Wednesday 26 June 2019

ചോര തുടിക്കും ചെറു കൈയുകളേ പേറുക വന്നീ പന്തങ്ങൾ..!!

"ചോര തുടിക്കും ചെറു-
കൈയുകളേ പേറുക വന്നീ പന്തങ്ങൾ"..!!

ഭ്രാന്തുകലർന്ന ആ തണുപ്പ് അകത്തേക്ക് കയറാതിരിക്കാൻ ഞാൻ ജനാല ഇറുക്കിയടച്ചു. പുറത്തെ ചുമരിൽ ചാരിയിരുന്ന് മാമൻ പാടുകയാണ്.
നേരം വെളുത്താൽ ആദ്യം ഏതെങ്കിലും വണ്ടിയിൽ ആശുപത്രിയിൽ എത്തിക്കണം. 'ഇനി കറണ്ടടിപ്പിച്ചാൽ എന്റെ സുമാരൻ ചത്ത് പോകും' അമ്മാമ്മ ആവർത്തിച്ച് പറയുന്നുണ്ട്. ചാകുന്നെങ്കിൽ ചാകട്ടെ.
കൊന്നിട്ടെങ്കിലും..

"നിന്റെ മാമൻ പന്തേല് നിന്ന് പാടണ്,
ചെന്ന് വിളിച്ചോണ്ട് വാടാ മക്കളേ,
നീ വിളിച്ചാ അവൻ വരും..."
അന്നൊക്കെ അമ്മാമ്മയിൽ നിന്നിത് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉത്തരവാദിത്വവും സന്തോഷവും ഈ ഭൂമിയിൽ മറ്റാർക്കും അറിയില്ല.
ഒരുടുപ്പുമിട്ട് വടിയും എടുത്ത് പന്തയിലേക്ക് നടക്കും. ദൂരെ നിന്നേ മാമന്റെ വിപ്ലവ ഗാനങ്ങൾ കേൾക്കാം...

"എന്റെ സുമാരനെന്ന്" അമ്മാമ്മയും, 'നിങ്ങളെ മാരനെന്ന്' എന്റെ അമ്മയും, 'അലമ്പനെന്ന്' പന്ത നിവാസികളും,
'സുകുമാരക്കുറുപ്പെന്ന്' മാമന്റെ കൂട്ടുകാരും, എ.സുകുമാരൻ എന്ന് ആധികാരിക രേഖകളും,അടയാളപ്പെടുന്ന ആൾ ഒന്നു തന്നെയാണ്. അയാളെയാണ് പന്തയിൽ നിന്ന് ഞാനിതാ വിളിച്ചുകൊണ്ടുവരാൻ  പോകുന്നത്...

വടിയും പിടിച്ച് നിൽക്കുന്ന എട്ടു വയസുകാരന്റെ മുന്നിൽ ആ മുപ്പത്തിയാറുകാരൻ മുഴു ഭ്രാന്തിലും കാല്പനികമായ ഒരു ചിരി ചിരിക്കും..
കവിളിൽ  നുണക്കുഴി തെളിയും. അഴിച്ചെറിഞ്ഞ വസ്ത്രങ്ങളും ചെരുപ്പുമെടുത്ത് നടക്കുന്ന എന്റെ പിന്നാലെ അനുസരണയുള്ള മദയാനയെപ്പോലെ മാമൻ നടന്നു വരും.
വീട്ടിൽ കൊണ്ടെത്തിച്ച് അരപ്രൈസിൽ കേറി ഞെളിഞ്ഞിരിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരഭിമാനം വന്നുകേറും.
അമ്മാമ്മ എണ്ണ തേയ്പ്പിക്കുന്ന മാമനെ 'ഇനി കഞ്ചാവ് വീടി വലിക്കരുതെന്ന്'
ഞാൻ ഉപദേശിക്കും.
ഒരു ചിരിയോടെ മാമൻ എല്ലാം കേൾക്കും തലയാട്ടും..

എല്ലാ മീനമാസത്തിലും മാമന് ഈ ഇളക്കം പതിവാണ്.ഉറക്കമിളച്ചുള്ള വിപ്ലവ ഗാനങ്ങളിൽ തുടങ്ങി പൂർണ നഗ്നതയിൽ അവസാനിക്കുന്ന ഭ്രാന്തിന്റെ വേരുകൾ താത്കാലികമായെങ്കിലും ഇല്ലാതെയാകുന്നത്  ഊളമ്പാറയിലെ സെല്ലിലും ഷോക്കിലുമാണ്.കൂട്ടുകാരോ പാർട്ടിക്കാരോ പിടിച്ചുകെട്ടി അവിടെ എത്തിക്കലാണ് പതിവ്.
ചികിത്സ കഴിഞ്ഞാൽ മൊട്ടയടിച്ച ഒരു രൂപം നീണ്ട ഒരു ചിരിയുമായി വരും.
പിന്നെ നെയ്യാറിൽ വിസ്തരിച്ച ഒരു കുളി,
നീന്തൽ പഠിപ്പിച്ച ആശാന്റെ നല്ല ശിഷ്യനായി ഞാനും കൂടും.ഉപ്പന്റെ കണ്ണുപോലെ ആയിട്ടേ കയറിവരൂ. ഒരു ലൈഫ് ബോയി സോപ്പിന്റെ പകുതിയെങ്കിലും ആ കുളിയിലലിയും..

കരയിൽ നിന്ന് സോപ്പ് തേയ്ക്കുന്ന എന്നോട് ഒറ്റ ചോദ്യം.

" ഇപ്പൊ നിന്റെ പാർട്ടി ഏതാ ?"

"കാങ്കര്സ്" ഇതു കേട്ട് മാമൻ ആറ്റിൽ ചീങ്കണ്ണിപോലെ  മുങ്ങും.
ലൈഫ്ബോയ് പരസ്യവാചകം മനസിൽ ഉരുവിട്ട് പാറക്കല്ലിൽ കാലുരയ്ക്കുന്ന എന്റെ പിന്നിൽ മാമൻ ചീങ്കണ്ണി പിടിക്കും.എന്നിട്ട് ആഴമുള്ള ഭാഗത്തേക്ക് ഒറ്റ നീന്തൽ.കഴുത്തറ്റം വെള്ളത്തിൽ നിർത്തി അടുത്ത ചോദ്യം.

"ഇനി പറ ഇപ്പൊ നീ ഏതാ പാർട്ടി"

"കമ്മൂണിഷ്ട്ട്"

"എന്നാ ഇങ്കുലാബ് വിളിക്ക്"

"ഈങ്കുലാവ് സിന്ദാബാ,
രക്തസാക്ഷികൾ സിന്ദാബാ, രക്തപതാകാ..."

"ഇനി നീന്തിക്കോ"
കരയിലേക്ക് നീന്തുന്നതിനിടയിൽ ഞാൻ വിളിച്ച് കൂവും..

"ഞാൻ കാങ്കരസാ, സത്യ കാങ്കരസ്"
ആറ്റിൽ മലർന്ന് കിടന്ന് തിമിംഗലത്തെപ്പോലെ ആകാശത്തേക്ക് വെള്ളം തുപ്പി നീന്തുന്ന മാമന്റെ കവിളിൽ നുണക്കുഴി തെളിഞ്ഞ് നിൽക്കും.
മറുകരയിൽ തുളസി ആന്റി ഇതൊക്കെ ഏതെങ്കിലും ചെടിയുടെ മറവിൽ കണ്ട് നിൽക്കുന്നുണ്ടാകും.
മാമന് മീനമാസത്തെ ഈ ഇളക്കമില്ലാതിരുന്നെങ്കിൽ അവരുടെ  പ്രണയത്തിന് ഒരുത്തരമുണ്ടാകുമായിരുന്നു..
എന്നിട്ടും പന്ത സി എസ് ഐ പള്ളിയിൽ വച്ച് 'ഇനി ഞാൻ തുളസിയെ ശല്യം ചെയ്യില്ലെന്ന്' സമ്മതിച്ചതിന് പിന്നാലെ വന്ന മീനത്തിലും  മാമന് ചൂട് കയറി. കാടുമുഴുവൻ പത്തോളം ആളുകൾ ഓടിച്ചിട്ടാണ് മാമനെ കിട്ടിയത്,
ഒന്നു രണ്ടുപേർക്ക് പരിക്ക് പറ്റി, ആറ്റിലിട്ടാണ് പിടിച്ചത്. അന്ന് ജീപ്പിന്റെ പിന്നിൽ കയറിൽ കെട്ടിയിട്ട് കൊണ്ടുപോകുന്ന മാമനെക്കണ്ട് എനിക്ക് കരച്ചിൽ വന്നു. അതിന് ശേഷം ആ ജീപ്പിലുണ്ടായിരുന്ന പലരോടും എനിക്ക് പക പുകഞ്ഞുകൊണ്ടിരുന്നു.ഒരു കത്തിയുമായി ഇരുട്ടിൽ മറഞ്ഞ് നിന്ന് അവരിൽ ഒരാളെങ്കിലും കുത്തി മലർത്തുന്നത് പലതവണ സ്വപ്നം കണ്ടിട്ടുണ്ട്.

ആ പ്രാവശ്യത്തെ ഷോക്കും ഗുളികയും കഴിഞ്ഞ് വന്നത് മുതലാണ് മാമന് വിറയൽ തുടങ്ങിയത്.പിന്നീട് ഓരോ തവണപോയി വരുമ്പോഴും ആ വിറയൽ കൂടി കൂടി വന്നു.
ഏതു നേരവും ഉറക്കം തന്നെ ഉറക്കം.. പഴയതുപോലെ ആറ്റിൽ ഇറങ്ങി കുളിയില്ല, വിപ്ലവ ഗാനങ്ങളല്ല,ഒരു ദുർഗന്ധമാണ് മാമൻ പരിസരത്ത് എവിടെയോ ഉണ്ടെന്ന്  അറിയിക്കുന്നത്..

"ഡേയ് ഷിബു,
നിന്റെ അലമ്പൻ പാന്തേല് നിന്ന് സർക്കസ് കാണിക്കണ് തുണിയും നൂലൊന്നും ഇല്ലാ,
ആരെങ്കിലും കൈവയ്ക്കും  മുമ്പേ ചെന്ന് വിളിയെടാ." അരക്ക് സായിപ്പിന്റെ മോൻ മാഹീൻ ഇതും വിളിച്ചുപറഞ്ഞ് പോകുമ്പോൾ അമ്മാമ്മ എന്നെ നോക്കും.

"മക്കളേ മാമനെ നീ ഇത്തിരി ചെന്ന് വിളിച്ച് നോക്കട..." ഇതുകേട്ട് അമ്മയ്ക്ക് തീരെ സഹിച്ചില്ല..

"എന്തരെന്നെ നിങ്ങളീ പറയണത്
നിങ്ങളെ മാരൻ കഞ്ചാവ്‌ വീടിയും വലിച്ച് കേറ്റി നിന്ന് പൊളക്കണടത്ത് എന്റെ പിള്ളേ വിടാനാ..? പത്തില് പസ്റ്റ് വാങ്ങീട്ട്
ഈ കൊച്ചിന് ഒരു പെൻസിലിന്റെ തുണ്ടെങ്കിലും ഈ  കുടുമ്പത്തിലെ ആരെങ്കിലും വാങ്ങി കൊടുത്താ..."

അമ്മാമ്മയും വിട്ടുകൊടുക്കില്ല.
"നീ കണ്ടാടി എന്റെ സുമാരൻ കഞ്ചാവ് കുടിക്കണത്, നിന്റെ കള്ള മാപ്പളയാണ കഞ്ചാവ് കൊടുത്തത് ? എന്റെ പിള്ളയ്ക്ക് തലേലെ മൊകളിൽ ആ കൊറത്തിപ്പെണ്ണിന്റെ കണ്ണീരായിരിക്കും.."
ഞാൻ അനിയന്റെ ബി എസ് ഈ സൈക്കിളും എടുത്ത് വിളിക്കാൻ പന്തയിലേക്ക് ചവിട്ടുന്നത് അമ്മാമ്മ ആ കഥ പറയും...

"ഡാമ് കെട്ടിയതിന്റെ ഒരു  ഒന്നാം തീയതി ഒരു ക്ലാസ് നിറയേ ചായയുമായി ഞാൻ ചെന്ന് നിന്റെ അപ്പൂപ്പനെ വിളിച്ചുണർത്തി..
ഏക്കറ് കണക്കിന് കൃഷിയില് വെള്ളം കേറി നിൽക്കണ സമയം.
'ചെല്ലാ ഏങ്ങാതെ എണീറ്റ് വരീന്ന്'
ഞാൻ പറഞ്ഞ്. ഏറ്റവും ഒയരമുള്ള കമുവിന്റെ മണ്ട ദാ ഇത്തരീം കാണാം.
(അമ്മാമ്മ ചെറുവിരലിന്റെ അറ്റം ഉയർത്തികാണിച്ചു.)
ആ കവുകിന്റെ മണ്ടയും നോക്കി നിന്റെ അപ്പൂപ്പൻ ഒരു നിൽപ്പ് നിന്ന് മക്കളേ,
പിന്നെ നിന്റെ അപ്പൂപ്പൻ വീട്ടിൽ കേറിട്ടില്ല.
എവിടെന്നോ കിട്ടിയ
ഒരു പച്ച പാവാടയും ഉടുത്ത് പാട്ടും പാടി ആറ്റിന്റെ കരയിക്കൂടെ നടക്കും. ഒടുക്കം വരിക്കപ്ലാവില് കെട്ടിത്തൂങ്ങി ചാവണത് വരെ ആ പാട്ടായിരുന്ന്.

'വയ്യേ സഹിക്കുവാൻ
മെയ്യും തളരുന്നു
നെയ്യാറണയും വന്നേ
ഓമന കുഞ്ഞിനെയും തൂക്കി ഞങ്ങൾ
എങ്ങോട്ട് പോയിടട്ടെ..?
ഈ വിധമായല്ലോ
പകവാനേ ജീവിതം പാഴായല്ലോ.
നല്ല നല്ല പുരകൾ
വച്ചു നമ്മൾ ഉല്ലാസമായിയല്ലോ.
കാട്ടാന കൂട്ടത്തോടും
പോരാടി നമ്മളല്ലേ...'
അപ്പൂപ്പന്റെ പാട്ട് അമ്മാമ്മ  പാടുന്നു.
തൊണ്ടയിലെ ഞരമ്പുകൾ വല്ലാതെ മുറുകുന്നുണ്ട്.
കണ്ണ് നിറയുന്നുണ്ട്
എന്നിട്ടും പാട്ടിന്റെ ഒറ്റവരിപോലും ഒഴിവാക്കുന്നില്ല..

അങ്ങനെ ഒരു ദെവസം ഇത് പോലെ പൂമി പോയ ചിന്നപ്രമാടി കൊറവാൻ വന്ന്.
ഞാൻ ചോയിച്ച്..

'എന്ത് പ്രമാടി ഈ കാലത്ത് തന്നെ '

'ഒന്നുല്ല തങ്കാ,
നിന്റെ സുമാരന് എന്റെ ജഗദപ്പെണ്ണിനെ വേണൊന്ന് തോന്നാണ്.'

'ആവട്ട് പ്രമാടി, സ്നേഹിച്ചെങ്കി പിന്നെന്തര് ജാതി. നീ സുമാരനെ യശോദയ്ക്ക് കൊട്
എന്റെ സരസനെ നിന്റെ വിശ്വമ്പരനെ കൊണ്ട് കെട്ടിക്ക്..'

'അത് നടക്കൂല താങ്ക'

'പിന്നെന്തര് പ്രമാടീ ഞാനെന്റെ പെണ്ണിനെ ഉപ്പിലിട്ട് വയ്ക്കോ..?'
ഓ അതോടെ കഴിഞ്ഞ് പ്രമാടി, പെണ്ണിനെ ഇടുക്കിയിലെ വേറാർക്കോ കെട്ടിക്കൊടുത്ത്. അന്ന് മൊതലാണ് സുമാരന് ഈ എളക്കം.
'അമ്മാ നിങ്ങള് മാറ്റ കല്യാണം ചോയിച്ചാ'ന്നും പറഞ്ഞ് വീട്ടിലെ കലവും പാത്രങ്ങളും അടിച്ച് പൊട്ടിച്ച് ഇളിയിൽ ചവിട്ടിയിട്ട് സുമാരൻ എറങ്ങിപ്പോയി.
എട്ടാ പത്താ മാസം ഇടുക്കി മുഴുവൻ കൊറത്തിപ്പെണ്ണിനെ തെരഞ്ഞ് നടന്ന്..
തിരിച്ച് വന്നപ്പം കാലില് ഒരു വെരലും ഇല്ല മേലില് തുണിയും ഇല്ല..
അത് കഴിഞ്ഞാണ് കാട് തീവച്ചതും, പോറസ്റ്റ് കേസും, ദാസന്റെ കത്തി കുത്തും ഒക്കെ.
അതും കഴിഞ്ഞ്  കൊറച്ച് കാലം  തൊളസിപെണ്ണിന്റെ പിന്നാലെ നടന്ന്.
അന്ന് അതെങ്കിലും നടന്നാതിയാര്ന്ന്..
ബാക്കി കഥയൊക്കെ എനിക്കറിയാം, ഞാൻ കേൾക്കാനില്ലെങ്കിലും അമ്മാമ്മ പറച്ചിൽ നിർത്തില്ല...

"വരിക വരിക സഹജരേ
സഹന സമര സമായമായ്
ഉപ്പു മുളക് മല്ലിതൊട്ട്
സാധനങ്ങൾ തീ വില."
പല പാട്ടുകൾ കോർത്ത് മാമന്റെ ശബ്ദം ഉയർന്ന് കേൾക്കുന്നു.
സൈക്കിൾ പാർട്ടി ആഫീസിന്റെ സമീപത്ത് വച്ചിട്ട് ഞാൻ പന്തയിലേക്ക് നടന്നു.
രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ നിന്ന് മാമൻ പാടുന്നു. എന്നെക്കണ്ടതും കവിളിൽ ആ നുണക്കുഴി തെളിഞ്ഞു..
സൈക്കിളിന്റെ ഹാൻഡിലിൽ മുണ്ടും ഉടുപ്പും ചെരുപ്പും തൂക്കിയിട്ട് മാമനെ പിന്നിലിരുത്തി ഞാൻ ചവിട്ടിപ്പോരും..
ആ പ്രാവശ്യം സെല്ലിൽ ആക്കുന്നത് വരെ ഞാനും ആശുപത്രിയിൽ ഉണ്ടായിരുന്നു..

"ഡാ മക്കളെ  നിന്റെ പാർട്ടിക്കാര് സകലതും വന്ന് നിക്കണ്, എന്തെരന്ന് എണീറ്റ് ചോയ്ക്ക്.." അമ്മ വിളിച്ചുപറഞ്ഞത് കേട്ട് പുറത്തിറങ്ങുമ്പോൾ.
പന്തയിലെ സകല രാഷ്ട്രീയ കക്ഷികളും വീടിന്റെ മുന്നിലുണ്ട്.സകലരുടെയും കൊടി മരങ്ങളും എന്റെ വീടിന്റെ ഇടത് വശത്ത് ചാരി വച്ചിട്ടുണ്ട്.ഇതെന്ത് പറ്റിയെന്ന് അന്തിച്ചു നിൽക്കുന്ന എന്നെ
പാർട്ടിയുടെ ലോക്കൽ കമ്മറ്റിയംഗം മാറ്റി നിർത്തി കാര്യം പറഞ്ഞു..

"സഖാവേ ഇത് ശരിയാവൂല, ഇതിപ്പോ നമ്മുടെ പാർട്ടിയുടെ മാത്രമല്ല സകലതും സുകുമാരക്കുറുപ്പ് ഇളക്കി എടുത്തതില്ലേ..?
രക്തസാക്ഷി മണ്ഡപത്തിൽ നിറയെ കരിക്കട്ടകൊണ്ട് 'വിപ്ലവം തുലയട്ടെ' എന്ന് എഴുതി വച്ചിട്ടുണ്ട്.അത് ഇത്തിരി പെയിന്റ് ഇട്ടാൽ തീരും. ഇതൊന്നും അല്ല കേസ് പന്ത പോസ്റ്റ് ഓഫിസിലെ പെട്ടി എടുത്ത് നെയ്യാറിൽ എറിഞ്ഞ്. അത് മുങ്ങിയെടുക്കാൻ ഏതെങ്കിലും പിള്ളാരെ ഏർപ്പാടാക്കണം.
കൊടി മരം നിർത്താൻ മണിയൻ മേസ്തിരി ഇപ്പൊ വരും. അതിന്റെ കൂലി കൊടുത്താ മതി..."കാലിൽ നിന്ന് ദേഷ്യം അരിച്ച് കയറി വന്നു. അതത് പാർട്ടിക്കാർ സമാധാനത്തോടെ കൊടി മരങ്ങളുമായി  നടക്കുമ്പോൾ.ഞാൻ ബൈക്കിൽ പന്തയിലേക്ക് പോയി.ദൂരെ നിന്ന് മുദ്രാവാക്യം കേൾക്കാം

'ഈങ്കുലാവിൻ  മക്കൾ നമ്മൾ
വാക്കിലും തോക്കിലുംതോറ്റിട്ടില്ല
നമ്മൾ
വാക്കിലും തോക്കിലും തോറ്റിട്ടില്ല.."
അമ്മാമ്മയും അടുത്തിരുപ്പുണ്ട്. ഒരു കവർ ഉപ്പിൽ നാരങ്ങത്തോട് മുക്കി ആസ്വദിച്ച് തിന്നുന്നു.വേലിയിൽ നിന്ന് ഒരു പത്തല് കമ്പും ഓടിച്ച് അടിക്കാൻ ഓടിയ എന്നെ മാമന്റെ ഒരു ചങ്ങാതി തടഞ്ഞു. ആള് ജനതാപാർട്ടിയുടെ പ്രാദേശിക നേതാവാണ്.

"അതെന്തര് വേല സഖാവേ,
കുറുപ്പിനെ അടിക്കാനാണെങ്കി പന്തക്കാർക്ക് എന്നേ ആവാര്ന്ന്.
ഇന്ന് കൊടി പിഴുതത് സഖാവിന്റെ
പാർട്ടീരെ മാത്രല്ലല്ലാ, എന്റെ വീട്ടിന്റ ഗേറ്റുവരെ സുമാരൻ എളക്കിയിട്ടിരിക്കണ്.
നി ഒരു വണ്ടി വിളി,കുറുപ്പിനെ പിടിച്ച് കേറ്റിത്തരണ കാര്യം ഞങ്ങളേറ്റ്.നിങ്ങള് മാമനും മരുമോനും ഒക്ക ശരി തന്നെ അടിയും പിടിയൊന്നും നടക്കൂല..."
സംഘശക്തി അമ്പുലൻസിൽ കൈയും കാലും കെട്ടി ഊളമ്പാറയ്ക്ക് കൊണ്ടുമ്പോഴും മാമന്റെ നുണക്കുഴി നിറയെ ചിരിയായിരുന്നു..
അന്ന് കൂടെ വന്ന ജനതാപാർട്ടി നേതാവിനോട്.
മാമന്റെ ജീവിതത്തിലേക്ക് അഭയ ഹോമിൽ നിന്ന് മേരിയാന്റി വന്നതും, സുഗതകുമാരിയുടെ സാന്നിധ്യതത്തിലുള്ള അഞ്ച് സെന്റ് പറമ്പിന്റെ വിവാഹകരാറും ജിജി മോള് ജനിച്ചതും.
'കുടിച്ച്   കൂത്താടി ജീവിതം മടുത്തെന്ന' പരിഭവവും  പറഞ്ഞ് ജിജിമോളേയും എടുത്ത് ഒരു രാത്രി മേരിയാന്റി പോയതും പിന്നീട് നടന്ന കേസുകളും
ഒട്ടും ചോരാതെ അമ്മാമ്മ പറയുന്നു..
ഞാൻ തിരിഞ്ഞ് നോക്കിയില്ല.ജനതാ പാർട്ടിക്കാരന്റെ മുന്നിൽ തോറ്റുപോയതിന്റെ  വേദനയിലായിരുന്നു...

ഒരു മെയ് മാസത്തിലായിരുന്നു.
എന്റെ വിവാഹം. അന്നും മാമൻ ആഡിറ്റോറിയത്തിന്റെ പുറത്ത് തകർത്ത പാട്ടായിരുന്നു. എന്റെ വീട്ടുകാർ
മാമനെ ഭാര്യവീട്ടുകാരിൽ നിന്ന് എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും.
അസൂയക്കാരുടെ അശ്രാന്ത പരിശ്രമത്താൽ  ഭ്രാന്തൻ അമ്മാവന്റെ കാര്യം ഭാര്യവീട്ടുകാർ അറിഞ്ഞു..
ഏതോ ഒരുത്തൻ ഇത് പാരമ്പര്യമാണെന്നും അടുത്ത് വരാൻ സാധ്യതയുള്ളത്‌ മരുമകനാരിക്കുമെന്നും പറഞ്ഞത്തിന്റെ ഭയത്തിലാക്കണം,
വിരുന്നിന് ഭാര്യവീട്ടിൽ ചെന്നപ്പോൾ അമ്മായിയമ്മ ഒരു ചോദ്യം.

"അന്ന് സുഖമില്ലാതിരുന്ന മാമന് ഇപ്പൊ എങ്ങനെയുണ്ട്...?"
ഞാൻ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.

"ആ അമ്മാവന് മക്കളൊക്കെ ?" അമ്മയിയപ്പനും തന്റെ ഭയം സൂചിപ്പിച്ചു.
എന്നൊക്കെ ഭാര്യവീട്ടിൽ ചെന്നാലും മാമന്റെ വിശേഷങ്ങൾ അവർ മുടങ്ങാതെ ചോദിക്കാറുണ്ട്..

ഞാൻ പതിയെ ജനാല തുറന്ന് നോക്കി.
തണുപ്പിൽ കുതിർന്ന ഒരു പാട്ട് പതിയെ ഇഴഞ്ഞ് വരുന്നുണ്ട്..

'ചോര തുടിക്കും ചെറു കൈയുകളേ
പേറുക വന്നീ പന്തങ്ങൾ
ഏറിയ തലമുറ ഏന്തിയ പാരിൻ
വാരൊളി മംഗള കന്തങ്ങൾ.." വരികളിലെ ഭ്രാന്തേറ്റെടുക്കാനുള്ള ആഹ്വാനം കേട്ട് എനിക്ക് നിയന്ത്രണം വിട്ടു....

"ന്റെ മാമാ ഈ പാട്ടൊന്ന്
നിർത്ത് എനിക്ക് പേടിയാവണ്
എന്റെ കൊച്ചുങ്ങള്
ഇതുവരെ ഉറങ്ങിയില്ല,
നാളെ അവർക്ക് സ്‌കൂളിൽ പോവാനുള്ളതാ."പാട്ട് നിന്നു.
ഞാൻ ജനാലയിലൂടെ മൊബൈൽ വേട്ടത്തിൽ നോക്കി.പുറത്തെ മതിലിൽ ചാരിയിരിക്കുന്ന മാമാന്റെ കവിളിൽ ആ നുണക്കുഴി കാണാനില്ല...

"എനിക്ക് തണുക്കണ്
നീ ഒരു പുതപ്പ് താ..."
ശബദത്തിന് മരവിച്ച ഒരു പതർച്ച.
ഒരു പഴയ പുതപ്പ് പുറത്തേക്ക് നീട്ടിയപ്പോൾ അവിടെ മാമന്റെ ഗന്ധമില്ല..

ഭ്രാന്ത് പിടിച്ച ഒരു തണുപ്പ് അകത്തേക്ക് വരുന്നത് പോലെ.ജനാല വലിച്ചടച്ച്
മകനെ കെട്ടിപ്പിടിച്ച് കിടന്നു..
ഉള്ളിൽ അമ്മാമ്മയുടെ വാക്കുകൾ വൈദ്യുതി പോലെ പ്രവഹിക്കുന്നുണ്ട്.
"ഇനീം കറണ്ടടിപ്പിച്ചാ ചെലപ്പോ എന്റെ സുമാരൻ...?" പലതവണ വരിയ്ക്ക പ്ലാവ് സ്വപ്നം കണ്ടു. എന്നിട്ടും നാളെത്തന്നെ മാമനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ തീരുമാനിച്ചു....!!

കെ ഈ രതീഷ്‌, പന്ത
(ഗുൽമോഹർ009)

No comments:

Post a Comment