Wednesday 7 September 2016

കഥ ബാലൻസ് ഷീറ്റുകൾ

ബാലൻസ് ഷീറ്റുകൾ..!

ജൂൺ ആദ്യവാരം മാഷെന്നെ വിളിച്ചിരുന്നു
" നീ ഇപ്പൊ മലപ്പുറത്തല്ലേ അമ്മുനും  അവിടെ ജോലി ശരിയാക്കിട്ടൊ നിന്റെ നമ്പർ അവൾക്ക് കൊടുത്തു. അവൾ വിളിച്ചോ?  തമ്മിൽ കണ്ടോ?  " പിന്നെ എന്തൊക്കെയോ പറഞ്ഞു ഓർത്തെടുക്കാൻ ആകുന്നില്ല  അല്ലെങ്കിലും മറവി നല്ലൊരു രക്ഷാമാർഗമാണ് .  അശ്വതി വിളിച്ചില്ല മാഷോട് അവളുടെ നമ്പർ വാങ്ങാൻ ഒരുമനഃപ്രയാസം...

പിന്നെ ഇന്നാണ് മാഷ് വിളിക്കുന്നത്  " എടാ അമ്മുന്റെ കുട്ടി ഇന്ന് കാലത്ത് മരിച്ചു അവളെ അറിയിച്ചിട്ടില്ല അവളിപ്പോൾ നിലംപൂർ ബസ് സ്റ്റോപ്പിൽ നിൽപ്പുണ്ട് ഒന്നും അറിയിച്ചിട്ടില്ല മനക്കരുത്തില്ലാത്ത പെണ്ണാ"   സുഹൃത്തിന്റെ വിവാഹ ചട ങ്ങിലായിരുന്നു ഞാൻ. സ്റ്റോപ്പിൽ എന്നെ കാത്ത് നിൽക്കുകയായിരുന്നു , ചിരിയും മുൻ സീറ്റിൽ ഇരുപ്പും     അവൾക്ക് ഒരു മാറ്റവുമുണ്ടായിരുന്നില്ല.

"എന്താ മാഷേ പഴേ കൂട്ടുകാരിയെ കണ്ടിട്ട് ഒരു ഉഷാറില്ലാത്തത് എവിടാ ആ ചിരി"

വിജയകൃഷ്ണൻ മാഷ് ഉള്ളിലിരുന്ന് ശാസിക്കുന്നുണ്ടായിരുന്നു "മനക്കരുത്തില്ലാത്ത പെണ്ണാ ഒന്നും അറിയിച്ചിട്ടില്ല"

"ഞാനും ഗസറ്റഡ് ഒന്നുമല്ലേലും ഹയർ സെക്കന്ററിയിൽ തന്നാട്ടോ, വാട്സപ്പിലൊക്കെ സാഹിത്യോം രാഷ്ട്രീയോം നീ അടിച്ചുവിടാറുള്ളത്  കാണാറുണ്ട്  ഇപ്പൊ നിന്റെ നാവിനെന്താ പറ്റിയത് "

വാഹനം നാടുകാണി ചുരം കയറുകയായിരുന്നു...
മരവിപ്പിക്കുന്ന തണുപ്പിലും ഞാൻ വിയർത്തു...
ഞാൻ മറവിയുടെ വിഴുപ്പ് തുറക്കുകയായിരുന്നു....

പത്താം തരം കഴിഞ്ഞാൽ ഒരു കൈതൊഴിൽ  അതിനപ്പുറം ഞാനും  സ്വപ്നം കണ്ടിരുന്നില്ല....ഡിസ്റ്റിങ്ഷൻ വാങ്ങിയ ചെക്കനെ പഠിപ്പിക്കാനും അനാഥമന്ദി രക്കാർക്ക് നിർവാഹമില്ല, എങ്കിൽ കൂട്ടിനേക്കാൾ വളർന്ന കിളിയെ തുറന്നുവിടുക , അവർ തീരുമാനിച്ചു.
ഹോട്ടലും ബസും ബാറും മാറി മാറി പരീക്ഷിച്ചെങ്കിലും പഠനത്തെ  ബാധിക്കാതെ മുന്നോട്ട് പോകാൻ എനിക്ക്  കഴിഞ്ഞില്ല , സായാഹ്‌ന പത്രം വിറ്റു തളർന്നപ്പോൾ അതിലൊരു മാർഗം കണ്ണിലുടക്കി "സെപ്ടിക്ക് ക്ളീനിംഗ് വിളിക്കുക  "നമ്പർ സഹിതം . ആകുന്ന തമിഴിൽ പറഞ്ഞൊപ്പിച്ചു കാശും കണ്ടീഷനും ,പഠിക്കുന്ന പട്ടണത്തിനുപുറത്ത് ഏതു ദിവസവും തയാർ.. പകലിൽ പ്ലസ്‌ടുകാരന്റെയും രാത്രിയിൽ തോട്ടിയുടെയും ഭാഗം ഞാൻ നന്നായി അഭിനയിച്ചു.

അന്ന് കാണിയാപുറത്ത് ഒരു വീട്ടിലായിരുന്നു, പണികഴിഞ്ഞാൽ ലോഷനും സോപ്പും വീട്ടുകാർ തരുന്ന പതിവുണ്ട് , അത്‌ കൈപ്പറ്റാൻ മലം കൂടുതൽ പറ്റാത്ത ഞാനും . വീട്ടിനുപിന്നിലെ മങ്ങിയവെളിച്ചത്തിലും ക്ലാസ്സിലെ ഉറക്കം തുങ്ങിയെ അദ്ധ്യാപകന്റെ മകളും ക്ലാസ് ലീഡറുമായ പെൺകുട്ടി  തിരിച്ചറിഞ്ഞു...അവളുടെ അപ്പന്റെ നോട്ടവുമായപ്പോൾ ടാങ്കിൽ നിന്നും ശേഖരിച്ച മലത്തിൽ മുങ്ങിച്ചാകാൻ എനിക്ക്  തോന്നി.

സയൻസ് ഗ്രുപ്പിലെ ഗണിതവും ഭൗതികവും എന്നെ ജീവിതത്തിൽ ഒരിക്കലും കേൾക്കാത്ത കൊമേഴ്‌സ് ഗ്രുപ്പിലെത്തിച്ചു, ഇനിയിപ്പോ അവിടെയും രക്ഷയില്ല. ഒരാഴ്ച്ച രണ്ടുവേഷവും അഴിച്ചുവച്ച് ഞാൻ ഒറ്റയായി...താമസിക്കുന്ന ചേരിയിൽ വിജയകൃഷ്ണൻ  മാഷിന്റെ കാറ് വന്നത് പാണ്ടികൾക്ക് അത്ഭുതമായിരുന്നെങ്കിലും വന്നവർ  എന്നെയും കയാറ്റിപ്പോയപ്പോൾ അവർക്ക് ഒന്നും മനസ്സിലായിരുന്നില്ല.

മാഷിന്റെ വീടിന്റെ ഒരു മുറിയിലാണ് പിന്നെ ഞാൻ കൊമേഴ്‌സ് പഠിച്ചത് . അഞ്ജലിയും അശ്വതിയും മാഷിന്റെ ഭാര്യ നിർമ്മല റ്റീച്ചറും ആ വീട്ടിലെ മറ്റുമുറികളായിരുന്നു...
പുസ്തകം യൂണിഫോം കാൽക്കുലേറ്റർ എന്റെ ബാലൻസ് ഷിറ്റുകൾ വളരെപ്പെട്ടന്ന് റ്റാലിയാകുകയാരുന്നു...
എന്റെ പേരിന്റെ വാലിൽ തൂങ്ങി പലരും ജാരസാന്താനങ്ങളെപ്പോലെ കാഥകളുണ്ടാക്കി ഞാൻ കേട്ടിട്ടും കേട്ടിട്ടും കേൾക്കാൻ കൊതിച്ചുകൊണ്ടിരുന്നു..തെരുവുപട്ടി കൊഴുക്കുന്നപോലെ ഞാൻ കൊഴുത്തു,
സ്‌കൂളിൽ  മാളുപോലും ഒന്നാമതാകാൻ ശ്രമിച്ചു പരാജയം സമ്മതിച്ചു, മാളു പലതവണ കാറിന്റെ പിൻ സീറ്റിൽ ക്ഷണിച്ചെങ്കിലും   നിർമ്മല ടിച്ചറുടെ ബന്ധു സന്തോഷിന്റെ നോട്ടം എന്നെ മുൻ സീറ്റിൽ ഉറപ്പിച്ചിരുത്തി ,എങ്കിലും അവളുടെ ചുണ്ട് എന്റെ ചെവിയിൽ തൊട്ടു തൊട്ടില്ല എന്നപോലിരുന്നു....സന്തോഷിനെ അവൾക്കിഷ്ടല്ലായിരുന്നു...

'എന്താ മിസ്റ്റർ ഇത്ര ഗൗരവം കല്പറ്റവരെ മിണ്ടതിരിക്കാനാണോ ഭാവം ഇപ്പോഴും സന്തോഷ് മാമനെ ഭയാ...അതോ ഗുരുവിനെ ഓർത്തിട്ടാണോ കാലം ഒത്തിരിയായില്ലേ മാഷേ ?  നമ്മുടെ
മാഷും നിർമ്മല ടിച്ചറും പിരിഞ്ഞുട്ടോ ചേച്ചിയും അമ്മയും കൊല്ലത്ത് തന്നെ. ഞാനും പപ്പയും വയനാട്ടിലേക്ക് പോന്നു.. ഡിവോഴ്‌സ് കിട്ടാൻ എന്റെ പപ്പയുടെ ജാരസന്ധതി വേഷമായി കോടതിയിൽ കെട്ടിനിർത്തിയത് തന്നെയാട്ടോ , അന്ന് തന്നെക്കൊണ്ട് മലയാളം എടുപ്പിച്ചത് നമ്മളെ പിരിക്കാനായിരുന്നു , എനിക്കാണെങ്കിൽ നിന്നോട്  മുടിഞ്ഞ പ്രേമോം..ഡിഗ്രിക്ക് തന്നെ എന്നെ കെട്ടിച്ചു നാലു കൊല്ലം മുന്നേ ഈ വഴിയിൽ ഒരപകടത്തിൽ എന്റെ ആളും പോയി , ഇപ്പൊ ഞാനും എട്ടുവയസുകാരൻ മോനും  ആകെ തകർന്ന നമ്മുടെ മാഷും..എനിക്ക് ഭയം തോന്നുന്നെടോ എന്റെ പപ്പയ്ക്ക് എന്തെങ്കിലും ആയാൽ നാലുവർഷമായി ആശുപത്രിയിൽ നിന്നും ആശുപത്രിയിലേക്ക് കൂട്ടുമാറുന്ന മോനും ഞാനും എന്തു ചെയ്യും ?"

തേയിൽ കാടുകൾ പിന്നിട്ട് ഞാൻ പായുകയായിരുന്നു....

എന്തിനാ ഇത്ര തിടുക്കം ആ വളവിൽ ഒന്ന് നിർത്തു..ഇവിടാ നാല് വർഷം മുമ്പ്....നല്ലതുപോലെ മദ്യപിക്കുമായിരുന്നു...."

അവളിറങ്ങി തേയില കമ്പനിയുടെ പടികെട്ടിൽ ഇരുന്നു ഞാനും...

"താൻ വരും എന്ന് പപ്പ പറഞ്ഞപ്പോൾ തുടങ്ങിയ ആഗ്രഹാട്ടോ കുറച്ച് നേരം ഇരിക്കേണമെന്നും സംസാരിക്കണമെന്നും ഭാര്യ, കുട്ടി വല്ലതും പറയു പ്ലി്‌സ് "

എന്റെ ബാലൻസ് ഷീറ്റിലെ ഇടപാട്ടുകൾ അവൾ ഓഡിറ്റ് ചെയ്തു....എന്റെ തിടുക്കം കാണാതെ തോളിൽ ചാരി കരയാൻ തുടങ്ങി , കണ്ണു തുടയ്ക്കാൻ ശ്രമിച്ച എന്റെ കൈയിൽ ആർത്തിയോടെ ചുംബിച്ചു...തേയിലത്തോട്ടപണിക്കാരുടെ നോട്ടങ്ങൾക്കുമുന്നിൽ അവൾ മറിയില്ല  ചേർത്തു നിർത്താനെ എനിക്കും കഴിഞ്ഞുള്ളു...കല്പറ്റ ടൗണ് വരെ ആരും മിണ്ടിയില്ല....ഇറങ്ങാൻ തുടങ്ങിയപ്പോൾ....

"അതെ മാഷെന്തായാലും മലയാളം മെടുത്തത് നന്നായിട്ടോ ഞങ്ങൾ രണ്ടാളും കൊമേഴ്‌സ് പഠിച്ചിട്ടും പഠിച്ചിട്ടും ബാലൻസ്  ഷീറ്റുകൾ ശരിയാകുന്നില്ല ,തനിക്കെന്തെങ്കിലും സംഭവിക്കും മുന്നേ ആരുടെ എങ്കിലും കൈയിൽ ഏൽപ്പിക്കാൻ പപ്പ ശ്രമിക്കുന്നത് എന്നെ പെണ്ണുകാണിക്കാനാ പ്രിയ ശി ഷ്യന്റെ തേരിൽ ഈ യാത്ര ഗുരുനാഥൻ ഏർപ്പാടാക്കിയത്,
  ബി എഡ് ചേരാൻ പണമില്ലാതെ  ഞാനൊരു മോതിരം തന്നിരുന്നു ഓർക്കുന്നുണ്ടോ...?
.ഇനി കാണുമ്പോ ഈ ചെറു വിരലിന്റെ പാകത്തിന് ഒരു മോതിരം വാങ്ങിത്തരണം...ഒന്ന് റ്റാലിയാകുമോ എന്ന് നോക്കാനാ...."

ടൗണിൽ മാഷുണ്ടായിരുന്നു...
പുറപ്പെടാനൊരുങ്ങി ചുവന്ന ഒറ്റക്കണ്ണനും....
പതിനൊന്നാം തരത്തിലെ
ബാലൻസ് ഷീറ്റിന്റെ അടിസ്‌ഥാന തത്വങ്ങൾ ഞാനോർത്തു....
വാങ്ങിയവ ലാഭത്തിന്റെ പട്ടികയിലും കൊടുത്തവ നഷ്ടത്തിന്റെ പട്ടികയിലും ചേർക്കുക...
മടക്ക യാത്രയിൽ കമ്പനി പടിയിൽ കണ്ണു നിറഞ്ഞത്  ബാലൻസ് ഷീറ്റിന്റെ ഏതു ഭാഗത്ത് ചേർക്കണമെന്നറിയില്ലായിരുന്നു.....!!!

രതീഷ് കൃഷ്ണൻ
ജി എച്ച് എസ് എസ്
എടക്കര
മലപ്പുറം

No comments:

Post a Comment