Monday 3 July 2017

അക്വാലൈഫ്...!!

അക്വാലൈഫ്...!!

പ്രിയ ഭർത്താക്കന്മാരേ, നിങ്ങളിലാരെങ്കിലും ഭാര്യയോട് കളവുപറഞ്ഞ് ഗോവയിലേക്ക് ടൂറുപോകുന്നെങ്കിൽ, കഴിയുന്നതും സ്വന്തം വാഹനം ഉപയോഗിക്കാതിരിക്കുക നിങ്ങൾ  നാടിന്റെ അതിരുകടക്കാൻ കാണിക്കുന്ന വ്യഗ്രതയിൽ വാഹനത്തിന് വേഗത കൂടാനും, സദാജാഗ്രത പാലിക്കുന്ന ട്രാഫിക്ക് ക്യാമറകളിൽ പകർത്തപ്പെടാനും, ട്രഫിക്ക് നിയമങ്ങൾ തെറ്റിച്ചതിന്റെ രേഖാമൂലമുള്ള തെളിവും പിഴയും, നിങ്ങൾ ഒരു കല്യാണചടങ്ങിൽ പങ്കെടുക്കാൻ പോയ അവസരത്തിൽ, തപാൽ ശിപായി വീട്ടിൽ കൊണ്ടുവരാനും..  നിങ്ങളുടെ ഭാര്യ ഒപ്പിട്ട് കൈപ്പറ്റാനും സാധ്യതയുണ്ട്. ആയതിനാൽ ജാഗ്രതപാലിക്കുക. ഇത്തരത്തിൽ വെറും വീട്ടമ്മയായ അവർ നിങ്ങളുടെ മേൽ കർശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്താനും...ചിലപ്പോൾ കഥകൾ എഴുതാനും തുടങ്ങിയേക്കാം...

നോക്കൂ സഹിത്യത്തിൽ ഇത്രയും നല്ലൊരു പുരസ്കാരം ലഭിച്ചിട്ടും, ആകെ ആകുലതകളോടെ എനിക്ക് സർക്കാർ ബസിന്റെ ആൾത്തിരക്കിലിരുന്ന് യാത്രചെയ്യേണ്ടിവരുന്നത് നിങ്ങൾ കാണുന്നില്ലേ...

ഇതൊന്നും ഞാൻ  വരുത്തിവച്ചതല്ല...എന്റെ ആഫീസിലെ ക്ലർക്കും സ്ഥലത്തെ പ്രധാനദിവ്യനുമായ ശ്രീമാൻ ശങ്കരങ്കുട്ടിയുടെ പേരിലുള്ളതാണ്, രണ്ടു മിനിട്ടിൽ കൂടുതൽ ആ മാന്യദേഹത്തോടു നിങ്ങൾ മിണ്ടിപ്പോയാൽ ഒന്നുകിൽ ഏതെങ്കിലും ബാറിന്റെ ഇരുട്ടിലേക്കോ, അല്ലെങ്കിൽ നിങ്ങളുടെ നാലരസെന്റ് പുരയിടത്തിന്റെ ആധാരത്തിലേക്കോ  അയാൾ കൂട്ടിക്കൊണ്ടുപോകും..
രണ്ടായാലും ആ മഹാത്മാവിന്റെ കീശയിലേക്ക് നല്ലൊരോഹരി വീഴാനിടയാകും... ഗോവയിലെ ഒരൂ കൂൾബാർ എന്റെ പേരിൽ വാങ്ങിത്തരാമെന്നും കൂട്ടത്തിൽ ഫെനിയെന്ന ഒരു തരം മദ്യം രുചിക്കാമെന്നുമുള്ള വാഗ്ദാനങ്ങളിലാണ് ഈയുള്ളവൻ വീണുപോയത്...ഒരിക്കൽ ഒരു ചങ്ങാതിയുടെ മകന്റെ ടീഷർട്ടിൽ പ്രിന്റ് ചെയ്തിട്ടുള്ള ചിത്രത്തിലല്ലാതെ ഞാൻ ഗോവ കണ്ടിട്ടേയില്ല...എങ്കിലും നിരവധിതവണ ആ വാഗ്ദത്ത ഭൂമിയിലേക്ക് സ്വപ്നയാത്ര നടത്തിയിട്ടുണ്ട്...ലൊട്ടുലൊടുക്ക് കഥകളെഴുതി ചിലപതിപ്പുകളിൽ വന്നതിന്റെ നാട്യത്തിൽ നിൽക്കുന്ന എന്നെ ഒരു മഹാസാഹിത്യകാരനായി ചിത്രികരിക്കാനും, യാത്രകളിലൂടെ ഉണരുന്ന കഥാനുഭവലോകം എന്ന മോഹവാക്യത്തിൽ വീഴ്ത്താനും ശ്രീ ശങ്കരാചാര്യർക്ക് കഴിഞ്ഞു....എന്തുപറയാൻ  തീയേറ്ററിൽ   ദേശിയഗാനത്തിലെ "ഭാരതഭാഗ്യവിതാത" എന്ന വരികൾ മൂന്നാവർത്തിചൊല്ലി ദേശസ്നേഹം വല്ലാതെ വെളിപ്പെടുത്തിയ ആ മഹാന്റെ പ്രസ്ഥാവനകളിൽ ആരാണു വീണുപോകാത്തത്, അതും വില്ലേജ് ആഫീസറായി ഈ ഓണം കേറാമൂലയിൽ എത്തിച്ചേർന്ന എന്നെപ്പോലൊരാൾ..

  മീനിയൽ സർവീസ് ജീവനക്കാർക്കുവേണ്ടി നടത്തിയ കഥാമത്സരത്തിൽ  എന്റെ ചുവപ്പുനാടയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചവിവരം പറഞ്ഞപ്പോൾ അവളൊന്ന് അമർത്തിമൂളി.....
ബാഗിൽ നിന്നും കാറിന്റെ താക്കോലെടുത്ത് വിരലിലിട്ട് കറക്കിയശേഷം ഒറ്റശ്വാസത്തിൽ പറഞ്ഞവാക്കുക എന്റെ   സുമയുടേതാണെന്ന് വിശ്വസിക്കാനാകുന്നില്ല....

"...ഇനിമുതൽ യാത്രകളെല്ലാം ബസിലാക്കിക്കോളൂ നല്ല അനുഭവങ്ങളുണ്ടാകും, അവാർഡുതുക എത്രാ ആയാലും എനിക്ക് ഒരു ജീൻസിന്റെ ചുരിദാറും, തുടയുടെ അതേ നിറത്തിലുള്ള ലെഗിൻസും , അല്പം ഉയർന്ന ഒരു ചെരുപ്പും വാങ്ങിക്കണം, വൈകിയാണു വരുന്നതെങ്കിൽ എന്നെ വിളിക്കാൻ നിൽക്കരുത് ഇന്നുമുതൽ ഞാനും ചിലതൊക്കെ എഴുതാൻ പോകുകയാണ്, കറിക്കരിയാനുള്ളതിനാലാണ് ഞാൻ  ഇതുവരെ നിങ്ങളെപ്പോലെ കഥകളൊന്നും  എഴുതാത്തത്.. എന്റെ തൂലികാനാമം സീമയെന്നാണ്, ഇനി ഈ വീട്ടിൽ ഞാൻ സീമയെന്ന് അറിയപ്പെടും......."

....യേണ്ടി തിരുട്ട് മുണ്ടോം, തിറുമ്പി തിറുമ്പി ഫോൺ പണ്ണിട്ടേയിറുക്കേ...നീ അന്ത ചേരനില്ലയാ അന്ത ഒക്ക ഓത്ത പുണ്ടാമോൻ, അതാ കളവാണിക്കിട്ടേ പോയി നിമ്മതിയാ പടുത്തുക്കോ..നാൻ കൊച്ചിക്ക് പോണേണ്ടി യേൻ സന്തനത്തിക്കിട്ടേ പോണേണ്ടീ....തിറുമ്പിവരേ മാട്ടേണ്ടി..."

ലെഗിൻസ് ചിന്തകളിൽ നിന്നും എന്റെ മുൻ സീറ്റിലിരുന്ന്  ഭാര്യയോട് ഫോണിൽ കലഹിക്കുന്ന തമിഴൻ  വിളിച്ചുണർത്തി....അല്ലെങ്കിലും ഈ തമിഴന്മാർ ധീരന്മാരാണ്.
അയാൾ   സൂര്യകാന്തിപൂക്കൾ വിരിയുന്ന നാട്ടിലെ പൊണ്ടാട്ടിയോട് കലഹിക്കുന്നു..

പ്രിയപ്പെട്ട അയൽക്കാരാ നിനക്ക് അഭിവാദ്യങ്ങൾ ഞാൻ സീറ്റിൽ നിന്നുയർന്ന് അയാളെ നോക്കി...അയാൾ എന്നെയും നോക്കി, തെറ്റിദ്ധരിച്ചിട്ടാകാണം...
പിന്നീടുള്ള പോർവിളികളുടെ പ്രസക്തഭാഗങ്ങൾ പലതും കേൾക്കാവുന്ന പരിധിയിലായിരുന്നില്ല....

ഞാൻ വീണ്ടും എന്റെ ചുവപ്പുനാടയിലേക്ക് നീണ്ടു,...

മുഖ്യമന്ത്രിയുടെ ഒറ്റവാക്കിലാണ് ഞാൻ ഈ  കഥഞാനെഴുതിയത്, " ഓരോഫയലും ഓരോ ജീവിതങ്ങളാണ് എന്ന പ്രപഞ്ച സത്യം 
....ആത്മഹത്യചെയ്ത ഭർത്താവിന്റെ പേരിലുള്ള കാർഷിക വായ്പ്പ എഴുതിത്തള്ളണമെന്നും, വിധവപെൻഷൻ അനുവദിക്കണമെന്നും പറഞ്ഞ് വില്ലേജോഫീസിൽ വരുന്ന സുന്ദരിയായ ഒരു മുപ്പത്രണ്ടുകാരിയും..മടുത്തുതുടങ്ങിയ ദാമ്പത്യം വേർപെടുത്തിയ  വില്ലേജ് ഓഫീസറും തമ്മിൽ പ്രണയത്തിലകുന്ന ചുവപ്പുനാട...
തികച്ചും ശുഭപര്യവസിയായ കഥ..നമ്മുടെ ക്ലർക്കും കലാസാംസ്കാരിക രംഗത്തെ അതികായനുമായ ശ്രീ ശങ്കരാചാര്യൻ ഇതുവായിച്ച് എന്റെ മുന്നിൽ തൊഴുകൈകളോടെ നിന്നതും, എന്നെ ഏതോ ചേതൻ ഭഗതുമായി താരതമ്യം ചെയ്തതുമാണ്...എന്നിട്ടും  എന്റെ ഭാര്യ അതൊന്ന് വായിക്കാൻ തയാറായില്ല...
അവാർഡ് തുകയ്ക്ക് ചെരുപ്പും ഉടുപ്പും വാങ്ങിക്കൊടുക്കണമത്രേ. ഹും വായിക്കാതെ വളഞ്ഞുപോയ വർഗം...

....നീ വരുമേണ്ടി, യേൻ കാലടിപക്കം വറും, അന്ത നാൾ, അന്ത നാൾ യെനിക്ക് തിരുവിഴാമാതിരി....

ഹാവൂ ആ തമിഴ് ധീരന്റെ കലഹം വീണ്ടും ധൈര്യം തരുന്നു....

ഇടതുവശത്തിരിക്കുന്ന വൃദ്ധ ദമ്പതികൾക്ക് ഇതത്ര പിടിച്ചമാതിരിയില്ല...അമ്പതിനോടടുത്ത ഒരു സ്ത്രീയും അതിലും പ്രായമുള്ള രണ്ടാണുങ്ങളും..നടുവിലിരിക്കുന്നയാൾ നല്ല ഉറക്കത്തിലാണ് അയാളുടെ മുഖത്ത് മാസ്ക് ധരിച്ചിട്ടുണ്ട്, ഇടയ്ക്ക് ശക്തിയായി ചുമയ്ക്കുന്നു.. രണ്ടഗ്രങ്ങളിലെ സ്ത്രീയും പുരുഷനും ആ നെഞ്ച് തടവിക്കൊടുക്കുന്നു അവരുടെ കണ്ണുകൾ തമ്മിലിടയുന്നു.ചിരിക്കുന്നു...

പെട്ടെന്ന് നടുവിലെ രോഗി ശർദ്ധിക്കുന്നു...അറ്റത്തിരുന്ന വൃദ്ധൻ മാറി എന്റടുത്തേക്കിരുന്നു.
എങ്കിലും ശ്രദ്ധമുഴുവൻ അവിടെത്തന്നെ....

."..ന്റെ ചങ്ങാതിയാണ്,ഇപ്പോ അല്പം കൂടുതലാ, എന്തു ചെയ്യാൻ വിധി, അവൾക്കിനി ആരുണ്ടെന്നോർത്താണ് എന്റെ വിഷമം.ഇവളോട് അന്നേ ഞാൻ പറഞ്ഞതാ ഈ മാറാരോഗിയെ കെട്ടരുതെന്ന്...ഞാൻ കെട്ടാനും തയാറായിരുന്നു..
അവളുടെ ഒരു പ്രേമം എന്നിട്ടെന്തായി...ഇന്നും ഈ ഒറ്റാന്തടി മാത്രമല്ലേയുള്ളൂ...ഇവർക്ക് ആശ്വാസമായിട്ട്....." അയാൾ വീണ്ടും ആ സീറ്റിലേക്ക് പോയി ഇപ്പോൾ ആ സ്ത്രീ നടുവിലും അവർ ഇരുവശത്തുമായി..പുറത്തെ കാറ്റേറ്റ് രോഗി ഉറങ്ങിക്കഴിഞ്ഞു....
അയാൾ അവരുടെ കൈകൾ കോർത്ത് പിടിച്ചു...

എന്റെ 'ചുവപ്പുനാടയിലെ' ഭാസ്കരൻ നായരും ദേവകിയെ  ചേർത്തു നിർത്തുന്ന രംഗമുണ്ട്....അതുവായിച്ച് ഓഫീസിലെ  സ്വീപ്പർ മെറ്റിൾഡയുടെ നാണം കാണണമായിരുന്നു...

പിൻ നിരയിലിരിക്കുന്ന ചെറുപ്പക്കരന്മാർ പെട്ടെന്ന് നിശബ്ദരായി....

"അളിയാ ട്രീസ വിളിക്കുന്നു...."

"സ്പീക്കറിലിടെടാ കോപ്പേ..."

"മിണ്ടല്ല് മിണ്ടല്ല്...
ഞാനവളെ സുഖിപ്പിക്കണത് കേൾപ്പിച്ച് തരാം...."

"ഹായ് മോളൂ....എല്ലാരും എവിടെപ്പോയി ഇല്ലെങ്കിൽ നീ ലാൻഡ് ഫോണിൽ നിന്ന് വിളിക്കൂലല്ലോ...."

എത്ര ചെവികൂർപ്പിച്ചിട്ടും ബസിന്റെ ഇരമ്പൽ കാരണം കേൾക്കാൻ പറ്റിയില്ല....
ആ ഭാഗ്യവാന്മാർ ആവേളം സുഖിക്കുന്നുണ്ട് നിശബ്ദമായിട്ടുള്ള അവന്മാരുടെ ചേഷ്ടകൾ എന്നെ ആകെ കൊതിപ്പിച്ചു.....

എങ്കിലും ചുവപ്പുനാടയിൽ ഭാസ്കരൻ നായർക്ക് പതിഞ്ഞ ശബ്ദത്തിൽ ദേവകി ഫോണിലൂടെ പാടിക്കൊടുത്ത "അഞ്ജനകണ്ണെഴുതി ആലിലതാലിചാർത്തി..." ആ പാട്ടിന്റെ പടിക്കൽ പോലും എത്തില്ല ഇതൊന്നും... അതെഴുതുമ്പോൾ ഞാനറിഞ്ഞ കുളിര് ഹാവൂ....
നീയൊന്നും നാലുമൊബൈലിൽ കൂടിവിളിച്ചാലും കിട്ടില്ലെടാ ന്യൂ ജെനുസുകളേ....ദേവകിയേയും ഭാസ്കരനേയും സൃഷ്ടിച്ച മഹാകഥാകാരനാ ഈ പറയുന്നത്.....

അവൾക്കിത്രപെട്ടെന്ന് മാറ്റം വരാൻ എന്റെ ഗോവൻ യാത്രയാകുമോ കാര്യം.. അതോ മോളിയുമായുള്ള എന്റെ മാജിക്കൽ റിയലിസ്റ്റ് പ്രണയം അറിഞ്ഞിട്ടുണ്ടാകുമോ...
ശ്രീ ശങ്കരൻ ഒരിക്കൽ കൊണ്ടുവന്ന ലാറ്റിനമേരിക്കക്കാരന്റെ നോവലുവായിച്ചതിൽ പിന്നെയാണെനിക്കിത്തരം ചിന്തകളുണർന്നത്....
സാഹിത്യത്തിൽ ശങ്കരന്റെ തന്ന സ്റ്റഡിക്ലാസും, അവാർഡ് ചിന്തകളുമാണ്  എന്നെ ഇങ്ങനെയൊക്കെ    ചിന്തിക്കാൻ പ്രേരിപ്പിച്ചത്

.ഓഫീസിന്റെ മുൻ വശത്ത് ഒരിക്കൽ വിൽക്കാൻ വച്ചിരുന്ന അക്വേറിയം അതാണെല്ലാത്തിനും മറ്റൊരു കാരണം അല്ലെങ്കിലും ഞങ്ങളെഴുത്തുകാർക്ക് ഇത്തരം മസൃണവികാരങ്ങളേറുമല്ലോ...?
   ...ഉരുണ്ടഭരണിയിൽ മൂന്നുജോഡി മീനുവാങ്ങി,  വെള്ളാരങ്കല്ലും, അതിന്റെ ഭക്ഷണവുമാറ്റി വീട്ടിലെത്തുമ്പോൾ അവൾക്കും സന്തോഷമായി...മൂന്നാം ദിനം വെളുത്ത മോളിയുടെ ഭർത്താവ് ചത്തുമലച്ച് കിടക്കുന്നു...കണ്ണീരുമൊലിപ്പിച്ച് വാലുകൾ വിറപ്പിച്ച്..ഞാനിട്ട തീറ്റയിൽ ശ്രദ്ധിക്കാതെ മോളിപ്പെണ്ണ് ഒറ്റനിൽപ്പാണ്...മറ്റു ദമ്പതികൾ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് തീറ്റ കൈമാറുന്നു... ഞാൻ എന്റെ ചുണ്ട് ആ സ്ഫടിക പാത്രത്തോട്  ചേർത്തുവച്ചു...മോളി എന്റെ അരികിലേക്ക് നീങ്ങിവന്ന് ഒരുമ്മ തന്നിട്ട് സന്തോഷത്തോടെ ജലപോരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഭക്ഷണം ലക്ഷ്യമാക്കി നീന്തി....

ഭാര്യ പറഞ്ഞിട്ടാണ് ഞാൻ ഭരണിയിൽ  വെള്ളത്തിൽ ഇടുന്ന ഒരു തരം ചെടിയിട്ടത് അന്ന് മോളിയുടെ സന്തോഷം കാണണമായിരുന്നു...
ഇത്തവണ അവൾ ചുണ്ടുമായി എന്റെ നേർക്കുവന്നു...ഞാൻ മോളിയെ അമർത്തി ചുംബിച്ചു...

അന്നു രാത്രി വല്ലാത്ത മഴയായിരുന്നു...മകനെ അവൾ നേരത്തേ ഉറക്കി, എന്റെ വാതിലിൽ ഒന്നുരണ്ട് തവണ വന്നു നോക്കിയിട്ടുപോയി... ഞാൻ  ഭാസ്കരൻ നായരും ദേവകിയും അ
അദ്യമായി  സന്ധിക്കുന്ന രംഗങ്ങളെഴുതിക്കൊണ്ടിരിക്കുകയായിരുന്നു...
ദേവകിയുടെ മടിയിൽ തലവച്ച് ഭാസ്കരൻ നായർ തളർന്നുകിടക്കുമ്പോൾ എനിക്കും ഉറക്കം വന്നു...

എന്റെ ചുണ്ടിൽ  തണുപ്പേറ്റപ്പോൾ ഞാനുണർന്നു...
അവൾ മോളി, തന്റെ ജലജീവിതം വലിച്ചെറിഞ്ഞ് എന്നെ തേടിവന്നിരിക്കുന്നു.
ഞങ്ങൾ മഴയിലേക്കിറങ്ങി, പിന്നെ സമീപത്തെ പുഴയിലൂടെ ഒരു കടലോളം നീന്തി, കരയിൽ ഞാൻ തളർന്നു കിടന്നു....
പിന്നെ എന്നും രാത്രികളിൽ  മഴപെയ്തു. അവൾ മകനുമായി ഉറങ്ങുന്നതുകാത്ത്..
ചുവപ്പുനാടയിൽ കുരുങ്ങി ഞാനിരുന്നു...
മഴയും പുഴയും വൻകരകളും തേടി ഞാൻ മോളിയോടൊപ്പമലഞ്ഞു...

ഇന്ന് രാവിലെ എന്റെ മോളി ചത്തുമലച്ച് കിടക്കുന്നു....എനിക്കുറപ്പുണ്ട് ഇത് കൊലപാതകമാണ് അവൾ നേരിട്ടോ....നാലുവയസുകാരനെ കൂലിക്കെടുത്തോ...?

ഭാസ്കരൻ നായരുടെയും ദേവകിയുടെയും വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തു...
ശുഭം എന്നെഴുതി കഥ അവാർഡ് കമ്മിറ്റിക്ക്  പോസ്റ്റ് ചെയ്തു...
അവാർഡും കിട്ടിയ വിവരം ശ്രീ ശങ്കരൻ ഓഫീസിൽ ആഘോഷമാക്കി....

ഞാനും ആ തമിഴനും ഒരേ സ്റ്റോപ്പിലാണിറങ്ങിയത്...
അവാർഡ് ദാനചടങ്ങിന്റെ വേദി നിറയെ ആളുകൾ
രണ്ടും മൂന്നും സ്ഥാനം നേടിയവർ സകുടുംബം എത്തിയിരിക്കുന്നു.....
രണ്ടും സ്ത്രീകൾ അവരുടെ കാര്യങ്ങൾ തിരക്കാൻ ഭർത്താക്കന്മാർ ഓടിനടക്കുന്നു.....

ഞാൻ ഒന്നാം സ്ഥാനത്ത് പുരസ്കാരം കാത്തിരുന്നു...
എങ്കിലും മനസ് നിറയെ നീലജീൻസ് ടോപ്പിന്റെയും തുടയുടെ നിറമുള്ള ലെഗിൻസിന്റെയും വിലയെക്കുറിച്ചുള്ള ആധിയായിരുന്നു....

എല്ലാത്തിലുമുപരി ഇതൊക്കെ ധരിച്ച്  അവളെഴുതാൻ പോകുന്ന  കഥയെക്കുറിച്ചും...!!

കെ എസ് രതീഷ്
( ഗുൽമോഹർ009)

No comments:

Post a Comment