Wednesday 16 March 2016

കവിതാക്കേസ്

കവിതാക്കേസ്...!

ഒടുവിൽ
കവിയും ഭാര്യയും കോടതിമുറിയിലെത്തി.

കവി പറഞ്ഞത്;

അപാരേ കാവ്യസംസാരേ
"ഞാൻ" പ്രജാപതി
കാവ്യമീമാംസകൾ തെളിവ്.

ഭാര്യപറഞ്ഞത്;

പ്രണൻ തന്നിട്ടാണവൻ പ്രണയമെഴുതിയത്,
എന്നെ ഭോഗിച്ച വരികളുണ്ട്,
ഊരേഴു ചുറ്റിയവൻ എന്റെ
വിരഹവും കണ്ണീരും പകർത്തുകയായിരുന്നു.
പെറ്റുകൂട്ടിയ കുഞ്ഞിനെ തൊട്ടവൻ വിശപ്പെന്നെഴുതി,
കിടക്കപങ്കിട്ടവർ
ഒറ്റുകൊടുത്തിട്ട് മൂദേവിയായ്
തെളിവുകൾ
അടുക്കളചുമരിന്റെ കരി,
ഇളയ കുഞ്ഞിന്റെ ചിതാഭസ്മം,
പാൽ വറ്റിയ മുല,
കട്ടിലിനടിയിലെ കെട്ട വിളക്ക്.

കവിത പറഞ്ഞത്;

ഞാൻ
ഇവൾക്കെതിരേ
കള്ളസാക്ഷിപറയുന്നു.

വിധിപറഞ്ഞത്;

കവി പൊതുസ്വത്ത്
ഭാര്യാ ധർമ്മം മറന്നവൾക്ക്
നൂറ്റെന്നടി.

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment