Wednesday 1 March 2017

കഥ "ഗുണ്ടാാർട്ട്..."

"ഗുണ്ടാാർട്ട്....!!

     ഭീമൻ രഘൂന്റെ ശരീരവും, കീരിക്കാടൻ ജോസിന്റെ പൊക്കവും, നിർത്തതെയുള്ള വലിവും , ഏതോ ഹാസ്യചിത്രത്തിൽ മാമൂക്കോയയുടേതുപോലുള്ള  തലയിലെ കെട്ടും കണ്ടിട്ട് എനിക്ക് ചിരിയടക്കാനായില്ല...

"താൻ ചിരിക്കണ്ട ഞാൻ പഴയൊരു ഗുണ്ടയാ, കുറേക്കാലം സിനിമേലും അഭിനയിച്ചിട്ടുണ്ട്..."

വില്ലൻ വേഷം കെട്ടിയ നടന്മാരെല്ലാം ഹാസ്യവേഷത്തിലേക്ക് പരിണമിച്ചതിന്റെ തെളിവ് നമ്മുടെ സിനിമേൽ ആവശ്യത്തിനില്ലേ...?
...എനിക്ക് പരിണാമം സംഭവിച്ചപ്പോൾ സിനിമേന്നൊക്കെ പുറത്തായിരുന്നു...

"നിങ്ങളാരാ ?"

" ഞാൻ ഒരു കഥാകാരനാ.."

"എന്താ ആശുപത്രീല്..?"

" ഒരു പ്രസാധകന്റെ ഗുണ്ടകൾ എന്നെ തല്ലിയതാ.  കൈയ്ക്ക് ഒടിവുണ്ട്. പുസ്തകത്തിന്റെ റോയൽറ്റി പ്രശ്നം...
എന്താ സിനിമാ നടന് പറ്റിയത്...?"

"നിങ്ങളിത് കഥയാക്കില്ലെങ്കിൽ പറയാം.."

"എന്നെ വിശ്വസിക്കാം"

...തമിഴകത്തിന്റെ പുതിയ തലൈവി എം എൽ എ മാരെ പൂട്ടിയിട്ട കെട്ടിടത്തിന്റെ മുന്നിൽ വാർത്താ ചാനലുകാരെ തടയാൻ നിന്ന കറുത്ത് ഇറുകിയ ടീഷർട്ടും ജീൻസും കണ്ണടയും ധരിച്ചവരെക്കുറിച്ച്  വാർത്തയിൽ 'ബോക്സേഴ്സ് ബോക്സേഴ്സ് 'എന്ന് പറഞ്ഞപ്പോൾ ആന്റോടെ മോനൊരു സംശയം ബോക്സേഴ്സുന്ന് പറഞ്ഞാൽ ബോക്സിംഗ് ചെയ്യണവർ എന്നല്ലേ...?

കണ്ടോണ്ടിരുന്ന ഞാൻ 'ഗുണ്ടകൾ  ഗുണ്ടകൾ' വിളിച്ചു പറഞ്ഞതും ആന്റോടെ പെണ്ണ്   ദോശമറിച്ചിടണ ചട്ടുകം കൊണ്ട് അടിച്ചതാ....
എന്തുചെയ്യാൻ ഞാനിപ്പൊ ആ വീട്ടിലാരാന്നാ വെറും പട്ടി...

......സ്റ്റീഫൻ സാറിന്റെ ഷാപ്പിലെ മാനേജരാർന്ന് എന്റെ അപ്പൻ. അമ്മയ്ക്ക് പപ്പടത്തിന്റെ പണീം...ഞാനൊറ്റമോനാ. അപ്പൻ ഷാപ്പീന്ന് വന്നാൽ വീട്ടിൽ എന്തൊരു മേളാന്നോ...അമ്മേടടുത്ത് തൊടാനും പിടിക്കാനും ചെല്ലും  എന്നെ അമ്മ മുന്നിൽ  നിർത്തും. എന്നെ തെട്ടാൽ ചോദിക്കാൻ ഈ കുഞ്ഞ് ചട്ടമ്പി ഒള്ളത് ഓർത്തോളീൻ എന്ന് പറയും..

എന്നിട്ട് അമ്മേടെ മടീകെടക്കണ അപ്പനും ഞാനും ഗുസ്തികൂടും. അപ്പന്റെ കൈയിൽ കടിച്ച്, മീശയിൽ പിടിച്ച് വലിക്കുമ്പോൾ അപ്പൻ ഉറക്കെ കരയും. അല്ലാതെ ഒരിക്കലും അപ്പൻ കരയണത് കണ്ടിട്ടില്ല. അപ്പന്റെ കരച്ചിൽ കണ്ട് അമ്മയും ചിരിച്ച് ഉറക്കെ വിളിക്കും....അയ്യോ നാട്ടാരേ ഓടിവരണേ ഈ ചട്ടമ്പി എന്റെ കെട്ടിയോനെ കൊല്ലണേ....
കുന്നിന്റെ മോളിലിരിക്കണ ഒറ്റവീട്ടിലെ വിളികളും ചിരികളും അങ്ങനെ  കുന്നിറങ്ങിപ്പോകും...ഒടുവിൽ അപ്പന്റെ വിരിഞ്ഞ നെഞ്ചിൽ ഞാൻ സുഖമായി ഉറങ്ങും...
ഞാനുണരുമ്പോൾ അപ്പൻ ഷാപ്പിലേക്ക് പോയിട്ടുണ്ടാകും..

ഒരു ദിവസം ഷാപ്പിലെ ജയേട്ടൻ ഓടികിതച്ചുവന്ന് അപ്പന്റെ മരണവാർത്ത പറഞ്ഞു.തെക്കുനിന്ന് വന്ന ഏതോ ഒരു കൂട്ടം ഷാപ്പിൽ അടിയുണ്ടാക്കി തടയേണ്ട അപ്പൻ കുത്തേറ്റ് ഷാപ്പിനു പിറകിൽ കിടപ്പുണ്ടായിരുന്നു...
പിന്നെ ഞാൻ അപ്പന്റെ നെഞ്ചിൽ ഉറങ്ങീട്ടില്ല.  അമ്മ അസമയങ്ങളിൽ പോലും  എതിർക്കാൻ വന്നവരുടെ മുന്നിൽ എന്നെ നിർത്തിയതുമില്ല...ഞാൻ വളരുന്നത് അപ്പനിലേക്കാണെന്ന് കണ്ണാടിപ്പുഴയിൽ നോക്കുമ്പോൾ തോന്നീട്ടുണ്ട്...

......ഏഴാം ക്ലാസിലെ മോനിഷേടെ മുഖമുള്ള പെണ്ണിന്റെ വാക്കും കേട്ട് വിജയന്മാഷിന്റെ മോന്റെ മൂക്ക് ഇടിച്ച് പൊട്ടിക്കാതിരുന്നെങ്കിൽ എന്റെ ഭാവി എന്താകുമായിരുന്നു. മണിക്കുട്ടാ  ഞാൻ നിന്റെ സഹോദരിയെപ്പോലല്ലേ ആ തടിയൻ എന്റെ മുടീപ്പിടിച്ച് വലിക്കണ കണ്ടില്ലേ ? സാറിന്റെ മോനെന്ന അഹങ്കാരാ ചെക്കന്...
മലയാളം പാഠാവലിയുടെ ആദ്യതാളുകൾ നോക്കി കഴിഞ്ഞ ദിവസം അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ഓർത്തു. ഇൻഡ്യ എന്റെ രാജ്യമാണ്, എല്ലാ ഇൻഡ്യകാരും എന്റെ സഹോദരി....

