Monday 17 July 2017

ഉഷാർത്തവിചാരം...

ഉഷാർത്തവിചാരം...!!
( കഥ കെ എസ് രതീഷ്)

പ്രതിമാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയായിരുന്നു. പരാതിക്കാരനുമായി യാതൊരുവിധമുൻ വൈരാഗ്യങ്ങളോ, പ്രതിയെക്കുറിച്ച് സ്റ്റേഷൻ പരിധിയിൽ കേസുകളോ ഇല്ല...റൈട്ടർ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന ചങ്ങാതി കാണെയാണ് റിപ്പോട്ടിന്റെ ഈ ഭാഗം എഴുതിയത്. എന്നിട്ടിപ്പോൾ ജാമ്യം കിട്ടാത്തവിധം റിപ്പോട്ടിൽ തിരുത്തൽ വരുത്തണമെന്ന് എസ് ഐ വാശിപിടിക്കുന്നു...റിപ്പോട്ടിന്റെ താഴെ കരിമനെന്നെഴുതിയിടത്ത് രണ്ടുവെട്ടും ചോദ്യചിഹ്നവും ഇട്ട് മടക്കിത്തന്നു...

'കരിമന്റെ പിന്നിലെ ചോദ്യം അവിടെ നിൽക്കട്ടേ, അത് പ്രതിയ്ക്കും കരിമനും മാത്രമറിയുന്ന രഹസ്യങ്ങൾ.....

കരിമനിപ്പോൾ പഴയ കറുപ്പൊന്നുമില്ല. ഉഷയിപ്പോഴും വിളറിവെളുത്ത മഞ്ഞനിറം തന്നെയാണ്...

കരിമന്റേം ഉഷേടേം തെറിച്ച ചരിത്രം

"ലാസർ ചത്തേന്റെ മൂന്നിന്റന്നല്ലേ ആ അറുവാണിച്ചി മേരി ലൂയിസിന്റൊപ്പം കെടന്നത്. അവൾടെ മോളേം ലൂയിസ് തിന്നും അവനാരാ മോൻ..." ഉഷയുടെ കുടുംബചരിത്രം കരിമൻ കേട്ടറിഞ്ഞത് അമ്മാമ്മേടെ നാവിൽ നിന്നിങ്ങനെയാണ്.

വെള്ളരിമാവിന്റെ മുകളിലിരുന്ന്, വിളഞ്ഞ ഒരെണ്ണം കടിച്ച് പാതി കൊടുത്തിട്ട് ഉഷപറഞ്ഞു...
"ആ തള്ളേക്കെട്ടി ലൂയിയെ ഞാൻ കുരിടാൻ തീറ്റിക്കും ഇല്ലെങ്കിൽ ഞാൻ തിന്നും..."
ഉഷയുടെ കാലിലൂടെ ചോരയൊലിച്ചിറങ്ങുതുകണ്ട് കരിമൻ തലചുറ്റിവീണു...ഉറരുമ്പോൾ അമ്മാമ്മ തെറിപ്പാട്ട് പാടുന്നു... നായിക ഉഷതന്നെ

" പലവനെ നെരങ്ങീടെ മോൾടൊപ്പം കറങ്ങരുതെന്ന് പറഞ്ഞാ ചെറക്കൻ കേക്കൂല, ഒറ്റ വീഴ്ച്ച മതീല്ലോ തൊലഞ്ഞ് തീരാൻ, അവളാണെങ്കിൽ ആരെ കേറണം എന്നും പറഞ്ഞാ നടപ്പ്..."

പിന്നൊരിക്കൽ പൊട്ടക്കിണറ്റിന്റെ കരയിൽ നിന്നുകിട്ടിയ ബീഡിയും തീപ്പട്ടിയും കരിമനും ഉഷയും വെറുതേ കത്തിച്ചു. ഇതുകണ്ട മുള്ളൻ സുരേഷ് , കരിമന്റെ ചേട്ടൻ അനിരുദ്ധനോട്  പറഞ്ഞുകൊടുത്തു. ഉഷയ്ക്ക് അനിരുദ്ധനോട് പ്രണയമായിരുന്നു. അതിനുള്ളത് മുള്ളന് കിട്ടി അത് പിന്നെപ്പറയാം...

പിറ്റേന്ന് തൊഴുത്ത് വൃത്തിയാക്കാൻ വന്ന മേരിയ്ക്ക് അമ്മാമ്മയുടെ വകയിങ്ങനെ...

എടി നിന്റെ മോൾക്ക് കഴപ്പെങ്കിൽ വല്ല മുള്ളുമുരിക്കിലും കേറ്റ്, ലാസർ വീണ് ചത്തത് പോലെ തന്നെയാ, ലൂയിസിന്റേം ഗതി, കഞ്ചാവ് കേസാണ് ജയിലിടിഞ്ഞാ പൊറത്ത് വരൂലാ...മര്യാദയ്ക്ക് ആ മരങ്കേറിയെ വെലക്കിക്കോ..."

ഇതൊക്കെയാണെങ്കിലും ആ ഓണത്തിന് കരിമനും ഉഷയ്ക്കും കിട്ടിയത് കരിനീല ഉടുപ്പുകൾ, ലക്കിത്തിരഞ്ഞെടുപ്പിൽ ഉഷയ്ക്ക് സ്റ്റമ്പറിന്റെ റബ്ബർ ബോളും , കരിമന് ഒരു സെറ്റ് സ്ലൈഡും....
അതൊക്കെ വിധിയ്ക്കൊത്ത ചരിത്രത്തിന്റെ തെറിച്ച ഭാഗങ്ങൾ മാത്രം.

കരിമന്റെ ഉഷാനുരുദ്ധന്മാർ.

ഉഷയ്ക്ക് അനിരുദ്ധനോട് അടക്കാൻ പറ്റാത്ത പ്രണയമായിരുന്നു...ഏതുനേരവും
"അനിയേട്ടനെപ്പറ്റി പറയെടാ കരിമാന്ന്" പറഞ്ഞോണ്ടിരിക്കും..കരിമനും അതിഷ്ടായിരുന്നു...വായനശാല പാരലൽ കോളേജ്  വീട് ഈ ഭ്രമണപഥത്തിനപ്പുറം ഒരിക്കലും കടക്കാത്ത അനിരുദ്ധനിതറിഞ്ഞിട്ടേയില്ല...കരിമൻ ഉഷേടത്തീന്ന് ഉള്ളിൽ വിളിക്കാൻ തുടങ്ങിയിരുന്നു...ഉഷപറഞ്ഞതനുസരിച്ച് അലക്കാനിട്ടിരുന്ന അനിരുദ്ധന്റ മുറിക്കയ്യൻ ബനിയൻ കരിമൻ കട്ടെടുത്ത് കൊടുത്തു. അതും മൂക്കിൽ ചേർത്ത് കുറേ നേരമിരിക്കണത് കണ്ട് കരിമൻ ചിരിയോട് ചിരിയായിരുന്നു..
ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ "ഐ ലൗ യു അനിൽ" എന്ന്  കരിമൻ എഴുതിക്കൊടുത്ത പേപ്പറും ബ്രായ്ക്കുള്ളിൽ ഒളിപ്പിച്ച് അവസരം കാത്ത് നടന്നു...ഒടുവിൽ വിയർപ്പിൽ കുതിർന്ന് അതില്ലാതായീന്നല്ലാതെ കൊടുക്കാൻ ഉഷയ്ക്ക് കഴിഞ്ഞില്ല...കരിമൻ പിന്നേം എഴുതിക്കൊടുത്തു...വായനശാലയിലെ പലബുക്കുകളിലും അവർ വച്ചു...അനിരുദ്ധൻ ആ ബുക്കേതെങ്കിലും എടുക്കാൻ മനസുരുകി പ്രാർഥിച്ചു... ഒളിച്ചുനിന്ന് നോക്കി...ഒന്നുമുണ്ടായില്ല..

ഹോം വർക്ക് ചെയ്യാത്തതിന് കരിമന്റെ ബുക്ക് മഴവെള്ളത്തിലേക്ക് വിജയന്മാഷ് വലിച്ചെറിഞ്ഞു...മാഷിന്റെ വീട്ടിലേക്കുള്ള വഴിയിൽ കുഴികുത്തി കുപ്പിച്ചില്ലു നിറച്ച് ഈർക്കിലും കരിയിലയും കൊണ്ട് മൂടി അവർ മാഷിനെ കാത്തിരുന്നു...
മാഷിനെ കാണാതായപ്പോൾ കെട്ട്യോൻ കളഞ്ഞിട്ടുപോയ മാജിദതാത്തയുടെ വീടിന്റെ ഓടിളക്കി അവനെ അവൾ ഒരു കാര്യം കാട്ടിക്കൊടുത്തു...അരണ്ടവെളിച്ചത്തിൽ വെള്ളേം വെള്ളേം തുണിക്കിടയിൽ ഒളിച്ചിരുന്ന വിജയന്മാഷെന്ന കരടിക്കുട്ടനെ കരിമൻ കണ്ടു...
കരിമനേം ഉഷയേയും മാജിദതാത്തയും കണ്ടു...പിന്നെ ഓരോതവണ ബുക്ക് വലിച്ചെറിയുമ്പോഴും, തല്ലുകൊള്ളുമ്പോഴും കരിമന്റെ ഉള്ളിൽ ആ കരടിക്കുട്ടൻ ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു....

ഇതിനിടേൽ ഭരണിക്കാവ് സ്കൂളിൽ തന്നെ അനിരുദ്ധന് ജോലികിട്ടി. സ്കൂൾ മാനേജർ ചാക്കോടെ മോൾ ലീനയുമായി കല്യാണോം തീരുമാനിച്ചു...അന്ന് കുളത്തിൽ പതിവിലും നേരം ഉഷ മുങ്ങിയിരുന്നു...കണ്ണ് വല്ലാതെ ചുവന്നിട്ടാണ് കയറിയത്. ആ മാസത്തിൽ മേരി ചിട്ടിക്കാരൻ തമിഴന്റൊപ്പം നാടുവിട്ടു..ഉഷയൊറ്റയ്ക്കായി...കരിമന്റെ വീട്ടിലെ മേരിയുടെ  പണിയായിരുന്നു ആശ്രയം . ലീന ഗർഭിണിയായേന്റന്ന് വീട്ടിലൊരുക്കിയ ബിരിയാണിക്കും ഇറച്ചിക്കും ഒരു ചരുവം നിറയെ ഉള്ളിയരിഞ്ഞിട്ടും ഉഷയുടെ കണ്ണ് നിറഞ്ഞില്ല...തൊഴുത്തിൽ നിന്ന മണിച്ചിപശൂന്റെ എറച്ചി കഴുകണതിന്റെ  ഇടയിൽ ഒന്നു രണ്ട് തവണ കണ്ണു തുടയ്ക്കണത് കരിമൻ ശ്രദ്ധിച്ചു...ആൻസിമോൾ ജനിച്ച് ഇരുപത്തിയെട്ട് കെട്ടിന് കരിവള ഇട്ട് കരിമനോട് പോലും മിണ്ടാതെ ഉഷയിറങ്ങിപ്പോയി....

ഉഷയുടെ കറുത്ത പ്രസവം  

വനത്തിനുള്ളിലെ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന പ്ലാന്റേഷനിൽ മരതൈകൾക്ക് കവർ നിറയ്ക്കാൻ പോയതിനിടയ്ക്കാണ് ആരൊക്കെയോ ചേർന്ന് ഉഷയുടെ വയറു നിറച്ചത് , വയർ വല്ലാതെ നിറഞ്ഞപ്പോൾ ചർദ്ദിക്കാൻ തുടങ്ങി...ചർദ്ദിയെക്കുറിച്ച് കരിമൻ ചോദിച്ചിട്ടും വിളറിയിയ മൗനമായിരുന്നു മറുപടി,
അതിനുള്ള മഹാവാക്യം അമ്മാമ്മ പറഞ്ഞതിങ്ങനെ....
"അമ്മവേലിചാടിയാൽ മോള് മതിലു ചാടൂല്ലോ..." നാട്ടിലെ ഒരു ഗർഭിണിയേയും, ഹെൽത്ത് സെന്ററിലെ ഹെഡ് നേഴ്സായ കരിമന്റെ അമ്മയ്ക്ക് അവഗണിക്കാനാകുമായിരുന്നില്ല...ഉഷ ഇരട്ടപ്രസവിക്കുവോളം മരുന്നും ഗുളികയും, കരിമന്റെ കൈകളിലൂടെ ഹെഡ് നേഴ്സ് എത്തിച്ചു...ഇരട്ടപെറ്റൂന്ന് കേട്ടപ്പോഴും. അമ്മാമ്മ തന്റെ സരസ്വതീവിലാസം പ്രകടിപ്പിച്ചു.
" ഇനിപ്പോ ആ അവരാധിച്ചിക്ക് വിറ്റുതിന്നാൻ രണ്ട് പെണ്ണായല്ലോ.." കരിമന് പല്ലുഞെരിച്ച് പ്രതികരിക്കാനേ അറിഞ്ഞിരുന്നുള്ളൂ..വയറ്റിള്ളക്കം വന്ന് ഒന്ന് ചത്തപ്പോഴും അമ്മാമ്മ പറഞ്ഞു...
". ആ മറുത  ഞെക്കി കൊന്നതായിരിക്കും വല്ലോനും രാവാക്കിന് കേറിവന്നപ്പോൾ കൊച്ച് കരഞ്ഞുകാണും..." കരിമൻ കതക് വലിച്ചടച്ച് പ്രതികരിച്ചു....
ഇരുപത്തെട്ടിന് ചേട്ടത്തിയമ്മേടെ പെട്ടിയിൽ നിന്ന് കരിവളയും കണ്മഷിയും ഒരു പൗഡറും കട്ടെടുത്ത്  , ഉഷയുടെ പുരയിലേക്ക് പോയി നൂലുകെട്ട് കരിമനാണ് നടത്തിയത് . കുളിപ്പിച്ച് ഒരുക്കി കവിളിലിട്ട കുത്ത് ഒന്ന് വ്യക്തായി കാണുന്നുപോലുമില്ല.
അവൾക്ക് അരുന്ധതിയെന്ന് പേരുമിട്ടു. അരുന്ധതിക്ക് കരിമന്റെ നിറമായിരുന്നു...
ഉഷയ്ക്ക് അനിരുദ്ധനിൽ മകളുണ്ടായാൽ ആ പേരിടാൻ ആഗ്രഹിച്ചിരുന്നു...

ഉഷയുടെ രാഷ്ട്രീയ സമരങ്ങൾ....

"മുടീന്ന് വിടെടാ മൈരേ ഇല്ലെങ്കിൽ നിന്റെ കുരുരണ്ടും ഞാൻ പൊട്ടിക്കും.." മുള്ളൻ സുരേഷ് അലറിക്കരഞ്ഞ് നിലത്തുവീണ്. വേലിചാടി ഓടിയത് കരിമനും ഉഷയും നോക്കി ചിരിച്ചുകുഴഞ്ഞു....

സ്കൂളിൽ നിന്ന് വരുന്നവഴി ജീപ്പിന്റെ പിന്നിലെ സീറ്റിലിരുന്ന്, അതിൽ തൂങ്ങി നിക്കണ ഉഷയോട് കരിമൻ വർത്താനം പറയുന്നതിനിടയിൽ ദാസൻ മേസ്തിരി, ഉഷയുടെ നെഞ്ചോട് ചേർന്ന ഭാഗത്തെ കമ്പിയിൽ അല്പം കേറ്റിപ്പിടിച്ചതും ഉഷകടിച്ചതും, മേസ്തിരിയുടെ കാലിൽ ചവിട്ടിയതും, ജീപ്പ് കുഴിയിൽ ചാടികുലുങ്ങിയതും, കരിമൻ അവളുടെ പാവാടയിലൂടെ ചർദ്ദിച്ചതും ഒരുമിച്ചായിരുന്നു...മേസ്തിരി പ്ലാസ്റ്ററിട്ട് നടക്കുന്നത് കാണുമ്പോൾ കരിമനും ഉഷയും മുഖാമുഖം നോക്കും...മേസ്തിരി തലകുനിച്ച് പോകും...

ഈ എം എസ് ഭവനപദ്ധതിയിൽ ചേർത്ത് വീട് ഒന്ന് നന്നാക്കാൻ തുക അനുവദിക്കാത്തതിനാൽ ആ കൊല്ലം ഉഷകമ്മൂണിസ്റ്റ് പാർട്ടി വിട്ടു...മാറിവന്ന ഭരണ സമിതി ഉണ്ടാക്കിയ കക്കൂസ് ലിസ്റ്റിൽ നിന്നും തന്നെ ഒഴിവാക്കിയ മെമ്പറോടുള്ള അരിശം മൂത്ത് കോൺഗ്രസും വിട്ടു...റംസാൻ കിറ്റ് വിതരണം ചെയ്തതിന്റെ ബാക്കിവന്ന അരിയും സാധനങ്ങളും അലവിക്കുട്ടി ഉസ്താദ് ഉഷയ്ക്ക് കൊടുത്തു. അതിൽ പിന്നെയാണ് അവൾ മുസ്ലീം ലീഗായത്...അത് ജഗദീശന്റെ കടയിലിരുന്ന് കപ്പയും ബീഫും തിന്ന് ഉറക്കെ പറയുകയും ചെയ്തു...ഇടക്കാല തിരഞ്ഞെടുപ്പിൽ വനിതാ വാർഡിൽ നിന്ന മാജിദതാത്തയ്ക്ക് വേണ്ടി വിജയന്മാഷിന്റെ പിന്നിൽ നിന്ന് വോട്ടും ചെയ്തു...

ഉഷയുടെ റേഷൻ ഷോപ്പുപരോധം....

"ടാ ഉലഹന്നാനേ നാറീ, ഉള്ള ചൊവപ്പ് കർഡെല്ലാം നിന്റെ മറ്റവളുമാർക്ക് കൊടുത്തിട്ട് എനിക്ക് വെള്ളകാർഡാ, ഇതിലെന്തരെടാ പട്ടീ ന്യായം, ഞാനും എന്റെ പെണ്ണും കഞ്ഞികുടിച്ച് കെടക്കണ്ടേ..."

ഇതുകൂടാതെ ഉലഹന്നാന്റെ പരാതിയിൽ ഇനിയുമുണ്ടായിരുന്നു. കോളറിൽ കുത്തിപ്പിടിച്ച്, ത്രാസിലിരുന്ന അഞ്ഞൂറിന്റെ കട്ടകൊണ്ട് നെഞ്ചിൽ ഇടിച്ചു...മണ്ണെണ്ണപ്പാട്ട തട്ടിയിട്ടു. തീപ്പെട്ടിയുരച്ചിട്ട് കത്തിച്ചു....

പരാതിയിൽ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്, എസ് ഐ യുടെ അമ്മായിയപ്പനും രാഷ്ട്രപതിയുടെ മെഡൽ നേടിയ വിരമിച്ച ഹെഡ്മാസ്റ്റൻ വിജയന്മാഷായിരുന്നു.
ഉഷയെ നക്സലാക്കാനാണ്  നീക്കങ്ങൾ....

കരിമൻ റൈട്ടർ...

കരിമൻ വെട്ടിക്കളഞ്ഞ റിപ്പോട്ടിന്റെ താഴെ സ്വന്തം പേരിനുപകരം കുട്ടിക്കാലത്തെ വട്ടപ്പേര് ചേർത്തതും, സുഹൃത്തിനെ വിളിച്ചുവരുത്തി ജാമ്യത്തിലിറക്കാൻ ഏർപ്പാട് ചെയ്തതും എന്തിനായിരുന്നു...

എസ് ഐ പറഞ്ഞതിപ്പൊഴും കരളിൽ മുഴങ്ങുന്നുണ്ട്, റൈട്ടർ റൈട്ടറുടെ പണിചെയ്താൽ പോരേ...
കാക്കിയുരിഞ്ഞെറിഞ്ഞ് ഒന്ന് കരിമനാകാൻ തോന്നി....

1.സ്മാർത്തവിചാരം നമ്പൂതിരി സമുദായത്തിൽ സ്തീകൾക്ക് കുറ്റവിചാരണ...
2 വാഴയ്ക്കിടുന്ന രാസവ

കെ എസ് രതീഷ്
(ഗുൽമോഹർ 009)

No comments:

Post a Comment