Monday 9 January 2017

കഥ പന്ത കൂട്ടപ്പൂ ബസ്

പന്ത- കൂട്ടപ്പു ബസ്സ്...!!

     "K L 15 A 1326 പന്ത കള്ളിക്കാട് വഴി  കൂട്ടപ്പൂവിലേക്കുപോകുന്ന പന്തകൂട്ടപ്പു ഫാസ്റ്റ് പാസഞ്ചർ  ബസ് ഉടൻ സ്റ്റാന്റുവിട്ടുപോകേണ്ടതാണ്."
കാട്ടാക്കട സ്റ്റാന്റിൽ നിന്നും അനൗൺസ് മെന്റ് ഉയർന്നു...

കഴിഞ്ഞ ആറുവർഷങ്ങളായി ഞാൻ ബസിൽ കേറിയിട്ട്. കാറുവാങ്ങിയതിൽ പിന്നെ മണ്ണിൽ ചവിട്ടി നടക്കാൻ പോലും മടിയാകുന്നു. പെൻഷനേഴ്സ് യൂണിയന്റെ ധരണ നടക്കുന്ന  പന്തലിൽ ഇരിക്കുകയാരിരുന്ന സുവർണൻ കണ്ടക്ടർ എന്നെ ബസിൽ നിന്നും വലിച്ചിറക്കി, ഗ്യാരേജിന്റെ മതിലിനോട് ചേർന്ന തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.വരാന്തയിലെ ചാരുകസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയ ആൾ വിളിച്ചു ചോദിച്ചു...

"ഇപ്പൊ നീയൊക്കെ വലിയ തിരക്കുള്ള ആളുകളാന്നൊക്കെ അറിയാം. ഒരഞ്ചുമിനിട്ട് ഇരിക്കാൻ പറ്റണം......"

കുറച്ചു കഴിഞ്ഞ് പഴയ പത്രക്കടലാസിൽ പൊതിഞ്ഞ ഒരു കെട്ട് എന്റെ മടിയിൽ ഇട്ടിട്ട്....

"ആ പാവത്തിനെ നോക്കാൻ നിനക്ക്  ഇതു മതിയാകോ എന്റേൽ ഇതേ ഉള്ളൂ..."

എന്തുചെയ്യണമെന്നറിയാതിരുന്ന എന്നെ രൂക്ഷമായി നോക്കിയിട്ട് ,
എന്തൊക്കെയോ പുലമ്പിക്കൊണ്ട് ആ മനുഷ്യൻ വീടുപോലും പൂട്ടാതെ ഇറങ്ങിപ്പോയി...

കുടുംബകോടതീൽ നടന്ന കേസിൽ  അപ്പനോട് തോറ്റ്, ഞങ്ങളെ മൂന്നിനേം കൂട്ടി പന്തയിലെ അമ്മാമ്മയുടെ വീട്ടിലേക്ക് വരുന്ന ബസിൽ വച്ചാണ് ഈ മനുഷ്യനെ ആദ്യമായി കാണുന്നത്. കമഴ്ന്മിരുന്ന് കരയുന്ന അമ്മയെ ചുമലിൽ കൈവച്ച് ആശ്വസിപ്പിക്കുന്നതും, എന്തൊക്കെയോ പറയുന്നതും എനിക്ക് അവ്യക്ത ഓർമ്മകളാണ്.....

ദൈവപ്പുര കയറ്റം നിരങ്ങിക്കേറുന്ന KL-15 A 326
പന്ത- കൂട്ടപ്പു ബസ്സുപോലെ എന്നിലേക്ക് ഇരച്ചിരച്ച് കേറാൻ തുടങ്ങി....

  "KL 15 A 326 പന്ത കള്ളിക്കാട് വഴി കൂട്ടപ്പുവിലേക്ക് പോകുന്ന പാസഞ്ചർ ബസ്സ് സ്റ്റാന്റ്ഡിന്റെ വലതുവശത്തായി പാർക്കു ചെയ്തിരിക്കുന്നു..... "

ഇതു കേൾക്കുമ്പോൾ കാട്ടാക്കട സ്റ്റാന്റ് ഒന്നിളകും. അമ്മ ഞങ്ങളെ മൂന്നിനേം വലിച്ചോണ്ട് കേറും..അനിയന് മുന്നിൽ ചെന്ന് ഡ്രൈവറെ അനുകരിക്കാനാണിഷ്ടം. മൂത്തവൾ വഴിയരികിലെ മുറ്റങ്ങളിൽ വിരിഞ്ഞ കടലാസുപൂക്കളും നിറഞ്ഞ ചാമ്പമരങ്ങളും കൊതിയോടെ നോക്കും.എനിക്ക് ബസിന്റെ മണമടിച്ചാൽ ശർദ്ധിക്കാൻ വരും. അമ്മയുടെ മടിയിൽ കമഴ്ന്ന് കിടക്കും. അനിയന്റെ "വണ്ടിവിടൽ" നോക്കി ചിരിയടക്കിയിരിക്കുന്ന അമ്മയ്ക്ക്, സുവർണൻ കണ്ടക്ടർ ടിക്കറ്റ് കൊടുക്കും. മൂന്ന് ഹാഫും ഒരു ഫുള്ളും. കൂടെ എനിക്ക് ശർദ്ധിക്കാൻ ഒരു കവറും.പിന്നെ കിന്നാരം പറയണ അയാളേം അമ്മേം ഞാൻ മടിയിൽ കിടന്ന് മാറി മാറി നോക്കും...

പാലത്തിന്റെ അടുത്ത് ചായക്കട നടത്തണ ഗോപിപ്പിള്ളേടെ മോൻ സുകു പറഞ്ഞാണ് ഞാനറിഞ്ഞത്, കണ്ടക്ടറുടെ അച്ഛൻ പണ്ട്  മെക്കാനിക്കായിരുന്നു, ബസിന്റെ അടിയിൽ കിടന്ന് എന്തോ നന്നാക്കുന്നതിനിടയിൽ, ബസ് മുന്നോട്ട് നീങ്ങിയാണത്രേ മരിച്ചത് .
അന്ന് ഡി ഗ്രി പഠിച്ചോണ്ടിരുന്ന ഒറ്റമോനായ  കണ്ടക്ടർക്ക് സർക്കാർ ജോലിയും കൊടുത്തു. അന്നുമുതൽ അവരുടെ അമ്മ തളർന്ന് കിടപ്പിലുമായി...

.....കാട്ടകടയിൽ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക് ഈ ഒരൊട്ട വണ്ടിയേയുള്ളു.
രാവിലെ 4:45 ന് പന്തയിൽ നിന്നും ഓട്ടം തുടങ്ങുന്ന വണ്ടി, രാത്രി 8:45 ന് എന്റെ വീടിന്റെ സമീപത്തെ മാവിന്റെ ചോട്ടിൽ പാർക്ക് ചെയ്യും. ഇതിനിടയിലെ യാത്രാ സമയവിവരമടങ്ങിയ  കറുത്തബോർഡ് കണ്ടക്ടർ ആ  മാവിൽ ആണിയടിച്ച് തൂക്കിയതുമുതൽ അത് പന്ത സ്റ്റോപ്പായി.

4:45 ന്റെ ട്രിപ്പിൽ കാട്ടക്കട കള്ളിക്കാട് ചന്തകളിലേക്ക് പച്ചക്കറികളും വാഴക്കുലയും ആടും കോഴിയും കൊണ്ടുപോകുന്നവരും, ഹോട്ടൽ പണിക്കാരുമേ ഉണ്ടാകു. പോകുന്നവഴിയിൽ വയലിൽ നിന്നും ചീരയും വെറ്റിലയുമായി കേറുന്ന നാണിത്തള്ളയ്ക്കുവേണ്ടി അഞ്ചോ പത്തോമിനിട്ട് കാത്തുകിടക്കും. വയ്യാത്ത കാലുമായി ഇഴഞ്ഞുവരുന്ന നാണിത്തള്ള, "ഇന്നിത്തിരി നേരത്തേയല്ലേ കണ്ടട്ടറേന്നും പറഞ്ഞ് സീറ്റിനടിയിലേക്ക് കെട്ടും ഇറക്കിവച്ച് പിൻ സീറ്റിൽ കിടന്ന് ഉറങ്ങും.ഏഴരയ്ക്കുള്ള പന്ത- കൂട്ടപ്പൂന്റെ മടക്കത്തിൽ   ഈ ട്രിപ്പുകാർ രണ്ട് ടിക്കറ്റെടുക്കും.

8:30 ന്റെ രണ്ടാമത്തെ ട്രിപ്പിലാണ് ഞാനുണ്ടാകുക, തിരുവനന്തപുരത്തും കാട്ടാക്കടയിലും മോസ്തിരിപണിക്ക് പോകുന്നവരും ,
നെയ്യാർഡാം സ്കൂളിലെ കുട്ടികളും കള്ളിക്കാട് വില്ലേജിലെ പീയൂൺ സുധാമണിടീച്ചറും, നാട്ടിലെ കുട്ടികൾക്ക് കണക്കും ഇംഗ്ലീഷും ട്യൂഷനെടുത്തിരുന്നത് സുധാമണിയമ്മയായിരുന്നു അങ്ങനെ സുധാമണി, സുധാമണിടീച്ചറായി. ഇതിൽ  ഞങ്ങൾക്ക് കൺസഷൻ കാർഡുണ്ടായിരുന്നു, മേസ്തിരിപ്പണിക്കാർ ടിക്കെറ്റെടുക്കില്ല അവർക്ക് അവരുടെ ന്യായമുണ്ടായിരുന്നു....

"പണിചെയ്താലല്ലേ കൂലികിട്ടൂ എന്നാലല്ലേ സുവർണൻ സാറേ ഞങ്ങൾക്ക് ടിക്കറ്റെടുക്കാൻ...."

അതേ താളത്തിൽ കണ്ടക്ടറും മറുപടി പറയും...

"ഷാപ്പിന്ന് അല്പം വൈകിട്ട് മിച്ചം പിടിച്ചാലല്ലേ മണിയാ ടിക്കറ്റെടുക്കാൻ..."
മണിയൻ മേസ്തിരീടെ കൈയ്യാൾ ഒഴികെ എല്ലാരും ചിരിക്കും മേസ്തിരി തലയും താഴ്ത്തിയിരിക്കും.എന്നിട്ട് ഒരു മൂളിപ്പാട്ടും പാടി ആ സുന്ദരനായ മനുഷ്യൻ എന്നെയും ചേച്ചിയേം നോക്കി കണ്ണിറുക്കും , "കക്കികൂട്ടല്ലേ കൃഷ്ണൻ കുട്ടീന്നും" പറഞ്ഞ് പോക്കറ്റിൽ നിന്നും ഒരു നാരങ്ങമിഠായിയും കവറും എനിക്ക് തരും. ചേച്ചി അത് മൂന്നായി പങ്കുവയ്ക്കും. കോടതീൽ കേസ്സുള്ള ദിവസാണെങ്കിൽ അമ്മയും കാണും, പത്തിന്റേം ഇരുപതിന്റേം നോട്ടാണ് അമ്മ കൊടുക്കുന്നതെങ്കിലും....
"സൂമേ നീ നൂറല്ലേ തന്നതെന്നും" പറഞ്ഞ്, മീശയില്ലാത്ത മൂക്കിന്റെ താഴെയുള്ള കറുപ്പിൽ വിരൽ വച്ച് അല്പനേരം ചിന്തിക്കും, എന്നിട്ട്  കുറച്ച് തുക ബാക്കിയായി കൊടുക്കും.. കോടതീന്ന് ജീവനാശമായി അറുന്നൂറ്റി അമ്പത് രൂപ വിധിയായതിന് ശേഷം അമ്മയ്ക്ക് ആ യാത്ര ചെയ്യേണ്ടിവന്നില്ല.
എല്ലാമാസവും അരിയും പച്ചകറിയും അറുനൂറ്റി അൻപത് രൂപയും കണ്ടക്ടർ രാത്രിട്രിപ്പുകഴിഞ്ഞ് എത്തിക്കും. വരാന്തയിൽ കൊണ്ടുവച്ചിട്ട് "കൃഷ്ണൻ കുട്ടീന്ന് " നീട്ടിയൊരു വിളിയാണ് അമ്മ പുറത്തേക്ക് പോകില്ല....

കൃഷ്ണൻ കുട്ടിയല്ലാ എനിക്കൊരു പേരുണ്ടെന്ന് ഞാൻ പരാതിപറഞ്ഞാൽ,

"എടാ കറുമ്പാ   എന്റെ ചങ്ങാതി കൃഷ്ണൻ, നീ അതിന്റെ കുട്ടി, കൃഷ്ണൻ കുട്ടി.... " അതും പറഞ്ഞ് കാശും തന്നിട്ട് ആ മനുഷ്യൻ പോകും.

."...എന്താ നിനക്കൊക്കെ ഇത്ര ചിന്തിക്കാൻ. ഇത് തികയില്ലേ, എട്ടരസെന്റും ഈ വീടും നല്ലൊരു തുകയ്ക്കുണ്ടാകും. എന്നാ, എവിടെയാ, ഒപ്പിടേണ്ടതെന്ന് മാത്രം  പറഞ്ഞാൽ മതി. ഞാൻ വന്നേക്കാം... നിനക്കൊക്കെ എന്തറിയാം പന്തയിൽ ആദ്യമായി പി ഡി സി പാസായി നേഴ്സ് ആകാൻ പോയത് അവളാ. എനിക്ക് അവളോട് തോന്നിയ ഇഷ്ടം ധൈര്യം പോരാഞ്ഞ് അന്ന് എന്റെ കൂട്ടുകാരനായ ആ നാറിയോട് പറഞ്ഞു. പിറ്റേ ദിവസം മുതൽ അവൻ അതിന്റെ പിന്നാലെ കൂടി ഒടുവിൽ ആശുപത്രിപോകുവഴി അവൻ അവളേം കൊണ്ടുപോയി. മൂന്ന് കുട്ടികളായപ്പോ അവന്റെ പൂതിയും തീർന്നു.
ബാക്കിയൊക്കെ നിനക്കൊക്കെ ഞാനായിട്ട് പറഞ്ഞറിയിക്കണോ .?

പെണ്ണും പെടക്കോഴീം ഇല്ലാത്ത ഞാൻ അവളോട് പറഞ്ഞതാ കുട്ടികളേം കൂട്ടി എന്റെ വീട്ടിൽ വരാൻ. അന്ന്  അവളതു കേട്ടില്ല. അവൾ നിന്റെയൊക്കെ നന്മയോർത്തു. നീയൊക്കെ ഒരു കരപറ്റിയപ്പോൾ അവളെ വേണ്ടാതായി...നിന്റെ അനിയന് വീടെഴുതികൊടുത്തതല്ലേ നിന്റെ പ്രശ്നം.? ടൗണിന്റെ ഒത്ത നടുക്കാ ഈ സ്ഥലോം വീടും.  നീ എടുത്തോ ആരും ചോദിക്കാൻ വരില്ല. ഞാൻ ആ ധരണ പന്തലിൽ  ഉണ്ടാകും ചിന്തിച്ച് പറഞ്ഞാൽ മതി..."

നമ്മൾ ഇതൊക്കെ  ഓർക്കുന്നതിനിടയിൽ കണ്ടക്ടർ എപ്പൊ വന്നെന്ന് എനിക്കറിയില്ല. അതേ  വേഗത്തിൽ ദേ ആ മനുഷ്യൻ നടന്നുപോകുന്നു....

എട്ടരസെന്റ് പുരയിടത്തിന്റെ ആധാരം എന്റെ മടിയിലിരുന്ന്  ചുട്ടുപഴുത്തു. പഴയ ഓടിട്ട വീട്, മുറ്റത്ത് നാലഞ്ചുതെങ്ങും ഒരു മാവും, മാവിന്റെ ശിഖരങ്ങൾ ഗാരേജിലേക്ക് പന്തലിച്ചു കിടക്കുന്നു. അതിന്റെ ചുവട്ടിൽ ഓട്ടം നിലച്ച പഴയ KL -15 A 326  പന്ത - കൂട്ടപ്പു ബസ്സും, ആ ബസ്സിന് അമ്മയുടെ മുഖവും...!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)

No comments:

Post a Comment