Sunday 9 April 2017

വീപ്പിംഗ് വുഡ്...!!

വീപ്പിംഗ് വുഡ്സ്...!!

രതീഷ്. കെ .എസ്

പതഞ്ജലിൽ സ്റ്റോറിൽ യോഗാഷീറ്റിന് 499 രൂപ അഞ്ഞൂറിന് ബാക്കിയായി ഒരു പ്രകൃതി മിഠായിയും തന്നു..

കഴിഞ്ഞ ദിവസം മർമ്മപ്രധാനമായ രണ്ട് തീരുമാനങ്ങൾ ഞാനെടുത്തിരുന്നു...എന്റെയും അവളുടെയും പറമ്പിൽ റബറിനുപകരം ഇനി അൽപീസ്  മരങ്ങൾ നട്ടുപിടിപ്പിക്കണം, എന്റെ മുൻകോപം കുറയ്ക്കാൻ ആർട്ട് ഓഫ് ലിവിംഗ് ക്ലാസിൽ കിട്ടിയ യോഗ ഇനി മുടങ്ങാതെ ചെയ്യണം...

എന്റെ എഴുത്തുമുറി അവൾ വൃത്തിയാക്കാതായിട്ട് മൂന്ന്കൊല്ലം തികയുന്നു. എന്റെ മുറിയിൽ നിന്ന് ആണും പെണ്ണും അസമയങ്ങളിൽ ഇറങ്ങിപ്പോകുന്നതും കേറിവരുന്നതും കണ്ടുട്ടുണ്ടത്രേ,  കരച്ചിലും ചിരിയും കേൾക്കുമത്രേ, ചുരുട്ടിയെറിഞ്ഞ പേപ്പറുകളിൽ വീണുകിട്ടിയ പല രഹസ്യങ്ങളും ദാമ്പത്യത്തിന് ദോഷകരമാണുപോലും. അതിനാൽ അവിടം ചൂലുകൊണ്ടുതൊടാൻ പോലും അവൾ തയാറല്ല...

അടുക്കളവാതിലിന്റെ കോണിൽ ചാരിവച്ചിട്ടുള്ള ചൂലു ഞാനെടുക്കുമ്പോൾ
അവൾ വജ്രാസനത്തിലിരുന്ന് വിരലിൽ ഒരോറഞ്ച് നിറമുള്ള റബറുറധരിച്ച് അഞ്ചാറ് അമരയ്ക്കകൾ  ഒന്നിച്ച് കുനുകുനാ അരിയുന്നു. മൂർച്ചയുള്ള കത്തി വിരലിൽ പലതവണ തട്ടിയിട്ടും ആ  ഉറ അവളെ മുറിയാതെ രക്ഷിക്കുന്നു...

...ന്റെ മാഷേ മുറി ഞാൻ വൃത്തിയാക്കിത്തരാം എന്റൊപ്പം അവിടെ ഒന്ന് നിന്നാൽ മതി.  ഒറ്റയ്ക്ക് അവിടെ കയറാൻ പേടിയായിട്ടാ, ഇന്ന് വാങ്ങിക്കൊണ്ടുവന്ന ആ ഷീറ്റെന്തിനാ എനിക്ക് മുളക് ഉണക്കാനിടാൻ തരോ..."

എനിക്ക് ദേഷ്യം സഹിക്കാനായില്ല..

"അല്ലേലും നീയും നിന്റെ മക്കളും എന്റെ കഥകളിൽ വലിഞ്ഞുകേറിവരുന്നതായി ഒരാക്ഷേപമുണ്ട് ഇനി മേലിൽ ആ മുറിയുടെ പരിസരത്ത് വന്നേക്കരുത്..."

അവൾ കത്തി എന്റെ നേക്ക് ഉയർത്തി പിടിച്ചുപറഞ്ഞു...

"പ്രിയ എഴുത്തുകാരാൻ ഈ നിമിഷം എന്റെ ടെറിട്ടറിയിൽ നിന്ന് ഇറങ്ങിപ്പോകണം അല്ലെങ്കിൽ ഈ  കഥയിപ്പോൾ കഴിയും."

ഞാൻ മിണ്ടാതെ തിരിച്ചുപോന്നു.അടക്കിപ്പിടിച്ച ചിരി പിന്നിൽ കേൾക്കാമായിരുന്നു...
പത്തോളം ഏക്കർ വരുന്ന സ്ഥലത്ത് അൽപ്പീസ് മരം നട്ട് കോടീശ്വരിയാകാനിരിക്കുന്നവളോട് റബറിന്റെ പേരിൽ തർക്കിച്ച് ഇന്നലേം ഞാൻ തോറ്റിരിന്നു...

ഏറ്റവുമൊടുവിൽ    ഭ്രൂണഹത്യചെയ്യപ്പെട്ട 55 കാരിയുടെ ശവവും വഹിക്കുന്ന പേപ്പറുകഷ്ണങ്ങളും ഉപയോഗശൂന്യമായ പേനകളും വരിച്ചുവാരി ചവറ്റുകൂനയിലിട്ട് കൂട്ടശവദാഹം നടത്തി...

ജനാലകൾ തുറന്നിട്ടു, ഇളം പച്ച നിറത്തിലുള്ള യോഗാ ഷീറ്റ് വിരിച്ചു. രണ്ടാം നൂറ്റാണ്ടിൽ പതഞ്ജലി മഹർഷി 195 സൂക്തങ്ങളാക്കിയ  യോഗസൂത്രത്തിൽ യമം തുടങ്ങി സാമാധിവരെ വെറും ഗുളികരൂപത്തിൽ ഞാൻ ചെയ്യാൻ തുടങ്ങി. എല്ലാ കർമ്മങ്ങളും പ്രകൃതിയിൽ ലയിപ്പിക്കുന്ന ചിത്തവിരോധത്തിനായി ഞാൻ പത്മാസനത്തിലിരുന്നു. ഓർമ്മകളിലേക്ക് നയിക്കാൻ പത്മാസനം ഓർമ്മശക്തിക്ക് പത്മാസനം.അടുത്തുനിന്നും അകലേക്ക് ഓർമ്മകളുടെ കുത്തൊഴുക്ക് 499 രൂപയുടെ ഷീറ്റിൽ തുടങ്ങി...ഷാഹുൽ സായിപ്പിന്റെ സീറ്റുപുരയിൽ വലിച്ചു നീട്ടിയടിക്കുന്ന എന്റെ വീടിന്റെ വരുമാനമായിരുന്ന റബർ ഷീറ്റിലേക്ക് ..

ഷീറ്റൊന്നിന്
പരത്തണ യന്ത്രത്തിൽ
വീതി രണ്ട് തവണ നീളം ഒന്ന്
വരവീഴണതിൽ നീളം ഒന്ന്..
അമ്മ ഇത് ചെയ്തു തീരും വരെ ഞാൻ മെഷീൻ കറക്കിക്കൊടുക്കും വെയിലത്ത് പാറയിലും അടുപ്പിന്റെ മുകളിലെ കയറിലും ഇട്ട് ഷീറ്റ് വിൽക്കാൻ പരുവമാക്കും നാലെണ്ണവും ചേർത്താൻ രണ്ട് കിലോയ്ക്കുള്ളിലേ തൂക്കമുണ്ടാകൂ..
ഷീറ്റുകടക്കാരൻ ഷാനവാസിക്ക ഷീറ്റൊന്നിനിന്  നൂറ് ഗ്രാം പച്ചകുറയ്ക്കും..
കിലോയ്ക്ക് എൺപത് വച്ചുകൂട്ടിയാലും ഒന്ന് അറുന്നൂറിന് നൂറ്റിയിരുപത്തിയെട്ട് രൂപ  അന്ന് അതിലേക്കെത്താൻ ഞങ്ങൾ മൂന്നാളും എത്ര കഷ്ടപ്പെട്ടിരുന്നു..
ഇന്ന് പത്മാസനത്തിലിരിക്കുന്ന മുന്നൂറ് ഗ്രാം ഇല്ലാത്ത ഷീറ്റിന് നാന്നൂറ്റി തൊണ്ണുറ്റിയൊമ്പത് രൂപ...

ആറിന്റെ തീരത്ത്  പട്ടയമില്ലാത്ത  എഴുപത്തിരണ്ട് സെന്റ് സ്ഥലം കാടായിരുന്നു. അത് വെട്ടിത്തെളിച്ചത് വർക്കി മാപ്ലയാണ് എന്നിട്ട് റബർ നേഴ്സറി യാക്കി...
ആറുമാസത്തേക്ക് അറുനൂറ് രൂപ വാടകയും അൻപത് തൈകളും അത് അവിടെ നിർത്തി ബാക്കിയെല്ലാം മാപ്ല വിറ്റു...
പിന്നെ അതിന് പ്ലാറ്റ് ഫോം വെട്ടാനും വളമിടാനും കളവള്ളി പടർത്താനും ഞങ്ങൾപെട്ട പാട്..
ഞാൻ എട്ടാം ക്ലാസിലെത്തുമ്പോൾ ആ മരം ടാപ്പിംഗിന് റെഡിയായിരുന്നു. അനിയൻ നാട്ടിലെ പഠനത്തിനിടയിലും റബർ ടാപ്പിംഗ് നന്നായി പഠിച്ചു. ഞാൻ വെറും പുസ്തകം പഠിച്ചു...

നാലുമണിക്ക് അമ്മവിളിതുടങ്ങും. വലിയമ്മേടെ മോന്  എൻ.സി. സി യിൽ നിന്ന് കിട്ടിയ കാക്കിയും ഷൂസുമിട്ട് അനിയൻ റെഡിയാകും, ടൈലിന്റെ കഷ്ണം കൊണ്ട് അവൻ കത്തി മൂർച്ചകൂട്ടും മണ്ണെണ്ണ വിളക്കുപിടിച്ച് വെട്ടാൻ വെളിച്ചം കാണിക്കലാണെന്റെ ജോലി. അകത്തെ തടിയിൽ തട്ടാതെ വള്ളിപ്പാലു വലിച്ച് ശൂ ശൂ എന്ന ശബ്ദത്തിൽ അവൻ ടാപ്പുചെയ്യണത് ഞാൻ അസൂയയോടെ നോക്കും..
വിളക്ക് കാണിക്കുന്നതിൽ എന്നെ ശാസിക്കും. കക്കൂസിന്റെ പ്രചാരത്തിന് ശേഷവും കാറ്റിന്റെ തണുപ്പേറ്റ് പ്ലാറ്റ് ഫോമിലിരുന്ന് തൂറാനായിരുന്നു നാട്ടിലെ എല്ലാവർക്കും ഇഷ്ടം അത് ചവിട്ടാതെ അടുത്തമരത്തിലേക്ക് പോകാനും ഈ വിളക്കുകാണിക്കൽ ചടങ്ങ് ഉപകരിച്ചിരുന്നു.

അഞ്ചരമണിക്ക് എഴുപത്തിരണ്ട് സെന്റ് കഴിഞ്ഞാൽ ചാക്കോസാറിന്റെ നൂറേക്കറിലേക്ക് മരമൊന്നിന് ഇരുപത് പൈസാ നിരക്കിൽ അവനെ കാത്ത് വെയിലും മഴയും ഏൽക്കാതെ ഷെയ്ഡ് ധരിച്ചു നിക്കുന്ന ആയിരം മരങ്ങളുടെ അടുത്തേക്ക് പോകും..ഞാൻ വീട്ടിലേക്ക് നടക്കും.
വീടിന്റെ റേഷൻ എത്തിപ്പിടിക്കാൻ ഈ തുക ആവശ്യമായിരുന്നു.ബി എസ് എ സൈക്കിൾ, ബ്ലാക്ക് ആന്റ് വൈറ്റ് ടിവി, പെങ്ങൾക്ക് വെൽ വെറ്റ് ചുരിദാർ, എനിക്ക് മഷിക്കുപ്പിയും പേനയും അവൻ ഗൃഹനാഥനാകുകയായിരുന്നു.

കക്കൂസിലും കിണറ്റിന്റെ കരയിലും വച്ചിട്ടുള്ള തൊട്ടികളുമായി ഞാനും അമ്മയും എട്ടരമുതൽ പാലെടുപ്പ് തുടങ്ങും വെട്ടിയിട്ട പട്ടയും വള്ളിക്കറയും ചിരട്ടയിലെ ഒട്ടുകറയും ഒരുതുള്ളിപ്പാലുപോലും ഒരു മരത്തിലും ശേഷിക്കില്ല...
പലതവണ അമ്മ വീണിട്ടും ഒരു തുള്ളിപ്പാലുപോലും നഷ്ടായിട്ടില്ല..

ചാക്കോസാറിന്റെ വീട്ടിൽ നിന്ന് വാങ്ങിയ വക്കുപൊട്ടിയ പഴനാലു ഡിഷുകളിൽ തോർത്തിൽ അരിച്ച് പാലൊഴിക്കും. ഉറയൊഴിക്കാനുള്ള ആസിഡ് പതിമൂന്ന് രൂപ ആയതിനാലും അടുത്ത വീട്ടിലെ ചേച്ചി ആസിഡ് കുടിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ചതിനാലും അതിരിൽ നിൽക്കണപുളിമരത്തിനാൽ ദരിദ്രമില്ലാത്ത പുളിപിഴിഞ്ഞൊഴിച്ചാണ് ആസിഡിന്റെ കുറവുനികത്തുക..നിലത്ത് നല്ലലെവലുള്ളിടത്ത് നാലുഡിഷുകൾ അടുക്കിവയ്ക്കും ഉറയുന്നതും കാത്തിരിക്കും വിരലിട്ട് ഇടയ്ക്കിടെ കുത്തിനോക്കി ഞാൻ പരീക്ഷിക്കും...

പത്ത് പത്തരയ്ക്ക് അനിയൻ വന്ന് പഴങ്കഞ്ഞി കുടികഴിഞ്ഞാൽ ഞങ്ങളൊരുറക്കാണ്..
പിന്നെ ഷീറ്റടിക്കാൻ അമ്മ എന്നെ വിളിക്കും ഒരു ഡിഷിൽ ഉറഞ്ഞ ഷീറ്റുകൾ എടുത്തുവച്ച് അമ്മയും ഞാനും ആറുനീന്തി അക്കരെ സായിപ്പിന്റെ ഷീറ്റുപുരയിലേക്ക് പോലും നനഞ്ഞുകേറിവരണ ഞങ്ങളെ സായിപ്പ് രൂക്ഷായി നോക്കും...
അതൊന്നും വകവയ്ക്കാതെ ഷീറ്റടിച്ച് ഞങ്ങൾ തിരിയ്ക്കും. ഷീറ്റുപുരയുടെ വാടകയിനത്തിൽ മാസത്തിലൊരിക്കൽ ഒരു ദിവസത്തെ ഷീറ്റ് കൊടുക്കണം അതായിരുന്നു പതിവ്...
ആദിവസത്തെയും ഷാഹുൽ സായിപ്പിനേയും ഞങ്ങൾക്ക് പേടിയായിരുന്നു...

നീന്തി മറുകരയിലെത്തിയാൽ ഷീറ്റുകൾ കഴുകി പറപ്പുറത്ത് പൊള്ളുന്ന ചൂടത്ത് വിരിച്ചിടും. പിന്നെ വിസ്തരിച്ച് കുളി..
എന്നിട്ട് മാമനന്റെ പറമ്പിൽ മാഞ്ചിയത്തിന്റെ കായ പറക്കിക്കൊടുത്തുകഴിഞ്ഞാൽ കളിക്കാൻ പോകാം...അതുകത്തിച്ച് പുകച്ച് അമ്മ ഷീറ്റ് വില്പനരൂപത്തിലാക്കും..

മഴക്കാലത്തും
ഇലപൊഴിയൽ കാലത്തും മരവെട്ടുനടക്കില്ല...
അക്കാലത്ത് അടുപ്പ് അത്ര പുകയ്ക്കേണ്ടതുമില്ലല്ലോ..
മഴകഴിഞ്ഞാൽ കീറിയ തുണികൾ കൊണ്ട് അമ്മ മരങ്ങളുടെ പട്ടകൾ തോർത്തിക്കൊടുക്കുന്നത് കാണാം..
വേനലിൽ ചുണ്ണാമ്പ് വാങ്ങി കലക്കി തൊണ്ട് ബ്രഷുപോലെ ചതച്ച് തേച്ചുകൊടുക്കും.ഞങ്ങളുടെ മരത്തിൽ വേഗം ഇലകളുണ്ടാകും...

ഒരിക്കൽ കളിക്കാൻ വിടാത്തതിന്റെ വാശിയിൽ ഞാൻ വലിയൊരു കല്ലെടുത്ത് മുഴുത്ത മരത്തിന്റെ പള്ളയ്ക്ക് എറിഞ്ഞു..കപ്പയിളക്കണതുടുപ്പുമായി എന്നെ ഓടിച്ചിട്ടടിച്ചു ഒടുവിൽ ആറ്റിൽ ചാടി ഞാൻ രക്ഷപെട്ടു...
തലയിൽ കൊള്ളാത്തവിധം അമ്മ നാലഞ്ച് കല്ലെടുത്തെറിഞ്ഞ് എന്റെ തന്തയ്ക്കും പറഞ്ഞിട്ട് പോയി. നാലരയ്ക്ക് ഞാൻ വരുമ്പോൾ മണ്ണും ചുണ്ണാമ്പും കുഴച്ച് ആ മരത്തിന്റെ മുറിവിൽ ഒപ്പിയിയിരിക്കുന്നു...
മരത്തിനെ തന്നെ നോക്കിയിരുന്ന അമ്മയുടെ മുന്നിൽ ഞാൻ ജീവശാസ്ത്രം പഠിപ്പിച്ച ടീച്ചർ പറഞ്ഞു തന്ന രഹസ്യം വിളമ്പി..

"അമ്മയ്ക്ക് വീപ്പിംഗ് വുഡ് ഏതാന്നറിയോ...?"

അമ്മ
ഇല്ലാന്ന് തലകുലുക്കി
മരത്തിന്റെ മുറിവിൽ തൊട്ട്  പറഞ്ഞു

"റബ്ബർ  റബ്ബർ..."
അമ്മയുടെ കണ്ണുകൾ നിറഞ്ഞു..

ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ മുന്നിലെ അമ്മ കുഞ്ഞിനുമുലകൊടുക്കുന്ന പ്രതിമയെ ഓർത്തെടുത്ത് അതിന്റെ ആസ്ഥനം ഉത്തരമെഴുതിയ പരീക്ഷയിലാണ് എനിക്ക് സർക്കാർ ജോലികിട്ടിയത്...

ഇളം പച്ചഷീറ്റിൽ ശവാസനത്തിൽ കിടന്ന എനിക്ക് വിയർപ്പും കണ്ണീരും കലർന്ന ഗന്ധമായിരുന്നു..
ഇപ്പൊഴും ആ എഴുപത്തിരണ്ട് സെന്റിൽ റബർ മരങ്ങളാണ് ടാപ്പിംഗ് പരുവമായിട്ടും അമ്മ അതിന് അനുവദിക്കുന്നില്ല...

വീട്ടുമുറ്റത്ത് അൽപ്പീസ്  മരതൈകൾ അമ്മായിയപ്പൻ കൊണ്ടുവന്നവിവരം അവൾ വിളിച്ചുപറഞ്ഞു...

റബറിന്റെ വിലയിടിവ് ഇനി ഒരിക്കലും എന്നെ ബാധിക്കില്ലല്ലോ...!!

രതീഷ് കെ എസ്
(ഗുൽമോഹർ 009)

No comments:

Post a Comment