Wednesday 15 March 2017

കഥ ഡാമൊരു ഭീകര ജീവിയാണ്

ഡാമൊരു ഭീകരജീവിയാണ്...!!

പുതിയ പ്രൊഫൈൽ ചിത്രത്തിന് അഞ്ഞൂറാം ലൈക്ക് കിട്ടാൻ കാത്തിരിക്കുന്നതിനിടയിലാണ്. ഡാമൊരു ഭീകരജീവിയാണെന്ന പോസ്റ്റർ  ആരോ എന്റെ വാളിൽ ടാഗുചെയ്തിരിക്കുന്നു. പുഴയെന്നപേരിലുള്ള ഐഡി. ഏതോ പുഴയുടെ ചിത്രങ്ങൾ ആദിവാസി ഊരുകൾ, കുറേ വാർത്തകൾ. ഇൻബോക്സിൽ ചെന്ന് രണ്ടെണ്ണം പറയാൻ തന്നെ തീരുമാനിച്ചു. അതിനിടയിലാണ് അപൂർണമായ
ആ പോസ്റ്റ് ശ്രദ്ധിച്ചത്...

" പശ്ചിമഘട്ടത്തിന്റെ മടിയിൽ പെറ്റുവീണ പുഴപ്പെണ്ണാണു ഞാൻ . ഒഴുകാനുള്ള എന്റെ ജന്മാവകാശത്തെ ആറിടങ്ങളിൽ തടഞ്ഞു നീ നിന്റെ കാമം തീർത്തു. ഇനി ഏഴാമിടം അവിടെ നീ തടയുന്നതിന്റെ മുന്നേ
നിറഞ്ഞ് പതഞ്ഞ് എന്റെ ഒരു ചാട്ടമുണ്ട്...
പുഴയെ ചുവപ്പിച്ച്
ഞാൻ പൊട്ടിച്ചിതറും...

(കുറിപ്പ്: ഇത് കാടർ പൂർത്തിയാക്കും..എന്ന് പുഴ.)

"ആരാണ് എനിക്ക് മനസിലായില്ല. എന്റെ പേജിൽ അനാവശ്യങ്ങൾ ടാഗ് ചെയ്യരുത്..  " പുഴയുടെ ഇൻബോക്സിലേക്ക് സന്ദേശമയച്ചതും ഉടൻ മറുപടിവന്നു...

"ഞാൻ പുഴ
ഇരയായ നാല്പത്തിനാലിൽ എത്രപേരെ താൻ അറിയും. അദ്ധ്യാപകനല്ലേ ? മണ്ണിനേം മരത്തേയും കുറിച്ച് എഴുതാറില്ലേ...? കമ്മൂണിസ്റ്റുമാണല്ലോ..? ഡാമിന്റെ കൂട്ടിക്കൊടുപ്പിന് കുടപിടിക്കണ കൂട്ടത്തിലല്ലേ...?"

ആക്ടിവിസം തലയ്ക്കുപിടിച്ച  ഭ്രാന്തനാകും സംസാരിക്കുന്നതും പന്തിയല്ല.
ഡാമിന്റെ കൂട്ടിക്കൊടുപ്പ് കമ്മൂണിസ്റ്റ് പുഴ ഉള്ളിൽ കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു..
ഞാൻ സൈൻ ഔട്ട് ചെയ്ത് വീട്ടിൽ അമ്മയെ ഫോണിൽ വിളിച്ചു.. .

"നമ്മുടെ ഡാമിന്റെ ചരിത്രമെന്താമ്മേ...?"

" എനിക്കാറിയൂല നിന്റെ അമ്മാമ്മ പറയും ദാ അമ്മാ അവൻ വിളിക്കണ് ഡാമിന്റെ കാര്യം എന്തോ പറഞ്ഞ് കൊടുക്കാൻ..."

" എന്ത് മക്കളേ ഇപ്പൊ ഡാമിന്റെ കാര്യം..അന്ന് നാല്പത്തിമൂന്നില് നിന്റെ അപ്പുപ്പനും മാമനൊക്കെ പോയിരുന്നു തിരുവനന്തപുരത്ത് പട്ടിണി കെടക്കാൻ...അഗസ്ത്യർകൂടത്തീന്ന് വരണ പെരിയ ആറും മുല്ലയാറും വള്ളിയാറും നെയ്യാറും വലിയ പുഴയെ കള്ളിക്കാട് തടഞ്ഞ് അമ്പൂരിയിലും കോട്ടയം പുറത്തും മായത്തും കോട്ടൂരും അഞ്ഞൂറേക്കറിൽ പരന്ന് കെടക്കണതാണ് നമ്മള ഡാം. അന്ന് നാട്ട് കാര് എതിത്തില്ല കാണിക്കാര് കൊറേ പ്രശനങ്ങളൊണ്ടാക്കി അവരെയെല്ലാം എഞ്ചിനിയർ   സായിപ്പ് കാച്ചിക്കളഞ്ഞ്. നമ്മക്ക് സർക്കര് മൂന്നേക്കർ വീതം തന്ന്.
കങ്കൻ കാണിയായിരുന്നു നേതാവ് അവനെ സുർക്കീലിട്ട് ഡാമ് കെട്ടിയതിന്റെ ഉള്ളിലിട്ട് മരിക്കാൻ പോൺ വെപ്രാളത്തില് മനുഷ്യൻ പിടിക്കണ ഒരു പിടിയെണ്ട്, വിടൂല. അതാണ് ഡാമിന്റെ ഒറപ്പ് .."

ഞാൻ ഫോൺ കട്ട് ചെയ്തു...
പിന്നെ രണ്ടു ദിവസം ഫേസ് ബുക്കിൽ കേറീല...
മുഖചിത്രത്തിന് ലൈക്ക് ആയിരം കടന്നിരിക്കുന്നു...

# ഇന്ത അടവീല് ഡാമ് വേണ്ട..!"
വീണ്ടും പുതിയ പോസ്റ്റ് ടാഗ് ചെയ്തിരിക്കുന്നു നൂറിലധികം ലൈക്കുകൾ കമന്റുകൾ...

" എവിടായിരുന്നു രണ്ട് ദിവസം കണ്ടില്ലല്ലോ.."
പുഴയുടെ മെസ്സേജുവന്നു .

" മുഖമില്ലാത്ത് പേരില്ലാത്ത ഒരു പുഴയോട് സംവദിക്കാൻ എനിക്ക് ഭ്രാന്തില്ല..."

" ഞാനാരെങ്കിലുമാകട്ടേ ഞാനേത് പുഴയെന്ന് അറിയാനെങ്കിലും ഒരു മാഷിനായോ..?"

ഏതോ ഒരു വീഡിയോയുടെ ലിങ്ക് അയച്ചുതന്നു തുറന്നപ്പോൾ ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന പാട്ട്...

"മാഷിന് കാടരെക്കുറിച്ച് അറിയാമോ..."

" നാട്ടിലെ വനത്തിൽ കേറി കളിച്ചു നടക്കുമ്പോൾ കാടന്മാർ പിടിക്കും എന്ന് അമ്മ ഭയപ്പെടുത്താറുണ്ട്...?"

" ശരി പറയാം പെരിങ്ങൽ കുത്തടക്കം ആറു പീഡനങ്ങളിൽ ഇരയായ 136.6 ഹെക്ടർ ഭൂമി തടിവില പറഞ്ഞുറപ്പിച്ച, ആയിരത്തഞ്ഞൂറ് കോടി ചിലവാക്കി ഏഴാമത് കൂട്ടബലാത്സംഗം ചെയ്യാൻ പദ്ധതിയിട്ട, പത്തുലക്ഷത്തിലധികം ആരാധകരുള്ള, തൊണ്ണൂറ്റി മൂന്ന് കാടർ കുടുംബത്തിനും 256 ഇനം പക്ഷികൾക്കും ആനക്കുട്ടത്തിനും മത്സ്യങ്ങൾക്കും ആശ്രയമായ ആതിരപ്പിള്ളീലെ ചാലക്കുടിപ്പുഴയാണ് മാഷേ ഞാൻ..."

ജിൻസി ഫിലിപ്പിന്റെ പച്ചവിളക്ക് തെളിഞ്ഞു...

" എന്താണ് പിന്നേ ഓൺലൈനിൽ ഇവിടെ കറണ്ടില്ലാട്ടോ...ഇന്നലത്തേന്റെ ബാക്കി നമുക്ക് നടത്തിയാലോ...എന്താ ഒരു മൂഡില്ലാത്തത്...?"

പുഴ പിന്നേം പറയുന്നു...
"ഒഴുക്ക് മൂന്ന് തരാട്ടോ..."

" അതേ ഇതൊന്ന് നിർത്തോ ഇപ്പൊ മൂന്നാമത്തെ പ്രാവശ്യാ കറണ്ട് പോണത് ആക്ടിവിസത്തിന്റെ പേരിൽ നാടിന്റെ വികസനത്തിനത്തെ തുരങ്കം വയ്ക്കണ നീയൊക്കെയാ നാടിന്റെ ശാപം.."

" പറയൂ മാഷേ പറയൂ നൂറുകോടിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് 4 രൂപാ നിരക്കിൽ വൈദ്യുതി ഉണ്ടാക്കുന്നതിന് പകരം ആയിരത്തഞ്ഞൂറ് കോടി ചിലവാക്കി 10 രൂപാ നിരക്കിൽ വൈദ്യുതി ഉണ്ടാക്കുന്ന പൊട്ടൻ നയത്തെ വിമർശിക്കാൻ നിങ്ങടെ മന്ത്രിയുടെ  സാമ്പത്തിക ശാസ്ത്രത്തിലെ  ഡീലിറ്റ് ബിരുദമൊന്നും വേണ്ടാട്ടോ ഈ പുഴയുടെ എക്ണോമിക്സിലെ എം എ മതി...
ആറു പീഡനം കഴിഞ്ഞു വരുന്ന എന്റെ ഒഴുക്ക് 28 കിലോമീറ്റർ നിലച്ചിട്ട് കാലം കുറേ ആയീട്ടോ...
നമ്മൾ പറഞ്ഞു വന്നത് മൂന്ന് തരം ഒഴുക്കുകൾ അതിന്റെ ജൈവികതയിലാണ് മീനുകൾ മുട്ടയിടുന്നത് അതിന്റെ പ്രജനന കാലം നൽകാൻ കുഴലിലൂടെ ഒഴുക്കിത്താരാൻ ശ്രമിക്കുന്ന നിങ്ങളുടെ പദ്ധതിയ്ക്ക് കഴിയില്ലാട്ടോ..."

." ...ന്റെ പൊന്നുമാഷേ അന്ന് ഗുളിക കഴിക്കാത്തത് ഭാവിയിൽ ദോഷം ഉണ്ടാകുമെന്ന് കരുതീട്ടാ. എനിക്ക് ഇടയ്ക്ക് പിരീഡ്സ് തെറ്റാറുണ്ട് അല്ലെങ്കിൽ തന്നെ ഇതൊക്കെ ഒഴിവാക്കാൻ എനിക്കറിയില്ലേ എന്നെയല്ലേ കൂടുതൽ ബാധിക്കുന്നത്  യൂ ഡോൻഡ് വറി...അതാണോ മൂഡോഫ്
ഇവിടെ കറണ്ടു വന്നു രാത്രി കാണാട്ടോ...ടെൻഷൻ വേണ്ട ബാക്കി അപ്പൊപ്പറയാം.."..
ജിൻസി ഇടയ്ക്കു കയറി പരിഭവിച്ചു...

" മീനിന്റെയും മാനിന്റേം കാര്യം നോക്കിയാൽ നമ്മളിരുട്ടിലാകും..."
ഞാൻ സൈനൗട്ട് ചെയ്തു.

പത്തര കഴിഞ്ഞിട്ടുണ്ടാകും ജിൻസിയെ ഓർത്തിട്ടാണ് എഫ് ബി തുറന്നത്..
പുഴയുടെ പേജിൽ പുതിയൊരു കവിത...

ആതിരപ്പിള്ളി..

ഒന്നാമിടത്തെന്റെ കാഴ്ച്ചമങ്ങി ..
ശബ്ദം നിലച്ചരണ്ടാമിടം
മൂന്നമിടമെന്നെ കേട്ടതില്ല
ഗന്ധമറ്റ നാലാമിടം
തൊട്ടാലറിയാതെയായി അഞ്ചാമിടം
മനം പിഞ്ഞിയ ആറാമിടം
ഏഴമിടത്തെന്നെ ഞാനെറിഞ്ഞുടയ്ക്കും
പുഴചുവക്കും
കാടരിൽ ഞാൻ ഭ്രാന്താകും..."

എന്റെ ഇൻബോക്സ് നിറയെ 1970  ആളിയാർ ജലദുരന്തം, 96-2002 ആതിരപ്പിള്ളി ആഘാതപഠനങ്ങൾ. പൊകലപാറയിലെ ആദിവാസി ഊരുകൾ...സോളാർ പദ്ധതി മാസ്റ്റർ പ്ലാൻ...
വായിക്കാൻ താല്പര്യം തോന്നി...

ജിൻസിയുടെ പച്ചകത്തിക്കിടക്കുന്നു ...
" ഹായ് പൊന്നേ. ഇനി പേടിക്കാനില്ലാട്ടോ കിഴക്കുപുലരിയിൽ ചെങ്കൊടി പാറീട്ടോ വല്ലാത്ത വയറുവേദന...ഞാനെന്റെ കൂട്ടുകാരുമായി ചാറ്റട്ടേ ഇപ്പൊ ടെൻഷൻ മാറീലേ...
ഗുഡ് നൈറ്റ് ഉമ്മ..."

" ഹായ് വന്നോ...ഞാൻ കരുതി ബ്ലോക്കാക്കിപോകുമെന്ന് ഞാൻ പല്ലവി കാടരുടെ മൂപ്പത്തിയാ മാഷേ ആതിരപ്പിള്ളി ഗവ കോളേജിൽ എം എ എക്ണോമിക്സ് അവസാന സെമസ്റ്റർ...
ചീവയ്ക്ക തേൻ മഞ്ഞൾ കൂവ ഇതൊക്കെ വെറും ഒരു കുപ്പി മദ്യത്തിന് വിറ്റ് തുലയ്ക്കുന്ന കാടരെ നന്നാക്കാൻ ശ്രമം...1886 മുതൽ ഞങ്ങടെ വിഭാഗം റോഡിന്റെയും കറണ്ടിന്റേയും ഡാമിന്റെയും പേരിൽ  പലായനം ചെയ്ത് ഒടുവിൽ ഇവിടെത്തിയതാ ..ഇനി ഒളിക്കാൻ സ്ഥലമില്ല മാഷേ ഈ കാട് ഇല്ലെങ്കിൽ കാടരില്ല...നാലുതവണ പോലീസ് വിളിപ്പിച്ചും ആദ്യം ഒരു മയമുണ്ടായിരുന്നു പിന്നെ അതൊക്കെ മാറി...

ഒന്നുറപ്പാണ് ഒന്നുകിൽ അവരെന്നെ കൊല്ലും ഇല്ലെങ്കിൽ ഇവർക്കുവേണ്ടി ഞാൻ ചാകും...
കറണ്ടിന് ബദലുണ്ട് മാഷേ ഈ പുഴയ്ക്ക് ബദലില്ല...
ഞങ്ങൾക്ക് വേറെ വനമില്ല..
എല്ലാവരും ലൈക്കും കമന്റും ഇട്ട് മാറിയപ്പോൾ ഒന്ന് തിരക്കിയത് കേട്ടത് മാഷാണ് ഒരാളെങ്കിലും ഇതറിയണമെന്നുണ്ടായിരുന്നു..."
ഇൻ ബോക്സിൽ ഒരു ചിരിച്ച മുഖത്തിന്റെ ചിത്രം പിന്നെ ആ പച്ചവെളിച്ചം കെട്ടു....

പുഴയുടെ പേജിലെ വാർത്തയും പോസ്റ്റും കവിതകളും ഞാൻ വാട്സ് ആപ്പ് ഫേസ്ബുക്ക് കൂട്ടായ്മകളിലേക്ക് ഷെയറുചെയ്തു...
ചിലതിലൊക്കെ ചർച്ചയുണ്ടായി....

ആതിരപ്പിള്ളിയെ അറിയാമെന്ന പേജ് തുടങ്ങി നൂറിലധികം പേർക്ക് അയച്ചു...

."..ന്റെ മാഷേ ഉറക്കായില്ലേ ആരോ തടഞ്ഞ ലക്ഷണമുണ്ടല്ലോ..."

ജിൻസിയും പച്ചവിളക്കണച്ചു...
ഞാൻ പുഴയെ കാത്തിരുന്നു...

പിറ്റേന്ന് സ്റ്റാഫ് റൂമിൽ നിന്ന് രഹസ്യമായി സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി...

'ആദ്യമൊക്കെ ഒരു മയമുണ്ടായിരുന്നു പിന്നെ ഒക്കെ മാറി..' പുഴ പറഞ്ഞത് സത്യമായിരുന്നു...

നീരുവന്ന കൈകൊണ്ട് ഞാൻ ഫേസ് ബുക്ക് ഡിലീറ്റ് ചെയ്തു...പുഴയുടെ പേജ് കാണാനായില്ല...

"എഞ്ചിനിയർ സായിപ്പ് കങ്കൻ കാണിയെ സുർക്കിയിൽ ഇട്ടു...മരണവെപ്രാളത്തിൽ മനുഷ്യൻ പിടിക്കണ ഒരു പിടിയൊണ്ട് വിടൂല അതാന് ഡാമിന്റെ കരുത്ത്...."

അമ്മാമ്മ കഥ പറഞ്ഞു നിർത്തി...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment