Tuesday 23 February 2016

കഥ ബ്രോക്കിംഗ് നാണ്വേട്ടൻ

ബ്രോക്കിംഗ് നാണ്വേട്ടൻ..!

ഈ രഹസ്യങ്ങൾ ഇനിയും പറയാതെ വയ്യ

നാട്ടിലെ എന്റേതുൾപ്പെടെ പതിനായിരം കല്യാണങ്ങളും നടത്തീത് ഈ നാണ്വേട്ടന
ഭാവിസ്വപ്നങ്ങൾ ആ കഷണ്ടിത്തലയന്റെ കഷത്തെ ഡയറീലാ

മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ ഞാൻ ഈ പെണ്ണിനെ കെട്ടീതും അവൾ സുന്ദരനായ ഈ കുട്ടിയെ പെറ്റതും ആരുടെ കാരുണ്യാ..?

വല്ലാത്ത കണ്ണാഅതിയാന്റേത്  ഈ ഗ്രാമത്തിന്റെ കണ്ണ്.

സീതപ്പെണ്ണുമായ് വിവാഹത്തിന് മുന്നേ  എന്റെ രഹസ്യം അറിയുന്ന അതിയാൻ എന്റെ കയ്യീന്ന് കമ്മീഷൻ പറ്റീട്ടാ  കല്യാണം നടത്തീത് ആ ഭീഷണി ഇന്നും നിക്കുന്നു എന്നെയും അവളേം കാണുമ്പോ അതിയാന്റെ ഒരു ചിരി.

മുക്കിലെ ജാനമ്മ കുറിക്കമ്പനി നടത്തീതും പിന്ന നാട്ടാരെ പറ്റിച്ച് മുങ്ങിയതും അല്ലേ നിങ്ങൾക്കറിയൂ ആദ്യത്തെ കുറികിട്ടിയത് ആർക്കാന്നോ
ഈ നാണ്വേട്ടനാ പിന്നാർക്കും കാശുകിട്ടില ജാനമ്മക്കുറീസിലെന്നെ ചേർപ്പിച്ചതും ഇതിയാനാ.

ആന്റപ്പന്റെ മോളുടെ ശവം തോട്ടത്തിൽ ആദ്യം കണ്ടതും മദിരാശീന്ന് വന്ന സൈദിന്റെ മോനുമായ് ലൗവാണെന്ന് പറഞ്ഞതും അവരെത്തമ്മിൽ തല്ലിച്ചതും നാണ്വേട്ടനാ.

വറീതിന്റെ ഷാപ്പിൽ കള്ളിൽ ആസ്പിരിൻ ഗുളിക കലക്കണത് നാട്ടിൽ പ്രചരിപ്പിച്ചതും പിന്നെ അതൊക്കെ ചുമ്മാതാണെന്ന് പറഞ്ഞതും നാണ്വേട്ടനാ അന്നുമുതൽ ഇതിയാനെന്തിനാ വറീത് വെടിയിറച്ചിയും സ്പെഷ്യൽ കള്ളും കൊടുക്കണത് പലതവണ ഞാൻ ഷാപ്പിന്റെ പിന്നിലിരുന്ന് മൂക്കറ്റം തിന്നണത് ഞാൻ കണ്ടിട്ടുണ്ട് .

പാറപൊട്ടിച്ച കുളത്തീന്ന് തുമ്പിപിടിക്കാൻ പോയ അമ്മിണീടെ ജഡം ആദ്യം കണ്ടതാരാ..? അതൊക്കെ തണുത്തിട്ട് ജോർജ്ജ് മൊതലാളി എന്തിനാ നാണൂന്റെ വീട് പണിയാൻ നാലുലോഡ് കല്ല് സൗജന്യം ചെയ്തത്...?
പിന്നെ ക്വാറി തൊറന്നപ്പോ എംസാന്റും കിട്ടീലോ...?

നാരയണനും കുടുഃമ്പവും വാഴത്തോട്ടത്തിൽ വാഴമരുന്ന് കുടിച്ച് ചത്തപ്പോ പറഞ്ഞത് കേക്കണോ..
"തുഷ്ടൻ കുട്ടികളേം മിച്ചം വച്ചിലല്ലാ" ബാങ്ക് കാരുവന്ന് നോട്ടീസ് പതിപ്പിച്ചപ്പോ ബാങ്കിനെ കുറ്റം പറഞ്ഞ് ലോണു തരപ്പെടുത്തീത് ക്ലർക്ക് സുധാകരൻ പറഞ്ഞാ ഞാനറിഞ്ഞത് .

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുഖ്യ അനൗൺസർ നാണ്വേട്ടനായിരുന്നു
വലതൻ ആയിരത്തൊന്നും വറീതിന്റെ ഷാപ്പിലെ കോളും. എടതൻ ആയിരത്തൊന്നും പരീതിന്റെ കോയിക്കറിയും  സത്യം പറയാല്ലോ വോട്ടിടണ അന്ന് കൊല്ലത്ത് ഇതിയാൻ എന്റെ അനിയനേം കൊണ്ട് പെണ്ണ് കാണാൻ പോയിരുന്നു സത്യം.

ഭദ്രകാളി ക്ഷേത്രചുമരിൽ ഹജ്ജ് കമ്മറ്റീടെ നോട്ടീസ് ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ചത് ഇയ്യാളാ...
പിന്നെ നാണിത്തള്ളേടെ പശൂനെ ജമാത്ത് പള്ളീലേക്ക് കയറൂരി വിട്ടതും നാണ്വേട്ടന
എന്തിനാന്ന് ചോദിച്ചപ്പോ...
"മേത്തന്മാർ തല്ലിക്കൊന്നാ നമ്മക്കും കിട്ടൂലേടാ രണ്ട് കഷ്ണം എറച്ചി".

നീ ആയോണ്ട് പറയേണ് നല്ലൊരു കല്യാണം നടത്താൻ മറ്റൊരാളില്ലാഞ്ഞിട്ടാ...
ഇല്ലെങ്കിൽ ചോറ്റിൽ വെഷം കലക്കി സതിച്ചേച്ചി തന്നെ ഇതിയാനെ കൊന്നേനേ...

കുറിപ്പ്
ഈ കഥയും  വാർത്താ ചാനലുമായ് ആരെങ്കിലും ചേർത്തുവായിച്ചാൽ അത് എന്റെ കുറ്റമല്ല.

രതീഷ് കെ എസ്സ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment