Sunday 28 April 2019

പകർപ്പ്..!!

പകർപ്പ്..!!

വൻ നഗരങ്ങളിലെ തിരക്കുകൾക്ക് ബാല്യകൗമാരങ്ങൾ പകർന്നു കൊടുത്ത് ഗ്രാമത്തിന്റെ തിരക്കില്ല വഴികളിലേക്ക് കുടിയിറക്കപ്പെട്ട വാർദ്ധക്യം ബാധിച്ച ഒരു ബസിലാണ് ഞങ്ങൾ യാത്ര ചെയ്യുന്നത്. ഞങ്ങൾ എന്നാൽ ഞാനും നെയ്യാറിലെ കനാൽ ഓപ്പറേറ്റർ പമ്പ് അയ്യപ്പനും..

കിതപ്പിക്കുന്ന കയറ്റങ്ങളിൽ ബസിന്റെ മുറുമുറുപ്പും അയാളുടെ ഒറ്റയ്ക്കുള്ള വർത്തമാനവും ഞാൻ സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്.ലോകത്തോട് മുഴുവൻ അയാൾക്ക് ഒരു തരം വെറുപ്പും വിയോജിപ്പുമാണ്. ബസ് ഒരു കയറ്റത്തിൽ  ഇനി കഴിയില്ലെന്ന് പിറുപിറുക്കുന്നു.
ഇപ്പോൾ രാണ്ടാൾക്കും ഒരേ താളം. പതിവിലും വൈകിവന്ന ബസിന്റെ അവസാന ട്രിപ്പിൽ ഞങ്ങൾ ഇന്നും ഒരേ സീറ്റിലായിരുന്നു.  ഏതോ സർവീസ് യൂണിയന്റെ സമ്മേളനത്തിൽ സൗജന്യമായി കിട്ടിയ അയാളുടെ കറുത്ത ബാഗ് ഞങ്ങൾക്കിടയിൽ  'അതിക്രമിച്ച് കടക്കരുത്' എന്ന കർശന വിലക്കിന്റെ ബോർഡ് പോലെ വച്ചിട്ടുണ്ട്.
ഇറിഗേഷൻ പ്രോജക്ടിലെ കനാലിൽ വെള്ളം തുറന്നുവിടുന്ന ആയാളും ഒഴുക്കിവിട്ട വെള്ളത്തിന്റെയും ശമ്പളത്തിന്റെയും  കണക്കുകൂട്ടൽ നടത്തുന്ന ക്ലർക്കായ ഞാനും തമ്മിൽ ഒരു ഓഫീസിന്റെ രണ്ട് ഇരിപ്പിടങ്ങളുടെ ദൂരം. അയാൾക്ക് ആ കാനാലിനോട് ചേർത്ത് കെട്ടിയ പുരയാണെങ്കിൽ എനിക്ക് ഡാമിന്റെ ഏറ്റവും ഉയർന്നിടത്തെ നിറം മങ്ങിയ കെട്ടിടത്തിലെ ഒരു മുറി അത്ര തന്നെ..എന്നും ഒരേ വഴിയിലൂടെ  വരികയും പോകുകയും  ചെയ്യുന്ന ഞങ്ങൾ തമ്മിൽ ഒരു തവണ പോലും ഓഫീസ് സമയത്ത് കണ്ടിട്ടില്ല മിണ്ടിയിട്ടില്ല എന്നു പറയുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ..? എങ്കിൽ വിശ്വസിക്കുക, അതൊരു ചരിത്ര സത്യമാണ്..

ആ പഴകിയ ബാഗിന്റെ പുറത്ത് അമർത്തിയുള്ള അയാളുടെ പിടുത്തം ശ്രദ്ധിക്കൂ. അടുത്തിതിരിക്കുന്ന ഞാൻ അയാളുടെ വിലപ്പെട്ടതെന്തോ മോഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതായി അയാൾ സംശയിക്കുന്നുണ്ടാകാം.. പുറത്തെ ചാറ്റൽ മഴയിലും ബസിന്റെ ഷട്ടറുകൾ താഴ്‌ത്തിവയ്ക്കാതെ അയാൾ ഇപ്പോൾ  സംസാരിക്കുന്നത് വിജയമ്മയെന്ന അയാളുടെ ഭാര്യയോടാണ്.
ഇയാളുടെ ഒറ്റയ്ക്കുള്ള ഈ സംഭാഷണത്തിന്റെ മനശാസ്ത്ര തലങ്ങളെക്കുറിച്ച്  യാത്രകൾ അവസാനിക്കുവോളം ചിന്തിച്ചിട്ടുണ്ട്.
മറ്റുള്ള വരോട് പറയാൻ കഴിയാതെ പോയതോ, പറയാൻ ആഗ്രഹിക്കുന്നതോ ആയവയായിരിക്കാം ഈ
ആത്മഭാഷണത്തിന്റെ അടിസ്ഥാനം എന്നതാണ്  യാത്രാന്തരഗവേഷണ കണ്ടെത്തൽ. എന്തൊക്കെ ആയാലും
ആ സാധു സ്‌ത്രീ ഈ മനുഷ്യനെ എങ്ങനെ സഹിക്കുന്നുവെന്നോർത്ത് എനിക്ക് സഹതാപം തോന്നിയിട്ടുണ്ട്.
ഇന്ന് നോക്കു അയാൾ ഇപ്പോൾ  സംസാരിക്കുന്നത് തന്റെ
വീടിനോട് ചേർന്ന മുപ്പത് സെന്റിലെ അയാളുടെ കൃഷിക്ക് വിജയമ്മയും മക്കളും ചേർന്ന് വെള്ളമൊഴിക്കാത്തതിനെ കുറിച്ചാണ്..

" എനിക്കറിയാം മാനം ഇത്തിരി കറുത്തപ്പം തന്നെ നീയും നിന്റെ മക്കളും വെള്ളം കോരണ്ടന്നങ്ങ് ഒറപ്പിച്ച് കാണും, കേറി ഇരുന്ന് ടീ വി കണ്ട് കാണും
ഈ ചാറ്റലിൽ ആ പയറിന്റെ തടമെങ്കിലും നന്നായോ..?"

അരമണിക്കൂറിൽനുള്ളിൽ സ്ഥിരമായി ഇറങ്ങാറുള്ള വഴിമുക്കിൽ അയാൾ ഇറങ്ങും. അവിടെ ഒന്നുരണ്ട് മണിക്കൂർ രാഷ്ട്രീയ ചർച്ചകളായിരിക്കും.
വേനലിൽ  നെയ്യാറിന്റെ ജലസംഭരണിയിലെ ഭാഗങ്ങൾ വറ്റുമ്പോൾ ഉയർന്നുവരുന്ന മൊട്ടക്കുന്നുകൾ പോലെ അയാൾക്ക്  കഷണ്ടി കയറിയ ഒരു തലയുണ്ട്
പക്ഷെ അതും വച്ച് നാട്ടിലെ ലെനിൻ എന്നാണ് അയാളുടെ വിചാരം.
ഇത്തരത്തിൽ ഏറെ വൈകുന്ന രാഷ്ട്രീയ ചർച്ചകൾക്ക് പിന്നിലെ കാരണങ്ങൾക്ക് ഞാൻ ചില ഊഹങ്ങൾ പറയാം ഒന്ന്. വിജയമ്മ അയാളോട് മൂന്നാമത് ഒരു കുട്ടിയെക്കുറിച്ച് ചോദിച്ചിരുന്നു..
വിളർച്ച ബാധിച്ച ഇളയ കുട്ടിയെ ഒന്നിരുത്തി നോക്കിയിട്ട് അയാൾ പുറത്തിറങ്ങി പോന്നിരിക്കും. അബദ്ധത്തിൽ പോലും ഇനിയൊരു കുട്ടി അരുതെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാകും. എന്നും
വൈകി വന്നാൽ വിജയമ്മ ഉറങ്ങുമല്ലോ എങ്കിൽ വരാന്തയിലെ കിടപ്പും സൗകര്യമാകും. മൂന്നാം കുട്ടി വിജയമ്മക്ക് നിഷേധിക്കപ്പെടുകയും ചെയ്യും..
എന്റെ വീട്ടിലും ഇതേ അവസ്ഥ തന്നെയാണ് പക്ഷെ ഇതുവരെ മാറി കിടന്നിട്ടില്ല,
അവളെ പാട്ടിലാക്കി കാര്യം സാധിച്ച് പാതി വഴിക്ക് യാത്ര നിർത്താനുള്ള കഴിവ് എനിക്കുണ്ട്. അവളാണെങ്കിൽ രണ്ടാമത്തെ കുട്ടിയെന്ന് പറഞ്ഞ് ചോദിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി. "ആദ്യത്തെ കുട്ടിയെ നിന്റെ വയറ് കീറിയല്ലേ  കുട്ടാ.." സംഗതി ക്ളീൻ അവളും വേദനയുറടെ നാളുകൾ ഓർത്ത് കിടന്നുറങ്ങും.
പ്രമോഷൻ കിട്ടി സീനിയർ ക്ലർക്ക് ആകാതെ ഈ വരുമാനത്തിൽ ഒരു കുട്ടിയെ കൂടെ താങ്ങാൻ എനിക്ക് പറ്റുമെന്ന് തോന്നണില്ല..

ഇനി രണ്ടാമത്തെ കാരണം ഏതൊരു സാധാരണക്കാരന്റെ വീട്ടിലേക്കും  അച്ഛന്റെ വരവ് വളരെ പ്രതീക്ഷയോടെ കുട്ടികൾ കാത്തിരിക്കുന്നതിന്റെ കാരണം പലഹാര പൊതിയാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അതിനെക്കുറിച്ച് ഞാനെന്ത് പറയാൻ. നിങ്ങൾ അങ്ങനെ കാത്തിതിരിന്നിട്ടുണ്ടാകില്ല.
അയാൾ കുട്ടികൾക്കായി ആകെ വാങ്ങുന്ന പലഹാരം  അഞ്ച് രൂപയുടെ  കടല മിഠായിയായിരിക്കും വൈകി വന്നാൽ കുട്ടികൾ ഉറങ്ങുമല്ലോ..? വാങ്ങിയ മിഠായി അതേ ബാഗിൽ സുരക്ഷിതമായി അടുത്ത ദിവസത്തേക്ക് കരുതുകയും ചെയ്യാം. എത്ര ലാഭകരമായ ബിസിനസ്സ് അല്ലെ..?
ഞാൻ കുട്ടിക്ക് കടകളിൽ നിന്ന് ഒന്നും വാങ്ങികൊടുക്കാറില്ല അതെന്റെ കുട്ടി ശീലിച്ചു..

വെളുത്ത് കോലുപോലുള്ള അയാളുടെ മകൾക്കും ഞരന്ത് ചെക്കനും  അയാളോട് ഒന്നും ചോദിച്ച് വാങ്ങിക്കാനും ധൈര്യമില്ല.
മാസാവസാനം അടുക്കുമ്പോൾ പ്രത്യേകിച്ച് അയാളിൽ ഒരു ദുരാത്മാവ് പിടിപെടും.
ആ വീട് വലിയ ബഹളത്തിൽ മുങ്ങും. അടുക്കളയുടെ പുരത്തിട്ടിരിക്കുന്ന അമ്മിക്കല്ലിന്റെ അരികിൽ വന്നിരുന്ന് വിജയമ്മ കരയുന്നത് കാണാം. എന്തെങ്കിലും ആവശ്യപ്പെട്ടാൽ  കഴിഞ്ഞു.  ഒരിക്കൽ പെൻസിൽ വയ്ക്കുന്ന നടരാജപെട്ടി കളഞ്ഞുപോയതിന് ആ പെണ്കുട്ടിയെ ഒരു രാത്രി പുരയ്ക്ക് ചുറ്റും തല്ലാനോടിച്ചതിന് ഞാനും സാക്ഷിയാണ്..

"ഈ കാക്കിയിൽ ഒരു ബട്ടൻസ് വച്ച് തരാൻ നിനക്കൊന്നും നേരമില്ല, ഞാനിങ്ങനെ കഷ്ടപ്പെട്ട് നിന്നെയൊക്കെ തീറ്റിക്കാൻ തന്നെ തെകയണില്ല." നോക്കു അയാൾ ഇപ്പോൾ സംസാരിക്കുന്നത് കുടുംബ ബഡ്ജറ്റിനെക്കുറിച്ചാണ്..

എനിക്ക് അയാളോട് അല്പം സഹതാപം തോന്നിയത് ഈ ഒറ്റ കാര്യത്തിലാണ്. കാക്കിയുണിഫോമിനും ടോർച്ചിനും ടൂളിനുമുള്ള ബാറ്റ ചേർത്തായാലും അയാളുടെ മാസവരുമാനം എന്റേതിൽ നിന്നും എത്രയോ പടി താഴെയാണ്.
എന്നിട്ടും എങ്ങനെ അയാൾ മാസത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുന്നു.നാലുവയർ നിറയ്ക്കുന്നു.എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.നാല്പത് പവൻ കൊടുത്ത് ആ  പെണ്കുട്ടിയെ എങ്ങനെ അയാൾക്ക് കെട്ടിച്ചയയ്ക്കാൻ കഴിഞ്ഞു..?
ആ ചെക്കനെ ബിരുദം വരെ എങ്ങനെ പഠിപ്പിച്ചു...? ഇവയെക്കുറിച്ചുള്ള
എന്റെ ചില നിരീക്ഷണങ്ങൾ പറയാം.

ഇയാൾ രാത്രിയിൽ വൈകിവരുന്നതിനാൽ  ഭക്ഷണം സ്ഥിരമായി കഴിക്കാറില്ലല്ലോ അപ്പോൾ വിജയമ്മ അരിയിടുന്നത് കുറയ്ക്കും. പകലാണെങ്കിൽ ബാക്കിയായ പഴങ്കഞ്ഞിയല്ലേ അയാളുടെ ബ്രെക്ക് ഫാസ്റ്റ് അപ്പോൾ അതും ലാഭം. ഒരു വീട്ടിന്  ആവശ്യമായ പച്ചക്കറികൾ ആ മുപ്പത് സെന്റിൽ കൃഷി ചെയ്തിട്ടുണ്ട്..
സ്ഥിരമായി കായ കിട്ടുന്ന വഴുതന ചെടി നശിപ്പിക്കാൻ നോക്കിയ അയാളുടെ മകനെ തല്ലിയതിന്റെ വേദന ശരിക്കും ഞാനാണ് അനുഭവിച്ചത്. എന്നും വഴുതന തീയൽ  തിന്നിട്ട് ആ ചെക്കന് മടുത്ത് കാണില്ലേ...?
ഡാമിൽ വീണ് ചത്ത് പോകാൻ ഞാനന്ന് നടത്തിയ പ്രാർത്ഥന ദൈവം കേട്ടുകാണും. കനാലിൽ കാൽ വഴുതി വീണാണ് അയാൾ മരിച്ചത്. അത് എന്തായാലും നന്നായി സർവീസിൽ ഇരിക്കെ മരിച്ചതുകൊണ്ട് അയാളുടെ  ചെക്കൻ ഡിഗ്രി കഴിഞ്ഞ് വന്നപ്പോൾ ഇവിടെ  ക്ലർക്കായി ജോലിയും  കിട്ടി..

മുപ്പത് സെന്റിന്റെ അതിരിൽ നട്ടിരിക്കുന്ന തെങ്ങുകളിൽ നിന്നും  അയാൾക്ക് കാര്യമായ വരുമാനമുണ്ട്.
ആ കുട്ടികളെക്കൊണ്ട് തെങ്ങിനിടിയിക്കാൻ  ചാണകം വാരിക്കുമ്പോൾ  അയാളുടെ മോന്തയ്ക്കിട്ട് ഒന്ന് കൊടുത്താലോ എന്നൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അയാൾ തേങ്ങയിടുന്ന ദിവസം ഒരു കുലകരിക്ക് എനിക്ക് മാത്രമായി മാറ്റിവയ്ക്കും ആ കരിക്കും കരിപ്പെട്ടിയും ചേർന്ന ഒരു മിശ്രിതം കഴിച്ചിട്ടാണ് എന്റെ വിളർച്ച മാറിയത്. അയാൽ വളർത്തുന്ന പശുവിന്റെ പാല് കാച്ചിക്കുടിച്ചാണ് എനിക്കിത്തിരി
ശരീര പുഷ്ടിയുണ്ടായത് ഇതൊക്കെ എന്റെ അമ്മ ഇപ്പോഴും പറയാറുണ്ട്.
ആഴ്ച്ചയിൽ രണ്ട് തവണ മീൻ, മാസത്തിൽ ഒന്നോ രണ്ടോ തവണ ഇറച്ചി ഇതായിരുന്നു അയാളുടെ മെനു ലിസ്റ്റ്. എങ്കിലും അയാളുടെ വളർത്തുന്ന കോഴികളുടെ തീട്ടം നാറുന്ന മുട്ടകൾ എന്റെ അമ്മ പുഴുങ്ങിയും പൊരിച്ചും തന്നത് ഞാൻ ആർത്തിയോടെ തന്നിട്ടുണ്ട്.ഒരു പക്ഷെ ഇങ്ങനെയൊക്കെ  ആയിരിക്കാം അയാൾ കുടുംബ ബഡ്ജറ്റ് താളം തെറ്റാതെ നില നിർത്തിയത്..

ആ പെണ്ണിന് മാത്രമാണ് ഒരല്പം നിറമുള്ള വേഷം.വിജയമ്മയുടെ തുണിയുടെ നിരമെന്തെന്ന് വ്യക്തമായി പറയാൻ ആകില്ല. ആ ചെക്കന് സ്‌കൂളിന്റെ യൂണിഫോമിലാണ് മിക്കവാറും കാണുക. അയാൾ  കാക്കി എത്ര കാലമായി ഉപയോഗിക്കുന്നു. നെരിയാണിയ്ക്ക് മുകളിൽ നിൽക്കുന്ന പാന്റ്. മുട്ടോളം വരുന്ന ഉടുപ്പ്. കല്യാണ വീട്ടിൽ വന്നാൽ പോലും അയാൾക്ക് ആ കാക്കിയാകും  വേഷം ആരെങ്കിലും ചോദിച്ചാൽ...

"ഞാൻ പമ്പീന്ന്  നിന്ന് ഓടി വന്നതല്ലേ വേഷം മാറാൻ എവിടെന്ന് നേരം, പമ്പീന്ന്  മാറാൻ പറ്റോ.." യഥാർത്ഥ സംഗതി എനിക്കും ആ ചെക്കനും ശരിക്ക് അറിയാം ഈ കാക്കിയല്ലാതെ വേറെ അയാൾ വാങ്ങിക്കില്ല.വിജയമ്മയെ എവിടെയെങ്കിലും കൊണ്ടുപോയതായി അറിയില്ല. എന്റെ ഭാര്യ ഇതുവരെ എവിടെയെങ്കിലും പോകണമെന്ന് പറയാത്തതിനാൽ ഞാൻ രക്ഷപ്പെട്ടു. ഒരു യാത്രയൊക്കെ പോകാൻ എന്താ ചിലവ് അല്ലെ.. നിങ്ങള് ഭാര്യയുമായി യാത്രയൊക്കെ പോയി വരുമ്പോൾ ഏകദേശം എത്രയൊക്കെ തുകയാകും...?

വിജയമ്മ ഇടയ്ക്കിടെ പല അസുഖങ്ങളും പറയാറുണ്ട് അയാൾ അതത്ര മൈൻഡ് ചെയ്യാറില്ല. മൂത്രത്തിൽ പഴുപ്പ് വന്നപ്പോൾ നീ സമയത്തിന് വെള്ളം കുട്ടിക്കില്ലെന്ന അയാൾ പറഞ്ഞൊപ്പിച്ചു..രക്തം കുറഞ്ഞ് തല ചുറ്റൽ പറഞ്ഞപ്പോൾ ചീര മുറിച്ച് കൊടുത്ത കക്ഷിയാണ്.
അവര് അതിന് ശേഷം പറയാനും പോയില്ല.
അല്ല എനിക്കൊരു സംശയം ഈ ചീര തിന്നാൽ രക്തമുണ്ടാകുമോ.
എന്റെ ഭാര്യയ്ക്കും ഈ തല ചുറ്റൽ ഉണ്ടെ.. ഒരു ദിവസം തല ചുറ്റി വീണ അവർ പശുവിനെ കറന്നില്ല, പുല്ലും അറിഞ്ഞില്ല അതിന് അവരെ തല്ലാൻ ചെന്ന അയാളെ  ചെക്കൻ കേറി തടഞ്ഞു.
ചെക്കൻ അന്ന് പത്തിലാണെന്ന തോന്നണത്. അയാൾക്ക് നേരെ ചീറി കൈയ്യും ഓങ്ങി ചെക്കൻ നിന്നു.
അന്ന് അയാളുടെ അടികിട്ടി നെറ്റിയുടെ ഇടത് ഭാഗത്ത് പറ്റിയ മുറിവിന്റെ ചാലുപോലുള്ള പാട് ഇന്നും ആ പയ്യന്റെ മുഖത്തുണ്ടല്ലോ. അതിനു ശേഷം ഞാനും ആ ചെക്കനും അയാളുടെ പശുവിന്റെ പാല് കുടിച്ചിട്ടില്ല. ഇന്നും എനിക്ക് ശീലം കട്ടൻ ചായയാണ്. അങ്ങനെയിരിക്കെയാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത് പാല് ലാഭിക്കാൻ വേണ്ടി അയാളും കട്ടൻ ചായയേ കുടിക്കു എന്തൊരു മനുഷ്യൻ അല്ലെ..?

വഴിമുക്കിൽ അയാൾ ഇറങ്ങിപ്പോകും. മുൻപ്  നിങ്ങൾക്ക്  കാണാൻ വേണ്ടി അയാളുടെ ഒരു ചിത്രം എനിക്ക് മൊബൈലിൽ  പകർത്തണമെന്ന് തോന്നി.അയാൾക്ക് മൊബൈൽ ഉപയോഗിച്ച് ശീലമില്ല. ദേ  അയാളിപ്പോഴും ഒറ്റയ്ക്കിരുന്ന് എന്തൊക്കെയോ സംസാരിക്കുകയാണ്..

"ഇത്രയും കാലം തിന്നാൻ  തന്നതിന് നീ എനിക്ക് തെകച്ച് തന്ന് മക്കളെ, നിങ്ങക്കെല്ലാം ഞാൻ ശരിയാക്കി തരാം,
നീ എന്നെ അടിക്കാൻ കൈയോങ്ങി അല്ലെ മോഹനാ..."

ഞാൻ ഫോണിൽ അയാളുടെ ചിത്രം പകർത്തുമ്പോൾ  കണ്ടക്ടറുടെ ഒരു മാതിരിയുള്ള ചോദ്യം..

"മോഹനൻ സാറെന്തിനാ
ഇരുട്ടിനെ ഫോട്ടോ എടുക്കണത്..? സാറിരിരുന്ന് ഒറ്റയ്ക്ക് വർത്താനം പറയണത് ആ പിള്ളേര് മൊബൈലിൽ പിടിച്ചത് കണ്ടില്ലേ..?
ഇന്നെന്ത്  വഴിമുക്കിൽ എറങ്ങിയില്ലേ..? സാറിനെ ഇപ്പക്കണ്ട  കൃത്യം പമ്പ് അയ്യപ്പനെന്നെ  പറയു, ആഹാ ആ തലയൊക്കെ നല്ലപോലെ തെളിഞ്ഞല്ലാ.."

എന്റെ ഇടത് നെറ്റിയിലെ മുറിവിൽ നിന്ന് രക്തം ഒരു കനാലുപോലെ ഒഴുകാൻ തുടങ്ങി അതിൽ അയാൾ മരിച്ചു കിടക്കുന്നുണ്ടോയെന്ന് നിങ്ങളൊന്ന് നോക്കാമോ..?!!

കെ എസ് രതീഷ്
(ഗുൽമോഹർ 009)

No comments:

Post a Comment