Wednesday 24 April 2019

തീറ്റ...!!

തീറ്റ...!!

"അപ്പാ ഓടി വാ,
ഇവിടെ സൂപ്പർ ഫൈറ്റ് നടക്കുവാ, രുചീസിലെ ചേട്ടനിപ്പ ചാകും"
കേക്കിന്റെ പുറത്ത് മൂന്നിന്റെ രുപത്തിലുള്ള മെഴുകുതിരി വളരെ സൂക്ഷിച്ച് ഉറപ്പിക്കുകയായിരുന്നു ഞാൻ. അനുവിന്റെ വിളികേട്ട് എല്ലാവരും തലയുയർത്തി നോക്കി.കേക്കിലേക്ക് വീണുപോയ മെഴുകുതിരി അവളെ ഏൽപ്പിച്ച് ഞാൻ വാതിലിലേക്ക് ഓടി..

"ഞാനിനി എന്റെ ഓട്ടലിന് ചക്രം പിടിപ്പിക്കണോടാ.."
"വിട് കെളവാ എനിക്ക് ശ്വാസം മുട്ടണ്" 

മൂപ്പരുടെ കത്രിക കുരുക്കിൽ കിടന്ന് സെബാൻ ഉത്തരം പറയാൻ പ്രയാസപ്പെടുനുണ്ട്. പെട്ടെന്ന് കുതറി മാറി  പോരു കോഴികളെപ്പോലെ വീണ്ടും  അടുക്കുമ്പോൾ ഞാൻ അവർക്കിടയിലേക്ക് വീണു. മിന്നൽ വേഗത്തിൽ മൂപ്പരുടെ തകർപ്പനൊരടി  കൃത്യം എന്റെ കവിളിൽ തന്നെ വീണു. അതോടെ സംഘർഷം നിലച്ചു. ഭൂമിയാകെ നിന്നുപോയതുപോലുള്ള നിമിഷങ്ങൾ.
മുറ്റത്ത് ചിതറിക്കിടക്കുന്ന വാഴയിലകളും പാത്രങ്ങളും കണ്ട് അവൾക്ക് സഹിക്കാനായില്ല. അവളുടെ നോട്ടം സെബാനിലെത്തി.തന്റെ ബാഗ് നിവർത്തി വച്ച് മുഖത്ത് ഒരു ചിരി വരുത്തി ഒരു ബില്ല് അവൻ അവൾക്ക് കൊടുത്തു.
കാശെടുക്കാൻ അവൾ ഉള്ളിലേക്ക് പോയപ്പോൾ  ആ ചെറിയ സംഘവും അകത്തേക്ക് വലിഞ്ഞു.
മുറ്റത്ത് ഞാനും മൂപ്പരും മാത്രമായി. മൂപ്പര് എന്റെ കവിളിൽ പതിയെ തൊട്ടു ആ വിരലുകൾ വിറയ്ക്കുന്നു..

"ഹാപ്പി ബെർത്ത് ഡേ റ്റൂ യു, ഡിയർ അനു" അവളുടെ പാട്ടിന് പ്രതിക്ഷേധത്തിന്റെ താളം. ഞാനും മൂപ്പരും അകത്ത് ചെല്ലുമ്പോൾ അനു കേക്ക് മുറിക്കാൻ തുടങ്ങിയിരുന്നു. അവളുടെ വീട്ടുകാർക്ക് കുട്ടിയുടെ മൂന്നാം പിറന്നാൾ വരെ കാത്തിരിക്കേണ്ടി വന്നു എനിക്കൊപ്പം ഇറങ്ങിപ്പോന്നതിന്റെ പരിഭവം മാറിക്കിട്ടാൻ. പിണക്കം മറന്ന് അവർ വരുന്നുണ്ടെന്ന് കേട്ടതുമുതൽ അവൾ സന്തോഷത്തിലായിരുന്നു. പരിപാടി കൊഴുപ്പിക്കണമെന്ന് കരുതിയാണ് അത്രയും വലിയ തുകയ്ക്ക് രുചീസിൽ നിന്ന് അവൾ ഇതൊക്കെ ക്രമീകരിച്ചത്. സദ്യയ്ക്ക് ഒട്ടും കുറവ് വരരുതെന്ന് കരുതിയാണ് മൂപ്പരുടെ ഹോട്ടലിൽ നിന്ന് വാഴയിലയും, മോരും രസവും ഏർപ്പാടാക്കിയത്..

