Wednesday 5 April 2017

ഒരു പോക്സോ പൂച്ച

ഒരു പോക്സോ പൂച്ച..!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

"മക്കളേ
ഇനിയെങ്കിലും നീ നിന്റെ  മണികണ്ടന്റെ കാര്യത്തിൽ ഒരു   തീരുമാനമെടുത്തില്ലെങ്കിൽ
നിന്റെ പേരിൽ പോക്സ് ചുമത്തേണ്ടി വരൂന്നാ മെമ്പർ ഷൈനി പറയണറ്റ്.."
അമ്മപറഞ്ഞത് ചിരിയോടെയാണെങ്കിലും. പോക്സോ നിയമത്തിന്റെ വാർത്തകളും വശങ്ങളും വായിച്ചറിഞ്ഞ എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല....

ഷാഹുൽ ഹമീദിന്റെ പേരക്കുട്ടികളെ സ്കൂളിൽ പോകുന്ന ഇടവഴിയിൽ മണികണ്ടൻ പീഡിപ്പിക്കാൻ ശ്രമിച്ചൂത്രേ.
ഖദീജയ്ക്ക് പതിനാറായില്ലേ ഭാഗ്യം അവൾ അല്ലേലും  പോക്സോയിൽ വരില്ലാല്ലോ.. ഞാൻ മനസുകൊണ്ടുറപ്പിച്ചു...
യാസിന്റെ വിഷയമാണ് പ്രശ്നം അവൻ എട്ടാം വയസിലേക്ക് കടക്കുന്നതേയുള്ളൂ....

പുലരി ക്ലബ്ബുമായിട്ടുള്ള ക്രിക്കറ്റ്മത്സരം കഴിഞ്ഞ് മഴനനഞ്ഞ് വരുമ്പോഴാണ് മണികണ്ടനെ ഞാൻ കാണുന്നത്. വഴിയ്ക്കരികിലെ കുറ്റിക്കാട്ടിൽ കവറിൽ പൊതിഞ്ഞ് എന്തോ അനങ്ങുന്നു...
കവർ വലിച്ചുകീറിയതും വാലിനറ്റത്തെ കറുത്ത പുള്ളിഉയർത്തിപ്പിടിച്ച് അവൻ നീട്ടിക്കരഞ്ഞു.
വീട്ടിലെ അടുപ്പിന്റെ വശത്തെ ചൂടത്ത് അമ്മ ഇരുത്തും വരെ അത് നിലവിളി തുടർന്നു...
അമ്മാമ്മ മണികണ്ടനെന്ന് പേരിടാൻ കാരണം പണ്ടെന്നോ നാടുവിട്ടുപോയ തന്റെ മൂത്തമകന്റെ ഓർമ്മയ്ക്കായിട്ടാണ്...

അവൻ വീട്ടിൽ കാലുകുത്തിയതിന്റെ പിറ്റേന്ന് അലക്കുകല്ലിന്റെ കീഴ് വശം തുരക്കുന്ന സ്ഥിരശല്യക്കാരനായ സുകുമാരക്കുറുപ്പെന്ന് അമ്മാമ്മ ഓമനപ്പേരിൽ വിളിക്കുന്ന പെരുന്തൻ പെരുച്ചാഴി ചത്തുമലച്ച് കിടന്നിരുന്നു...വിഷം തിന്നിതോ, അയൽപ്പക്കത്തെ പാസ്റ്ററിന്റെ റോക്കി കടിച്ചുകൊന്നതോ ആകാമെന്നിട്ടും അതിന്റെ ക്രഡിറ്റ് മണികണ്ടനിലാണ് അമ്മാമ്മ ചാർത്തിക്കൊടുത്തത്...
"ഐശ്വര്യമുള്ള മണികണ്ടൻ ധീരൻ..."

വീടിന്റെ അതിരിനപ്പുറമുള്ള തൂറൽ, പാറ്റ എലി എന്നിവയോടുള്ള കാർക്കശ്യമായ സമീപനം, ബന്ധുക്കളെ തിരിച്ചറിഞ്ഞുള്ള സ്നേഹപ്രകടനങ്ങൾ, വറ്റുപോലും ശേഷിപ്പിക്കാതെയുള്ള  ഭക്ഷണരീതി
സർവ്വ തറവാടി  ലക്ഷണങ്ങളും ആ അലവലാതി അഭിനയിക്കുകയായിരുന്നു...
ഊണുമേശയ്ക്ക് താഴെ എന്റെ പാത്രത്തിലുള്ളതിലും മുഴുത്ത മീൻ കഷ്ണം കണ്ടപ്പോൾ വീട്ടിലെ പരിഗണനവിഷയം ഞാനല്ലാ എന്നെനിക്കുറപ്പായി....
വീട്ടിലെ സ്ഥിരവാസികളായാ
പല്ലിയും പാറ്റയും എന്റെ കട്ടിലിന്റെ കീഴിലേക്ക് അഭയം പ്രാപിച്ചു ശത്രുവിന്റെ ശത്രു മിത്രമാകുമല്ലോ...?
അഭയം തേടിയെത്തിയവർ എന്റെ അടിവസ്ത്രത്തിൽ പോലും ദ്വാരങ്ങൾ വിഴ്ത്താനും കാഷ്ടിക്കാനും തുടങ്ങിയപ്പോൾ മണികണ്ടന്റെ മുന്നിൽ എന്റെ വാതിലും തുറക്കപ്പെട്ടു...

കൈസർ എന്നൊക്കെ പേരിലേ വലിപ്പമുള്ളു. മണികണ്ടനെ കണ്ടാൽ നായവർഗത്തിനൊക്കെ ആപമാനമായി ആ സാധു തേങ്ങാപ്പുരയ്ക്ക് പിന്നിൽ പോയിരിക്കും...
കൈസർ തികഞ്ഞ ഗാന്ധിയനായി...

മീൻ കാരന്റെ മുന്നിലെ ഈ പന്നന്റെ അഭിനയം കണ്ടാൽ താങ്കൾ പോലും മുഴുത്ത രണ്ട് അയല കടം വാങ്ങി നൽകിപ്പോകും..
ദയനീയമായ കരച്ചിലും, മുൻ കാലുകളിൽ തലപൂഴ്ത്തിയുള്ള നില്പും,  കാലിൽ പന്തം പോലുള്ള അതിന്റെ വാലിട്ടുള്ള ഉരസലും...
പാസ്റ്ററുടെ ഭാര്യ മീൻ കാരനെയും മണികണ്ടനെയും മാറിമാറി നോക്കും..
അയാൾ അഴുകിത്തുടങ്ങിയ മത്തിയിൽ ഒന്നോരണ്ടോഅവന്റെ മുന്നിലേക്കിടും പാസ്റ്ററും ഭാര്യയും അത്യുന്നതങ്ങളിലേക്ക് നോക്കി സ്തുതിപറയും...

കാര്യങ്ങൾ ഇപ്പോൾ അത്ര പന്തിയല്ല...
സുഹ്രത്താത്ത ഷെറീനയ്ക്ക് ജനിച്ച രണ്ടുമക്കളേം എടുത്ത് മതിലിലൂടെ എന്റെ മുറ്റത്തേക്കിട്ടു....
ഉമ്മറത്ത് ചാരുകസേരയിലിരുന്ന് പത്രവായിക്കുന്ന എന്നെയും കസേരയുടെ ചുവട്ടിൽ വിശ്രമിക്കുന്ന ആ നാറിയേയും മാറിമാറി നോക്കി നെടുവീർപ്പിട്ടു...
മക്കളില്ലാത്ത സുഹ്രതാത്ത ഷെറീനയെ മകളെപ്പോലെ വളർത്തിയതാ, ഫൈസലിക്ക ഗൾഫിലായിരുന്ന കാലത്ത് താത്തയ്ക്ക് കൂട്ടുകിടക്കാൻ അമ്മ എന്നെ വിടുമായിരുന്നു...
താത്ത എന്നെ കെട്ടിപ്പിടിക്കും കൈകൾ അരുതാത്തിടങ്ങളിലേക്ക് കൊണ്ടുപോകും.  ഞാൻ വളർന്നു. കൂട്ടുകിടക്കാനും മടിയായി. ഫൈസലിക്ക വന്നിട്ടും സുഹ്രത്തായ്ക്ക് ഷെറീനയിൽ ആശ്വസിക്കേണ്ടിവന്നു...
മണികണ്ടന്റെ നിറം രണ്ടിനും വാലുകളിൽ തീപ്പന്തം പോലെ കറുത്ത പുള്ളിയും...
ഡി എൻ എ ടെസ്റ്റൊന്നും നടത്തേണ്ടതില്ല...
പിന്നെ കുറച്ചുകാലം ആ സമീപത്തെ വീടുകളിൽ ജനിച്ചതിനെല്ലാം നിറത്തിൽ മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളു...
വാലിലെ തീപ്പന്തം പോലുള്ള മറുക് പൊതു അടയാളമായി...
ചിലരൊക്കെ എന്റെ വീടിന്റെ പരിസരങ്ങൾ വരെ അവരെ എത്തിച്ചു...
ചിലതിനെ തള്ളമാർ തന്നെ എടുത്തോണ്ട് പോന്നു...
അടുത്ത വാർഡിലും ജനനങ്ങൾ റിപ്പോട്ട് ചെയ്യപ്പെട്ടു.  പെണ്ണുങ്ങൾ മണികണ്ടനെപ്പറ്റി ആറ്റിലിരുന്ന് തമാശയായും കാര്യമായും പറഞ്ഞ കാര്യങ്ങൾ അമ്മയ്ക്ക് ഇഷ്ടായില്ല വീട്ടിൽ അംഗസംഖ്യകൂടുന്നു...
അടുത്ത പഞ്ചായത്തിലേക്കും ഈ അസത്ത് തന്റെ പ്രവർത്തന മേഖല വ്യാപിപ്പിച്ചതിന്റെ തെളിവായി ഇലക്ട്രീഷ്യൻ മന്മദൻ ബൈക്കിൽ എത്തിച്ച മൂന്നുമക്കൾ സാക്ഷി...

അടുത്തിടെയാണ് അപകടകരമായ കാര്യങ്ങൾ റിപ്പോട്ട് ചെയ്തത്....
കൈസർ പഞ്ചായത്ത് കുടിവെള്ള വിതരണ വണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യചെയ്തു...
മീൻ വെട്ടുന്നതിനിടയിൽ കൈസറിനു നൽകിയ പങ്ക് ഈ ദ്രോഹി പിടിച്ചു വാങ്ങിയത് മാത്രമല്ല മുഖമടച്ച് തല്ലുകയും ചെയ്തു...
തേങ്ങാപുരയുടെ പിന്നിൽ ആ സാധും ഏറെ സമയം ദുഃഖിച്ചിരുന്നെന്ന്  അമ്മയുടെ മൊഴി..
മോഹനൻ ആശാരിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കാനെത്തിയ കുവൈറ്റുകാരന്റെ ടീവിയിൽ കാണിക്കുന്ന തരത്തിലുള്ള സുന്ദരന്റെ  തിരോധാനമായിരുന്നു അടുത്തത്.. തയ്യൽക്കാരി ലിസിയേടത്തിയുടെ മെറിനുമായി ആ വിദേശിക്കുണ്ടായ അടുപ്പത്തിനെ തുടർന്ന് ഈ നീചൻ വകവരുത്തിയതാകാമെന്നും, ഭയന്ന് നാടുവിട്ടതാകാമെന്നും, കുവൈറ്റുകാരന്റെ ഭാര്യ സാക്ഷിപറഞ്ഞു..അടുത്തിടെ ദിവസം മെറിന്റെ പേരിൽ ഇവർ തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും ഉണ്ടായത്രേ...
ഒടുവിൽ കുവൈറ്റുകാരനെ സമാധാനിപ്പിക്കാൻ മൂന്ന് മണിക്കൂറാണ് ഞാൻ ബിവറേജിന്റെ മുന്നിൽ ക്യൂ നിന്നത്....

ഇതിപ്പോൾ പ്രശ്നങ്ങൾ വല്ലാതെ കൈവിട്ടുപോയിരിക്കുന്നു...
ദിവസന്തോറും പറമ്പിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു...

"മണികണ്ടന്റെ മക്കൾക്ക് വാലിൽ തീപ്പന്തം പോലെ കറുപ്പുണ്ട്...
അവന്റെ യജമാനന്റെ മകന്റെ കവിളിലും കറുപ്പുണ്ട്"
ഇതെന്തുപമ ഞാൻ പലരോടും തർക്കിച്ചു...

"ഇവന്റെ അപ്പനും ഇതുപോലെ ആയിരുന്നു പോകുന്ന നാട്ടിലൊക്കെ ഓരോപെണ്ണുണ്ടായിരുന്നു..."
സ്വന്തം തള്ളയും ഞങ്ങളെ തള്ളിപ്പറഞ്ഞു...

  "ജീവിക്കുന്നെങ്കിൽ  മണികണ്ടനെപ്പോലെ ജീവിക്കണം"
എന്ന ചൊല്ലുതന്നെ ആ പഞ്ചായത്തിലുണ്ടായി..
കൂട്ടുകാർ എന്നെ വല്ലാത്ത ഒരു രീതിയിൽ നോക്കാൻ തുടങ്ങി...
ഞങ്ങൾ ജോലികിട്ടി മലപ്പുറത്തേക്ക് വന്നതുമുതൽ പൂട്ടിയിട്ട എന്റെ മുറി അവന്റെ രഹസ്യകേന്ദ്രമായി, ആഴ്ച്ചയിലൊരിക്കലേ വീട്ടിലുണ്ടാകു.. വായുകടക്കാനുള്ള ദ്വാരത്തിലൂടെ അവൻ കയറും..
കട്ടിലിൽ നീണ്ട് നിവർന്ന് കിടക്കും...
അമ്മ ഇടയ്ക്ക് ഫോണിൽ വിളിച്ചു പറഞ്ഞു

" എടാ മണികണ്ടനെ എനിക്കും പേടിയായിത്തുടങ്ങി
മീൻ കാരന്റെ മുന്നിൽ ഇപ്പോൾ വല്ലാത്ത ശബ്ദത്തിലാ ഈ ജന്തു മീൻ ചോദിക്കുന്നത്...
എത്രയും പെട്ടെന്ന് നീ നാട്ടിലേക്കു വാ ഇല്ലെങ്കിൽ കൂട്ടുകാരെക്കൊണ്ട് ഇതിനെ നാടുകടത്ത്...
ഖദീജേടെ വിഷയത്തിൽ നീ ഷാഹുലിക്കേ ഒന്ന് കണ്ടില്ലെങ്കിൽ...
ആകെ പ്രശ്നാകും വാർഡ് മെമ്പർ ഷൈനിയാ പോക്സോന്നൊക്കെ പറഞ്ഞത്. പഞ്ചായത്തിൽ വരെ ഈ വിഷയം ചർച്ചയായീത്രേ...വിദേശത്തെവിടെയോ നായ കുരച്ചതിന് ഉടമയെ ശിക്ഷിച്ചൂത്രേ മോനേ നീ വേഗം വാ ഇനിയും മണികണ്ടനെ...."

അതേ ചങ്ങാതീ ഈ പോക്സോ നിയമത്തിൽ പൂച്ചയുൾപ്പെടോ ?
അതോ ആ നിയമം ആദിവാസികൾക്ക് മാത്രമേ ബാധിക്കൂ...!!

രതീഷ് കെ എസ്
( ഗുൽമോഹർ 009)

No comments:

Post a Comment