെ ഒരു കുതിച്ചുചാട്ടം..എന്റെ കരച്ചിൽ കേട്ടുവന്ന എളേമ്മയ്ക്കും കിട്ടി ഒരിടി..വല്യപ്പൻ ഓടിവന്ന് അതിന്റെ കയറിൽ പിടിച്ച് പറങ്കിമാവിൽ കെട്ടി, ആ കയറുതന്നെ രണ്ടായി മടക്കി കുറേ അടികൊടുത്തു.. വയലിൽ ചത്തതുപോലെ കിടന്ന എന്നെ പൊക്കിയെടുത്ത് അവരുപോകുമ്പോളുണ്ട്...മാധവന്റെ വായിൽ ഞാൻ കഷ്ടപ്പെട്ട് പൊട്ടിച്ച പറങ്കിമാങ്ങ.ഈ നന്ദികെട്ടവന് കൊടുക്കാൻ തന്നെയല്ലേ ഞാൻ കൈയും നീട്ടിപ്പിടിച്ച്  അതിന്റെ മുന്നിൽ ചെന്നത്...?

എന്റെ നെറ്റിയിൽ ചെറിയൊരുമുറിവ് മാത്രം.എളേമ്മയെ അകത്ത് ശിവങ്കുട്ടിവൈദ്യര് ചവിട്ടി തടവണുണ്ട്.
തൈലത്തിന്റെ നല്ലമണം...

ശനിയാഴ്ച്ച ഉച്ചയ്ക്ക് നന്ദിനീന്റെ തൊഴുത്തിലിനോടുചേർന്ന തെങ്ങിൽ കെട്ടിയിരുന്ന മാധവനെ ബഷീർ സായ്വ് അഴിക്കണത് കണ്ടപ്പോഴാ എനിക്ക് കാര്യം മനസിലായത്....
മാധവനെ കശാപ്പിന് കൊടുത്തു ആറായിരം രൂപയ്ക്ക്.ഞാൻ ഓടിച്ചെന്ന് കയറിൽ പിടിച്ചുതൂങ്ങി കരയാൻ തുടങ്ങി....ബഷീർ സായ്വിനെ കടിച്ചു...അയാളെന്നെ ചിരിച്ചുകൊണ്ട് തള്ളിമാറ്റി...ന്റെ കൈയിലിരുന്നെ അച്ചിങ്ങകൊണ്ട് സായ്വിനെ ഞാനെറിഞ്ഞു.അമ്മാമ്മ ചിരിച്ചോണ്ട് ഓടിവന്ന് എന്നെ എടുത്തോണ്ട് പോയി...
കരഞ്ഞും വഴക്കിട്ടും  അന്നുറങ്ങാനായില്ല.

സായ്വിന്റെ കശാപ്പു ഞാൻ പലതവണ കണ്ടിട്ടുണ്ട്. കണ്ടത്തിട്ടയിൽ അങ്കണവാടി കെട്ടിടത്തിന്റെ കുറേമുകളിൽ, റബ്ബർ തോട്ടത്തിന്റെ ഒത്തനടുക്ക്  എല്ലാ ഞായറും കശാപ്പുണ്ടാകും..ശനി അങ്കണവാടീലേക്ക് പോണവഴി ഇരട്ടപോസ്റ്റിൽ കശ്ശാപ്പിനുള്ള മൂരിയെ കെട്ടിയിട്ടുണ്ടാകും. നിറയെ കച്ചിയും, ചരുവത്തിൽ കാടിയും.. ഒരു ദേശത്തിന്റെ രുചിയായി ആ ജന്തു അവിടെയുണ്ടാകും..ഇരട്ടപോസ്റ്റിന്റെ മൂരിയെ കെട്ടണ ആ ഭാഗത്തിന് ഒരുവല്ലാത്ത നിറമാണ്...അവിടെ കെട്ടിയതൊക്കെ പിറ്റേന്ന് കശാപ്പുരയിൽ തീർന്നിട്ടുണ്ട് ഉറപ്പ്  .

..ബഷീർ സായ്വ് നാടിന്റെ സ്വന്തം കശാപ്പുകാരനാ, വെളുപ്പിന് നാലുമണിക്ക് കൂട്ടപ്പു കാലിച്ചന്തയിൽ ചെന്ന് മൂരിയെ വാങ്ങി, കനാലിൽ ഇറക്കി കുളിപ്പിച്ച്, ഈ ഇരട്ടപോസ്റ്റിൽ കൊണ്ടുകെട്ടും...അതിന് പിന്നെ ആരൊക്കെയാ വെള്ളം കൊടുക്കണത് എന്നൊന്നും സ്ഥിരല്ല...പഴത്തൊലിയും ഹോട്ടലിലെ ഭക്ഷണത്തിന്റെ ബാക്കിയും..കച്ചിയും അതിന്റെ മുന്നിലുണ്ടാകും...

ഞായർ രാവിലെ സുബ്ഹി കഴിഞ്ഞാൽ, സായ്വിന്റെ അനിയനും, കശാപ്പിന്റെ  സഹായി മണിയൻ പിള്ളയും ചേർന്ന് ഇരട്ടപോസ്റ്റിൽ നിന്നും അതിന് അഴിച്ച്, റബ്ബർ മരങ്ങൾക്കിടയിലെ മഞ്ഞണാത്തി മരത്തിൽ കെട്ടും, പിന്നെന്താണ് നടക്കണതെന്ന് ആ നാട്ടിൽ ആർക്കും അറിയില്ല...തേക്കിലകളും സഞ്ചിയുമായി ഞങ്ങളെത്തുമ്പോൾ നാലു കയറുകളിൽ അതിന്റെ ഇറച്ചി അങ്ങനെ തൂങ്ങി നിൽക്കും... തല ഒരുവശത്തായി വരുന്നവരെ നോക്കി ഇരുപ്പുണ്ടാകും..വായിൽ കച്ചിത്തുണ്ട് കടിച്ചുപിടിച്ച്.... മാംസത്തോടു ചേർന്ന കൊഴുപ്പും, കരളും, ഇറച്ചിയും നുറുക്കിയ എല്ലും എന്ത് കൃത്യായിട്ടാ മാറ്റിയിടണത്...ബഷീർ സായ്വ് ഇറച്ചിവിളമ്പണത് വീട്ടുകാരുടെ എണ്ണം നോക്കിയാണ്. തുക വെറും പറ്റുബുക്കിൽ മാത്രം..ഒരു കിലോയിൽ താഴെയേ എല്ലാരും വാങ്ങാറുള്ളു. എന്നിട്ടും  പിറ്റേന്ന് പകലും ദോശയോടൊപ്പം ഇറച്ചിയുണ്ടാകും...

ഇതിപ്പോൾ ന്റെ മാധവനെക്കുറിച്ച് എനിക്ക് ഓർക്കാനേ വയ്യ.. നാളെ നേരം വെളുത്താൽ മാധവന്റെ ഇറച്ചി വാങ്ങാൻ ഞാനും തേക്കിലയുമായി പോകേണ്ടിവരും...

നന്ദിനി പെറ്റിട്ടതുമുതൽ തുടങ്ങിയതാ ഞങ്ങളൊരുമിച്ച് ജീവിക്കാൻ...
തൊഴുത്തിന്ന് ഞാൻ മാറീട്ടില്ല...

നന്ദിനി അരേം ഇടിക്കൂലാ. ആ അകിടീന്ന് ഞാൻ വരെ കറന്നിട്ടുണ്ട്..അവൾക്ക് തിന്നണം , തൊഴുത്ത് നിറയെ ചാണകമിടണം, ശശിയാശാന്റെ കാളേടെ മുന്നിൽ നിന്ന് കൊടുക്കണം, പ്രസവിക്കണം, പെറ്റുകൂട്ടണം , അല്ലാതെ ഒന്ന് ചിരിക്കാൻ പോലും നേരമില്ല...മാധവൻ വന്നതുമുതലാണ് ഈ വീട്ടിനാകെ ഒരിളക്കമുണ്ടാത്. ഇളകീന്ന് പറഞ്ഞാൽ പോര ഒരു വശം ചരിഞ്ഞൂന്ന് തന്നെ പറയണം. തൊഴുത്തിന്റെ കുറ്റി വീടിന്റെ ഓലകൊണ്ട് മറച്ച ഒരു ചുവരായിരുന്നു...വീടിളകിത്തുടങ്ങിയതുമുതൽ. തൊഴുത്തിന് പുറത്ത് തെങ്ങിലാ അവനെ തളച്ചത് . ഇടക്കിടെ തെങ്ങിന്റെ തലയിളകുന്നത് കണ്ടാൽ അമ്മാമ്മ മാധവോന്ന് ഒറ്റവിളി...പിന്നെ അനക്കമുണ്ടാകില്ല... ഒരു മിനിറ്റ് കഴിഞ്ഞാൽ തെങ്ങിളകും.

എന്ത് കിട്ടിയാലും അവൻ തിന്നും. കുച്ചിഐസും, ചർക്ക മിഠായിയും , മിച്ചറും, ഒരിക്കൽ എന്റെ പാത്രത്തീന്ന് മീനും ചോറും വരെ തിന്നു. അമ്മയറിഞ്ഞാൽ എനിക്കും അവനും കിട്ടും. ഞാനാരോടും പറഞ്ഞില്ല. ഇതിപ്പോ എന്നെ ഇടിച്ചതിന്റെ പേരിൽ അവനെ കശാപ്പിന് കൊടുത്തതിൽ എനിക്ക് സഹിക്കാൻ കഴിയണില്ല..

