Wednesday 31 July 2019

"മാർട്ടിൻ കൂപ്പറും മാധാവിക്കുട്ടിയും"

"മാർട്ടിൻ കൂപ്പറും മാധാവിക്കുട്ടിയും"

"ഇത്രയൊക്കെ നോക്കാനെന്തിരിക്കുന്നു
ഞാനെന്താ മനുഷ്യപട്ടികയിൽ ഇല്ലേ.? സ്വര്ഗാണോ   നരകാണോന്ന് പറയാൻ ഇത്രയും സമയോ..?
എന്റെ പേര് അഥവാ കാണുന്നില്ലെങ്കിൽ 
വല്ല പട്ടിയുടെയോ പൂച്ചയുടെയോ ലിസ്റ്റിൽ നീയതങ്ങ് എഴുതിച്ചേർത്തേക്ക് ചിത്രാ..?"
ചിത്രഗുപ്തൻ മാധാവിക്കുട്ടിയെ അമർത്തിയൊന്ന് നോക്കി. മാധവിക്കുട്ടി അലസമായൊന്ന് ചിരിച്ച് കഥ തുടർന്നു. തന്റെ പേര് ഇത്രയും മധുരമായി വിളിച്ചവളോട് തോന്നിയ ഇഷ്ടം എത്ര മറച്ചിട്ടും പട്ടികയിൽ വിരലോടിക്കുന്ന ചിത്രഗുപ്തന്റെ വളതു കവിളിലെ നുണക്കുഴിയിൽ നിറഞ്ഞു നിന്നു...

"കത്തിക്കരിഞ്ഞ് കിടക്കുന്ന എന്റെ വയറ്റിൽ
ആ പെണ്ണിന്റെ രഹസ്യങ്ങൾ ഭദ്രമായിരുന്നു.
മാർട്ടിനും ചാത്തല്ലോ അവന്റെ അതേ പേരുള്ള ഒരുത്തൻ ഉണ്ടാക്കിയ മൊബൈലുകൊണ്ട് ഇനി എന്തോന്ന് ചെയ്യാൻ..? സൽ‍മ മൊബൈൽസും ഒരു തരിയല്ലാതെ കത്തിതീർന്നില്ലേ. എന്റെ കഥകളൊക്കെ കത്തായിട്ടോ ഡയറിക്കുറിപ്പായോ നാട്ടുകാരെ മുഴുവൻ അറിയിക്കണം എന്നുണ്ടായിരുന്നു.. മാർട്ടിനെക്കുറിച്ച് ചിലതൊക്കെ സൂചിപ്പിച്ച് ഒരിക്കൽ മൻസൂറിക്കായ്ക്ക് എഴുതിയ കത്തിലാണ് അടിയൊഴുക്ക് ഒപ്പിയെടുക്കുന്ന മൃദുലവസ്തു  ഒളിച്ചുകൊണ്ട് പോയത്.. വേദനയുടെ വെപ്രാളത്തിൽ അത് ആ കത്താണെന്ന്  ശ്രദ്ധിച്ചില്ല. നീ തുറിച്ച് നോക്കണ്ട ചിത്രാ,  ലോകത്തെ സകല പെണ്ണുങ്ങളെയും മാതിരി എനിക്കും അതൊക്കെ കൃത്യമായി വരുമായിരുന്നുണ്ട്. ചാകണതിന് തൊട്ട് മുൻപും അതിന്റെ വേദനയുണ്ടായിരുന്നു. എന്നിട്ടും മാർട്ടിൻ അതിൽ കേറി മേയാൻ ഒരു മടിയും കാണിച്ചില്ല. ചത്ത് കരിഞ്ഞ് കമഴ്ന്നല്ലേ അവൻ കിടന്നത്..? സ്വർഗത്തിന്റെ പട്ടികയിൽ എന്തായാലും അവൻ ഉണ്ടാകില്ലെന്നാണ് ഞാൻ കരുതിയത്. എന്നാലും എനിക്ക് മുൻപ് നീ അവനെ കടത്തി വിട്ടില്ലേ. അവനെ പതിയെ നരകത്തിലേക്ക് ആക്കാൻ പറ്റോ...?"

മാധാവിക്കുട്ടിയുടെ പറച്ചിൽ കേട്ട് വരിയിൽ നിന്നവർക്കും ചിരി മുളച്ചു. മൻസൂർ പരമാവധി ചിരിക്കാതിരിക്കാൻ ശ്രമിച്ചു.മാധവിക്കുട്ടിയുടെ പിന്നിൽ നിന്ന വൃദ്ധൻ തിടുക്കം കാട്ടി, 'വേഗം പറ 'എന്ന രീതിയിൽ തോണ്ടി. അവൾക്ക് അതത്രെ രസിച്ചില്ലെന്ന് ചിത്രഗുപ്തന് തോന്നി...

"ഞാൻ മിക്കവാറും ശ്രദ്ധിച്ചിട്ടുണ്ട്  ഏതു കടയിൽ ഈ കുന്തം വാങ്ങിക്കാൻ ചെന്നാലും മറ്റാരും കാണാതെ പൊതിഞ്ഞ് കൊടുക്കാനും വാങ്ങിക്കാനും എല്ലാവർക്കും ഒരു തിടുക്കമുണ്ടല്ലേ...? എന്നാലേ എന്റെ ഒരു ആഗ്രഹം  കേൾക്കണോ..? നല്ല തിരക്കുള്ള കവലയിലെ ഏതെങ്കിലും കടയിൽ ചെന്ന് നാലാള് കേൾക്കെ "എന്റെ ഭാര്യയ്ക്ക് ആർത്തവത്തിനുള്ള പാഡ് തരൂ"
എന്നും, അത് പൊതിയാൻ തുടങ്ങുന്ന കടക്കാരനോട് ''ഹേയ് അതെന്തിനാ കടക്കാരാ  പൊതിയുന്നത് "എന്നും, പറഞ്ഞ് ഒരു ചിരിയോടെ നെഞ്ചിൽ ചേർത്ത് കൊണ്ടു പോകുന്ന ഒരുത്തനെ കണ്ടെത്തി. അവനിഷ്ടമാണെങ്കിൽ നല്ല തണുപ്പുള്ള ഒരിടത്തേക്ക് യാത്രപോകണം, നല്ലൊരു റിസോട്ടിൽ  മുറിയെടുത്ത് സുഖിക്കണം. അതിന്റെ ചിലവിൽ പകുതിവരെ  വഹിക്കാൻ ഞാൻ തയാറായിരുന്നു..

സംശയിക്കണ്ട ചിത്രാ, നീ തൊട്ട് മുമ്പ് വാതിൽ കടത്തിവിട്ട ചെക്കാനുണ്ടല്ലോ, മാർട്ടിൻ, അവൻ 'കുണ്ടി കുലുക്കി' പക്ഷിയെന്നും, വരിയുടെ ഏറ്റവും പിന്നിൽ നിൽക്കുന്ന മന്സൂറിക്ക 'ന്റെ വാലാട്ടിയെന്നും' വിളിക്കുന്ന
സൽ‍മ മൊബൈൽസ് ടെക്‌നീഷ്യൻ കം സെയിൽ ഗേൾ കെ.ആർ. മാധവികുട്ടിയെന്നയാൾ ഞാൻ തന്നെയാണ്. എന്റെ ലിംഗം അടയാളപ്പെടുത്താൻ സർക്കാർ അപേക്ഷ ഫോമുകളിൽ പോലും ചതുര വടിവിൽ ഒരു മുറിയില്ലാത്തതിനാൽ ഞാൻ എന്നെ ആരായിട്ടും അടയാളപ്പെടുത്തുന്നില്ല. അതുകൊണ്ടല്ലേ ഇവിടെപ്പോലും വരിയിൽ ഒന്നും പെടാതെ മാറി നിൽക്കേണ്ടിവന്നത്..?
മൂക്കിന് താഴെയും കീഴ്ത്താടിയിലും വളർന്നു നിൽക്കുന്ന രോമങ്ങൾ കാരണം ചിലപ്പോഴൊക്കെ നിന്റേതുപോലെ ചില നോട്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്നാലും അതൊക്കെ ക്ളീൻ ഷേവാക്കിയും, സൂപ്പറായി ഒരുങ്ങിയും, മനസ് പന്ത്രണ്ടായിരത്തി അഞ്ഞൂറിന്റെ  നല്ലൊരു പങ്ക് സദാശിവൻ മെമ്മോറിയ വിമൻസ് ഹോസ്റ്റലിൽ കൊടുത്തിട്ടുമാണ് കഴിഞ്ഞ നാലു കൊല്ലമായി ഞാൻ ആ നഗരത്തിൽ കഴിഞ്ഞത്.."

"ഈ പെണ്ണിന്റെ ശബ്ദം എന്താടി ഇങ്ങനെ"
ജെ കുട്ടപ്പൻ എന്ന വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനായ എന്റെ അച്ഛൻ എന്നെ തള്ളിപ്പറഞ്ഞത്തിന്റെ തെളിവ് വാചകം ഇതായിരുന്നു. അല്ല പെണ്ണിന്റെ ശബ്ദം എങ്ങനെയാവണമെന്നാണ് നിന്റെ അഭിപ്രായം.? എനിക്ക് കുട്ടപ്പന്റെ അതേ ഉയരവും ശരീര പ്രകൃതിയുമണല്ലോ...? "

ചിത്രഗുപ്തന്  മാധവിക്കുട്ടി തന്റെ  താടി പിടിച്ചുയർത്തിയതിന്റെ നീരസം പ്രകടിപ്പിക്കാൻ കഴിയുന്നതിന് മുൻപ് മുഖത്ത് പല്ലുകൾ ചിരിപോലെ വിരിഞ്ഞു വന്നു. വരി നിന്നവർക്കെല്ലാം ചിരി ഒരു പകർച്ച വ്യാധിയാണെന്ന് സമ്മതിക്കേണ്ടി വന്നു...

"മൂത്രം മണക്കുന്ന അടിവയറ്റിലെ സർപ്പത്തിലേക്ക് സഹോദരിയുടെ മകളാണെന്നോ അവൾക്ക് പതിനാറുപോലും ആയില്ലെന്നോ ഓർക്കാതെ  വലിച്ചടുപ്പിച്ചവന്റെ സർപ്പത്തല കടിച്ച് മുറിച്ച് ഇറങ്ങിയോടിയ എന്റെ കവിളിലെ രക്തക്കറ രണ്ട് ദിവസമുണ്ടായിരുന്നു. അനിമാമാന്ന് വിളിച്ച് ആ കഴപ്പന്റെ പിന്നാലെ എത്ര നടന്നിട്ടുണ്ടെന്നോ..?
അവന്റെയൊരു മിൽക്കിബാർ, ഒന്നര മാസം കഴിഞ്ഞാൽ അവന്റെ സർപ്പത്തെ കുളിപ്പിക്കാനും കുടിപ്പിക്കാനും സൗകര്യത്തിന് ഒരുത്തിവരുമായിരുന്നല്ലോ.?
സഹോദരനെ രക്ഷിക്കാൻ സ്വന്തം മോൾക്ക് പ്രാന്തെന്ന് പറഞ്ഞ ആദ്യ തള്ള, കുട്ടപ്പന്റെ ഭാര്യ സി.ഓമനയായിരിക്കും. അവളെയും നീ സ്വർഗ്ഗത്തിന്റെ ഈലിസ്റ്റിൽ ചേർക്കോ...?"

ചിത്രഗുപ്തന്റെ വിരല് വിയർക്കാൻ തുടങ്ങിയത് മാധവിക്കുട്ടി ശ്രദ്ധിച്ചു..അവൾ അയാളുടെ ചുമലിൽ ആശ്വസിപ്പിക്കുന്നത് പോലെ കൈ വച്ചു..

"അന്ന് ആ രാത്രി സർപ്പത്തലയും കടിച്ചുപിടിച്ച് കുറെ ദൂരം ഓടി, ഒരു ഹോട്ടലിന്റെ പിന്നിലെ ഓടയിൽ ആ കഷ്ണം തുപ്പിക്കളഞ്ഞപ്പോൾ ഏതോ മീനിന്റെ വായതുറന്ന തലപോലെ അതങ്ങ് ഒഴുകിപ്പോയി. വെളുത്ത മുണ്ടിൽ ചുവപ്പ് പടർന്ന് തലകുനിച്ചിരിക്കുന്ന അനിമാമനെയോർത്ത്
ഒറ്റയ്ക്ക് ചിരിച്ച എനിക്ക് ഭ്രാന്തുണ്ടോയെന്ന് എനിക്കുപോലും തോന്നി.അതല്ലേ അന്ന് കടവരാന്തയിൽ ചിരിച്ചോണ്ടിരുന്ന എന്നെ ഏതോ ഒരുത്തൻ വന്ന് വിളിച്ചപ്പോൾ ഒന്നും നോക്കാതെ കറിൽ കേറിപ്പോയത്. പോലീസുകാർ വന്നപ്പോൾ എന്നെ മാത്രം പൊക്കി കൂടെ കിടന്നവനെ ഒരു തെറി പോലും വിളിച്ചില്ല, പുറകിലൂടെ
അവന് പോകാൻ ടോർച്ച് കാണിച്ച് കൊടുക്കുന്നതും കണ്ടു.

രണ്ടരക്കൊല്ലം റെസ്‌ക്യു ഹോമിൽ കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായത് മറ്റൊന്നാണ് ഒരു പെണ്ണിന്റെ മുകളിൽ പത്ത് മിനിറ്റിൽ കൂടുതൽ തിളക്കാൻ ഒറ്റൊരുത്തനും കഴിവില്ല..
പക്ഷെ റെസ്‌ക്യുവിലെ വാർഡനൊണ്ടല്ലോ
കെ പി ഗ്രീഷ്മ, അവളെപ്പോലെഒരുത്തിക്ക് ആണെന്നോ പെണ്ണെന്നോയില്ല. നിന്നങ്ങ് കത്തും കിടിലൻ വർക്കാണ്. നമ്മുട ഈ  മന്സൂറിക്കയെയെങ്ങാനും കെ പി ഗ്രീഷ്മയുടെ മുന്നിൽ ചെന്ന് പെട്ടാൽ.അതോർത്ത് എത്ര തവണ ചിരിച്ചിട്ടുണ്ടെന്നോ...?"

മാധവിക്കുട്ടി വിരല് ചൂണ്ടിയപ്പോൾ മൻസൂർ മുന്നിൽ നിന്നയാളോട് എന്തൊക്കെയോ സംസാരിക്കുന്നതായി അഭിനയിച്ചു. അവിടേക്ക് നോക്കി മടങ്ങിവന്ന ചിത്രഗുപ്തനോട് മാധവിക്കുട്ടി കണ്ണിറുക്കി. അല്ലെങ്കിലും ഇക്ക അങ്ങനാ,
കണ്ണടച്ച് പാലു കുടിക്കുന്ന പൂച്ചയാ,എന്താ ഒരു അഭിനയം..

"തന്റെ മരുമോൻ മലയാളി ചെക്കന്മാരുടെ സൊയമ്പൻവാറ്റിനും, മരുഭൂമിയിലെ വരാല് പെണ്ണുങ്ങൾക്കുമായി സൂപ്പർ മാർക്കറ്റിലെ വരുമാനം ഒഴുക്കുന്നുണ്ടെന്ന് കൈയോടെ പിടിച്ച അസനാർ വിസ റദ്ദാക്കി ഇയാളെ നാട്ടിലേക്ക് അയച്ചു. ചില  ബന്ധുക്കളെ പാർട്ട്നറാക്കി പ്രവാസി മൊബൈൽസ് എന്ന രസികൻ ജയിൽ മന്സൂറിക്കയ്ക്ക് വേണ്ടി തുടങ്ങിയിട്ട് ആറുമാസമേ ആയിട്ടേയുള്ളൂ.
റെസ്‌ക്യു ഹോമിൽ തൊഴിൽ പഠിപ്പിക്കാൻ
വന്ന വെളുത്ത ചെക്കനെ കണ്ടിട്ടാണ് മൊബൈൽ റിപ്പയർ പഠിച്ചത്. എന്റെ അഭിപ്രായത്തിൽ ഈ ഭൂമിയിലെ പെണ്ണുങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല ജോലി മൊബൈൽ സർവീസിങ്ങായിരിക്കും.
ഒരേ സമയം എന്തൊക്കെ ചെയ്യേണ്ടിവരുന്നെന്ന് അവർക്ക് തമ്മിലേ അറിയാൻ കഴിയൂ...

കാലാവധി കഴിഞ്ഞ് ഹോമിൽ നിന്ന്
വീട്ടിലേക്കുള്ള വഴിയിൽ വച്ചു തന്നെ വാട്ടർ അതോറിറ്റിക്കാരന്റെ തഴമ്പിച്ച കൈപ്പത്തി നക്ഷത്രങ്ങളൊടൊപ്പം എന്റെ കണ്ണിലെ വെള്ളം തുറന്ന് വിട്ടു.സ്‌കൂട്ടറിന്റെ പിറകിൽ ഇരുന്ന സി ഓമന ഒന്ന് നോക്കിയത് പോലുമില്ല. ശരിക്കും പൊന്നീച്ച പാറിട്ടോ, തല ചുറ്റൽ തോന്നിയിട്ട്
ഞാൻ ചാരിയിരുന്ന മതിലിൽ സല്മാ മൊബൈൽസിന്റെ  വാണ്ടട്ട് പരസ്യം ഒട്ടിച്ചിരുന്നു. ആ നമ്പറിൽ വിളിച്ചപ്പോഴോ
"ഇവിടെ പെണ്ണുങ്ങളെയാണ് ആവശ്യമെന്ന്" മറുപടി. എനിക്ക് അച്ഛ്ന്റെ വാക്കുകൾ ഓർമ്മവന്നു. നേരെ ചെന്നു നിന്ന് ചില തല കുലുക്കൽ മതിയായിരുന്നു മൻസൂർ ഇക്കയെ  വിശ്വസിപ്പിക്കാൻ. കരിഞ്ഞ് കിടക്കുന്ന എന്റെ ശരിക്കുള്ള രൂപം കാണണമെങ്കിൽ 'മാധവിക്കുട്ടി നിലാവിനെ പ്രണയിച്ചവൾ' എന്ന ഫേസ്ബുക്ക് പ്രൊഫയിൽ നോക്കിയാ മതി.
മുഖചിത്രം ചുണ്ടുകൾ മാത്രമാണ്,
അതിൽ നോക്കിയാണ് മന്സൂറിക്ക ജോലി തന്നത്.അസനാർ കടയിൽ വരുന്ന ദിവസം എന്നെ എറണാകുളത്ത് പാട്‌സ്  വാങ്ങാനും വിടും. അല്ലെങ്കിൽ പാട്‌സ് വാങ്ങാനും സ്റ്റോക്ക് എടുക്കാനും എന്നെയും കൂട്ടി എല്ലാ മാസവും ഒരു പോക്കുണ്ട്.സൽ‍മതാത്ത വന്ന ദിവസം എന്നോട് കുറേ നേരം സംസാരിച്ചു എന്റെ ശബ്ദം കേൾക്കുന്തോറും അവർക്ക് എന്തോ സന്തോഷമുള്ളത് പോലെ..
"ന്റെ സല്മാ അത് മറ്റേ കേസാ" മന്സൂറിക്ക എത്ര പതിയെപ്പറഞ്ഞിട്ടും ഞാനത് കേട്ടു, കൊച്ചു കള്ളൻ. രസം എന്താണെന്ന് പറഞ്ഞാൽ കൃത്യം ഇരുപത് മിനിറ്റ് മുൻപ്  ഇക്ക എന്റെ ചുണ്ടിൽ അമർത്തി കടിച്ചിരുന്നു. അവര് ഇത്തിരിക്കുടെ അടുത്ത് നിന്ന് സംസാരിച്ചെങ്കിൽ  മൻസൂർ ഇക്കാ സ്ഥിരമായി ഉപയോഗിക്കുന്ന ട്രിപ്പിൾ ഫൈവ് സിഗരറ്റിന്റെ മണം കിട്ടുമായിരുന്നു.അതൊക്കെ അവർക്ക് കിട്ടാതിരിക്കുമോ...?
എന്റെ സംശയം അതൊന്നുമല്ല ഇത്രയും നല്ല സൽ‍മയെ വച്ചിട്ട് എന്റെ പുറത്ത് കയറാൻ വരുന്നതിന്റെ രസതന്ത്രമെന്താണെന്നാണ്..?
ഒരിക്കൽ ഏർണാകുളത്തുവച്ച് ഞാനിത് ചോദിച്ചു
എന്റെ പുറത്ത് കിടന്ന് തുഴഞ്ഞ് തുഴഞ്ഞ് വഞ്ചിപ്പാട്ടിന്റെ താളത്തിൽ രണ്ട് വരികൾ..
ഹാ ഓർമ്മാവന്നു..
'വിശപ്പിന്ന് വിഭവങ്ങൾ..."

മാധാവിക്കുട്ടിയുടെ പിന്നിൽ നിന്ന വൃദ്ധൻ ആ പാട്ട് പൂരിപ്പിച്ചു. അതിന്റെ ആശയം വിശദീകരിച്ച്  പറയാൻ തുടങ്ങിയപ്പോൾ ആളുകളുടെ ശ്രദ്ധമുഴുവൻ മാധാവികുട്ടിയുടെ കഥയിലാണെന്ന് കണ്ട് നിരാശയോടെ നിർത്തി..

"അവനോന്റെ ആവശ്യം കഴിഞ്ഞാ
എഴുന്നേറ്റ് പോണ ആണുങ്ങളെപ്പോലെയല്ല
ഈ  മന്സൂറിക്കാ. കൊറെ നേരം അങ്ങനെ കെടക്കും, തുടക്കം മുതൽ തീരണത് വരെ ആ മുഖത്ത് പാട്ടും നുണക്കുഴിയുള്ള ചിരിയും ഉണ്ടാകും, ചിലപ്പോ ഒന്നിച്ച് കുളിയും കഴിഞ്ഞേ പോവൂ. അതൊക്കെ ഓർത്ത് കടയിലെ സ്റ്റോക്ക് തീർന്ന് കിട്ടാൻ ഞാൻ എന്തോരം പ്രാർത്ഥിച്ചി ട്ടുണ്ടെന്നോ..? ഇതൊന്നും ഇല്ലെങ്കിലും ആവശ്യം കഴിഞ്ഞാലും ചിരിച്ചോണ്ട് ഇത്തിരി നേരം അടുത്ത് കെടന്നാ തീരണ പ്രശ്നങ്ങളെ ഇന്ന് പല കുടുംബത്തിലും ഒള്ളു..."

കഥ കേട്ടിരുന്ന ഒരുത്തി അപ്പോൾ മന്സൂറിനെ ആരാധനയോടെ നോക്കി. ഈ സമയം ചിത്രഗുപ്തൻ അവളുടെ  പേര് ഉറക്കെ വായിച്ചു.
അവൾക്ക് സ്വർഗത്തിലേക്ക് പോകാൻ തീരെ ആഗ്രഹമുണ്ടായിരുന്നില്ല..

"അപ്രതീക്ഷിതമായി അസനാര് വരുന്ന ദിവസങ്ങളിൽ മന്സൂറിക്ക ഏതാണ്ട് കൂട്ടിൽ കിടക്കണ വെരുക് പായണത് പോലെയാകും.. സർവീസ് റൂമിൽ ശ്വാസം മുട്ടിയിരുന്ന് ഒന്നുരണ്ട് തവണ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..കണക്ക് നോക്കലും, ഫോണ് നോക്കലും റീചാർജ്ജ്  കൂപ്പൺ കൂട്ടി നോക്കലും
ഏ സിയിൽ നിന്ന് മൻസൂർ മുതലാളി വിയർക്കും.
എന്റെ ഊഹം ശരിയാണെങ്കിൽ വിലയില്ലാത്ത ഞാനുൾപ്പെടെ അവിടെ കത്തിക്കരിഞ്ഞ് കിടക്കുന്നത് ഏകദേശം ഇരുപത്തിയൊന്ന് ലക്ഷം രൂപയുടെ മുതലാണ്. ഏ സിയുടെ എന്തോ പുക വന്ന് ശ്വാസം മുട്ടിയാണ്  മാർട്ടിൻ മരിച്ചത്.
ടേബിളിൽ നിന്ന് അടിച്ചുമാറ്റിയ ആ മെമ്മറികർഡും എടുത്തോണ്ട് പുറത്തേക്ക് ഓടാൻ നോക്കിയപ്പോഴാണ് ഞാനും  ബോധംകെട്ട്  വീണത്‌. പിന്നെങ്ങയാണ് ആ കടയ്ക്ക് തീ പിടിച്ചതെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാവണില്ല.
നമ്മുടെ മൻസൂറിക്കാ ഇനി സുകുമാരക്കുറുപ്പ് മോഡൽ പരീക്ഷിച്ചതാണോ..?
ആ മാർട്ടിൻ എന്റെ പിന്നിൽ നിന്ന് കുതിരകളിച്ച്  വിയർക്കുമ്പോൾ പറഞ്ഞിരുന്നു. കടയുടെ മുന്നിൽ  സ്റ്റാൻഡേർഡ് മോഡൽ ബുള്ളറ്റിന്റെ ശബ്ദം കേട്ടെന്ന്.കെ എൽ 74 സി 6969  മന്സൂറിക്കയുടെ  പുതിയ ബുള്ളറ്റല്ലേ..?
എനിക്കും ആ ശബ്ദം നല്ല പരിചയമുണ്ട്..? ഇൻഷ്വറൻസ് കിട്ടാൻ സൽ‍മ മൊബൈൽസ്...?"

മാധാവിക്കുട്ടിയും ചിത്രഗുപ്തനും വരിനിന്നവരും സംശയ രൂപത്തിൽ മന്സൂറിനെ നോക്കി.
അയാൾ തല താഴ്ത്തി തെറ്റിയ ഒരുത്തരം പോലെ  നിന്നു. മന്സൂറിന്റെ നില്പു കണ്ട് വിഷമം തോന്നിയ മാധവിക്കുട്ടി എല്ലാവരുടെയും നോട്ടം വേഗം കഥയിലേക്ക് വലിച്ചിട്ടു...

"നൈറ്റ് ചെയ്യുന്നില്ലാന്ന് എത്ര പറഞ്ഞിട്ടും
ആ മാർട്ടിനെ നിർബന്ധിച്ച്‌ പിടിച്ച് നിർത്തിയപ്പോഴേ എനിക്ക് എന്തോ പന്തികേട് തോന്നിയിരുന്നു..ഈ മന്സൂറിക്കയ്ക്ക് അറിയാത്ത ഒരു രഹസ്യം ഞങ്ങള് തമ്മിലുണ്ട്.
അവൻ എന്ന് നൈറ്റ് ചെയ്താലും എന്നെ ഹോസ്റ്റലിൽ വന്ന് വിളിക്കും.
നാലഞ്ച് ബിയറുമായിട്ട് ഞങ്ങള് ആർമ്മാദിക്കും..
നമ്മടെ മാർട്ടിൻ ചെക്കൻ ഇത്തിരി മുറ്റാട്ടോ..
അവൻ  ഫോണ് അഴിക്കണതും പോലെയാ മസില് പിടിക്കണ പെണ്ണുങ്ങളെ തുണി അഴിക്കണത്. ഏതെങ്കിലും ഒരാള് ഫോണ് നന്നാക്കാൻ കൊണ്ടു വന്നാൽ തീർന്നു. എത്ര ലോക്കിട്ട് സൂക്ഷിച്ച രഹസ്യവും അവൻ തോണ്ടിയെടുക്കും..
അതൊക്കെ വിറ്റ് കളിക്കാൻ അവന് സൂപ്പർ സ്ഥലങ്ങളും ഉണ്ട്. നമ്മടെ ഗൂഗിൾ ഓരോരുത്തർക്കും ഈ നെറ്റ് വർക്കിൽ പത്തോ പതിനഞ്ചോ ജി ബി തരുന്നുണ്ട്.
അതുകൊണ്ട് നമ്മൾ ക്യാമറയിൽ എടുക്കണതും തിരഞ്ഞ് നോക്കണതും ഓക്കെ അവിടെ മേഘങ്ങൾക്കിടയിൽ സൂക്ഷിച്ച് വച്ചിട്ടുള്ളത് ആർക്കെങ്കിലും അറിയോ..?

മന്സൂറിക്കയും ഞാനും തമ്മിലൊള്ള ക്ലിപ്പ് വരെ
അവന്റെ കൈയ്യിലുണ്ട്. അതല്ലേ അവൻ വിളിക്കുമ്പോൾ ഞാനങ്ങ് പോണത്..
ഞാനറിയാതെ ഇക്കാ പിടിച്ചത് ഇക്കയറിയാതെ ഫോണീന്ന് അവൻ പൊക്കി. അതൊക്കെ ഇട്ടു വച്ച
മെമ്മറി കാർഡ് ബോധം പോകും മുൻപ് ആ ഞാനങ്ങ് വിഴുങ്ങിയിരുന്നല്ലോ. കീറി നോക്കണവന്മാർക്ക് അതൊന്നും കിട്ടാതിരുന്നാ മതിയായിരുന്നു.എന്റെ കാര്യമൊന്നും ഓർത്തിട്ടല്ല ആ കൊച്ചിന്റെ..."

അപൂര്ണമായി നിർത്തിയ മാധവിക്കുട്ടി
ചുറ്റും നോക്കിയിട്ട് ഒരു രഹസ്യം പോലെ  തുടർന്നു..

"ആരെങ്കിലും ഒരു ഫോണുമായി വന്നാൽ മാർട്ടിൻ മാളത്തിൽ നിന്ന് വരണ പാമ്പ് പോലെ ഒരു വരവുണ്ട്. പെണ്ണാണെങ്കിൽ അവന്റെ ചുണ്ടുകൾകിടയിൽ കൊതി കിടന്ന് പിടയ്ക്കുന്നത് കാണണം.ചെറിയ പ്രശ്നാണെങ്കിലും ഒരു ദിവസം അവൻ അത് വാങ്ങി വയ്ക്കും.
എല്ലാം തോണ്ടി എടുക്കണത് മാത്രല്ല സൂപ്പറായി സർവീസും ചെയ്യും, ഫ്രീയായിട്ട് നല്ല പാട്ടും കയറ്റിക്കൊടുക്കും. അതോടെ ആ ഫോണിന് പിന്നീട് എന്ത് പ്രശ്നം വന്നാലും അവർ അവനെയെ കാണിക്കു..മന്സൂറിക്കായും സൽമ്മയും ഫോണ് തുറന്ന്
വച്ച് കാണിച്ചത് വരെ ആ ചെക്കൻ വിറ്റ് കാശാക്കി. ആണുങ്ങളെക്കാൾ ഫോണ് തുറന്ന് വച്ച് ഓരോന്ന് ചെയ്യാൻ പെണ്ണുങ്ങൾക്ക് തന്നെയാ കൂടുതൽ ഇഷ്ടം എന്നിട്ടോ.? ഇക്കാ നിൽക്കുന്നോണ്ട് ഞാനൊന്നും പറയണില്ല..."

വിദ്യാധരൻ എന്ന പേര് ചിത്രഗുപ്തൻ വിളിച്ചപ്പോൾ പിന്നിൽ നിന്ന വൃദ്ധൻ വഞ്ചിപ്പാട്ടിന്റെ അടുത്ത വരി പാടി അകത്തേക്ക് നടന്നുപോയി...
മാധവിക്കുട്ടി നീരസത്തോടെ ചിത്രഗുപ്തനെ നോക്കിയിട്ട് മന്സൂറിന്റെ അടുത്തേക്ക് നീങ്ങി നിന്നു...

"എനിക്ക് ചുരിദാറും ഫോണും കിട്ടിയത് എങ്ങനാന്നാ ഇക്കാടെ വിചാരം.
ആ ചെറുക്കൻ നിങ്ങളത് ഉൾപ്പെടെ നാന്നൂറിൽ കൂടുതൽ ഐറ്റം വിറ്റായിരുന്നു.
ഹിഡൻ ക്യാമറ, റിയൽ ഷോട്ട്, ടീൻ ഗേൾ, ബെഡ് റൂം, വെബ്ക്യാം ചാറ്റ്, അവൻ എല്ലാം ഇനം തിരിച്ച് അടുക്കി ഒതുക്കി വച്ചിട്ടുണ്ട്. അതെല്ലാം ഒരിക്കെ ഞാൻ തുറന്ന് നോക്കിയതിന് പകരം തന്നതാണ്.
അവൻ ആരാ മോൻ..

ഇനി ഞാനങ്ങ് സത്യം പറഞ്ഞേക്കാം മാർട്ടിനെ ഒന്ന് മയക്കികിടത്തി ആ കൊച്ചിനെ രക്ഷിക്കണമെന്നെ എനിക്കുള്ളായിരുന്നു...
ഏത് കൊച്ച് എന്നൊന്നും നിങ്ങളറിയണ്ട അറിയണ്ട. ആ കെച്ച്  കടയിൽ കയറി വന്നപ്പോൾ മന്സൂറിക്കപോലും വെള്ളമിറക്കാൻ തുടങ്ങിയത് ഞാൻ കണ്ടതാ. പിന്നെയല്ലേ മാർട്ടിൻ, ഏതാണ്ട് ബിരിയാണിപ്പൊതി അഴിക്കണത് പോലെ തുറന്നത്. പൊരിച്ച് മലർത്തി വച്ചേക്കുന്ന ഇറച്ചിപോലെ കൊച്ചിനെ അവൻ എടുത്തു.
ഏതോ ഒരു നമ്പറിലേക്ക് ആ കൊച്ച് അയച്ച് കൊടുത്തത് മുഴുവൻ 'ക്യൂട്ട് ടീൻ ഹോട്ട് ചാറ്റ്' എന്ന ഫോൾഡറിൽ പൂഴ്ത്തി വച്ചു..
എനിക്ക് ഉറപ്പാ മാർട്ടിൻ അതും വിൽക്കും.
അത് വിറ്റാൽ എനിക്കൊന്നും ഉണ്ടായിട്ടല്ല.. എന്നാലും വർക്ക് സ്വീകരിച്ചു എന്ന് കാണിക്കുന്ന സ്ലിപ്പ്‌ ഞാനാപെണ്ണിന് എഴുതി കൊടുക്കുമ്പോൾ മൂക്കിന്റെ അറ്റത്തെ വിയർപ്പ് തുടച്ചിട്ട്...

"ആ ഫോണിൽ കെടക്കണ ഫയാലൊക്കെ പോവുമോ ചേച്ചീ"ന്നാ ചോദിച്ചത്.
മുൻകൂറായി നാന്നൂറ് രൂപ തന്നപ്പോൾ,
ആ കൊച്ചിന്റെ കൈയുടെ വിറ ഞാൻ കണ്ടതാ.
എന്തോ അതിനോട് എനിക്കൊരു സ്നേഹം.
സ്‌കൂൾ യൂണിഫോമിൽ മുഖം പോലും മറയ്ക്കാതെ അയച്ചു കൊടുത്തതെല്ലാം
മാർട്ടിന്റെ ഫോണിൽ മൂന്നോ നാലോ തവണ ഞാനും കണ്ടു.
അവനോട് ഞാൻ പറഞ്ഞിട്ടും കാര്യമില്ലെന്ന് അറിയാം. അതാ അവൻ വന്ന് വിളിച്ചപ്പോൾ പോന്നതും. ഇച്ചിരി ബിയർ ഉള്ളിൽ ചെന്നാൽ അവൻ മഹാ കൂറയാ, എന്നെപ്പിടിച്ച് കുനിച്ച് നിർത്തിയപ്പോ തന്നെ ടേബിളിൽ ഇരുന്ന മെമ്മറി ഞാൻ പൊക്കി. അവൻ പെട്ടെന്ന് കുഴഞ്ഞ് വീണപ്പോ എനിക്കും എന്തോ പന്തികേട് തോന്നി.
ഷട്ടറ് തുറക്കാൻ നോക്കിയപ്പോഴ അവനാണല്ലോ താക്കോൽ എവിടെയോ വച്ചത് എന്നോർത്ത് തിരിഞ്ഞപ്പോൾ ഞാനും വീണു.
ബോധം പോകും മുൻപ്, ന്റെ മന്സൂറിക്കാ നിങ്ങളെ ബുള്ളറ്റിന്റെ ശബ്ദം വ്യക്തമായിട്ട് കേട്ടതാ. നിങ്ങള് കാര്യങ്ങളൊക്കെ അറിഞ്ഞിട്ട് ഞങ്ങളെ കൊന്നതാണോ..?"

ചിത്രഗുപ്തന്റെ വിളികേട്ട് മൻസൂർ സ്വർഗത്തിലേക്ക് ഓടി.അയാൾ
ഒന്നുരണ്ട് തവണ തിരിഞ്ഞ് മാധാവിക്കുട്ടിയെ  നോക്കി.വരിയിലെ ആളൊഴിഞ്ഞിട്ടും മാധവിക്കുട്ടി കഥ പറയുകയാണ്.പുസ്തകം മടക്കിവച്ച് ചിത്രഗുപ്തൻ എഴുന്നേറ്റു...

"എന്റെ പേരില്ലേ ചിത്രാ"
"ഇല്ല" ചിത്രഗുപ്തന്റെ കണ്ണ് നിറഞ്ഞു.
"എഴുതി ചേർക്കാൻ" മാധവിക്കുട്ടി പ്രതീക്ഷയോട  നോക്കി.
"കഴിയില്ലല്ലോ" ചിത്രഗുപ്തന്റെ വാക്കിൽ നിരാശ നിറഞ്ഞു നിന്നു.
"ഇനിയെന്താ ചെയ്യുക"
"നീ ആ പാട്ട് ഒന്ന് പാടുമോ"
'ഏത് പാട്ട്"
"മൻസൂർ പാടുന്ന വഞ്ചിപ്പാട്ട്"
മാധവിക്കുട്ടി ചിരിച്ചു. "സ്വർഗോണ്ടാ"
"ഉം"
"എനിക്കെന്താ അത് കിട്ടാത്തത്"
"നിനക്ക് അത്ര വലിയ ശിക്ഷയില്ലല്ലോ..?"
ചിത്രഗുപ്തന്റെ കവിളിൽ നുണക്കുഴി തെളിഞ്ഞു. അവർ അവിടെ ഒരു വഞ്ചിയിറക്കി,
അവർക്ക് ചുറ്റും നിലാവ് സ്വർഗം പോലെ തെളിഞ്ഞു...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment