Sunday 1 September 2019

ടി.വി(റ്റെയിൽ ഓഫ്....)

ടീ.വി, ദി ടെയിൽ ഓഫ് ടൂ വി..!!

                                                                      ഒന്ന്.

     "പഴയതായാലും മതി, നീ എനിക്കൊരു ടീ.വി വാങ്ങിത്തരണം" ഒരു തുക വേണുവിനെ ഏല്പിച്ച്, ആർക്കും മുഖം കൊടുക്കാതെ തന്റെ മുറിയിലേക്ക് പടികയറിപ്പോകുന്ന വീണച്ചേച്ചിയുടെ വിരലിന്റെ തണുപ്പിൽ വേണുവിന് ഭയം തോന്നി..  

       വീണയുടെ വിരലുകൾക്കെന്നും ചൂടാണ്.ആ ചൂടിലാണ് വേണു വിരിഞ്ഞത്.കെട്ടിപ്പിടിച്ച് കിടക്കുമ്പോൾ നെഞ്ചിന്റെ ചൂട്,പിൻകഴുത്തിൽ വീഴുന്ന നിശ്വാസത്തിലെ ചൂട്, ഉമ്മ പതിപ്പിക്കുമ്പോൾ ചുണ്ടിന്റെ ചൂട്,സ്‌കൂളിലേക്ക് നടത്തുമ്പോൾ കൈത്തഴമ്പിന്റെ ചൂട്.വീണച്ചൂടിന്റെ പര്യായങ്ങൾ വേണുവിനത്രയും മനഃപാഠമാണ്.

      മുകളിലെ നിലയിലെ ചേച്ചിയുടെ മുറിയിലേക്ക് മറ്റൊരു ടെലിവിഷൻ വാങ്ങാൻ മാത്രമുള്ള സംഗതികളൊന്നും അന്നവിടെ നടന്നിട്ടില്ല.ഭർത്താവിന്റെ അവിവാഹിതയായ ചേച്ചിയായിട്ടല്ല വീണയെ, ചിത്ര പരിഗണിക്കുന്നതും.വീട്ടിലേക്ക് കയറി വന്ന നാളിൽ ചേച്ചിയമ്മയുടെ കാലിൽ തൊട്ടാണ് അനുഗ്രഹം വാങ്ങിയത്.വേണുവിനെ അനുകരിച്ച് തുടങ്ങിയ 'ചേച്ചിയമ്മ' വിളി പിന്നീടവൾക്ക്  'അമ്മയായി' വളർന്നു.

         കഴിക്കാൻ വിളിച്ചപ്പോൾ കാർട്ടൂണിൽ ലയിച്ചിരുന്ന ചിത്തിരമോളോട് ദേഷ്യം തോന്നിയപ്പോൾ ടീ.വിയണച്ചുപോയതാണ് ചിത്ര.വീണയുടെ മടിയിലിരുന്നാണ് ചിത്തിര കാണുന്നതെന്ന് അവൾ ശ്രദ്ധിച്ചില്ല.കണ്ണാടിയുടെ മുന്നിൽ, മീശയിലെ നരവീണ ഒരു രോമം തിരയുന്ന വേണുവിനെ അമർത്തിയൊന്ന് നോക്കിയിട്ട്,വീണ മുറിയുടെ വാതിലടച്ചപ്പോൾ ചിത്ര കുഴങ്ങി.തട്ടിവിളിച്ച്  പല തവണ ക്ഷമ ചോദിച്ചിട്ടും മറുപടി കിട്ടാതായപ്പോൾ അടുക്കളയിൽ നിന്നും പ്രഷർ കുക്കറിനൊപ്പം ചിത്രപ്പെട്ട നേർത്ത വിതുമ്പലുകളും ഇറങ്ങിവന്നു..

     "എനിക്ക് പഴേത് ഏതെങ്കിലും മതി, പൈസ തെകയൂലെങ്കിൽ ദേ, ഈ വള നീ വിറ്റോ.വാങ്ങാൻ പോവുമ്പോൾ നിന്റൊപ്പം ഞാനും വരും.."വിവാഹനാളിൽ ചിത്ര കൊടുത്ത വളയാണത്.പിന്നെയും ചില ഏങ്ങലുകൾ വീണയുടെ പിന്നാലെ 'ചെയ്യല്ലേന്ന്' പാഞ്ഞുചെന്നു.

     "ദേ, ഈ പെണ്ണിനോട് മോങ്ങാതിരിക്കാൻ പറ വേണൂ, ഇനി  ഈ നിറഞ്ഞ വീട്ടിൽ ഒരു മൂളലെങ്കിലും കേട്ടാല് ഞാനെവിടെയെങ്കിലും എറങ്ങിപ്പോകും.അയ്യേ, ഈ പെണ്ണിനിതെന്താ, എനിക്ക്  കളർ ടീ.വി ഇഷ്ടല്ലാന്ന് അറിയില്ലേ..?എന്റെ മുറിയിൽ ഒരു ടീ.വി വയ്ക്കണോന്ന് തോന്നി അത്രേയുള്ളൂ.അത് ഞാനെന്റെ കൊച്ചിനോട് പറഞ്ഞ്. നീ, എനിക്കെന്തെങ്കിലും കഴിക്കാൻ താ പെണ്ണേ.." 

     ചിത്ര മുഖം തുടച്ചു.ആർക്കെങ്കിലും ഭക്ഷണം വിളമ്പിക്കൊടുക്കുമ്പോൾ ചിത്രയ്ക്കുള്ള സന്തോഷം  വീണയ്ക്കറിയാം.വീണ, ചിത്രയുടെ മുടിയിൽ തൊടുന്നു.ചിത്രയുടെ നുണക്കുഴിയിൽ  നിന്നും അടുപ്പിലെ ചൂടൻ കല്ലിലേക്ക് ദോശമാവ് വീണ് പൊരിയുന്നു.പ്രിയപ്പെട്ട മുലകൾക്കിടയിലെ  മഞ്ഞുരുക്കം കണ്ടിട്ടാണ്, വേണുവിന്ന് ബാങ്കിലേക്ക് തിരിക്കാൻ ഒരുങ്ങിയത്.എന്നിട്ടും മീശയിലെ വെളുപ്പൻ മുടി അന്നുമങ്ങനെ രക്ഷപ്പെട്ടു.

     "അല്ലെങ്കിൽ ഈ വള വിയ്ക്കണ്ട, ചിത്രക്കുട്ടി തന്നതല്ലേ " മേശയിൽ ഊരിവച്ചിരുന്ന വള വീണയിടുന്നത് കണ്ട്, ചിത്രയുടെ സ്‌പെഷ്യൽ ചിരി ദോശക്കല്ലിലേക്ക് അടുത്ത തവി മാവിനൊപ്പം വിരിഞ്ഞു..

     "നമ്മക്ക് ഈ പെണ്ണിന്റെ മാമന്റെ കടേന്ന് ടീ.വി വാങ്ങിക്കാം.അതാവുമ്പം പൈസ കൊറച്ച് കിട്ടും. അല്ലെങ്കിൽ ഇവളെ പറ്റില് വാങ്ങിക്കാം.ബ്ലാക്കാന്റ് വൈറ്റാ എനിക്കിഷ്ടം അതിപ്പ കിട്ടോടാ വേണൂ.?" മുലകൾക്കിടയിലെ പരിഭവത്തിന്റെ അവസാന മൂടൽമഞ്ഞും വീണ മാറ്റുന്നതും, ചിത്രയുടെ ചിരിയിൽ തട്ടി ദൂരേക്ക് പാറിപ്പോകുന്നതും കണ്ടിട്ടാണ് വേണുവിന്റെ കാറ് ഗേറ്റ് കടന്നത്. ബാങ്കിന്റെ മരത്തണലിലേക്ക് കാറിനെ പിന്നോട്ടിടാൻ തുടങ്ങുമ്പോൾ വേണുവിന്റെ ഓർമ്മകളും പിന്നിലേക്ക് പോയി.

                                                                        രണ്ട്

     "സ്ത്രീധനോന്ന് പറയണതിപ്പോ നാട്ട് നടപ്പല്ലേ..? നാലേക്കറെന്ന് പറഞ്ഞാൽ കൊറേ ഉണ്ട് വേണൂ. നമ്മളെ സ്ഥലത്തിന്റെ നൂറെരട്ടിവരും.ആ വീട്ടീന്നക്കെ ഒരു ബന്ധം കിട്ടിയാൽ പിന്നെ നമ്മക്കും ഒരു വിലാസമായില്ലേടാ ?."ബ്രോക്കറിനൊപ്പം ചിത്രയെ പെണ്ണുകാണാനിറങ്ങുമ്പോൾ വേണുവിനെ വീണ ഓർമ്മിപ്പിച്ചത് ഇത്രമാത്രം.അതുറപ്പിക്കാൻ വന്നപ്പോൾ വീണ പറഞ്ഞതുകേട്ട് ചിത്രയുടെ വീട്ടുക്കാരും ഞെട്ടി..

      "ചെറുക്കന്റെ വീട്ടിൽ കെട്ടിച്ചുവിടാത്ത ഒരു ചേച്ചിയൊണ്ടെന്ന് കരുതി നിങ്ങക്ക് പ്രയാസം തോന്നരുത്.എനിക്കിനി ആണുംതൂണും പറ്റൂല.അതുമല്ല ഈ ചെറുക്കനെ വിട്ട് പോവാനും ഒക്കൂല. അവന്റെ പിള്ളേരേം നോക്കി,നിങ്ങളെ മോൾക്ക് വല്ലതും തിന്നാനും ഒണ്ടാക്കിക്കൊടുത്ത് ഒരു വേലക്കാരിയെപ്പോലെ ഈ മൂലയില് കഴിഞ്ഞോളും.ദോ നിങ്ങളെ കൊച്ചിന് എന്തെങ്കിലും വിഷമം തോന്നിയാ ഏതെങ്കിലും വാക്കിന് ഞാനങ്ങ് പോവും." ചിത്രയ്ക്ക് പ്രസവ കാലത്തുപോലും ചേച്ചിയമ്മയെ വിട്ട് പോകാൻ തോന്നിയില്ല.ആശുപത്രിയിൽ മറ്റാരെയും വീണ അടുപ്പിച്ചതുമില്ല. നാലരയായിട്ടും ചിത്തിരയെ നിലത്തു വയ്ക്കുന്നത് തന്നെ അപൂർവ്വം..

     ഇടപാടുകാർക്കായി ബാങ്കിൽ സ്ഥാപിച്ച ടീ.വിയിലെ സിനിമയിൽ ഫ്‌ളാഷ് ബാക്ക്, ബ്ളാക്ക് ആന്റ് വൈറ്റിൽ കാണിക്കുന്നു.ബ്ലാക്ക് ആന്റ് വൈറ്റിൽ എല്ലാ നിറവും നീറ്റലുമുണ്ടെന്ന് വേണുവിനപ്പോൾ തോന്നി.

        ഉച്ചയ്ക്ക് ലീവ് എഴുതിവച്ചിട്ട് വേണു വീട്ടിലേക്കിറങ്ങി.ടൗണിൽ ചിത്രയുടെ മാമന്റെ കടയിൽ കയറി ടി.വിയുടെ വില ചോദിച്ചു.ബ്ലാക്ക് ആന്റ് വൈറ്റ് ടീ.വി ചോദിച്ചപ്പോൾ സെയിൽസ് പെണ്ണിന്റെ മുഖത്ത് പരിഹാസച്ചിരി.മാറിനിന്ന ചിത്രയുടെ മാമനോട് വേണുവിന്റെ വിശദീകരണം.തന്നോട് ടീ.വി ചോദിച്ചയാൾ മുതലാളിയുടെ ബന്ധുവാണെന്നറിഞ്ഞ സെയിൽസ് പെണ്ണിന്റെ മുഖത്ത് ചുവപ്പൻ ആകുലത.വേണുവിന്റെ ചിരിയിൽ ആ പെണ്ണിന്റെ ദീർഘനിശ്വാസങ്ങൾ.പകർന്നാട്ടമുള്ള നിരവധി ടീ.വികളിൽ  നോക്കിനിന്ന്‌ വേണു ഭൂതകാലം കാണുകയാണ്..

                                                                        മൂന്ന്.

     ടീ.വികാണൽ വീണക്കും വേണുവിനും ജീവനായിരുന്നു.വിജയൻ മാമന്റെ വീട്ടിലും ടീ.വിയില്ല. അന്ന് നാട്ടിലാകെ ഒന്നോ രണ്ടോ സെറ്റേയുള്ളു.വൈകിട്ട് സകലരും ടീവികാണാമ്പോക്കുണ്ട്. ഭർത്താവ്  കളഞ്ഞിട്ടു പോയപ്പോൾ ആറ്റിൽ ചാടിച്ചത്ത സഹോദരിയുടെ രണ്ട് പിള്ളേരെയും ഏറ്റെടുത്തതിന്റെ പുണ്യം വിജയന് കിട്ടുമായിരിക്കും,പക്ഷേ അവറ്റകളെ അടിമപ്പണി ചെയ്യിക്കുന്ന വിജയന്റെ പെണ്ണ് സുമതിയ്ക്കോ..?

      ദൂരദർശനിലെ മഴവില്ലിന്റെ വേലിയുള്ള സ്റ്റേഷൻ തുറക്കും മുൻപ് അനിയനെ കുളിപ്പിച്ചൊരുക്കി വരുന്ന വീണയുടെ ചിരിയ്ക്ക് വാതിൽ തുറന്നു കൊടുക്കുന്നത് പഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് മനോഹരൻ സാറായിരിക്കും.വാതിലിൽ മുട്ടുന്നതിന് പകരം സ്റ്റേഷൻ തുറക്കാനുള്ള ദൂരദർശൻ താളം പുറത്തുനിന്ന് വേണു അനുകരിക്കും.അവന്റെ കവിളിൽ മനോഹരൻ സാറ് തലോടും.വീണ അതുനോക്കി ചിരിക്കും.അത്രയൊന്നും ഓർക്കാനില്ലെങ്കിലും ഓരോ ദിവസവും പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ വീണയ്ക്ക് കാണാപ്പാഠമാണ്..

    ബാങ്കിൽ നിന്ന് ക്ഷീണിച്ചെത്തുന്ന മനോഹരൻ സാറിന്റെ ഭാര്യ രമണിയ്ക്ക് ചായയും കഴിക്കാനും ഒരുക്കിവച്ച് വീണ ടീ.വിയുടെ മുന്നിലെ നിലത്ത് വന്നിരിക്കും.വേണു നിരങ്ങി വന്ന് ചേച്ചിയുടെ ചൂടുള്ള മടിയിലേക്ക് കയറും.വീണയ്ക്ക് നഷ്ടമായ കാഴ്ച്ചകൾ വേണു പറയും..

       ചലത്ച്ചിത്രഗീതങ്ങൾ തീരുന്നത് വരെ മാത്രമേ വേണുവിന് ഉറങ്ങാതിരിക്കാൻ കഴിയു.
ഭൂതലപ്രക്ഷേപണം കഴിഞ്ഞാൽ മണ്ണെണ്ണവിളക്കും മറുകൈയിൽ വേണുവിനെയും പിടിച്ച് മൺവഴിയിലെ കരിയിലപോലും അനക്കാതെ വിജയന്റെ അടുക്കള വഴി വീട്ടിലേക്ക് കയറുന്ന വീണയ്ക്ക് മാമൻ ഉറങ്ങിക്കാണണമെന്ന പ്രാർത്ഥനയെ ഉണ്ടാകു.ഇല്ലെങ്കിൽ തെറിയും അടിയും ഉറപ്പ്.വേണുവിന് തല്ല് വീഴാതിരിക്കാൻ വീണ ശ്രദ്ധിക്കും.വിജയനും അത് ശ്രദ്ധിക്കുന്നതിലെ കാരണമെന്തായിരിക്കും.?ഡി.ഡി രണ്ടിലെ ഹിന്ദി സിനിമയുള്ള വെള്ളിയാഴ്‌ച്ചകളിൽ തോളിൽക്കിടക്കുന്ന വേണുവുമായി വീണ കുഞ്ഞൻ വഴിയിൽ വല്ലാതെ കിതയ്ക്കും.. 

     വേണുവിനെ കൂട്ടാതെ ടീ.വി കാണാൻ പോകാൻ സുമതി സമ്മതിക്കില്ല.എത്ര വൈകി കിടന്നാലും അഞ്ച് മണിക്കെഴുന്നേറ്റ് വീണ ജോലി ചെയ്താൽ മതി.ടീ.വി കാണാൻ വന്നതിന്റെ പേരിൽ വിജയൻ വന്ന് ചീത്ത വിളിക്കുന്നതൊന്നും രമണിയ്ക്ക് ഒരു പ്രശ്നമല്ല.അടിച്ചീല വയ്‌ക്കേണ്ട കാലത്ത് കൃത്യം ഏഴു ദിവസവും ജനാലയിലൂടെ മാത്രമേ ടീ.വി കാണാൻ പാടുള്ളൂ.പുറത്തെ അടുപ്പിലായിരിക്കണം തീ കത്തിക്കേണ്ടത്.ആ നാളുകളിൽ ഷേപ്പേഴ്സിന്റെ പരസ്യം കാണിക്കുമ്പോൾ മനോഹരൻ സാറ് വീണയെ നോക്കി ചിരിക്കും.വേണു പരസ്യത്തിലെ ഇംഗ്ലീഷ് വാക്കുകൾ ചേർത്ത് അനുകരിക്കും.

     "പൂൾ, റെക്ടാഗിളിൽ ആകണം.സോറി ബോസ് റെക്ടാങ്കിൽ പഴയതായില്ലേ" അർത്ഥമറിയില്ലെങ്കിലും അനിയന്റെ ഇംഗ്ലീഷുകേട്ട് വീണയുടെ ഉള്ളിൽ കുളിര് നിറയും...

     വീണയുടെ പേരിലുള്ള മൂന്നര സെന്റിൽ  ഒരു വീടിനപേക്ഷ കൊടുത്തതും,കൂടെ നിന്ന് പൂർത്തിയാക്കിയതും മനോഹരൻ സാറായിരുന്നു.അത്യാവശ്യം സാധനങ്ങൾ  ഇസ്റാൾമെന്റിൽ വിജയനും ഏർപ്പാട് ചെയ്തു.ബാങ്കിലെ പാർട്ട് ടൈം മീനിയൽ സ്റ്റാഫിൽ തൂപ്പുകാരിയായി കയറാൻ രമണിയും സഹായിച്ചു.

     വേണുവിനെയും സുമതിയുടെ മോൻ പഠിക്കുന്ന ടൈകെട്ടുന്ന സ്‌കൂളിൽ അയയ്ക്കാൻ വാശി വീണയ്ക്കായിരുന്നു.വേണുവിന്റെ നാള് ചേർത്ത് 'രേവതി നിലയ'മെന്ന്  വീട്ടിന് പേരിട്ടു.മുൻ വശത്തെ വാതിൽപ്പടിയിൽ ക്യൂട്ടെക്‌സുകൊണ്ട് അതെഴുതിവച്ചതിന്റെ അന്നാണ് സുമതിയും വീണയും തമ്മിൽ വലിയ വഴക്ക് നടന്നത്. 

    "തള്ളേ കൊല്ലണ നാളല്ലേ നിനക്ക്, ചെറുക്കൻ ഇരുന്ന് തിന്നണ രേവതിയാ.." സുമതി ഓരോ തവണ പറയുമ്പോഴും വീണയുടെ ഉള്ളിൽ കറുപ്പും വെളുപ്പുമായി കുറേ ചിത്രങ്ങൾ വരും. വേണുവിന് സുമതിയുടെ മകളെക്കാൾ ഇംഗ്ലീഷിന് ഏട്ടു മാർക്ക് കിട്ടിയതായിരുന്നു സുമതിയുടെ ശ പ്രശ്നം.ടീ.വിയെക്കുറിച്ച് അഞ്ച് വാചകം ഇംഗ്ലീഷിൽ മനോഹരൻ സാറിനെക്കൊണ്ടെഴുതിച്ച് അവനെ പിടിച്ചിരുത്തി വീണ പഠിപ്പിച്ചിരുന്നു.ചേച്ചിക്കുവേണ്ടി എത്ര പഠിക്കാനും വേണുവും തയാറായിരുന്നു.

    വിജയന്റെ വീട്ടിൽ പന്ത്രണ്ടിഞ്ചിന്റെ ബി.പി.എൽ ടീ.വി വാങ്ങിയ ദിവസം വീണ ഒരുപാട് കരഞ്ഞു. ചേച്ചിയും അനിയനും കാണാൻ ചെന്നിരുന്നപ്പോൾ 'മോൾക്ക് പഠിക്കാനുണ്ടെന്ന്' പറഞ്ഞ് അതണച്ചുകളഞ്ഞു.ദ്രുവം സിനിമയിൽ, മന്നാടിയാർ ഗൗതമിയോട് എന്തോ ചോദിക്കുന്ന സമയത്തായിരുന്നു അത്.ചലച്ചിത്രഗീതത്തിൽ 'കറുകവയൽക്കുരുവി' കേൾക്കുമ്പോഴെല്ലാം വീണയ്ക്ക് കണ്ണു നിറയും.. 

    മനോഹരൻ സാറിന്റെ വീട്ടിൽ കളർ ടീ.വിയായി.പഴയ ടീ.വിയും ആറായിരവും കൊടുത്തിട്ടാണ് ഭൂതത്തിന്റെ പരസ്യമുള്ള ഒനീഡ ടീ.വിയാക്കിയത്.അതിന്റെ കാർബോഡ് പെട്ടി തുണി വയ്‌ക്കാനെന്നും പറഞ്ഞ് വേണുവിനെക്കൊണ്ട് വീണ ചോദിപ്പിച്ചു.വീണ രമണിയോടും ചോദിച്ചു, പക്ഷേ കിട്ടിയില്ല...

     "ഞാൻ പഠിച്ച്  ജോലി കിട്ടുമ്പോൾ ചേച്ചിക്ക് ഒനീഡ  വാങ്ങിത്തരും" വേണുവിന്റെ കവിൾ നിറയെ  അവൾ ഉമ്മ വച്ചു.കുഞ്ഞുകവിള് ചൂടുതട്ടി പുകഞ്ഞു.

     ശനിയാഴ്‌ച്ചത്തെ പ്രതികരണം പരിപാടി കണ്ടപ്പോഴാണ് ആ വിലാസത്തിലേക്ക്  ഒരു കത്തയയ്ക്കാൻ അവർക്കു തോന്നിയത്. പ്രതികരണം, കെയർ ഓഫ് ഓഡിയൻസ് റിസർച്ച് ഓഫീസർ, ദൂരദർശൻ കേന്ദ്രം.വേണു വിലാസം എഴുതിയെടുത്തു.അന്നാണ് സ്വന്തം വിലാസത്തെപ്പറ്റി ആദ്യമായി വീണ ഓർത്തതും.ഉരുണ്ട് ഭംഗിയുള്ള  അക്ഷരത്തിൽ വേണു കത്ത് തയാറാക്കി.

     വേണു, 'കെയർ ഓഫ് വീണ', രേവതി നിലയം.എന്ന വിലാസം ചുണ്ടിന് താഴെ  കാക്കപ്പുള്ളിയുള്ള ആ അവതാരക പറയുന്നതും,അതുകേട്ട് സുമതി വായതുറന്നിരിക്കുന്നതും,ഓർത്തപ്പോൾ വീണയ്ക്ക് ചിരിവന്നു.ചിരിക്കുന്ന ചേച്ചിയെ നോക്കി വേണുവും ചിരിച്ചു.

     വ്യാഴാഴ്ച്ച സ്റ്റേഷൻ തുറക്കാൻ മൂന്ന് മിനുട്ട് വൈകിയതും, ദ്രുവം സിനിമയിലെ 'കറുകവയൽ കുരുവി'എന്ന പാട്ട് പകുതിയിൽ നിർത്തിയതും സൂചിപ്പിച്ച്, കാർഡിന്റെ അടിയിൽ വീണ ആന്റ്  വേണു എന്നെഴുതി, ഒപ്പുമിട്ട ഇരുപത്തിയഞ്ച് പൈസയുടെ മഞ്ഞ കാർഡ് അവർ ചുവപ്പൻ തപാൽ പെട്ടിയെ തീറ്റിച്ചൂ.ആ വിലാസം ലോകം അംഗീകരിക്കുന്നത് കാണാൻ,എത്രയും വേഗം ശനിയാകാൻ കാത്തിരുന്നു..

    വെള്ളിയാഴ്ച ഡൽഹിറിലേയിലെ പാതിരാപ്പാടം കാണുന്നതിനിടയിൽ വീണയുടെ മടിയിൽ കിടന്ന വേണുവിന്, തന്റെ ചേച്ചി കുളിരു കയറിയത് പോലെ ഇളകുന്നതും,കസേരയിലിരിക്കുന്ന  മനോഹരൻ സാറിന്റെ കാലുകൾ ചേച്ചിയുടെ വയറ്റിന്റെ ഭാഗത്ത് പത്തി വിടർത്തി നിൽക്കുന്നതും കണ്ടു ചിരിവന്നു.അനിൽ കപ്പൂറിന്റെ മിസ്റ്റർ ഇന്ത്യ പകുതിയാകും മുമ്പ് വേണുവങ്ങ് ഉറങ്ങിപ്പോയി..

      രമണിക്ക് കിടന്നാൽപ്പിന്നെ ആരെങ്കിലും പിടിക്കാതെ എഴുന്നേൽക്കാൻ കഴിയാത്ത രോഗമായിരുന്നു.വേദന സഹിക്കാതെ വരുമ്പോൾ ഉറക്കഗുളികകൾ മനോഹരൻ സാറാണ് അവരുടെ തലയുയർത്തി മടിയിൽ വച്ച് വെള്ള മൊഴിച്ച് കൊടുക്കുന്നത്.അന്നും രമണി വേദനകൊണ്ട് കരഞ്ഞു, ഗുളിക ചെന്നുറക്കി.രാത്രി വീണയെ ചേർന്നുകിടക്കുമ്പോൾ  മനോഹരൻ സാറിന്റെ മുല്ലപ്പൂസെന്റ് വേണുവിന് വാസനിച്ചു..

     അന്ന് രമണിയെത്താൻ വളരെ വൈകി.ടീവിയിൽ പ്രതികരണം പരിപാടി തുടങ്ങിയപ്പോഴാണ് ക്ഷീണത്തോടെ അവർ കയറിവന്നത്‌.കവിളിൽ കാക്കപ്പുള്ളിയുള്ള അവതാരക പ്രേക്ഷകരുടെ പ്രതികരണമുള്ള പോസ്റ്റ് കാർഡ് വായിക്കാനായി കൈയിലെടുത്തു.ശ്വാസമടക്കി വേണു കാത്തിരുന്നു.ഇതിനിടയിൽ വീണച്ചേച്ചിയും മനോഹരൻ സാറും അകത്തെ മുറിയിലേക്ക് കയറിയതൊന്നും വേണു ശ്രദ്ധിച്ചില്ല.അവരുടെ ചിരികൾ ടീ.വിയേക്കാൾ ശബ്ദം കുറച്ചിരുന്നു.

     ടീ.വിയണച്ച് വീണയെ മുടിയിൽ ചുറ്റിപ്പിടിച്ച് രമണി പുറത്തേക്ക് തള്ളി.പിന്നിലെ ഇരുട്ടിൽ  അഴിഞ്ഞുപോയ മുണ്ട് നേരെയാക്കാൻ പ്രയാസപ്പെടുന്ന മനോഹരൻ സാറ്.ഇരുട്ടിലൂടെ വേണുവിന്റെ കൈയും പിടിച്ച് വീണ വേഗം നടന്നു.ഒന്നു രണ്ടിടത്ത് വേണുവിന്റെ കാല് തട്ടിമുറിഞ്ഞു. പ്രതികരണം പരിപാടിൽ ആ കത്ത് വായിച്ചോ ? അറിയില്ല.വേണുവിന്റെ നോവ് അതായിരുന്നു.

    പിന്നീട്, വീണ ടി.വി കാണാറില്ല.ചിത്തിരയുടെ നിർബന്ധത്തിന് ഇന്നും ഒപ്പമിരുന്നുകൊടുക്കും, ഉറക്കത്തി നിടയിലും മൂളും.വേണുവും ചിത്രയോട്  ഏറ്റവും ദേഷ്യപ്പെട്ടിട്ടുള്ളത് 'അതിന്റെ ശബ്ദമൊന്ന് കുറയ്ക്കെടീ'ന്നാണ്...

            വേണുവിനെ ബാങ്ക് ടെസ്റ്റെഴുതിപ്പിക്കാൻ വീണയ്ക്കായിരുന്നു വാശി.രമണിയുടെ ബാങ്കിലെ തൂപ്പുജോലിയും കളഞ്ഞ് അച്ചാറുകമ്പനിയിൽ ചേർന്നതു മുതൽ വീണയ്ക്ക് ശരീരത്തിൽ ചൂടിനൊപ്പം നീറ്റലും തുടങ്ങി.വേണുവിന് ജോലി കിട്ടിയപ്പോൾ അത് നിർത്തി.ജോലി രാജിവെച്ച രമണി, 'രേവതി നിലയത്തിൽ' വന്ന ദിവസം വീണ വീട്ടിലു ണ്ടായിരുന്നില്ല.എവിടെയാണെന്ന്, വേണുവിന്റെ മുഖത്തെ അസ്വാസ്ഥ്യം രമണി ശ്രദ്ധിച്ചു.തന്നെ ഇന്നൊരുദിവസം വീണയുടെ മുറിയിൽ കിടത്തണമെന്ന് ആവശ്യപ്പെട്ട രമണിക്ക് ഉറക്കഗുളിക കൊടുത്തത് വേണുവായിരുന്നു..

     "അവര് രണ്ട് ദിവസം കഴിഞ്ഞേ വരൂ, ഗുരുവായൂരിൽ ചെന്നൊരു താലിയിടുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു.." ഉറക്കത്തിലേക്ക് വീഴും  മുൻപ് രമണി വേണുവിനെ സമാധാനിപ്പിച്ചു..

        ഉറക്കത്തിന്റെ ഒരു ഇടവഴിയിലൂടെ രമണി മരണപ്പെട്ടി‌റങ്ങിപ്പോയി.അവരെക്കാത്ത് ഒരു ദിവസം ശീതീകരിച്ച പെട്ടിയിലും കിടന്നു.ചടങ്ങുകൾക്ക് ഒന്നിനും വേണു മുടക്കം വരുത്തിയില്ല.മൂന്നാം ദിവസം വീണ ഒറ്റസംഖ്യയായി മടങ്ങിവന്നു.മങ്ങിയ ബ്ലൗസിന്റെ പിന്നിലിരുന്ന ഒരു കുഞ്ഞുതാലി വേണുവിനോട് മനോഹരമായ ആ വാനപ്രസ്ഥ കഥ പറഞ്ഞു..

                                                                            നാല്.

     ടീ.വി വാങ്ങിക്കാൻ വീണ പോയില്ല.വേണുവിനൊപ്പം ചിത്രയെ ഒരുക്കിവിടാൻ വീണ വല്ലാതെ ഉത്സാഹം കാണിച്ചു.ഒരു പാത്രത്തിൽ പലഹാരങ്ങളുമായി വീണയുടെ മടിയിലെ ചിത്തിര എതോ  കാർട്ടൂണിൽ ലയിച്ചിരിക്കുന്നു.കണ്ണടച്ച് സെറ്റിയിൽ ചാരിയിരിക്കുന്ന വീണ.വളയുള്ള ഇടതുകൈ ചിത്തിരയെ ചുറ്റിപ്പിടിച്ചിട്ടുണ്ട്..

     "കഴിയണതും ഒനീഡ തന്നെ ഒപ്പിക്കണെ അങ്കിളെ,അമ്മയ്ക്ക് ബ്ളാക്ക് ആന്റ് വൈറ്റാണിഷ്ടം" ചിത്ര ഫോണിൽ പറഞ്ഞിരുന്നിട്ടും ആ 'ഭൂത'കാലമുള്ള കമ്പനിയുടേത് കിട്ടിയില്ല.

     "തിരിച്ചയയ്ക്കാൻ ഗോഡൗണിൽ കൊണ്ടിട്ടതാണെങ്കിലും കണ്ടീഷനാ മോളെ,എനിക്ക് നിന്റെ പൈസയൊന്നും വേണ്ട.ഇതിനു പക്ഷേ റിമോട്ടൊന്നും പറ്റൂല.. "പായ്ക്ക് ചെയ്യുമ്പോൾ ചിത്രയോട് മാമൻ ചിരിച്ചു.ചിത്ര വേണുവിനോട് നാണം വീണ് ചാരി.അതിനിടയിൽ ഒരുവട്ടം സെയിൽസ് പെണ്ണ് ദമ്പതികളെ അസൂയപ്പെട്ട് നോക്കി.മുറിയിൽ കൊണ്ടുവച്ച് ടീ.വി സെറ്റുചെയ്ത കടയിലെ ചെക്കന് വീണ ഒരു തുക പോക്കറ്റിൽ നിർബന്ധിച്ചു വച്ചുകൊടുക്കുന്നത് വാതിൽ നിന്ന വേണു കണ്ടു.

      ചിത്തിരയെ ഉറക്കാനായി ചിത്ര രാരീരത്തിൽ തുടങ്ങി.വേണുവും അതേ താളത്തിൽ വീണയുടെ മുറിയിലേക്ക് പടികയറി.നിലത്ത് ടീ.വിയിലേക്ക് നോക്കിയിരിക്കുന്ന വീണ.അത് ഓൺ ചെയ്തിട്ടില്ല.  നിഴലിന്റെ നിറമുള്ള സ്‌ക്രീനിൽ വീണയുടെ രൂപം.പിന്നിൽ ഒഴിഞ്ഞ് കിടക്കുന്ന കസേരയും അതിനും പിന്നിൽ അടഞ്ഞ ഒരു വാതിലും അവ്യക്തമായി കാണാം.വേണുവിനോട് വീണ ചിരിച്ചു.തന്റെ അടുത്ത് വന്നിരിക്കാൻ അവളാംഗ്യം കാണിച്ചു.ടീ.വിയുടെ സ്വിച്ചിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ വീണ അവനെ നിലത്ത് കൈതട്ടി തടഞ്ഞു..

      "അതങ്ങനെ തുറന്നുവച്ചാൽ വേറാരൊക്കയോ ചിന്തിക്കുന്നതല്ലേ കാണാൻ പറ്റു, നോക്കൂ, ആ ഇളം ഇരുട്ടിൽ ഇപ്പോൾ നമുക്കിഷ്ടമുള്ളതെല്ലാം കാണാമ്പറ്റും..." വേണു നിരങ്ങിയിരുന്ന് അവളുടെ മടിയിൽ  തലവച്ചുകിടന്നു.തന്റെ മുടിയിഴകളിലൂടെ വാത്സല്യവേഗത്തിൽ നൂണുപോകുന്ന വിരലുകളിലേക്ക് വീണച്ചൂട് മടങ്ങിവന്നിരിക്കുന്നത് വേണുവറിഞ്ഞു.പിന്നിലെ കസേരയിൽ എന്നോ പടർന്ന മുല്ലപ്പൂവിന്റെ വാസനയും കെട്ടിപ്പിടിച്ച ഒരു തണുപ്പൻ കാറ്റ് അവരുടെ ഇടയിലേക്ക് പതിയെ വന്നു...!!


കെ എസ് രതീഷ്

Ratheesh.amets09@gmail.com

9497456636


No comments:

Post a Comment