Saturday 20 July 2019

വാല്..!!

വാല്..!!

ആ കുരങ്ങനും പട്ടിക്കും വാല് നീണ്ട് നിവർന്നതായിരുന്നു. ജർമ്മൻ ഷെപ്പേർഡെന്നോ  കാടിറങ്ങിവന്ന വെറുമൊരു ചന്തക്കുരങ്ങെന്നോയില്ലാതെ രണ്ടിന്റയും വാലുകൾ ചേർത്തുകെട്ടി,
കുഴിച്ചിടാൻ സത്യന്റെ ഒപ്പം വന്ന കാണിച്ചെറുക്കാൻ  വലിച്ചിഴച്ചുകൊണ്ട് പോകുമ്പോൾ അപകടകരമായ രഹസ്യത്തിന് സാക്ഷിയാകാൻ നിൽക്കാതെ ഭാര്യ മക്കളെയും കൂട്ടി അകത്തേക്ക് പോയി ഞാൻ അടിവയറ്റിൽ കൈ ചേർത്ത് മൂന്നാമത്തെ തവണയും ശൗചാലയതത്തിലേക്കു കയറി..

പഞ്ചായത്തിന്റെ ചുവരുകളിൽ
കുരങ്ങ്-പട്ടി ആക്രമണത്തിനെതിരെ  ഒട്ടിച്ച പോസ്റ്ററുകൾ പ്രയോജനമില്ലാതെ വന്നപ്പോഴാണ് സത്യനെ വിളിച്ചത്. കാണിമലയിലെ ഈ ചെറുക്കാനെയും കൂട്ടിവന്ന് ഒറ്റ ദിവസത്തിൽ സംഗതി ക്ളീൻ.
പഴത്തിൽ പൊതിഞ്ഞ് പൊട്ടിത്തെറിക്കുന്ന എന്തോ കൊണ്ട് കുരങ്ങനും
കാഞ്ഞിരം പട്ട കലർത്തിയ കോഴിയിറച്ചി തിന്ന് പട്ടിയും ചത്തുകിടന്നു..
ഫോറസ്റ്റ്കാരോ പ്രകൃതി ജന്തു സ്നേഹികളോ അറിഞ്ഞാൽ പണി പാളും..
"തെറ്റാടിക്ക്  ഇനിയിങ്ങോട്ട് വരാത്ത പോലെ ഓടിച്ചാതിയാ സാറേ" മൂക്കിൽ വിരലിട്ട് ആ ചെറുക്കൻ കുരങ്ങിനുവേണ്ടി വാദിച്ചിട്ടും ഞാനാണ് സമ്മതിക്കാതിരുന്നത്...

"സ്വപ്പ താത്തി കുഴിയെടെ ആരെങ്കിലും തോണ്ടിയെട്ത്താ നമ്മളെ സാറ് തന്നെ... "
യൂറോപ്യൻ ക്ളോസറ്റിന്റെ പുറത്തിരുന്ന് അവരുടെ വർത്തമാനം കേട്ടിട്ട് എനിക്ക് വല്ലാത്ത ദേഷ്യം വന്നു.ഈ നാടിന് മുഴുവൻ അപകടമായ രണ്ട് വാലാണ് അവിടെ കുഴിച്ചിടുന്നത്..
ഇന്നലെ ബാറിലിരുന്ന് തിന്ന തലക്കറിയായിരിക്കും ഇങ്ങനെ കുത്തിയിരിക്കാൻ കാരണം..
തലക്കറിയേക്കാൾ ' സത്യന്റെ തല തിന്നാ'നാണ് ഗായത്രി ബാറിലെ നൂറ്റിയെട്ടിലേക്ക് വാര്യര് സാർ എന്നെ വിളിപ്പിച്ചത്.
അറിസ്റ്റോക്രാറ്റിന്റെ ഒരു കുപ്പി തീർന്നപ്പോൾ സത്യനെതിരേയുള്ള ഗൂഢാലോചന പൂർത്തിയായി.പിയൂൺ സുദർശനൻ, ലീലാവതി ടീച്ചറുടെ ഭർത്താവും പാർട്ടി ലോക്കൽ കമ്മറ്റിയംഗവുമായ യതീന്ദ്രൻ കർത്ത അങ്ങനെ സാക്ഷി പട്ടികയിലെ സകല തലകളും അതിനിടയിൽ വന്ന് തലക്കറിയിലും അറിസ്റ്റോക്രാറ്റിലും വിരല് മുക്കി...

"ഹരീ നീ സൗകര്യപോലെ ഇറങ്ങിയാമതി,
ഈ ചെറുക്കന്റെ പൈസ ഞാൻ കൊടുത്ത്.
നാളെ കോടാതീലോട്ട് ഒരുമിച്ച് പോവാം..."
സത്യൻ പുറത്ത് നിന്ന് വിളിച്ച് പറഞ്ഞിട്ട് പോയി. പെട്ടെന്ന് വയറ്റിൽ നിന്ന് എന്തൊക്കെയോ കുഴഞ്ഞുമറിഞ്ഞ് പോയി..

"ഈ കേസില് സത്യനെ ഒതുക്കണം,
ഇല്ലെങ്കിൽ നാളെ ഒരിക്കൽ അവൻ നിങ്ങടെ തലയിൽ അധികാരത്തോടെ കയറിയിരുന്ന് തൂറും.."യാതീന്ദ്രൻ കർത്ത ഇതും പറഞ്ഞ് റൂമിൽ നിന്നിറങ്ങിപ്പോയപ്പോൾ വാര്യര് സാറിൽ നിന്ന് ഒരു  ദീർഘനിശ്വാസം ഉയർന്നു. അദ്ദേഹം എന്നെ നോക്കി..
"ഹരീ നീ ഞങ്ങളെ ഒപ്പം നിൽക്കുവോ,
ഇനി അവന്റെ കാര്യത്തില് പാർട്ടിപോലും സൈലന്റ് ആയിക്കോളും.."

പെൻഷൻ പുതുക്കി പണിയുന്ന
കാലത്തെ സമരത്തിൽ ജീവനക്കാരെ തടഞ്ഞത്തിന്റെ പേരിൽ സത്യനെതിരെ കേസ് വന്നിരുന്നു. പ്രൊബേഷന്റെ പേരിൽ സമരത്തിലൊന്നും പങ്കെടുക്കാതെ മാറിനിന്ന കാലം. പ്രൊബേഷൻ ആയിട്ടുപോലും സത്യൻ സമരത്തിന്റെ മുൻ നിരയിൽ തന്നെ നിന്നു.
സ്‌കൂളിലെ എച്ച് എം സത്യന്റെ തന്നെ അകന്ന ബന്ധുവായിട്ടും ചെറിയ വാക്കേറ്റവും പ്രശ്നങ്ങളുമുണ്ടായി. പേലീസ് വന്ന് കേസെടുത്തപ്പോൾ സാക്ഷിയായി ഞാനും വാര്യര് സാറും ലീലാവതി ടീച്ചറും ഒപ്പിട്ടു. പിന്നോക്ക പീഡനം കൊലപാത ശ്രമം ഉൾപ്പെടെ ആറോ ഏഴോ വകുപ്പുകൾ ചേർത്തായിരുന്നു കേസ്. പാർട്ടി ഇടപെട്ട് സ്റ്റേഷനിൽ വച്ച് കേസൊക്കെ പതിയെ ഒത്തു തീർത്തെന്നായിരുന്നു എല്ലാവരും കരുതിയത്.പക്ഷെ സാക്ഷികളായാ ഞങ്ങൾ ഇതുവരെ കോടതിയിൽ ഹാജരാകാത്തത് കാരണം വാറണ്ട് ആയി..
പാർട്ടി കേസിൽ സഹായിച്ചില്ലെന്നും പറഞ്ഞ് തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന കാലത്താണ് സത്യൻ ആചാര സംരക്ഷണ സമിതിയുടെ സമരത്തിൽ പോയത്..അതോടെ പാർട്ടി സത്യനെ തള്ളി...

സത്യനും എനിക്കും ഒരേ പ്രായമാണ്.
പത്ത് വരെ ഒരേ ക്ലാസിൽ. പിന്നെ ബി എഡ് കാലത്താണ് ഒരേ സ്‌ഥാപനത്തിൽ വരുന്നത്.
ഒരേ കാലത്ത് പി എസ് സി ലിസ്റ്റിൽ കയറിയെങ്കിലും ലിസ്റ്റിലെ പിന്നിൽ നിന്ന് സംവരണ വേഗത്തിൽ അവൻ മുന്നിലെത്തി.
ഒന്ന് രണ്ട് പത്രങ്ങളൊക്കെ അവന്റെ ചിത്രം വച്ച് വാർത്തയാക്കിയിരുന്നു...

"ആയകാലത്ത് ഇവനൊക്കെ ഈ പറമ്പിന്റെ ഏതെങ്കിലും കോണില് കുഴികുത്തി കഞ്ഞിക്ക് കാത്തികുമായിരുന്നു.
എടാ ഹരീ നിന്റെ ലിസ്റ്റിൽ ഒരു മാറ്റവും ഇല്ലേ..."
അന്ന് അമ്മാവൻ കുറേ എസ് ടി ഡി വിളിച്ചു.
കല്യാണക്കത്തുമായി വന്ന സത്യന്റെ മുഖത്ത് പോലും അമ്മാവൻ നോക്കിയില്ല...

"ഇവന്റെ അച്ഛ്ൻ കുഴികുത്തി കാത്തിരുന്നത് ദോ അവിടെയാ.." അന്ന് വിരല് ചൂണ്ടിയ അതേ ഇടത്ത് തന്നെയാണ് ക്യാൻസറിന് കീഴടങ്ങിവന്ന അമ്മാവനെ ദഹിപ്പിച്ചത്.
ഒന്നാം ചരമ വാർഷികത്തിന്റെ വാർത്ത പത്രത്തിൽ കൊടുത്ത് മടങ്ങിവന്ന ദിവസമാണ് നിയമന ഉത്തരവുമായി പോസ്റ്റ്മാൻ വന്നുപോയത്.
രജിസ്റ്ററിൽ ആദ്യ ഒപ്പിട്ട ദിവസം സത്യൻ ഒരു ചിരിയോടെ അടുത്ത് നിൽപ്പുണ്ടായുരുന്നു എന്നിട്ടും അഞ്ചോ ആറോ വരി മുകളിൽ നിൽക്കുന്ന സത്യനെയാണ് ഞാനന്ന് കണ്ടത്...

അനിരുദ്ധവാര്യര് എന്ന പേര് സത്യന്റെ ഇത്തിരി മുകളിൽ കിടക്കുന്നത് കണ്ടിരുന്നു..
സ്റ്റാഫ് റൂമിന്റെ കോണിലിരുന്ന് മുറുക്കാൻ പുറത്തേക്ക് തുപ്പിയിട്ട്
"നമ്മടെ കിളിയ്യൂര  ചെറുക്കാനാണ് ഇവിടെ വന്ന് തൊണ്ട വറ്റിക്കേണ്ട കാര്യൊന്നും കിളിയൂര് കാർക്ക് ഇപ്പോഴും ഇല്ലാ എന്നാലും ഒരു ജോലി വേണൊല്ലോ അല്ലെ ഹരീ...."
സത്യൻ എനിക്ക് ഒരുക്കിയിട്ട മേശയും കസേരയും വാര്യര് സാറിന്റെ ഇടത് വശത്തോട്ട് നീക്കിയിടാൻ എനിക്കും വലിയ ആവേശമായിരുന്നു..

"കലോത്സവം നമ്മടെ ഹരിയെ ഏൽപ്പിച്ചമതി,
പണ്ട് കഥകളിയോഗമൊക്കെ ഉണ്ടായിരുന്നില്ലേ..?"
ലീലാവതി ടീച്ചർ എന്നെ നോക്കി ചിരിച്ചു.
ഉച്ചക്കഞ്ഞിയും, എൻ സി സിയും, ഏറ്റെടുക്കാൻ ആളില്ലാതെ ഇത്തവണയും സത്യന്റെ മുകളിൽ തന്നെയിരുന്നു. അരിച്ചാക്ക് ചുമക്കാനും കക്കൂസ് കഴുകാനും, സേവനവാരത്തിനും സത്യനും കുട്ടികളും പോകുമ്പോൾ സ്റ്റാഫ് റൂമിലും  വരാന്തകളിലും നിന്ന് ആത്മാർത്ഥതതയെ എല്ലാവരും വാനോളം പുകഴ്ത്തി..
കൈകഴുകി മാലിന്യവെള്ളം ഒഴുകുന്ന പൈപ്പിലെ തടസം മടലിന്റെ ഭാഗം കൊണ്ട് കുത്തിക്കളഞ്ഞ് വന്ന സത്യനെക്കണ്ട്..
"നിന്നെക്കൊണ്ടേ ഇതൊക്കെ പറ്റൂ സത്യാ" എന്നാരോ കമന്റ് പാസാക്കി..
വാര്യര് സാറ് എന്റെ തുടയിൽ നുള്ളി കുനിഞ്ഞിരുന്ന് ഞങ്ങൾ ചിരിച്ചു..
സത്യന്റെ പാത്രത്തിലെ ആറ്റുമീനിന്റെ പൊരിച്ച കഷ്ണം തിന്നാൻ കൊതിയുണ്ടായിട്ടും സത്യൻ ഉണ്ണുമ്പോൾ നിവർന്ന് നോക്കിയിരുന്നില്ല..
ലീലാവതി ടീച്ചറിനെ മറികടന്ന് പോകാൻ അവരും അനുവദിച്ചിരുന്നില്ല..
സ്റ്റാഫ് റൂമിലെ കൈകഴുകാനുള്ള സ്ഥലം സത്യൻ ഉപയോഗിക്കാത്തതിന്റെ കാരണം വാര്യര് സാറിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു..
"മീനിന്റെ മുള്ള് അതിൽ കിടന്നതിന്റെ അന്ന് ഞാൻ നല്ല നാല് അവനെ പറഞ്ഞല്ലോ, മൂത്രം ഒഴിച്ചാൽ പോലും വെള്ളം ഒഴിക്കൂല. അതെങ്ങനെ
ജാത്യാലൊള്ളത് തൂത്താൽ പോവോ..?"

ആ വർഷത്തെ  വാർഷിക പരീക്ഷയ്ക്കിടയിലാണ് വാര്യര് സാറിന് മൗനമുണ്ടായത്.
കോട്ടയ്ക്കൽ ഒരുമാസം ചികിത്സയിലായിരുന്നു.
നട്ടെല്ലിന് കാര്യമായിട്ടേന്തോ സംഭവിച്ചിരുന്നു അതിന്റെ കാരണം സ്‌കൂളിൽ ഒരാൾക്കും അറിയില്ലെങ്കിലും.സത്യന്റെ വാക്കുകളിൽ ഞാൻ പന്തികേട് മണത്തിരുന്നു..
"കോട്ടയ്ക്കൽ അയാള്ടെ ചൊറിച്ചിലിന്റെ ചികത്സയായിരുന്നു.."

പ്രമോഷൻ ലിസ്റ്റ് വന്ന വർഷം വാര്യര് സാറിന്റെ പേര് ഉണ്ടായിരുന്നെങ്കിലും
അത് കിട്ടും മുൻപ് പിരിയേണ്ടി വരും എന്ന് പറഞ്ഞ് നിരാശയോടെ മേശയിൽ കമഴ്ന്ന് ഇരിക്കുന്നത് കണ്ടു.
"ഹരീ നമ്മടെയൊക്കെ ഗതികേടാണിത് ഓരോടുത്തന്മാർ നമ്മളെ മുന്നിൽ കൂടെ
ചുമ്മാ അങ്ങ് കയറിപ്പോകും,
അതിനുള്ളത് കോട്ടും സൂട്ടും ഇട്ട ഒരോരുത്തന്മാർ എഴുതി വച്ചിട്ടല്ലേ പോയത്."
സത്യൻ ആ സമയം ഒൻപത് ബിയിൽ ചരിത്രത്തിലെ ചില നാഴികകല്ലുകൾ എന്ന ഭാഗം പഠിപ്പിക്കുകയായിരുന്നു..

കുട്ടികളുടെ അരി കടത്തിയെന്നും,
അശ്ലീല ചുവയോടെ സംസാരിച്ചെന്നും കുട്ടികളുടെ പേരിൽ ചില പരാതികൾ വകുപ്പ് തലത്തിൽ അയച്ചതിന്. എച്ച് എം തന്നെ നേരിട്ട് വാര്യർ സാറിന് മറുപടി കൊടുത്തു. അതിന്റെ ക്ഷീണം തീർക്കാൻ പത്ത് ബിയിലെ നന്ദനാ എസ് നായരെക്കൊണ്ട് പീഡന കേസ് ഒപ്പിക്കാൻ നോക്കിയത് മുളയിലേ പാളി.
"ഹരി കൊച്ചേ നിങ്ങളെ വീട്ടിലെ ഉപ്പും ചോറും തിന്നാണ് വളർന്നതൊക്കെ ശരി തന്നെ.
ആ കാട്ടുമാക്കാനൊക്കെ എന്റെ കൊച്ചിനെ തൊട്ടെന്ന്  സമ്മതിക്കണതിലും നല്ലത് കൊന്ന് കളയണതല്ലേ.."പിന്നെ കൊറേക്കാലം കേശവേട്ടന്റെ മുഖത്ത് നോക്കാൻ തന്നെ വല്ലാത്ത ഗതികേടായിരുന്നു, വാര്യരെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ച നിമിഷത്തെ ഓർത്ത് ശപിച്ചു..

വയറ്റിൽ എന്തൊക്കെയായ കലങ്ങിമറിയുന്നുണ്ട്
എന്തായാലും ഇങ്ങനെ ഇരിക്കുമ്പോൾ പുറന്തള്ളേണ്ടത് ഒഴിയുമ്പോൾ ഒരാശ്വാസം...

"ഹരീ നീ നാളെ കോടതിയിൽ പോകാൻ തീരുമാനിച്ച ?"
സുദർശന്റെ ഒപ്പം വാര്യര് സാറ് അമ്മയെ കാണാൻ വന്നപ്പോഴേ ഞാൻ ഈ ചോദ്യം ഉറപ്പിച്ചിരുന്നു...
"കൊറേ കാലമായി നിനക്ക് കിട്ടിയ ഒരു ബന്ധമാണ് " ശുദ്ധജാതകവുമായി രാഹുവും കേതുവും മുടക്കിയത് വാര്യര് സാര് ശരിയാക്കിത്തന്നതിന് പ്രത്യുപകാരമായി നാളെ ഒത്തതുതീർന്ന കേസ് സത്യന്റെ സർവീസിൽ വലിയ കുരുക്ക് ആക്കാൻ വാര്യര് സാർ ആഗ്രഹിക്കുന്നുണ്ടാകും..
ഒന്നുകിൽ ഞാൻ സത്യം പറയണം അല്ലെങ്കിൽ കേസിന് പോകാതെയിരിക്കണം.. ലീലാവതി ടീച്ചർ സാക്ഷിക്കൂട്ടിൽ നിന്ന് എന്തു പറയുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ...

"ഈ കുരങ്ങിനെ കൊല്ലാൻ എന്തെങ്കിലും വഴി നോക്ക്, ആ സത്യന്റെ ആൾക്കാര് ഇതിനെ തിന്നും എന്ന് കേട്ടിട്ടുണ്ട്..."
അലക്കിയിട്ട അടിവസ്ത്രവും എടുത്ത് മരത്തിന്റെ മുകളിലിരുന്ന കുരങ്ങനെ നോക്കി അമ്മ പറഞ്ഞിരുന്നു...
"അത് ഏതോ വലിയ വീട്ടില് വളർത്തിയതായിരിക്കും, നീണ്ട വാല് കണ്ടില്ലേ..
വിഷം വച്ച് കൊന്നില്ലെങ്കിൽ അപകടമാണ് നീ ആ സത്യനെ വിളിക്ക് അവറ്റകൾക്ക്  വിഷം വയ്ക്കാനൊക്കെ അറിയാം..."
പട്ടിയും കുരങ്ങനും ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. പറമ്പിൽ വീഴണതും തിന്ന് ഒന്നിച്ച് കഴിയുന്നു..
ആദ്യമൊക്കെ ചില കുരകളും ചീറ്റലും കേട്ടിരുന്നു. പക്ഷെ ഏറ്റവും ഒടുവിൽ കണ്ടത് പട്ടിയുടെ ശരീരത്തിൽ എന്തോ തിരഞ്ഞ് വായിലേക്ക് ഇടുന്ന കുരങ്ങനെയാണ്..

ഞാനിത് പറയുമ്പോൾ
നാളെ ശരിയാക്കാം എന്നല്ലാതെ മറ്റൊന്നും സത്യൻ പറഞ്ഞതുമില്ല...

കുറെ നേരം ഇരുന്നപ്പോൾ തലകറി പൂർണമായി പോയതുപോലെ.സ്‌കൂളിൽ എച്ച് എം ആയി സത്യൻ ചാർജ്ജ് എടുക്കുന്നത് ഞാൻ ഓർത്തുനോക്കി,
പ്രമോഷൻ ലിസ്റ്റിൽ ഒടുവിലായി കിടക്കുന്ന ഹരി എന്ന പേരും തെളിഞ്ഞ് വന്നു.
പിൻ ഭാഗം വൃത്തിയാക്കാക്കുമ്പോൾ പരിണാമത്തിൽ മാഞ്ഞിരുന്ന വാലിൽ തൊട്ടു നോക്കി.ഇന്നു തന്നെ ക്ഷീണം അഭിനയിച്ച് ആശുപത്രിയിൽ പോകണം. സത്യന്റെ തല തിന്നാൻ ആ മൗനം മതിയാകും...!!

കെ എസ് രതീഷ്, പന്ത
(ഗുൽമോഹർ009)


No comments:

Post a Comment