Friday 25 March 2016

കഥ പശുസ്ഥാൻ

പശുസ്ഥാൻ...!

ഞാനും യേശുദേവനും കാലിത്തൊഴുത്തിലാണ് പിറന്നത് രണ്ടാളുടെയും അമ്മ മറിയയായിരുന്നു.നിറവയറുമായി നന്ദിനിപശുവിന് കാടികലക്കുന്നതിനിടയിൽ എന്റെ തലപുറത്തുവന്നിരുന്നു.
ജോസഫിന്റെ  അപ്പൻ യേശുദാസനും , യേശുവിന്റെ അപ്പൻ ജോസഫും ആയിരുന്നു എന്നതാണേക പൊരുത്തക്കേട്. എന്നെ പ്രസവിച്ച് നാലാം മാസം പശുവിന് പുല്ലരിയുന്നതിനിടയിൽ അപ്പൻ പാമ്പുകടിയേറ്റ് മരിച്ചു.   കൈകുഞ്ഞിനേം താങ്ങിപ്പിടിച്ചാണ് കുടുംബത്തിന്റെ അത്താണിയായ നന്ദിനിപ്പശുവിനെ മറിയ പരുപാലിച്ചിരുന്നത്. എന്നെ കുളിപ്പിച്ചുറക്കിയാൽ പിന്നെ അമ്മ നന്ദിനിയുടെ അരികിലേക്കോടും അതുകഴിയാൻ കാത്തിരിക്കും എന്റെ കരച്ചിൽ . എന്നെ മടിയിലിട്ട് ഒരു മുല എന്റെ വായിലേക്ക് തന്നിട്ട് നന്ദിനിയുടെ മുലക്കാമ്പിൽ ഒറ്റകൈകൊണ്ട് അമ്മ പാലുകറക്കും, അമ്മയെ അല്ലാതെ മറ്റൊരാളും തന്നെത്തൊടുന്നത് നന്ദിനിയ്ക്കിഷ്ടമായിരുന്നില്ല. ഒന്ന് രണ്ടുദിവസം വന്ന കറവക്കാരൻ സുഗുണന്റെ  "മുലപിടുത്തം " രണ്ടാൾക്കും ഇഷ്ടായില്ല.

കുടിയേറ്റക്കരനായ യേശുദാസൻ ചത്തുപോയ വെളിച്ചപ്പാടിന്റെ കയ്യിൽ നിന്നും വാങ്ങിയതാണ് ഭഗവതിക്ഷേത്രത്തിനോട് ചേർന്ന  നാലര സെന്റ് പുരയിടവും മൂന്ന് മുറിയുള്ള വീടും,   കുറേക്കാലമായ് അതു തിരിച്ചുവാങ്ങി ദേവിയ്ക്ക് വെടിപ്പുരകെട്ടൻ കമ്മിറ്റിക്കാർ ശ്രമിക്കുന്നു. അപ്പനോടും അപ്പന്റെ മരണശേഷം ഭീഷണിയുടെ സ്വരത്തിൽ അമ്മയോടും ഈ ആവശ്യം അറിയിച്ചിരുന്നു. 

എനിക്കാണെങ്കിൽ അമ്പലത്തിലെ പാട്ടും മണവും പിന്നെ ശാന്തിക്കാരൻ ആരും കാണതെ തരുന്ന പ്രസാദവും വിട്ടുപോകാനേ ഇഷ്ടമായിരുന്നില്ല. നടയടയ്ക്കുന്നതിന് മുന്നേ ശാന്തി അരമതിലിൽ വന്ന് 'ജോസേന്ന് '  പതിയെ വിളിക്കും ഞാനും ശാന്തിയും ചേർന്നാ പ്രസാദപാത്രവും വിളക്കും കഴുകി തുടയ്ക്കുന്നത് പിന്നേ കടയിൽ നിന്ന് പലതും വാങ്ങിക്കൊടുക്കുന്നതും ഞാൻ തന്നാ.

അഞ്ചാം ക്ലാസിലെ ഭരതന്മാഷിന്റെ ഹിന്ദിക്ലാസിൽ,  ഗായി ഏക്ക് പാൽത്തൂ ജാൻ വർ ഹേ, ഗായിക്കാ ദൂത് മീഠാ ഹേ.... എന്നു പഠിപ്പിച്ചത് ഞാൻ മനസിലാക്കിയത് മറ്റൊരു രീതിയിലായിരുന്നു പശു പാൽതരുന്ന ജീവിയാണ് , പാലുകൊണ്ടാണ് മിഠായി ഉണ്ടാക്കുന്നത്...

കാരണം എന്റെ കുടുംബത്തിന്റെ നിയന്ത്രണം ആ കയറിലായിരുന്നു. എന്റെ ജനനം , അപ്പന്റെ മരണം , അമ്മയുടെ വരുമാനം....!

നന്ദിനിയുടെ തൊഴുത്തിനോട് ചേർന്ന മുറിയിലാണ്  ഞാനും അമ്മയും കിടക്കുന്നത് രാത്രി തന്റെ പരിഭവങ്ങൾ അമ്മ നന്ദിനിയോട് പറയും പിറ്റേന്ന് പാൽപ്പാത്രത്തിൽ അതിന്റെ മാറ്റമുണ്ടാകും.

ആ കൊല്ലത്തെ ഉത്സവത്തിന് മൂന്നാഴ്ച്ചമുന്നേ കമ്മറ്റിക്കാർ വീട്ടിൽ വന്നു....
ഞാൻ തൊഴുത്തിലായിരുന്നു നന്ദിനി പെറ്റ മണിക്കുട്ടന്റെ അടുത്ത്.

"കൂടുതൽ മൂപ്പ് കാട്ടിയാൽ എടി മൈരേ മറിയേ...നിന്റെ കെട്ട്യോന്റെ അസ്ഥിതോണ്ടി പുറത്തെറിയും ഈ കുടിലും ഞാൻ കത്തിക്കും..."

ഈ അലർച്ച കേട്ട് ഞാൻ ഓടിചെല്ലുമ്പോൾ അമ്മ പുല്ലരിയണ കത്തിയും പിടിച്ച് വാതിലിൽ നിൽക്കുന്നു...
ക്ഷേത്രത്തിലെ ദേവീ വിഗ്രഹത്തെപ്പോലെ..!

പിറ്റേന്ന് വീടിന്റെ അരമതിലിൽ ഒരു  പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിൽ
ക്ഷേത്രവിശുദ്ധിക്ക് കോട്ടം വരുത്തുന്നവർക്കെതിരേ പ്രതികരിക്കുക എന്നതായിരന്നു വാചകം. അന്ന് ദീപാരാധകണ്ട് ക്ഷേത്രമതിലിലിരുന്ന എന്നെ കമ്മിറ്റിക്കാർക്കുവേണ്ടി ശാന്തി എന്നെ അശ്രീകരം എന്നു വിളിച്ചു. അന്നും നടയടച്ച് പ്രസാദവും തന്നിട്ടാ ശാന്തി പോയത്. ശാന്തിയുടെ കണ്ണ് നിറഞ്ഞിരുന്നു.

അന്നുരാത്രി തൊഴുത്തിന് പിന്നിൽ അമ്മ ആരോടോ സംസാരിക്കുന്നു....

"ഞാൻ എന്തു ചെയ്യാനൊക്കും കമ്മിറ്റിക്കാർ പറഞ്ഞാൽ പ്രസിഡന്റിന് അനുസരിക്കാനല്ലേ...  "

പിന്നെ ചില മൂളലും മുരളലും മാത്രം കുറച്ചുകഴിഞ്ഞ് അടുത്തുവന്ന് കിടന്ന അമ്മയ്ക്ക് വിയർപ്പിന്റെ മറ്റൊരു ഗന്ധമായിരുന്നു. പിറ്റേന്ന് വീട്ടിൽ ഭക്ഷണത്തിന് നിറയെ വിഭവമായിരുന്നു.

കമ്മിറ്റിക്കാരെ ഇറക്കിവിട്ട അന്നു മുതൽ സുരേന്ദ്രൻ ചേട്ടൻ ഞങ്ങളുടെ പാലു നിർത്തി. ഞാനും അമ്മയും.ഓരോ വീട്ടിലും നടന്ന് വിറ്റു. എങ്കിലും നന്ദിനിയുടെ പാലു ബാക്കിയായ്...മണിക്കുട്ടൻ നിറയെക്കുടിച്ചു.

വീണ്ടും അരമതിലിൽ പോസ്റ്ററുകൾ പതിഞ്ഞു. അതിൽ മറിയയുടെ അനാശാസ്യവും  ക്ഷേത്രവിശുദ്ധിയു മായിരുന്നു വിഷയം താഴെ പ്രസിഡന്റ് എന്നും എഴുതിയിരുന്നു.

സ്കൂളിലെ കഞ്ഞികുടിച്ച് വയറിളക്കം പിടിച്ച് നാലുദിവസം ഞാൻ ആശുപത്രിയിലായിരുന്നു വയറിളകിയും ശർദ്ധിച്ചും ഞാൻ എല്ലും തോലുമായി അരികിൽ നിന്ന് മാറാതെ അമ്മയും.

ആശുപത്രിവിട്ട് വന്ന ദിവസ്സം വീട്ടുമുറ്റത്ത് ഒരാൾക്കുട്ടം, മൃഗസംരക്ഷണവകുപ്പിന്റെ ജീപ്പ് .

അമ്മ പെട്ടന്ന് തൊഴുത്തിലേക്ക് ഓടി ഞാനും. ഓട്ടത്തിനിടയിൽ വീടുനിറയെ പോസ്റ്ററുകൾ ഞാൻ കണ്ടു.

"ഈ മിണ്ടാപ്രാണിയെ ഒന്ന് അഴിച്ചു വിട്ടിട്ട് നിനക്ക് അവരാധിക്കാൻ പോകാർന്നില്ലേടി..."

ആരൊക്കെയോ ചേർന്ന് അമ്മയെ തല്ലി...
നന്ദിനിയുടെ അകിട് പൊട്ടിയൊലിച്ചിരിക്കുന്നു, എല്ലുകൾ വ്യക്തമായി കാണാം...
മൃഗഡോക്ടർ എന്തൊക്കെയോ ശാസിച്ചിട്ട് പോയി...

എല്ലാവരും പിരിഞ്ഞുപോയപ്പോൾ നന്ദിനിയുടെ കാലുപിടിച്ച് അമ്മ കരഞ്ഞു...അകിടിൽ തലോടി, അമ്മയെത്തന്നെവ്നോക്കി ആ പുണ്യജീവി നിന്നു...
അന്ന് എന്നെക്കാൾ അമ്മ നന്ദിനിയുടെ അടുത്തായിരുന്നു.

രാത്രി അമ്മ ആശുപത്രിക്കാര്യങ്ങൾ നന്ദിനിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ...
നന്ദിനി ഒറ്റ വീഴ്ച്ചയായിരുന്നു തൊഴുത്തിലേക്ക് കരഞ്ഞുകൊണ്ടോടിപ്പോയ അമ്മ ഒരു ഗ്ലാസ് പാലുമായാണ് തിരികെ  വന്നത് പാലിന് ഒരിളം ചുമപ്പ് നിറമായിരുന്നു. നന്ദിനിയുടെ കയർ എന്തിനാ അമ്മ അഴിച്ച് കൈയിൽ പിടിച്ചിരിക്കുന്നത്...? പകുതിയേ എനിക്ക് തന്നുള്ളു ബാക്കി അമ്മയും കുടിച്ചു. അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.!

പതിയെ ഞാൻ ഒരു സ്വപ്നം കാണാൻ തുടങ്ങി....

ശാന്തമായൊഴുകുന്ന പുഴ, നിറയെ പുല്ല്,നന്ദിനിയുടെ കയറും പിടിച്ച് ഞാനും അമ്മയും, പുഴയിൽ പുല്ല് കഴുകുന്ന അപ്പൻ, എല്ലാവർക്കും ചിറക് മുളച്ചിരിക്കുന്നു.
എനിക്ക് ആ സ്വപ്നത്തിൽ നിന്നുണരാൻ തോന്നീല....!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment