Thursday 25 November 2021

രവിവർമ്മ

       അന്ന് വളരെ വൈകിയാണ് അവൾ കിടക്കാൻ വന്നത്, അടുക്കളയിൽ എന്തൊക്കെയോ തട്ടുമുട്ടുകൾ കേട്ടിരുന്നു.വന്നിട്ടും കുറച്ചു നേരം കട്ടിലിൽ കിടന്ന് ഒരു നോവൽ വായിച്ചു.ഒടുവിൽ എന്നോട് ഒരു ചോദ്യം.
        "മാഷേ ഞാൻ മരിച്ചു പോയാൽ നിങ്ങൾ വേറെ കെട്ടുമോ..?" വളരെ വേഗത്തിൽ എന്റെ മറുപടിയുമുണ്ടായി..
         "അല്പം കൂടെ മെലിഞ്ഞ കുറച്ച് കൂടെ മുടിയുള്ള ഒരാളെ കെട്ടി ശിഷ്ടകാലം ഇതിലും സന്തോഷമായി ജീവിക്കും.."അവൾ എന്റെ നേർക്ക് തിരിഞ്ഞുകിടന്നു.ഒരുമ്മ തന്നു.വേഗത്തിൽ ഉറക്കമായി. 
       അതോടെ എന്റെ ഉറക്കം നഷ്ടമായി. ഒന്നോർത്താൽ അവൾ ഇല്ലാതെ ആയാൽ ഞാൻ വെറും പൂജ്യമാണ്.കെ എസ് രതീഷ് എന്ന കഥാകൃത്ത്, അദ്ധ്യാപകൻ, രണ്ട് മക്കളുടെ അപ്പൻ അനാഥനായ കുട്ടി എല്ലാവർക്കും താളം തെറ്റും.ഉറക്കവും കാത്ത് ഏറെ നേരം കിടന്നു.രണ്ടോ മൂന്നോ മണി ആയപ്പോൾ എഴുന്നേറ്റ് വായന മുറിയിൽ വന്നിരുന്നു.പാതി വായിച്ച നോവലിൽ കയറിനോക്കി ഒറ്റ വരിപോലും കടന്നുപോകാൻ സാധിക്കുന്നില്ല.സോഷ്യൽ മീഡിയയിൽ ചുറ്റിത്തിരിഞ്ഞു.ആകെ ഉണർന്നിരിക്കുന്നത്  ഞാൻ മാത്രമാണെന്ന് തോന്നി.വീട്ടിനുള്ളിൽ വെറുതേ നടന്നു.കിടപ്പുമുറിയിൽ ചെന്നുനോക്കി മക്കളെ കെട്ടിപ്പിടിച്ചു കിടന്നു സുഖമായി ഉറങ്ങുന്ന അവൾ. 

         കടുപ്പത്തിൽ ഒരു ചായയുണ്ടാക്കി കുടിച്ചു.പിന്നെയും വന്നിരുന്നു.കഥയുടെ കുറിപ്പുകൾ കൂട്ടിയിടുന്ന പുസ്തകത്തിൽ വെറുതെ എഴുതിനോക്കി.എന്റെ പെണ്ണു ചത്തുപോയൽ ഞാൻ എന്താകും...? അതായിരുന്നു ലക്ഷ്യം പക്ഷെ ഒരു മുഹൂർത്തത്തിൽ അതൊരു കഥയിലേക്ക് വഴുതി വീഴുകയായിരുന്നു.വളരെ വേഗം ടാബിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.രാവിലെ എട്ടുമണിക്ക്  അതെഴുതിത്തീർന്നു.ഉച്ചയോടെ പി ടി എഫിലേക്ക് മാറ്റി.വൈകിട്ട് ഭാഷാപോഷിണിയിലേക്ക് മെയിൽ ചെയ്തു.പിറ്റേന്ന് മറുപടിയായി..ഇങ്ങനെയായിരുന്നു ആ കഥ വന്ന വഴി.

        എത്രയോ കാലം ഉള്ളിലുണ്ടായിരുന്ന ഒരു ഭയം അവളുടെ ചോദ്യത്തിൽ പൊട്ടിയൊലിച്ചു എന്നതാണ് സത്യം. എന്റെ വീട് അടുക്കള വീട്ടുമുറ്റത്തെ കോഴികൾ, അയൽക്കാരി,അപ്പുറത്തെ മതില്,ടാപ്പിങ്ങ് കാരൻ,എന്റെ ഭാര്യ മക്കൾ പിന്നെ ഞാൻ ഇവരാണ് അതിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ കെട്ടി വന്നത്..ആക്രി പെറുക്കാൻ ചെന്ന കുട്ടിക്ക് ജീവിതത്തിൽ ഏറ്റവും വിലയുള്ള എന്തോ കിട്ടിയ സന്തോഷമായിരുന്നു.ആ കഥ അച്ചടിച്ച് വന്നപ്പോഴും പിന്നീട്‌ അതേ പേരിൽ ചിന്താ ബുക്സിൽ കഥാസമാഹാരം ഉണ്ടായപ്പോഴും.ഈ കഥയുടെ ശരിയായ അവകാശി ആ ചോദ്യവും അവളുമായിരുന്നു.

     പെണ്ണു ചത്തവൻ എന്ന പേരിൽ കവിത ഉണ്ടാക്കാനുള്ള ഒരു താല്പര്യവും ഉള്ളിൽ കിടന്നതു കൊണ്ട് കഥയുടെ ഭാഷയും അല്പം കവിതയോട് ചേർന്നു പോയി.വായനക്കാരിൽ ചിലരത് പറയുകയുമുണ്ടായി..വളരെ ചുരുങ്ങിയ സമയത്തിൽ എഴുതിയത് കാരണം എഡിറ്റിംഗ് അഭാവവും പലയിടത്തും എനിക്ക് പിന്നീട്‌ വായിക്കാൻ കഴിഞ്ഞു..എന്തോ അതിൽ എനിക്ക് തിരുത്തലുകൾ വരുത്താൻ തോന്നിയില്ല,ഇനിയത് തിരുത്തുമെന്നും തോന്നുന്നില്ല..തലയിൽ ചിലന്തി വലയും ചൂടി നിൽക്കുന്ന ആ സീൻ ഞാൻ എത്ര തവണ കണ്ടതാണ്. വീടിനുള്ളിൽ തുണിവിരിക്കാൻ കെട്ടിയ അയക്കയർ എത്ര തവണ ഞാൻ പൊട്ടിച്ചതാണ്..

     എന്റെ ജീവിതത്തിൽ തൊട്ടു നിൽക്കുന്നതല്ലാതെ ഒന്നും എഴുതാൻ ശ്രമിക്കാറില്ല,അങ്ങനെ ശ്രമിച്ചതെല്ലാം പാഴായി പോയിട്ടുണ്ട്.കഥയിലെ പെണ്ണു ചത്തവൻ ഞാനാണെന്നും, എനിക്ക് സ്വയം ചികിത്സിക്കാനുള്ള വഴിയാണ് ഈ കഥയെഴുത്തെന്നുമാണ് എന്റെ ചിന്ത.പലപ്പോഴും ഞാൻ കഥയുണ്ടാക്കുമ്പോൾ വായനക്കാരുടെ ചിന്തകളെക്കുറിച്ചാണ് ഞാൻ ആകുലപ്പെട്ടിരുന്നത് പക്ഷെ ഈ കഥയിൽ എഴുതിവയോട് എന്റെ മറുപടി മാത്രമായിരുന്നു ലക്ഷ്യം.അതുകൊണ്ട് ഈ കഥ ഏറ്റവും രുചിക്കുന്നത് എനിക്കുതന്നെയാണ്, അല്ലെങ്കിൽ എന്നെപ്പോലെയുള്ള വായനക്കാരിലെ പെണ്ണുചത്തവർക്ക്.

     ആദ്യ വായനക്ക് കഥ കൊടുത്തപ്പോൾ അവളുടെ മുഖത്ത് ചിരി."ഒന്ന് പോ മാഷേ നിങ്ങൾ ഉള്ളി അരിയും ചായ ഇടും മക്കളുടെ തുണി അലക്കും."..എന്നിട്ടും എനിക്ക് തൃപ്തി വന്നില്ല എന്നതാണ്‌ സത്യം.എന്നിൽ ഇനിയും പരിഹരിക്കാൻ കഴിയാത്ത ഒരു ഭീകര പുരുഷകോയ്മക്കാരൻ പതുങ്ങിയിരിക്കുന്നുണ്ടെന്ന് തോന്നി.ഇനിയും ഇനിയും എഴുതി അത് പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്.

       കഥ കാലത്തോട് മാത്രമല്ല അവനവനോടും കലഹിക്കലാണ് എന്ന തിരിച്ചറിവാണ് എനിക്ക് തന്നത്. അതു മാത്രമല്ല തൊട്ടടുത്ത് ഇത്രയും വലിയ കഥ കിടക്കുമ്പോൾ പ്രാപ്യമല്ലാത്ത ഇടങ്ങൾ തിരഞ്ഞു പോകുന്നതിന്റെ ആയുക്തിയും ഞാൻ പഠിച്ചെടുക്കുകയായിരുന്നു.അന്നുമുതൽ എന്നെ വന്നു തൊടാത്തത് ഒന്നും എഴുതില്ലെന്ന് തീരുമാനിച്ചു. ഉള്ളിയും മാങ്ങയും ബീന്സും അരിയുന്നതിന് പുറമേ പാത്രങ്ങൾ കഴുകാനും ശ്രമിച്ചു.അവളുടെ ഭക്ഷണത്തിന് നല്ല അഭിപ്രായങ്ങൾ പറഞ്ഞു.
ഫേസ്ബുക്കിൽ അവളുടെ ബോട്ടിൽ ആർട്ടുകൾ പ്രദർശിപ്പിച്ചു. കുപ്പികൾ പെറുക്കി അവൾക്കെത്തിച്ചു. ഇന്നും ആ 'പെണ്ണുചത്തവൻ' ആകാൻ ശ്രമിക്കുന്ന അവസരങ്ങളിൽ ആ കഥയെ മരുന്നുപോലെ ഓർത്തു...

     ഒരു ചുംബനത്തോടെ ആ പുസ്തകം അവൾക്കാണ് സമർപ്പിച്ചത്.അതു മാത്രമല്ല "പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം" പ്രകാശനം ചെയ്തതും എന്റെ പെണ്ണ് തന്നെയാണ് അതും ഞങ്ങളുടെ ഏറ്റവും രുചിയുള്ള അടുക്കളയിൽ വച്ചായിരുന്നു.!!

No comments:

Post a Comment