Wednesday 8 March 2017

കഥ സിജ്നയുടെ പിൻകോഡ്..!!

സിജ്നയുടെ പിൻകോഡ്..!
( ഒരു കഥയുണ്ടായ കഥ)

".....സിജ്ൻ എന്നുപറഞ്ഞാ ജയില് അപ്പൊ സിജിനാന്ന് പറഞ്ഞാ എന്താ സിജ്ജൂട്ട്യേയ് "
ദാദാബായ് നവറോജിയുടെ താടിയുള്ള ഉസ്താദ് പറഞ്ഞപ്പോൾ ഞാൻ കുലുങ്ങിച്ചിരിച്ചു....
പന്ത്രണ്ട് കൊല്ലം കഴിഞ്ഞ് അരിമൊതലാളി സലാഹുദീൻ തങ്ങളുടെ മൂത്തമോൻ എന്നെ കെട്ടിയപ്പോഴാണ് ആ പേരിന്റെ അർഥം പൂർണമായും മനസിലായത്...

ഒരുവർഷം കഴിഞ്ഞിട്ടും ഗർഭലക്ഷണങ്ങളില്ലാന്നുകണ്ട് എന്റെ ചാക്രികതയെ  കുറ്റം പറഞ്ഞ് , കുറേ മരുന്നും വാങ്ങിത്തന്ന് റഷീദ് തങ്ങൾ ദുബായിലെ സൂപ്പർ മാർക്കറ്റ് നോക്കിനടത്താൻ പോയി. രണ്ട് മാസം കൂടുമ്പോൾ വരും സന്താനോല്പാദന ശ്രമങ്ങൾ നടത്തും തിരിച്ചുപോകും...

ആ വീടിന്റെ മതിലിനപ്പുറം സൂര്യൻ പോലും വരാറില്ലെന്നെനിക്ക് തോന്നും. റഷീദിന്റെ കുഞ്ഞാപ്പയുടെ മകൾ ഫിദയും ഞാനും ഒരുമിച്ചാ പോസ്റ്റൽ അസിസ്റ്റന്റ് പരീക്ഷ എഴുതിയത് . അവൾക്ക് ജോലിക്കുള്ള കാർഡ് നേരത്തേ കിട്ടി. റഷീദ് പോയതിന്റെ പതിനാലാം നാൾ എനിക്കും കിട്ടി, ഹാലിളകിവന്ന അരിക്കാരനെ തടഞ്ഞത് കുഞ്ഞാപ്പയായിരുന്നു...
ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പ. വീടിന്റെ പത്തുകിലോമീറ്ററപ്പുറത്തെ പോസ്റ്റാഫീസ് എന്റെ പിൻ കോഡായി.. ചുവപ്പും മഞ്ഞയും കലർന്ന  ഒരു സ്കൂട്ടർ വാങ്ങിത്തന്നതും പഠിപ്പിച്ചതും ഉപ്പതന്നെ...

എട്ടുമണിക്ക് പോസ്റ്റാഫീസിന്റെ മുന്നിൽ ഞാനുണ്ടാകും. ഒൻപത് മണിക്ക് മുൻപോ ശേഷമോ ആ സ്ഥാപനം തുറക്കാറില്ല ബ്രിട്ടീഷുകാരന്റെ ചിട്ട...
തീപിടിച്ച പുരയിൽ നിന്ന് തകർന്ന കപ്പലിലേക്കാണെങ്കിലും....
പോസ്റ്റാഫീസ് തുറന്ന് സ്റ്റാമ്പ് സീലിന്റെ തീയതി മാറ്റിക്കഴിഞ്ഞാൻ ഞാൻ എന്റെ കറുപ്പഴിക്കും. ഉള്ളിലെ നിറങ്ങളിലാകും എന്നെ പിന്നെ കാണാനാവുക. കറുപ്പുടുത്ത് പോകണമെന്നത് റഷീദിന്റെ ഉമ്മയുടെ വാശിയാ....
കറുപ്പിന്റെ ഉള്ളിൽ കുറേ നല്ല നിറങ്ങൾ മറച്ചുവച്ച് ഞാനും...

അതുകഴിഞ്ഞ് മെയിലുവരാൻ ഒരു കാത്തിരിപ്പാണ്... ഉപ്പ പറഞ്ഞതോർമ്മയുണ്ട് അരയിൽ കത്തിയും തിരുകി, പണപ്പെട്ടിയും തൂക്കി, കൈയിൽ മണിയുമായി നിൽക്കാതെ  ഓടുന്ന അഞ്ചലോട്ടക്കാരൻ.....
മഞ്ഞയും ചുവപ്പും കലർന്ന വണ്ടിയിൽ കാക്കിയുടുപ്പിന്റെ ആദ്യകുടുക്കുകൾ സ്വതന്ത്രമാക്കി നെഞ്ചിലെ രോമങ്ങൾ കാണിച്ച് ഇരു കൈകളിലും ചാക്കുകളുമായി  വരുന്ന അജയനെ ഞാൻ പഴയ അഞ്ചലോട്ടക്കാരനായി ഭാവന ചെയ്യാറുണ്ട്...

ഇതിനിടയിൽ സഹകരണബാങ്കിലെ നോട്ടീസ് അയയ്ക്കാൻ വരുന്ന പ്യൂൺ കട്ടിമീശയുള്ള സുധീർ,കെ എസ് എഫ് ഈ യിലെ വെളുത്ത് മെലിഞ്ഞ് ചന്ദനക്കുറിയിട്ട സുന്ദരൻ ചെക്കൻ, കഥകളൊക്കെ എഴുതി വാരികകളിൽ അയയ്ക്കുന്ന നിരാശനായ എഴുത്തുകാരൻ ഇവരൊക്കെയേ ഉണ്ടാകു...
ഡിപ്പാർട്ട് മെന്റ് നിക്ഷേപവും ഇൻഷ്വറൻസും തുടങ്ങിയതിൽ പിന്നെ പുതുതായി വന്ന രൂപേഷ്ക്കുമാറിന് എന്നെക്കുറിച്ച് പുകഴ്ത്താനേ സമയമുള്ളു...
എങ്ങനേലും ആൾക്ക് എന്നെ ഒന്ന് കിട്ടണം അതിന്റെ കഠിന ശ്രമത്തിലാണയ്യാൾ...

മെയിലുവന്നാൽ പിന്നെ സ്റ്റാമ്പുകളിൽ സീലുപതിക്കലാണെന്റെ ഇഷ്ടവിനോദം...ഗാന്ധിയുടെ ചിരിയും കണ്ണടയും എന്റെ നിക്കാഹ് നടത്തിയ ബ്രോക്കർ അലവിക്കുട്ടിയുടേതുപോലെയായിരുന്നു...ഒറ്റയിടിക്ക് അലവിക്കുട്ടിയുടെ മൂക്കിന്റെ പാലം ഞാൻ തകർക്കും...
പട്ടേലിന്റെ ആ നില്പും എന്റെ ഉപ്പാടെ ദയനീയമായ നില്പും തമ്മിൽ എനിക്ക് സാമ്യം തോന്നും..ഉരുക്കുമനുഷ്യന്റെ രൂപമേ ഉപ്പായ്ക്ക് ഉണ്ടായിരുന്നുള്ളൂ...ഉമ്മയും ആങ്ങളമാരെയും ഭയന്നുകഴിഞ്ഞിരുന്നാ ആ മുഖത്ത് സീലിന്റെ നിഴലേ പതിയൂ....
ഉസ്താദിന്റെ താടിയുള്ള നവറോജി, ഭഗത് സിംഗിന്റെ മീശയുള്ള കുഞ്ഞാപ്പാ. സരോജിനി നായിഡൂന്റെ സ്റ്റമ്പിൽ പതിയുന്ന സീലിന്റെ ശബ്ദം കേട്ട് രൂപേഷ് പോലും ഞെട്ടും ഉമ്മയുടെ മുഖാണ് അപ്പോൾ ഞാൻ ഓർക്കുക...
എന്റെ സീലടിക്ക് ഒരു വിചിത്ര താളമാണെന്ന് പോസ്റ്റ് മാസ്റ്ററും രൂപേഷും പറയും...
അലവിക്കുട്ടിയേയും ഗാന്ധിയേയും കൂട്ടിക്കെട്ടി പകപോക്കുന്ന വിചിത്രഭാവന അവർക്കെങ്ങനെ മനസിലാകാൻ...?

ജയേട്ടന്റെ മെയിലുപോയാൽ പിന്നെ. കത്തുകളുമായി ഞാൻ ഊരുചുറ്റും. മാധവൻ മാഷ് എട്ടാം ക്ലാസിൽ പഠിപ്പിച്ച തപാൽ ശിപായി എന്ന നാടകത്തിലെ ഡയലോഗ് ഓർക്കും...

ഞാനൊരു തപാൽ ശിപായിയായിരുന്നെങ്കിൽ എല്ലായിടത്തും പോകാമായിരുന്നു, എല്ലാവരെയും കാണാമായിരുന്നു, എല്ലാവരോടും സംസാരിക്കാമായിരുന്നു....

കത്തും പാഴ്സലും പെൻഷനും മണിയോഡറും ഒക്കെ ചേർത്താലും ഒരുമണിക്കൂറിൽ കൂടുതൽ ചുറ്റാനുണ്ടാകില്ല...
എന്നിട്ടും കൂട്ടുകാരുടെ വീടും പുഴക്കരയും സ്കൂളിന്റെ പരിസരോം..ഞാൻ വെറുതേ പോകും...അഞ്ചുമണിക്ക് എല്ലാം ഏല്പിച്ച് കറുപ്പുടുത്ത് സൂര്യനുദിക്കാത്ത സാമ്രാജ്യത്തിലേക്ക് പോകും...

സഹകരണബാങ്കിന്റെ കത്ത് കൊടുക്കാനായിട്ടാണ് അനന്തൻ, ശ്രീനിലയം , എന്ന വിലാസം തിരക്കിയിറങ്ങിയത്....
അത് അവനായിരുന്നു എന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രണയം...പൊളിഞ്ഞു വീഴാറായ ഓടിട്ട കൊച്ചുവീട്. നല്ല വെളുത്ത് മെലിഞ്ഞ ഒരു യുവതി കൈയിൽ ഒരു കുഞ്ഞുമായി ഇറങ്ങിവന്നു...
"അനന്തൻ..?"
" ചേട്ടൻ കിടപ്പിലാണ്.."
" ആരാ. എന്താ കാര്യം.."
അകത്തുനിന്നും വന്ന ശബ്ദം കാലം കുറച്ചായിട്ടും തിരിച്ചറിഞ്ഞു....

പത്താം ക്ലാസ് മുതൽ ഈ പൂച്ചക്കണ്ണൻ മിണ്ടാപ്രാണി എന്റെ  ക്ലാസിലായിരുന്നു...
ആൺകുട്ടികളുടെ ചെണ്ട, പെൺകുട്ടികളുടെ പാട്ടുപെട്ടി അധ്യാപകരുടെ നോട്ടപ്പുള്ളി.
നിത്യരോഗി..എന്നിട്ടും അനന്തൂനെ എനിക്കിഷ്ടായിരുന്നു...പന്ത്രണ്ടാം തരായപ്പോൾ അവൻ നീണ്ട് വളർന്ന് ഒരു സുന്ദരനായി എന്നിട്ടെന്താ ക്ലാസിലെ കൂരിക്കാസ് അജ്മലിനെ പോലും അവന് പേടിയായിരുന്നു...

ഫസ്ന പറയും
..... ദേ ആ മിണ്ടാപ്രാണിയ്ക്ക് കിട്ടിയ ജന്മം എനിക്കാർന്നെങ്കിൽ ഈ ക്ലാസിൽ തന്നെ മൂന്ന് പ്രസവം നടന്നേനേ. സിജുമോളേ നിന്നെ തന്നെ ഞാൻ രണ്ടുപ്രാവശ്യമെങ്കിലും...

നീട്ടിപ്പിടിച്ച കൈയുമായി അവളെന്റെ നെഞ്ചിനുനേരെ വരും
...എനിക്ക് അവനോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ സുധിയും ഫസ്നയും തലതല്ലി ചിരിച്ചു....

"ഒരു പ്രയോജനവും ഇല്ലമോളേ നീ കൊതിച്ച് കൊതിച്ച് കാത്തിരിക്കേയുള്ളൂ...."

മലയ്ക്ക് പോകാൻ മാലയിട്ട നാളിൽ അനന്തൂനെക്കാണാൻ എന്തു ഭംഗിയായിരുന്നു..
കുറിയിട്ട നെറ്റിയിൽ നിറയെ ഉമ്മവയ്ക്കാനും കുറ്റിത്താടിയിൽ വിരലോടിക്കാനും ആശിച്ചു...
പോയി വന്നിട്ടും ഷേവ് ചെയ്യരുതെന്ന് ഞാൻ പറഞ്ഞത് അവൻ കേട്ടു...
ലൈബ്രറിയിൽ വച്ച് താടിയിൽ വിരലോടിക്കാനും ഉമ്മ കൊടുക്കാനും ഫസ്ന അവസരം ഒപ്പിച്ചു തന്നു...

ഇതിനിടയിലാ അലവലാതി അലവിക്കുട്ടി അരിക്കടയും ചുമന്ന് വീട്ടിലേക്കുവന്നത്...പതിനെട്ട് വയസ്സും
നിക്കാഹും, പുരമാറ്റോം, 90% മാർക്കിലെ വിജയോം ഒക്കെ ഒരു സ്പീഡ് പോസ്റ്റിന്റെ വേഗത്തിൽ കടന്നുപോയി...

ഞാനെന്തെങ്കിലും പറയുമെന്ന് ഭയന്നാകാം അനന്തു നിർത്താതെ സംസാരിക്കുന്നു

"..ഏട്ടന്റെ പെങ്ങളെ കെട്ടിക്കാനാ ഈ വീട് ബാങ്കിൽ വച്ചത്.
പെയിന്റ് പണിക്കിടയിൽ വീണതാ നട്ടെല്ലിന് പ്രശ്നോണ്ട്..  പതിനാലുമാസായി ഈ കിടപ്പ് കമ്പനിയിൽ നിന്ന് കിട്ടാറുള്ള കാശും നിലച്ചു...

ഞാൻ ലക്ഷ്മിയെ ചേർത്തു നിർത്തി..
പൂച്ചക്കണ്ണുള്ള മകന്റെ നെറ്റിയിൽ ഉമ്മ വച്ചു, ബാങ്കിന്റെ കത്ത് എന്റെ ബാഗിൽ സൂക്ഷിച്ചു വച്ചു....

കഴിഞ്ഞ തവണ റഷീദ് കൊണ്ടുവന്ന മൂന്ന് വളയും പോസ്റ്റാഫീസിലിട്ട കാശും ചേർത്ത് ലോണിന്റെ മുക്കാൽ ഭാഗവും അടച്ചു...
ബാക്കി തവണകളായി അടയ്ക്കാന്ന് ഞാൻ ഒപ്പിട്ടുകൊടുത്തു....
എല്ലാ മാസവും മണിയോഡർ മുടക്കില്ലെന്നും ഉറപ്പിച്ചു...

ഇതൊന്നുമല്ല കാര്യം ഈ സംഭങ്ങളെല്ലാം...
ഒരു ഖദീജയുടെ പേരിൽ ഞാൻ നമ്മുടെ എഴുത്തുകാരന് അയച്ചുകൊടുത്തു...

...ദേ എട്ടുമണിക്ക് എന്നെ നോക്കി  ചിരിച്ച്... അയാളും പോസ്റ്റാഫീസ് തുറക്കാൻ കാത്തു നിൽക്കുന്നു...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment