Saturday 17 September 2016

കവിത സൗമ്യയും കവിയും

സൗമ്യയും കവിയും...!!

പ്രഭാതം
വീട്
കവി, പത്രം, ചാരുകസേര,
ശാന്തം സുന്ദരം.

കയറുമായി ഒരുത്തി ഉമ്മറത്ത്   നിൽക്കുന്നു.
കണ്ണിലും ചുണ്ടിലും മുറിവ്.

നീ ആരാ...?

ഞാൻ സൗമ്യ
ടീവിയിൽ നെഞ്ചുപെട്ടിക്കരഞ്ഞ
സുമതീടെ മോൾ, മുറിക്കയ്യൻ കൊന്നിട്ട, ഷൊർണൂർ വണ്ടീലെ പെണ്ണ്.

നീയെന്താ ഇവിടെ ?
കവിയെന്തേ എന്നെക്കുറിച്ച് എഴുതാത്തത്...?
സുപ്രീം കോടതി പറഞ്ഞല്ലോ
ജീവപര്യന്തമാക്കീന്ന്.
പട്ടിക്കും പശൂനും നീ എഴുതിയതോ...?
(...........................നീണ്ടമൗനം)

നീ വന്നതെന്തേ..?
നിന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ.
ഞാൻ ആരെയും ഒന്നിനെയും ചോദ്യം ചെയ്യാറില്ലല്ലോ..?

അതേ നീ ആരെയും ഒന്നിനെയും  തൂക്കിലേറ്റാറുമില്ലല്ലോ.. ബോൾഷേവിക്കുകാരനല്ലേ...?

ഒറ്റകൈയ്ക്ക് കരുത്തില്ലല്ലോ..?
നീ കണ്ടില്ലേ അവന്റെ മുറികൈയിലായിരുന്നു ശതം താളുകളുള്ള കേസുകെട്ട് പിടിച്ചിറങ്ങിവന്നത്.

നീയെന്തിനാ തീവണ്ടീന്ന് ചാടിയത് ?
മുറികയ്യാൽ   കുത്തിവീഴ്ത്തിയതല്ലേ.

ആരുകണ്ടു..?
ഭാര്യ നാലുതവണ അടുക്കളപ്പുറത്ത്  വീണതുകാണാത്ത നീയാണോ... ?

അവന്റെ ലിംഗത്തിന് മുറിവില്ലല്ലോ.?
യോനിയത്ര മൂർച്ചയില്ലല്ലോ.

തലയിൽ മുറിവുണ്ടാക്കിയത് നീയല്ലേ...?
കിടത്താനവൻ കല്ലിട്ടിടിച്ചതല്ലേ..

തെളിവില്ലല്ലോ..?
ഞാനെന്തിന് തെളിയിക്കണം

ഇറക്കിവിടെടാ...
നിന്റെ ഉള്ളിലെ ചാമിയെ .
ഞാൻ ഇറങ്ങിനടന്നു.
മൂവാണ്ടന്റെ തുഞ്ചത്താകാല്ലേ..?
ഞാൻ കഴുത്തുവച്ചു,
അവൾ കുരുക്കിട്ടു,
ഞാൻ കുരുങ്ങിച്ചത്തു,
അവൾ കുലുങ്ങിച്ചിരിച്ചു.

ഞാൻ,
സൗമ്യ
സുമതീടെ മകൾ, തുണിക്കടയിൽ പണിയെടുത്ത,
മുറികയ്യൻ കൊന്നിട്ട,
ഷൊർണൂർ വണ്ടീലെ പെണ്ണ്.
ഞാൻ വരുന്നുണ്ടോരോ
ഊരിലും
നമുക്ക് നാമേ പണിവത് ന്യായം...!!

രതീഷ് കെ എസ്
ജി എച്ച് എസ് എസ്
എടക്കര.

No comments:

Post a Comment