Tuesday 24 August 2021

പാവാക്കൂത്ത്.!

പാവക്കൂത്ത്

   അജിത വക്കീൽ ഫോണും ചെവിയിൽ ചേർത്തുപിടിച്ച് വീടിനു പുറത്തേക്കോടി.ഗേറ്റിൽ തൂക്കിയിട്ടിരുന്ന 'അജിത ക്ളീറ്റസ് എം.എ.എൽ.എൽ.ബി' ബോർഡ് അടർത്തിയെടുത്ത് ഡോക്ടർ പട്ടിബാബുവിന്റെ പറമ്പിലേക്കെറിഞ്ഞു.കന്നിമാസത്തിനോട് കൊരുത്തുനിന്ന നായിണകളെയും പ്രണയം മൂത്തിട്ട് ഊഴം കാത്തിരുന്ന് വാലാട്ടുന്ന ആണുങ്ങളുടെയും രംഗങ്ങൾ ആസ്വദിച്ചങ്ങനെ നിൽക്കുകയായിരുന്നു പട്ടിബാബു.അവൾക്ക് അയാളോട് വെറുപ്പുതോന്നി.പക്ഷേ, ഏക അയൽക്കാരിയായ അജിത വക്കീലിന്റെ പെണ്ണേറും തിടുക്കംപിടിച്ച നടപ്പും അയാളിലാകെ താടിചൊറിഞ്ഞ ആ പതിവ് ചിരിയേ ഉണ്ടാക്കിയുള്ളൂ.

   മുറ്റത്തു വന്നുവീണ 'എം.എ.എൽ.എൽ.ബിയെ' ഡോക്ടർ പട്ടിബാബു വീടിനോട് ചേർത്തിട്ടു.
കുറച്ചപ്പുറത്ത് നഗരത്തിലേക്കുള്ള ബസും കാത്തുനിൽക്കുന്ന അജിതയെ അയാൾ നോക്കി. അവളുടെ ചുണ്ടിലെ പിറുപിറുപ്പുകളും വായിച്ചു. ഇന്നലെയും ആ വീട്ടിൽ ഒന്നിച്ചു ജീവിച്ചിരുന്ന 'അജിതാ ക്ളീറ്റസി' നെയാകാം അവൾ വലിച്ചെറിഞ്ഞതെന്ന് അയാളൂഹിച്ചു.വാലാട്ടിനിന്ന ഒരു കുഞ്ഞൻ നായയെ മടിയിലിരുത്തി തലോടിക്കൊണ്ട് സുന്ദരിയായ വക്കീലിന്റെ, ജീവിതം ഉള്ളിൽ വീണ്ടും തുറന്നുവച്ചു . 

    ഏഴെട്ടു വർഷം മുൻപാണ്, ഈ നായിണകളെക്കാൾ പ്രണയം മൂത്ത് 'മതംപൊട്ടിച്ച്' കൈകൾ കൊരുത്തുവന്ന ചെറുപ്പക്കാർ.ഒരു വക്കീലും ഒരു വാദ്യാരും.കന്നട നാട്ടിലെ ഈ അതിർത്തി ഗ്രാമം അവർക്കൊരു ഒളിത്താവളമായി.അയൽക്കാരനായി  ഭ്രാന്തൻ ഡോക്ടർ മാത്രമുള്ള നാട്ടിൽ നിന്നും അവരുടെ ടൂവീലർ നൂറും നൂറ്റിപത്തും പ്രണയവേഗത്തിൽ നഗരത്തിലേക്ക് പാഞ്ഞു.

    ആദ്യ വർഷങ്ങളിൽ അന്യോന്യം മക്കളായ നാളുകൾ.പട്ടിബാബുവിന്റെ ചികിത്‌സയിൽ പലപല മരുന്നുകൾ.അലാറം വച്ചുള്ള ഉണർച്ചകൾ.നേർത്ത തുണി സ്‌ക്രീനിന്റെ മറവിൽ അയാളുടെ നിർദ്ദേശമനുസരിച്ച വരണ്ട രതികൾ.ദേവാലയങ്ങൾ. ഒടുവിൽ ചിരികളെല്ലാംകെട്ട് ബൈക്കിന്റെ വേഗതയും കെട്ടിപ്പിടിച്ച  ഇരുപ്പുകളും കുറഞ്ഞില്ലാതെയാകുന്നതും കാണാൻ അയാളല്ലാതെ അധികമാരുമുണ്ടായിരുന്നില്ല. 

    അജിത എത്താൻ വൈകിയ ഒരു ദിവസം ക്ളീറ്റസിനാണ് രഹസ്യ അതിഥിയുണ്ടായത്, അവന്റെ അമ്മ തടിച്ചുകൊഴുത്ത വെറോണിക്ക.അവർ മകനോട് സത്യവേദപുസ്തകം തുറന്ന് നല്ല നിലത്ത് വീഴാത്ത,പാറപ്പുറത്ത് വിതച്ച വിത്തിന്റെ ഉപമകൾ പറഞ്ഞുകൊടുത്തു.മുടിയനായ പുത്രനെപ്പോലെ വീട്ടിലേക്ക് മടങ്ങി വരാൻ ഉപദേശിച്ചു. കഴിഞ്ഞ ദിവസം ബൈക്കിൽ അമ്മയെ പിന്നിലിരുത്തി പ്രണയമതം മായിച്ച് ക്ളീറ്റസ് പോയതും പട്ടിബാബുവിന്റെ മുന്നിലൂടെയാണ്.വെറോണിക്ക ക്ളീറ്റസിനെ കെട്ടിപ്പിടിച്ചിരുന്നു.അജിതയെക്കുറിച്ച് അയാൾ ഇന്നലെയും ഒരുപാട് നേരം ചിന്തിച്ചു. 

     ബസ് കാത്തിരുന്ന അജിതയ്ക്ക് തന്റെ വീടിനെ ഒന്നു നോക്കണമെന്ന് തോന്നി.ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്ന പട്ടിബാബു.അല്ലെങ്കിൽ അയാളുടെ നായ്ക്കൾ അവിടെ കയറിയിറങ്ങി നടക്കും.ആ മനുഷ്യനിപ്പോൾ തന്റെ കഥയിലേക്ക് നടക്കുകയാണെന്ന് അവളും ഊഹിച്ചു.ക്ളീറ്റസ് വീടുവിട്ട് ഇറങ്ങിയപ്പോൾ അയാളോടെങ്കിലും യാത്ര പറഞ്ഞിട്ടുണ്ടാകുമോ.? എങ്കിൽ.? പ്രതികാരമെന്നോണം അയാളുടെ ചരിത്രവും അജിത വക്കീൽ വിചാരണക്കൂട്ടിനുള്ളിലേക്ക് കയറ്റിനിർത്തി.

   കുട്ടികളില്ലാത്തതിന് വീട്ടിലേക്ക് നായ്ക്കുട്ടികളെ കൊണ്ടുവന്ന ഡോക്‌ടർ.പെയിന്റ് പണിക്കുവന്ന ചെറുപ്പക്കാരന്റെയൊപ്പം പരുക്കൻ നിറങ്ങളിലേക്ക് ഇറങ്ങിപ്പോയ ചിത്രകാരിയായ ഭാര്യ. വനത്തിനുള്ളിൽ നിന്നും വല്ല കാലത്തും ഇറങ്ങി വരുന്ന ഊരുവാസികളോട് മരുന്നിന്ന് പകരം കാരക്കയും കൂവയും മൂട്ടിക്കായും ചിലപ്പോൾ നായ്ക്കുട്ടികളെയും പ്രതിഫലം വാങ്ങിക്കുന്ന പൊട്ടൻ. നഗരവാസികൾ മിടുക്കൻ ഡോക്ടറെ തിരക്കി വന്നാലും നായ്ക്കളെപ്പേടിച്ച് ആരുമകത്തേക്ക്  ചെല്ലാറില്ല, അതിലൊന്നിലും അയാൾക്ക് ഒരു കൂസലുമില്ല..

     ക്ളീറ്റസിനൊപ്പം കിടക്കയിലും തീൻ മേശയിലും പലതവണ തന്നാൽ വിചാരണ ചെയ്യപ്പെട്ട പട്ടിബാബുവിന്റെ ദാമ്പത്യ പ്രതിചിന്തകളെ അജിത ഇറക്കിവിട്ടു.ആ രണ്ട് വീടുകളെയും അവൾ ഫോണിൽ പകർത്തി.അവളുടെ വീടിന് ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന അതേ മുഖം.പട്ടിബാബുവിന്റെ, തുറന്നചിരിയുള്ള വീടിന് പ്രത്യേക സൗന്ദര്യമുണ്ടോയെന്ന് അവൾക്കപ്പോൾ  തോന്നി.

    നാടിനെ മുഴുവൻ വിറപ്പിച്ചുകൊണ്ട് നായ സൈന്യവുമായി ഡോക്ടറിന്റെ പ്രഭാതസായാഹ്ന സവാരികളുണ്ട്.ചികിൽസയിലായിരുന്ന കാലത്ത് 'അജിത ക്ളീറ്റസ്' ഒപ്പം നടന്നിരുന്നു.കാഷായ വേഷവും നീണ്ട താടിയും നിരനിരയായി വരുന്ന നായ്ക്കളും ചേർന്ന ചിത്രം അജിതയുടെ ഉള്ളിൽ വന്നു.പക്ഷേ ക്ളീറ്റസിന് ഒരു ദിവസം ആ നടപ്പ് ഏറ്റവും അപമാനമായി തോന്നി, മടങ്ങാമെന്ന് പറഞ്ഞതിന്റെ കാരണം ചോദിച്ചപ്പോൾ 'പോടീ മച്ചി'യെന്ന അലർച്ചയും വലിയ തെറിയും.അന്നാണ് ക്ളീറ്റസിന്റെ മുഖത്ത് അജിത അവസാനമായി നോക്കിയത്.

    വാതിലും ജനാലകളും ഒരിക്കലും അടച്ചിടാത്ത മതിലോ അതിരോ ഇല്ലാത്തത പട്ടിബാബുവിന്റെ വീടും പറമ്പും.അരികു ചേർന്ന് പതുങ്ങി നിൽക്കുന്ന ഒറ്റമുറി ക്ലിനിക്ക്.ഒരു ചക്കയുമായി ഡോക്ടറെ കാത്തിരിക്കുന്ന ഒരു ഗർഭിണിപ്പെണ്ണും വീടിനോട് ചാരിയിരുന്ന് ബീഡി വലിക്കുന്ന ഊരുമൂപ്പനും.      ആ രംഗങ്ങൾ കണ്ടിട്ടാവണം അജിതയുടെ മുഖത്തപ്പോൾ ഒരു ചിരി വന്നത് അവളുടെ വീടിനത്ര ഇഷ്ടമായില്ല.പെട്ടെന്ന് ചിന്തകളിലേക്ക് പുക തുപ്പിക്കൊണ്ട് 'നഗരത്തിലേക്ക് വാടീന്ന്' വിളിക്കുന്ന ആ ബസും വന്നുനിന്നു.ബസിലിരുന്ന് ഫോണിലൂടെ  രണ്ടു വീടുകളെ താരതമ്യം ചെയ്യുമ്പോഴെല്ലാം മുഖം പൊത്തി നിന്ന സ്വന്തം വീടിനോട് മാത്രം കൂറുള്ളതായി അവൾ ഭാവിച്ചു.

    അടച്ചതും തുറന്നതുമായ വീടുകളെ മായിച്ചുകൊണ്ട് അജിതയുടെ ഫോണിലേക്ക് വള്ളിക്കെട്ട് വക്കീലിന്റെ ചില സന്ദേശങ്ങൾ വന്നുവീണു.'കാമുകനൊപ്പം പോകാൻ കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ'തായി പല പത്രങ്ങളിൽ വന്ന കഥകളും ചിത്രങ്ങളും. അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു.വള്ളിക്കെട്ട് വക്കീലിനൊപ്പമുള്ള യാത്ര അവസാനിപ്പിക്കണമെന്ന ചിന്ത അജിതയ്ക്കപ്പോൾ ആദ്യമായിട്ടുണ്ടായി.ക്ളീറ്റസ് ഇതേക്കുറിച്ചു  നിർബന്ധിച്ചപ്പോഴൊന്നും അവളിൽ ഇങ്ങനെയൊരു തോന്നലുപോലും വന്നിരുന്നില്ല..

    'അമ്മയെ കൊന്ന മകൻ' 'വൃദ്ധയെ പീഡിപ്പിച്ച പതിനാലുകാരൻ' 'നടിയെ ആക്രമിച്ച യുവാവ്'  വള്ളിക്കെട്ട് വക്കീലിന്റെ വക്കാലത്തുകൾ കുപ്രസിദ്ധമാണ്.പണവും പേരുമങ്ങനെ നിറയുന്നു. വക്കീലിന്റെ വീടിന് സദാ അടഞ്ഞുകിടക്കുന്ന വലിയ വാതിലുകളും ജനാലകളുമാണ്,ഏക മകൾ ഒരു രാത്രിയിൽ പ്രണയത്തിന്റെ നൂലിൽ തൂങ്ങി ഏതുവഴിയാണ് ഇറങ്ങിപ്പോയതെന്നറിയില്ല.മൂന്നാം ദിവസം റോഡരിൽ ഒറ്റയ്ക്ക് ചത്തങ്ങനെ കിടക്കുകയായിരുന്നു.'യുവതിയെ ബലാത്സംഗംചെയ്തു റോഡരികിൽ തള്ളിയ കാമുകനും കൂട്ടാളികളും അറസ്റ്റിൽ'. പത്രങ്ങളിൽ ആ സംഭവം അത്രയേറെ ആഘോഷമായിട്ടും കേസിന് പോകാനൊന്നും വള്ളിക്കെട്ടിനായില്ല.

   ജയിലിൽ ചെന്ന് വക്കാലത്തും വാങ്ങി, കൈത്തരിപ്പും തീർക്കാം എന്ന കൗതുകമാണ് അജിത വക്കീലിന് ഇത്തരം കേസിലുള്ള സന്തോഷങ്ങൾ.ആരും ഏറ്റെടുക്കില്ലെന്നുറച്ച കേസിന്റെ വക്കാലത്ത് ഒപ്പിടാൻ വരുന്ന വക്കീലിനോട്, ആ പ്രതി കാണിക്കുന്ന വിധേയത്വം ഭൂമിലൊരിടത്തും  കാണാനാകില്ലല്ലോ..'മകളെ പീഡിപ്പിച്ച രണ്ടാനച്ഛന്റെ അടിവയറ്റിനു കൊടുത്ത ഉഗ്രനൊരു ചവിട്ട്' ജയിലർക്കുപോലും ഇഷ്ടപ്പെട്ടു.കുഞ്ഞിനെ കാനയിൽ എറിഞ്ഞ പെണ്ണിന്റെ ഒരു പല്ലെങ്കിലും തന്റെ അടിയിൽ കൊഴിഞ്ഞു വീഴണം.അജിത വാർത്തകളിലേക്ക് ദേഷ്യത്തോടെ ഊളിയിട്ടു. പ്രതിപെണ്ണ് എറിഞ്ഞുകളഞ്ഞ ഒന്നര വയസുള്ള കുഞ്ഞിനെ പൊക്കിയെടുത്തു,വിളറിയ ആ ജഡം കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ചുവന്നു. 

    വാർത്തകളിൽ ഭീകരിയായി നിൽക്കുന്ന ആ മെലിഞ്ഞു മഞ്ഞിച്ച പ്രതിപ്പെണ്ണിനെ അജിത ഫോണിൽ വലുതാക്കി നോക്കി.എല്ലാ പത്രങ്ങളിലും നല്ല കളർ വാർത്തയാണെങ്കിലും ഭർത്താവിനെയോ കാമുകനെയോ വെളിപ്പെടുത്താതിരിക്കാൻ എല്ലാവരും ജാഗ്രത കാണിച്ചിട്ടുണ്ട്. വാർത്തയിലും വാർത്തമാനത്തിലും വിറ്റുപോകുന്നത് പെണ്ണുങ്ങളാണല്ലോ.അവളുടെ ചിന്തയോടൊപ്പം,  മുൻസീറ്റിലിരുന്ന ഇളംമഞ്ഞ സാരിയുടുത്ത സ്ത്രീയുടെ തോളിൽക്കിടന്ന ഒരു കുട്ടി, ബസിന് പുറത്തുള്ള മുഴുവൻ ലോകത്തിന്റെയും മുഖത്തേക്ക് ഛർദ്ദിച്ചു.പുളിച്ച
രണ്ടുവറ്റ് അജിതയുടെ നേർക്കും ചെന്നു.താനത് അർഹിക്കുന്നതായി അജിതയ്ക്ക് തോന്നി. 

   ഒപ്പമിരുന്ന പുരുഷൻ 'ഇതിനെ എവിടെയെങ്കിലും കൊണ്ടുകളഞ്ഞിട്ട് വിളിയെടി.. മൈ' എന്ന് പറഞ്ഞിട്ട് പിന്നിലേക്ക് നടക്കാൻ എഴുന്നേറ്റു.അജിതയുടെ വക്കീൽ വേഷം കണ്ട അയാളൊന്നു പരുങ്ങി.അജിത ബാഗിനുള്ളിൽ ഒളിച്ചു വച്ചിരുന്ന തന്റെയും ഛർദ്ദിരഹസ്യമായ നാരങ്ങയും പ്ലാസ്റ്റിക്ക് കവറും മുന്നിലെ പെണ്ണിന്റെ നേർക്ക് നീട്ടി.അവൾക്കും കുഞ്ഞിനെ കാനയിലെറിഞ്ഞ പെണ്ണിന്റെ അതേ മുഖം.അജിത പുറകിലേക്ക് നോക്കി.ആ 'കാമുകൻ' പിന്നിലെ നീണ്ടസീറ്റിൽ തന്നെയും  നോക്കി അതേയിരുപ്പാണ്.

    ഉപേക്ഷിക്കപ്പെട്ട  നിലയിൽ ആ കുട്ടിയെ കണ്ടാൽ തിരിച്ചറിയാനുള്ള  വക്കീൽ ബുദ്ധി കുട്ടിയിൽ ചില നിരീക്ഷണങ്ങൾ നടത്തി.നീണ്ട മുടിയെ റബ്ബറിട്ട് പൂട്ടിയത്‌ കൊണ്ടുമാത്രം പെൺകുട്ടിയായി തോന്നിച്ചു.കാതു കുത്തിയിട്ടുണ്ടെങ്കിലും കമ്മലില്ല.ആൺകുട്ടികളുടെ ഉടുപ്പും നിക്കറുമാണ് വേഷം. ഇടതു കണ്ണിന് വീർപ്പും പഴുപ്പിന്റെ നിറവും.കറുപ്പിനും വെളുപ്പിനുമിടയിൽ ഒരു നിറം, മൂന്നോ നാലോ വയസ്സിന്റെ ഇളപ്പം..
       വക്കീൽ നിരീക്ഷണങ്ങളെ  ഇടിച്ചുനിരത്തി ബസ് ജയിലിന്റെ സ്റ്റോപ്പിൽ നിന്നു.കുട്ടി വീണ്ടും കവറിനുള്ളിലേക്ക് ഛർദ്ദിയുള്ള തലയിട്ടു.അജിത ഫോണിൽ ആ കുട്ടിയുടെ ചിത്രം പകർത്താൻ ശ്രമിച്ചു. തിടുക്കത്തിൽ ആ സ്ത്രീയുടെ ഇളംമഞ്ഞ സാരിയുടെ അവ്യക്തമായ രൂപം മാത്രം കിട്ടി.

   ജയിലിന്റെ മുന്നിലെ സ്റ്റോപ്പിൽ അജിത ഇറങ്ങി.പിന്നാലെ ഇറങ്ങിവന്ന സ്ത്രീയുടെ കൈയിൽ കുട്ടിയുണ്ട്, ബസിനുള്ളിൽ കുട്ടിയെ ഉപേക്ഷിക്കാൻ 'കാമുകർക്ക്' പദ്ധതിയില്ല.അജിതയുടെ നേർക്ക് അവരുടെ വിളറിയ ചിരി.റോഡിന്റെ അപ്പുറത്തേക്ക് തിടുക്കത്തിൽ ഓടുന്ന 'കാമുകൻ' മരത്തിനോട് ചാരി നിന്ന് മൂത്രിക്കുന്നു.പതിവായി തന്റെ ഗേറ്റിൽ മൂത്രിക്കുന്ന ചാരനിറമുള്ള മുറിവാലൻ നായയെ അവൾക്ക് ഓർമ്മവന്നു.ഫോണിൽ ആരും അറിയാതെ ആ ദൃശ്യം പകർത്തി.സാധാരണയായി ചെയ്യുന്നതുപോലെ നയേറിന് പറ്റിയ ഒരു കല്ലെടുക്കാൻ അവളുടെ കൈതരിച്ചു.

    "വള്ളിക്കെട്ട് ആ പെണ്ണിന്റെ വക്കാലത്തുമേറ്റല്ലേ.?" സന്ദർശകരുടെ പതിവേടിൽ ഒപ്പുചേർക്കുമ്പോൾ ജയിലർ അജിതയോട് കുശലം ചോദിച്ചു.ഫോണിൽ വള്ളിക്കെട്ടിന്റെ അടുത്ത സന്ദേശം വന്നു.ജയിൽ വേഷത്തിൽ പെണ്ണിന്റെ ഒന്നുരണ്ട് ഫോട്ടോകൾ കൂടെ എടുക്കണം.
      ജയിലിലെ പാവനിർമ്മാണ യൂണിറ്റിലാണ് ആ പെണ്ണിന് ജോലിയെന്ന് പറഞ്ഞിട്ട്, ഒപ്പം വന്ന വനിതാ വാർഡൻ ഒരു ഭീകര ചിരി പാസ്സാക്കി.ഒഴിഞ്ഞ പാവയുടെ ഉള്ളിലേക്ക് മലദ്വാരത്തിലൂടെ പഞ്ഞിനിറയ്ക്കുന്ന പ്രതിപ്പെണ്ണ്.വാർഡൻ ലാത്തികൊണ്ട് പെണ്ണിന്റെ നേർത്ത കഴുത്തിന് പിന്നിൽ പതിയെ കുത്തി.അജിതയുടെ പിന്നാലെ അവൾ തലകുനിച്ച് നടന്നു.

     അജിത ഒന്നും ചോദിച്ചില്ല,ആ പെണ്ണ് ഒന്നും പറഞ്ഞില്ല.ഒരു ചായ മുന്നിൽ വച്ചിട്ട് ജയിലറാണ് തുടക്കമിട്ടത്.
     "കൊന്നതൊന്നുമല്ല വക്കീലേ, ഈ പെണ്ണിന്റെ കൈയീന്ന് വീണതാ,ഇവക്ക് ഒരുത്തന്റെ കൂടെ പ്രേമം.ഇവളെ കെട്ടിയവൻ വലിയ സാഹിത്യകാരനാണ്, ഏതുനേരവും എഴുത്തും വായനയും ചർച്ചക്ക് പോക്കും.അതിനിടയിലാണ് ഇവക്ക് പറ്റിപ്പോയത്.സംഗതി കൈയോടെ പൊക്കിയപ്പോൾ തീറ്റിപോലും കൊടുക്കാതെ ഒരുമുറിയിൽ നാലഞ്ചു ദിവസം സാഹിത്യതെണ്ടിയുടെ ആ തള്ള പൂട്ടിയിട്ടിരുന്നു.കിട്ടിയ ഗ്യാപ്പിൽ ഇറങ്ങിയോടിയപ്പോൾ കൊച്ച് കൈയീന്നങ്ങ് തെറിച്ച് പോയതാണ്. അല്ലേടി.."പെണ്ണ് തലയുയർത്തി ജയിലറെ നോക്കി, നാണവും ഭയവും നിറഞ്ഞ മുഖത്തോടെ സത്യമാണെന്ന് അജിതയോട് തലകുലുക്കി. 
     പ്രതിപ്പെണ്ണിന്റെ മേൽച്ചുണ്ടിൽ ചുവന്നുനിന്ന ഒരു രസികൻ മുറിവിനെ അജിത പ്രത്യേകം ശ്രദ്ധിച്ചു.ജയിലറുടെ ചിരിയോടെ ആ ചുണ്ടിൽ മുറിവുണ്ടാക്കിയ പ്രതികളെ അജിത തിരിച്ചറിഞ്ഞു.

      "ഈ പരുവത്തിൽ ഇവൾ ഇവിടെ 'കെടക്കണ'തല്ലേ വക്കീലേ നല്ലത്." 'കിടക്കട്ടെ' എന്നു സമ്മതിച്ച് അജിത പ്രതിപ്പെണ്ണുമായി പാവ നിർമ്മാണ യൂണിറ്റിലേക്ക് നടന്നു.'കൈവയ്ക്കല്ലേ വക്കീലേന്ന്' ജയിലറുടെ പ്രണയമുള്ള നോട്ടം പിന്നാലെയെത്തി.അജിത അതിനോട് ഒന്നിരുത്തി ചിരിച്ചു.തൊപ്പി കൈയിലെടുത്ത അയാൾ ഒരു നാണം അഭിനയിക്കാൻ ശ്രമിച്ചു.

     യൂണിറ്റിലെ പെണ്ണുങ്ങൾ എത്ര സൂക്ഷ്മതയോടെയാണ് പാവ നിർമ്മിക്കുന്നതെന്ന് അജിത  നോക്കി നിന്നു.നരച്ച തലയുള്ള ഒരുത്തിയാണ് പാവകൾക്ക് സ്വർണനിറമുള്ള ചുരുണ്ട തലമുടി തുന്നിപ്പിടിപ്പിക്കുന്നത്.തടിച്ചുരുണ്ട ഒരുത്തി തിളക്കമുള്ള ഉടുപ്പിടിയിക്കുന്നു.ഏറ്റവും ഉയരമുള്ള ഒരുത്തിയിലേക്ക് എത്തുമ്പോൾ നീല കണ്ണുകളും ചേർത്ത് ആ  ജയിൽപ്പാവക്കൂത്ത് പൂർത്തിയാവുന്നു.അജിത അറിയാതെ നിലത്തുകിടന്ന ഒരു പാവയിൽ ചവിട്ടി,അത് നിലവിളിച്ചു  അവൾ പിന്മാറി.മക്കളില്ലാത്ത പെണ്ണുങ്ങൾ പാവ നിർമ്മിക്കുമ്പോൾ ഓർക്കുന്നത് എന്തായിരിക്കും? അജിതയുടെ സ്വയം ചോദ്യം കേട്ട വാർഡൻ അത്ഭുതത്തോടെ അവളെ നോക്കി.

     "കെട്ടിയോനേം അമ്മായിയേയും കാച്ചി, കക്കൂസ് കുഴിയിലിട്ട ടീമാണ്" നരച്ച തലമുടിക്കാരിയെ ചൂണ്ടിയാണ് വാർഡനതു പറഞ്ഞത്.അതിനിടയിൽ അവർ തമ്മിലൊന്ന് ചിരിച്ചു.വാർഡൻ ഒരു പാവയെ പൊതിഞ്ഞെടുത്തു.'നിങ്ങളെ കൊച്ചിനിത് കൊട് വക്കീലേന്ന്' ചിരിയോടെ അജിതയ്ക്ക് നൽകി.ബാഗിനു പുറത്തേക്ക് 'ഞാൻ പോവൂലാന്ന്' വാശിയോടെ തള്ളിനിന്ന പാവയുടെ തല, യൂണിറ്റിലെ സകല അമ്മമാരെയും നോക്കി.ഒന്നു രണ്ട് തവണ അതിന്റെ മുഖത്ത് അജിതയുടെ കൈ ചെന്നുമുട്ടി. അപ്പോഴെല്ലാം അവൾ ഞെട്ടി. വള്ളിക്കെട്ടിന്റെ വിളികൾ രണ്ടാമതും ഫോണിൽ പൊങ്ങിവന്നു.ദേഷ്യത്തോടെ അവളതിനെ മുറിച്ചിട്ടു.   

    ബസ് സ്റ്റോപ്പിൽ നാലഞ്ചാളുകൾ കൂടി നിൽക്കുന്നുണ്ട്.ഒപ്പം ബസ്സിറങ്ങിയ ആ സ്ത്രീയുടെ കൈയിലിരുന്ന കുട്ടി ഒരു തൂണിൽ ചാരിയിരുന്ന് ഉറങ്ങുന്നത് അജിത കണ്ടു.തൊട്ടടുത്ത് തുറന്നു വച്ചിട്ടുള്ള ഭക്ഷണപ്പൊതിയിൽ ഇനിയും പകുതിദോശ ബാക്കിയുണ്ട്.അജിതയുടെ വരവിൽ ആളുകൾ മാറി നിന്നു.അതിലൊരാൾ ബാഗിനു പുറത്തേക്ക് തലയുയർത്തി നോക്കുന്ന പാവയിലേക്ക് വിരലുചൂണ്ടി.അജിതയപ്പോൾ ചുറ്റിലും ഇളം മഞ്ഞ സാരിക്കാരിയെ തിരഞ്ഞു. റോഡിനപ്പുറത്തെ മരങ്ങൾ ആ 'കാമുകരെ' മറച്ചുപിടിച്ചിട്ടുണ്ടാകുമോ? അജിത സംശയിച്ചു.. 

    അജിത കുട്ടിയെ തട്ടിയുണർത്തി,അതുകണ്ട ആളുകൾ പിരിഞ്ഞു പോകാനാരംഭിച്ചു.ഉണർന്ന കുട്ടി ഭക്ഷണപ്പൊതിയിലെ പാതി ദോശയിലേക്ക് വിരലുകൾ നീട്ടി.ചുറ്റും ആരെയോ തിരഞ്ഞ ശേഷം എരിവുണ്ടെന്ന ഭാവം മുഖത്തിട്ടു.ബാഗിനുള്ളിലെ കുപ്പിവെള്ളം അജിത തുറന്നു വയ്ക്കുന്നത് കണ്ട് കൂടിനിന്നതിൽ അവസാനത്തെ സ്ത്രീയും മറഞ്ഞു.തൂണിന്റെ അരികിലൂടെ കൈ കഴുകാൻ നീട്ടിപ്പിടിച്ച കുട്ടിക്ക് അജിത വെള്ളമൊഴിച്ചുകൊടുത്തു.ആ പാവയിലേക്ക് കുട്ടിയുടെ നോട്ടം നീണ്ടുചെന്നു. അജിതയുടെ കൈയിൽ നിന്ന് തട്ടിപ്പറിക്കുന്ന വേഗത്തിലാണ് പാവയെ വാങ്ങിയത്. കുട്ടി അതിന്റെ നീലക്കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി, എന്നിട്ട് പൊട്ടിയൊലിക്കുന്ന തന്റെ ഇടതു കണ്ണിൽ സങ്കടപ്പെട്ട് വിരലുകൾ വച്ചു. 

    നല്ല ചൂടുള്ള ഒറ്റുകാരൻ കാറ്റ് അപ്പുറത്തെ ഒരു വലിയ ആൽമരത്തിന്റെ പിന്നിൽ ഇളം മഞ്ഞസാരിക്കാരിയുണ്ടെന്ന്‌‌ അജിതയ്ക്ക് തെളിവുകൊടുത്തു.അതിനടുത്തുതന്നെ 'കാമുകന്റെ' സാന്നിദ്ധ്യവും അവളൂഹിച്ചു.അവരുടെ മനസറിയാൻ അജിത കാത്തിരുന്നു.തൂണിനോട് ചാരിയ കുട്ടി പിന്നെയും ഉറക്കത്തിലേക്ക് പോയി.പാവയെ അമ്മയോളം കെട്ടിപ്പിടിച്ചിരിക്കുന്നു.പാവനോട്ടം കുട്ടിയുടെ പഴുത്ത ഇടതു കണ്ണിലേക്കാണ്.

    മരങ്ങളുടെ മറവിൽ നിന്നും അമ്മയാന്തലുള്ള ഒരെത്തിനോട്ടം അജിത കണ്ടു.കുട്ടിയെക്കുറിച്ച്    ഉറച്ച ഒരു തീരുമാനമെടുക്കാനൊന്നും പാഞ്ഞു വന്നുനിന്ന ബസ് സമ്മതിച്ചില്ല.വള്ളിക്കെട്ട് വക്കീലിന്റെ വിളികളെ ബാഗിനുള്ളിൽ കുഴിച്ചിട്ട് കുട്ടിയെ തോളിലെടുത്ത് അജിത വേഗത്തിൽ ബസിനുള്ളിലേക്ക് കയറി.ബസിനും അതങ്ങ് ഇഷ്ടപ്പെട്ടു. മരങ്ങളുടെ ഇടയിലൂടെ തലകുനിച്ചു നടക്കുന്ന അമ്മയുള്ള 'കാമുക' രംഗങ്ങളെ ആരെയും കാണിക്കാതെ വെറും രണ്ട് മണിയിൽ ആ ബസ് പോട്ടെപോട്ടേന്ന് പിന്നിലേക്ക് തള്ളിവിട്ടു.

    തോളോട് ചാരിക്കിടന്ന കുട്ടിയുടെ ചെവിയിൽ നിന്നും പഴുപ്പ് അജിതയുടെ മടിയിലേക്ക് ഒഴുകി വരുന്നുണ്ട്.വക്കീൽക്കോട്ടിലും അത് പരക്കുന്നു.അജിതയുടെ തോളിലും പഴുപ്പിന്റെ തുള്ളികൾ. തികച്ചും പരിചിതമായ ഗന്ധം.പട്ടിബാബു അടുത്തിടെ കൊണ്ടുവന്ന ചെവിയടർന്ന നായയെ അജിതയ്‌ക്ക് ഓർമ്മവന്നു..

    ക്ലിനിക്കിന്റെ മുന്നിൽ നാലാളുകൾ മാത്രം.ഒരാളുടെ കൈയിൽ ഈർക്കിലിൽ കോർത്ത് പുഴമീൻ.  കറുപ്പൻ ചിരിയുള്ള ഒരു പെൺകുട്ടി ചെവിയടർന്ന നായയെ മടിയിൽ ഇരുത്തിയിട്ടുണ്ട്, അതിന്റെ വാല് ചെണ്ടകൊട്ടുന്നു.വള്ളിക്കെട്ട് വക്കീലിന്റെ സന്ദേശങ്ങൾ അജിതയുടെ ഫോണിലേക്ക് ഒഴുകി നിറയുന്നു.ഫോണിലിറ്റുവീഴുന്ന സന്ദേശത്തുള്ളികളുടെ താളത്തിലേക്ക് കുട്ടി കൗതുകത്തോടെ നോക്കി.

    മുറ്റത്തിന്റെ ഒരു കോണിൽ ഇണ ചേരലിന്റെ മറ്റൊരു രംഗം.രതിയൂഴം കാത്തിരിക്കുന്ന കറുപ്പിൽ വെളുത്ത പുള്ളികളുള്ള നായകൾക്ക് ഒരേ സ്വരത്തിൽ വാലിന്റെ ചെണ്ടകൊട്ട്.അജിതയ്ക്ക് ചിരിവന്നു.കുട്ടിയുടെ നോട്ടം അജിതയുടെ മുഖത്തേക്കായി.അവൾ കുട്ടിയുടെ കവിളിലൊന്ന് നുള്ളി. കുട്ടി അവളോട് ഏറ്റവും ചാരിയിരുന്നു.ഇപ്പോൾ ആ പഴുപ്പിന്റെ മണമെവിടെ.? അജിത കുട്ടിയുടെ കവിളിൽ ചുംബിക്കാനെന്നവണ്ണം മൂക്ക് നീട്ടി.

     പട്ടിബാബുവിന്റെ വീടുപോലെ തന്റെ വീടിന്റെയും ജാലകങ്ങളെല്ലാം ഇനിയെന്നും തുറന്നിടണമെന്ന് അജിത തീരുമാനിച്ചു.അവൾ തന്റെ വീട്ടിനു നേർക്ക് ചരിഞ്ഞൊന്നു നോക്കി, ആ തീരുമാനത്തിൽ വീടിനും ആശ്വാസമുള്ളതായി തോന്നി.ക്ളീറ്റസിന്റെ വീർപ്പുമുട്ടുന്ന മുഖം ആ വീട്ടിൽ നിന്നും പതിയെ മായുന്നു. 
       
    വള്ളിക്കെട്ടിന്റെ ഫോൺ വിളികൾ വീണ്ടും അജിതയോട് ഭീഷണി മുഴക്കുന്നു.മുറ്റത്തിന്റെ ഒത്ത നടുവിലെത്തിയ നായിണചേരലിന്റെ ദൃശ്യങ്ങൾ അവൾ ഫോണിൽ ഭംഗിയായി പകർത്തി വളളിക്കെട്ടിന് അയച്ചശേഷം,ആ വീടിന് പുറകിലെ കാട്ടിലേക്ക് അതിനെ വലിച്ചെറിഞ്ഞു. മുഖത്തുണ്ടായ ഒരിളം ചിരിയോടെ കുട്ടിയെ എടുത്ത് ഉമ്മവച്ചു.ക്ലിനിക്കിന്റെ ഉള്ളിലേക്ക് സാവധാനം നടന്നു..! 


കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636


No comments:

Post a Comment