Sunday 2 June 2019

കൊർണ..!!

കൊർണകൾ..!!

കൊർണകൾ എന്തൊണെന്ന് കാഞ്ചീമൂട്ടിലെ സകലർക്കുമറിയാം.
ആ മീനുകളെ പിടിച്ച് കണ്ണാടി കൂട്ടിലിടാൻ  ഞാനുൾപ്പെട്ട എത്ര തലമുറ ശ്രമിച്ചതാണ്. കരപറ്റി നിന്നാലും ഈരിഴതോർത്തിന്റെ അരിച്ചെടുക്കലിൽ നിന്ന് എത്ര നിസാരമായാണ് അവ രക്ഷപ്പെടുന്നത്. ആകെ ഇരുപത് പൈസാ തുട്ടിന്റെ വലിപ്പത്തിലുള്ള അവ ഇണകളല്ല  പെണ്ണുങ്ങളാണ്.
എന്നിട്ടുംഒരൊറ്റ മീനിനെപ്പോലും അതിന്റെ  പരിസരത്ത്  അടുപ്പിക്കുന്നില്ല.
മഞ്ഞയും വെള്ളയും നിറയെ കറുത്ത പുള്ളികളുമുള്ള ആ സുന്ദരികളെ കണ്ണാടിയിലെ കാഴ്ചയാകാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ ഒരു മുട്ടൻ കല്ലെടുത്ത് ആറ്റിലേക്കിട്ടിട്ട് നീട്ടിയൊന്ന് മൂത്രിച്ചു മടങ്ങിയവരാണ് കാഞ്ചീമൂട്ടിലെ  ഭൂരിപക്ഷവും. കല്ല് സൃഷ്ടിക്കുന്ന കലക്കം പതിയെ തെളിയുമ്പോൾ ആറ്റുവെള്ളത്തിൽ പുരുഷ വംശത്തെ മുഴുവൻ പരിഹസിച്ചുകൊണ്ട് കൊർണകൾ വീണ്ടും നീന്തുന്നുണ്ടാകും. നക്ഷത്രങ്ങൾ പോലും മഴക്കാറിൽ മറഞ്ഞു നിൽക്കുന്ന ഈ രാത്രിയിൽ ആറ്റിലിറങ്ങി നീന്തുന്ന ലിസിയും മരുമകളും കൊർണകൾ തന്നെ.

"സൈമൻ സാറെന്ത് വിചാരിച്ചത്, ഞാൻ അന്നേ പറഞ്ഞില്ലേ, ലിസിയും മരുമോളും ഫെമിനിഷ്ടാ, ഫെമനിഷ്‌ട്കളെ കോടതിക്കു വരെ പേടിയാ." മല്ല് ബിജു വലിച്ചു വിട്ട അരസൻ ബീഡിയുടെ പുക കുഴിയൻ സജിയേയും എലീശ പാസ്റ്ററിന്റെയും ചുറ്റിവരിഞ്ഞ് കടന്നു പോയി. അരസന്റെ പുക ശീലമില്ലാത്ത എലീശ ചുമയ്ക്കാനാഞ്ഞപ്പോൾ കുഴിയൻ അയാളുടെ വായപൊത്തി..

"ബീഡി കളയെടാ മല്ലേ.."
ബിജു ബീഡി നിലത്ത് കുത്തിയണച്ച് ഉടുപ്പിന്റെ പോക്കറ്റിലിട്ടു.
എന്നിട്ട് ചൂണ്ട് വിരലുകൊണ്ട് സജിയുടെ കവിളിൽ ഒന്ന് തോണ്ടി. ലിസിയേയും മോളേയും തീർക്കാനിരിക്കുന്ന സന്ദർഭമല്ലെങ്കിൽ ഒരടിക്ക് ഇത് മതി. മല്ലിനോട് ഒരല്പമെങ്കിലും അടിച്ച് നിൽക്കാൻ ഈ നാട്ടിൽ കുഴിയനേ പറ്റു. ദൈവവിളിയുള്ള എലീശ പെട്ടെന്ന് മധ്യസ്ഥനായി..
"ബീഡി വെട്ടമോ ഒരു ചുമയോ മതി അവളുമാർക്ക് കാര്യങ്ങൾ ഊഹിക്കാൻ രണ്ടിനെയും ഇന്ന് ഇവിടെയിട്ട് തീർക്കണം, ഇതുപോലൊരാവസരം ഇനി കിട്ടിയെന്ന് വരില്ല" കൊലപാതകികളോടുപോലും മാനസാന്തരപ്പെട്ട് തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിച്ച് ജീവിക്കാൻ  പ്രസംഗിക്കുന്ന എലീശ പാസ്റ്ററിന്റെ പുത്തൻ  സുവിശേഷം കേട്ട് എനിക്ക് ചിരിവന്നു...

" രണ്ടും മുറ്റ് എനങ്ങളാ പാസ്റ്ററേ
നമ്മള് നാലാളും ഒന്നിച്ച് നിക്കണം, മരുമോളെ എനിക്ക് പറ്റൂല" മല്ലിന്റെ മുഖത്ത് നാണം കെട്ട ഒരു ഭയം പതിയെ വന്നുപോയി. ഞങ്ങളുടെ മുഖത്ത് സംശയത്തിന്റെ ചന്ദ്രക്കല തെളിഞ്ഞു..

ഒരു യൂണിയനിലും അംഗത്വമില്ലെങ്കിലും എല്ലാ യൂണിയനിലും ലോഡിന് പങ്കുള്ള മല്ല് ബിജുവാണോ ഇത് പറയുന്നത്.
നാലാൾ ഒരു വശത്തും മല്ല് മറുവശത്തും അതാണ് ലോഡിംഗ് രീതി..
*വളിവിടാൻ കഴിവില്ലാത്ത ആശുക്കൾ വെള്ളം കൊടുക്കാനും കയർ എടുക്കാനും നിന്നാൽ മതി.ബാക്കിയെല്ലാം മല്ല് നോക്കിക്കോളും.മിക്ക ലോറിക്കാരും ഇതാണ് പറച്ചിൽ. ഇതുകേട്ട് മല്ലൊന്ന് പൊങ്ങും ചറ പറാന്ന് ലോഡ് കേറ്റിക്കഴിയും. അതിന്റെ പേരിലാണ് ബിജു,
മല്ല് ബിജുവായത് .അയാളാണ്
നരന്ത് പൊലിരിക്കുന്ന
ലിസിയുടെ മരുമോളെ ഭയക്കുന്നത്
എനിക്ക് ചിരി പൊട്ടി.
പക്ഷെ നടപ്പിലാക്കാൻ പോകുന്ന കൃത്യത്തിന്റെ ഗൗരവം ചിരിയെ തടഞ്ഞു..

എന്റെ അറിവിൽ മല്ല് ആകെ ഭയക്കുന്നത് വക്കീലന്മാരെ മാത്രമാണ്. അതിന് വ്യക്തമായ ഒരാനുഭവവുമുണ്ട്.
റോഡിന്റെ വശത്ത്  മൂത്രമൊഴിക്കുന്നതിനിടയിൽ കാട്ടാക്കട- കുട്ടപ്പു  ബസിലിരുന്ന ചിത്തൻ പെലയന്റെ പെണ്ണിനെ നോക്കി പുരുഷായുധം കുലുക്കി കാണിച്ചു എന്ന കേസിൽ..
വാസ്തവത്തിൽ അത് മല്ലിന്റെയൊരു സ്ഥിര നമ്പരാണ്.
തുടയിൽ നല്ല ഉയർത്തിയെ ലുങ്കി ഉടുക്കു. ഒന്ന് തൊണ്ണൂറ്, രണ്ട് പത്ത്  നീളങ്ങൾ വരുന്ന സാധാരണ ലുങ്കികൾ  ആജാനബാഹുവിന് തികയുന്നില്ല എന്നു പറയുന്നതാണ് സത്യം.  മൂത്രിക്കുന്ന അവസരത്തിലെങ്കിൽ ചന്തിയുടെ ഇടുക്കിൽ വിരൽ കയറ്റി നാലാളു കാണുന്ന വിധം ഒരു ചൊറിച്ചിലുണ്ട്.
ആ സമയത്ത് അയാൾക്ക് പിന്നിലൂടെ മായം പള്ളിയിലെ നൂറ്റിയിരുപത് കുടുംബത്തിന്റെ റാസ പോയാലും മല്ലിന് പുല്ലാണ്.എവിടേലും മറഞ്ഞ് നിന്ന് മൂത്രിച്ച് ശീലമില്ല. ആരെങ്കിലും ചോദിക്കാൻ ചെന്നാൽ'അതാണ് അതിന്റെ ഒരിത്' എന്നും പറഞ്ഞ് ചിരിക്കും. ആസ്വദിച്ചുള്ള ചൊറിച്ചിൽ കഴിഞ്ഞ്  ഒടുവിലെ തുള്ളിയും കല്ലിൽ ഒപ്പിയെടുത്ത് ആകാശത്തേക്ക് എറിയാതെ മല്ല് ലുങ്കി താഴ്‌ത്തില്ല.
ചിത്തൻ പെലയന്റെ പെണ്ണ്  വക്കീൽ പഠനം പൂർത്തിയാക്കി വരുന്ന ദിവസമായിരുന്നു അന്ന്. കാഞ്ചീമൂട് ബസ് സ്റ്റോപ്പിലെ എലവ് മരത്തിന്റെ ചുവട്ടിൽ മല്ല് മൂത്രിച്ച് നിൽക്കുന്നു. ചൊറിച്ചിൽ ഇല്ലെങ്കിലും ചന്തിയുടെ ഭൂമധ്യരേഖ ബസിലെ സകലരും വ്യക്തമായി കാണുന്ന വിധം ലുങ്കി ഉയർത്തി വച്ചിരുന്നു. ഇത് കണ്ട് പുതുതായി ആ റൂട്ടിൽ വന്ന കോങ്ങാട്ടിലെ ഡ്രൈവർ കളിയാക്കും വിധം ഒന്ന് നീട്ടി ഹോണടിച്ചു.
അതിന്റെ അരിശം തീർക്കാനാണ് മല്ല് ബസിന് നേരെ തിരിഞ്ഞ് കുലുക്കി കാണിച്ചത്. അത് വലിയ പ്രശ്നമായി ആ ചിത്തന്റെ മോള് അത് മൊബൈലിൽ പകർത്തി തെളിവ് സഹിതം പോലിസിൽ പരാതി കൊടുത്തു.
അതിന്റെ പേരിൽ ചിത്തന് രണ്ട് പൊട്ടിച്ച മല്ല് പിന്നെ ആറുമാസം കഴിഞ്ഞാണ് കാഞ്ചീമൂട്ടിൽ ലുങ്കി പൊക്കിനിന്ന് മുള്ളിയത് അതുവരെ പൂജപ്പുരയിലെ കക്കൂസ്സിൽ മൂത്രിച്ചു..

കേസിനും പിഴയടക്കാനും അന്ന് പത്തായിരം ഞാനാണ് മല്ലിനുവേണ്ടിയിറക്കിയത്  അതിന്റെ നന്ദിയും ഓർമ്മയും അവനുണ്ടാകും..
അന്ന് ജാമ്യം എടുക്കാൻ വന്ന വക്കീലാണ് ഫെമിനിസ്റ്റ് എന്ന വാക്ക് മല്ലിന് സംഭാവന ചെയ്തത്. തുടർക്കാലം നടന്ന മല്ലിന്റെ  തർക്കങ്ങളിലും വാഗ്വാദങ്ങളിലും അശ്ലീല പദങ്ങൾക്കൊപ്പം 'ഫെമിനിഷ്‌ടും' വരാൻ തുടങ്ങി. ചിത്തന്റെ മോള് തുടർ പഠനത്തിന് കൽക്കട്ടക്ക് പോയതിന് ശേഷമാണ് മല്ല് മറവിൽ നിന്ന് മാറി മൂത്രമൊഴിക്കാൻ ധൈര്യം കാണിച്ചത്. പെലച്ചി ബംഗാളിയുടെ കൂടെ നാട് വിട്ടെന്നും നാലു പെറ്റെന്നും കഥകളുണ്ടാക്കാൻ മല്ല് ഫാൻസ് ശ്രമിച്ചെങ്കിലും അത്രയങ്ങ് *എറിച്ചില്ല എന്നുവേണം പറയാൻ..

ഞങ്ങളുടെ നോട്ടം കണ്ട് മല്ല് കാര്യങ്ങള് വെട്ടിത്തുറന്നങ്ങ് പറഞ്ഞു..
"ഇവളെ വീട്ടിന്റെ പുറകിലെ  പറമ്പീന്ന്  പുളിമരം വെട്ടിയപ്പം അതിൽ
എറച്ചി മുട്ടിക്ക് ഇട്ട പീസ് എടുക്കാൻ ഉച്ചയ്ക്ക് പോയപ്പോൾ അവിടെ ആരുമില്ല.
ലിസി അയൽക്കൂട്ടത്തിന് പോണത് ഞാൻ കണ്ടാർന്ന്. *തഞ്ചത്തിന് ഞാനിത്തിരി വെള്ളം ചോദിച്ച് അവൾ അടുക്കളയിൽ കയറിയപ്പോ *അണപ്പിൽ ഒന്ന് പിടിക്കാൻ നോക്കി, ന്റെ  സൈമൻ സാറേ തുമ്പി തെറിക്കണത് പോലെ ബെറ്റിപ്പെണ്ണ് ഇങ്ങ് വന്നില്ലേ. കൈയിലിരുന്ന എന്തോ കൊണ്ട് എന്റെ തലയ്ക്ക് ഒരടി, നിലത്ത് വീണ എന്റെ  വർമ്മസ്ഥലത്ത്  കിട്ടിയ ചവിട്ടിന് ശേഷം തൊടായിലൂടെ ഒലിച്ചാണ് മൂത്രം പോണത്. അതോണ്ടാ പൈസ തരാന്ന് പറഞ്ഞിട്ടും വേണ്ടാന്നും പറഞ്ഞ് ഒപ്പം വന്നത്, 
എനിക്ക് തന്ന പോലെ ഒരു ചവിട്ട് അവളെ *പെട്ടിക്ക് നോക്കി കൊടുക്കണം, ആ സെക്കന്റിൽ മൂത്രം പോണം.."

"ടാ മല്ലേ നോക്ക് ആ മൊതലിന്റെ നീന്തല് കണ്ടാ,എന്റെ പൈസ അമ്മേം മരുമോളും കൊറേ തിന്നതാ, അവരാധിച്ചീമക്കടെ ഒടുക്കത്തെ നീന്തലാണിന്ന്."കുഴിയൻ സജി കൈയിലിരുന്ന പേനാക്കത്തി മണ്ണിൽ കുത്തിയിറക്കി.ലിസിയും മരുമോളും ആറ്റിൽ മലർന്ന് നീന്തുന്നു, മുഖവും മുലക്കണ്ണുകളും മാത്രമെ ജലോപരിതലത്തിലുള്ളു.വായിൽ വെള്ളം കയറ്റി മാനത്തേക്ക് തുപ്പുന്നു. ചാറ്റൽ മഴ ചെറുതായി ഞങ്ങളുടെ പുറത്തും വീഴാൻ തുടങ്ങി.ഈ മഴയിൽ ഈ പെണ്ണുങ്ങളുടെ നിലവിളി ആരും കേൾക്കില്ല.മല്ലിന്റെ ചവിട്ട്, കുഴിയാന്റെ കുത്ത്, പിന്നെ എന്റെ വകയിൽ ചില പ്രയോഗങ്ങൾ ഞാൻ കീഴടക്കലിന്റെ രംഗങ്ങൾ ഭാവന ചെയ്തു...

കാഞ്ചീമൂട്ടിലും പരിസര പഞ്ചായത്തിലും കിണറുവെട്ടാൻ ഒറ്റ പേരേയുള്ളു. എന്റെ വീട്ടിലെ നാല്പത് *തൊടി കിണറ്റിലോട്ട് നോക്കിയാൽ തന്നെ തല ചുറ്റും.
അത് വെട്ടിയ കുഴിയനെ ഇവർ തേച്ചതിന്റെ കഥയറിയാത്ത ഒരു കുഞ്ഞ് പോലും ഈ നാട്ടിലുണ്ടാവില്ല..

ലിസീടെ മോൻ ലാബാനും ഹൃദയാഘാതം വന്നാണ് മരിച്ചത് അവളുടെ കെട്ടിയോൻ ശീമോനും അതേ വയസിൽ അതേ രോഗത്തിന് കീഴടങ്ങിയെന്ന എന്ന കൗതുകവുമുണ്ട്..ശീമോൻ ദേവമാതാ സ്‌കൂളിൽ എൽ പി മാഷായിരുന്നുവെങ്കിൽ ലാബാൻ യു പി മാഷ്.
ശീമോന് ജനിച്ചത് ആൺകുട്ടിയെങ്കിൽ ലാബാന് പെൺകുട്ടി.
ദാമ്പത്യത്തിന്റെ ഏഴാം വർഷം മുപ്പത്തിയെട്ടാം വയസിൽ ഈ രണ്ട് വിശ്വാസികളും കർത്താവിൽ നിദ്രപ്രാപിച്ചു. ബെറ്റി ലിസിയുടെ വിധവഭാവത്തിനെ തനിയാവർത്തനം ചെയ്തു..

ലാബാനു വേണ്ടി പള്ളിപ്പറമ്പിൽ വെട്ടിയ മനോഹരമായ കുഴികണ്ട് സജിയോട് ലിസി ഗൂഢമായ ഒരു രഹസ്യം പറഞ്ഞു..
അതുകേട്ട് അത്ഭുതത്തോടെ നോക്കി നിന്ന കുഴിയന്റെ കണ്ണിലേക്ക് ലിസി എടുത്ത് ചാടി.

"വീടിന്റെ കിഴക്ക് വശത്ത് പാരമ്പര്യ വൃത്ത ങ്ങളെ മറിച്ചിടുന്ന സമചതുരത്തിൽ ഒരു കിണർ.."

" ആയ കാലത്ത് അയാൾ എനിക്കൊരു കിണറ് കുഴിച്ച് തന്നില്ല സജിയേ നിന്നെക്കൊണ്ട് ..?"ലിസിയുടെ  വാക്കിന്റെയുള്ളിലെ തേനുറവതേടി സജി രാപ്പകലില്ലാതെ കുഴിച്ചു.

"ലിസിചേച്ചി ഒരു മൊന്ത വെള്ളം താ"
" നമ്മുടെ ജീവന്റെ ഉറവ കാണട്ടെ"
സജി ദാഹവും വിശപ്പും മറന്ന് ആഞ്ഞ് കുഴിച്ചു. കിഴക്ക് വശത്തെ ജാലകത്തിലിരുന്ന് ലിസി ഉത്തമ ഗീതങ്ങൾ ഉറക്കെ വായിച്ചു...

"ലിസി ചേച്ചിക്ക് അമ്പത്തിയൊന്നായെന്ന് ആരും പറയൂല കേട്ടാ" സജി ലിസിയുടെ ആത്മാവിൽ ആഞ്ഞൊന്ന് കുത്തി നോക്കി..
"വെള്ളം കണ്ടാ വിളിക്കെടാ സജി,നമ്മക്കിടയിൽ എപ്പോഴും തുറക്കാൻ പറ്റുന്ന ഒരു വാതിലേയുള്ളൂ..."
അടുത്ത ദിവസങ്ങളിൽ രണ്ട് ആസാമി പയ്യന്മാരെയും സജി സ്വന്തം ചിലവിൽ പണിക്ക്  കുഴിച്ചു. കൃത്യം മുപ്പത്തിയൊമ്പതാം തൊടിയിൽ വെള്ളം കിനിഞ്ഞു.സജി താഴെ നിന്ന് അമ്പിളി വട്ടം പോലെയുള്ള ലിസിയുടെ ചിരി കണ്ടു..
സജിയുടെ മൂന്നാമത്തെ കുഞ്ഞിന്റെ കാതിൽ കിടന്നത്  അഴിച്ച് വിറ്റാണ് തന്റെ പ്രേമസൗധത്തിന് അരഞ്ഞാണം കെട്ടിച്ചത്. മഞ്ഞ കയറിൽ വെള്ളിതൊട്ടി കെട്ടിയപ്പോൾ.  ലിസി നവവവധുവിനെപ്പോലെ നാണം കൊണ്ട് കുനിഞ്ഞു. സജി തൊട്ടി നിറയെ മദനീര് കോരി ലിസിയെ എറിഞ്ഞു..

അന്ന് നിലാവത്ത് ലിസിയുടെ കിഴക്കേ വാതിലിൽ മുട്ടും മുൻപ് കിണറ്റിലെ നിലാവിലേക്ക് നോക്കിയ സജി ഞെട്ടി..
തന്റെ അനിയൻ അജിയുടെ വർക്ക് ഷോപ്പിൽ പണിത ഇരുമ്പ് വല അവൻ കുഴിച്ചെടുത്ത നിലാവിൽ നിഴൽ വീഴ്‌ത്തുന്നു. തന്റെ ചന്ദ്രിക ഇതാ അനിയന്റെ ഇരുമ്പ് തടവിൽ. വാതിലിന്റെ പടിയിൽ അഴിച്ചിട്ട അജിയുടെ നീല ചെരുപ്പ് ദൂരേക്ക് വലിച്ചെറിഞ്ഞ്
വാതിൽ പൊളിക്കും വണ്ണം മുട്ടി.
അജിയുടെ മൂന്ന് ബാറ്ററിയിടുന്ന എവരടി ടോർച്ച് തലയിൽ പതിഞ്ഞപ്പോൾ കുഴിയൻ വീണു.ആ വീഴ്‌ച്ചയിൽ സജിയുടെ വീടും വീണു. ഈ കഥ പ്രളയം പോലെ നാട്ടിലെങ്ങും പറന്നു.ലിസി കിണറ്റിൽ നിറയെ വെള്ളമുണ്ടായിരുന്നു..

"എനിക്ക് ലിസിയെ മതി,ആറ്റിന്റെ കരയിൽ ഞാനവളെ കുഴിച്ചിടും"
സജിയുടെ പേനാക്കത്തി കുഴിച്ചുകൊണ്ടേയിരുന്നു..
കരയിലേക്ക് ഇരുട്ടിലൂടെ പാഞ്ഞുപോകുന്ന തണുത്ത കാറ്റിന് അവർ തേയ്ക്കുന്ന വാസന സോപ്പിന്റെ ഗന്ധമുണ്ടായിരുന്നു.
എലീശ പാസ്റ്റർ കണ്ണടച്ച് ധ്യാനത്തിലെന്നപോയിരുന്നു.
കഴിഞ്ഞ പതിമൂന്നാം തീയതി നഗരത്തിലെ ഹോട്ടൽ മുറിയിൽ ബെറ്റിയുടെ മുടിയുടെ ഗന്ധമേറ്റ് ഞാനും ഇതുപോലെ കിടന്നതാണ്.

ഏഴു വർഷത്തെ പ്രവാസ ജീവിതം പിന്നിട്ട് കാഞ്ചീമൂട്ടിലെ തറവാട് പുതുക്കിപ്പണിഞ്ഞത് ഇത്തിരി സുഖിക്കാൻ തന്നെയാണ്. പാരമ്പര്യമായി പ്രമാണിയായ എനിക്ക് ഈ നാട് അംഗീകരിച്ചു തന്ന ചില പദവികളുണ്ട്.സാമൂഹിക സാംസ്കാരിക പരിപാടികളിൽ  ഈ നാടും ഞാനും എന്റെ സാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നു.
എവിടെയും അഞ്ച് മിനിറ്റിൽ ഒരു പ്രസംഗം ഞാൻ കാച്ചിക്കളയും, ഒരു ബി എഡും,
എം എ ഹിന്ദിയും കൈവശമുള്ളതുകൊണ്ടും, തറവാട്ട് വക വിദ്യാഭ്യാസ സ്ഥാപനം വർഷങ്ങളായി  പ്രവർത്തിക്കുന്നതിനാലും 'സർ' പദവിയും ലഭിച്ചിട്ടുണ്ട്...
ഇവരുടെ പേരിൽ  അതൊന്നും കളയാൻ എനിക്ക് കഴിയില്ല.

ഒരാഴ്ച മുൻപ് ലിസി വില പറഞ്ഞത് അയണിമൂട്ടിൽ തറവാടിന്റെ കരുത്തുറ്റ പാരമ്പര്യത്തിലാണ്. ശീമോനും, ലാബാനും കഴിഞ്ഞത് പോലെയല്ല മേരിമാതാ സ്‌കൂളിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിലേക്ക് ഞാൻ ഈ ബെറ്റിയെ അവരോധിക്കണം പോലും.
മാനേജർ എന്ന നിലയിൽ ചത്ത് പോയ സ്റ്റാഫിന്റെ വിധവയ്ക്ക് എൽ പി
യു പി ടീച്ചർ പോസ്റ്റോക്കെ കൊടുക്കാം. ഇന്നും ആ പോസ്റ്റിന് അവർക്ക് അർഹതയുണ്ട്.  പക്ഷെ നാല്പത്തിനാല് ലക്ഷം പറഞ്ഞ് വച്ച ഹയർ സെക്കന്ററി ടീച്ചർ പോസ്റ്റ് വേണോന്നാണ് ഈ പന്നകളുടെ ഡിമാന്റ് അതങ്ങ് അംഗീകരിക്കാൻ പറ്റുമോ..?
കൊല്ലാതെ പിന്നെ എന്നാ ചെയ്യും..?

തിരുവനന്തപുരത്ത് പേപ്പർ ശരിയാക്കാണെന്നും പറഞ്ഞ് അമ്മായിയും മരുമോളും കാറിൽ കയറിയപ്പോൾ എന്റെ വീട്ടുകാരിപോലും "എന്തെങ്കിലും ചെയ്ത് കൊടുക്ക് അച്ചായാ" എന്ന മട്ടിലാണ് നിന്നത്.അതിന്റെ പേരിൽ അവരെയും കൊണ്ട് കറങ്ങാൻ പോയതാണെന്ന് അറിഞ്ഞാൽ അവള് ഉരുള് പൊട്ടിയത് പോലെ ഇങ്ങ് വരും.
തലസ്ഥാനത്ത് ചെന്ന് സിനിമയും ബിരിയാണിയും കഴിഞ്ഞ് ലിസി തഞ്ചത്തിൽ മാറിത്തന്നത് അവരുടെ ചതിയായിരുന്നു.ഹോട്ടല് മുറിയിൽ  സ്‌കോച്ചിന്റെ പുറത്ത് കെട്ടിമറിഞ്ഞത് മുഴുവൻ ഇവൾ ഫോണിൽ പിടിക്കണത് ഞാൻ ശ്രദ്ധിച്ചില്ല.
തുണിയും സ്വർണോക്കെയായി ഒന്ന് ഒന്നര ലക്ഷം തിന്നിട്ടാണ് കൊർണകൾ പോന്നത്..

ഫോണിൽ മരുമോളുടെ വീഡിയോ കാണിച്ച് വിലപറയുന്ന അമ്മായി.
ഇതെങ്ങാനും പുറത്ത് വന്നാൽ മൂന്ന് മെത്രാന്മാരുള്ള അയണിമൂട്ടിൽ തറവാടിന്റെ അഭിമാനം തെമ്മാടിക്കുഴിയിൽ അടക്കേണ്ടി വരും. കൊന്നിട്ടാണെങ്കിലും അതങ്ങ് സംരക്ഷിച്ചേ പറ്റു..

മഴ അലറിപെയ്യാൻ തുടങ്ങി, ഇരുട്ടിനെ കീറിവന്ന ഒരു കൊള്ളിയാൻ വെട്ടത്തിൽ പ്രതികാരത്തിന്റെ ചൂണ്ടലും ആറ്റിലേക്കിട്ടിരിക്കുന്ന മൂന്ന് മുഖങ്ങൾ.
അവരുയെ മീശകളിലേക്കാണ് എന്റെ നോട്ടം വീണത്. കുഴിയന്റെ ചെമ്പൻ മീശ, മല്ലിന്റെ കൊമ്പൻ മീശ,
മീശയിൽ ആശ്രയിക്കാത്ത വിശ്വാസമുള്ള എലീശ,  ഏറ്റവും മാന്യമായ മീശ എനിക്ക് തന്നെ.നാലു മീശകൾക്കും  വേണ്ട മീനുകൾ ആറ്റിൽ ആർത്തിയോടെ നീന്തുന്നു.
ലിസി കരയിലിരുന്ന് മാനത്തേക്ക് നോക്കി ഉറക്കെ എന്തോ വിളിച്ച് പറയുന്നു.
മൂന്നാളും പല്ല് ഞെരുമ്മുന്നത് ഈ മഴയിലും കേൾക്കാം..

അലക്കിയ തുണികളും മുലക്കച്ചയുമായി കൊർണകൾ ഇതാ കയറിവരുന്നു.
ഞാൻ മല്ലിന്റെ കൈയിൽ ഇറുക്കി പിടിച്ചു.
കുഴിയനും എലീശയും എഴുന്നേറ്റ് നിൽക്കുന്നു. കുഴിയന്റെ കത്തി കൊള്ളിയാൻ വെട്ടത്തിൽ തിളങ്ങി.
പെട്ടെന്ന് കൂറ്റൻ ഒരടിമുഴങ്ങി. എല്ലാവരെയും പിന്നിലാക്കി
ഉടുത്തിരുന്ന മുണ്ട് അഴിച്ചെറിഞ്ഞ് എലീശ അവർക്ക് നേരെ ഓടുന്നു..
അയാളുടെ ലക്ഷ്യം ആരായിരിക്കും, എനിക്കു പോലും അറിയാത്ത അയാളുടെ കഥയെന്താണ്...??

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment