Thursday 25 November 2021

ബ്രണ്ടൻ മക്കൾസ്..!!

ബ്രണ്ടൻ മക്കൾസ്..!

      ഇന്നത്തെ പത്രത്തിൽ,കായിക-വ്യവസായ വാർത്തകൾക്കുവേണ്ടി ആകെ ഒറ്റപ്പേജായിരുന്നു. 'റയോൻസിന് പുതുജീവൻ' 'ബ്രണ്ടൻ മക്കല്ലം വിരമിച്ചു'.ഈ തലക്കെട്ടുകൾ ഞാൻ ഫോട്ടോയാക്കി, ഞങ്ങളുടെ ആ രഹസ്യഗ്രൂപ്പിലിട്ടു.ഒരേ അപ്പന്റെ ആറു മക്കളുടെ വാട്‌സ്ആപ്പ് കൂട്ടായ്മക്ക് 'രഹസ്യഗ്രൂപ്പെ'ന്നൊക്കെ വിളിക്കാമോ എന്നൊരു സംശയം നിങ്ങളിലുണ്ടാകും.അതിന് ഞാനല്പം ചരിത്രവും വർത്തമാനവും പറയേണ്ടതായി വരും.എന്നാലേ ആ വാർത്തകളിൽ ഞങ്ങളാറിനുമുള്ള കൗതുകമെന്താണെന്ന് നിങ്ങൾക്കും ഒരുവിധമെങ്കിലും മനസ്സിലാവൂ.

      അന്ന്, തൊള്ളായിരത്തി നാല്പത്തിയേഴില് പെരുമ്പാവൂരിലെ റയോൻസ് തുണി‌ കമ്പനിക്ക് വേണ്ടിയിട്ടാണ് ഞങ്ങടെ ഈട്ടികാട് വെട്ടിത്തെളിച്ചതും മണ്ണിന്റെ നനവത്രയും നക്കിയെടുക്കുന്ന യൂക്കാലിപ്‌സ് മരങ്ങൾ പിടിപ്പിച്ചതും.കാടിന്റെ കുളിരെല്ലാം ചത്തു, ഉഷ്ണവും കണ്ണെരിവുമുള്ള കാറ്റായി.പശ്ചിമഘട്ടത്തിന്റെ ഒരറ്റത്തുള്ള ഗ്രാമമെന്നു പറയാനേ നിർവ്വാഹമുള്ളു.ഞങ്ങളിങ്ങനെ ജീവിച്ചുപൊയ്ക്കോട്ടെ.

         ഈട്ടിയും അകിലും ചന്ദനവും സർക്കാരിന്റെ ഒത്താശയോടെ വരത്തന്മാരായ കച്ചോടക്കാര്    പാണ്ടിലോറികളിൽ കടത്തിക്കൊണ്ടുപോയത് ഞങ്ങടെ മൂക്കിന്റെ താഴെക്കുടെയാണ്.അതീന്ന് എച്ചിലുകണക്കെ ഒന്നോ രണ്ടോ കഷ്ണങ്ങൾ ഈ നാട്ടുകാർക്കും കിട്ടിയിട്ടുണ്ട്.ഈട്ടിയിലെ ഒരു കസേര അല്ലെങ്കിൽ ഒരു കട്ടിളപ്പടി,ദേ എന്റെ ഈ മേശ അങ്ങനെ എന്തെങ്കിലും ഈ നാട്ടിലെ ഓരോ വീട്ടിലും കൊന്നോണ്ട്പോയ ഞങ്ങളുടെ കാടിന്റെ സ്മാരകം കണക്കിന് ചെക്കാതെ കിടപ്പുണ്ട്.
അതൊക്കെപ്പോട്ടെ.  
       
      കാടിന്റെ ഉള്ളിലെ റയോൻസ് ബംഗ്ളാവിലേക്ക് എസ്റ്റേറ്റ് മാനേജരായി തൊള്ളായിരത്തി എഴുപത്തിയെട്ടിൽ എത്തിയ ബ്രണ്ടൻ മക്കല്ലം സായിപ്പിലാണ് ഞങ്ങളാറിന്റെയും പിതൃത്വമുള്ളത്. നീലക്കണ്ണുകളും ചെമ്പൻ തലമുടിയും പിന്നെ ഈ മഞ്ഞിച്ച ശരീരവും, തുറിച്ച കണ്ണുള്ളോരോട് 'തന്തയൊന്നേന്ന്' വിളിച്ചു പറയും.ഒറ്റ വാർഡിലെ അഞ്ചു വീടുകളിൽ ഇരട്ടകൾ സഹിതം പെറ്റുവീണ ഞങ്ങൾക്ക്,അന്ന് സായിപ്പിന്റെ പ്രണയംപറ്റിയ അഞ്ച് അമ്മമാരുമാണ്.

       ഈ നാടോ ഞങ്ങളുടെ വീടോ അംഗീകരിച്ചിട്ടില്ലാത്ത ബന്ധം ഞങ്ങൾ മുതിർന്നപ്പോൾ സ്വയം കണ്ടെടുത്തതാണ്.അതിന്റെ ചാലക ഗ്രൂപ്പാണ് 'ബ്രണ്ടൻ മക്കൾസ്'.മൂത്തവൾ സൂസൻ അതിന്റെ അഡ്മിൻ,താഴെയുള്ളത് സാവി, അതിന് പിന്നാലെ ബ്രിട്ടോ,അതിന് കീഴെ ഇരട്ടകളായ ആന്റോയും സാന്റോയും,പിന്നെ ഈ ഞാൻ.ബ്രണ്ടൻ സായിപ്പ് തന്നെയാണ് നാട്ടുകാരുടെ ചിരിയെ മറികടന്ന് ഞങ്ങൾക്ക് ഇംഗ്ലീഷ് പേരുകൾ തീരുമാനിച്ചത്.ബ്രിട്ടനിലേക്ക് പറിച്ചുനടുമ്പോൾ പേരിന്റെ വേര് തടസമാകരുതെന്ന് സായിപ്പ് ഞങ്ങളുടെ അമ്മമാരോട് പറഞ്ഞുവത്രെ.അന്നത്തെ പെണ്ണുങ്ങളല്ലേ ഇങ്ങനെയൊക്കെ പറഞ്ഞാൽ വിശ്വസിച്ചുപോകും.വിശ്വാസമെപ്പോഴും ആശിക്കുന്നതിന്റെയും നമ്മളൊരിക്കലും കാണാത്തതിന്റെയും ഉറപ്പല്ലേ. 

      ഇതിനെയെല്ലാം ചരിത്രമെന്ന് ആരുമങ്ങനെ എളുപ്പത്തിൽ സമ്മതിച്ച് തരില്ലെന്നറിയാം,
അതെന്താണെന്നുവച്ചാല്,ആ വടികൊണ്ട് നല്ല അടി കിട്ടിയവന് അത് നോവുടുപ്പിട്ട ജീവിതവും കേട്ടിരിക്കുന്നവർക്ക് കെട്ടുകഥയും മാത്രമാണ്.ആ അതും പോട്ടെ.നിറം മങ്ങിയ ഭൂതകാലമുള്ളവർ വർത്തമാനത്തെ വല്ലാതെയങ്ങ് പ്രിയപ്പെട്ടുപോകുമല്ലോ. 

       സൂസന്റെ മരണമറിയിക്കാനാണ് അവളുടെ കെട്ടിയോൻ എന്നെ വിളിച്ചത്.'പന്ത്രണ്ടിന് അടക്കും നിങ്ങളെല്ലാം വരണം'.അത്രയും പറയാനേ അയാൾക്കപ്പോൾ സാധിച്ചുള്ളു.ഞാൻ രാവിലെ ഗ്രൂപ്പിലിട്ട ഫോട്ടോകൾക്ക് സാവിയുടെ കൗതുക സ്മൈലികൾ മാത്രമേ ഇപ്പഴും വന്നിട്ടുള്ളൂ. മരണം അവരോട് നേരിട്ടറിയിക്കണമെന്ന് എനിക്കുതോന്നി.കരച്ചിലിന്റെ,കണ്ണീരിന്റെ മഞ്ഞപ്പൻ സ്മൈലികളെ ഓർത്തിരുന്നപ്പോൾ നിലത്തുവീണുപോയ ഫോണിന്റെ സ്‌ക്രീനിൽ അല്പം നീണ്ട ഒരു മുറിവ് വാളാകൃതിയിൽ കടന്നുപോയിരിക്കുന്നു.

         എന്റെ വീട്ടിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ അഞ്ചുപേരെയും നേരിൽ കാണാം.സൂസന്റെ വിവാഹത്തിന് പിന്നാലെയാണ് എന്റെ തൊട്ടടുത്തുണ്ടായിരുന്ന ആ വീടും സ്ഥലവും വിറ്റുപെറുക്കി അവളുടെ തള്ള ഇടുക്കിയിലുള്ള ബന്ധുവിനൊപ്പം പോയത്.സൂസന്റെ ഭർത്താവിന് പള്ളിയോട് ചേർന്ന ഒരു കടയിൽ ജപമാലയും നേർച്ച വസ്തുക്കളുടെയും വില്പനയാണ്,അതിനോട് ചേർന്നാണ് വീടും.സൂസൻ മിക്കവാറും കടയിലുണ്ടാകും.ദൈവങ്ങളോട് എനിക്കൊന്നും പറയാനില്ലെങ്കിലും മിക്കവാറും ഒരു കൂട് മെഴുകുതിരി ഞാനാവിടുന്ന് വാങ്ങും.അവളെന്നെയപ്പോൾ തൊടും,ഞങ്ങൾ ചിരിക്കും,സെൽഫിയെടുത്ത് ഗ്രൂപ്പിലിടും.ചുംബന സ്മൈലികൾ വരിവരിയായി വരും.അതുകണ്ട ആ പാവം മെഴുകുതിരികൾ കത്തിക്കത്തിച്ചിരിക്കും.

         തിടുക്കത്തിലുള്ള എന്റെ ഇറങ്ങിന്നടപ്പിൽ ഭാര്യ സംശയിച്ചു നിന്നു."ഞങ്ങളുടെ സൂസനിന്നലെ മരിച്ചുപോയെന്ന്"കരച്ചിലടക്കി തിരിഞ്ഞുനടക്കുമ്പോൾ അവളുടെ മുഖത്തൊരു പരിഹാസ സ്‌മൈലി ഉണ്ടായിരുന്നോ.? എന്റെ തോന്നലോ.?കുട്ടികളുണ്ടാകാത്തതിന് എനിക്കാണ് പ്രശ്നമെന്ന റിപ്പോർട്ട്‌ വന്നതുമുതൽ അവളുടെ മുഖത്ത് അത്തരം സ്മൈലികൾ ഞാനിപ്പോൾ ഭയക്കുന്നുണ്ട്. തൊള്ളായിരത്തി എമ്പത്തിനാലിൽ ബ്രണ്ടൻ സായിപ്പ് തന്റെ നാട്ടിലേക്ക് കപ്പലുകയറിയപ്പോൾ ആ വർഷത്തെ നവംബറുവരെ കുറിച്ചിട്ട ഡയറിയുൾപ്പെടെ നലഞ്ചെണ്ണം, എന്റെ അമ്മ ഒളിപ്പിച്ചു വച്ചു. അതാകാം എനിക്കും ഇത്തിരി കുത്തിക്കുറിക്കുന്ന സ്വഭാവമുണ്ടായത്.ഭാര്യ ചിലപ്പോൾ ഞങ്ങളുടെ രഹസ്യങ്ങൾ വായിക്കുന്നുണ്ടാകണം.
        "നിങ്ങളെല്ലാം വിത്തില്ലാത്ത ഇനം വിളകളാണല്ലോ,ഇനി അപ്പന്റെ നാട്ടിലേക്ക് ഒരു ടിക്കറ്റ്, കുറച്ചെടുത്താൽ മതിയല്ലോ..." അല്ലെങ്കിൽ അവൾ ഇങ്ങനെയൊന്നും പറയില്ലല്ലോ.
       ഒരു കാര്യംകൂടെ നിങ്ങളറിഞ്ഞിരിക്കണം.മഞ്ഞിച്ച നിറവും നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമുള്ള ഞങ്ങളിൽ ഒരാൾക്കും ഇതുവരെ മക്കളുണ്ടായിട്ടില്ല.'വിത്തില്ലാത്ത ഇനം വിളകൾ' എന്ന പ്രയോഗം നിങ്ങൾകിപ്പോൾ വ്യക്തമായിട്ടുണ്ടാകുമെന്ന് തോന്നുന്നു.അതു മാത്രമല്ല ഞങ്ങളുടെ 'ബ്രിട്ടൻ റൂട്ടന്വേഷണ' പദ്ധതിയെപ്പറ്റി ഞാനെടുത്ത പി എഫ് ലോണിന്റെ കണക്കില്ലാത്ത വഴക്കിൽ അവൾക്കറിവുള്ളതാണ്.

       കവലയോട് ചേർന്നാണ് ഞങ്ങളിൽ ഇരട്ടകളുടെ 'ആൻ ആന്റ് സാൻ ' വർക്ക്ഷോപ്പ്. എന്നെക്കണ്ടതും 'അവരുടെ ഭാര്യ' വേഗത്തിൽ അകത്തേക്ക് നടന്നു.'ഇരട്ടകൾക്ക് ഒറ്റഭാര്യ'.നാട്ടിലെ സദാചാര കൗതുകങ്ങളിൽ ഉയർന്ന സ്ഥാനം ഇപ്പഴും ഇതിനാണ്.ഇരട്ട വെളുപ്പിനിടയിൽ കറുത്ത ആ പെണ്ണിന്റെ കടഞ്ഞെടുത്ത ഉടലിനെ കൂട്ടിവച്ച്,ഇവരുടെ ദാമ്പത്യത്തിന്റെ രഹസ്യ രസങ്ങളെക്കുറിച്ച് ഓർക്കുന്നവർക്ക്,പുരികമുയർന്ന് കണ്ണുകൾ പുറത്തേക്കുന്തിയ സ്മൈലിയുടെ ഭാവമായിരിക്കും.  ആ ഇരട്ടകളിൽ തൃപ്തിയുള്ള ചിരിച്ച മുഖം മാത്രമേ ഞാനെപ്പോഴും കണ്ടിട്ടുള്ളൂ. 
   
       ഞാൻ സ്‌കൂളിൽ പോകുന്ന കാലം മുതൽക്കേ ആ സ്ഥാപനത്തിന്റെ ഉടമകളായ നിലക്കണ്ണന്മാർ എന്നെ നോക്കി ചിരിക്കും.എനിക്ക് കൗതുകം തോന്നുന്നതെന്തും അവിടുന്നെടുക്കാൻ സമ്മതിക്കും. പക്ഷേ,മൂലയിൽ ചാരിവച്ചിട്ടുള്ള ബ്രണ്ടൻ സായിപ്പിന്റെ കരിനീല യെസ്ടിയിലായിരുന്നു എന്നുമെന്റെ കണ്ണുകൾ.ആ പഴയ കുതിരപ്പുറത്ത് ഗ്രീസിന്റെ മണമുള്ള അവർക്കിടയിലിരുന്ന് എന്റെ ചെമ്പൻ തലമുടി കാറ്റിന്റെ താളം പാടിയിട്ടുണ്ട്.എന്റെ സൈക്കിളിന്റെ ബ്രെക്കും ബെല്ലും എന്നും പരിശോധിച്ച് സ്‌കൂളിലേക്ക് യാത്രയാകുന്ന നിലക്കണ്ണുകളെപ്പറ്റി ഞാനോർക്കുമ്പോൾ പിന്നിൽ നിന്നും ഷട്ടറുകൾ അലറിക്കരഞ്ഞ് വീഴുന്നത് കേട്ടു.പിന്നെ കരിനീല യെസ്ടിയിൽ പാഞ്ഞു പോകുന്ന ഇരട്ടകൾ. വർക്ക് ഷോപ്പിന്റെ വാതിലും കടന്ന് കവലയോളം വന്നു നിൽക്കുന്ന ഒറ്റയായ ഭാര്യ.ഞാൻ പതിയെ ബ്രിട്ടോയിലേക്ക് നടന്നു

       വണ്ടിക്ക് ചുറ്റും കൂടിനിൽക്കുന്ന പെണ്ണുങ്ങളും, അവർക്ക് ഒത്തനടുവിലായി മീനിൽ ചിരിയിട്ട് വിൽക്കുന്ന ബ്രിട്ടോയും.ഒരുത്തി ബ്രിട്ടോയുടെ കവിളിൽ തൊട്ട് എന്തോ കുഴഞ്ഞു പറയുന്നു.മറ്റുള്ള മീൻകണ്ണികളിൽ ആകെയൊരു ചിരിയിളക്കം.ഞാൻ കാത്തുനിന്നു.സാഹചര്യത്തിന് ഒട്ടും ചേരാത്ത ഒരു ചിരിയും എന്റെ ചുണ്ടിന് പിന്നിൽ വന്നുനിന്നു.ചിരിയിൽ ചാലിച്ച പേശലുകൾ, പരിഹാരങ്ങൾ അവരുടെ പാത്രത്തിലെ  മീനുകൾക്കൊപ്പം ബ്രിട്ടോയുമിപ്പോൾ നീന്തിപ്പോകുമെന്ന് തോന്നിക്കുന്നു.

     എന്റെ അമ്മ ബ്രണ്ടൻ സായിപ്പിൽ നിന്നൊളിച്ചുവച്ച ഡയറിയിൽ അപ്പന്റെ ഒരു ബ്ളാക്ക് ആന്റ് വൈറ്റ് ഫോട്ടോയുണ്ട്.അത് പകർത്തിവച്ചതുപോലെയാണ് ബ്രിട്ടോയുടെ രൂപം.മീനുമായി വീട്ടിന്റെ മുന്നിൽ വരുമ്പോൾ അമ്മയോട്  ബ്രിട്ടോ വല്ലാത്തൊരു ബഹുമാനം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.അമ്മയുടെ പാത്രത്തിൽ വീഴുന്ന സ്‌പെഷ്യൽ മീനുകളെ അയൽക്കാരിക്കൾ അസൂയയോടെ നോക്കും.അമ്മയുടെ പിന്നിൽ നിൽക്കുന്ന എന്നെ നീലക്കണ്ണുരുട്ടി പേടിപ്പിക്കും. പക്ഷേ ബ്രിട്ടോ ചിരിക്കുമ്പോഴുള്ള ഇടതുകവിളിലെ നുണക്കുഴിയില്ലേ, അതെനിക്കുമുണ്ട്.

        നാട്ടിലെ ആണുങ്ങൾക്ക് ബ്രിട്ടോയെ പേടിയാണ്.പെണുങ്ങൾക്ക് പ്രണയവും.ബ്രിട്ടോയിൽ നിന്നും ബ്രണ്ടൻ സായിപ്പ് ബാക്കിവച്ച പ്രണയം നാട്ടിൽ മീനിനൊപ്പം മണത്തു തുടങ്ങിയപ്പോൾ, അവന്റെ കെട്ടിയോൾ എങ്ങോട്ടോ ഇറങ്ങിപ്പോയി.
     പെണ്ണുങ്ങൾ ഒഴിഞ്ഞപ്പോൾ ഞാൻ മീൻവണ്ടിയോട് ചേർന്നുചെന്നു.കാര്യങ്ങളെല്ലാം കേട്ട്  നിറഞ്ഞ മീൻപെട്ടികളിലേക്ക് ബ്രിട്ടോ ഒരുതവണ നോക്കി.
      'നീ നടന്നാണോ പോണത്.?'ചെറിയ ചോദ്യത്തിന് പതർച്ച. 
      'സാവി ഇതറിഞ്ഞിട്ടില്ല' ഉത്തരവും അത്രയും ചുരുങ്ങി.വൈകി വന്ന ഒരുത്തി കൂകി വിളിച്ചു എന്നിട്ടും,മീൻതോറ്റമ്പാട്ടില്ലാതെ പാഞ്ഞുപോകുന്ന ആ വണ്ടിക്ക് പിന്നിൽ കാക്കകളെല്ലാം കരഞ്ഞ് പറക്കുന്നു.എനിക്ക് സാവിയായി നടപ്പിന്റെ ലക്ഷ്യം.

     സാവീസ് സിംഫണിയിൽ നിന്ന് ഗിത്താറിന്റെ ഭ്രാന്തൻ താളങ്ങൾ ഇറങ്ങിവരുന്നു.കക്കാരിശി
നാടകത്തിലെ താരമായിരുന്നു സാവിയുടെ അമ്മ.ബ്രണ്ടൻ സായിപ്പിന്റെ യാത്രകളിൽ പിന്നിലെപ്പോഴും ഗിത്താറുണ്ടാകും.കുറച്ചു കാലം ആ നാടകക്കാരിയുണ്ടായിരുന്നു.ആ യാത്രകളെ ഇന്നും നാടിനെ ഓർമ്മിപ്പിക്കുന്നത് സാവിയാണ്.ചില്ലുകൂട്ടിലെ പഴയ ഗിത്താറും, അമ്മയുടെ നാടക വേഷത്തിലുള്ള ചിത്രവുമാണ് സിംഫണിയിൽ കയറിച്ചെല്ലുന്നവർ ആദ്യം കാണുക.സാവിയുടെ ചെമ്പൻ മുടികളിൽ നരവീണു തുടങ്ങിയിരിക്കുന്നു.സാവിയുട ഭാര്യ,വയലിൻ തുടച്ചുവൃത്തിയാക്കുന്ന തിരക്കിലാണ്.എന്നെക്കണ്ട് അവരുടെ കവിളിൽ ചിരിക്കുഴി തെളിഞ്ഞു.സാവി, എനിക്കായി കസേരയിലേക്ക് ഗിത്താർ ബ്ലേഡ് പിടിച്ച കൈചൂണ്ടി..
       "എന്താടാ..?"
       "സൂസൻ പോയി."
       "ഉം" വയലിൻ താഴെ വച്ച് സാവിയുടെ ഭാര്യ അകത്തേക്ക് പോയി.ഞാൻ പുറത്തേക്ക് നടക്കുമ്പോൾ ഗിത്താറിന്റെ പതിഞ്ഞ താളവും ഒരു ശോകഗാനവും പിന്നാലെ വന്നു.

       സൂസന്റെ വീടിന് മുന്നിൽ ചിതറിനിൽക്കുന്ന നാലഞ്ചാളുകൾ.വെളുത്ത ഫ്രോക്കിട്ട് അവളുടെ ശാന്തമായ കിടപ്പ്.പൂക്കളുടെ ഇടയിലും അവൾക്ക് തന്നെയാണ് ഭംഗിയെന്ന് തോന്നി.നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ ഞാനൊന്ന് പതറി,വീഴാതിരിക്കാൻ സൂസന്റെ ഭർത്താവ് പിടിച്ചു.പുറത്തിട്ടിരുന്ന ഒരു കസേരയിലേക്ക് എന്നെ ഇരുത്തി.എന്തൊക്കെയോ ആശ്വാസ വാക്കുകൾ, ഞാനത് ഒട്ടും കേട്ടില്ല.
 ഉള്ളിലപ്പോൾ 'ജോയലേന്ന്..'സൂസന്റെ നീണ്ട വിളികൾ, ഞാനെണീറ്റ് ബാല്യത്തിലേക്ക് ഓടിപ്പോയി.

      സൂസനും ഞാനും തമ്മിൽ പതിമൂന്നു ക്രിസ്തുമസിന്റെ ദൂരമുണ്ട്.അമ്മയുടെ കൈയിൽ നിന്ന് എന്നെ വാങ്ങുമ്പോൾ അവളുടെ കുഞ്ഞുമുലയിലും ഞാനെന്റെ ചുണ്ട് മുട്ടിച്ചിട്ടുണ്ട്.അവളും ഞാനും കൂട്ടുകൂടുന്നത് സൂസന്റെ തള്ളയ്ക്കത്ര ഇഷ്ടല്ല.അവരിൽ നിന്നും എന്റെ അമ്മയിലെത്തിയ  ബ്രണ്ടൻ സായിപ്പ് തന്നെയാണ് കാരണം.തൊള്ളായിരത്തി എമ്പത്തിനാലിലെ ഭോപ്പാൽ ദുരന്തമോ, ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതോ,ഒന്നുമല്ല ഈ നാടിനെ നടുക്കിയത് റയോൻസ് എസ്റ്റേറ്റുംപൂട്ടി മാനേജർ ബ്രിട്ടനിലേക്ക് പോയതും,വനംവകുപ്പിന്റെ കടുത്ത കാവലിലേക്ക് ഞങ്ങളുടെ സ്വന്തം കാട് മാറിയതുമാണ്.

       ഈ നാട്ടിലെ മനുഷ്യർക്ക് എസ്റ്റേറ്റിലെ ജോലിപോയതു മാത്രമല്ല ഉണങ്ങിയ വിറകെടുക്കാൻ പോലും ആ കാവലുകാരന്റെ സമ്മതം വേണമെന്നായി.കാട്ടിലേക്ക് കയറുന്നവരെ കാവലുകാരൻ മേലാകെ തപ്പിനോക്കും.ഒരു കുഞ്ഞു പിച്ചാത്തിപോലും അനുവദിക്കില്ല.ചിലരൊക്കെ കാവലുകാണാതെ ആറുനീന്തി കാട് കയറും വിറകുമായി തിരികെയും നീന്തും.

       ഞങ്ങടെ പറമ്പിനും കാടിനും ഒരതിരാണ്.കൊന്നപ്പത്തലും തുടലിമുള്ളും കുറുന്തോട്ടിയും ചേർന്നാണ് ഇടയിലെ വേലി. വീടിന്റെ മുറ്റമാണ് കാട്ടിലേക്കുള്ള വഴിയുടെ തുടക്കം.അവിടെ പിരമിഡ് ആകൃതിയിൽ കല്ലുകൾ അടുക്കി ജണ്ടകെട്ടിവച്ചിട്ടുണ്ട്.റയോൻസ് എസ്റ്റേറ്റ് എന്നൊരു പച്ചബോഡും. അതിന്റെ കീഴെ ഒരു ഓലപ്പന്തലിട്ട് എസ്റ്റേറ്റിൽ പണിക്കാർക്ക് മോരും ഉപ്പുമാങ്ങയും വിറ്റോണ്ടിരുന്ന എന്റെ അമ്മ,റോഡ് പണിക്ക് പോകാൻ തുടങ്ങി.ആറ്റിലിരുന്ന് കാരസോപ്പ് തേയ്ച്ച് കരിയിളക്കുന്ന അമ്മയോട് സൂസന്റെ അമ്മയും സഹതപിക്കും.

     എന്നും രാവിലെ, എന്നെ സൂസനെ ഏല്പിച്ചാണ് അമ്മമാരുടെ ആ പോക്ക്.സൂസന്റെ വീട്ടിൽ നിന്നും പത്ത് ചുവട് നടന്നാൽ കാടായി.ഞങ്ങള് കുട്ടികൾക്ക് കാവൽ നിയമങ്ങളൊന്നും ബാധകമല്ലല്ലോ. വെട്ടിപ്പഴവും ഞാവലും പറങ്കിമാങ്ങയും തിന്ന്  കാടരിച്ച് നടക്കും.സൂസനെ മാത്രം അയാൾ തപ്പി നോക്കാൻ തുടങ്ങും .അവളുടെ നാണിച്ച  ഇളക്കം കാണുമ്പോൾ ചിരിയോടെ അത് പിൻവലിക്കും. 

    കാവൽപ്പുരയിൽ ആ വിന്റേജ് മോഡൽ റേഡിയോ സിനിമാഗാനങ്ങൾ പാടിക്കൊണ്ടിരിക്കും, കാവലുകാരനും ഒപ്പം ചുണ്ടനക്കും.എന്നിട്ട് അതേ സിനിമയുടെ കഥ പറഞ്ഞുതരും.വലിയ മുഖമുള്ള ടോർച്ച് കാക്കി പാന്റ്, മുല്ലപ്പൂ സെന്റ്, അമൃതാഞ്ചൻ ബാം,നാനാ സിനിമാവാരിക.കാവലുകാരൻ ഞങ്ങൾക്ക് കൗതുകം മാത്രമായിരുന്നില്ല സുന്ദരനുമായിയിരുന്നു. എനിക്കൊരിക്കൽ  റേഡിയോയിൽ തൊട്ടുനോക്കാൻ ആഗ്രഹമുണ്ടായി.സൂസൻ വഴി  അതിന്റെ മുഖത്തെ ചക്രം ഒന്ന് തിരിക്കാൻ വരെ അയാൾ സമ്മതിച്ചു.ഏതോ സിനിമപ്പാട്ട് വന്നതും അയാൾ അതേ സിനിമയുടെ കഥ പറയാൻ തുടങ്ങി.

      ഇതിനിടയിലെപ്പഴാണ് സൂസനും കാവലും തമ്മിൽ പ്രേമിച്ചതെന്ന് എനിക്കറിയില്ല.കാട്ടിൽ ഞങ്ങളുടെ ഒരു ടൂറു പോക്കുണ്ട്.അന്നൊക്കെ നേരംവെളുക്കുംമുൻപ് ആണുംപെണ്ണും ടൂറുപോകും. ആറ്റിലിറങ്ങി ചന്തികൾ മുക്കിവച്ച് കഴുകും.ഞങ്ങൾ കുട്ടികൾക്കങ്ങനെ നേരമില്ല, മുട്ടുമ്പോൾ കുറ്റിച്ചെടികളുടെ മറവിലേക്ക് ഒറ്റയോട്ടമാണ്.എനിക്ക് ടൂറിന് സൂസൻ കൂട്ടുവരണം.കട്ടുറുമ്പും പാമ്പുമില്ലാത്ത ഒരു മൂട്ടിൽ എന്നെ ഇരുത്തിയിട്ട് അവളൊരു വിളിദൂരം മാറി നിൽക്കും.ഒന്നുരണ്ട് സ്പോട്ടുകൾ മാറിയിരുന്നാലേ എനിക്ക് മുട്ട് തീരു.ഇത്തിരി കാറ്റുംകൊണ്ട് അങ്ങനെ ഇരിക്കുമ്പോൾ അവള് ക്ഷമയോടെ കാത്ത് നിൽക്കും.സൂസാ സൂസന്ന് ടൂറിസ്റ്റ് താളത്തിൽ വിളിച്ചുവിളിച്ചങ്ങനെ ഞാനിരിക്കും.

    ഒരിക്കൽ മൂന്നാമത്തെ സ്പോട്ടിലേക്ക് മാറിയിരുന്ന ഞാനത് കണ്ടു, ഞാവലിന്റെ ചാഞ്ഞ കൊമ്പിൽ തൂങ്ങിക്കിടന്ന സൂസന്റെ പാവാടയും കാവലിന്റെ കാക്കി പാന്റും ഒരു പ്രത്യക താളത്തിൽ അനങ്ങുന്നു.ഞാൻ കരഞ്ഞു.സൂസൻ എന്റെ വായ പൊത്തിപ്പിടിച്ചു അവളുടെ ഉടുപ്പിൽ നിറയെ ഞാവലിന്റെ നിറം,മുടിയിൽ ഒരു കരിയില,കഴുത്തിൽ വിയർപ്പ്.ആറ്റിലിരുന്ന് ചന്തി കഴുകുമ്പോൾ സൂസന്റെ മഹാ ഓഫർ.."ചെക്കാ, കാവല് എന്നെ കെട്ടുമ്പോൾ ആ റേഡിയോ സത്യമായും നിനക്ക്" ഇത്രയും വലിയ സമ്മാനത്തിനടിയിൽ അവരുടെ പ്രണയം എനിക്ക്  മറച്ചുവയ്ക്കേണ്ടി വന്നു.

       ചില രാത്രികളിൽ എനിക്ക് കൂട്ടുകിടക്കാൻ സൂസൻ വരും.അന്ന് അമ്മമാര് ഓരോന്നൊക്കെ പറഞ്ഞുപറഞ്ഞ് വീടിന്റെ ഇറയത്ത് കിടക്കും.ഞാൻ ഉറങ്ങിയോന്ന് നോക്കി പിൻവാതിലിന്റെ വായപൊത്തിപ്പിടിച്ച് അവള് കാവൽപ്പുരയിലേക്ക് പോകും.ഏതോ സിനിമാപ്പാട്ടിന്റെ പശ്ചാത്തലത്തിൽ കാട് പൂത്തങ്ങനെ നിൽക്കുന്നതും,വിവാഹ വേഷത്തിൽ കാവലും സൂസനും ചിരിച്ചു നിൽക്കുന്നതും,റേഡിയോയും പിടിച്ച് അവർക്ക് മുന്നിൽ ഞാൻ നടക്കുന്നതും സ്വപ്നം കാണും.പുലരാൻ തുടങ്ങുമ്പോൾ മുല്ലപ്പൂസെന്റിന്റെ മണമുള്ള അവളുടെ കെട്ടിപ്പിടുത്തം എനിക്കറിയാം.

       എന്തിനാണ് കാവൽ അങ്ങനെ ചെയ്തത്.? ഞാവൽ മരത്തിന്റെ താഴത്തെ തടിച്ച കൊമ്പിൽ കരിനീലിച്ചങ്ങനെ കെട്ടിത്തൂങ്ങി നിന്ന കാവലിന് വേണ്ടി, ഒരു സ്ത്രീ വലിയവായിൽ കരയുന്നത് ഒരു തടിയൻ യൂക്കാലിയുടെ മറവിൽ നിന്ന ഞാനും സൂസനും കണ്ടു.അവര് കാവലിന്റെ ഭാര്യയാണോ, ആ കുട്ടികൾ കാവലിന്റെ മക്കളായിരിക്കുമോ?.എന്റെ ചോദ്യങ്ങൾക്ക് മറുപടിപോലും തരാതെ പുറുത്തിച്ചക്കയും പപ്പായയും  കാരമുള്ള് സഹിതം കടിച്ചുമുറിച്ചു  തിന്നുന്ന സൂസനെക്കണ്ട് എനിക്ക് പേടിതോന്നി.അയക്കയർ അഴിച്ച് അവളുടെ വള്ളിച്ചാട്ടങ്ങൾ ഞാൻ നൂറുവരെ എണ്ണി, പറങ്കിമാവിൽ തലകീഴായി തൂങ്ങിക്കിടന്ന സൂസൻ പറഞ്ഞു."ആ ചതിയന്റെ ഒരു വിത്ത് എന്റെ വയറ്റിലുണ്ട്  അതിനെ ഞാനിന്നു കൊല്ലും, ഇല്ലെങ്കിൽ ഞാനങ്ങ്...." സൂസൻ പാതിയിൽ നിർത്തി.ഒരു പച്ച പപ്പായക്കഷ്ണമെടുത്ത എന്നെ അവളന്ന് ആദ്യമായിട്ട് തല്ലി.

        അന്ന് രാത്രിയിയിലും സൂസൻ കാടിന്റെ നിലാവിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ, അവളറിയാതെ ഞാനും പിന്നാലെ നടന്നു.ആറിന്റെ കരയിലെ പാറപ്പുറത്തിരുന്ന്,കാറ്റിലിളകുന്ന ഞാവലിനെ നോക്കുന്ന സൂസൻ.ആറ്റിലെ ഓളങ്ങളുടെ താളത്തിൽ വിതുമ്പലുകൾ.ഞാനവളുടെ ഓരത്തിരുന്നു.പിന്നെ മടിയിലേക്ക് കിടന്നു.അവളെന്റെ നെറ്റിയിൽ ഉമ്മവച്ചു.ഒരു മലമുഴക്കി ഞങ്ങൾക്ക് വേണ്ടി ഉറക്കെയുറക്കെ കരഞ്ഞു.ഞാൻ സൂസന്റെ കണ്ണിലേക്ക് നോക്കി. 
      "സൂസാ നീ ഇതിനെ കൊല്ലണ്ട വിറകുവെട്ടി വിറ്റെങ്കിലും ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പറങ്കിയണ്ടി പറിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "ഈ ആറ്റിലെ തിലോപ്പിയ പിടിച്ചുവിറ്റ് ജീവിക്കാം"
      "അതു കഴിഞ്ഞാ"
      "പട്ടണത്തില് ചെന്ന് മോര് വിറ്റ് ജീവിക്കാം.."
      "അതും കഴിഞ്ഞാ...." എനിക്ക് ഉത്തരം മുട്ടി, എന്റെ നെറ്റിയിൽ അവൾ വീണ്ടും ഉമ്മ വച്ചു.എന്റെ തല അവളുടെ വയറ്റിൽ അമരാതിരിക്കാൻ ഞാൻ ശ്രമിച്ചു.നിലാവിലൂടെ ഞങ്ങൾ ആ രാത്രി കാടരിച്ച് നടന്നു.തിരികെ വീട്ടിലേക്ക് എന്നെയുമെടുത്ത് അവൾ നടന്നു.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ'നൂറ്റാണ്ട് മുൻപ് ഉറക്കം നഷ്ടപ്പെട്ട ചീവിടുകളും എന്നോട് ഒരു നൂറായിരം തവണയും ചോദിച്ചു.

       കാലിലൂടെ ചോരയും ഒലിപ്പിച്ചു നിന്ന സൂസനെ ഇരുട്ട് മുറിയിൽ നിർത്തി അമ്മമാര് ചോദ്യംച്ചെയ്തു.
      "ആരെടി, ആരാണ് പെണ്ണേ, നീയൊന്ന് വാ തുറ..." സൂസൻ ആറ്റിന്റെ കരയിലെ പാറപോലെ നിന്നു.അവളുടെ തള്ള കവിളിൽ പലതവണ തല്ലി,എന്നിട്ട് ഒരു മൂലയിൽ ചെന്നിരുന്ന് നെഞ്ചിലടിച്ച് കരഞ്ഞു. 
      "മക്കളേ നീയെങ്കിലും ഒന്നു പറ.." അവരുടെ ശബ്ദം കരച്ചിലിൽപ്പെട്ടു.എന്റെ അമ്മ എന്നെയും അടുപ്പിലേക്കും മാറിമാറി നോക്കി.ആ തീയിലിരുന്ന് പഴുത്തുചുവന്ന ചട്ടുകം കണ്ടപ്പോൾ,ഞാൻ ഉള്ളതെല്ലാം റേഡിയോ നാടകം കണക്കങ്ങ് പറഞ്ഞു.സൂസൻ എന്നെയപ്പോൾ കാഞ്ഞ ഒരു നോട്ടം. 

       ആ രാത്രിയിൽ 'ദൈവ സഹായം' ഓട്ടോയിൽ അമ്മമാരുടെ നടുവിലിരുന്ന് സൂസൻ ആശുപത്രിയിലേക്ക് പോകുമ്പോൾ ഞാൻ ഈ വീട്ടിലൊറ്റയ്ക്ക് പേടിച്ചു വിറച്ചു കിടപ്പായിരുന്നു. റേഡിയോയിൽ സ്റ്റേഷൻ മാറുന്ന തരത്തിൽ ഇടയ്ക്കിടയ്ക്ക് പൊട്ടുന്ന എന്റെ കരച്ചിലിനോട് എനിക്കുതന്നെ വല്ലാത്ത വെറുപ്പു തോന്നി.രണ്ട് ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകിടക്കാൻ വന്ന സൂസനോട് ഞാൻ രഹസ്യമായി ചോദിച്ചു.
      "അവരതിനെ കൊന്നാ സൂസാ..?"
      "ഇല്ലെട, കാവലിന്റെ വെറും പൊട്ട വിത്തായിരുന്ന്." ഞാൻ ചിരിച്ചു,സൂസനെന്നെ കെട്ടിപ്പിടിച്ചു.
      "അതു കഴിഞ്ഞാ അതു കഴിഞ്ഞാ..." സൂസൻ എന്നെ കളിയാക്കി.എന്നിട്ട് വയറ്റിലിക്കിളിയാക്കി.
      "ഇനിയും അവരെ കാക്കണോ." 
      "വേണ്ട" സൂസന്റെ ഭർത്താവിനോട് പകുതി ബോധത്തിൽ മറുപടി പറയുമ്പോൾ എന്റെ വയറ്റിൽ സൂസൻ ഇളക്കിവിട്ട ഇക്കിളിയും മുഖത്തെ ചിരിയും മാഞ്ഞിരുന്നില്ല.'അതു കഴിഞ്ഞാ, അതു കഴിഞ്ഞാ' സൂസനപ്പോഴും എന്റെ ചെവിയിൽ പറഞ്ഞുകൊണ്ടേയിരുന്നു.

        പള്ളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന മീൻവണ്ടിയിൽ ചാരിനിന്ന ബ്രിട്ടോ, ആമ്പുലൻസിനടുത്തേക്ക് ഓടിയോടി വരുന്നത് ഞാനും കണ്ടു.സൂസന്റെ ഭർത്താവ് 'ഒന്നു നിർത്തിക്കൊട്' എന്ന താളത്തിൽ ഡ്രൈവറെ തൊട്ടു.ആമ്പുലൻസ് മനസ്സില്ലാമനസ്സോടെ നിന്നു.ബ്രിട്ടോ സൂസന്റെ മുഖത്തേക്ക്  അല്പനേരം നോക്കിനിന്നു.കണ്ണുകൾ നിറഞ്ഞു.മുഖത്ത് തൊടാനെന്ന വിധം വണ്ടിയുടെ കണ്ണാടി വാതിലിൽ കൈവച്ചു.ചുണ്ടുകൾ നിറയെ മീനുമായി പറക്കുന്ന കാക്കകളെ കണ്ടിട്ടും വണ്ടിയിലേക്ക് നോവുതാളത്തിൽ നടക്കുന്ന ബ്രിട്ടോയെ ഞാനും സൂസന്റെ ഭർത്താവും നോക്കിയിരുന്നു. മീൻവണ്ടിക്ക് പിന്നാലെ പറക്കുന്ന കാക്കകൾ ബ്രിട്ടോയ്ക്ക് വേണ്ടിയും കരയാൻ തുടങ്ങി. 

       " എന്റെ മാതാവേ, ഇങ്ങനെ ഇവൻ മിൻ കച്ചോടം ചെയ്താൽ ഇവനെയും തിരക്കി ഏതൊക്കെ നാട്ടീന്ന് പിള്ളാര് വരുമേന്തോ" ഗ്രൂപ്പിൽ വായ പൊത്തിച്ചിരിയുടെ സ്മൈലികൾ നിറയും.ബ്രിട്ടോ കൈകൂപ്പിയ സ്മൈലികൾ കൊണ്ട് പ്രതിരോധം തീർക്കും. 

       സൂസനെ കുഴിയിലേക്ക് ഇറക്കുന്ന കയറിന്റെ ഒരറ്റത്ത് നിൽക്കുമ്പോഴാണ് കുഴിവെട്ടുകാരുമായി എന്തോ പറഞ്ഞ് തർക്കിക്കുന്ന ആന്റോയെ ഞാൻ ശ്രദ്ധിച്ചത്.ഒരുകുട്ടയിൽ നിറയെ അരളിപ്പൂവുമായി പാതിരിയുടെ പിന്നിലൂടെ നടന്ന് സകലർക്കും വിതരണം ചെയ്യുന്ന സാന്റോ ഇടക്ക് എന്നെയും ഒന്ന് നോക്കി.

        മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച് അടക്കിന് കൂടിയവരെല്ലാം ശ്മശാനത്തിന് പുറത്തേക്ക് നിശ്ശബ്ദം നടക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്,തെമ്മാടി കുഴിയോട് ചേർന്ന മതിലിനുമുകളിൽ സിഗരറ്റും വലിച്ചിരിക്കുന്ന സാവി.മതിലിന് താഴെ ചാരിവച്ചിരുന്ന ഗിത്താറിന്റെ സമീപത്ത് പനിനീർ പൂവിൽ തീർത്ത ഒരു റീത്തുണ്ട്,ചുവന്ന വലിയ അക്ഷരത്തിൽ 'ബ്രണ്ടൻ മക്കൾസ്' എന്ന എഴുത്ത്. 'സാവി നീയൊന്ന് പാട്...'സൂസനതു പറഞ്ഞാൽ സാവിയുടെ വോയിസ് റെക്കോർഡ് അടുത്ത് മിനിറ്റുകളിൽ എത്തും.ചുംബനങ്ങളുടെ,കെട്ടിപ്പിടിക്കലിന്റെ, കൈയടിയുടെ സ്മൈലികൾ ഗ്രൂപ്പിൽ നിറയും.അന്ത്യഗാനത്തിന് സൂസന്റെ അനുമതിക്ക് ആളൊഴിയാൻ കാത്തിരിക്കുന്നതാകും.

       വീട്ടിലേക്ക് നടക്കുമ്പോൾ ഫോണിലേക്ക് പുതിയ നോട്ടിഫിക്കേഷനുകൾ വന്നുവീഴുന്ന ശബ്ദം.
'ബ്രണ്ടൻ മക്കൾസി'ൽ നിന്നും സൂസനെ സാവി ഒഴിവാക്കിയിരിക്കുന്നു.ഗ്രൂപ്പിന്റെ മുഖച്ചിത്രമായി വഴിനീളെ ഒട്ടിച്ചിരുന്ന 'പ്രിയ സൂസന് ആദരാഞ്ജലികളെ'ന്നെഴുതിയ ബ്ളാക്ക് ആന്റ് വൈറ്റ് പൂക്കളുടെ നടുവിലെ കളർചിത്രം.       
         സാവി 'ബ്രണ്ടൻ മക്കൾസ്'പേരിൽ കല്ലറയിൽ വച്ച റീത്തിന്റെ ഫോട്ടോയിട്ടു,ഒപ്പം കറുത്ത കൂപ്പുകൈയുടെ സ്മൈലികൾ.ബ്രിട്ടൻ യാത്രയെക്കുറിച്ച് ആന്റോയുടെ ചോദ്യം,ടിക്കറ്റ് വകയിൽ ബാങ്കിൽ ബ്രിട്ടോ നിക്ഷേപിച്ച തുകയുള്ള രസീതിയുടെ ഫോട്ടോയിട്ടു.പിന്നാലെ സാന്റോയുടെ ഷെയ്ക്ക് ഹാന്റ് സ്മൈലികൾ.ഒരു കറുപ്പൻ തമ്പുമിട്ട് എത്രയും വേഗം ഡയറിയിൽ ഇന്നത്തെ ദിവസത്തെ ഇങ്ങനെ കുറിച്ചിടാനുള്ള ആവേശത്തോടെ ഞാനോടുകയായിരുന്നു.

       'അതു കഴിഞ്ഞാൽ, അതു കഴിഞ്ഞാൽ' സൂസന്റെ പറച്ചിലും ചിരികളും ഇപ്പോഴും എന്റെ പിന്നാലെയുണ്ട്.ഞാൻ പുതിയൊരു ഡയറിയെടുത്ത് അതിരിലെ ജണ്ടയിൽ ചെന്നിരുന്ന് കാടിനെ നോക്കി ഇന്നത്തെ ദിവസം കുറിച്ചിടാൻ തുടങ്ങി.
        കസേരയിൽ ഊരിയിട്ടിരുന്ന എന്റെ ഉടുപ്പിന്റെ പോക്കറ്റിൽ സൂസന്റെ കല്ലറയിൽ നിന്നെടുത്ത ഒരുപിടി മണ്ണും,പാതികത്തിയ മെഴുകുതിരിയും അതിലിടാൻ മറന്നുപോയ പൂക്കളുമുണ്ടായിരുന്നു. അതെല്ലാം മുറ്റത്തേക്ക് കുടഞ്ഞിട്ടിട്ട് അവളും,ഇപ്പോൾ ദേ നിങ്ങളും എന്നെ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്.? ഇനി ഞാനെങ്ങാനും കേറി കെട്ടിത്തൂങ്ങി ചാകുമെന്നു കരുതിയാണോ..?!!

കെ എസ് രതീഷ്
Ratheesh.amets09@gmail.com
9497456636

No comments:

Post a Comment