വിജയന്മാഷ് മൂക്ക് പൊട്ടിചോരയൊലിക്കുന്ന തടിമാടനെ വലിച്ച് ഓട്ടോയിൽ കേറ്റി ആശുപത്രിയിലേക്ക് പാഞ്ഞു...ആ സ്കൂളിലെ സ്റ്റാഫ് റൂമിലെ വടികളും പിന്നെ പേരമരത്തിന്റെ ചില്ലകളും തീരുവോളം സംഗീതം പഠിപ്പിക്കണ മാഷുൾപ്പെടെ എന്നെ തല്ലി. ചട്ടമ്പീടെ മോൻ മുള്ളിന്റെ മൂട്ടിൽ മുള്ളല്ലേ, ജാത്യാലുള്ളത് എത്ര വാക്കുകൾ... അതൊന്നുമല്ല എന്നെ വേദനിപ്പിച്ചത് ആ മോനിഷേടെ മുഖമുള്ള പെണ്ണെന്നെ  തള്ളിപ്പറഞ്ഞു...
അന്നുമുതൽ ഞാൻ സ്കൂളിലേക്കുപോലും തിരിഞ്ഞു നോക്കീട്ടില്ല...

അതിനിടയ്ക്ക് ആരെയോ ഏതോ പാർട്ടിക്കാർ തല്ലിയതിന്റെ പേരിൽ ഒരു ബന്ദുണ്ടായി...
അന്നാണ് എന്റെ രാഷ്ട്രീയ പ്രവേശം.
പാർട്ടീടെ പ്രസിഡന്റ് നേരിട്ട് വിളിച്ചാണ് അംഗത്വം തന്നത് റോഡിൽ വശത്ത് കലിങ്കിന്റെ പണിക്ക് കൂട്ടിയിട്ടിരുന്ന  വലിയ പാറക്കല്ലുകൾ ഉരുട്ടിവച്ച് ഞാനെന്റെ സ്ഥാനം ഉറപ്പിച്ചു...വണ്ടിതടയാൻ, പോസ്റ്ററുകീറാൻ,
ടയറിൽ തീകത്തിച്ച് പന്തം കൊളുത്തി പ്രകടനം നടത്താൻ, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അന്ന് കോട്ടുമുക്കിലെ ഷാപ്പിൽ പോയി ചാരായം വാങ്ങി അണികളെ ചാർജ്ജാക്കി നിർത്താൻ പ്രസിഡന്റ് കാശ് 0എന്നെയാ ഏല്പിച്ചത് അത്രവിശ്വാസായിരുന്നു
...വഴി - അതിർത്തി   തർക്കങ്ങൾ, കുടുംബ വഴക്കുകൾ ഇതൊക്കെ തീർക്കാൻ പ്രസിഡന്റ് എന്നെ പറഞ്ഞുവിടും...

പ്രസിഡന്റിന്റെ അളിയൻ  നടത്തണ പുഞ്ചിരി ഫൈനാൻസിൽ നിന്ന് കാശെടുത്ത് മുങ്ങിനടക്കണ ചെക്കന്മാരെ പൊക്കാനായിട്ട് പ്രസിഡന്റിന്റെ അളിയൻ  തന്ന തുറന്ന ജീപ്പിൽ ഞങ്ങളിങ്ങനെ ചുറ്റും...
പുഞ്ചിരി ബാറിൽ കേറി തീറ്റേം കുടിയും....

ഒരു ദിവസം പ്രസിഡന്റിന്റെ അളിയൻ തന്ന കാശ് കൊടുക്കാൻ സുതാര്യം ടെക്സ്റ്റൈൽസിൽ എത്തിയപ്പോഴാണ് ഞാൻ എന്റെ റോസിയെക്കാണുന്നത്. പിന്നെ ആ പോക്ക് സ്ഥിരായി. പ്രസിഡന്റും അളിയനും തുണിക്കടമൊതലാളിയും കൂടി അവളെ എനിക്ക് കെട്ടിച്ചു തന്നു. ഹാവൂ സ്വർഗാർന്നു ആ നാളുകൾ പിന്നെ എനിക്ക് വച്ചടി വച്ചടി കേറ്റാർന്നു....

സുതാര്യം തുണിക്കടേടെ പുതിയ ഷോറൂമിന്റെ ഉത്ഘാടനത്തിന് വന്നത് കഴുത്ത് അല്പം നീണ്ട വട്ടമുഖമുള്ള  ഉണ്ണീന്ന് പേരുള്ള പെണ്ണാർന്നു...നാട്ടിലെ ചെക്കന്മാർക്കെല്ലാം അവളാർന്നു ഹരം. അവളുടെ ദേഹത്ത് ഒരു പീറപയിലിന്റേം നെഴലുപോലും വീഴരുതെന്ന് തുണിക്കടേടെ മാനേജര് തലേന്ന് രാത്രിതന്നെ ഏർപ്പാടാക്കിയിരുന്നു. ഞാനും  പിള്ളേരും ചേർത്ത് ഉണ്ടാക്കിയ ചങ്ങലേൽ അവളെ വേദിലും തിരിച്ച് കാറിലും എത്തിച്ച്. ഇതിന്റെടേൽ എന്തോ വിളിച്ച് പറഞ്ഞ ഒരു ബെൽബോട്ടം ഫ്രീക്കന്റ കവിള് ഞാൻ അടിച്ചുപൊട്ടിച്ചു. അതുവരെ കറുത്തിരുന്ന ആ വട്ടമുഖക്കാരീടെ മുഖം താമരപോലെ വിടർന്നു. പന്ത്രണ്ട് മണിക്കുമുന്നേ അവൾക്ക് എർണാകുളത്ത് എത്തണമായിരുന്നു.

മണിക്കുട്ടാ എടെടാ വണ്ടീന്ന് പ്രസിഡന്റിന്റെ  ഒറ്റപ്പറച്ചിലാ എന്നെ സിനിമാ നടനാക്കിയത്.

പതിനൊന്നരയ്ക്ക് മുന്നേ സെറ്റിലെത്തിച്ച എന്നോട് ...
മണിച്ചേട്ടാ എന്തേലും കഴിച്ചിട്ടേ പോകാവൂട്ടോ...അപ്പൊത്തനെ എനിക്ക് നിറഞ്ഞിരുന്നു.
അവിടെന്ന് അരിപ്പത്തിരീം കോഴിക്കറിം തിന്നോണ്ടിരിക്കുന്നതിനിടയിൽ ഒരുത്തൻ വന്ന് സിനിമേൽ അഭിനയിക്കാൻ മോഹോണ്ടോന്ന് ഒറ്റചോദ്യം.

അന്ന് മോഹൻലാലൊക്കെ തൊടങ്ങണ സമയം. അയാളും ഒരു ക്രിസ്ത്യാനിയായ ചിരിപ്പിക്കണ നടനും കൂടി ഒരു കോളനി ഒഴിപ്പിക്കാൻ വരണ പടത്തിൽ  റാവുത്തരുചേട്ടന്റെ കൂടെ വലതുവശത്ത് നിക്കണത് ഞാനാ...പിന്നെ എത്ര പടത്തില് അടി പെണ്ണുപിടി കുടി...ഇത് തന്നെ ഗുണ്ടാഭിനയം. ഇതിന്റെടേല് ഒരുത്തിയെ അറിയാതെ തൊട്ടതിന്റെ പേരില് ഞാൻ പൊറത്തായി അല്ലേലും എനിക്ക് മടുത്തിരുന്നു.

നാട്ടില് വന്നപ്പോൾ ആന്റോയ്ക്ക് നാലരവയസ്സ്. അവന് എന്റെ ഉയരോ തൂക്കോ കിട്ടീലാട്ടോ. റോസീടെ നെറോം ഇല്ലം. ഏത് ജന്തുവാണോ എന്തോ.....ഇപ്പൊ
സെക്രട്ടറിയേറ്റില് ക്ലാർക്കാണ് അവിടെന്ന് തന്നെ ഒരു ക്ലാർക്ക് പെണ്ണിനേം കെട്ടി. കൊച്ചുനാളുമൊതലേ എന്നെ അപ്പനായിട്ട് കാണാൻ അവനൊരു കൊറച്ചിലാണ്.

..,...മുടിപ്പൊര അമ്പലത്തിന്റെ അടുത്തായിട്ടുള്ള  പറമ്പില് ഷെട്ട് കെട്ടി പെന്തകോസ്തു പ്രാർഥന തുടങ്ങിയതുമുതലാണ് എന്റെ നാശം. അമ്പലക്കമ്മറ്റീലെ സത്യപാലൻ സാറ് രാത്രിവന്ന് പതിനയ്യായിരം തന്നിട്ട് ഷെഡ് കത്തിക്കാൻ പറഞ്ഞു. ഞാൻ കത്തിച്ചു. പിറ്റേന്ന് പോലീസും കേസും വഴക്കും. സത്യപാലൻ സാറ് പുല്ലുപോലെ എന്നെ  എറക്കിത്തന്ന്.

പാസ്റ്ററിന്റെ വകേലെ കുറേ ചെക്കന്മാര് അങ്ങ് തിരുവല്ലായിൽ നിന്ന് വന്ന് ഷെഡ് പിന്നേം കെട്ടാൻ തുടങ്ങി ഞാൻ ചെല്ലുന്നത് കാത്തുനിന്നപോലെ അവരെല്ലാം ചേർന്ന് വളഞ്ഞിട്ട് തല്ലി. ഇത് കണ്ട് ഓടിവന്ന റോസിയ്ക്ക് തലയ്ക്ക് വെട്ടുകിട്ടി. അരയിലുരുന്ന പേനാക്കത്തിയൂരി വെട്ടിയോനെ ഞാൻ കുത്തി. റോസിയും അവനും പോയി.

തെളിയാത്തതും തെളിഞ്ഞതും ഒക്കെ ചേർത്ത് പത്തുപതിനഞ്ച് കേസുകൾ എന്റെ പേരിലായി പതിനാലുകൊല്ലോം കിട്ടി...ഒൻപതാം കൊല്ലം ഇറങ്ങുന്നതിനിടയിൽ പ്രസിഡന്റോ, അളിയനോ, സത്യപാലൻസാറോ വന്നിട്ടില്ല.

എനിക്കിപ്പൊ വലിവിന്റെ പ്രശ്നോണ്ട്..രാത്രിയായാൽ നിർത്താതെ ചുമയ്ക്കും.ഒരു കണ്ണ് ഫീസായ ലക്ഷണാ..
ആന്റോയും പെണ്ണും മക്കളും പോയാൽ വീടിന്റെ കാവലാ എനിക്ക് പണി. അതിനിടയ്ക്ക്  ചെറുമോന്റെ ചെവിയിൽ ഗുണ്ടയെന്ന വാക്കെത്തിച്ചതിന്റെ പേരിൽ മരുമകൾ തന്നതാ ഈ തലക്കെട്ട് മൂന്ന് തുന്നലായിട്ടത്.. .ആ വീട് അവളാ ഭരിക്കണത് ആന്റോയ്ക്ക് അവളെ മെരുക്കാനൊക്കത്തില്ല...

ങാ നിങ്ങള് കഥയൊക്കെ എഴുതി അച്ചടിക്കണ ആളല്ലേ...
അച്ചടീന്റെ പിതാവും ഏതോ ഗുണ്ടയല്ലേ....ഗുണ്ടകളെക്കുറിച്ച് വല്ല കഥയും എഴുതിയോ...??

ഇല്ലാന്ന് ഞാൻ തലകുലുക്കി...
ഗുണ്ടർട്ടെന്ന് തിരുത്തിക്കൊടുത്തു...!!

രതീഷ് കെ എസ്
( ഗുൽമോഹർ009)

No comments:

Post a Comment