Tuesday 24 January 2017

കഥ മ്യാനസാന്തരപ്പെട്ടവരുടെ സെല്ഫികൾ

മ്യാനസാന്തരപ്പെട്ടവരുടെ സെല്ഫികൾ..!!
രതീഷ് .കെ .എസ്

"ആത്മമാരീടെ ഒരു കൂട്ടായ്മ നിലമ്പൂരുണ്ടെന്ന് ടീവിൽ കണ്ടല്ലോ, നിനക്ക് അവിടെ ഒന്ന് പോയാലെന്താ...? നിന്റെ പെണ്ണും  കുട്ടീം ആശുപത്രീൽ  ആയിരുന്നപ്പോൾ  ഞാൻ നേർന്നതാ ആത്മമാരീൽ നിന്നെ എത്തിക്കാന്ന്. ഇന്ന് നീ അവിടെ പോയി, അവിടെ നിക്കണ ഫോട്ടോ എനിക്ക് വാട്സ് ആപ്പ് ചെയ്തിട്ട്  എന്നെ വിളിച്ചാൽ  മതി, ഇല്ലെങ്കിൽ നിന്റെ തള്ള ചത്തൂന്ന് കരുതിക്കോ...."

പല തവണ വിളിച്ചിട്ടും അമ്മ ഫോണെടുത്തില്ല. ഇനി  പ്രാർഥനായോഗത്തിന്റെ ഫോട്ടോ കണ്ടിട്ടേ ആ തീരുമാനത്തിനൊരു മാറ്റമുണ്ടാകൂ. റോക്ക് സിംഗർ സ്റ്റീഫൻ ദേവസിയും  മറ്റ് പ്രമുഖരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തി ന്യൂ ജെൻ ലുക്കിൽ കൂറ്റൻ ഫ്ലെക്സുകളുടെ പരസ്യം ഞാനും കണ്ടിരുന്നു....

അല്പം വൈകിയായാലും ആ കൂട്ടത്തിന്റെ ഏതെങ്കിലും കോണിൽ ചെന്നുനിന്ന് ഒരു ഫോട്ടോയും ഒരു ആഡിയോ ക്ലിപ്പും ഒപ്പിച്ചേ തീരു... കുടുംബജീവിതത്തിൽ വിശ്വാസങ്ങൾക്ക് വല്ലാത്തെ സ്ഥാനമാണെന്ന് ഉപ്പും മുളകും  കടുകും ചേർത്ത് കിഴികെട്ടി  അടുപ്പിലിട്ട് അതിന്റെ ഗന്ധത്തിന്റെ രൂക്ഷതനോക്കി കണ്ണേറിന്റെ ആഴം പറഞ്ഞിരുന്ന അമ്മയും ഇന്നും മകനിലൂടെ ആവർത്തിക്കുന്ന ഭാര്യയും വല്ലാതെ ഓർപ്പിക്കുന്നു....

സ്റ്റീഫൻ ദേവസിയുടെ ഗിത്താറിന്റെ മാന്ത്രിക താളത്തിനൊത്ത് വിശ്വാസികൾ ആത്മമാരി നനയുകയാണ്... ഏറ്റവും പുറകിലെ നിരയിലെ  ആരും  ശ്രദ്ധിക്കാത്ത ഒരു കോണിൽ ശബ്ദത്തിനിടയിൽ നിന്ന് അമ്മയെ ഫോണിൽ വിളിച്ചു...
എടുത്തില്ല...പിന്നെ പലകോണുകളിൽ നാലഞ്ച് സെല്ഫിയും, ആഡിയോ വീഡിയോ ക്ലിപ്പുകളും  എടുത്ത്, അമ്മയുടെ നമ്പരിലേക്ക് വാട്സ് ആപ്പ് ചെയ്തു..

ഇൻചെയ്ത  തൂവെള്ള മുഴുകൈയൻഷർട്ടും,   ക്ലീൻ ഷേവു ചെയ്ത മുഖവുമുള്ള സുന്ദരനായ ചെറുപ്പക്കാരൻ എന്റെ മുന്നിൽ ഒരു ചുവന്ന ബക്കറ്റു നീട്ടി.....

"കൊടുക്കുവിൻ എന്നാൽ നിങ്ങൾക്ക് കിട്ടും അറുപതും നൂറും ഇരട്ടി മടക്കികിട്ടും..."

മൈക്കിലൂടെ കാണിക്കയുടെ അനൗൺസ് മെന്റ്  മുഴങ്ങികേൾക്കുന്നു...പത്തുരൂപ തപ്പിയെടുത്ത് ബക്കറ്റിലിട്ടു ചെറുപ്പക്കാരൻ ചിരിയോടെ അടുത്തയാളിലേക്ക് നീങ്ങി അവന്റെ മുഖത്തെ ചിരി മാറുന്നില്ല, തിരിഞ്ഞു തിരിഞ്ഞ് എന്നെ നോക്കുന്നു....

ആ മുഖം എനിക്ക് പരിചയമുണ്ട് സത്യം.അവൻ എന്റെ പിൻ നിരയിലൂടെ നിങ്ങുന്നുണ്ട് എന്നെ നോക്കി ചിരിക്കുന്നു.....

"സ്റ്റാലിൻ,  നീ സ്റ്റാലിനല്ലേ...?"

"പ്രൈസ് ദി ലോർഡ് ഒരിക്കൽ ഞാൻ ജോസഫ്  സ്റ്റാലിനായിരുന്നു  ഇപ്പോൾ മാനസാന്തരപ്പെട്ട  ജോസഫ്   സ്റ്റാൻലി യാണ്..."

"ഒരുത്തൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാകുന്നു...."

അശരീരിപോലെ  പ്രസംഗികന്റെ  വാക്കുകൾ ഞങ്ങൾക്കിടയിലൂടെ കടന്നുപോയി..

ജോലിയിൽ പ്രവേശിച്ച  മൂന്നാമത്തെ ദിവസം   മലപ്പുറത്ത് സർവ്വിസ് സംഘടനയുടെ ജില്ലാ സമ്മേളനം കഴിഞ്ഞ് നിലമ്പൂരെത്തിയപ്പോൾ അജീഷ് മാസ്റ്റർ പറഞ്ഞു....

"ഇന്നിവിടെ മാവോയിസ്റ്റുകളുടെ ഒരു യോഗം നടക്കുന്നുണ്ട്  നമ്മുടെ സ്കൂളിൽ പഠിപ്പിക്കണ സ്റ്റാലിൻ സാറില്ലേ അയാളൊക്കെ  ഈ കൂട്ടത്തിൽ പെട്ടെതാ...പ്രാന്ത് അല്ലാതെന്തുപറയാൻ നമുക്കല്പം ഒഴിഞ്ഞു നിന്ന് കേട്ടാലോ ? മാഷിനിതിലൊക്കെ അല്പം താല്പര്യമില്ലേ..."

യോഗം നടക്കുന്ന സ്ഥലത്തുനിന്നും നൂറ്റമ്പതോളം മീറ്റർ അകലത്തിൽ ബദാം മരത്തിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ സ്റ്റാലിൽ സാറുവന്നു.

"നിങ്ങൾ അല്പം കൂടെ മാറി നിൽക്കൂട്ടോ  മഫ്തിയിൽ പോലീസുകാർ ശ്രദ്ധിക്കുന്നുണ്ട്...." ഇതും പറഞ്ഞ് മാഷ് പോയപ്പോൾ  എനിക്കുവലിയ ഭയമൊന്നും തോന്നീല, അജീഷ് മാഷ് കാറു ലക്ഷ്യമാക്കി നടന്നു കഴിഞ്ഞു. പിന്നാലെ ഞാനും....

"എന്തായാലും സ്റ്റാലിൻ നമ്മളെ കണ്ടല്ലോ അതുമതി, നാളെ സ്റ്റാഫ് റൂമിൽ മാവോയിസ്റ്റ് യോഗത്തിൽ പങ്കെടുത്തൂന്നുള്ള ക്രെഡിറ്റും കിട്ടും,  തടിയും കേടാവൂല, മാഷ് വണ്ടിവിട്...."

പിറ്റേന്നുമുതൽ സ്റ്റാലിൻ മാഷിന്റെ പിന്നാലെയായിരുന്നു എന്റെ ശ്രദ്ധമുഴുവനും...
അലസമായ വസ്ത്രങ്ങൾ, നീട്ടിവളർത്തി ചീകാത്ത തലമുടി ,ഷേവു ചെയ്യാത്ത താടി, വാക്കിലൊക്കെയും കത്തി നിൽക്കുന്ന വിപ്ലവം, കുട്ടികൾക്ക് ആരാധനാ പാത്രമായ ജേണലിസം അദ്ധ്യാപകൻ ,എപ്പോഴും തീപിടിച്ച വായന, സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുൻ നിരയിൽ.....

സ്കൂളിലെത്തിയാൽ വൈകിട്ടുപോകുന്നതുവരെ ഷർട്ടിൽ അല്പം ചോക്കുപൊടിയോ ചുളിവോ വീഴാതെ നോക്കിയും..
ഡി എ കിട്ടാത്തതിൽ ഭരണമുന്നണിയെ ചീത്തപറഞ്ഞും, സെല്ഫി സ്റ്റിക്കും ക്രീമുകളും സ്പ്രേയും മാത്രം ടേബിളിൽ സൂക്ഷിച്ചും ആധ്യാപനം നടത്തുന്ന എനിക്കും സ്റ്റാലിൻ മാഷിനും തമ്മിൽ എട്ട് ടേബിളിന്റെ അകലമുണ്ടായിരുന്നു.

ഇടവേളകളിൽ എപ്പൊഴും സ്റ്റാലിൻ മാഷിന്റെ ടേബിളിന്റെ മുന്നിൽ കുട്ടികളുണ്ടാകും..
നിൽപ്പു സമരോം ആദിവാസി പ്രശ്നോം ലഹരി ദുരന്തങ്ങളും ചേർന്ന് സംവാദങ്ങളുടെ ഉയർന്ന ശബ്ദമുണ്ടാകും....

ഇടയ്ക്ക് സുഗുണൻ മാഷ്  സ്റ്റാഫ് റൂമിൽ പറയുന്നതുകേട്ടു....

"....ആതിരപ്പള്ളി വെള്ളച്ചാട്ടത്തിനെ സംരക്ഷിക്കാൻ മനുഷ്യചങ്ങല തീർക്കാൻ സ്റ്റാലിൻ പിള്ളേരേം കൊണ്ട് പോണുണ്ട് ആരൊക്കെയുണ്ട് അടികൊള്ളാൻ... ക്യാമ്പസ്സിന്റെ മുറ്റം ടൈൽ ഇടാൻ സമ്മതിക്കാതെ  കമ്മിറ്റിക്കെതിരേ, കുട്ടികളെ ഇറക്കി സമരം നടത്തിയതുമുതൽ എനിക്കയാളെ പിടിക്കണില്ലാട്ടോ.ഒരു മാവുപോയാലും നമുക്ക് അസംബ്ലി നടത്താർന്നില്ലേ...? ഗേറ്റിൽ കെട്ടിയ  സംഘടനേടെ ഫ്ലെക്സും പോസ്റ്ററും കീറിക്കളയാൻ അയാളാരാ...? വേണ്ടാന്ന് വച്ചിട്ടാണേ. നല്ല നാലു പൊട്ടിക്കാൻ അറിയാഞ്ഞിട്ടല്ല,   കുട്ടികളെ സ്കൂളിയയക്കണത് മാവോയിസം പഠിപ്പിക്കാനല്ലെന്ന് അയാളോട് ആരെങ്കിലും പറഞ്ഞില്ലെങ്കിൽ നമ്മളെല്ലാരും കുറ്റക്കാരാകും..."

പിറ്റേന്നു നടന്ന സ്റ്റാഫ് മീറ്റിംഗിൽ പകുതിയോളം ആളുകൾ ഉണ്ടായിരുന്നില്ല. സുഗുണൻ   മാഷിന്റെ മകൾക്ക് തൊട്ടടുത്ത സി. ബി. എസ് .സി . സ്കൂളിൽ പി റ്റി എ യോഗമായിരുന്നു.സ്റ്റാലിൻ മാഷിന്റെ വാക്കുകൾക്ക് ആർക്കും മറുപടിയുമുണ്ടായിരുന്നില്ല...
അടുത്ത ദിവസം സ്റ്റാലിൻ മാഷുണ്ടായിരുന്നില്ല, കുട്ടികളെ ഒരു പിരീഡ് നേരത്തേ വിട്ട് സൗകര്യപൂർവ്വം.അടിയന്തിര സ്റ്റാഫ് മീറ്റിംഗ് കൂടി. പി ടി എ അംഗങ്ങളും സംബന്ധിച്ചു....

"അയാൾക്കെന്തുണ്ടാകാൻ  അയാളു വെറും താൽകാലികാദ്ധ്യാപകൻ, അടുത്ത തവണ ഗസ്റ്റ് ഇന്റർവ്യൂ അയാളെ വിളിക്കാതിരുന്നാൽ പോരേ, അത് ഞാനേറ്റു. അയാളൊണ്ടെങ്കിൽ ഈ  മീറ്റിംഗ് കൂടാൻ പോലും പറ്റൂല.  കഴിഞ്ഞ തവണ ഒരു പിരീഡ് നേരത്തേ വിട്ടതിന് ആർ ഡി ഡി യെ അറിയിച്ച ആളാ,  പ്രിൻസിപ്പൾ സാർ ഓർക്കുന്നില്ലേ....?" പി റ്റി എ പ്രസിഡന്റ് പറഞ്ഞു തീർക്കാൻ കാത്തു നിൽക്കുകയായിരുന്നു ഓരോർത്തരും...സ്കൂളിന്റെ മുറ്റം , കുട്ടികളുടെ തലമുടി, വസ്ത്രം, ക്ലാസിലെ ശബ്ദമുള്ള ചർച്ചകൾ, പ്രണയം, സമരങ്ങൾ, അച്ചടക്കമുള്ള ഒരു വിദ്യാലയത്തിനെതിരേ ഉയർന്നുവരുന്ന വെല്ലുവിളികൾ ചേർത്ത് സ്റ്റാലിൻ മാഷ് ക്രൂശിക്കപ്പെട്ടു...

അടുത്ത ദിവസം
സ്കൂളിൽ ഇനിമുതൽ  വരുന്നില്ലെന്ന ഒരു കത്തും കൊടുത്ത് മാഷുപോയി...

"മാഷപ്പോൾ ക്രിസ്ത്യാനിയാ...." സ്റ്റാലിൻ മാഷെന്നെ ഓർമ്മകളിൽ നിന്നുണർത്തി....

"ഇനി വേണേൽ എന്റൊപ്പം  മാഷൊരു സെല്ഫി എടുത്തോളൂ  മാഷിനെന്നോടുള്ള അതൃപ്തി അതല്ലേ....അന്നൊന്നും എന്റെ ഒരു വ്യക്തമായ ഫോട്ടോ പുറത്ത് പോകാൻ പാടില്ലായിരുന്നു മാഷേ...."
ചേർന്നു നിന്ന് എന്റെ ഫോൺ വാങ്ങി നല്ലൊരു സെല്ഫിയെടുത്തുതന്നു. ഞാനത് അമ്മയ്ക്ക് വാട്സ് ആപ്പ് ചെയ്തു ആത്മമാരിയിലാണെന്ന് പൂർണ ഉറപ്പു കിട്ടട്ടേ....

"...മാഷേ, മാനസാന്തരപ്പെടും മുന്നേ ഉച്ചഭാഷിണി പടില്ല, ലഘുലേഖ വിതരണം ചെയ്താൽ അറസ്റ്റുചെയ്യും, യോഗങ്ങൾ പാടില്ല, പുറത്തിറങ്ങിയാൽ പോലീസിന്റെ പൂർണ നിരീക്ഷണത്തിൽ....നോക്കു മാഷേ എല്ലാം മാറീലേ. എനിക്കിപ്പോൾ നല്ലൊരു ജോലിയുണ്ട്, പേരൊക്കെ ഗസറ്റിൽ കൊടുത്ത്  മാറ്റി, സ്റ്റാലിൻ അല്ലാട്ടോ... ജോസ്ഫ് സ്റ്റാൻലിയാ, മറ്റേ പെൺകുട്ടിയും രക്ഷിക്കപ്പെട്ടു. ഇനി കല്യാണത്തിന് ഒരു തടസ്സോമില്ല,നാളേം വരണം കേട്ടോ , യോഗം തീരും മുന്നേ കളക്ഷൻ തുക എണ്ണി തിട്ടപ്പെടുത്താനുണ്ട് . സ്റ്റീഫൻ ദേവസിയ്ക്ക്   അമ്പതായിരാ റേറ്റ്, എന്റെ പുതിയ നമ്പരിൽ നിന്ന് ഞാൻ വിളിക്കാട്ടോ....പ്രെയ്സ് ദി ലോർഡ്...."

"..മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് കിട്ടും..."
പ്രാസംഗികൻ നീ , നിങ്ങൾ, നിങ്ങൾക്ക് എന്ന വാക്കുകൾ പലതവണ ആവർത്തിക്കുന്നുണ്ടായിരുന്നു....

നി, നിങ്ങൾ, നിങ്ങൾക്ക്, എന്ന ഓരോ ആവർത്തനത്തിലും സ്റ്റാലിൻ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. യോഗ സ്ഥലത്തെ  താൽക്കാലികമായി കെട്ടിയുണ്ടാക്കിയ  ടെന്റിലേക്ക് സ്റ്റാൻലി നാലുകാലിൽ  മ്യാനസാന്തരപ്പെട്ടുവീണു,  മ്യാനസാന്തരപ്പെട്ട എന്റെ ഫോണിലേക്ക് അമ്മയുടെ വിളിയും വന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

കഥ പുരുഷലാബുകൾ

പുരുഷലാബുകൾ..!!

      അപരിചിതമായ മൗനം മുറിക്കുള്ളിൽ തളം കെട്ടി നിൽക്കുന്നതു കണ്ടിട്ടാണ്. സ്റ്റാഫ് ടൂറിൽ അവളുടെ ഒപ്പം നിന്ന മാഷിനെക്കുറിച്ച് വെറുതേ തിരക്കിയത്. അഗ്നിപർവ്വതമാകാൻ അവൾ കാത്തിരിക്കുകയായിരുന്നു......

"ഓരോസ്ത്രീയും പുരുഷലാബുകളായി മാറണം "
       "ഡോ വിനയകുമാരിയുടെ ഇരിപ്പിടത്തിനുമുകളിലെ ചുവരിൽ എഴുതിവച്ചിട്ടുണ്ട്.പത്തിൽ കുറയാതെ ആളുകളെങ്കിലും ദിനവും അവരെ സന്ദർശിക്കുന്നുണ്ട്, ഒരു തവണ, വെറും അറുപത് മിനിട്ട് ആ ക്ലിനിക്കിലൂടെ കടന്നുപോയാൽ മതി,  ഭൂമിയിലെ ഏതൊരുപുരുഷനെയും അളന്നുതിട്ടപ്പെടുത്താൻ ഏതൊരു പെണ്ണിനേയും അവർ പ്രാപ്തയാക്കും. ലോകത്തിലെ ഏതൊരു പുരുഷനെക്കുറിച്ചറിയാനും, വിലയിരുത്താനുമുള്ള സംവിധാനം ആ ലാബിലുണ്ട്.."

.....'ഉത്തമ പുരുഷനെ അറിയുക', 'വിടന്മാരുടെ മാർഗങ്ങൾ ' ഇത്തരത്തിൽ ലോകപ്രശ്സ്തമായ രണ്ട് ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണവർ. നാലു നിലകളിൽ രൂപകല്പന ചെയ്തിട്ടുള്ള ലാബിന് ധർമ്മ അർഥകാമമോക്ഷങ്ങൾ എന്നിങ്ങനെ പേരുകൾ നൽകിയിട്ടുണ്ട്, ഇരുപത്തിയെട്ടുകൊല്ലം നീണ്ട തന്റെ   അദ്ധ്യായന ജീവിതത്തിനിടയിലെ ഗവേഷണങ്ങളിലൂടെയാണ്   വിനയകുമാരി, ഡോ:വിനയകുമാരിയായത് ,സ്കൂളുകളിൽ ഇതൊരു വിഷയമാക്കണമെന്ന് അവർ പറയാറുണ്ട്. ഡോ; പദവി സർവ്വകലാശാല ബിരുദമൊന്നുമല്ലാട്ടോ. ഞങ്ങൾ, വിനയാ ഫാൻസ് സ്നേഹപൂർവ്വം വിളിക്കുന്നതാ..."

"ധർമ്മമാർഗങ്ങൾ തികച്ചും ലളിതമാണ് വീട്ടിലും നാട്ടിലും പെണ്ണ് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ സംഗതികളടങ്ങിയ ലിസ്റ്റുകളും വീഡിയോ ആഡിയോ പ്രദർശനങ്ങളുമാണ്.
താങ്കൾക്കുള്ള ലിസ്റ്റുകൾ കിടപ്പുമുറിയിലെ തലയിണയുടെ അടിയിൽ വച്ചിട്ടുണ്ട്..."

"സുമേ നീ മാഷേന്നല്ലേ എന്നെ വിളിക്കാറ്..."

കേട്ടഭാവമില്ലാതെ അവൾ തുടർന്നു...

"അർഥമാർഗങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ഒരു രൂപരേഖയുണ്ടാക്കണം, കഴിഞ്ഞപത്തുകൊല്ലത്തെ വരവു   ചെലവുകളും, വരാൻ പോകുന്ന പത്തുകൊല്ലത്തെ 'ആന്റിസിപ്പേറ്ററി ഇങ്കം സ്റ്റേറ്റ്മെന്റും ' ഒരുമിച്ച് ഭക്ഷണ മേശയിലിരുന്ന് അടുക്കള കാണുന്ന ദൂരപരിധിയിലിരുന്ന് രൂപപ്പെടുത്തണമെന്നാണ് ഡോ: വിനയകുമാരി പറഞ്ഞിട്ടുള്ളത്,  മാർഗ നിർദ്ദേശങ്ങളടങ്ങിയ കത്ത് ഭക്ഷണ മേശയിലുണ്ട്"

..ആദ്യമായി ശബ്ദത്തിന്റെ ഉയർന്ന താളം കേട്ട ഉമ്മറത്തിരുന്ന ചെറുകുരുവികൾ അകത്തേക്ക് തലചരിച്ചു വച്ചു...

"കാമ മാർഗത്തിലൂടെ മുന്നോട്ടുപോകാൻ, ചാക്രിക ക്രമീകരണങ്ങൾക്കനുസരിച്ച് ആഴ്ച്ചയിൽ ഒന്ന്, മാസത്തിൽ മൂന്നെന്ന കണക്കിൽ രതിയനുവദിച്ചിരിക്കുന്നു. അതിനുമുന്നേ താങ്കളുടെ സഹപ്രവർത്തകരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും, താങ്കളുടെ പൂർണകായ ചിത്രം   (ഞാൻ പകർത്തിയത് ) ലാബിൽ എത്തിക്കേണ്ടതുണ്ട്, താങ്കളുടെ കഥകൾക്ക് കാര്യകാരണ സഹിതമുള്ള വിശദീകരണകുറിപ്പും ഉടൻ എത്തിക്കേണ്ടതാണ്. സൂക്ഷ്മ വിലയിരുത്തലുകൾക്ക് ശേഷമേ കാമമാർഗത്തിലൂടെ മുന്നോട്ടുപോകാനനുമതിയുള്ളു..."

"മോക്ഷമാർഗത്തെക്കുറിച്ച് ക്ലാസെടുത്തത്   ഡോ: വിനയകുമാറാണ് . അതിന്റെ വിശദാംശങ്ങൾ പറയാൻ നിയന്ത്രണങ്ങളുണ്ട്,
താങ്കളുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ ലാബിലെ രസപരിശോധനയിലാണ്.
റിസൾട്ട് മോശമായാൽ മോക്ഷമാർഗത്തിലൂടെ സഞ്ചരിക്കാം."

ഞാൻ പൂർണകായ പ്രതിമയായി അവൾ സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു..!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

Monday 9 January 2017

കഥ വിവാഹം

വിവാഹം..!!

"..നിങ്ങൾക്കെന്തെല്ലാം തരാനുണ്ടാകും...."

"പറമ്പിന്റെ കോണിൽ വറ്റാത്തൊരു കുളമുണ്ട്, നാലു വയലുണ്ട്, വീടിന്റെ മുന്നിൽ ആൽമരമുണ്ട്....
ആറാൺകുട്ടികളിൽ ഏറ്റവും കരുത്തനിവനാണ്...."

"എങ്കിൽ ചിത്രങ്ങൾ കാണിക്കു.   ആൽമരത്തിന്റെ ചുവട്ടിലും, വയലിന്റെ നടുവിലും, കുളത്തിന്റെ കരയിലും, നിങ്ങളുടെ മകൻ നിൽക്കുന്ന ചിത്രങ്ങൾ...വരും കൊല്ലം ഞങ്ങളുടെ ആണ്മകളാരെങ്കിലും വന്ന് ഒത്തുനോക്കട്ടേ എന്നിട്ടേ പെൺകുട്ടിയെ കാണിക്കൂ...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

കഥ പന്ത കൂട്ടപ്പൂ ബസ്

പന്ത- കൂട്ടപ്പു ബസ്സ്...!!

     "K L 15 A 1326 പന്ത കള്ളിക്കാട് വഴി  കൂട്ടപ്പൂവിലേക്കുപോകുന്ന പന്തകൂട്ടപ്പു ഫാസ്റ്റ് പാസഞ്ചർ  ബസ് ഉടൻ സ്റ്റാന്റുവിട്ടുപോകേണ്ടതാണ്."
കാട്ടാക്കട സ്റ്റാന്റിൽ നിന്നും അനൗൺസ് മെന്റ് ഉയർന്നു...

കഴിഞ്ഞ ആറുവർഷങ്ങളായി ഞാൻ ബസിൽ കേറിയിട്ട്. കാറുവാങ്ങിയതിൽ പിന്നെ മണ്ണിൽ ചവിട്ടി നടക്കാൻ പോലും മടിയാകുന്നു. പെൻഷനേഴ്സ് യൂണിയന്റെ ധരണ നടക്കുന്ന  പന്തലിൽ ഇരിക്കുകയാരിരുന്ന സുവർണൻ കണ്ടക്ടർ എന്നെ ബസിൽ നിന്നും വലിച്ചിറക്കി, ഗ്യാരേജിന്റെ മതിലിനോട് ചേർന്ന തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.വരാന്തയിലെ ചാരുകസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയ ആൾ വിളിച്ചു ചോദിച്ചു...

"ഇപ്പൊ നീയൊക്കെ വലിയ തിരക്കുള്ള ആളുകളാന്നൊക്കെ അറിയാം. ഒരഞ്ചുമിനിട്ട് ഇരിക്കാൻ പറ്റണം......"

കുറച്ചു കഴിഞ്ഞ് പഴയ പത്രക്കടലാസിൽ പൊതിഞ്ഞ ഒരു കെട്ട് എന്റെ മടിയിൽ ഇട്ടിട്ട്....

"ആ പാവത്തിനെ നോക്കാൻ നിനക്ക്  ഇതു മതിയാകോ എന്റേൽ ഇതേ ഉള്ളൂ..."

എന്തുചെയ്യണമെന്നറിയാതിരുന്ന എന്നെ രൂക്ഷമായി നോക്കിയിട്ട് ,
എന്തൊക്കെയോ പുലമ്പിക്കൊണ്ട് ആ മനുഷ്യൻ വീടുപോലും പൂട്ടാതെ ഇറങ്ങിപ്പോയി...

കുടുംബകോടതീൽ നടന്ന കേസിൽ  അപ്പനോട് തോറ്റ്, ഞങ്ങളെ മൂന്നിനേം കൂട്ടി പന്തയിലെ അമ്മാമ്മയുടെ വീട്ടിലേക്ക് വരുന്ന ബസിൽ വച്ചാണ് ഈ മനുഷ്യനെ ആദ്യമായി കാണുന്നത്. കമഴ്ന്മിരുന്ന് കരയുന്ന അമ്മയെ ചുമലിൽ കൈവച്ച് ആശ്വസിപ്പിക്കുന്നതും, എന്തൊക്കെയോ പറയുന്നതും എനിക്ക് അവ്യക്ത ഓർമ്മകളാണ്.....

ദൈവപ്പുര കയറ്റം നിരങ്ങിക്കേറുന്ന KL-15 A 326
പന്ത- കൂട്ടപ്പു ബസ്സുപോലെ എന്നിലേക്ക് ഇരച്ചിരച്ച് കേറാൻ തുടങ്ങി....

  "KL 15 A 326 പന്ത കള്ളിക്കാട് വഴി കൂട്ടപ്പുവിലേക്ക് പോകുന്ന പാസഞ്ചർ ബസ്സ് സ്റ്റാന്റ്ഡിന്റെ വലതുവശത്തായി പാർക്കു ചെയ്തിരിക്കുന്നു..... "

ഇതു കേൾക്കുമ്പോൾ കാട്ടാക്കട സ്റ്റാന്റ് ഒന്നിളകും. അമ്മ ഞങ്ങളെ മൂന്നിനേം വലിച്ചോണ്ട് കേറും..അനിയന് മുന്നിൽ ചെന്ന് ഡ്രൈവറെ അനുകരിക്കാനാണിഷ്ടം. മൂത്തവൾ വഴിയരികിലെ മുറ്റങ്ങളിൽ വിരിഞ്ഞ കടലാസുപൂക്കളും നിറഞ്ഞ ചാമ്പമരങ്ങളും കൊതിയോടെ നോക്കും.എനിക്ക് ബസിന്റെ മണമടിച്ചാൽ ശർദ്ധിക്കാൻ വരും. അമ്മയുടെ മടിയിൽ കമഴ്ന്ന് കിടക്കും. അനിയന്റെ "വണ്ടിവിടൽ" നോക്കി ചിരിയടക്കിയിരിക്കുന്ന അമ്മയ്ക്ക്, സുവർണൻ കണ്ടക്ടർ ടിക്കറ്റ് കൊടുക്കും. മൂന്ന് ഹാഫും ഒരു ഫുള്ളും. കൂടെ എനിക്ക് ശർദ്ധിക്കാൻ ഒരു കവറും.പിന്നെ കിന്നാരം പറയണ അയാളേം അമ്മേം ഞാൻ മടിയിൽ കിടന്ന് മാറി മാറി നോക്കും...

പാലത്തിന്റെ അടുത്ത് ചായക്കട നടത്തണ ഗോപിപ്പിള്ളേടെ മോൻ സുകു പറഞ്ഞാണ് ഞാനറിഞ്ഞത്, കണ്ടക്ടറുടെ അച്ഛൻ പണ്ട്  മെക്കാനിക്കായിരുന്നു, ബസിന്റെ അടിയിൽ കിടന്ന് എന്തോ നന്നാക്കുന്നതിനിടയിൽ, ബസ് മുന്നോട്ട് നീങ്ങിയാണത്രേ മരിച്ചത് .
അന്ന് ഡി ഗ്രി പഠിച്ചോണ്ടിരുന്ന ഒറ്റമോനായ  കണ്ടക്ടർക്ക് സർക്കാർ ജോലിയും കൊടുത്തു. അന്നുമുതൽ അവരുടെ അമ്മ തളർന്ന് കിടപ്പിലുമായി...

.....കാട്ടകടയിൽ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക് ഈ ഒരൊട്ട വണ്ടിയേയുള്ളു.
രാവിലെ 4:45 ന് പന്തയിൽ നിന്നും ഓട്ടം തുടങ്ങുന്ന വണ്ടി, രാത്രി 8:45 ന് എന്റെ വീടിന്റെ സമീപത്തെ മാവിന്റെ ചോട്ടിൽ പാർക്ക് ചെയ്യും. ഇതിനിടയിലെ യാത്രാ സമയവിവരമടങ്ങിയ  കറുത്തബോർഡ് കണ്ടക്ടർ ആ  മാവിൽ ആണിയടിച്ച് തൂക്കിയതുമുതൽ അത് പന്ത സ്റ്റോപ്പായി.

4:45 ന്റെ ട്രിപ്പിൽ കാട്ടക്കട കള്ളിക്കാട് ചന്തകളിലേക്ക് പച്ചക്കറികളും വാഴക്കുലയും ആടും കോഴിയും കൊണ്ടുപോകുന്നവരും, ഹോട്ടൽ പണിക്കാരുമേ ഉണ്ടാകു. പോകുന്നവഴിയിൽ വയലിൽ നിന്നും ചീരയും വെറ്റിലയുമായി കേറുന്ന നാണിത്തള്ളയ്ക്കുവേണ്ടി അഞ്ചോ പത്തോമിനിട്ട് കാത്തുകിടക്കും. വയ്യാത്ത കാലുമായി ഇഴഞ്ഞുവരുന്ന നാണിത്തള്ള, "ഇന്നിത്തിരി നേരത്തേയല്ലേ കണ്ടട്ടറേന്നും പറഞ്ഞ് സീറ്റിനടിയിലേക്ക് കെട്ടും ഇറക്കിവച്ച് പിൻ സീറ്റിൽ കിടന്ന് ഉറങ്ങും.ഏഴരയ്ക്കുള്ള പന്ത- കൂട്ടപ്പൂന്റെ മടക്കത്തിൽ   ഈ ട്രിപ്പുകാർ രണ്ട് ടിക്കറ്റെടുക്കും.

8:30 ന്റെ രണ്ടാമത്തെ ട്രിപ്പിലാണ് ഞാനുണ്ടാകുക, തിരുവനന്തപുരത്തും കാട്ടാക്കടയിലും മോസ്തിരിപണിക്ക് പോകുന്നവരും ,
നെയ്യാർഡാം സ്കൂളിലെ കുട്ടികളും കള്ളിക്കാട് വില്ലേജിലെ പീയൂൺ സുധാമണിടീച്ചറും, നാട്ടിലെ കുട്ടികൾക്ക് കണക്കും ഇംഗ്ലീഷും ട്യൂഷനെടുത്തിരുന്നത് സുധാമണിയമ്മയായിരുന്നു അങ്ങനെ സുധാമണി, സുധാമണിടീച്ചറായി. ഇതിൽ  ഞങ്ങൾക്ക് കൺസഷൻ കാർഡുണ്ടായിരുന്നു, മേസ്തിരിപ്പണിക്കാർ ടിക്കെറ്റെടുക്കില്ല അവർക്ക് അവരുടെ ന്യായമുണ്ടായിരുന്നു....

"പണിചെയ്താലല്ലേ കൂലികിട്ടൂ എന്നാലല്ലേ സുവർണൻ സാറേ ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ...."

അതേ താളത്തിൽ കണ്ടക്ടറും മറുപടി പറയും...

"ഷാപ്പിന്ന് അല്പം വൈകിട്ട് മിച്ചം പിടിച്ചാലല്ലേ മണിയാ ടിക്കറ്റെടുക്കാൻ..."
മണിയൻ മേസ്തിരീടെ കൈയ്യാൾ ഒഴികെ എല്ലാരും ചിരിക്കും മേസ്തിരി തലയും താഴ്ത്തിയിരിക്കും.എന്നിട്ട് ഒരു മൂളിപ്പാട്ടും പാടി ആ സുന്ദരനായ മനുഷ്യൻ എന്നെയും ചേച്ചിയേം നോക്കി കണ്ണിറുക്കും , "കക്കികൂട്ടല്ലേ കൃഷ്ണൻ കുട്ടീന്നും" പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു നാരങ്ങമിഠായിയും കവറും എനിക്ക് തരും. ചേച്ചി അത് മൂന്നായി പങ്കുവയ്ക്കും. കോടതീൽ കേസ്സുള്ള ദിവസാണെങ്കിൽ അമ്മയും കാണും, പത്തിന്റേം ഇരുപതിന്റേം നോട്ടാണ് അമ്മ കൊടുക്കുന്നതെങ്കിലും....
"സൂമേ നീ നൂറല്ലേ തന്നതെന്നും" പറഞ്ഞ്, മീശയില്ലാത്ത മൂക്കിന്റെ താഴെയുള്ള കറുപ്പിൽ വിരൽ വച്ച് അല്പനേരം ചിന്തിക്കും, എന്നിട്ട്  കുറച്ച് തുക ബാക്കിയായി കൊടുക്കും.. കോടതീന്ന് ജീവനാശമായി അറുന്നൂറ്റി അമ്പത് രൂപ വിധിയായതിന് ശേഷം അമ്മയ്ക്ക് ആ യാത്ര ചെയ്യേണ്ടിവന്നില്ല.
എല്ലാമാസവും അരിയും പച്ചകറിയും അറുനൂറ്റി അൻപത് രൂപയും കണ്ടക്ടർ രാത്രിട്രിപ്പുകഴിഞ്ഞ് എത്തിക്കും. വരാന്തയിൽ കൊണ്ടുവച്ചിട്ട് "കൃഷ്ണൻ കുട്ടീന്ന് " നീട്ടിയൊരു വിളിയാണ് അമ്മ പുറത്തേക്ക് പോകില്ല....

കൃഷ്ണൻ കുട്ടിയല്ലാ എനിക്കൊരു പേരുണ്ടെന്ന് ഞാൻ പരാതിപറഞ്ഞാൽ,

"എടാ കറുമ്പാ   എന്റെ ചങ്ങാതി കൃഷ്ണൻ, നീ അതിന്റെ കുട്ടി, കൃഷ്ണൻ കുട്ടി.... " അതും പറഞ്ഞ് കാശും തന്നിട്ട് ആ മനുഷ്യൻ പോകും.

."...എന്താ നിനക്കൊക്കെ ഇത്ര ചിന്തിക്കാൻ. ഇത് തികയില്ലേ, എട്ടരസെന്റും ഈ വീടും നല്ലൊരു തുകയ്ക്കുണ്ടാകും. എന്നാ, എവിടെയാ, ഒപ്പിടേണ്ടതെന്ന് മാത്രം  പറഞ്ഞാൽ മതി. ഞാൻ വന്നേക്കാം... നിനക്കൊക്കെ എന്തറിയാം പന്തയിൽ ആദ്യമായി പി ഡി സി പാസായി നേഴ്സ് ആകാൻ പോയത് അവളാ. എനിക്ക് അവളോട് തോന്നിയ ഇഷ്ടം ധൈര്യം പോരാഞ്ഞ് അന്ന് എന്റെ കൂട്ടുകാരനായ ആ നാറിയോട് പറഞ്ഞു. പിറ്റേ ദിവസം മുതൽ അവൻ അതിന്റെ പിന്നാലെ കൂടി ഒടുവിൽ ആശുപത്രിപോകുവഴി അവൻ അവളേം കൊണ്ടുപോയി. മൂന്ന് കുട്ടികളായപ്പോ അവന്റെ പൂതിയും തീർന്നു.
ബാക്കിയൊക്കെ നിനക്കൊക്കെ ഞാനായിട്ട് പറഞ്ഞറിയിക്കണോ .?

പെണ്ണും പെടക്കോഴീം ഇല്ലാത്ത ഞാൻ അവളോട് പറഞ്ഞതാ കുട്ടികളേം കൂട്ടി എന്റെ വീട്ടിൽ വരാൻ. അന്ന്  അവളതു കേട്ടില്ല. അവൾ നിന്റെയൊക്കെ നന്മയോർത്തു. നീയൊക്കെ ഒരു കരപറ്റിയപ്പോൾ അവളെ വേണ്ടാതായി...നിന്റെ അനിയന് വീടെഴുതികൊടുത്തതല്ലേ നിന്റെ പ്രശ്നം.? ടൗണിന്റെ ഒത്ത നടുക്കാ ഈ സ്ഥലോം വീടും.  നീ എടുത്തോ ആരും ചോദിക്കാൻ വരില്ല. ഞാൻ ആ ധരണ പന്തലിൽ  ഉണ്ടാകും ചിന്തിച്ച് പറഞ്ഞാൽ മതി..."

നമ്മൾ ഇതൊക്കെ  ഓർക്കുന്നതിനിടയിൽ കണ്ടക്ടർ എപ്പൊ വന്നെന്ന് എനിക്കറിയില്ല. അതേ  വേഗത്തിൽ ദേ ആ മനുഷ്യൻ നടന്നുപോകുന്നു....

എട്ടരസെന്റ് പുരയിടത്തിന്റെ ആധാരം എന്റെ മടിയിലിരുന്ന്  ചുട്ടുപഴുത്തു. പഴയ ഓടിട്ട വീട്, മുറ്റത്ത് നാലഞ്ചുതെങ്ങും ഒരു മാവും, മാവിന്റെ ശിഖരങ്ങൾ ഗാരേജിലേക്ക് പന്തലിച്ചു കിടക്കുന്നു. അതിന്റെ ചുവട്ടിൽ ഓട്ടം നിലച്ച പഴയ KL -15 A 326  പന്ത - കൂട്ടപ്പു ബസ്സും, ആ ബസ്സിന് അമ്മയുടെ മുഖവും...!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)