മൂപ്പര് കസേരയിൽ തലകുനിച്ചിരിക്കുന്നു. സെബാൻ ഒരു തളികയിൽ മുറിച്ചു വച്ച കേക്ക് വിതരണം ചെയ്യുന്നു.
ഒരു കഷ്ണം മൂപ്പർക്ക് കൊടുക്കാൻ അനുവിനോട് ഞാൻ ആംഗ്യം  കാണിക്കുന്നത്  അവൾ കണ്ടു. കേക്കുമായി മുന്നിൽ  നിൽക്കുന്ന കുട്ടിയുടെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് മൂപ്പര് പുറത്തേക്ക് ഇറങ്ങി.
നിലത്ത് തൂകിപ്പോയ രസവും മോരും നോക്കി മൂപ്പര് അവിടെ കുറച്ചുനേരം നിന്നു. വാതിലിൽ നിൽക്കുന്ന എന്നെ തിരിഞ്ഞു നോക്കി. കഴിഞ്ഞ കാലങ്ങളിൽ എന്നെ തീറ്റിച്ച കറുപ്പിലും വെളുപ്പിലും വരച്ചിട്ട ചിത്രങ്ങൾ അവിടെ തെളിയുന്നുണ്ടായിരുന്നു.

ഗേറ്റിലേക്ക് നോക്കി നിന്ന എന്റെ വിരലിൽ അനു തൊട്ടു. ഞാനും അവനൊക്കൊപ്പം മേശയിലേക്ക് ചെന്നിരുന്നു. അവളുടെ മുഖത്ത് നിധി കിട്ടിയ സന്തോഷമുണ്ട്. സെബാനൊപ്പം ചേർന്ന് വിളമ്പാൻ കാണിക്കുന്ന വ്യഗ്രതയിലും ഇടയ്ക്ക് എന്നെ നോക്കുന്നുണ്ട്..

"ഇതിപ്പോ പല തവണയായി സാറേ മൂപ്പര് എന്നെ തല്ലാനും ചീത്ത വിളിക്കാനും, തിരികെ നല്ലത് കൊടുക്കാൻ അറിയാഞ്ഞിട്ടല്ല എന്റെ അപ്പനെ ഓർത്തിട്ടാ.."  അവളുടെ ഒറ്റ നോട്ടത്തിൽ സെബാന്റെ സംസാരം സ്വിച്ചിട്ടതുപോലെ നിന്നു..

സെബാനല്ല എനിക്കുപോലും മൂപ്പരെ എതിർക്കാൻ കഴിയില്ല..
അവളുടെ അച്ഛൻ സെബാന്റെ മുഖത്തുനിന്ന് സംഭങ്ങളുടെ ബാക്കിഭാഗം വരുന്നുണ്ടോയെന്ന് ഒന്നു രണ്ട് തവണ നോക്കിയപ്പോൾ  പപ്പടത്തിന്റെ പാത്രം അവൾ അയാൾക്ക് മുന്നിലേക്ക് നീക്കിവച്ചു. സെബാനും ആഹാരം
ഒരു പാത്രത്തിലേക്ക് പകർന്ന് ഹാളിലേക്ക് പോയി..

മൂപ്പരെ കഴിക്കാൻ വിളിക്കണമായിരുന്നു. അതിനുള്ള കഴിവ് എനിക്കുണ്ടോ..? മൂപ്പർക്ക് സകലരെയും തീറ്റിച്ച ചരിത്രമല്ലേയുള്ളൂ.
മൂപ്പരുടെ ഹോട്ടലിന്റെ പേരെന്താണ്..? ചോറിനൊപ്പം പോയകാലവും ചവയ്ക്കാൻ തുടങ്ങി..

അന്നും ഇന്നും അത് മൂപ്പരോട്ടൽ തന്നെ.
ഒറ്റ മകനെയും കൊണ്ട് എന്നും ഹോട്ടലിൽ ഉണ്ണാൻ പോയിരുന്ന ഭാര്യ മരിച്ച അദ്ധ്യാപകനായ എന്റെ അപ്പനോട് തന്റെ ബന്ധുവായ ജലജയാന്റിയെ വിവാഹം കഴിക്കാൻ നിർദ്ദേശിച്ചത് മൂപ്പരായിരുന്നു. ആ കച്ചവടത്തിൽ  എനിക്കും മൂപ്പർക്കും വലിയ നഷ്ടമുണ്ടായി.പത്മയെന്ന പേരിന്റെ പര്യായമാണെങ്കിലും എന്റെ അമ്മയാകാൻ  ജലജയാന്റിക്ക് കഴിഞ്ഞില്ല. രുചിയില്ലാത്തെ ഭക്ഷണം അപ്പൻ വീട്ടിൽ തിന്നു തീർക്കുമ്പോൾ മൂപ്പരോട്ടൽ വിട്ടുവരാൻ ഞാൻതയാറായില്ല. അദ്ധ്യാപകനായതിനാൽ കുട്ടിയെ മനസിലാക്കാൻ അപ്പന് വേഗം കഴിഞ്ഞു. തിരുത്താൻ ഒരിക്കൽ പോലും ശ്രമിച്ചില്ല..

"നിങ്ങടെ ചെറുക്കാന് കടേന്ന് തിന്ന് തിന്ന് വലിയ കോളായി" ജലജയാന്റിയുടെ എതിർ വാക്കുകളൊന്നും ഏറെ കേൾക്കാൻ നിൽക്കാതെ അച്ഛനും അങ്ങ് പോയി.  വേനലവധിക്ക് കൂട്ടുകിട്ടിയ മഞ്ഞപിത്തം അച്ഛനെ സഹായിച്ചു. ഡിഗ്രി കഴിഞ്ഞ് വരുവോളം സ്‌കൂൾ മാനേജർ ആ ഒഴിവ് എനിക്കായി കരുതിവച്ചു. അച്ഛന്റെ അതേ ഭാഗം ഞാനും അഭിനയിച്ച് ജീവിക്കാൻ തുടങ്ങി..

വീടിന്റെ ചായ്പ്പിൽ നിന്ന് മൂപ്പരുടെ ഹോട്ടൽ വരെയായിരുന്നു വിശപ്പിന്റെയും രുചികളുടെയും എനിക്കുള്ള ദൂരം.
വീടിന്റെ പിന്നിലൂടെ പച്ചയിൽ വെള്ളവരായിട്ട പോലെ ആ ഒറ്റയടിപ്പാത എനിക്ക് മുന്നിൽ തെളിഞ്ഞ് കിടക്കും. മൂപ്പരോട്ടലിലെ മണങ്ങൾക്ക് ആ വഴിയിലൂടെ തെറ്റാതെ എന്റെ മൂക്കിലെത്താനറിയാം. എണ്ണയിൽ തിളച്ച് മറിയുന്നതിന്റെയും ആവിയിൽ വേകുന്നതിന്റെയും ആത്മാക്കൾ പാഞ്ഞ് വന്ന് എന്നെ വിളിച്ചുണർത്തതും. ആ വരയിലൂടെ മൂപ്പരോട്ടാലിന്റെ ഇളക്കമുള്ള ബെഞ്ചിലേക്ക് ഞാനാവാഹിക്കപ്പെടും..

അമ്മപോയ നാളുകളിൽ അച്ഛന്റെ  വിരലിനൊപ്പമായിരുന്നു മൂപ്പരോട്ടലിലേക്ക് പോയിരുന്നത്. ജലജയാന്റി വന്നതു മുതൽ അത് ഒറ്റയ്ക്ക് കരച്ചിലോടെയുള്ള ഒളിച്ചോട്ടങ്ങളായി. അച്ഛനും പോയതോടെ ജലജയാന്റിയുടെ ചൂരലിനെ ഭയന്ന് പശുവിന് കാടിവെള്ളത്തിനുള്ള ബക്കറ്റും തുക്കിയായി യാത്ര. ചൂരലിനെ പേടിയില്ലാതായ നാളിൽ ബക്കറ്റ് വലിച്ചെറിഞ്ഞ് ആ ദൂരം ഗൗരവത്തിൽ തലയുയർത്തി നടന്നു. എപ്പോൾ ചെന്നുകയറിയാലും മൂപ്പർക്ക്  നിറഞ്ഞ ചിരിയുണ്ടാകും അവിടെ മേശയിൽ ആവി പറക്കുന്ന ഏതെങ്കിലും രുചിയുണ്ടാകും.
സെബാന്റെ അപ്പൻ പാപ്പിയെക്കൊണ്ട് എനിക്ക് വിളമ്പിക്കാറില്ല. മൂപ്പരുടെ വിളമ്പലിലെ എന്തോ ഒരിത് പാപ്പിയ്ക്കില്ലെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ഡിഗ്രിക്ക് പോകുന്ന കാലം വരെ പുട്ടിൽ പപ്പടം പൊട്ടിച്ച് കുഴച്ച് തരാറുണ്ടായിരുന്നു. കറിവേപ്പില പോലും കളയാൻ സമ്മതിക്കില്ല.മീനിന്റെ മുള്ളുപോലും ചവച്ചരച്ച് തന്നെ തിന്നണം. വെള്ളം ഒടുവിലെ കുടിക്കാവു. കുടിക്കുമ്പോൾ ശബ്ദം കേൾപ്പിക്കരുത്. ഒരു വറ്റ് പോലും നിലത്ത് പോകരുത്. ഹോട്ടലിന്റെ നിയമങ്ങൾക്ക് വീടിന്റെ നായമായിരുന്നു. കൈ കഴുകിയിറങ്ങുമ്പോൾ
"അത് സാറിന്റെ പറ്റിലോട്ട് എഴുതിക്കോ"  കേട്ടിരുന്ന ഈ വാക്യം മൂപ്പര് ആരോടാണ് പറയുന്നതെന്ന് ശ്രദ്ധിച്ചിട്ടില്ല.
തന്നെ വിട്ടുപോയ അച്ഛൻ മൂപ്പരുടെ പറ്റ് തീർക്കുന്നതെങ്ങനെ..? ഇനി അങ്ങനൊരു പറ്റ് ബുക്കോ കുറിച്ചിടലോ ഉണ്ടായിരുന്നോ.?
ജോലിയിൽ കയറിയ കാലത്ത്  കാശ് കൊടുത്തിട്ടും വാങ്ങിയിട്ടില്ല.
തോന്നുന്നത് പോലെ മേശവലിപ്പിലേക്ക് ഇടാറാണ് പതിവ്. അവളുടെ വരവോടെ മൂപ്പരോട്ടലിലേക്കുള്ള  ഒറ്റയടിപാതയിലെ പച്ചയെ പകുത്ത വെള്ളവര എനിക്ക് മാഞ്ഞുപോയി.പതിയെ എന്റെ നാവിനും പുതിയ രുചിയായി..

ഒരു വലിയ കവറിൽ ഭക്ഷണത്തിന്റെയും  രുചീസിൽ നിന്ന് പൊതിഞ്ഞുകൊണ്ട് വന്നതിന്റെയും ഭാഗങ്ങൾ തൂക്കി നിന്ന അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം. അമ്മ അച്ഛൻ ഇതൊക്കെ പൂർണമായി രുചികാത്ത എനിക്ക് അവളുടെ സന്തോഷത്തിന്റെ ആഴമെങ്ങനെയറിയാനാണ്. അവർ കുട്ടിയെ ചേർത്ത് കിടന്നുറങ്ങുന്ന
അകത്തെ മുറിയിൽ നോക്കിയിട്ട് അവൾ എന്നെ കെട്ടിപ്പിടിച്ചു.
"ഉടൻ വീട്ടിലേക്ക് പോകണമെന്ന അമ്മ പറയുന്നത്   " എന്റെ നെഞ്ചിൽ ചേർന്ന് നിന്ന് ഇത് പറയുന്നതിനിടയിൽ  നാലഞ്ച് തവണ ഉമ്മവച്ചു..

ഇനി ഇതെവിടെയെങ്കിലും കൊണ്ട് കത്തിക്കണം. രുചീസിൽ നിന്ന് എന്ത്  വരുത്തിച്ചാലും കത്തിച്ചുകളയാൻ  പാക്കറ്റുകളുടെ ഒരു കുന്ന് കാണും. അവളുടെ കൂട്ടുകാരികൾ വന്ന ദിവസം സെബാൻ കൊണ്ടുവന്ന ഇരുപത് പാക്കറ്റിൽ ഒന്ന് ഞാനും കഴിക്കാൻ ശ്രമിച്ചു..
"എടീ നിന്റെ സാറിന് ഇതൊന്നും പിടിക്കത്തില്ല അല്ലെ." അവളുടെ കൂട്ടുകാരി കളിയാക്കുമ്പോൾ ഞാൻ കുളിമുറിയിൽ ഛർദ്ദിക്കുകയായിരുന്നു. പിസയുടെ പുറത്തെ കൊഴുപ്പ് പോലുള്ളത് ഞാനിപ്പോഴും ഓർക്കാറില്ല..

കത്തിക്കാനുള്ളതും തൂക്കി വീടിന്റെ പിന്നിലേക്ക്  ഇറങ്ങുമ്പോൾ ഒറ്റയടിപ്പാത  സംശയ ഭാവത്തിൽ നെറ്റി ചുളിച്ചു.. മുള്ളും ഉയർത്തിപ്പിടിച്ച് കാവൽ നിന്ന  ഒരു തൊട്ടാവാടി എന്നെക്കണ്ട് നാണത്തോടെ മുഖം കുനിച്ചു. ഒരു മഞ്ഞച്ചേര ആരോടോ എന്നെ കണ്ട വിവരം പറയാനെന്നപോലെ പാഞ്ഞുപോയി. തവള ഉറക്കെ  ചിരിച്ചുകൊണ്ട് സന്തോഷത്തോടെ നാലഞ്ച് തവണ ചാടി. ഒരു പച്ചക്കുതിര മൂപ്പരോട്ടലിലേക്ക് എന്നോട് ഓട്ടപ്പന്തയം വച്ചു. ചെരുപ്പ് ഊരി മാറ്റി കണ്ണടച്ച് ഒന്നു രണ്ട് ചുവട് വച്ചുനോക്കി കാലുകളെ ചൂണ്ടലിൽ  കൊരുത്ത മീനുപോലെ ഒറ്റയടിപ്പാത വലിക്കുന്നു. ഏറെ  മുന്നിലായ പച്ചക്കുതിരയെ തോൽപിക്കാൻ ഞാനും ഓടി..

ഓടിക്കിതച്ച് ഹോട്ടലിൽ ചെന്നു കയറിയിട്ടും മുപ്പർ എന്നെ ശ്രദ്ധിക്കുന്നില്ല.
മേശയിൽ ചൂട് ചായ.
ഉഴുന്ന് വടയുടെ കൊതിപ്പിക്കുന്ന മണം. സെബാന്റെ കഥയും കേട്ട് മൂപ്പര് മുന്നിൽ തന്നെയുണ്ട്...

രുചീസിലെ പണി നമ്മുടെ സാറല്ലേ ശരിയാക്കി തന്നത്.
ലൈസൻസും ഒരു ഫോണും ബൈക്കും ഉണ്ടെങ്കിൽ ജോലി ഉറപ്പല്ലേ.
ഒരു അമ്പത് ഓർഡർ കൊടുക്കക്കാൻ പറ്റിയാൽ രൂപാ അഞ്ഞൂറ് കയ്യിലിരിക്കും നല്ല ഉത്സാഹിച്ചാൽ ആയിരമൊക്കെ ഈസിയായി ഒപ്പിക്കാം.
പിന്നെ ചെലപ്പോ ചെലര് ടിപ്പും തരും. എന്നാൽ രണ്ട് മിനിട്ട് വൈകിയാൽ ടിപ്പ് ടപ്പേന്ന് മോന്തയ്ക്ക് ആയിരിക്കും കിട്ടണത്. പതിനഞ്ച് മിനുട്ടിൽ സാധനം എത്തിക്കണം ടൗണിൽ ചെന്ന് നോക്കിട്ടൊണ്ടാ എത്രായിരം ബൈക്കുകളാ നാട്ടുകാർക്ക് തീറ്റയും തൂക്കി ചീറി പാഞ്ഞ് പോണത്.. ഇവിടാർക്കാ ഹോട്ടലിൽ ചെന്ന് തിന്നാനോക്കെ നേരം.
അതിന്റെയെടേൽ വല്ലോം പറ്റിയാ അവനവൻ സഹിച്ചോണം..
ഇത്രയും വലിയ സെറ്റപ്പ് അമേരിക്കയിലെ ഏതോ ഒരുത്തന്റെ വകയാ.
നിങ്ങളും ഇതുപോലെ വല്ല ചക്രോം പിടിപ്പിച്ചില്ലെങ്കിൽ ഒണ്ടാക്കി വയ്ക്കണതൊക്കെ പുളിച്ച് പോവത്തെയുള്ളൂ..

മൂപ്പര് സമോവറിലെ വെള്ളം ഇറക്കി വച്ചു. അടുപ്പിലേക്ക് നാലഞ്ച് തുള്ളി കണ്ണീര് വീണ് തീയണഞ്ഞു. അടുപ്പ് ചിതപോലെ പുകയാൻ തുടങ്ങി. മൂപ്പര് സെബാന്റെ ബൈക്കിന്റെ പിന്നിലേക്ക് കയറി, എന്നെ നോക്കി കൈവീശി കാണിച്ചു..
അടുപ്പിന്റെ ചിതയിൽ നിന്ന് പുകവന്ന് എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. നെഞ്ചിനുള്ളിൽ പുളിച്ച് തികട്ടി വന്ന കുറച്ച് രുചിളുടെ ഓർമ്മകൾ ഛർദ്ദിച്ചുപോയി..

പച്ച തിന്ന ആ ഒറ്റയടിപ്പാതയിലൂടെ  ഞാൻ
വീട് തിരഞ്ഞ്  ഓടാൻ തുടങ്ങി. കൈയിലിരുന്ന കവർ എവിടെയോ വീണുപോയി. പിന്നിൽ ചീറിപ്പാഞ്ഞ് വരുന്ന ബൈക്കുകളുടെ മുരളച്ച.
എല്ലാവർക്കും ഒരേ നിറത്തിലുള്ള ഉടുപ്പ്. ഒരേ വലിപ്പത്തിലുള്ള ബാഗുകൾ. തലകുനിച്ച് മൊബൈലിൽ ഏതൊക്കെയോ ദിക്കുകൾ തിരയുന്നുണ്ട്.
ഏറ്റവും മുന്നിൽ  ബാഗും തൂക്കി ബൈക്കിൽ വരുന്ന മൂപ്പരുടെ രൂപം  അയാൾ തിരയുന്നത് എന്റെ വീട്ടിലേക്കുള്ള വഴിയാകുമോ..?!

കെ എസ് രതീഷ്‌, പന്ത
(ഗുൽമോഹർ 009)

No comments:

Post a Comment