Tuesday 24 January 2017

കഥ പുരുഷലാബുകൾ

പുരുഷലാബുകൾ..!!

      അപരിചിതമായ മൗനം മുറിക്കുള്ളിൽ തളം കെട്ടി നിൽക്കുന്നതു കണ്ടിട്ടാണ്. സ്റ്റാഫ് ടൂറിൽ അവളുടെ ഒപ്പം നിന്ന മാഷിനെക്കുറിച്ച് വെറുതേ തിരക്കിയത്. അഗ്നിപർവ്വതമാകാൻ അവൾ കാത്തിരിക്കുകയായിരുന്നു......

"ഓരോസ്ത്രീയും പുരുഷലാബുകളായി മാറണം "
       "ഡോ വിനയകുമാരിയുടെ ഇരിപ്പിടത്തിനുമുകളിലെ ചുവരിൽ എഴുതിവച്ചിട്ടുണ്ട്.പത്തിൽ കുറയാതെ ആളുകളെങ്കിലും ദിനവും അവരെ സന്ദർശിക്കുന്നുണ്ട്, ഒരു തവണ, വെറും അറുപത് മിനിട്ട് ആ ക്ലിനിക്കിലൂടെ കടന്നുപോയാൽ മതി,  ഭൂമിയിലെ ഏതൊരുപുരുഷനെയും അളന്നുതിട്ടപ്പെടുത്താൻ ഏതൊരു പെണ്ണിനേയും അവർ പ്രാപ്തയാക്കും. ലോകത്തിലെ ഏതൊരു പുരുഷനെക്കുറിച്ചറിയാനും, വിലയിരുത്താനുമുള്ള സംവിധാനം ആ ലാബിലുണ്ട്.."

.....'ഉത്തമ പുരുഷനെ അറിയുക', 'വിടന്മാരുടെ മാർഗങ്ങൾ ' ഇത്തരത്തിൽ ലോകപ്രശ്സ്തമായ രണ്ട് ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണവർ. നാലു നിലകളിൽ രൂപകല്പന ചെയ്തിട്ടുള്ള ലാബിന് ധർമ്മ അർഥകാമമോക്ഷങ്ങൾ എന്നിങ്ങനെ പേരുകൾ നൽകിയിട്ടുണ്ട്, ഇരുപത്തിയെട്ടുകൊല്ലം നീണ്ട തന്റെ   അദ്ധ്യായന ജീവിതത്തിനിടയിലെ ഗവേഷണങ്ങളിലൂടെയാണ്   വിനയകുമാരി, ഡോ:വിനയകുമാരിയായത് ,സ്കൂളുകളിൽ ഇതൊരു വിഷയമാക്കണമെന്ന് അവർ പറയാറുണ്ട്. ഡോ; പദവി സർവ്വകലാശാല ബിരുദമൊന്നുമല്ലാട്ടോ. ഞങ്ങൾ, വിനയാ ഫാൻസ് സ്നേഹപൂർവ്വം വിളിക്കുന്നതാ..."

"ധർമ്മമാർഗങ്ങൾ തികച്ചും ലളിതമാണ് വീട്ടിലും നാട്ടിലും പെണ്ണ് ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തുമായ സംഗതികളടങ്ങിയ ലിസ്റ്റുകളും വീഡിയോ ആഡിയോ പ്രദർശനങ്ങളുമാണ്.
താങ്കൾക്കുള്ള ലിസ്റ്റുകൾ കിടപ്പുമുറിയിലെ തലയിണയുടെ അടിയിൽ വച്ചിട്ടുണ്ട്..."

"സുമേ നീ മാഷേന്നല്ലേ എന്നെ വിളിക്കാറ്..."

കേട്ടഭാവമില്ലാതെ അവൾ തുടർന്നു...

"അർഥമാർഗങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ഒരു രൂപരേഖയുണ്ടാക്കണം, കഴിഞ്ഞപത്തുകൊല്ലത്തെ വരവു   ചെലവുകളും, വരാൻ പോകുന്ന പത്തുകൊല്ലത്തെ 'ആന്റിസിപ്പേറ്ററി ഇങ്കം സ്റ്റേറ്റ്മെന്റും ' ഒരുമിച്ച് ഭക്ഷണ മേശയിലിരുന്ന് അടുക്കള കാണുന്ന ദൂരപരിധിയിലിരുന്ന് രൂപപ്പെടുത്തണമെന്നാണ് ഡോ: വിനയകുമാരി പറഞ്ഞിട്ടുള്ളത്,  മാർഗ നിർദ്ദേശങ്ങളടങ്ങിയ കത്ത് ഭക്ഷണ മേശയിലുണ്ട്"

..ആദ്യമായി ശബ്ദത്തിന്റെ ഉയർന്ന താളം കേട്ട ഉമ്മറത്തിരുന്ന ചെറുകുരുവികൾ അകത്തേക്ക് തലചരിച്ചു വച്ചു...

"കാമ മാർഗത്തിലൂടെ മുന്നോട്ടുപോകാൻ, ചാക്രിക ക്രമീകരണങ്ങൾക്കനുസരിച്ച് ആഴ്ച്ചയിൽ ഒന്ന്, മാസത്തിൽ മൂന്നെന്ന കണക്കിൽ രതിയനുവദിച്ചിരിക്കുന്നു. അതിനുമുന്നേ താങ്കളുടെ സഹപ്രവർത്തകരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും, താങ്കളുടെ പൂർണകായ ചിത്രം   (ഞാൻ പകർത്തിയത് ) ലാബിൽ എത്തിക്കേണ്ടതുണ്ട്, താങ്കളുടെ കഥകൾക്ക് കാര്യകാരണ സഹിതമുള്ള വിശദീകരണകുറിപ്പും ഉടൻ എത്തിക്കേണ്ടതാണ്. സൂക്ഷ്മ വിലയിരുത്തലുകൾക്ക് ശേഷമേ കാമമാർഗത്തിലൂടെ മുന്നോട്ടുപോകാനനുമതിയുള്ളു..."

"മോക്ഷമാർഗത്തെക്കുറിച്ച് ക്ലാസെടുത്തത്   ഡോ: വിനയകുമാറാണ് . അതിന്റെ വിശദാംശങ്ങൾ പറയാൻ നിയന്ത്രണങ്ങളുണ്ട്,
താങ്കളുടെ നിലവിലെ സ്ഥിതിവിവരകണക്കുകൾ ലാബിലെ രസപരിശോധനയിലാണ്.
റിസൾട്ട് മോശമായാൽ മോക്ഷമാർഗത്തിലൂടെ സഞ്ചരിക്കാം."

ഞാൻ പൂർണകായ പ്രതിമയായി അവൾ സാമ്പിളുകൾ ശേഖരിക്കുകയായിരുന്നു..!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment