Friday 20 July 2018

ഓവ്യേറ്റ് യൂണിയൻ

ഓവ്യേറ്റ് യൂണിയൻ....!!

നിങ്ങൾക്കെന്നെ ഗോർബെച്ചേവെന്നോ,ഹിറ്റ്ലറെന്നോ  വിളിക്കാം.
ഒരു പേരിലോ  കുതിരത്തലയൻ  മുറിച്ചുകളഞ്ഞ എന്റെ പിൻ കാലിലോ മുറുഞ്ഞു തൂങ്ങിയ ചെവിയിലോ അല്ല നിങ്ങളുടെ  ശ്രദ്ധ പതിയേണ്ടത്. ദേ ഈ പനയുടെ താഴെ വയലിലെ  ചെളിയിൽ പുതഞ്ഞു കിടക്കുന്ന കഥാകൃത്തിന്റെ കണ്ണുകളിലേക്ക്  നോക്കൂ.
ആ പാവത്തിന്റെ പുതിയ പുസ്തകത്തിലേക്ക്
ഓ.വിയ്ക്ക് തന്റെ  മൂത്രം തെറിപ്പിക്കാൻ കരുത്തുണ്ടാകരുതേ എന്ന് പ്രാർഥിക്കൂ.
പിറന്നാൾ ദിവസം വായനലോകം വാനോളം  വാഴ്ത്തുന്ന ഈ എഴുത്തുകാരൻ,
മറ്റൊരു  എഴുത്തുകാരന്റെ പുസ്തകത്തിലേക്ക് മൂത്രിക്കുക.
തീർത്തും നിരാശതോന്നുന്നില്ലേ നിങ്ങൾക്ക്...? സ്രഷ്ടാവിന്റെ
പിറന്നാൾ പങ്കായി  കുഞ്ഞാമിന  അവളെ കൊത്തിയ മയിലിനും പിന്നെ ഈ ഖസാക്കിലെ ഇരുപതോളം   കുടിയിരുപ്പുകാർക്കും  ബിരിയാണി വിളിമ്പി... അതിന്റെ എല്ലിൻ കഷ്ണത്തിലിരിക്കുമ്പോഴാണ് കഥകൃത്തിന് ഈ നിലവന്നത്..

ഓ.വിയെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിൽ ആ പാവം കഥാകൃത്ത്  എത്ര  ആദരവോടെയാണ് തന്റെ പുതിയ കഥാസമാഹാരത്തിൽ ഒരൊപ്പിട്ട് തരാൻ പേനയും നീട്ടിപ്പിടിച്ച് നിന്നത്.
അവന്റെ നെഞ്ചുനോക്കി ഓ.വി ചവിട്ടിയത് ന്യായമാണോ..?
പ്രാവുകൾ പോലെ ആ തൊണ്ണൂറ്റാറ് താളുള്ള കഥാസമാഹാരംചിതറി തെറിച്ചു... എക്സിക്യുട്ടീവ് സ്റ്റൈലിൽ നിന്ന കഥാകൃത്ത് കമഴ്ന്നടിച്ച് ദേ ചെളിയിൽ...  ഓ.വിയൻ ഉത്തരവ് കേട്ട്
അപ്പുക്കിളിയും രവീച്ചേട്ടനും  ചേർന്ന് അവന്റെ ബാഗും പുസ്തകങ്ങളും കൂട്ടിയിട്ട് കത്തിച്ചു. തെറിച്ച്
മാറിക്കിടന്ന ഒന്നിലേക്കാണ്
ഓ.വിയുടെ മൂത്രാക്രമണം.

എനിക്ക് ഇതിൽ‌ ഇടപെടേണ്ടതിന്റെ ആവശ്യമില്ല എങ്കിലും പറയാതിരിക്കാൻ വയ്യല്ലോ.. അന്ന് ഒരു
രാത്രിയിൽ ആ അറബിക്കുളത്തിന്റെ കരയിൽ പതുങ്ങി നിന്ന ഓ.വിയെക്കണ്ട്
ഒന്ന് കുരച്ചുപോയതിനാണ് എന്റെ ചെവിയും ഒരു കാലും ആ കുതിരത്തലയനെക്കൊണ്ട്  ഇതിയാൻ മുറിപ്പിച്ചത്... എതിർത്തവരെയെല്ലാം  അടിച്ചൊതുക്കി ഈ ഖസാക്കിനെ ഈ മനുഷ്യൻ  ഒരധോലോകമാക്കി മാറ്റിയിരിക്കുന്നു. എല്ലാത്തിനും അപ്പുക്കിളിയെന്ന കുതിരത്തലന്റെ കൈകരുത്ത് ഉപയോഗിച്ചു വരുന്നു...

ഇന്നലെ
രാവിലെ ഈ ചെറുപ്പക്കാരൻ കൂമൻ കാവിൽ ബസിറങ്ങിയതു മുതലുള്ള കാര്യങ്ങൾ രവിയേട്ടൻ നിങ്ങളോട്  പറയും...
ഇടയ്ക്ക് എന്തെങ്കിലും വിട്ടുപോയാൽ എച്ചിലുപോലെ ഞാനും പൂരിപ്പിക്കാം.. കഥപറയാൻ രവിയേട്ടന്  പണ്ടുമുതലേ പ്രത്യേക കഴിവുണ്ട്....

.....ഞാറ്റുപുരയും ആ പത്തേക്കർ നിലവും‌ ആരുടെ പക്കലാണെന്ന് ഉറപ്പില്ല..
ശിവരാമൻ നായരുടെ പിന്മുറക്കാരിൽ ചിലർ ഇതിനെ വലിയ ഒരു  തീർഥാടന കേന്ദ്രമാക്കാനുള്ള പദ്ധതിയിലാണ്...
എന്തായാലും
ഞങ്ങളെ വർഷാവർഷം അവിടെ കൂടുന്നവർ  ഓർമ്മിക്കാറുണ്ട് അതുകൊണ്ടുതന്നെ ഓ. വിയെ കടന്ന് ഞങ്ങൾക്കൊന്ന് ചിന്തിക്കാൻ പോലും ആകുന്നില്ല..
ഇപ്പോൾ  ഈ തുറന്ന് പറച്ചിലിന് കാരണം  നോക്കു.
തനിക്ക് മുകളിൽ വേറാരു വളരരുതെന്ന ഓ.വിയുടെ  നിലപാടിനോടുള്ള ഒരു ചെറിയ പ്രതിഷേധം അത്ര തന്നെ...

തസ്രാക്ക്
കഥാക്യാമ്പിൽ വരുന്ന ഒരാളെ  ഇന്നലെ രാവിലെ മുതൽ പിന്തുടരാനായിരുന്നു ഓ.വി എന്നെ ഏല്പിച്ചത്. ഇവരുടെ സംഘം ഇറങ്ങുമ്പോൾ ഓ.വി തന്നെയാണ് ഈ ചെറുപ്പക്കാരനെ ചൂണ്ടിക്കാണിച്ചു തന്നത്...

കൂമൻ കാവിൽ ബസിറങ്ങുമ്പോൾ ഇവർ മൂന്നാളായിരുന്നു...
ഞാൻ ഒരു ബീഡിയും വലിച്ച് ആ സർബത്ത് കടയോരത്ത്  ചാരിനിന്നു... ഖസാക്കിലേക്കുള്ള ഒന്നര കിലോമീറ്റർ യാത്രയെപ്പറ്റി
ചെറുപ്പക്കാരന്റെ നിലപാടു കേട്ട് എനിക്ക് ചിരിയൂറി വന്നു...

"നിങ്ങള് ഓട്ടോയിൽ പോകൂ, എനിക്ക് രവിയെപ്പോലെ ഖസാക്കിലേക്ക്  നടന്നെത്താനിഷ്ടം..."

നിരത്തിനെതിർ വശത്തെ ഓട്ടോയിലൊന്നിൽ മറ്റുരണ്ടാളുകൾ പോകുമ്പോൾ
അയാൾ സർബ്ബത്ത് കടയിൽ നിന്ന് ഒരു പാക്കറ്റ്  സിഗരറ്റ് വാങ്ങി അതും
പുകച്ച് നടക്കാൻ തുടങ്ങി, പിന്നാലെ കൂടിയ എന്നെ നോക്കി അയാൾ  ചിരിച്ചു...

"ഞാറ്റു പുരയ്ക്കാണോ...?" അതേയെന്ന ഭാവത്തിൽ  ഞാൻ ചിരിച്ചു ഒരു സിഗരറ്റ് എനിക്കും നീട്ടി. തോളത്ത് ഒരു കുഞ്ഞ് ബാഗല്ലാതെ ഭാരങ്ങളൊന്നും അയാളിലില്ല
ഏതോ നല്ല ഒരു മണം അയാൾക്കുണ്ടായിരുന്നു.

"ഞാൻ പ്രശ്സ്ത കഥാകൃത്ത് മാമ്പുഴ ബാലൻ
ഇന്നലെയാണ്  ഖസക്ക് വായിച്ചത്‌.
അതിയാന്റെ  മറ്റേതൊന്നും വായിച്ചിട്ടില്ല, എനിക്ക് ഈ നാടിനെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. താങ്കൾ ഈ നാട്ടുകാരനാണോ.? " എത്ര ഭംഗിയായാണ് ഈ കഥാകൃത്ത്  സംസാരിക്കുന്നത്. ഞാനും‌ അതേ ഭംഗിയിൽ മറുപടി പറഞ്ഞു...

"ഖസാക്കിലെ ഒരു
കുടിയേറ്റക്കാരനാണ് അമ്പത്തിരണ്ട് കൊല്ലമായി.
ഈ നാട്ടിലേക്ക് അയാൾ എന്നെ വലിച്ചു കൊണ്ടു വരികയായിരുന്നു."
മുഖത്തെ ഭയം ഞാനൊളിപ്പിക്കുമ്പോൾ അയാൾ തന്റെ  കഥാസമാഹാരം ഒപ്പിട്ട് എന്നെ ഏല്പിച്ചിരുന്നു. പുസ്തകത്തിന്റെ  മുന്നിലും പിന്നിലും  അയാളുടെ ചിരിക്കുന്ന മുഖം എഴുത്തുകാരായാൽ ഇങ്ങനെ സുന്ദരന്മാരായിരിക്കണം.
ആളുകളോട് ചിരിക്കണം, ഒരു പുകയെങ്കിലും പങ്കുവയ്ക്കണം.ചിരിക്കണം,
കഥാപാത്രങ്ങളോടായാലും ഒരല്പം മനുഷ്യത്വത്തോടെ പെരുമാറണം
അല്ലാതെ അടിമ നിലപാട് പാടില്ല...
ഇയാളുടെ കഥകളിലൊന്നിലെങ്കിലും കയറിപ്പറ്റിയിരുന്നെങ്കിൽ എനിക്ക് വല്ലാത്ത വേദന തോന്നി...

ഖസാക്കിലേക്ക് നടക്കുന്നതിനിടയിൽ ഇടയ്ക്കിടേ തന്റെ ഷൂസിലേക്ക് അയാൾ നോക്കുന്നുണ്ടായിരുന്നു...
തലേന്നത്തെ മഴ ഖസാക്കിലേക്ക് ഒരു ചെറിയ ഒഴുക്കുണ്ടാക്കിരിക്കുന്നു...
അത്‌ ഞാറ്റുപുരയും കടന്നു മലമ്പുഴ കനാലിൽ പതിക്കുന്നതാണ്...

"നമുക്ക് ഒരോട്ടേയിൽ പോയാലോ.
കാലിൽ കിടക്കണത് വുഡ്ലാന്റാ നാലായിരത്തിന്റെ മൊതലാ കഴിഞ്ഞ ദുബായ് പുസ്തകോത്സവത്തിന് വാങ്ങിയത്..."
മാമ്പുഴയ്ക്കൊപ്പം തിരിച്ചു നടന്ന് ഒരു  ഓട്ടോയിലിരുന്നു....

"എന്തേ ഇവിടമൊക്കെ നടന്ന് കാണണ്ടേ...?" അയാൾക്കത് ഇഷ്ടമായതായി  തോന്നിയില്ല, മാമ്പുഴ  സിഗരറ്റിൽ ശ്രദ്ധിക്കുന്നു...

"എന്താ നിങ്ങടെ പേര്..? " പെട്ടെന്ന് കഥാകൃത്ത് എന്നിലേക്ക് അടുക്കാൻ ശ്രമിച്ചു....

"രവിചന്ദ്രൻ, ഇവിടെ ഒരു വിദ്യാലയത്തിൽ  മാഷായിരുന്നു ,
ഖസാക്കിൽ തന്നെ താമസം,
ചില കൈയബദ്ധങ്ങൾ പറ്റി ജോലി ഉപേക്ഷിച്ചു പോന്നു..."
മാമ്പുഴ മലമ്പുഴ കനാലിന്റെ വശങ്ങളിലെ പനകളിൽ ശ്രദ്ധിച്ച് പറഞ്ഞു....

"ഈ പേരിൽ ഇന്ത്യൻ ടീമിൽ ഒരു ക്രിക്കറ്ററുണ്ടല്ലോ.
രവി ചന്ദ്രൻ അശ്വിൻ എന്നോ ഒരു തമിഴൻ, ദുബായിൽ വച്ച് ഹാട്രിക്ക് നേടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്...."
എന്നെത്തിരിച്ചറിയാത്തതിലല്ല...
ആ പേരിൽ ഒരു ക്രിക്കറ്ററെ മാമ്പുഴയ്ക്ക്  നല്ല പരിചയം തോന്നിയതിലായിരുന്നു  എനിക്ക് അത്ഭുതം.
സിഗരറ്റിൽ അവസാന പുകയെടുത്ത് അയാൾ കുറ്റി വഴിയിലേക്ക്  വലിച്ചെറിഞ്ഞ രീതി എന്നെ വല്ലാതെ ആകർഷിച്ചു.
ഞാനും  അതനുകരിച്ചു..
മാമ്പുഴ വിടുന്ന മട്ടില്ല

"എല്ലാ വർഷവും ഇതുപോലെ തസ്രാക്കിൽ ഓ.വി സ്മരണയും കഥാക്യാമ്പും നടത്താറുണ്ടോ...? ഇതിന്റെ ചിലവൊക്കെ ആരാ നോക്കണത്..? ഇതെന്താ മധുരം ഗായതീന്ന് ഒരു പേര്..?.."
അയാളുടെ നിഷ്കളങ്കതയിൽ എനിക്ക് അത്ഭുതം തോന്നി. ഇത്ര നിഷ്കളങ്കരായ എഴുത്തുകാരുണ്ടോ ഈ ഭൂമിയിൽ. താൻ ചവച്ചു കാഷ്ഠിക്കാത്ത ഒന്നും ഈ ഭൂമിമലയാളത്തിൽ ഇല്ലായെന്ന് മേനി നടിക്കുന്നവർക്കിടയിൽ മാമ്പുഴ തികച്ചും വ്യത്യസ്ഥൻ തന്നെ...

"വർഷത്തിൽ ഒരു അഞ്ച് പരിപാടിയെങ്കിലും‌ നടത്താറുണ്ട്.‌.. ഇതിപ്പൊൾ ഓ.വീടെ ജന്മ സ്മരണയായിട്ടല്ലേ... അതിയാന്റെ ഒരു നോവലിന്റെ പേരാ ഇത്തവണ ഇട്ടിരിക്കുന്നത്.
അല്ല ഈ പരിപാടീലെങ്ങനെ മാമ്പുഴ വന്നു  പെട്ടൂ..."
ഓട്ടോയ്ക്ക് കൂലികൊടുത്ത് ഞാറ്റുപുരയുടെ മുന്നിൽ ഞങ്ങളിറങ്ങുമ്പോൾ അയാൾ എന്നെയും ചേർത്തു നിർത്തി സ്മാരകത്തെ പശ്ചാത്തലമാക്കി
ഒരു  സെല്ഫിയെടുത്തു..
ഞാറ്റുപുരയിലും കവാടത്തിലും പല ആംഗിളുകളിൽ  എന്നെക്കൊണ്ട് കുറേ ചിത്രങ്ങളെടുപ്പിച്ചു.....

"രവിച്ചേട്ടാ
വിട്ടു പോകല്ലേ.
വാതിലിന് മുന്നിൽ വച്ച് ഈ വികലാംഗൻ നായ നിങ്ങൾക്കൊപ്പം ചേർന്നില്ലേ...?"

ശരിയാണ്,
സംഘാടകരിൽ ആരോ കല്ലെറിഞ്ഞ് പുറത്തേക്ക് ഓടുകയായിരുന്ന
നീയും കണ്ടതല്ലേ ഞങ്ങൾ ഫോട്ടോയെടുക്കുന്നത് ? ഞാറ്റുപുരയുടെ വശത്തു നിന്ന്
കുതിരത്തലയൻ ഞങ്ങളെ  വല്ലാത്ത ദേഷ്യത്തോടെ   നോക്കണതും.
ഓ വി അയാളെ  തടയുന്നതും...
തന്റെ പ്രതിമയിലെ കണ്ണിൽ കൂടുവച്ച  വച്ച വേട്ടാളിയനെ   ഈർക്കിലിൽ കുത്തി എടുത്ത് കളയാൻ ശ്രമിക്കണതും.‌.?

ഞാറ്റു പുരയുടെ മുന്നിൽ വച്ചാണ് ഓട്ടോയിലെ ചോദ്യത്തിന് ഈ മാമ്പുഴ മറുപടി പറഞ്ഞത് അതായിരിക്കാം
ഓ. വിയ്ക്കിത്ര ദേഷ്യം വന്നത്....

'ദുബായിയിൽ വച്ച് ഒരു രസത്തിനാ എഴുതാൻ തുടങ്ങിയത്.
എഫ് ബിയിൽ ഞാനെഴുതിയതൊക്കെ ചേർത്ത് ഒരു പുസ്തകമാക്കിയപ്പോഴാ
എനിക്ക് എഴുത്ത് സീരിയസായി തുടങ്ങിയാലോ എന്ന് പ്ലാൻ വന്നത്.
എഫ് ബിയിലും വാട്സ് ആപ്പിലും ഗ്രൂപ്പുകളിൽ  വരുന്നതൊക്കെയും ഞാൻ വായിക്കും. കമന്റിടും  കഴിഞ്ഞ ആഴ്ച്ച കോട്ടയത്ത് നിന്ന് ഇറങ്ങണ ഒരു  വാരാന്ത്യപ്പതിപ്പിൽ എന്റെ കഥ അച്ചടിച്ചു വന്നു..‌
അത് വായിച്ചിരുന്നോ..? ഇരു പത് തവണയാണ് ഞാൻ ആ കഥ വായിച്ചത്.? വാട്സപ്പ് ചങ്ങാതിമാർക്കെല്ലാം ഷെയർ ചെയ്ത് കുറിപ്പിടിയിച്ചു... ഒരു നിരൂപകനെക്കൊണ്ട് കത്തെഴുതിച്ച് പത്രാധിപർക്കും എത്തിച്ചു. ഞാനാരാ മൊതല്....ഹി ഹി‌ഹി....
( മാമ്പുഴയുടെ ചിരിക്ക് ഒരു വശ്യതയുണ്ട് കേട്ടോ...)
അത് ഞാനിങ്ങോട്ടും അയച്ചിരുന്നു..
അങ്ങനെ കേരളത്തിലെ നാല്പത് എഴുത്തുകാരുടെ കൂട്ടത്തിൽ എനിക്കും സെലക്ഷൻ കിട്ടി.
കഴിഞ്ഞ ദിവസം കുത്തിയിരുന്ന് ഇതിയാന്റെ  ഇതിഹാസം ഓടിച്ചു വായിച്ചു.
പിന്നെ ഒരു പതിപ്പിൽ അച്ചടിച്ചു വന്ന ആർട്ടിക്കിളും.. നെറ്റിലും പരതി ചിലതൊക്കെ വായിച്ചു.
മാർവലസ്.
അല്ലാതെന്ത് പറയാൻ..
അതുമല്ല, ഇങ്ങനത്തെ പരിപാടികളിൽ സ്ഥിരം‌ സാന്നിദ്ധ്യമായാലേ
ഈ ഫീൾഡിൽ അല്പം ക്ലച്ച് പിടിക്കാനൊക്കത്തൊള്ളൂ."മാമ്പുഴ വലിച്ചു വിട്ട സിഗരറ്റിന്റെ പുക അയാൾക്ക് ചുറ്റും‌ ഒരു പ്രകാശ വലയം പോലെ തങ്ങി നിന്നു...

ഇത് കണ്ടുള്ള
ഓ വിയുടെ ഇരുപ്പും ഭാവവും മാമ്പുഴ  ശ്രദ്ധിക്കുന്നേയില്ല.
ഞാറ്റു പുരയിലൊക്കെ നടന്ന് മാമ്പുഴ  സെല്ഫിയെടുക്കുന്നു. കാർട്ടുണുകൾ ഫോട്ടോയെടുക്കുന്നു... ഫലിതം വായിച്ച് ഉറക്കെ ചിരിക്കുന്നു...
അതൊക്കെ ഫേസ്ബുക്കിലും വാട്സ് ആപ്പിലും കയറ്റിവിടുന്നു.

ഞാറ്റു പുരയ്ക്ക് പുറത്തുവന്ന മാമ്പുഴയെ പിന്തുടരൻ ഓ വിയുടെ കണ്ണ് എന്നോട് ആജ്ഞാപിച്ചു...
ഇതിനിടയിൽ
അതിനു മുന്നിലെ അതിയാന്റെ  പ്രതിമയോട് ചേർന്നു നിന്ന് മാമ്പുഴ സെല്ഫിയെടുത്തു...
എന്നിട്ട് ക്യാമറ എന്റെ നേർക്ക് നീട്ടി, ഫ്രെയ്മിൽ  നിന്ന്
ഓ വിയോട്  മാറിനിൽക്കാനും പറഞ്ഞുകളഞ്ഞു. അല്ലെങ്കിലും ഈ കഥാകൃത്തിനെ  പറഞ്ഞിട്ട് കാര്യമുണ്ടോ
ചിത്രത്തിലും ചരിത്രത്തിലും‌ ഉള്ളതാണോ ശരിയ്ക്കും മനുഷ്യർ...?

കഥാക്യാമ്പിന്റെ മുറിയിലേക്ക് പ്രവേശിക്കും‌ മുന്നേ രജിസ്ട്രേഷൻ‌ നടത്താനുള്ളവരുടെ നിരയിൽ മാമ്പുഴയ്ക്കൊപ്പം ഞാനും നിന്നു. എല്ലാവർക്കും മാമ്പുഴ വല്ലാതെ പരിചിതൻ...

'രവിയേട്ട
നിങ്ങളിയാളുടെ എല്ലാ പുസ്തകവും വായിച്ചിട്ടുണ്ടോ...?"
ആ വിളി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു...

"ഇല്ല"ഒറ്റവാക്കിൽ ഞാനൊതുക്കി വല്ല ആളുകളും എന്റെ വിശദമായ ഉത്തരം കേട്ട് പരിഹസിച്ചാലോ എന്നായിരുന്നു എന്റെ ഭയം..

പേരു ചേർത്ത്  തന്റെ പുസ്തകങ്ങൾ അവിടെ ഏല്പിച്ച്..
ഹാളിലേക്ക് കടക്കുമ്പോൾ എന്റെ ഉള്ളിൽ
മാമ്പുഴ  രജിസ്ട്രേഷൻ കടലാസിൽ തന്റെ സ്വപ്നത്തെ
ക്കുറിച്ചെഴുതിയ
വരികളായിരുന്നു...

"കടൽത്തീരത്തുപോലെ ഒരു കഥയെഴുതി  മരിച്ചുപോകണം..."

"എന്താ അങ്ങനെയെഴുതിയത് ?" എന്റെ ചോദ്യം പ്രതീക്ഷിച്ചതുപോലെയായിരുന്നു..
മാമ്പുഴയുടെ മുഖം വല്ലാതെ വികസിച്ചു...

"ഒൻപതാം ക്ലാസിൽ സരസ്വതി ടീച്ചർ ആ കഥ പഠിപ്പിച്ചിട്ടുണ്ട്...
പിന്നെ ഇപ്പൊ ഒരവസരം വന്നപ്പോൾ ചുമ്മാ വച്ച് കാച്ചിയതാ, ഏതെങ്കിലും സംഘാടകർ അതുവായിച്ചാൽ നമ്മളെക്കുറിച്ച് അവർക്ക് വല്ലാത്ത ആദരവ് കൂടും, ഇക്കാലത്ത് കഥാകൃത്തുകൾ എല്ലാ കാര്യത്തിലും അഭിപ്രായം പറഞ്ഞിരിക്കാനം സാധാരണക്കാർ നമ്മുടെ നിലപാടുകൾ അറിയാൻ ആഗ്രഹിക്കുന്നു എന്ന് ചുമ്മാ ചിന്തിക്കണം..."
ഞങ്ങൾ തമ്മിൽ ചിരിക്കുമ്പോൾ വെള്ളായിയപ്പന്റെ നിറഞ്ഞ കണ്ണുള്ള ചിത്രം പുറകിൽ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു..

അയാളുടെ ക്യാമറ ആരൊക്കെയോ വരച്ചിട്ട ചിത്രങ്ങളിലൂടെ റെക്കോഡ്
ചെയ്യുന്ന താളത്തിൽ ഇഴഞ്ഞ് നടക്കുന്നു..
ഇടയ്ക്ക് വേദിയിൽ നിന്ന് ഒരാൾ ഇറങ്ങിവന്ന് മാമ്പുഴയോട്
എന്തോ ചെവിയിൽ പറഞ്ഞു.

ഒരഞ്ചുമിനിട്ടു കഴിഞ്ഞ് അതേ ആൾ മൈക്കിൽ വിളിച്ചു പറയുന്നു..

"പ്രശ്സ്ത കഥാകൃത്ത് മാമ്പുഴ ബാലന്റെ  കഥാസമാഹാരങ്ങൾ കൗണ്ടറിൽ വില്പനയ്ക്കുണ്ട്..."
മാമ്പുഴയെന്ന് മൂന്ന്  തവണയെങ്കിലും അയാൾ ആവർത്തിച്ചിട്ടുണ്ടാകും.മാമ്പുഴ
വേദിയിലേക്ക് വരണം  ക്ഷണിച്ചെങ്കിലും
ലാളിത്യം മുഖത്തു വരുത്തി നമ്മുടെ താരം അവിടെ  തന്നെ ഇരുന്നു..‌
അതിന് ശേഷം നടന്ന കഥാ ചർച്ചയായിരുന്നു രസം.‌‌.
നമ്മുടെ കഥാകൃത്ത് കഥവായിക്കുന്നു... വേദിയിലും സദസിലും കൈയടികൾ.
മുൻ നിശ്ചയിച്ചതുപോലെ  അഭിപ്രായപ്രകടനങ്ങൾ‌‌‌.
എതിർ അഭിപ്രായം പറയാൻ തുടങ്ങിയ  ഒരുത്തന്റെ  മൈക്ക് വേഗം
ഓഫായപ്പോൾ മുൻ പ്രകടനങ്ങളൊക്കെ ആരൊക്കെയോ പ്ലാൻ ചെയ്തതെന്ന് ഉറപ്പായിരുന്നു..

ഉച്ചഭക്ഷണ സമയത്ത്  എതിർ അഭിപ്രായം പറയാൻ എണീറ്റ് നിന്നവൻ മാമ്പുഴയെ  രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല....

"ആരാ അയാൾ, കഥയെക്കുറിച്ച് ഒരു ബോധവുമില്ലാത്തവൻ... " മാമ്പുഴയ്ക്ക് ആ ചോദ്യം  വല്ലാതെ ഇഷ്ടമായതുപോലെ...

" അത് മധു ചേലബ്ര, ഒന്നു രണ്ട് പതിപ്പിൽ കഥ അച്ചടിച്ചു വന്നതിന്റെ ഹുങ്കാണ്, കഥപറയാം വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാ
ആ ചങ്ങാതി, അവനെ ഒതുക്കാനുള്ള പ്ലാനൊക്കെ നമ്മക്കുണ്ട് രവിയേട്ടാ, 
നാളെ ഇവന്റെ കഥവായിച്ച് തൊലിയുരിച്ചേ വിടൂ, ജീവിതത്തിൽ അവനിനി കഥയെഴുതില്ലെന്ന രൂപത്തിലാക്കും.."
മാമ്പുഴയ്ക്ക് ഭക്ഷണത്തിലുള്ള ശ്രദ്ധയിൽ എനിക്ക് ആദരവ് തോന്നി..
എതിർ നിരയിൽ
ഓ. വിയും കുഞ്ഞാമിനയും ഇരിപ്പുണ്ടായിരുന്നു.

"രവിയേട്ടാ,
ആ മയിലും ഞാനും എച്ചിൽ കൂനയിൽ  ഉണ്ടായിരുന്നത് ഒന്ന് സൂചിപ്പിക്ക്. ഇല്ലെങ്കിൽ വായിക്കുന്നവരുടെ മുന്നിൽ എന്റെ നിറം മങ്ങിപ്പോകില്ലേ...?
കുഞ്ഞാമിനയുടെ കൂടെത്തന്നാ
ആ മയിലിപ്പൊഴും താമസിക്കുന്നത്..."

"
വല്ലാതെ ഇടപെടെണ്ടാട്ടോ..
പണ്ട്  അനാവശ്യ കാര്യത്തിൽ ഇടപെട്ടതിനാണ് ഇവന്റെ  കാലും ചെവിയും....
ശരിയാണ് ക്യാമ്പ് അംഗങ്ങൾ വലിച്ചെറിഞ്ഞതൊക്കെ വാരിവലിച്ച് തിന്നാൻ ഇവരും ഉണ്ടായിരുന്നു.."
രാത്രിയിൽ നടത്തിയ ഗസലിൽ പോലും നമ്മുടെ  മാമ്പുഴ എണീറ്റു നിന്ന് അഭിപ്രായം പൊട്ടിച്ചുകളഞ്ഞു....

ഇനി ഞാൻ പറയാം‌ രവിയേട്ടാ, അടുത്ത ദിവസം മുതൽ എനിക്കല്ലേ മുഖ്യറോൾ...?

നിങ്ങൾ കേൾക്കണം.
ഈ കഥാകൃത്തിനെ പകൽ തന്നെ പൊക്കാനായിരുന്നു
ഓ. വിയുടെ ഉത്തരവ്..
ബസിറങ്ങി വരുന്ന മാമ്പുഴയെ മലമ്പുഴ കനാലിന്റെ അരികിലൂടെ
അങ്ങ് ചെതലിയോളം  ഈ മുറിക്കാലനായ ഞാൻ ഓടിക്കണം, എന്നിട്ട് തസ്രാക്കിലേക്ക് തിരിച്ചും. ഒന്നോർത്തു നോക്കൂ
ഒരേ സമയം രണ്ട് ഇരകൾ പ്രാണനുവേണ്ടി ഓടുന്നു..‌
എനിക്ക് അനുസരിക്കാതെ വയ്യല്ലോ..
പിന്നാലെ ഈ രവിയേട്ടൻ തലതാഴ്ത്തിവരുന്നുണ്ടായിരുന്നു...
ഞാറ്റുപുരയും അറബിക്കുളവും പിന്നിട്ട് ഞങ്ങൾ  ഓടി ഇടയ്ക്ക് തുറന്നു വച്ചിരുന്ന  ഒരേ പൈപ്പിൽ നിന്ന് ഞങ്ങൾ വെള്ളം കുടിച്ചു...
അടുത്തടുത്ത പനകളുടെ ചുവട്ടിൽ വിശ്രമിച്ചു..
അപ്പൊഴെല്ലാം ക്യാമ്പിൽ നിന്ന്
ഓ.വിയെക്കുറിച്ച് വലിയ എഴുത്തുകാരുടെ വാക്കുകൾ മൈക്കിലൂടെ കേൾക്കാനായി മാമ്പുഴയും ഞാനും ചെവി വട്ടം പിടിച്ചു. ഖസാക്കുമുഴുവൻ ചുറ്റിക്കാണിച്ച് തിരികെ ക്യാമ്പിന് പുറത്തെത്തിക്കുക അതേയുള്ളു എന്റെ ഭാഗം... അവിടെയെത്തുമ്പോൾ ഇവരെല്ലാം ഞാറ്റുപുരയോട് ചേർന്ന് സമ്മേളനത്തിന്റെ ചർച്ചകൾ കേൾക്കാൻ പാകത്തിൽ ഒരുക്കിയ കോളാമ്പിയിലൂടെ സദസിലെ ചർച്ചകൾ ഓ.വിയും സംഘവും   കേൾക്കുന്നു...

ഇന്നലെ ഇല്ലാത്ത പലരും എത്തിയിട്ടുണ്ട്, നൈസാമലിയും‌, അള്ളാപ്പിച്ചമൊല്ലാക്കയും,മൈമുനയും  ശിവരാമൻ നായരും,
മാധവൻ നായരും,
പിന്നെ ഈ രജിസ്റ്ററിൽ  രവിയേട്ടൻ
പേരുവെട്ടാനറച്ച പലരും.

രവിയേട്ടാ ഇനി
നിങ്ങളു പറഞ്ഞോളൂ... നായ്കുലത്തിൽ ഒരാൾക്കും ഇത്രയും വേദനയുള്ള വിഷയം കാണേണ്ടി വന്നിട്ടില്ല....

ജീവനും പിടിച്ചുള്ള ഓട്ടം കഴിഞ്ഞതിന്റെ എല്ലാ ആയാസവും കഥാകൃത്തിന്റെ മുഖത്തുണ്ടായിരുന്നു..
ഓ.വി തന്റെ
സംഘത്തെ മാമ്പുഴയുടെ മിന്നിൽ  നിരത്തി നിർത്തി. കൊത്തി വച്ചതുപോലുള്ള മുഖത്തിനു നേരെ ഈ പാവത്തിന്റെ മുഖം ചേർത്തു പിടിച്ചു. ചിലപ്പോൾ മാമ്പുഴയുടെ
മുഖം അവരുടെ മുഖത്തോട് ചേർത്തുരച്ചു.. ഓരോർത്തരുടെയും‌ പേരുകൾ ഉറക്കെപ്പറയാൻ ആവശ്യപ്പെട്ടു. എനിക്കറിയാം ആ പാവത്തിന് ഇവരിൽ ഒരാളെയും തിരിച്ചറിയാൻ കഴിയില്ല..
നൈസാമലിയെക്കണ്ട് മാധവൻ നായരെന്നും, അപ്പുക്കിളിയെ കണ്ട് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റെന്നും എന്നൊക്കെയോ വിളിച്ചു പറഞ്ഞു..
ഓരോ തവണ തെറ്റിക്കുമ്പോഴും ഈ സാധുവിന് ഓരോ വിരലുകൾ നഷ്ടപ്പെടുന്നു... അള്ളാപ്പിച്ചമൊല്ലാക്കയുടെ തലയുടെ മുകളിൽ വച്ചാണ് പെരുവിരൽ പാറകൊണ്ട് ഇടിച്ചു മുറിച്ച് കളഞ്ഞത്..
നൈസാമലിയുടെ നെഞ്ചത്ത് വച്ച് ചൂണ്ടുവിരൽ, മയിലിന്റെ ചുണ്ടിൽ വച്ച് ചെറുവിരൽ..
കുഞ്ഞാമിന ഇത് കാണാനാകാതെ കണ്ണടച്ചുകളഞ്ഞു. മൈമുന ഭീതിയോടെ എന്നെ നോക്കി നിന്നു....

ക്യാമ്പിനുള്ളിൽ നിന്ന്
ഓ.വിയുടെ സഹഎഴുത്തുകാരും,  ബന്ധുക്കളും, നിരൂപകരും തമ്മിലുള്ള
"വിജയൻ മൃദുഫാസിസ്റ്റോ..?" എന്ന തർക്കത്തിന്റെ കോലാഹലങ്ങൾക്കിടയിൽ ഈ പാവത്തിന്റെ നിലവിളി ആരുകേൾക്കാൻ..
അവിടെ ഇപ്പോൾ ഓ.വി അവസാനകാലത്ത് ഏതോ മനുഷ്യദൈവത്തെ കാണാൻ പോയതും...
ആരൊക്കെയോ ചേർന്ന് ഏതോ അവാർഡ് കൊണ്ടു കൊടുത്തതിന്റെയും‌
വാങ്ങിയതിന്റെയും പേരിലായിരുന്നു തർക്കം.
വളരെ ക്രൂരമായ ഒരു ചിരി ഓ.വിയുടെ മുഖത്തപ്പോൾ പടരുന്നത് ഞാൻ കണ്ടു..
തർക്കക്കാരോട് വാശി തീർക്കുന്ന മട്ടിലായിരുന്നു.‌.പിന്നീട് ഈ പാവത്തിനോട് ചെയ്തത്..
തക്ക സമയത്ത് ബാങ്ക് വിളി മുഴങ്ങിയത് നന്നായി ഇല്ലെങ്കിൽ അറബിക്കുളത്തിൽ കുതിരത്തലയൻ ഈ പാവത്തിനെ മുക്കികൊല്ലുമായിരുന്നു.

എന്നിട്ട്
ചുമന്ന് ഇവിടെ ഈ വയലിന് നടുവിലുള്ള വീട്ടിൽ കൊണ്ടു വരികയായിരുന്നു... ഇതിനിടയിൽ ക്യാമ്പിനുള്ളിൽ നിന്ന് ഓ.വി സ്മാരകത്തിന് കോടികളുടെ  പ്രഖ്യാപനം ഏതോ മന്ത്രി നിർവ്വഹിച്ചു... ഇനി എഴുത്തുകാർ ഒരു തീർഥാടനകേന്ദ്രം പോലെ ഇവിടേക്ക് ഒഴുകിയെത്തും...
അവർക്ക് വന്ന് താമസിക്കാനും എഴുതാനും ഭക്ഷിക്കാനും ചർദ്ദിക്കാനും...."

ഒരല്പം
ആശ്വാസം തോന്നിയപ്പോൾ മാമ്പുഴ പതിയെ കണ്ണുതുറന്നു....

"നിങ്ങളാണാ ഖസാക്കെന്നെഴുതിയത്.?"

മാമ്പുഴയുടെ  ചോദ്യം കേട്ട് ആദ്യം ചിരി അടക്കാനാകാതെ പോയത് കുഞ്ഞാമിനയ്ക്കായിരുന്നു...
പിന്നെ മൈമുനയിലേക്കും, നൈസാമലിയിലേക്കും പടർന്ന് ഓ. വിയേയും കടന്നാണ് ഈ മുറിക്കാലൻ നായയിലെത്തിയത്.
ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഉള്ളിലെവിടെയോ ഒളിപ്പിച്ചു വച്ച ഒരു പുസ്തകം
ബുക്ക് അറ്റുതൂങ്ങിയ വിരലിൽ എടുത്ത് ഒരൊപ്പ് സംഘടിപ്പിക്കാൻ
ഓ.വിയുടെ അടുത്ത് പോയ ആളാണ്
ദേ മലർന്ന് ചെളിയിൽ കിടക്കുന്നത്.....

നമ്മളിങ്ങനെ സംസാരിക്കുന്നതിനിടയിൽ
ഓ.വി അവന്റെ കഥയിൽ ഒന്നുരണ്ടെണ്ണം വായിച്ചു തീർന്ന മട്ടുണ്ട് അതിയാന്റെ
മുഖത്ത് കുട്ടിത്തം വിടാത്ത ഒരു ചിരിയുമുണ്ട്..‌

എന്നോട്
ആ പാവത്തിനെ വലിച്ച് കരയ്ക്കിടാൻ
ഓ. വി ആംഗ്യം കാണിച്ചു...
തന്റെ കഥാസമാഹാരത്തിലെ താളുകൾ
ഓ.വി മറിയ്ക്കുന്നത് കണ്ടപ്പോൾ ആ മാമ്പുഴയുടെ  കണ്ണുകൾ നിറഞ്ഞു..
പതിയെ എഴുന്നേറ്റ് ഓ.വിയ്ക്ക് അഭിമുഖമായി ഇരുന്നു....

" മാഷാണാ ഇതിഹാസം എഴുതിയത്..."

"അതിന് ഞാനിവിടെ ഇരുപത് ദിവസല്ലേ ഉണ്ടായിരുന്നുള്ളൂ..
അത് ഇവരൊക്കെ ചേർന്ന് ഉണ്ടാക്കിയ  കഥയാണ്..."

"നിങ്ങളെന്തിനാ അവസാനകാത്ത് ഒന്നും  മിണ്ടാതിരുന്നത്...."

"ആരു പറഞ്ഞു ഞാനന്നാണ് ഏറ്റവും‌ സംസാരിക്കാൻ‌ ശ്രമിച്ചത്...."

"എങ്കിലും സഞ്ജയനോട്  കൂടണ്ടായിരുന്നു..."

"അതിൽ
ഞാൻതൊട്ടു നോക്കിയിട്ടുപോലുമില്ലല്ലോ നമ്മൾ ചിലപ്പോഴെങ്കിലും കുടുംബത്തിനായി ജീവിക്കാൻ ആഗ്രഹിക്കില്ലേ...?"

"നിങ്ങൾക്ക് ഒടുവിൽ ചെന്ന് കിടക്കാൻ ഒരിടമില്ലായിരുന്നോ...?"

"ശത്രുപാളയം പോലെ സുരക്ഷിത ഇടം മറ്റെവിടെ കിട്ടും..."

ചോദ്യങ്ങളുടെ രണ്ടു ബിന്ദുക്കൾ നടക്കാനിറങ്ങുമ്പോൾ,ഈ മുറിക്കാലൻ നായ  ഞങ്ങളെല്ലാം
ചെതലിയുടെ
താഴ്വരയിൽ പൂക്കളായി വിരിയുകയായിരുന്നു..

മുന്നിൽ
ഓ.വിയും പിന്നാലെ മാമ്പുഴയും
ഒടുവിലായി ഞാനും നടന്നു...ഓ വി കർമ്മ പരമ്പരയുടെ സ്നേഹരഹിതമായ ഒരു കഥ പറഞ്ഞു കൊടുത്തു...

ഞങ്ങൾ
കൂമൻ കാവിലെത്തുമ്പോൾ മഴപെയ്തു...
നാട്ടിലേക്കുള്ള
ബസിലിരുന്ന്
ആ ചെറുപ്പക്കാരൻ ഞങ്ങളെ നോക്കി കൈവിശി
ആലിലപോലെ അയാൾക്ക്  വിരലുകൾ രൂപപ്പെടുന്നു....

ഓ.വി അതുനോക്കി ചിരിച്ചു....

കെ എസ് രതീഷ്
( ഗുൽമോഹർ 009)

No comments:

Post a Comment