ചക്കപ്പഴം വച്ച എലേപ്പം തിന്നിട്ടും എനിക്ക് രുചി തോന്നീല.. അല്ലെങ്കിൽ ഏലേപ്പത്തിന്റെ ഇല മാധവൻ തിന്നണത് കാണാൻ തന്നെ എന്തൊരു രസാന്നോ...ആരും കാണാതെ ഇലയോടൊപ്പം ഒരു അപ്പവും ഞാൻ ഒളിച്ചുവയ്ക്കും...

ഇപ്പൊ ഇരട്ടപോസ്റ്റിന്റെ മുന്നിൽ നാട്ടുകാർ കൊടുത്തതൊക്കെ ആസ്വദിച്ചു  തിന്ന് ആ മണ്ടൻ മൂരി നിൽക്കണുണ്ടാകും. നിലത്തിട്ട പായിൽക്കിടന്ന് ഞാനോർത്തു..

ബഷീർ സായ്വിനെ യും മണിയൻപിള്ളേം ഇടിച്ചു തെറിപ്പിച്ച് കൃഷ്ണാന്നും വിളിച്ച് എന്റെ നേർക്ക് ചാടിത്തുള്ളി.....
അതാ വരുന്നു. മാധവൻ... ഞാൻ കയറിൽ പിടിച്ചു വലിയോട് വലി അവൻ നിൽക്കണില്ല...എന്നേം വലിച്ച് ആറ്റിന്റെ തീരത്തൂടെ ഓടടാ ഓട്ടം...
അമ്മ എന്നെ ചേർത്ത് കെട്ടിപ്പിടിച്ചു. വിയർത്തുകുളിച്ച് ഞാനുറങ്ങി....

തേക്കിലയും പിടിച്ച് ജയണ്ണൻ വന്നപ്പോഴാ പിന്നെ മാധവനെ ഓർത്തത്...ഞാൻ കശാപ്പുപുരയിലേക്ക് ഓടി എല്ലാരും ഇലകളും പിടിച്ചു നിൽക്കുന്നു..ചിലർ വാങ്ങിപ്പോയ് കഴിഞ്ഞു...മാധവന്റെ തലയിരിക്കുന്നിടത്ത് ചോരയൊലിച്ചിറങ്ങിയിട്ടുണ്ട്..കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ട്...
എന്റെ കാലിൽ വല്ലാത്തൊരു നനവ്.. സായ്വ് എന്നെ നോക്കി ചിരിച്ചു.. ജീവൻ വിട്ടിട്ടില്ല തുടയിറച്ചിയുടെ ഭാഗം ഇപ്പൊഴും തുടിക്കുന്നുണ്ട്..

"ആഹ് കൃഷ്ണകുട്ടിക്ക് ആ ചങ്ക് ഭാഗം നോക്കി വെട്ടിക്കൊടുക്കെടാ മണിയാ...."

ഞാൻ കരയാൻ തുടങ്ങി...
കെട്ടിത്തൂക്കിയിട്ടുള്ള മാധവന്റെ കാലുകളിൽ നോക്കി കരയുന്നതിനിടയിൽ. ഞാൻ ഒരു കാര്യം കണ്ടു...ന്റെ നീല ഗോട്ടികൾ ആ കുളമ്പിനടിയിൽ ഒളിപ്പിച്ചിരിക്കുന്നു  കള്ളൻ..

പിന്നെ എനിക്ക് ഓർമ്മ വരുമ്പോൾ എന്നെ  അവന്റെ ഇരുണ്ട കാവിത്തോലിന്റെ പുറത്ത് ബഷീർ സായ്വ് ചേർത്തിരുത്തിയിരിക്കുന്നു... മണിയൻ
വെള്ളത്തിൽ കൈ മുക്കി  എന്റെ മുഖത്ത് കുടയുന്നു...രക്തം കലർന്ന വെള്ളം. ജയണ്ണന്റെ സൈക്കിളിന്റെ പിന്നിലിരുന്ന്..വീട്ടിലേക്കുപോകുമ്പോൾ ഇളം ചൂടുള്ളയിറച്ചി ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു....

അന്ന് രാത്രി ഉരുളക്കിഴങ്ങുചേർത്ത ഇറച്ചി കഴിക്കുമ്പോൾ അമ്മ പറയുന്നത് കേട്ടൂ...
മാധവന്റെ കാശ് കിട്ടീട്ട് വേണം ഈ പുരയൊന്ന് മേയാൻ....കഴിച്ച ഇറച്ചി തുപ്പിയ എന്റെ തുടയിൽ അമ്മ നുള്ളി...

ഒരു മിണ്ടാപ്രാണീന്റെ ജീവനാ നീ തിന്നണത്.
അതിനെ വിറ്റകാശിനാ നാളെ ഈ പുരപണിയേണ്ടത്...

എരിവ് പറ്റിയിട്ടോ, നുള്ളിന്റെ നോവിലേ, മാധവനെ ഓർത്ത് ഏങ്ങലടിച്ചിട്ടോ, ന്റെ കണ്ണു നിറഞ്ഞിരുന്നു....!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment