Sunday 12 June 2016

കഥ ഉറങ്ങാത്ത സുലേഖ

ഉറങ്ങാത്ത സുലേഖ...!

ആണവ കരാറുപോലെ,
ആയുധക്കടത്തുപോലെ അതീവരഹസ്യമായിട്ടാണ് അവർ സ്വന്തം സ്വർഗത്തിലേക്ക് യാത്രതിരിച്ചത്.  അവൾ   അയാളിൽ ഒരു  എഴുത്തുകാരനപ്പുറം  പ്രണയത്തിന്റെ എഴുതാപ്പുറങ്ങൾ വായിച്ചുകൊണ്ടേയിരുന്നു... തങ്ങളെ അറിയാത്ത നീലഗിരിക്കുന്നിന്റെ അടിവാരത്തിലേക്ക് കുതിച്ചുപായുന്ന തീവണ്ടിയിൽ വിരലുകൾ കോർത്തിരുന്നു. പിന്നിട്ട വഴികളിൽ അവളുടെ സ്വപ്നങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. ശീതികരിച്ച മുറിയുടെ കിടക്കയിൽ അവൾ എഴുത്തുകാരന് തന്റെ കഥതുറന്നുകൊടുത്തു.

എഴുത്തുകാരന്റെ നായകന്മാരെപ്പോലെ തന്റെ ബഷീറിക്ക ചിരിച്ചിരുന്നെങ്കിൽ, ഇഷ്ടനിറം തിരഞ്ഞെടുക്കാൻ തന്നെ അനുവദിച്ചിരുന്നെങ്കിൽ, വരുമാനം കവർന്നെടുത്ത് കറവപ്പശുവാക്കാതിരുന്നെങ്കിൽ, കാമത്തിനുവേണ്ടി മാത്രം പ്രാപിക്കാതിരുന്നെങ്കിൽ, ഈ എഴുത്തുകാരനെപ്പോലെ തന്റെ ചെവിയിൽ പതിയെ കടിച്ചെങ്കിൽ...

സുലേഖ കഥപറഞ്ഞുകൊണ്ടേയിരുന്നു..തനിക്ക് ഉറക്കം നഷ്ടപ്പെട്ടതിന്റെ,യൂസഫ് നബിയുടെ ചരിത്രം വായിച്ച വാപ്പച്ചി തനിക്കീ പേരിട്ടതിന്റെ , മക്കൾ നഷ്ടമായതിന്റെ, ....പിന്നെ സുലേഖ കരഞ്ഞുകൊണ്ടേയിരുന്നു...

അപ്പോഴും
ആ കിടക്കയുടെ മറുകരയിൽ തണുപ്പിലും വിയർത്ത ശരീരവുമായി  എഴുത്തുകാരൻ തന്റെ സങ്കല്പ ലോകത്ത്  "സുലേഖ ഉറങ്ങാറില്ല " എന്ന കഥ എഴുതുകയായിരുന്നു.

രതീഷ് കെ എസ്
ജി എച്ച് എസ് എസ് എടക്കര.

No comments:

Post a Comment